ഹാഷിം അംലയുടെ വിശ്വാസ ലോകം
എബി കുട്ടിയാനം
ഒരിക്കല്‍ ഒരു മത്സരത്തിനിടയില്‍ ഹാഷിം അംല എന്ന ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്‍ എതിര്‍ ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കുന്നു. അത് കണ്ട ഉടനെ കമന്ററി ബോക്‌സിലിരിക്കുകയായിരുന്ന പ്രമുഖനായിട്ടുള്ള ഒരു ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാരന്‍ മൈക്ക് ഓഫാണെന്ന വിശ്വാസത്തില്‍ അടുത്തിരിക്കുന്ന കൂട്ടുകാരനോട് പറഞ്ഞ്. ദാ, ഭീകരവാദിക്ക് ഒരു വിക്കറ്റ് കിട്ടിയിരിക്കുന്നു. എന്നാല്‍ ആ സ്വാകാര്യം പറയുന്ന നേരത്ത് മൈക്ക് ഓഫ് ആയിരുന്നില്ല. സംഭവം വലിയ വിവാദമായി. ആംലയെ അനുകൂലിച്ചും കമന്റേറ്റരുടെ അപക്വമായ പ്രയോഗത്തെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് തിരിച്ചെത്തിയ അംലയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അംല പറഞ്ഞു. എനിക്ക് പരാതിയോ പരിഭവമോ ഇല്ല. ഒരു വിശ്വാസി എന്തും സഹിക്കുന്നവനും(എബി കുട്ടിയാനം) ക്ഷമിക്കുന്നവനുമാകണം. ക്ഷമ വിശ്വാസത്തിന്റെ പകുതിയാണെന്ന് പഠിപ്പിക്കുന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഏതു പ്രതിസന്ധിയിലും വിശ്വാസം മുറുകെ പിടിക്കുന്ന ഹാഷിം അംല എന്ന ആ കളിക്കാരന്‍ ഓരോ നിമിഷത്തിലും നമ്മെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇല്ലായ്മയ്ക്കിടയിലും ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന തലമുറയ്ക്കിടയിലാണ് ഹാഷിം അംല എന്ന ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റി ആഭാസങ്ങള്‍ നിറഞ്ഞൊരു സാഹചര്യങ്ങള്‍ക്കിടയില്‍ തന്റെ വിശ്വാസത്തെ മുറുകെ പിടിച്ച് വേറിട്ട മനുഷ്യനായി മാറുന്നത്.
ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് രണ്ട് തരം ജേഴ്‌സികള്‍ കാണാം. ഹാഷിം അംലയും ഇംറാന്‍ താഹിറും പാര്‍ണലുമടക്കമുള്ള കളിക്കാര്‍ ധരിക്കുന്ന ജേഴ്‌സിയില്‍ തങ്ങളുടെ ടീമിന്റെ സ്‌പോണ്‍സര്‍മാരായ മദ്യ കമ്പനി കാസ്റ്റിലിന്റെ പരസ്യമില്ല. മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ നെഞ്ചിന്റെ വലതുവശത്തുള്ള കാസ്റ്റില്‍ ലോഗോ വേണ്ടെന്ന് വെക്കാന്‍ അംലയെ നിര്‍ബന്ധിപ്പിച്ചത് ഏതു സാഹചര്യത്തിലും ഇളകിപോകാത്ത വിശ്വാസമാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് തലവന്മാര്‍ തീരുമാനിക്കുന്ന നിയമങ്ങളെയും നിര്‍ദ്ദേശങ്ങളെയും അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. പക്ഷെ ഹാഷിം അംലയ്ക്ക് വിശ്വാസത്തേക്കാള്‍ വലുതല്ല മറ്റൊന്നും. അതുകൊണ്ട് ഓരോ കളിയിലും (എബി കുട്ടിയാനം)ലോഗോ ധരിക്കാത്തതിന് പകരമായി 500 ഡോളര്‍(27180രൂപ) പിഴ അടയ്ക്കുന്നു.
ഒരു മുസ്‌ലിം മദ്യ സേവിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണ് അംലയുടെ ഈ തീരുമാനം.
അംല കൊണ്ടുവന്ന ആ തീരുമാനം ഇന്ന് ഇമ്രാന്‍ താഹിറും മോയിന്‍ അലിയും ഇന്ത്യയുടെ യൂസഫ് പഠാനുമെല്ലാം പിന്തുടരുമ്പോള്‍ ഹാഷിം അംല എന്ന മനുഷ്യന്‍ ക്രിക്കറ്റിലെന്നപോലെ ജീവിത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും സ്വാധീനം ചെലുത്തുകയും ചെയ്യുകയാണ്.
ക്രിക്കറ്റ് ആഘോഷങ്ങളുടെ കളിയാണ്. തോറ്റാലും ജയിച്ചാലും രാത്രി നൈറ്റ് പാര്‍ട്ടികളും നിശാക്ലബ്ബുകളിലെ നൃത്തങ്ങളുമുണ്ടാകും. മദ്യവും മറ്റും വേണ്ടുവോളം ആസ്വദിക്കാനും കഴിയുന്നു. ഇവിടെ ആദര്‍ശ ധീരതയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അപാരമായ വിശ്വാസകരുത്ത് തന്നെ ഉണ്ടാവണം.
ചുറ്റിലുമുള്ള സര്‍വ്വതും തെറ്റിലേക്ക് നയിക്കുമ്പോള്‍ തന്റെ വിശ്വാസമാണ് വലുതെന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയുന്നത് വിസ്മയമല്ലാതെ മറ്റെന്താണ്. ഒരിക്കല്‍ ഗ്രേയം സ്മിത്ത് എഴുതിയുരുന്നു.
ഞങ്ങളൊക്കെ ഡാന്‍സ് ബാറിലും നിശാക്ലബ്ബിലും പോകുമ്പോള്‍ അംല തന്റെ മുറിയിലിരുന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നുണ്ടാവും. ടിം യാത്രകളില്‍ മറ്റു കളിക്കാരെല്ലാം കാതില്‍ തിരുകിയ ഇയര്‍ ഫോണില്‍ സംഗീതം ആസ്വദിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി നില്‍ക്കുന്ന അംലയുടെ ചിത്രം എത്രയോ വട്ടം നമ്മള്‍ കണ്ടതാണ്.
കളി കഴിഞ്ഞ് നിസ്‌ക്കാര മുറിയിലേക്ക് പോകുന്ന അംല മണിക്കുറുകളോളം പ്രാര്‍ത്ഥനയിലായിരിക്കും. അവന്റെ അടുത്തിരിക്കുമ്പോള്‍ വല്ലാത്തൊരു പോസിറ്റിവ് എനര്‍ജികൈവരാറുണ്ടെന്ന് പറഞ്ഞത് സഹകളിക്കാരനായ ലോകോത്തര ബൗളര്‍ സ്റ്റെയിനാണ്. സ്റ്റെയിന്‍ പറയുന്നു ഞാന്‍ മാനസീകമായി തകരുമ്പോഴൊക്കെ അപ്പുറത്ത് ഇരിക്കുന്ന അംലയെ നോക്കും. ആ മുഖത്തെ പ്രസരിപ്പ് കാണുമ്പോള്‍ പിന്നെ ഞാന്‍ എല്ലാം മറക്കും.
കരിയറിലാദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ദിവസം അംല പറഞ്ഞു. ഇത് വിശുദ്ധ റമളാനാണ്. നീണ്ട ഇംന്നിംഗ്‌സ് കളിക്കേണ്ടവന്നതുകാരണം എനിക്ക് നോമ്പെടുക്കാന്‍ കഴിഞ്ഞില്ല. ഞാനത് പിന്നീട് നോറ്റി വീടും. പക്ഷെ നോമ്പിനെ ബഹുമാനിച്ച് ഒരിക്കല്‍ പോലും ഞാന്‍ മൈതാനത്ത് വെച്ച് വെള്ളം കുടിച്ചിട്ടില്ല. ചുട്ടുപൊള്ളുന്ന വെയിലത്ത് മണിക്കൂറുകളോളം ക്രീസില്‍ നിന്ന കളിക്കാരനാണ് ഇത് പറയുന്നതെന്നോര്‍ക്കണം. വീണ്ടും ഒരു നോമ്പ് കാലത്ത് കഴിഞ്ഞാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനം കളിച്ചപ്പോള്‍ സെഞ്ച്വറി നേടിയ ഹാഷിം അംലയ്ക്കുപുറമെ നോമ്പിന്റെ പവിത്രത ഉള്‍ക്കൊള്ളുന്ന ഇമ്രാന്‍ താഹിര്‍ ഏഴുവിക്കറ്റും ശംസി രണ്ടു വിക്കറ്റും പാര്‍ണല്‍ ഒരു വിക്കറ്റുമെടുത്തപ്പോള്‍ അവിടെയും തെളിഞ്ഞത് ഉള്ളിലെ വിശ്വാസത്തിന്റെ കരുത്തായിരുന്നു. റമസാന്റെ വിശുദ്ധി ജീവിതത്തില്‍ പകര്‍ത്തിയ കളിക്കാര്‍ പുണ്യനിമിഷത്തിന്റെ ഭക്തിയോടെ തങ്ങളുടെ രാജ്യത്തെ ജയിപ്പിച്ചപ്പോള്‍ അപൂര്‍വ്വമായ ആ സംഭവത്തെ മുന്‍ ന്യൂസിലാണ്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം വലിയ പ്രധാന്യത്തോടെ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.
നീണ്ട താടി വളര്‍ത്തി, തല മൊട്ടയടിച്ച് തികഞ്ഞ വിശ്വാസിയായി മാറുന്ന അംല ഒരല്‍ഭുതം തന്നെ. ഓരോ വേളയിലും ഹയര്‍ സ്റ്റൈല്‍ മാറ്റി ലോകത്തിന്റെ ശ്രദ്ധയെ തന്നിലേക്ക് കൊണ്ടുവരാന്‍ നാട്ടിന്‍പുറത്തുകാരുപോലും ശ്രമിക്കുമ്പോഴാണ് അംലയെന്ന ഇന്റര്‍നാഷണല്‍ കളിക്കാരന്‍ അരികിലുള്ള എല്ലാ സുഖങ്ങളെയും വേണ്ടെന്ന് വെച്ച് അള്ളാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്.
മിക്ക പര്യടനങ്ങളിലും ഭാര്യ സുമയ്യ അംലയ്‌ക്കൊപ്പം കൂടെ പോകാറുണ്ട്. എന്നാല്‍ മുട്ടിന് മീതെ വസ്ത്രം ധരിച്ച് കാലിന് മുകളില്‍ കാല്‍ വെച്ച് ഗ്യാലറിയിലിരിക്കുന്ന മോഡേണ്‍ പെണ്ണല്ല അംലയുടെ ഭാര്യ. അവര്‍ ഹിജാബ് ധരിച്ച് വിശ്വാസിനികളുടെ വസ്ത്രരീതി അപ്പടി പിന്‍പറ്റും.
ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായിരുന്ന മുഷ്താഖ് അഹമ്മദ് ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു സംഭവമുണ്ട്.
ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് എല്ലാ കളിക്കാര്‍ക്കും എസ്.എം.എസ് അയക്കുന്നു.
ആറു മണിക്ക് ടീം മീറ്റിംഗ് വിളിച്ചിരിക്കുന്നുവെന്നാണ് അതിലെ വാചകം.
ഉടനെ ഹാഷിം അംല (എബി കുട്ടിയാനം)ഗ്രേയം സ്മിത്തിന് എസ്.എം.എസ് വഴി മറുപടി അയച്ചു. ഇതെന്റെ മഗ്‌രിബ് നസ്മക്കാരത്തിന്റെ സമയമാണ് മീറ്റിംഗിന് എത്താന്‍ പ്രയാസമാണ്.
അംലയുടെ എസ്.എം.എസ് കണ്ട ഉടനെ സ്മിത്ത് എല്ലാവര്‍ക്കും വീണ്ടും എസ്.എം.എസ് അയച്ചു.
ആറു മണി അംലയുടെ പ്രാര്‍ത്ഥനയുടെ സമയമാണ് അതുകൊണ്ട് ടീം മീറ്റിംഗ് എട്ടു മണിയിലേക്ക് മാറ്റിയിരിക്കുന്നു.
ഇന്റര്‍നാഷണല്‍ ടീമിന്റെ എന്നല്ല ഏതൊരു യോഗത്തിന്റെയും ചട്ടമനുസരിച്ച് ഒരാള്‍ എത്തിയില്ലെങ്കില്‍ മീറ്റിംഗ് മാറ്റിവെക്കേണ്ടതില്ല എന്നിട്ടും അംലക്കുവേണ്ടി അവര്‍ അവരുടെ രീതി തന്നെ മാറ്റിയെഴുതി.
ഇതില്‍ അംല പകര്‍ന്നു നല്‍കുന്ന പാഠം. നമ്മുടെ വിശ്വാസത്തെയും തത്വത്തെയും നമ്മള്‍ ബഹുമാനിച്ചാല്‍ ലോകം തന്നെ നമ്മെ ബഹുമാനിക്കുമെന്നാണ്. നമ്മള്‍ നമ്മെയും നമ്മുടെ വിശ്വാസത്തെയും വിലകുറച്ച്കാണുമ്പോഴാണ് നമ്മെ മറ്റുള്ളവരും വിലകുറച്ച് കാണുന്നത്.
000 000 000
ഒരു പെരുന്നാള്‍ വന്നാല്‍, ഒരു കല്ല്യാണംവന്നാല്‍ ഒരു ടൂര്‍ണമെന്റോ കോളജ് ഡേയോ വന്നാല്‍ നിസ്‌ക്കാരം ഒഴിവാക്കുന്നവരോ വൈകിപ്പിക്കുന്നവരോ ആണ് നമ്മള്‍. അങ്ങനെയുള്ള ഒരു ലോകത്താണ് വലിയ ആഘോഷങ്ങള്‍ക്കു നടുവിലും തന്റെ വിശ്വാസത്തെ കൈവിടാതെ അംല എന്ന സെലിബ്രിറ്റി ജീവിതത്തെ ജീവിച്ചു കാണിച്ചു തരുന്നത്.