Thursday, March 31, 2016

ഓര്‍മ്മകളെ ബാക്കിയാവുക ഞാന്‍ പോകുന്നു



എബി കുട്ടിയാനം
ഞാനിന്നീയൊടുക്കത്തെത്തുള്ളിയുമിറക്കുമ്പോള്‍
പ്രാണവേദനയോടെ നിന്നെ വിട്ടകലുമ്പോള്‍
ആശിപ്പതെന്താണെന്നോ, കരയും നിന്‍ കണ്‍കളില്‍
ആറാത്ത കണ്ണീര്‍ച്ചാലായൊഴുകാനെന്നും.....
ഒളപ്പമണ്ണ/ ഒടുക്കത്തെ തുള്ളി


മാര്‍ച്ചു മാസമേ ഞാന്‍ നിന്നെ എന്തുപേരിട്ടാണ്‌ വിളിക്കേണ്ടത്‌(?) നീ എന്നെ വന്നുതൊടുമ്പോള്‍ ദു:ഖവും നഷ്‌ടവും ഞാന്‍ ഒരുപോലെ അനുഭവിക്കുകയാണ്‌...വേര്‍പ്പാടിന്റെ പ്ലക്കാര്‍ഡുയര്‍ത്തി നീ എന്റെ മുന്നില്‍വന്നുനില്‍ക്കുമ്പോള്‍ കരയാന്‍പോലുമാവാതെ ഞാന്‍ പകച്ചുപോകുന്നു...
മാര്‍ച്ച്‌ നിന്റെ മുഖം ക്രൂരമാണ്‌, നീ ഭൂമിക്ക്‌ സമ്മാനിക്കുന്ന ചൂടിനേക്കാള്‍ തീവ്രതയുണ്ട്‌ നീ എന്റെ ഹൃദയത്തിലേക്കിട്ടുതരുന്ന നൊമ്പരങ്ങള്‍ക്ക്‌...ജീവിതത്തിലാദ്യമായി ഞാന്‍ മനം നൊന്ത്‌ കരയുകയാണിപ്പോള്‍, ഭാവിക്ക്‌ നിറംപകരാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വന്നുചേരുമ്പോഴും എന്തൊക്കെയോ നഷ്‌ടമാവുകയാണെനിക്കിവിടെ...ഒരു പൂവിന്‌ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം സമ്മാനിച്ച എന്റെ കൂട്ടുകാരത്രയും പലവഴിക്ക്‌ പിരിയുന്നു...മാര്‍ച്ച്‌....സോറി ടോ...നീയില്ലാത്തൊരു കലണ്ടറാണെനിക്കിഷ്‌ടം....
000 000 000
അപരിചതത്വം നിറഞ്ഞ ആ നിമിഷത്തില്‍ അകലാന്‍വേണ്ടി മാത്രമായിരുന്നു ഞങ്ങള്‍ അടുത്തുവന്നിരുന്നത്‌...പക്ഷെ, ഇപ്പോള്‍ അകലാന്‍ കഴിയാത്തത്രയും അടുത്തുപോയി....മാര്‍ച്ച്‌ നീ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം കാണുന്നില്ലേ(?) എന്നിട്ടും എന്തിനാണ്‌ നീ ഞങ്ങളോടിങ്ങനെ(?) അറിവിന്റെ ആദ്യാക്ഷരം തേടിവരുമ്പോള്‍ ഒന്നുമറിയാത്ത കുഞ്ഞായിരുന്നു, ഇന്ന്‌ ഒത്തിരിവളര്‍ന്നു, മാര്‍ച്ച്‌...എന്നിട്ടും ഞാന്‍ ഒരു കുഞ്ഞിനെപോലെ കേണുകരയുന്നു...ഒരുവട്ടം കൂടി തുറക്കുമോ ഈ കാമ്പസിന്റെ സുന്ദരം ലോകം ഞങ്ങള്‍ക്കുമുന്നില്‍...
000 000 000
കുന്നോളം കുളിര്‌ തന്ന്‌ തലോടാനെത്തുന്ന കാറ്റിനുപോലും അസഹനീയതയുടെ താളമാണ്‌, പുലരിക്കും സന്ധ്യക്കും പറയാനുള്ളത്‌ കണ്ണീരിന്റെ കഥമാത്രം...ലൈബ്രറി ഹാളിലും ലാബിന്റെ ഉള്ളിലും ഇനി നീയുണ്ടാവില്ല, ഞാനും...ഞാനിനിയും ക്രിക്കറ്റ്‌ കളിക്കും, നല്ല കരുത്തോടെ വോളിഗ്രൗണ്ടില്‍ നാല്‌ നല്ല അടി അടിക്കും, പക്ഷെ, എന്റെ സഹകളിക്കാരനാവാന്‍ നീയുണ്ടാവില്ലെന്ന സത്യം എന്നെ കരയിപ്പിക്കുന്നെട...
എല്ലാ ദു:ഖവും ഉള്ളിലൊതുക്കി സ്വയം നീറുമ്പോഴും എന്റെ അപ്പുറത്തെ ബെഞ്ചില്‍ നീയുണ്ടായിരുന്നുവെന്നത്‌ വലിയ കരുത്തായിരുന്നു...ഞാനെന്റെ എല്ലാ ദു:ഖവും പങ്കുവെച്ചത്‌ നിന്നോട്‌ മാത്രമായിരുന്നു...സാന്ത്വനത്തിന്റെ ആ കൈകള്‍ ഒരു തലോടലിനുമപ്പുറത്തേക്ക്‌ അകന്നുപോകുമ്പോള്‍ എനിക്കെന്റെ ഹൃദയം തന്നെയാണട ഇല്ലാതാവുന്നത്‌...ഞാന്‍ ക്യാപ്‌റ്റനായ ടീമില്‍ നിന്നെ റിസര്‍വ്വിലേക്ക്‌ മാറ്റി ഇരുത്തി, ഞാന്‍ എഡിറ്ററായ മാഗസിനില്‍ നിന്റെ കവിത വലിച്ചെറിഞ്ഞു...എന്നിട്ടും എന്നെ സ്‌നേഹിച്ച കൂട്ടുകാര സോറിടോ, നിന്റെ സ്‌നേഹത്തിന്‌ പകരം നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലട...

000 000 000
അമിത്തിന്റെ പൊതിച്ചോറിന്‌ വട്ടമിരുന്ന്‌ വാരിതിന്നുമ്പോള്‍ വയറായിരുന്നില്ല മനസ്സായിരുന്നു നിറഞ്ഞത്‌...തട്ടുകടയില്‍ പോയി മത്തിക്കറിയും കപ്പയും കഴിക്കുമ്പോള്‍ വിലകൊടുത്താല്‍ കിട്ടാത്ത ആഹ്ലാദമായിരുന്നു രുചിച്ചറിഞ്ഞത്‌...കോളജിന്റെ മുറ്റത്ത്‌ വെച്ച്‌ വാഹനത്തെ വട്ടംകറക്കുമ്പോള്‍ നാരായണന്‍ കാര്‍ത്തികേയനാവാനല്ല നാലാളുടെ കണ്ണിലൊരു നായകനാവാനായിരുന്നു കൊതിച്ചത്‌...ഓരോ കവിതയിലും അവള്‍ നായികയാകുമ്പോള്‍ കൂട്ടുകാര്‍ സമ്മാനിച്ച കളിയാക്കലിലായിരുന്നു പ്രണയമില്ലാത്ത ഞാന്‍ പ്രണയത്തിന്റെ ലഹരി അറിഞ്ഞത്‌...
ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ കറങ്ങിനടക്കുമ്പോഴൊക്കെ നോട്ട്‌ കംപ്ലീറ്റ്‌ ചെയ്‌ത്‌ തന്നിരുന്ന അമ്മുവും നിഖിലയും കാമ്പസില്‍ ഞാന്‍ കണ്ട കനിവിന്റെ മുഖങ്ങളായിരുന്നു, ഒന്നും അനുസരിക്കാതിരിക്കുമ്പോഴും എന്നെ ഒത്തിരി ഇഷ്‌ടപ്പെട്ട ശ്രീലതടീച്ചറെ ഞാനെങ്ങനെ മറക്കും, വിരേന്ദര്‍ സെവാഗിന്റെ ബാറ്റിംഗിനെക്കുറിച്ച്‌ അന്ധമായി വാചാലമാകുമ്പോള്‍ എന്നെ ദേശ്യം പിടിപ്പിക്കാനായി എന്നും പ്രതിപക്ഷമായി നിന്ന പ്രദീപും അനൂപും ഇനി ഒരു തര്‍ക്കത്തിന്‌ നില്‍ക്കാനുണ്ടാകില്ല..
000 000 000
ടൂര്‍ പോയ നേരത്ത്‌ പളനിയിലെ പച്ചക്കറി ചന്തയില്‍ ഉന്തുവണ്ടി തള്ളിവിട്ടപ്പോള്‍ തമിഴന്റെ തെറികേട്ട രംഗം നീ ഓര്‍ക്കുന്നില്ലെ, പ്രണയം സമയം കൊല്ലുമെന്ന്‌ പറയുമ്പോഴും കമന്റടിക്കാന്‍ വേണ്ടി മാത്രം ഗേറ്റിനരികില്‍ പോയിരുന്ന ആ ഉച്ചനേരങ്ങള്‍ നിനക്ക്‌ മറക്കാന്‍ കഴിയുമോട, ഇനി എന്നാട നമ്മള്‍ മൂന്നാറിലേക്ക്‌ പ്രകൃതിയുടെ കുളിരറിയാന്‍ പോകുന്നത്‌(?) അമിതേവഗതയില്‍ ബൈക്കോട്ടി നമുക്കിനിയും മടിക്കേരിയിലേക്ക്‌ ടൂര്‍ പോകേണ്ടേ(?)
000 000 000
മനസ്സിന്റെ ഫോള്‍ഡര്‍ നിറയെ നിന്റെ മുഖമാണ്‌...ഒന്നും പറയാനില്ലാതിരിക്കുമ്പോഴും ഞാന്‍ നിന്നെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കും, സ്‌നേഹം എന്ന വാക്കിന്‌ ഞാന്‍ നല്‍കിയ ഫയല്‍നൈം നിന്റെ പേരാണ്‌...മറന്നുപോവില്ലെന്നത്‌ ഹൃദയത്തിന്റെ ഉറപ്പ്‌..ഫ്രണ്ട്‌ഷിപ്പില്‍ പുതിയ അപ്‌ഡേഷനുണ്ടാവും...പക്ഷെ, നീ മാത്രം ടോപ്‌ ടെന്നിലങ്ങനെ തിളങ്ങി നില്‍ക്കും...കാലത്തിന്റെ പഴക്കത്തിനുമുന്നില്‍ മറവിയുടെ വൈറസ്‌ വന്ന്‌ പാസ്‌ വേര്‍ഡ്‌ മായ്‌ച്ചുകളഞ്ഞാലും നിന്റെ ചിത്രം മാത്രം മനസ്സില്‍ നിന്ന്‌ മാഞ്ഞുപോവില്ലട...ഞാന്‍ നിന്റെ മുഖം എന്റെ ഹൃദയത്തിലാണ്‌ ടാഗ്‌ ചെയ്‌ത്‌ വച്ചിട്ടുള്ളത്‌...ഇനി ഒരിക്കലും കണ്ടില്ലെങ്കിലും നിന്റെ നല്ല സ്‌നേഹത്തിന്‌ ഞാനെന്നും ലൈക്കടിച്ചുകൊണ്ടിരിക്കും...
നാളെ നീ വലിയ ആളാവും...നിന്റെ സരസമായ ആ സംസാരം കേള്‍ക്കാന്‍ ഞാന്‍ ഡയല്‍ചെയ്‌തുകൊണ്ടിരിക്കും...അപ്പോള്‍ അപ്പുറത്തുനിന്ന്‌ ആരോ നിനക്കുവേണ്ടി പറയും, താങ്കള്‍ ക്യൂവിലാണ്‌, ദയവായി കാത്തിരിക്കു.....
എടാ, ഒരുമടുപ്പുമില്ലാതെ ഞാനന്നേരം കാത്തിരിക്കും, പുതിയ വിവരങ്ങള്‍ക്കുവേണ്ടി മാത്രമല്ല, പഴയ ആ കഥകള്‍ ഓര്‍മ്മിച്ച്‌ ചിരിക്കാന്‍ വേണ്ടി...
ഫേസ്‌ ബുക്കിന്റെ വര്‍ത്തമാനകാലത്ത്‌ ചാറ്റ്‌ റൂമുകള്‍ ബഹളത്തിന്റെ മുറികളാകുമ്പോള്‍ അഞ്ഞൂറോളം വരുന്ന ഓണ്‍ലൈനുകാര്‍ക്കിടയില്‍ നിനക്കെന്നേയും എനിക്ക്‌ നിന്നെയും കാണാന്‍ കഴിഞ്ഞെന്ന്‌ വരില്ല, അതുകൊണ്ട്‌ പ്രിയപ്പെട്ട കൂട്ടുകാര ഇന്‍ബോക്‌സിലെ ഓര്‍മ്മമരത്തിനടയില്‍ ഞാന്‍ നിന്നെ കാത്തിരിക്കാം...
000 000 000
ചില ആഗ്രഹങ്ങള്‍ അര്‍ത്ഥശൂന്യമാണ്‌...എങ്കിലും ആഗ്രഹിക്കട്ടെ, മാര്‍ച്ചു മാത്രം ഒരുനൂറ്‌ ദിനങ്ങളുള്ള ഒരു മാസമായിരുന്നെങ്കില്‍...എന്നും ഈ ക്ലാസ്‌ മുറിയില്‍, ഈ ബെഞ്ചില്‍ നിന്റടുത്ത്‌ ഇങ്ങനെ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...അപ്പുറത്തെ ഉന്തുവണ്ടിയില്‍ അദ്ദീന്‍ച്ച വീണ്ടും കക്കിരി മുറിക്കുന്നുണ്ടാവും...അതിന്‌ മുളക്‌ പുരട്ടി ഒന്നിച്ച്‌ രുചിക്കാന്‍ ഇനിയൊരു ഇന്റര്‍വെല്‍ നമുക്കില്ലല്ലോട...അദ്ദീന്‍ച്ച ഇനിയും കക്കിരി മുറിക്കും ആവണ്ടിക്ക്‌ ചുറ്റും പതിവുപോലെ കുട്ടികള്‍ നിറയും...അപ്പോള്‍ നീയും ഞാനും ഏതെങ്കിലും ഓഫീസില്‍ തിരക്കിനോട്‌ മത്സരിച്ച്‌ സമയത്തെ തോല്‍പ്പിക്കുകയായിരിക്കുമല്ലെ...പ്ലീസ്‌, ടാ, ഏതു തിരക്കിനിടയിലും നീയെന്റെ പുതിയ ഫോട്ടോയ്‌ക്ക്‌ കമന്റടിക്കാന്‍ മറുന്നുപോവരുത്‌ കേട്ടോട...
സാക്കിയും യാസിറും പ്രജിത്തും അനസും ചേര്‍ന്ന്‌ സമ്പന്നമാക്കുന്ന എന്റെ ഫേസ്‌ബുക്ക്‌ പേജില്‍ നീ വന്നില്ലെങ്കില്‌ ഞാന്‍ കരഞ്ഞുപോകും...സത്യമാണട, നിന്നില്‍ നിന്ന്‌ ലഭിക്കുന്ന പോസിറ്റീവ്‌ എനര്‍ജി മറ്റൊരുടത്തുനിന്നും എനിക്ക്‌ കിട്ടിയിട്ടില്ലട...
000 000 000
അവസാനപേജിലെഴുതുന്ന എന്നെ അവസാനം വരെ ഓര്‍ക്കണമെന്ന നിന്റെ ഓട്ടോഗ്രാഫ്‌ വാചകം ഞാന്‍ ഡിലീറ്റ്‌ ചെയ്യും...എന്തിനാട അങ്ങനെ എഴുതിവെച്ചത്‌ നിന്നെ മറക്കാന്‍ എനിക്ക്‌ കഴിയുമോ(?) നീ എന്റെ ഹൃദയം തന്നെയാണല്ലോട(?)
എത്ര സന്ധ്യകള്‍, എത്ര പുലരികള്‍...നീല പാന്റിന്‌ വെള്ളകുപ്പായമിട്ട്‌ സ്‌കൂളിലേക്ക്‌ പോയനാളുകള്‍, പിന്നെ പുതിയ അറിവുകള്‍ തേടി ഓരോ നാട്ടിലെ ഓരോ കാമ്പസ്‌...അറിവുവെച്ച നാള്‍ മുതല്‍ ബാഗും പുസ്‌തകവും മാത്രമായിരുന്നു കൂട്ട്‌...പക്ഷെ, നാളെ(!!!) ഈ സൂര്യന്‍ കടലിലമര്‍ന്നാല്‍ ഞാന്‍ പുതിയൊരാളാണ്‌, കറുത്ത ബോര്‍ഡും കനം കുറഞ്ഞ ഡസറ്ററുമില്ലാതെ ജീവിതഭാരം നിറഞ്ഞൊരു ലോകമാണ്‌ മാടിവിളിക്കുന്നുള്ളത്‌...
00000 000 0000
മനസിപ്പോള്‍ ദു:ഖത്തെ കടം വാങ്ങുകയാണ്‌...ഞാനിനി കുസൃതി നറിഞ്ഞ വിദ്യാര്‍ത്ഥിയല്ല...എന്തൊക്കെയോ ഉത്തരവാദിത്വമുള്ള ആളാണ്‌ ഞാന്‍..
ഓര്‍മ്മകള്‍ മാത്രം ബാക്കിയാകുമ്പോള്‍ ഇനി ഞാന്‍ പറയും...അത്‌ ഞാന്‍ പഠിച്ച കോളജായിരുന്നു, അവിടെവെച്ചാണ്‌ ഞാന്‍ ആദ്യമായി പ്രണയിച്ചതും രാഷ്‌ട്രീയകാരന്റെ കുപ്പായമിട്ടതും...കാലം പിന്നെയും കറങ്ങി തിരിയുമ്പോള്‍ ഇതുവഴി ഇനിയും എത്രയോ ആളുകള്‍ വന്നുമടങ്ങും...താരമായി നിറഞ്ഞുനിന്നവനാണെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല മറ്റുപലതിനേയുമെന്നപോലെ ഈ കാമ്പസ്‌ എന്നെയും മറക്കും...പക്ഷെ, കാലമെത്ര കഴിഞ്ഞാലും നമുക്ക്‌ മറക്കാന്‍ കഴിയുമോ നമുക്കാ കലാലയത്തെ..
000 000 000
ഇതേ വഴിയില്‍, ഇതേ സമയത്ത്‌ ശുക്രിയ ബസ്‌ വീണ്ടും വരും, പക്ഷെ അതില്‍ വന്നിറങ്ങി കോളജിന്റെ നടചവിട്ടാന്‍ ഞങ്ങളുമാത്രമുണ്ടാവില്ല...
പുതിയ ജോലിക്കുവേണ്ടി പുതിയ വണ്ടി കയറാന്‍ റെയില്‍വേ സ്റ്റേഷനിലെ ക്യൂവിലായിരിക്കുമന്നേരം...അന്നും സൂര്യനുദിക്കും, അന്നും പത്തുമണിയാവും, പക്ഷെ ആഹ്ലാദം മാത്രം പഴയതായിരിക്കില്ല...
തളര്‍ന്നുറങ്ങിപ്പോയ ഈ രാത്രി പുലരുമ്പോള്‍ ജിംനേഷ്യത്തില്‍ പോവാനുള്ള ഓര്‍മ്മപ്പെടുത്തലുമായി കൂട്ടുകാരന്റ നമ്പര്‍ തൊട്ടുവിളിക്കും...ഒരു രാത്രി മുഴുവന്‍ ദു:ഖത്തിന്റെ ഭാരം ചുമന്ന എനിക്ക്‌ ജിമ്മിനുള്ളില്‍ പുതിയ കനം താങ്ങാനുള്ള കരുത്തില്ലെന്ന്‌ ഞാനെങ്ങനെയാണവന്‌ എസ്‌.എം.എസ്‌ ചെയ്യേണ്ടത്‌(?)


abikutiyanam@gmail.com 

Tuesday, March 29, 2016

നീ





എബി കുട്ടിയാനം

നീ വന്നില്ലെങ്കില്‍ തീര്‍ന്നുപോകുന്നതാണ്‌
എന്റെ മുഖത്തെ പുഞ്ചിരിയും
എന്റെ ഹൃദയത്തിലെ ആഹ്ലാദവും 

വിരാട്‌ നീ ഞങ്ങളുടെ സച്ചിനാണ്‌



എബി കുട്ടിയാനം

വീരാട്‌....നിന്നെക്കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ വീണ്ടും തോറ്റുപോകുന്നു...നീ പ്രതിഭയുടെ പുതിയ ലോകമാണ്‌...ബാറ്റ്‌കൊണ്ട്‌ നീ കവിതയെഴുതുമ്പോള്‍ ചരിത്രമാണ്‌ പിറന്നുവീഴുന്നത്‌...വീരാട്‌...കുട്ടിക്രിക്കറ്റ്‌ കാണാന്‍ പോലും സമയമില്ലാത്ത കാലത്തും നീ ഞങ്ങളുടെ ഉറക്കം പിടിച്ചുവാങ്ങുന്നു...നീ ഞങ്ങളെ ടീവിക്കുമുന്നില്‍ പിടിച്ചിരുത്തുന്നു...ഒരുപാട്‌ തിരക്കുകള്‍ക്കിടയിലും നീ ഞങ്ങളെ സര്‍വ്വം മറന്ന്‌ ആഹ്ലാദിപ്പിക്കുന്നു...നിനക്കു മുന്നില്‍ സ്‌പിന്നെന്നോ ഫാസ്റ്റെന്നോ ഇല്ല, നിനക്ക്‌ മുന്നില്‍ പാക്കിസ്ഥാന്റെ ആമിറും ആഫ്രിക്കയുടെ സ്റ്റെയിനും ഇംഗ്ലണ്ടുകാരുടെ ആദില്‍ റഷീദുമെല്ലാം തലതാഴ്‌ത്തിമടങ്ങുന്നു, നീ നിലയുറപ്പിക്കുമ്പോള്‍ എതിരാളികളുടെ മുഖം കറുക്കുന്നു, അവര്‍ പരിഭ്രാന്തരാവുന്നു.
വിരാട്‌... നീ ക്രീസില്‍ വരുമ്പോള്‍ ഞങ്ങളുടെ മനസില്‍ പുതിയ വസന്തം വിരിയുന്നു, വീരാട്‌ നീ ബാറ്റ്‌ തുടങ്ങുമ്പോള്‍ ഞങ്ങള്‍ ആര്‍പ്പുവിളി തുടങ്ങുന്നു...
വീരാട്‌..... നീ ഞങ്ങളുടെ സച്ചിനാണ്‌...സച്ചിന്‌ ശേഷം ആരെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ്‌ നീ...ഒന്നു പറഞ്ഞോട്ടെ നീ ചിലപ്പോള്‍ അതുക്കും മേലെയാണ്‌...കഴിഞ്ഞ കളിയില്‍ പാക്കിസ്ഥാനെതിരെ അടുപ്പിച്ചടുപ്പിച്ച്‌ വിക്കറ്റ്‌ വീണപ്പോള്‍ ഞങ്ങള്‍ കുലുങ്ങാതിരുന്നത്‌ നീയുണ്ടല്ലോ എന്ന വിശ്വാസത്തിലായിരുന്നു...ഒടുവില്‍ വീണ്ടും നീ ഞങ്ങളുടെ പ്രതീക്ഷകള്‍ കാത്തു...അല്ലെങ്കിലും റണ്‍പിന്തുടര്‍ന്ന്‌ ജയിപ്പിക്കുന്നതില്‍ നിന്നോളം മിടുക്കന്‍ ആരാണുള്ളത്‌....കാലം ഇന്ത്യക്ക്‌ സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ്‌ നീ...വെല്ലുവിളികളാണ്‌ നിനക്കിഷ്‌ടം...പ്രതിസന്ധിഘട്ടത്തിലാണ്‌ പോരാളികളെ തിരിച്ചറിയുന്നതെന്ന സത്യത്തിനുമുന്നില്‍ നീ എത്രവട്ടമാണ്‌ വീരനായകനായി മാറിയത്‌...നീയില്ലെങ്കിലും ഇന്ത്യ ജയിക്കും...ശിഖര്‍ധവാനും രോഹിതും അജിന്‍ക്യാ രഹാനയും ഒറ്റയ്‌ക്ക്‌ മത്സരം ജയിപ്പിക്കാന്‍ കഴിയുന്നവര്‍...തട്ടിയും മുട്ടിയും ധോണിയും ചിലപ്പോള്‍ മത്സരം ജയിപ്പിച്ചേക്കും...പക്ഷെ എതിരാളികളെ നോക്കിയിട്ട്‌ നിങ്ങള്‍ എനിക്ക്‌ പുല്ലാണെന്ന ഭാവത്തില്‍ ഒരു മത്സരം ജയിപ്പിക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാണ്‌ സാധിക്കുക.
വീരാട്‌ ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും ആസ്‌ത്രേലിയയുടെ സ്റ്റിവന്‍ സ്‌മിത്തുമെല്ലാം സമകാലിക ക്രിക്കറ്റിലെ ഒന്നാം തരം താരങ്ങളാണ്‌ പക്ഷെ അവരൊന്നും നിന്റെ നൂറ്‌ അയലത്ത്‌ വരില്ല...നീ ക്രിക്കറ്റിനെ സമീപിക്കുന്ന ഒരു രീതിയുണ്ടല്ലോ അതാണ്‌ ഞങ്ങള്‍ക്കിഷ്‌ടം...
വീരാട്‌...ചിലര്‍ പറയും നീ (എബി കുട്ടിയാനം) അഹങ്കാരിയാണെന്ന്‌...എങ്കില്‍ ഞങ്ങള്‍ പറയട്ടെ അഹങ്കരിക്കാന്‍ മാത്രമുണ്ടല്ലോ നിന്റെ മിടുക്കും നിന്റെ നേട്ടങ്ങളും...അല്ലെങ്കിലും പോരാളികളെ നോക്കിയിട്ട്‌ നമ്മള്‍ പണ്ടേ പറയുന്ന ഡയലോഗാണ്‌ അഹങ്കാരി എന്നുള്ളത്‌...അവര്‍ മറ്റൊന്നുമാലോചിക്കാതെ പുതിയ വിജയങ്ങള്‍ക്കുവേണ്ടി പോരാടികൊണ്ടിരിക്കും...അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും തേടുന്ന തിരക്കിലായിരിക്കും...ഒന്നും ചെയ്യാതെ മറ്റുള്ളവരുടെ കുറവുകള്‍ മാത്രം കണ്ടുപിടിക്കുന്നവരുടെ വാക്ക്‌ പ്രയോഗങ്ങളാണ്‌ അഹങ്കാരി എന്നുള്ളത്‌.
കാലത്തിന്‌ മുന്നില്‍ നമ്മള്‍ ആശങ്കയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ്‌ ഇനി ആര്‌ എന്നുള്ളത്‌...രാഷ്‌ട്രീയത്തിലും സാഹിത്യത്തിലും കളിയിലും കലയിലുമെല്ലാം അങ്ങനെയൊരു ചോദ്യമുയരും...പക്ഷെ കാലം അതിന്റെ ഡയറിതാളിനുള്ളില്‍ പുതിയ പ്രതിഭകളെ കരുതിവെച്ചിട്ടുണ്ടാവും...ഓരോ കാലത്തും ഓരോ നായകന്മാരുണ്ടാവുന്നത്‌ അതുകൊണ്ടാണ്‌...സച്ചനില്ലാത്ത ഇന്ത്യ നമുക്ക്‌ മുന്നില്‍ ശൂന്യമായിരുന്നു...അങ്ങനെയൊരു ഇന്ത്യയെ നമുക്ക്‌ സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല...പ്രണയലേഖനങ്ങളില്‍ അവന്‍ അവള്‍ക്കെഴുതിയ വരികളില്‍പോലും പറഞ്ഞത്‌ നീയില്ലാത്ത എന്റെ ജീവിതം സച്ചിനില്ലാത്ത ഇന്ത്യപോലെ എന്നായിരുന്നു. എന്നാല്‍ അതെ സച്ചിന്‍ പടിയിറങ്ങും മുമ്പ്‌ വീരാട്‌ എന്ന പ്രതിഭയെ കാലം ഇന്ത്യക്ക്‌ സംഭാവന ചെയ്‌തു.
നേട്ടങ്ങള്‍ തേടിപിടിക്കുന്നതില്‍ രണ്ടുപേരും വല്ലാത്ത സാമ്യമുണ്ട്‌. നൂറ്‌ സെഞ്ച്വറി എന്ന സച്ചിന്റെ റിക്കാര്‍ഡ്‌ ഒരുകാലത്തും തകര്‍ക്കപ്പെടുകയില്ലെന്ന്‌ പറഞ്ഞവര്‍ ഇന്ന്‌ വീരാടിന്റെ കളി കണ്ട്‌ മൂക്കത്ത്‌ വിരല്‍വെച്ച്‌ നില്‍ക്കുന്നു. ഞാന്‍ എല്ലാം തകര്‍ത്ത്‌ മുന്നേറുമെന്ന്‌ വിരാട്‌ പറയാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.
ഓരോ കളിയും ഓരോ അല്‍ഭുതമാക്കി മാറ്റുകയാണ്‌ വീരാട്‌. സച്ചിന്‍ അന്ന്‌ ചെയ്‌തിരുന്നതും അതായിരുന്നു.
ജീവിതത്തിന്റെ താങ്ങും തണലുമായ അച്ഛന്റെ ചിതയെരിയും മുമ്പാണ്‌ സച്ചിനെന്നെ പോരാളി രാജ്യത്തിനുവേണ്ടി ബാറ്റ്‌ ചെയ്യാന്‍ ഇംഗ്ലണ്ട്‌ ലോകകപ്പിലേക്ക്‌ വിമാനം കയറിയത്‌. ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റില്‍ ടീമിനുവേണ്ടി ബാറ്റ്‌ ചെയ്യുന്നതിനിടയിലായിരുന്നു വീരാടിന്റെ അച്ഛന്‍ മരിച്ചത്‌. അച്ഛന്റെ വേര്‍പ്പാട്‌ സമ്മാനിച്ച വേദനപോലും കടിച്ചമര്‍ത്തിയാണ്‌ വീരാട്‌ അന്ന്‌ തന്റെ ടീമിനുവേണ്ടി ബാറ്റ്‌ ചെയ്‌തത്‌.
സച്ചിന്റെ പ്രകടനങ്ങള്‍ക്ക്‌ പലപ്പോഴും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന്‌ പരാതി പറയാറുണ്ട്‌. പക്ഷെ അപ്പോഴും ഓര്‍ക്കേണ്ട കാര്യം സച്ചിന്‌ നേരിടേണ്ടി വന്നത്‌ ലോകത്തെ ഏറ്റവും അപകടകാരികളായ ബൗളര്‍മാരെയായിരുന്നു. പാക്കിസ്ഥാനെതിരെയാണ്‌ കളിയെങ്കില്‍ അക്രമിന്റെയും വഖാറിന്റെയും സ്‌പെല്ല്‌ തീരുമ്പോഴേക്കും ചെയ്‌ഞ്ച്‌ ബൗളറായി അക്‌തറോ അക്വിബ്‌ ജാവേദോ എത്തും അതുമല്ലെങ്കില്‍ ഉമര്‍ ഗുല്ലോ വരും...തീര്‍ന്നില്ല സ്‌പിന്‍ ചെയ്‌ഞ്ചാണ്‌ അതിനേക്കാള്‍ ഭീകരം. ലോകത്തിലെ ഏറ്റവും വലിയ സ്‌പിന്നര്‍മാരായ മുഷ്‌താഖ്‌ അഹമ്മദും സഖ്‌ലൈന്‍ മുഷ്‌താഖും മാറി മാറി എറിയും...
ആസ്‌ത്രേലിയയില്‍ ആണെങ്കിലും സ്ഥിതി മറിച്ചായിരുന്നില്ല. മഗ്രയും സ്റ്റീഫന്‍ ഫ്‌ളെമിംഗും ജെയ്‌സണ്‍ ഗില്ലസ്‌പിയും ബ്രൈറ്റ്‌ ലിയും പന്തെറിഞ്ഞിരുന്ന കാലം...ഷെയ്‌ന്‍ വോണ്‍ മാന്ത്രിക തീര്‍ത്തിരുന്ന കാലം...ആ കാലത്താണ്‌ സച്ചിന്‍ നിറഞ്ഞാടിയത്‌...
വെസ്റ്റ്‌ ഇന്‍ഡീസില്‍ അന്ന്‌ ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരായ അംബ്രോസും വാല്‍ഷുമായിരുന്നു ബൗളിംഗ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ ഡൊണോള്‍ഡും പൊള്ളോക്കും ഉണ്ടായിരുന്നു...ശ്രീലങ്കയിലാവട്ടെ മുത്തയ മുരളീധരനെന്ന അവരുടെ വജ്രായുധവും...അങ്ങനെ തലങ്ങും വിലങ്ങും അപകടത്തിന്റെ പന്തുകളെത്തിയ കാലത്തായിരുന്നു സച്ചിന്‍ ബാറ്റ്‌ കൊണ്ട്‌ ഇന്ദ്രജാലം തീര്‍ത്തത്‌...എന്നാല്‍ ഇവിടെ വിരാട്‌ ഭാഗ്യവാനാണ്‌...ബാറ്റ്‌സ്‌മാനെ പേടിപ്പിക്കുന്ന ഒരു ബൗളര്‍പോലും ഇന്ന്‌ ലോകക്രിക്കറ്റിലില്ല.
പാക്കിസ്ഥാന്റെ ആമിറിലോ ദക്ഷിണാഫ്രിക്കയുടെ സ്റ്റെയിനിലോ അവരുടെ ലിസ്റ്റ്‌ ഒതുങ്ങുന്നു...
വീരാട്‌...സോറി നല്ല ബൗളര്‍മാരെ നേരിടേണ്ടി വന്നില്ല എന്ന്‌ ചൂണ്ടികാട്ടി നിന്റെ മികവിനെ കുറച്ചുകാണുന്നില്ല...നല്ല ബൗളര്‍മാരില്ലാതെ പോയത്‌ നിന്റെ കുറ്റമല്ലല്ലോ...നീ ഏതു മല്ലനേയും പിച്ചിചീന്തുമെന്ന്‌ ഞങ്ങള്‍ക്കറിയാം...
വീരാട്‌...പറഞ്ഞോട്ടെ നീ അല്‍ഭുതമാണ്‌...അന്ന്‌ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജയിപ്പിച്ച്‌ മടങ്ങുമ്പോള്‍ ഞങ്ങള്‍ കരുതിയില്ല ഈ ഇത്രത്തോളം വളരുമെന്ന്‌...കാരണം പ്രതീക്ഷയോടെ നോക്കികണ്ടവരൊക്കെ എവിടെയുമെത്താതെ പോയ ചരിത്രമാണല്ലോ ലോകത്തിനുള്ളത്‌...
വീരാട്‌...പണ്ടൊരിക്കല്‍ ഷെയ്‌വോണ്‍ പറഞ്ഞിരുന്നു...സച്ചിനെ ഓര്‍ക്കുമ്പോള്‍ ഉറക്കം വരുന്നില്ല...ഉറങ്ങുമ്പോഴൊക്കെ തലക്കുമുകളിലൂടെ സച്ചിന്‍ സിക്‌സറടിക്കുന്നത്‌ സ്വപ്‌നം കാണുന്നു...വീരാട്‌ ഇന്ന്‌ ലോകത്തിലെ എല്ലാ ബൗളര്‍മാരും നിന്നെകുറിച്ച്‌ ഇങ്ങനെ സ്വപ്‌നം കാണുന്നുണ്ടാവും...
വീരാട്‌...ഒരിക്കല്‍കൂടി പറഞ്ഞോട്ടെ സച്ചിനില്ലാത്ത ഞങ്ങള്‍ക്ക്‌ നീ
സച്ചിനേക്കാള്‍ വലിയ സച്ചിനാണ്‌...ന
000 000 000
കോഹ്‌ലി ബാറ്റ്‌ ചെയ്യുമ്പോള്‍ എന്റെ കുട്ടികള്‍ ടെലിവിഷനില്‍ നിന്ന്‌ കണ്ണെടുക്കാതെ അവിടെതന്നെയിരിക്കും. അത്ര മനോഹരമാണ്‌ ആ കളി

വിരേന്ദര്‍ സെവാഗ്‌



Saturday, March 26, 2016

ഓണ്‍ലൈനിനിപ്പുറത്തെ ഞാന്‍



                                                             എബി കുട്ടിയാനം


നീ വന്നില്ലെങ്കില്‍ 
വിതുമ്പി പോകാന്‍ മാത്രം ലോലമാണ്‌
എന്റെ ഹൃദയം

നിന്നെ കണ്ടില്ലെങ്കില്‍ 
കരഞ്ഞുപോകാന്‍ മാത്രം 
സിംമ്പിളാണ്‌ എന്റെ മനസ്സ്‌ 

നിന്നെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ 
തീര്‍ന്നുപോയൊരു 
ജീവിതമുണ്ട്‌ 
നിന്റെ ഓണ്‍ലൈനിനിപ്പുറം 

ആസാദ്‌ പശുവിനോട്‌ പൊറുക്കുക അത്‌ മനുഷ്യനല്ലല്ലോ




എബി കുട്ടിയാനം

ആസാദ്‌
ഡാ, മരിച്ചത്‌ നീയല്ല
ഞാനും എന്റെ രാജ്യവുമാണ്‌

കെട്ടിതൂക്കിയത്‌ നിന്നെയും
നിനക്ക്‌ ജോലി തന്നെ ആ പാവത്തിനെയുമല്ല

എന്നെയും എന്റെ ജീവിക്കാനുള്ള
അവകാശത്തെയുമാണ്‌

ഡാ കുട്ട
അടഞ്ഞുപോയത്‌ നിന്റെ കണ്ണുകളല്ല
വെയിലേല്‍ക്കാതെ നാം കാത്തുവെച്ച മതേതരത്വമായിരുന്നു

ഡാ, മോനെ
ഒഴുകിപോയത്‌ നിന്റെ രക്തമല്ല
എന്റെ നാടിന്റെ സല്‍പ്പേരായിരുന്നു

ഡാ, അനിയാ
എല്ലാം കണ്ടിട്ടും ഒന്നും കാണാതിരുന്ന
എന്നോട്‌ പൊറുക്കുക

നിന്നെ കെട്ടിതൂക്കിയ കയറും
നിനക്കുവേണ്ടി പിടഞ്ഞ കാലിയും
ഇപ്പോഴും കരയുന്നുണ്ടാവും
കാരണം, അവ മനുഷ്യരല്ലല്ലോ 

ആ ബസുകള്‍ ഓടിയത്‌ കീശവീര്‍പ്പിക്കാനായിരുന്നില്ല



എബി കുട്ടിയാനം

ബസും ബസ്‌ യാത്രയും ഒരു നൊസ്റ്റാള്‍ജിക്ക്‌ ഫീലിംഗാണെങ്കിലും സ്വാര്‍ത്ഥതയുടെ ഇടങ്ങളായിട്ടാണ്‌ നമ്മള്‍ പലപ്പോഴും അതിനെ കാണാറുള്ളത്‌. എനിക്ക്‌ മാത്രം സീറ്റ്‌ കിട്ടണമെന്നും ഞാന്‍ മാത്രം ഇരുന്നാല്‍ മതിയെന്നും ചിന്തിക്കുന്ന യാത്രക്കാരും ഒന്ന്‌ ശരിക്ക്‌ കയറാനോ ഇറങ്ങാനോ അനുവദിക്കാതെ പിറുപിറുക്കുന്ന ജീവനക്കാരും ബസിനുള്ളിലെ സ്ഥിരം കാഴ്‌ചയാണ്‌. നമുക്ക്‌ കിട്ടാനുള്ള ഒരു രൂപ പരമാവധി വൈകിപ്പിക്കുകയും നമ്മള്‍ കൊടുക്കാനുള്ളത്‌ സമര്‍ത്ഥമായി പിടിച്ചുവാങ്ങുകയും ചെയ്യുന്ന ആ സ്വഭാവങ്ങളെ വെറുക്കുമ്പോള്‍ നമ്മള്‍ ചിലപ്പോഴൊക്കെ ബസിനെ തന്നെ വെറുത്തുപോകാറുണ്ട്‌.
എന്നാല്‍ അടുത്തകാലത്തായി ബസുകള്‍ നമ്മെ മതിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. നന്മകള്‍ അസ്‌തമിച്ചുപോകുന്ന ലോകത്തൂടെ അവര്‍ കനിവിന്റെ ഓട്ടമോടുന്നു. ഈ അടുത്തകാലത്ത്‌ കണ്ട പല കാഴ്‌ചകളും സമാനതകളില്ലാത്ത പുണ്യമായിരുന്നു. രോഗം കൊണ്ട്‌ വലയുന്ന കുഞ്ഞുമോനുവേണ്ടിയും നിസഹായനായ മനുഷ്യനുവേണ്ടിയും സ്വയം മാറ്റിവെക്കപ്പെട്ട സര്‍വ്വീസുകളായി ചില ബസുകള്‍ മാറിയപ്പോള്‍ നാട്‌ ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴകുള്ള കാഴ്‌ചയായി അത്‌ മാറി.
ജീവിതം തുടങ്ങും മുമ്പ്‌ രോഗത്തിനു മുന്നില്‍ വലഞ്ഞുപോയ ബാല്യവുമായി സങ്കടകടലിലായ അനയ്‌ മോനെ തിരികെ ലഭിക്കണമെങ്കില്‍ ലക്ഷങ്ങളുടെ ചികിത്സ ആവശ്യമാണെന്ന്‌ ഡോക്‌ടര്‍മാര്‍ വിധി എഴുതിയപ്പോള്‍ പകച്ചുപോയ അവന്റെ അച്ഛന്റെയും അമ്മയുടെയും മുന്നില്‍ സാന്ത്വനത്തിന്റെ കൈകളായി മാറിയത്‌ മള്‍ട്ടി നാഷണല്‍ കമ്പനികളോ കോടിശ്വരന്മാരുടെ ശീതികരിച്ച മുറിയോ അല്ല നമ്മളൊക്കെ അനിഷ്‌ടത്തോടെ പെരുമാറുകയും ചിലപ്പോഴൊക്കെ കയര്‍ക്കുകയും ചെയ്‌തിട്ടുള്ള ബസ്‌ ജീവനക്കാരായിരുന്നു. കാഞ്ഞങ്ങാട്ടെ മുത്തപ്പന്‍ ബസും കാസര്‍കോട്‌ മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന മര്‍സാന ബസും ഒരുദിവസം സര്‍വ്വീസ്‌ നടത്തിയത്‌ തങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിന്‌ ബലം കൂട്ടാനായിരുന്നില്ല. ആയിരം ദിവസം ആയിരം കിലോമീറ്റര്‍ ഓടിയാലും കിട്ടാത്ത സംതൃപ്‌തിയും പുണ്യവും അവര്‍ ഒറ്റ ദിവസം കൊണ്ട്‌ നേടിയെടുത്തു. അന്ന്‌ ജീവനക്കാരുടെ ശമ്പളവും ബസിന്റെ വരുമാനവുമെല്ലാം അനയ്‌ മോനുള്ളതായിരുന്നു. ടിക്കറ്റ്‌ കൗണ്ടറിന്‌ പകരം കണ്‍മുന്നില്‍ ബക്കറ്റ്‌ വന്നപ്പോള്‍ എണ്ണിവെച്ച ചാര്‍ജ്ജിനെ അപ്പുറത്തേക്ക്‌ മാറ്റി കനിവിന്റെ പുതിയ നോട്ടുകളായിരുന്നു ഓരോ യാത്രക്കാരും ആ ബക്കറ്റിലിട്ടത്‌.
അപക്വതയുടെ ഇടങ്ങളെന്ന്‌ നമ്മള്‍ കുറ്റപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ വഴി കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്‌ ഓരോ മാസവും നടക്കുന്നത്‌. ചാരിറ്റിക്ക്‌ വേണ്ടി മാത്രം രൂപീകൃതമായ എത്രയോ ഗ്രൂപ്പുകളുണ്ട്‌ വാട്‌സ്‌ആപ്പിലും ഫേസ്‌ ബുക്കിലും സോഷ്യല്‍ മീഡിയക്കുള്ളിലെ ഈ ട്രന്റ്‌ തന്നെയാണ്‌ ബസിലേക്കും ഓട്ടോറിക്ഷകളിലേക്കുമെല്ലാം എത്തിച്ചേര്‍ന്നത്‌. മുത്തപ്പന്‍ ബസിനെയും മര്‍സാന ബസിനെയും പോലുള്ള നിരവധി ബസുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കനിവിന്റെ ഡബിള്‍ബെല്ലുമായി യാത്ര തുടരുന്നുണ്ട്‌.
കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബസ്‌ സ്റ്റാന്റ്‌ കേന്ദ്രീകരിച്ച്‌ ഓടിയ 126 ബസുകള്‍ നന്മയുടെ പുതിയ പാഠമാണ്‌ പകര്‍ന്നത്‌. എവിടെക്കാണ്‌ യാത്ര എന്ന ചോദ്യമോ, ടിക്കറ്റ്‌ ബുക്കോ ഇല്ലാതെ മുന്നിലെത്തിയ കണ്ടക്‌ടര്‍മാരുടെ കയ്യില്‍ ഒരു ബക്കറ്റായിരുന്നു യാത്രക്കാര്‍ കണ്ടത്‌. വൃക്ക രോഗികളെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അവര്‍ ബക്കറ്റ്‌ നീട്ടിയപ്പോള്‍ ഓരോ യാത്രക്കാരനും നന്മയുടെ ഭാഗമായി. അതിവേഗം ബക്കറ്റുകള്‍ നിറഞ്ഞുകവിഞ്ഞു.
എണ്‍പതോളം ഉടമസ്ഥരും ഇരുന്നൂറിലേറെ ജീവനക്കാരും നന്മയുടെ കാവല്‍ക്കാരായ ആ രാത്രിക്കൊടുവില്‍ ബസ്‌ ഓട്ടം നിര്‍ത്തിയപ്പോള്‍ കനിവിന്റെ കുടത്തിനുള്ളില്‍ വന്ന്‌ നിറഞ്ഞത്‌ ലക്ഷക്കണക്കിന്‌ രൂപയായിരുന്നു.
ഏറ്റവും ഒടുവിലായി കേട്ട വാര്‍ത്തയായിരുന്നു അതിലും മനോഹരം. വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഡബിള്‍ ബെല്‍ അടിച്ചു ഓടിപോകുന്ന ബസ്‌ ജീവനക്കാരുള്ള ഇതേ നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിക്കാനായി ഒരു ബസ്‌ സര്‍വ്വം മറന്ന്‌ ഓടുകയുണ്ടായി കേരളക്കരയില്‍.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന്‌ മുലമറ്റത്തേക്കോടുന്ന ലൈലാമോള്‍ എന്ന സ്വകാര്യ ബസാണ്‌ നന്മയുടെ കാറ്റായി മാറിയത്‌. ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതേണ്ട ഒരു വിദ്യാര്‍ത്ഥിനി ഏറെ വൈകി ബസ്‌ സ്റ്റാന്റിലെത്തി. പരീക്ഷ തുടങ്ങാന്‍ മിനുറ്റുകളുടെ മാത്രം ബാക്കി. ജീവതത്തിന്റെ പരീക്ഷയാണ്‌ അവളുടെ കണ്‍മുന്നില്‍. ടാക്‌സി വിളിച്ചുപോയാല്‍ മാത്രമേ തൊടുപുഴയില്‍ എത്തുകയുള്ളു. എന്നാല്‍ അതിനുള്ള സാമ്പത്തികശേഷിയൊന്നും ആ കുഞ്ഞുപെങ്ങള്‍ക്കില്ലായിരുന്നു. അവളുടെ സങ്കടവും നിസഹായാവസ്ഥയും മനസ്സിലാക്കിയ ബസ്‌ ജീവനക്കാര്‍ അവളോട്‌ മോള്‌ വിഷമിക്കേണ്ട ഞങ്ങള്‍ നിന്നെ കൃത്യസമയത്ത്‌ എത്തിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കി ആശ്വസിപ്പിച്ചു.
ഒരു സ്റ്റോപ്പിലും നിര്‍ത്താതെ, കളക്ഷനെ കുറിച്ചു ചിന്തിക്കാതെ ആ കുട്ടിയുടെ പരീക്ഷ മാത്രം ലക്ഷ്യമാക്കി ഓടിയപ്പോള്‍ പത്തു മണിക്കുമുമ്പേ ബസ്‌ സ്‌കൂളിലെത്തി. അവള്‍ ആശ്വാസത്തോടെ പരീക്ഷ എഴുതി. ബസിന്റെ വരുമാനത്തേക്കാള്‍ ആ വിദ്യാര്‍ത്ഥിനിയുടെ ഭാവിക്ക്‌ വില കല്‍പ്പിച്ച ജീവനക്കാരുടെ നന്മയെ നമുക്ക്‌ ഏത്‌ മഷി ഉപയോഗിച്ചാണ്‌ എഴുതാനാവുക.
നല്ല മനുഷ്യരും അവരുടെ നല്ല മനസ്സുമാണ്‌ ഒരുപാട്‌ തോന്നിവാസങ്ങള്‍ക്കിടയിലും നമ്മുടെ നാടിനെ അഴകുള്ളതാക്കി മാറ്റുന്നത്‌. അപകടത്തില്‍പ്പെട്ട്‌ നടുറോഡില്‍ പിടയുന്നവനെ ആശുപത്രിയിലെത്തിക്കുന്നതിന്‌ പകരം അവന്റെ നിലവിളി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ലൈക്കും കമന്റും വാങ്ങുന്ന ഇതേ ഭൂമിയിലാണ്‌ ഇങ്ങനെയുള്ള ബസ്‌ ജീവനക്കാരും ജീവിക്കുന്നത്‌.
ഓട്ടോ ഓടിച്ചുകിട്ടുന്ന ചെറുസമ്പാദ്യത്തില്‍ നിന്ന്‌ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്‌ക്കുന്ന കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി പരിസരത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ നന്മയുടെ നല്ല മാതൃകയാണ്‌. ആഴ്‌ചയില്‍ ഒരു ദിവസം ഉച്ചഭക്ഷണം വേണ്ടെന്ന്‌ വെച്ച്‌ ആ തുക ഉപയോഗിച്ച്‌ പാവങ്ങള്‍ക്ക്‌ ഭക്ഷണം വാങ്ങികൊടുക്കുന്ന വിദ്യാര്‍ത്ഥികളും നമുക്കിടയിലുണ്ട്‌.
0000000 0000 000
മറ്റുള്ളവന്റെ ദു:ഖവും അവന്റെ സങ്കടവും മനസിലാക്കുവാന്‍ കഴിയുക എന്നത്‌ വല്ലാത്തൊരു നന്മ തന്നെയാണ്‌. ദൈവം ചിലര്‍ക്കുമാത്രം നല്‍കുന്ന പുണ്യമാണത്‌. നമ്മെ കുറിച്ച്‌ മാത്രം ചിന്തിക്കുകയും കുപ്പായം മാറുന്ന ലാഘവത്തോടെ കാറും ബൈക്കും മാറുകയും ചെയ്യുന്ന സ്വാര്‍ത്ഥന്മാര്‍ക്ക്‌ ഒരിക്കലും അതിന്റെ അര്‍ത്ഥം മനസ്സിലായെന്ന്‌ വരില്ല.
നമ്മുടെ മനസ്സ്‌ നിറയുന്നത്‌ സമ്പത്തിന്റെ മുകളില്‍ സമ്പത്ത്‌ നിറയുമ്പോഴല്ല മറിച്ച്‌ അതില്‍ നിന്ന്‌ ഒരു വിഹിതം പാവപ്പെട്ടവനു മുന്നിലേക്ക്‌ വെച്ചുനീട്ടുമ്പോഴാണ്‌. ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയും കഴിക്കാന്‍ വേണ്ടി ഫാസ്റ്റ്‌ ഫുഡ്‌ കടകള്‍ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്ന നമ്മളറിയുന്നില്ല കുടിക്കാന്‍ കഞ്ഞിവെള്ളം പോലുമില്ലാതെ എത്രയോ പാവങ്ങള്‍ നമുക്ക്‌ മുന്നില്‍ കരഞ്ഞു ജീവിക്കുന്നുവെന്നുള്ളത്‌.
മറ്റുള്ളവനെ സഹായിക്കാന്‍ കൈവശം കോടികളുടെ ബാങ്ക്‌ ബാലന്‍സ്‌ വേണമെന്നില്ല. ഒരു രൂപ പോലും കയ്യിലില്ലാതിരിക്കുമ്പോഴും നമുക്ക്‌ കാരുണ്യത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയും. ഇത്തരം നന്മ ചെയ്യുന്നവരുടെ ഭാഗമാവുക. ബസ്‌ ജീവനക്കാരും അതിലെ യാത്രക്കാരുമൊക്കെ ചെയതത്‌ ആ നന്മയായിരുന്നല്ലോ...

 

Saturday, March 19, 2016

സമരത്തിന്റെ പേരില്‍ അക്രമം കാട്ടുന്ന കൂട്ടുകാര ഈ അനുഭവം നിങ്ങള്‍ക്കും ഒരു പാഠമാകട്ടെ



എബി കുട്ടിയാനം

ആ പഴയ സമരം നിങ്ങള്‍ ഓര്‍ക്കുന്നില്ലെ
പ്രമുഖ വിദ്യാര്‍ത്ഥി സംഘടന നടത്തിയ
ഉപരോധ സമരത്തിനിടയില്‍ ഹയര്‍സെക്കണ്ടറി
ഡയറക്‌ടര്‍ കേശവേന്ദ്ര കുമാറെന്ന ഐ.എ.എസ്‌
ഉദ്യോഗസ്ഥനുനേരെ കരി ഓയില്‍ ഒഴിച്ച ആ സമരം


ദാരിദ്രത്തിന്റെയും കഷ്‌ടപ്പാടിന്റെയും
നടുവില്‍ നിന്ന്‌ കഠിനാധ്വാനം ചെയ്‌ത്‌
പഠിച്ച്‌ മിടുക്കനായ ആ ഉദ്യോഗസ്ഥന്‍
ശരീരമാസകലം കരി ഓയിലില്‍ കുളിച്ചുനില്‍ക്കുന്ന
ആ കാഴ്‌ച എന്നെപോലെ നിങ്ങളെയും കരയിപ്പിച്ചിരുന്നില്ലെ

ഇന്ന്‌ കഥ ഇതാണ്‌
അദ്ദേഹത്തിന്‌ നേര്‍ക്ക്‌ കരിഓയില്‍ ഒഴിച്ച
ഒന്നാം പ്രതി കേശവേന്ദ്രയേക്കാള്‍ മിടുക്കനാണ്‌
സിവില്‍ എഞ്ചിനിയറിംഗ്‌ പാസായ അവന്‌
മുന്നിലേക്ക്‌ നിരവധി അവസരങ്ങളാണ്‌ തേടിയെത്തുന്നത്‌
കേന്ദ്ര ഇന്റല്‍ജന്‍സ്‌ ബ്യൂറോ വിഭാഗത്തിലേക്ക്‌
സംസ്ഥാനത്തുനിന്ന്‌ പരീക്ഷയും അഭിമുഖവും പാസായ 20പേരില്‍ ഒരാളാണ്‌ അവന്‍
ബാങ്ക്‌ ഐബിഎസ്‌ പരീക്ഷയും പാസായി
തീര്‍ന്നില്ല, പോലീസ്‌ വകുപ്പില്‍ എസ്‌.ഐ, എക്‌സൈസ്‌, സെക്രട്ടറിയേറ്റ്‌ അസിസ്റ്റന്റ്‌ തുടങ്ങിയ റാങ്ക്‌ ലിസ്റ്റുകളിലെല്ലാം അവനുണ്ട്‌
പറഞ്ഞിട്ടെന്ത്‌ കാര്യം
ക്രിമിനല്‍ കേസ്‌ പ്രതി എന്ന ഒറ്റകാരണം കൊണ്ട്‌
ഓരോ അവസരങ്ങളും അവന്‌ നഷ്‌ടപ്പെടുന്നു

കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഓഫീസര്‍ ജോലി ഇതിനകം നഷ്‌ടപ്പെട്ടു
ബാങ്ക്‌ ഐബിഎസ്‌ പരീക്ഷ പാസായെങ്കിലും കോടതിയില്‍ കേസിന്‌ പോയസമയമായതിനാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല...

ഇനി കേശവേന്ദ്ര കുമാര്‍ മാപ്പ്‌
നല്‍കിയെങ്കില്‍ മാത്രമേ രക്ഷയുള്ളു.
കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതിളുടേയും അവസ്ഥ സമാനമാണ്‌
ചോരതിളപ്പില്‍ എന്തിനും ഇറങ്ങി തിരിക്കുന്ന കൂട്ടുകാര
ഇത്‌ നിങ്ങള്‍ക്കും ഒരു പാഠമാകട്ടെ...

Sunday, March 6, 2016

ദു:ഖം



എബി കുട്ടിയാനം
എല്ലാ സൗഭാഗ്യങ്ങളും ഒഴുകിപോയ
വഴിയോരത്ത്‌ ഞാന്‍ അനാഥനാണ്‌

ഈ വര്‍ത്തമാനം ആഹ്ലാദത്തിന്റേതല്ല
ഈ ചിരികളത്രയും
നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌

എന്റെ സമ്പാദ്യം
കുന്നോളം ദു:ഖങ്ങള്‍ മാത്രം

എന്നിട്ടും
നീ ചോദിച്ചില്ലല്ലോ ഡാ
നിനക്കെന്ത്‌ പറ്റിയെന്ന്‌