Sunday, January 8, 2017

ചരിത്രപുസ്തകം മാഞ്ഞു ഈ ക്ലാസ് മുറിയില്‍ ഇനി ഞങ്ങള്‍ അനാഥരാണ്

ചരിത്രപുസ്തകം മാഞ്ഞു
ഈ ക്ലാസ് മുറിയില്‍
ഇനി ഞങ്ങള്‍ അനാഥരാണ്

എബി കുട്ടിയാനം

ഷംനാട് സാഹിബിന് വിട...ചരിത്രത്തിന്റെ ക്ലാസ് മുറിയാണ് അടഞ്ഞുപോയത്...
ഹമീദലി ഷംനാട് സാഹിബ് നടന്നുവരുമ്പോള്‍ അത് ഒരു ചരിത്രപുസ്തകത്തിന്റെ സഞ്ചാരമായിരുന്നു. സേവനം കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ഷംനാടിന്റെ മനസ്സ് നിറയെ ലോകത്തിന്റെ ചരിത്രമുണ്ടായിരുന്നു,   പേജിനും സ്റ്റേജിനും ഉള്‍ക്കൊള്ളാനാവാത്ത ആഴമുണ്ടായിരുന്നു അതിന്. അറിവ് കുന്നുകൂടുമ്പോള്‍ അഹങ്കാരം കൊണ്ട് മറ്റുള്ളവരോട് മിണ്ടാന്‍ മടിക്കുന്ന ആളുകള്‍ക്കിടയില്‍ ഷംനാട് സാഹിബ് എളിമയുടെ പുതിയ പാഠപുസ്തകമായി. തന്റെ മനസ്സിലുള്ള അറിവുകളെ മുഴുവന്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ആവേശവും ആത്മാര്‍ത്ഥതയും കാണിച്ച മഹാമനുഷ്യനായിരുന്നു അദ്ദേഹം. ഏതു കൊച്ചുകുട്ടിക്കുമുന്നിലും അദ്ദേഹം തന്റെ അറിവും ചരിത്രവും പറഞ്ഞുകൊടുക്കുമായിരുന്നു.
ഏയ് ഇത് കേള്‍ക്ക് എന്ന് പറഞ്ഞ് അരികില്‍ വിളിച്ചിരുത്തി കഥകള്‍ പറഞ്ഞുകൊടുക്കുന്ന ഷംനാട്  സാഹിബ് കാസര്‍കോട്ടെ പുതിയ തലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ ആദരവ് നിറഞ്ഞ മുഖമായിരുന്നു.
സ്വതന്ത്രസമര കാലഘട്ടവും നെഹ്‌റവും ഗാന്ധിജിയും ജിന്നയും ആസാദുമെല്ലാം ആ നാവില്‍ സദാസമയവുമുണ്ടാവും. ഓരോ രാഷ്ട്രനേതാക്കളുടെയും ചരിത്രം ഷംനാട് സാഹിബിന് മനപാഠമായിരുന്നു. ഏതു പാതിരാനേരത്തും പറഞ്ഞുതരാന്‍ മാത്രം ആഴമുണ്ടായിരുന്നു ആ ആറിവുകള്‍ക്ക്. വിക്കീപീഡിയയില്‍ നിന്ന് കിട്ടാത്ത വിവരങ്ങളായിരിക്കും ചിലപ്പോള്‍ ഷംനാട് സാഹിബിന്റെ മനസ്സില്‍ നിന്ന് ലഭിക്കുക.
എല്ലാവരും ചരിത്രം അറിഞ്ഞിരിക്കണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടാണ് കാണുന്നവരെയക്കെ പിടിച്ചുനിര്‍ത്തി ഏയ് കേള്‍ക്ക്, പഠിക്ക് എന്ന് പറഞ്ഞ് ഓരോ കാര്യങ്ങളും പറഞ്ഞുകൊടുക്കാന്‍ ഉത്സാഹം കാണിച്ചത്.
പത്ര ഓഫീസുകളിലേക്ക് നടന്നുവരുന്ന ഷംനാട് സാഹിബിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. എളിമ കലര്‍ന്ന സംസാരത്തോടെ ഓഫീസില്‍ വന്നിരിക്കുന്ന അദ്ദേഹം ഏയ് കേള്‍ക്ക് എന്ന് പറഞ്ഞ് കഥ തുടങ്ങും. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ലെ നിങ്ങള്‍ എഴുതണമെന്ന് പറഞ്ഞ് ഓര്‍മ്മിപ്പിക്കാന്‍ ഏതെങ്കിലും വികസന കാര്യങ്ങളുമായിട്ടായിരിക്കും അദ്ദേഹം കടന്നുവരിക. ചരിത്രം തലമുറകള്‍ക്ക് പകരാനുള്ളതാണെന്നും എവിടെയങ്കിലും ചിതറിപ്പോകാനുള്ളതല്ലെന്നും അദ്ദേഹം എന്നും ഓര്‍മ്മിപ്പിച്ചു.
വിദ്യയുടെ പ്രസക്തി നാട് തിരിച്ചറിയും മുമ്പ് തന്നെ നിയമത്തില്‍ ബിരുദം നേടി നാടിന്റെ അഭിമാനമായ ഷംനാടിന്റെ ഇഷ്ടവിഷയവും വിദ്യഭ്യാസമായിരുന്നു. വിദ്യഭ്യാസത്തെക്കുറിച്ച് വാചാലനാവാതെ അദ്ദേഹത്തിന്റെ മുന്നിലൂടെ ഒരു ദിവസം പോലും കടന്നുപോകുമായിരുന്നില്ല. പഠനത്തിന് വില കല്‍പ്പിക്കാത്ത കുട്ടികളെ കണ്ടാല്‍ ഒരു കരിയര്‍ ഗൈഡന്‍സ് ട്രെയിനറെപോലെ അരികിലിരുത്തി ഉപദേശിച്ച് മനസ്സിലേക്ക് പുതിയൊരു പോസിറ്റീവ് എനര്‍ജി ഇട്ടുകൊടുക്കും.
ആറാം ക്ലാസ് മുതല്‍ ഡിഗ്രിവരെ മംഗലാപുരത്ത് പഠിച്ച ഷംനാട് പിന്നീട് മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. അറിവിന്റെ വഴിയിലൂടെ ഉന്നതങ്ങളിലേക്ക് നടന്നുപോകുമ്പോഴൊക്കെ തന്റെ നാടിനെയും നാട്ടുകാരെയും വിദ്യയുടെ മഹത്വം പറഞ്ഞുകൊടുത്ത് കൂടെ കൂട്ടി. താന്‍ വളരുമ്പോള്‍ തന്റെ സമൂഹവും വളരണമെന്ന് ആഗ്രഹിച്ച വലിയ മന സ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപാട് കയ്യിലുണ്ടായിരുന്ന ഷംനാടിന് ഉന്നത ജോലികള്‍ തേടി പോകാമായിരുന്നുവെങ്കിലും ജനസേവനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
1960-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ നാദാപുരത്ത് വെച്ച് അട്ടിമറി ജയം നേടിയ ഷംനാട്  കേരള രാഷ്ട്രീയത്തിലെ യുവതുര്‍ക്കിയായി മാറി. പിന്നീട് എം.പിയായി, പി.എസ്.സി അംഗമായി, റൂറല്‍ ഡവലപ്‌മെന്റ് ചെയര്‍മാനായി, ഓഡോപോക് ചെയര്‍മാനായി അങ്ങനെ പദവികള്‍ പലതു വഹിച്ചു. പക്ഷെ അപ്പോഴും ലാളിത്യ ജീവിതം അദ്ദേഹം കൈവിടാതെ കാത്തുസൂക്ഷിച്ചു. കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായപ്പോഴും ശ്രദ്ധേയമായ ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭ സ്റ്റേഡിയത്തിന് സര്‍ക്കാര്‍ സ്ഥലം അനുവദിക്കാന്‍ പ്രയത്‌നിച്ചത് ഷംനാടായിരുന്നു. മുനിസിപ്പല്‍ റഫറന്‍സ് ലൈബ്രറി, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഷംനാട് സാഹിബിന്റെ  ഭരണമികവിന്റെ അടയാളങ്ങളാണ്.
ഷംനാട് സാഹിബ് വിടപറയുമ്പോള്‍ ഒരു ചരിത്ര പുസ്തകമാണ് അടഞ്ഞുപോകുന്നത്...ഈ ക്ലാസ് മുറിയില്‍ ഇനി നമ്മള്‍ അനാഥരാണ്....