എബി കുട്ടിയാനം
സ്‌നേഹവും സൗഹാര്‍ദ്ദവുമില്ലെങ്കില്‍ ഈ ഭൂമി വികൃതമാണ്. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ സ്‌നേഹത്തിന്റെ കരുത്തിലാണ്. സ്‌നേഹത്തിന് പകരം എവിടെ വിദ്വേഷം പിറവി എടുക്കുന്നുവോ അവിടെ ലോകം കറത്തുതുടങ്ങുന്നു. അതുകൊണ്ടായിരിക്കാം ഓരെ മനുഷ്യഹൃദയലവും സൗഹാര്‍ദ്ദത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നത്.
കൂട്ടകാര്‍ എന്ന പദത്തിന് എന്ത് അര്‍ത്ഥം നല്‍കണമെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. സ്‌നേഹം, കരുണ, കരുത്ത്, സാന്ത്വനം...അങ്ങനെ അങ്ങനെ അതിന്റെ നിര്‍വ്വചനം നീണ്ടുപോകും.
നല്ല കൂട്ടുകാര്‍ ദൈവത്തിന്റെ സമ്മാനമാണ്. എല്ലാ അര്‍ത്ഥത്തിലും ഉപകരിക്കുന്ന കൂട്ടുകാര്‍ വല്ലാത്ത സൗഭാഗ്യം തന്നെ. നമ്മുടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും അവന്റെ സ്വാധീനമുണ്ടാകും. കൂട്ടുകാരില്ലെങ്കില്‍ പിന്നെ ജീവിതം തന്നെ വിരസമാണ്. അവരുടെ തമാശയിലാണ് നമ്മുടെ ദു:ഖം മാഞ്ഞുപോകുന്നത്. അവരുടെ സാന്ത്വനിത്തിലാണ് നമുക്ക് ജീവിതത്തിന് പ്രതീക്ഷകൈവരുന്നത്. നല്ല കൂട്ടുകാരെ കിട്ടുമ്പോള്‍ നാം ജീവിതത്തിന്റെ പകുതി ജയിക്കുന്നു.
രക്തബന്ധങ്ങളേക്കാളേറെ വിലയുണ്ട് നമുക്ക് നമ്മുടെ കൂട്ടുകാരോട്. കൂടെ കരയാന്‍, കൂടെ ചിരിക്കാന്‍ ഒക്കെ അവനുണ്ടാകും. (എബി കുട്ടിയാനം)നമ്മുടെ എല്ലാ രഹസ്യവും തുറന്നുപറയുന്നത് അവനോടാണ്, എല്ലാ ദു:ഖവും പങ്കുവെക്കുന്നതും അവനോട് മാത്രം. അവന്റെ വാക്കുകള്‍ നമുക്ക് വേദവാക്യമാകും. അവന്‍ പറയുന്നതാണ് നമുക്ക് ഉള്‍ക്കൊള്ളനിഷ്ടം. മനസ്സ് ദു:ഖംകൊണ്ട് നിറയുമ്പോള്‍ അവന്റെ ഒരു ഫോണ്‍ കോള്‍ മതി എല്ലാ സങ്കടവും മാഞ്ഞുപോകാന്‍. എന്താട ഇങ്ങനെ, എല്ലാ ശരിയാവുമെട, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാല്ലെ, നീ കരയാതെട എന്ന ആ വാക്കുകള്‍ക്ക് പകരം മറ്റെന്താണുള്ളത്.
000 000 000
മുട്ടുകാലില്‍ ഇഴഞ്ഞുനീങ്ങുന്ന നാളുതൊട്ട് നമുക്കൊരു കൂട്ടുകാരനുണ്ടാകുന്നു. കളിക്കോപ്പിനുവേണ്ടി അവനോട് കലപിലകാട്ടുന്നു. മോണകാട്ടി ചിരിച്ച് അവനോട് സൗഹാര്‍ദ്ദം കൂടുന്നു.
പിന്നെ സ്‌കൂളിലെ ആദ്യത്തെ ദിവസം. അമ്മയുടെ സ്‌നേഹത്തില്‍ നിന്ന് അകലെമാറി അപരിചതത്വം നിറയുന്ന ക്ലാസ്മുറിയില്‍ പോയിരുന്നപ്പോള്‍ കുറേ നേരത്തേക്ക് വല്ലാത്തൊരസ്വസ്ഥതയും ഒറ്റപ്പെടലുമായിരുന്നു. പിന്നെ മെല്ലെ അരികിലിരിക്കുന്നവനെ നോക്കി ഒരു പുഞ്ചിരി, അതൊരു തുടക്കമായിരുന്നു. വീടിനും കുടുംബത്തിനുമപ്പുറം ആദ്യമായി ഒരു കൂട്ടുകാരനുണ്ടാകുന്നത് അവിടെ നിന്നാണ്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എത്രയോ കൂട്ടുകാര്‍ വന്നുകേറി ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി.
യൗവ്വനത്തില്‍ പ്രത്യേകിച്ചും കാമ്പസ് ലൈഫിലാണ് സൗഹാര്‍ദ്ദത്തിന് അതിന്റെ തീവ്രത വന്നുചേരുന്നത്. ആ കൂട്ടുകെട്ടും ആ നിമിഷങ്ങളും ഒരിക്കലും മറക്കാന്‍ കഴിയില്ല..ക്ലാസ് കട്ടുചെയ്തതും നാടുചുറ്റാന്‍ ടൂറ് പോയതും ഒടുവില്‍ ഏതോ മാര്‍ച്ച് മാസത്തില്‍ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് പിരിഞ്ഞതും...ജീവിതത്തിന് എന്നും ആഹ്ലാദത്തിന്റെ നിറം പകരുന്നത് കൂട്ടുകാരുടെ സ്‌നേഹമാണ്.
ഡാ, ഞാന്‍ ഓര്‍ത്തുപോവുന്നു, ചുട്ടുപൊള്ളുന്ന പനിയുമായിട്ട് ക്ലാസ് മുറിയില്‍ അവശനായിരുന്ന നേരത്ത് നീ എന്നെ താങ്ങിയെടുത്ത് ആസ്പത്രിയിലേക്ക് കൊണ്ടുപോയ ആ നിമിഷം...മരിച്ചുപോകുമെന്ന് തോന്നിപ്പോയ നേരത്ത് അന്ന് നീ എന്റെ മുന്നില്‍ ഒരു മാലാഖയാവുകയായിരുന്നു...
കാലവും ലോകവും ഒരുപാട് മാറി കോളജ് ജീവിതവും കഴിഞ്ഞ് നാം പലവഴി പിരിഞ്ഞു....ഒരു നമ്പര്‍ പോലുമില്ലാതെ, ഫേസ് ബുക്കിലെ ആയിരങ്ങളില്‍ ഒരുവനാകാതെനീ ഇന്ന് എവിടെയാണട. ഒരു വിളിയും ഒരു മൊഴിയുമില്ലെങ്കിലും പനിയുടെ ചൂടുപോലെ നീ എന്നില്‍ ഇപ്പോഴുമുണ്ട്.
ഇത്രയൊക്കെ മതിയെന്ന ചിന്തയില്‍ സ്വയം ഉള്‍വലിയാന്‍ ശ്രമിക്കുമ്പോള്‍ ഡാ, നീ ഇങ്ങനെയൊന്നുമായാല്‍ പോരാ, വലിയ ആളാവണം എന്ന ഉപദേശവുമായി എഴുത്തിന്റെ വഴിയില്‍ എന്നും കരുത്തുപകരാറുള്ള അഷറഫിന്റെ സ്‌നഹം സമാനതകളില്ലാത്തതാണ്. ആര്‍ദ്രമായ ആ വാക്കുകളില്‍ ഒരേട്ടന്റെ അധികാരവും വഴികാട്ടിയുടെ പവിത്രതയും ഞാന്‍ വായിച്ചെടുക്കാറുണ്ട്.
000 000 0000
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തീര്‍ത്തുവെച്ച വിപ്ലവത്തില്‍ സൗഹാര്‍ദ്ദത്തിന് ഇന്ന് പുതിയ വഴിയും പുതിയ മുഖവുമാണ്. ഒരിക്കലും കാണാത്ത ആരൊക്കെയോ ഇന്ന് നമ്മുടെ കൂട്ടുകാരായെത്തുന്നു. നാട്ടിലും ജോലി സ്ഥലത്തും കാമ്പസിലും മാത്രമല്ല അങ്ങകലെ എവിടെയോ മറ്റൊരു രാജ്യത്തുപോലും സ്‌നേഹത്തിന്റെ ചാറ്റ് വര്‍ത്തമാനവുമായെത്തുന്ന കൂട്ടുകാരുണ്ട് നമുക്ക്. ഓര്‍ക്കൂട്ടും ട്വിറ്ററും ഫേസ് ബുക്കുമെല്ലാം നിര്‍വ്വഹിക്കുന്ന ദൗത്യം സമാനതകളില്ലാത്താണ്.
പുതിയൊരു ദിക്കില്‍ പൂതിയൊരാളെ പരിചയപ്പെട്ട് പിരിയുമ്പോള്‍ ഡാ, ഒന്ന് നമ്പര്‍ തരുമോ എന്ന ചോദ്യം പോലും ഇന്ന് അപ്രസക്തമായി. ഫേസ് ബുക്കില്‍ നിന്റെ യൂസര്‍ നൈം എന്താണെന്നതാണ് പുതിയ ശൈലി.
സ്വാര്‍ത്ഥതയില്‍ സ്വയം ഉള്‍വലിയുന്നുവെന്ന പരാതി ഉയരുമ്പോഴും നെറ്റ് വര്‍ക്കിനുള്ളില്‍ നമ്മള്‍ പുതിയ കൂട്ടുകാരെ തേടിപ്പോവുകയാണ്. ഓരോ ലോഗ് ഇന്‍ കഴിയുമ്പോഴും റിക്വസ്റ്റ് ലിസ്റ്റില്‍ നിറഞ്ഞുതുളുമ്പുന്ന പുതിയ കൂട്ടുകാരുടെ മുഖങ്ങളില്‍ നല്ല സ്‌നേഹത്തിന്റെ സുഗന്ധമുണ്ടാകും. അഹങ്കാരമെന്നൊക്കെ പറഞ്ഞ് ഗൗനിക്കാതിരുന്നവര്‍പോലും റിക്വസ്റ്റുമായെത്തുമ്പോള്‍ അത് സൗഹാര്‍ദ്ദത്തിന്റെ നല്ല പാഠമാണ് പകരുന്നത്.
നാടും വീടുമില്ലാതെ എവിടെയൊക്കെയോ ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ഫേസ് ബുക്കിനുള്ളില്‍ ഹായ് പറഞ്ഞെത്തി വിരസതയകറ്റാന്‍ കുറേ കൂട്ടുകാരുണ്ടാവുന്നത് പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്.
ഹൈടെക് ഭ്രാന്താണെന്ന് പറഞ്ഞതിനെ കുറ്റപ്പെടുത്താം. പക്ഷെ, സൗഹാര്‍ദ്ദത്തിന്റെ വഴിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിര്‍വ്വഹിക്കുന്ന ദൗത്യം അനിര്‍വ്വചനീയമാണ്. (എബി കുട്ടിയാനം)നാടും നാട്ടിലെ കൂട്ടുകാരും വല്ലാതെ മിസ് ചെയ്യുന്നന്നേരത്ത് സുധീ കമലാക്ഷന്റെ ഒരു ഹായ് മതി എല്ലാ ദു:ഖവും മാഞ്ഞുപോകാന്‍...നമ്മളെയൊന്നും മൈന്റില്ലല്ലോ എന്ന ജിതിന്റെ പരിഭവത്തില്‍ സ്‌നേഹത്തിന്റെ ഒരു പുഴ നിറയും. ആദം നൗഷാദിന്റെ ഹായ് പറച്ചിലിന് റിപ്ലേ ചെയ്യുമ്പോള്‍ കുഞ്ഞനുജനോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്റെ സുഖമുണ്ട്,. എന്നാട നീയെന്റെ നാട്ടില്‍വരുന്നത് എന്ന ചോദ്യവുമായി എന്നും ലൈനിലെത്തുന്ന മലപ്പുറത്തെ ജാസി ഫ്രണ്ട്ഷിന്റെ പുതിയ എനര്‍ജിയാണ്. മറുപടി നല്‍കാന്‍ ഇത്തിരിവൈകുമ്പോള്‍ ഹൊ, വലിയ ആളായിപ്പോയല്ലോ പോടൈ എന്ന് പറഞ്ഞ് പരിഭവിക്കുന്ന അനീഷിന്റെ ആ ഫ്രീഡം എനിക്ക് ഏറെ ഇഷ്ടമാണ്.
വെറുതെ ടൈംപാസിന് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് കമന്റടിക്കാന്‍ മത്സരിക്കുന്ന കൂട്ടുകാര്‍. ഫോട്ടോയ്ക്കു ചുറ്റും ലൈക്കും കമന്റും നിറയുമ്പോള്‍ കേവലമൊരാഹ്ലാദത്തിനുമപ്പുറം അത് പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയായി മാറും. കാരണം ആയിരം കൂട്ടുകാര്‍ക്കിടയിലും അവരെന്നെ ഗൗനിക്കുന്നുണ്ടല്ലോ(?)
എനിക്കെന്നും ആദ്യലൈക്കടിക്കുന്ന നിയ, അബ്ബാസ്, ജാബു, താജു, നിയാസ്,റിസു, യാസിര്‍, ഷൈലു, ഷാക്കി,നിസു, സാര്‍, റിയാസ് കമന്റുകള്‍കൊണ്ട് എന്റെ ഫോട്ടോസിനെ (എബി കുട്ടിയാനം)എല്ലാ നേരത്തും വാളിന്റെ ഏറ്റവും മുകളില്‍ പിടിച്ചുനിര്‍ത്തുന്ന നിസാറും ശംസുക്കയും ....പിന്നെ എല്ലാം ഷെയര്‍ചെയ്യുന്ന ജാബു ജാബിര്‍ അങ്ങനെ അങ്ങനെ സൗഹാര്‍ദ്ദത്തിനിപ്പോള്‍ പുതിയ സുഖവും പുതിയ കരുത്തുമാണ്...
ഓരോ ദിവസവും ഫേസ് ബുക്ക് തുറക്കുമ്പോഴും നിറഞ്ഞുനില്‍ക്കുന്ന റിക്വസ്റ്റ് കൂമ്പാരങ്ങള്‍ മാത്രം മതി മനസിനാഹ്ലാദിക്കാന്‍. ഇല്ലട, നീ ഒറ്റക്കല്ലട കൂട്ടുകാരായി കൂടെ നില്‍ക്കാന്‍ ഞങ്ങളൊക്കെയുണ്ട് എന്ന് അവരുടെ വാക്കുകള്‍ വല്ലാത്തൊരു എനര്‍ജിയായി മാറും.,
0000 0000 0000
ചെന്നെത്തുന്ന ഓരോ ദിക്കിലും നമുക്ക് ഒരു കൂട്ടുകാരുണ്ടാവുന്നുവെന്നുള്ളത് വലിയ നേട്ടമാണ്. കാലത്തിന്റെ ഓരോ ഘട്ടങ്ങളിലും കൂട്ടുകാര്‍ മാറി മാറി വരും. പക്ഷെ, അപ്പോഴും ജീവിതത്തില്‍ ഉപകരിക്കുന്ന ഒരു നല്ല കൂട്ടുകാരനെ ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മുടെ ജീവിതം ധന്യമായി. ഇല്ലെങ്കില്‍ അത് തീരാനഷ്ടമാണ്...