Friday, December 25, 2015

ദുരന്തങ്ങള്‍ നമ്മെ മനുഷ്യനാക്കുന്നു....



എബി കുട്ടിയാനം

ഒരു ദുരന്തത്തിനുമുന്നില്‍ പകച്ചുപോകാന്‍ മാത്രമുള്ളതാണ്‌ നമ്മുടെ അഹങ്കാരം ...ഒരു പ്രളയത്തില്‍ ഒലിച്ചുപോകുന്നതാണ്‌ നമ്മുടെ തോന്നിവാസം...ഒരു കൊടുങ്കാറ്റില്‍ പാറിപോകുന്നതാണ്‌ നമ്മുടെ വാക്‌ചാതുര്യം...ഒരു ഭൂ കിലുക്കത്തില്‍ പൊടിഞ്ഞ്‌ ഇല്ലാതാകുന്നതാണ്‌ നമ്മുടെ സമ്പത്ത്‌...ഒരു കാട്ടുതീയില്‍ കരിഞ്ഞുതീരുന്നതാണ്‌ നമ്മുടെ അധികാരങ്ങളത്രയും...
ദുരന്തവും ദുരിതവും മറ്റാര്‍ക്കോ സംഭവിക്കുന്നതാണെന്ന്‌ കണക്കുകൂട്ടിയ നമുക്ക്‌ മുന്നില്‍ ഭീതിയുടെ ചൂളം വിളിയുമായി ഒരപകടമെത്തുമ്പോള്‍ നാം ഒന്നുമല്ലാത്ത കളിപ്പാവയായി തീരുന്നു...ഇന്നലെവരെ എല്ലാ അധികാരവും കയ്യിലുണ്ടായിരുന്നവന്‍ ജീവനുവേണ്ടി നിലവിളിച്ചോടുന്നു....ഫാസ്റ്റ്‌ ഫുഡുകള്‍ മാത്രം കഴിച്ചിരുന്നവര്‍ ഒരു അപ്പക്കഷ്‌ണത്തിന്‌ വേണ്ടി ദുരിതാശ്വാസ ക്യാമ്പില്‍ കൈനീട്ടി യാചിക്കുന്നു.......വിലകൂടിയ ജ്യൂസുകള്‍ കഴിച്ചു ശീലിച്ചിരുന്നവര്‍ ഒരുകുപ്പി വെള്ളത്തിനുവേണ്ടി ഏതൊക്കെയോ വാഹനത്തിനുപിന്നാലെ ഓടുന്നു...എസിയും എയര്‍കൂളറുമില്ലാതെ ഒരുപോള കണ്ണടക്കാന്‍ പറ്റാത്തവന്‍ ഏതോ സ്‌കൂളിന്റെ വിരിപ്പ്‌ വിരിക്കാത്ത തിണ്ണയില്‍ കിടന്നുറങ്ങുന്നു...മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹിച്ചവന്‌ പള്ളിയും അമ്പലവും പരസ്‌പരം അഭയകേന്ദ്രങ്ങളാവുന്നു...എല്ലാം നഷ്ടപ്പെടുമ്പോള്‍ അവന്റെ വര്‍ഗ്ഗീയതയും ജാതി സ്‌പിരിറ്റും അകലെ മാറി നില്‍്‌ക്കുന്നു...ഒരു ഗ്ലാസ്‌ വെള്ളത്തില്‍ പോലും വര്‍ഗ്ഗീയതയുടെ വിഷം കലക്കിയവര്‍ ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരേ ദിക്കില്‍ ക്യൂ നില്‍ക്കുന്നു, ഒരേ മണ്ണില്‍ കിടന്നുറങ്ങുന്നു... നല്ല മനുഷ്യനാവാന്‍ നമുക്ക്‌ ഒരു ദുരന്തം വേണ്ടി വരുന്നുവെന്നതാണ്‌ വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ദു:ഖം
000 000 000
ചെന്നൈ ഒരു പാഠമാവുന്നു...ദുരന്തങ്ങള്‍ നമ്മെ മനുഷ്യനാക്കി മാറ്റുമെന്ന്‌ അത്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു...ഒരു നാടും അവിടുത്തെ മനുഷ്യരും വെള്ളത്തില്‍ മുങ്ങി താണുപോയപ്പോള്‍ സര്‍വ്വം മറന്ന്‌ ഓടിയെത്തിയ ജനങ്ങളില്‍ ഈ ലോകത്തിന്റെ നന്മ ആയിരം തുടിപ്പോടെ ജീവിക്കുന്നുണ്ട്‌...
ലോറികളില്‍ വന്നിറങ്ങിയ ലോഡ്‌ കണക്കിന്‌ കുപ്പിവെള്ളം ഒന്നുമില്ലാതായ ഒരു നാടിന്റെ വയറുമാത്രമല്ല മനസ്സുകൂടിയാണ്‌ നിറച്ചുകളഞ്ഞത്‌...എവിടെ നിന്നോ കൊണ്ടുവന്ന മെഴുക്‌്‌തിരികള്‍ ദുരിതാശ്വാസ ടെന്റില്‍ മാത്രമല്ല ലോകത്തിന്‌ തന്നെയാണ്‌ വെളിച്ചം പകര്‍ന്നത്‌...വാഹനങ്ങളില്‍ വന്ന്‌ വിതരണം ചെയ്‌ത പുതപ്പുകള്‍ മനുഷ്യത്വത്തെ തന്നെയായിരുന്നു പുതിപ്പിച്ചത്‌...ഒരു കുപ്പിവെള്ളവും ഒരു മെഴുക്‌്‌ തിരിയുമായി ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി മാറിയ പ്രിയകൂട്ടുകാര നീ ഭാഗ്യവാനാണ്‌...കോടികള്‍ വിതരണം ചെയ്‌്‌ത സമ്പന്നന്റെ സഹാനുഭൂതിയോളം തിളക്കമുണ്ട്‌ നിന്റെ ഒരിറ്റ്‌ വെള്ളത്തിനും ആ സന്മനസ്സിനും...
ചെളിവെള്ളത്തില്‍ വികൃതമായിപോയ ക്ഷേത്രങ്ങളെ കഴുകി വൃത്തിയാക്കുന്ന മുസ്‌്‌ലിം ചെറുപ്പക്കാരും അകലങ്ങളില്‍ ഒറ്റപ്പെട്ടുപോയ മുസ്‌്‌ലിം സഹോദരങ്ങള്‍ക്ക്‌ അഭയമായ ഹിന്ദു യുവത്വവും അസഹിഷ്‌ണുത വളരുന്ന നാട്ടിലെ നല്ല ചിത്രങ്ങളായി മാറി...
തമിഴ്‌ മക്കളുടെ കണ്ണീരിനിടയിലെ അഴകുള്ള കാഴ്‌ച എതെന്ന്‌ ചോദിക്കുമ്പോള്‍ യൂനുസ്‌ എന്ന യുവഡോക്ടറുടെ പേര്‌ ഉള്ളില്‍ താജ്‌്‌മഹല്‍ പോലെ തിളങ്ങുന്നു...ചിത്ര എന്ന യുവതിയും അവളുടെ ഭര്‍ത്താവ്‌ മോഹനനും ഗംഗ പോലെ നന്മയായി ഒഴുകുന്നു...
എല്ലാറ്റിലും വര്‍ഗ്ഗീയ വിഷം നിറച്ച്‌്‌ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്തവരെയെല്ലാം മറ്റൊരു നാട്ടിലേക്ക്‌ പോകാന്‍ പറയുന്നവര്‍ ജീവിതത്തിലേക്ക്‌ പകര്‍ത്തേണ്ടതാണ്‌ ഈ മനുഷ്യര്‍ പകര്‍ന്നു നല്‍കിയ നന്മ...
അത്‌ വല്ലാത്തൊരു കഥയാണ്‌...
ചെന്നൈ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മോഹനനും ഗര്‍ഭണിയായ ഭാര്യ ചിത്രയും ഒരു സ്ഥലത്ത്‌ ഒറ്റപ്പെട്ടുപോകുന്നു...സ്വന്തം നാടായ ഊരാപാക്കത്ത്‌ എത്തിച്ചേരാനാവാതെ കരഞ്ഞുപോയ നിമിഷം...മഴയും മഴവെള്ളവും കൂടുതല്‍ ശക്തമാകാന്‍ തുടങ്ങിയതോടെ ശരീരം മാത്രമല്ല പ്രതീക്ഷകളും നെഞ്ചോളം മുങ്ങിയ നേരം...നാടുനീളെ ദുരിതത്തിലായ നേരത്ത്‌ രക്ഷപ്പെടുത്താന്‍ ആളുകളെത്തുമെന്ന പ്രതീക്ഷപോലും അസ്‌തമിച്ചുപോയിരുന്നു...പൂര്‍ണ ഗര്‍ഭണിയായ ചിത്രയുടെ പ്രസവം അന്നോ അതിന്‌ തൊട്ടടുത്ത ദിവസമോ നടക്കേണ്ടതാണ്‌...പ്രളയജലത്തിലേക്കായിരിക്കും തങ്ങളുടെ കുഞ്ഞ്‌ പിറന്നുവീഴുക എന്ന ആശങ്കയില്‍ ചിത്രയും ഭര്‍ത്താവും കൂടുതല്‍ തളര്‍ന്നു...
പ്രതീക്ഷകള്‍ അസ്‌തമിച്ചുപോയ നേരത്ത്‌ എവിടെ നിന്നെങ്കിലും സഹായത്തിന്റെ ഒരു കൈ നീണ്ടിരുന്നെങ്കിലെന്ന പ്രാര്‍ത്ഥനയോടെ മോഹനന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു സഹായഭ്യാര്‍ത്ഥന നടത്തി.
ഒരുപാടുപേര്‍ അത്‌ കണ്ട്‌ ലൈക്കടിച്ച്‌ തങ്ങളുടെ തിരക്കിലേക്ക്‌ മടങ്ങിപ്പോയി...എന്നാല്‍ നുങ്കമ്പക്കത്തെ യുവ ഡോക്‌ടര്‍ മുഹമ്മദ്‌ യൂനിസിന്‌ മാത്രം അതിനെ തള്ളിക്കളയാനായില്ല...അതേ നിമഷം തന്നെ അദ്ദേഹം മറ്റെല്ലാ തിരക്കും മാറ്റിവെച്ച്‌ ഊരാപ്പാക്കത്തേക്ക്‌ ഓടിപ്പോയി...
്‌നാലഞ്ചു മണിക്കൂര്‍ നേരത്തെ പാച്ചിലിനോടുവില്‍ സംഘടിപ്പിച്ച ഫൈബര്‍ ബോട്ടില്‍ ദുരിത ദിക്കിലെത്തുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണ്‌ ചിത്രയും മോഹനനും. അതിവേഗം അവരെ ബോട്ടില്‍ കയറ്റി ആശുപത്രിയിലേക്ക്‌ കുതിച്ചു. പെരുങ്കുളത്തൂരിലെ ആശുപത്രിയിലെത്തി അധികം വൈകാതെ ചിത്ര ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി.
വെള്ളത്തില്‍ വീണ്‌ മരിച്ചുപോകുമായിരുന്ന തങ്ങളുടെ പൊന്നോമനയെ കണ്‍കുളിര്‍കെ കാണാന്‍ അവസരം ഒരുക്കികൊടുത്ത ഡോ.യൂനുസിനെയും കൂട്ടുകാരെയും ചിത്രയും മോഹനനും നന്ദിയോടെ നോക്കി.
ഭൂമിയിലേക്ക്‌ പിറന്നുവീഴും മുമ്പ്‌ മരിച്ചുപോകുമായിരുന്ന തങ്ങളുടെ പൊന്നോമനയെ രക്ഷിച്ചെടുത്ത ആ നല്ല മനുഷ്യനോടുള്ള നന്ദി ഒരു വാക്കിലൊതുക്കാന്‍ അവര്‍ക്ക്‌ ആവില്ലായിരുന്നു...ആ നന്മയെ എന്നെന്നും ഓര്‍ക്കുവാന്‍ അവര്‍ തങ്ങളുടെ പൊന്നുമോള്‍ക്ക്‌ യൂനുസ്‌ എന്ന്‌ പേര്‌ വിളിച്ചു...ഹിന്ദു ആചാരമനുസരിച്ച്‌ ജനിച്ച ഉടനെ കുട്ടിക്ക്‌ പേര്‌ നല്‍കുന്നത്‌ പതിവല്ല....മാത്രവുമല്ല ഒരു പെണ്‍കുഞ്ഞിന്‌ പുരുഷ്‌ പേര്‌ നല്‍കുകയുമില്ല...പക്ഷെ, യൂനിസിനോടുള്ള കടപ്പാട്‌ തീര്‍ക്കാന്‍ അതിനേക്കാള്‍ വലിയ മറ്റൊന്നും അവരുടെ കയ്യില്‍ ഇല്ലായിരുന്നു...
ആ കുഞ്ഞുമോള്‍ ഇപ്പോള്‍ ഊരാപ്പക്കത്തെ ഏതോ കുടിലില്‍ മോണ കാട്ടി ചിരിക്കുന്നുണ്ടാകും...ആ പുഞ്ചിരിക്ക്‌ ഒഴുകുന്ന പുഴയുടെ അതേ അഴകാണെന്ന്‌ കാലം പിന്നെയും പറഞ്ഞുകൊണ്ടിരിക്കും...
000 000 000
ദുരന്തമുഖത്തുവെച്ചെങ്കിലും നമുക്ക്‌ എല്ലാം മറന്ന്‌ ഒന്നിക്കാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണ്‌...എന്നാല്‍ ജാതിയും മതവും മറന്ന്‌ പരസ്‌പരം കൈപിടിക്കാന്‍ ഒരു ദുരന്തം തന്നെ വേണമെന്നത്‌ വല്ലാത്തൊരുവസ്ഥ തന്നെയാണ്‌...



മനസ്സ്‌ നബിദിനത്തിന്റെ ഘോഷയാത്രയിലാണ്‌...


എബി കുട്ടിയാനം

മദീന ഒരു വസന്തമാണ്‌...അനുഗ്രഹത്തിന്റെ പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന പുഷ്‌പവാടിയാണത്‌...ലോകത്തെ ഏറ്റവും പവിത്രമായ മണ്ണ്‌...ലോകത്തിന്റെ നായകന്‍ ഉറങ്ങുന്നത്‌ അവിടെയാണ്‌...
മക്കയും മദീനയും കാണുക എന്നത്‌ ഒരു വിശ്വാസിയുടെ അടങ്ങാത്ത ആഗ്രഹമാണ്‌...ഓരോ നിസ്‌ക്കാരത്തിനുശേഷവും അവന്‍ ആജന്മസാഫല്ല്യത്തിനുവേണ്ടി ഉള്ളുരുകി കേഴുന്നുണ്ട്‌....ഏതു ലോകം കണ്ടാലും ഏതു സ്വര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാലും അത്‌ ആ കാഴ്‌ച്ചക്കും ആ അനുഭൂതിക്കും പകരമാവില്ല...അവിടുത്തെ വെയിലിനും അവിടുത്തെ കാറ്റിനുമെല്ലാം ആത്മസംതൃപ്‌തിയുടെ കുളിരാണ്‌...
ഞാന്‍ മദീനയിലേക്കുള്ള യാത്രയിലാണെന്ന്‌ ഫേസ്‌ ബുക്കില്‍ സ്റ്റാറ്റസ്‌ ഇട്ടപ്പോള്‍ ഒന്നുംപറയാനില്ല, നീ ഭാഗ്യവാന്‍... എന്ന്‌ കമന്റിട്ട സഫ്‌വാന്റെ മനസില്‍ നിറയുന്ന വികാരത്തില്‍ പുണ്യ റൗള തുടിച്ചുനില്‍പ്പുണ്ടായിരുന്നു. ഈ ജന്മത്തില്‍ കണ്ട ഏറ്റവും സുന്ദരമായ കാഴ്‌ച മക്കയും മദീനയുമായിരുന്നു...അതിനുമുമ്പോ ശേഷമോ അത്രത്തോളം സുഖം പകരുന്നൊരു ആനന്ദം അനുഭവിച്ചിട്ടില്ല...
കുഞ്ഞുനാളുതൊട്ട്‌കിനാവ്‌ കണ്ടത്‌ അവിടെ എത്താനായിരുന്നു, ഓരോ നിമിഷത്തിലും പ്രാര്‍ത്ഥിച്ചതും അതിനുവേണ്ടി തന്നെ...അവസാനം അവിചാരിതമായൊരു നിമിഷത്തില്‍ എന്റെ റസൂലിന്റെ അരികിലെത്തിയപ്പോള്‍ എനിക്ക്‌ എന്നെ തന്നെ വിശ്വസിപ്പിക്കാനായില്ല,കാണുന്നതും അനുഭവിക്കുന്നതും ഒരു സ്വപ്‌നമാണോ എന്ന്‌ മനസ്സ്‌ ചോദിച്ചുകൊണ്ടേയിരുന്നു...
നേര്‍ത്ത കുളിരുള്ള ഒരു പാതിരാത്രിയിലാണ്‌ ഞാന്‍ മദീന നഗരിയെ തൊട്ടത്‌...മദീനയിലെ ലോഡ്‌ജ്‌മുറിയില്‍ നിന്ന്‌ കുളിച്ചൊരുങ്ങി റസൂലിന്റെ ചാരത്തെത്തിയപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു..ആ മിമ്പറിനും റൗളക്കുമിടയിലിരുന്നത്‌, എന്റെ റസൂലിനോട്‌ സലാം ചൊല്ലിയത്‌, മതിവരുവോളം സ്വലാത്ത്‌ മന്ത്രം ഉരുവിട്ടത്‌, മസ്‌ജിദ്‌ നവബിയില്‍ ഇഹ്‌ത്തികാഫിന്റെ നിയ്യത്തോടെ കിടന്നത്‌, ആയിരങ്ങള്‍ അണിനിരന്ന സുബ്‌ഹി നമസ്‌ക്കാരത്തില്‍ ആദ്യ സ്റ്റെപ്പിലൊന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത്‌...വിങ്ങി വിങ്ങി പ്രാര്‍ത്ഥിച്ചത്‌...പറഞ്ഞറിയിക്കാനാവുന്നില്ല എനിക്കെന്റെ വികാരം...
ഇന്നും മനസ്സ്‌ മദീനയിലെത്താന്‍ കൊതിക്കുകയാണ്‌...പ്രവാചകന്റെ റൗളക്കുചുറ്റും വട്ടമിട്ടു പറക്കുന്ന മാട പ്രാവുകള്‍ എത്ര ഭാഗ്യവാന്മാരാണ്‌...ആ മണ്‍ മണ്‍തരികള്‍ എന്തുമാത്രം പുണ്യമാണ്‌...
ജീവിതത്തിലെ വലിയ ആഗ്രഹമെന്തെന്ന്‌ ചോദിക്കുമ്പോള്‍ എനിക്കെന്റെ മദീനയിലെത്തണമെന്നല്ലാതെ മറ്റെന്താണ്‌ എനിക്കും നിങ്ങള്‍ക്കും കുറിച്ചുവെക്കാനുള്ളത്‌(?)
കൊട്ടാരം നിര്‍മ്മിക്കാനും കോടികളിലമ്മാനമാടാനും കഴിഞ്ഞേക്കാം, പക്ഷെ മക്കയും മദീനയുമെത്തുക എന്നത്‌ ഭാഗ്യവാന്മാര്‍ക്ക്‌ മാത്രമുള്ള സുകൃതമാണ്‌...തെറ്റുകള്‍ ഏറ്റുപറയാന്‍, തേങ്ങി തേങ്ങി കരയാന്‍ നമുക്ക്‌ ഒരു ഇടമുണ്ടല്ലോ, അവിടെ എത്തുക എന്നത്‌ ഭാഗ്യമല്ലാതെ മറ്റെന്താണ്‌...
പുണ്യദിക്കിലേക്ക്‌ വിമാനം കയറുന്ന നിമഷം മുതല്‍ മനസ്സ്‌ അനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ഒന്നാണത്‌...സ്വപനമാണോ എന്ന്‌ പിന്നെയും പിന്നെയും സംശയിച്ചുപോകും...
യാ, അള്ളാ, എന്നെ നീ വീണ്ടും ആ പുണ്യ നഗരിയിലെത്തിക്ക്‌ അള്ളാ, എന്റെ റസൂലിന്റെ ചാരത്തിരുന്ന്‌ സലാം ചൊല്ലാന്‍, ഒന്നും കരയാന്‍ നീ എനിക്ക്‌ അവസരം തരുമോ അള്ളാ...
000 000 000
റബീഅ...ആഹ്ലാദത്തിന്റെ മാസമാണത്‌...റബീഹുല്‍ അവ്വല്‍ പിറക്കുന്നതോടെ മണ്ണും മനസ്സും പള്ളിയും വീടും ഉണരും, ഓരോ നാടും പ്രവാചകന്റെ പേരിലുള്ള മൗലീദ്‌ കൊണ്ട്‌ സമ്പന്നമാകും, മനസിന്റെ പൂക്കാലമാണത്‌...പള്ളിയിലെ നിറഞ്ഞ സദസ്സില്‍ ഉസ്‌താദ്‌ ചൊല്ലിതരുന്ന സ്വലാത്ത്‌ ഏറ്റു ചൊല്ലുമ്പോള്‍ ഹൃദയം നിറയും...നമുക്ക്‌ വേണ്ടി ത്യാഗം സഹിച്ച റസൂല്‍, നമുക്ക്‌ വേണ്ടി ജീവിച്ച റസൂല്‍, അനുഗ്രഹത്തിന്റെ അലകടലായ ആ പ്രവാചകന്‍ നാളെ ഹൗളുല്‍ കൗസറുമായി നമ്മെ കാത്തിരിക്കുന്നുണ്ട്‌...യാ, അള്ളാ, ആ ശഫാഹത്തില്‍ നീ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ എന്ന്‌ ഉസ്‌താദ്‌ കരഞ്ഞു കരഞ്ഞ്‌ ദുഅ ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും നിറഞ്ഞു പോവാറില്ലെ...
ഇപ്പോള്‍ ഭൂമിക്കും ആകാശത്തിനും വസന്തമാണ്‌...ആത്മീയത അത്രയൊന്നും അലിഞ്ഞുചേരാത്ത യുവാവിനും നബിദിനം ആഘോഷത്തിന്റേതാണ്‌...നാടു നീളെ അലങ്കാരമൊരുക്കി, ആളുകള്‍ക്കൊക്കെ മധുരം നല്‍കി അവനും നബിയോടുള്ള മുഹബ്ബത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നു...
000 000 000
നബിദിനം വരുമ്പോള്‍ മദ്രസയില്‍ പുതിയ പൂക്കാലം വിരിയും...അന്നാണ്‌ നമ്മുടെ ഉള്ളിലെ കലാകാരന്‍ ഉണരുന്നത്‌...പാട്ടു പാടി, കവിത ചൊല്ലി, പ്രഭാഷണം നടത്തി താരമായ ആ നിമിഷങ്ങള്‍ നിങ്ങളും ഓര്‍ക്കുന്നില്ലെ(?) ജഡ്‌ജസ്‌ പ്ലീസ്‌ നോട്ട്‌...ചെസ്റ്റ്‌ നമ്പര്‍ വണ്‍ തേര്‍ട്ടി ഫോര്‍ വണ്‍ ദി സ്റ്റേജ്‌...സലാം ഉസ്‌താദ്‌ മൈക്കിലൂടെ നീട്ടി വിളിക്കുമ്പോള്‍ വിറയുന്ന കാലോടെ പ്രസംഗ പീഠത്തിലേക്ക്‌ നടന്നുപോയ ആ രംഗം ഇപ്പോഴും അങ്കാലാപ്പ്‌ പകരുന്നുണ്ട്‌...ഒടുവില്‍ എല്ലാം കഴിഞ്ഞ്‌ സമ്മാനത്തിന്‌ കാത്തിരിക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കൂട്ടുകാരന്‍ ഒന്നാം സ്ഥാനവുമായി പോകുമ്പോള്‍ കരഞ്ഞുപോയതും, സാരമില്ലട അടുത്ത തവണ നിനക്ക്‌ ജയിക്കാലോ എന്ന്‌ പറഞ്ഞ്‌ അവന്‍ ആശ്വസിപ്പിച്ചതും ഓര്‍മ്മയിലിന്നുമുണ്ട്‌...അന്ന്‌ കിട്ടിയ കൊച്ചു പാത്രങ്ങളോളം ആഹ്ലാദിപ്പിച്ച ഒരു അവാര്‍ഡും അതിന്‌ ശേഷം കിട്ടിയിട്ടില്ല...
ഇന്ന്‌ നാട്ടിലെ സ്റ്റേജില്‍ കുട്ടികള്‍ പാടി തകര്‍ക്കുമ്പോള്‍, നഷ്‌ടപ്പെട്ടുപോയ ഇന്നലെകള്‍ ഒരു നൊമ്പരമായി നിറഞ്ഞുവരുന്നു...നബിദിനം എല്ലാം ഓര്‍മ്മിപ്പിക്കുകയാണ്‌...ബാല്യം എത്ര സുന്ദരമായിരുന്നുവെന്ന്‌ അത്‌ പറയാതെ പറഞ്ഞുതരുന്നു...
ഘോഷയാത്ര പോയതും വെയിലേറ്റ്‌ തളര്‍ന്നതും, പുതിയ കുപ്പായമിട്ടതും....യാ, അള്ളാ...ഇന്നലെകള്‍ എന്തുരസമായിരുന്നു...
തക്‌ബീര്‍ ചൊല്ലി ബാവിക്കര കുന്നുകയറുമ്പോള്‍ കുഞ്ഞുകാലുകള്‍ക്ക്‌ തളര്‍ച്ചയായിരുന്നില്ല മറിച്ച്‌ ആവേശത്തിന്റെ പോരാട്ട വീര്യമായിരുന്നു....നുസ്രത്ത്‌ നഗറില്‍ നിന്ന്‌ പച്ച ലഡു കിട്ടിയതും ബോവിക്കാനത്തുനിന്ന്‌ ചെറുനാരങ്ങ സര്‍ബത്ത്‌ കുടിച്ചതും ചോക്ക്‌ലേറ്റുകള്‍കൊണ്ട്‌ കീശനിറഞ്ഞതും...
പ്രിയപ്പെട്ട കൂട്ടുകാര...നബിദിനം നിന്റെ മനസിലും ബാല്യത്തിന്റെ കുളിരു ചൊരിയുന്നില്ലെ(?)