എബി കുട്ടിയാനം
പിച്ചവെക്കുന്ന കുഞ്ഞുന്നാളില്‍ കാവല്‍ക്കാരിയാണുമ്മ
സ്‌കൂളിലേക്ക് പോകുന്ന ബാല്യത്തില്‍ സഹയാത്രികയാണുമ്മ
കുരുത്തക്കേടിന്റെ കൗമാരത്തില്‍ പോലീസുകാരിയാണുമ്മ
പകച്ചുപോകുന്ന യൗവ്വനത്തില്‍ അധ്യാപികയാണുമ്മ
കറണ്ടില്ലാത്ത രാത്രികളില്‍ വെളിച്ചം പകരുന്ന മണ്ണെണ്ണ വിളക്കാണുമ്മ
സങ്കടത്തിന്റെ പെരുവഴിയില്‍ ആശ്വാസത്തിന്റെ
അകത്തളങ്ങളിലേക്ക് കൈപിടിക്കുന്ന കൂട്ടുകാരിയാണുമ്മ
വിശപ്പിന്റെ നേരത്ത് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലാണുമ്മ
ഉമ്മ...
മുറിച്ചുമാറ്റപ്പെട്ടിട്ടും ആ പൊക്കിള്‍കൊടി
ഉമ്മയുടെ ഹൃദയത്തിലേക്ക്
നീളുന്നുണ്ടിപ്പോഴും....
(ഉമ്മായ്ക്കുള്ള കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)