Tuesday, August 22, 2017

നിങ്ങളറിയുമോ നമ്മുടെ നാട്ടിലെ പല പള്ളികളിലും ബീഫ് കറി വിളമ്പാറില്ല

                                                                                                      നിങ്ങളറിയുമോ
നമ്മുടെ നാട്ടിലെ പല പള്ളികളിലും 
ബീഫ് കറി വിളമ്പാറില്ല


എബി കുട്ടിയാനം

ഞങ്ങളുടെ മഹല്ലായ ബാവിക്കര വലിയ ജമാഅത്ത് പള്ളിയടക്കം പല പള്ളികളിലും പണ്ടുമുതലെ നേര്‍ച്ച കാലത്ത് ബീഫ് കറി ഉണ്ടാക്കാറില്ല. ഒരുപാട് ഹൈന്ദവ സഹോദരങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ അവരോട് കാണിക്കുന്ന സൗഹാര്‍ദ്ദവും അവരുടെ ആചാരങ്ങളെ ബഹുമാനിക്കാനുള്ള വിശാലമനസ്‌കതയുമാണ് അതിന് പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും നല്ല സൗഹാദ്ദത്തില്‍ കഴിയുന്ന ഈ നാട്ടില്‍ ബീഫ് വെക്കരുതെന്ന് പറഞ്ഞ് ആരും മുഷ്ടിചുരുട്ടി വന്നിട്ടില്ല. ഇനി അഥവാ ബീഫ് കറി വെച്ചാല്‍ തന്നെ അവര്‍ എതിര്‍ക്കുമെന്നും തോന്നുന്നില്ല. കാരണം അവര്‍ക്ക് അറിയാം ഹിന്ദുവെന്താണെന്നും മുസ്‌ലിം എന്താണെന്നും. (അവരൊക്കെ മതം എന്താണെന്ന് പഠിച്ചിട്ടുണ്ട്)
ബാവിക്കര പള്ളിയുടെ നേര്‍ച്ചയുടെ വൈകുന്നേരങ്ങളില്‍ അന്നദാനം  നടക്കുമ്പോള്‍ അത് വാങ്ങാന്‍ തൊട്ടടുത്ത പ്രദേശത്തെ ഹിന്ദുസഹോദരന്മാര്‍ സ്‌നേഹത്തോടെ വന്ന് ക്യൂനില്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് നല്‍കും മുമ്പ് അവര്‍ക്ക് പൊതി നല്‍കി  പള്ളികമ്മിറ്റിക്കാര്‍ അവരെ സ്‌നേഹത്തോടെ യാത്രയാക്കുന്നതും കൗതുകത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍. അതൊക്കെ ഒരു മനസ്സാണ്. ഗ്രാമങ്ങളില്‍ നിന്ന് ആ നന്മകള്‍ ഇന്നും അസ്തമിച്ചുപോയിട്ടില്ല. 
പള്ളിയില്‍ നേര്‍ച്ച നടക്കുമ്പോള്‍ പള്ളിയിലേക്ക് അപ്പം നേര്‍ച്ച നേര്‍ന്ന്  കൊടുക്കുന്ന എത്രയോ ഹൈന്ദവ കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ബീഫ് കഴിച്ചിട്ട് കാവുകളുടെ അടിയിലൂടെയോ അമ്പലത്തിന്റെ അരികിലൂടോയോ പോകരുതെന്ന് പറയുന്ന എത്രയോ ഉമ്മമാരെ എനിക്കറിയാം. പശുവിന്റെ പേര് പറഞ്ഞ് തല്ലിക്കൊല്ലുമെന്ന് പേടിച്ചിട്ടൊന്നുമല്ല അത്. മറ്റുള്ളവരുടെ ആചാരങ്ങളോടുള്ള ബഹുമാനമായിരുന്നു അത്. കഴുത്തറുക്കാത്ത ചിക്കനോ മട്ടനോ മുസ്‌ലിം സഹോദരങ്ങള്‍ കഴിക്കില്ലെന്നതുകൊണ്ട്   സ്വന്തം വീട്ടില്‍ ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍ ചിക്കനും മട്ടനും അറുത്തുകൊണ്ട് വന്ന് കറി വെക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഹൈന്ദവ സഹോദരങ്ങള്‍(ഇന്ന് ചിക്കന്‍കടകളില്‍ നിന്ന് എല്ലാം അറുത്താണ് ലഭിക്കുന്നതെങ്കിലും പണ്ടുകാലത്തും അവര്‍ ഈ രീതി പിന്തുടര്‍ന്നിരുന്നു. നാട്ടിലെ ഏതെങ്കിലും മുസ്ലിയാരെ വിളിപ്പിച്ച് അവര്‍ കോഴി അറുപ്പിക്കും). മകന്റെ  കൂട്ടുകാരില്‍ പലരും ഹിന്ദുക്കളാവാം, അയലത്തെ വീട്ടുകാരില്‍ പലരും  സ്‌നേഹത്തോടെ വന്ന് കയറും...അതുകൊണ്ട് ഒരിക്കല്‍ പോലും ബീഫ് കറിവെക്കാത്ത നിരവധിവീടുകളുണ്ട്. 
ഓരോ ഓണക്കാലത്തും സദ്യയുണ്ണാന്‍ വേണ്ടി ഒന്നും കഴിക്കാതെ നാലു മണിവരെ എന്നെ കാത്തിരിക്കാറുണ്ടായിരുന്ന ഗോപാലേട്ടനെയും ജാനകിയേച്ചിയേയും ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പോള്‍ ആരാണ് നമ്മുടെ മതസൗഹര്‍ദ്ദം തകര്‍ത്തതെന്ന്. ഓരോ വിഷുവിനും ഓണത്തിനും കണ്ണേട്ടന്റെ വീട്ടില്‍ നിന്ന് ഒരു ഗ്ലാസ് പായസവും ഉണ്ണിയപ്പവും കിട്ടും. അത് തിന്നില്ലെങ്കിലും ഞാന്‍ കുടിച്ചില്ലെങ്കിലും  അവര്‍ക്ക് സങ്കടമാകും. 
നോമ്പ് കാലം വരുമ്പോള്‍  മുസ്‌ലിം സുഹൃത്തിന്റെ കൂടെ വൃതമെടുത്ത് ഐക്യദാര്‍ഢ്യമറിയിക്കുന്ന എത്രയോ സഹോദരങ്ങള്‍ ഈ ഭൂമിയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. 
വലിയ റോഡ് സൗകര്യമൊന്നുമില്ലാതിരുന്ന പഴയ വീട്ടില്‍ താമസിക്കുന്ന കാലത്ത് രാത്രികാലങ്ങളില്‍ പനിയോ മറ്റ് അസുഖമോ വന്നാല്‍ ഞങ്ങളെയൊക്കെ താങ്ങി പിടിച്ച് നാല് കിലോമീറ്ററോളം നടന്നുപോകാറുള്ള ചന്ദ്രട്ടനെന്നൊരു മനുഷ്യനുണ്ട്. അയാള്‍ കാണിച്ച ആ സൗഹാര്‍ദ്ദമുണ്ടല്ലോ അതൊക്കെ നന്മയുടെ തിളങ്ങുന്ന ചിത്രങ്ങളാണ്.....ആ സഹായത്തിനൊക്കെ എന്താണ് ഞങ്ങള്‍ക്ക് പകരം നല്‍കാന്‍ കഴിയുക...ചന്ദ്രേട്ടന്റെ മക്കളായ ലോഗിയും ദേവനും കിടന്നുറങ്ങാറ് ഞങ്ങളുടെ വീട്ടിലായിരുന്നു. അവര്‍ക്ക് ഭക്ഷണം വിളമ്പിയിട്ടേ ഉമ്മ എനിക്ക്‌പോലും നല്‍കാറുള്ളു. വീട്ടില്‍ ഉമ്മ ഒറ്റയ്ക്കാകുമ്പോള്‍ ചന്ദ്രേട്ടന്റെ മക്കളായ മജ്ഞുളയും ബേബിയും ബിന്ദുവും സുമിയും  ജാനകിയും വന്ന് കാവല്‍ നില്‍ക്കും. അവര്‍ക്ക് കാവലായി ചന്ദ്രേട്ടന്‍ പുറത്തെ വരാന്തയില്‍ കൊതുകിന്റെ കടി പോലും സഹിച്ച് കിടന്നുറങ്ങും. ജയരാമനും ജയരാമന്റെ അമ്മയും തരാറുള്ള കട്ടന്‍ ചായയും മിച്ചറും ഇന്നും നാവില്‍ കൊതി പകരുന്നുണ്ട്. എന്റെ ഉമ്മ ഉണ്ടാക്കി നല്‍കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിച്ചില്ലെങ്കില്‍ കിട്ടുവിന് ഉറക്കം വരില്ലായിരുന്നു.... 

    000               000            000
പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുമ്പോഴും അമ്പലത്തില്‍ കൊണ്ടുപോയി പോത്തിന്റെ  തല വെച്ചുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും ഞാന്‍ ഇതൊക്കെ ഓര്‍ക്കാറുണ്ട്. 
സുഹൃത്തെ....ഇന്നും ഞങ്ങളൊക്കെ ഇങ്ങനെ തന്നെയാണ് ജീവിക്കുന്നത്. ഓരോ മതത്തിന്റെ വിശ്വാസങ്ങളെ ബഹുമാനിച്ചും അവരെ സ്‌നേഹത്തോടെ വിരുന്നുട്ടിയുമൊക്കെ...ഞങ്ങളുടെ മനസ്സിനെ ഒരു വിഭാഗീയതയും ബാധിച്ചിട്ടില്ല. ഞങ്ങളിപ്പോഴും വിഷവും പെരുന്നാളും ഒന്നിച്ച് കൊണ്ടാടുന്നു...
1992ന് ശേഷമാണ് മനുഷ്യഹൃദയങ്ങള്‍ രണ്ടായി പിളര്‍ന്നത് എന്ന് എനിക്ക് തോന്നുന്നു. അവിടെന്നിങ്ങോട്ടാണ് നമ്മള്‍ മുസ്‌ലിമും ഹിന്ദുവുമെന്ന രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ആര്‍ക്കൊക്കെയോ നേതാവാകാനും ഭരണം പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ക്കിടയില്‍ നമുക്ക് നഷ്ടമായിപോയത് നമ്മുടെ മനസ്സിന്റെ നന്മകളായിരുന്നു. 
ഇപ്പോഴും നമ്മുടെ ഗ്രാമീണ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷം ആഴ്ന്നിറങ്ങിയിട്ടില്ല എന്നതാണ് വലിയ ആശ്വാസം. എന്നും അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെയെന്നാണ് മനസ്സിന്റെ ആഗ്രാഹവും പ്രാര്‍ത്ഥനയും. 
നേര്‍ച്ച നഗരയിലേക്ക് കാണിക്ക കൊണ്ടുപോകുന്ന ക്ഷേത്രകമ്മിറ്റിയും ക്ഷത്രോത്സവത്തിലേക്ക് സൗഹാര്‍ദ്ദത്തോടെ വന്നുകയറുന്ന പള്ളി ഭാരവാഹികളും ഇന്നും നിറമുള്ള കാഴ്ചയാണ്...
സുഹൃത്തെ...മതങ്ങള്‍ക്ക് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല, സംഭവിച്ചത് മതമില്ലാത്തവന്റെ തലച്ചോറിനാണ്. അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞ് അവര്‍ വേറെന്തൊക്കെയോ നേടിയെടുക്കുന്നുണ്ട്. അവിടെയാണ് നമ്മള്‍ ഒന്നിക്കേണ്ടത്....നമുക്കിനിയും പെരുന്നാളും ഓണവും ഒന്നിച്ച് ആഘോഷിക്കണം, നമുക്ക് ഒന്നിച്ച് ക്രിക്കറ്റ് കളിക്കണം, നമുക്ക് ഒന്നിച്ച് ടൂറ് പോകണം...നമുക്ക് ഒരേ ഇലയില്‍ ഉണ്ണണം....