Thursday, September 3, 2015

നൂറു രൂപയുടെ കടം



എബി കുട്ടിയാനം

ഒരു ഹര്‍ത്താല്‍ ദിവസം...ഓഫീസില്‍ നിന്ന്‌ തൊട്ടടുത്ത പള്ളിയിലേക്ക്‌ ഞാന്‍ അസര്‍ നമസ്‌ക്കരിക്കാന്‍ പോകുന്നു...വഴിയില്‍ വെച്ച്‌ കുലീന വേഷധാരിയായ ഒരു മനുഷ്യന്‍ നൂറു രൂപ കടം ചോദിക്കുന്നു...
ഭക്ഷണം കഴിച്ചിട്ടില്ലത്രെ, കയ്യില്‍ കാശില്ലത്രെ...
എത്രയെത്ര തട്ടിപ്പിന്റെ മുഖങ്ങളെയാണ്‌ നിത്യവും കാണുന്നതെന്ന്‌ ചിന്തിച്ചെങ്കിലും ഞാന്‍ പാഴ്‌സില്‍ നിന്ന്‌ പൈസ എടുത്തുകൊടുത്തു.
ഹര്‍ത്താലായതുകാരണം എക്‌സിക്യൂട്ടീവ്‌ ലുക്കിന്‌ പകരം ടീ ഷര്‍ട്ടും പാന്റുമായിരുന്നു എന്റെ വേഷം
പിന്നീട്‌ പലപ്പോഴും ഞാന്‍ ഇയാളെ വഴിയരികില്‍ കണ്ടുവെങ്കിലും കണ്ട ഭാവം പോലും നടിച്ചില്ല.
മാസങ്ങള്‍ പലതു കഴിഞ്ഞ്‌ ഒരു ദിവസം ഇയാള്‍ എന്നെ തടുഞ്ഞു നിര്‍ത്തി ചോദിച്ചു മോനോടല്ലെ ഞാനന്ന്‌ നൂറു രൂപ കടം വാങ്ങിയത്‌...
എന്റെ കണ്ണ്‌ നിറഞ്ഞുപോയി..ആ നൂറു രൂപ തിരിച്ചുതരാന്‍ വേണ്ടിയാണ്‌ പേരും നാടുമറിയാത്ത എന്നെ കാത്ത്‌ അയാള്‍ ആ വഴിയരികില്‍ നിന്നത്‌.
എക്‌സിക്യൂട്ടിവ്‌ ലുക്കുള്ള എന്നെ ഒരിക്കലും അയാള്‍ക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മറ്റൊരു ഹര്‍ത്താല്‍ ദിവസം പഴയ അതേ ടീ ഷര്‍ട്ട്‌ വേഷത്തിലെത്തിയപ്പോള്‍ എന്നെ തിരിച്ചറിഞ്ഞ്‌ അയാള്‍ നൂറു രൂപ നീട്ടി കടം വീട്ടാനൊരുങ്ങുന്നു. ഒരു രൂപയുടേതാണെങ്കില്‍ പോലും കടം കടം തന്നെയാണ്‌ മോനെ എന്നു പറഞ്ഞപ്പോള്‍ ആളുകളെ പറ്റിക്കാന്‍ മാത്രം തന്ത്രം മെനയുന്ന മനുഷ്യരുടെ ലോകത്ത്‌ വെച്ച്‌ ഞാന്‍ അയാളെ തന്നെ നോക്കി നിന്നുപോയി. നൂറു രൂപ വാങ്ങാതെ അത്‌ പെരുവഴിയില്‍ കുടുങ്ങിപോവുന്ന ഏതെങ്കിലും പാവങ്ങള്‍ക്ക്‌ നല്‍കിയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കൈ പിടിച്ച്‌ പിരിയുമ്പോള്‍ ആ മനുഷ്യന്റെ മുഖത്ത്‌ കണ്ട തിളക്കം പറഞ്ഞറിയിക്കാനാവുന്നില്ലെനിക്ക്‌...
നന്മ വറ്റിപോയിട്ടില്ലാത്ത മനുഷ്യര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്‌...ഇല്ല നല്ല മനുഷ്യര്‍ മരിച്ചിട്ടില്ല...

No comments:

Post a Comment