Friday, February 19, 2016

അല്‍ഭുതമാണ്‌ അമ്മ...



എബി കുട്ടിയാനം


നീ നിന്റെ മാതാപിതാക്കളുടെ മുഖത്ത്‌
സ്‌നേഹത്തോടെ നോക്കുന്നത്‌ പുണ്യമാണ്‌
മുഹമ്മദ്‌ നബി(സി)
കുടിലുകള്‍ കൊട്ടാരങ്ങളായി മാറി...ഇടവഴികളത്രയും മെറ്റല്‍ ചെയ്‌ത റോഡുകളും ഇന്റര്‍ലോക്കിട്ട തറകളുമായി മാറി...പക്ഷെ, അപ്പോഴും വീട്ടുവരാന്തയില്‍ മാറാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്‌....പൊന്നു മക്കളെ വഴിനോക്കി നില്‍ക്കുന്ന അമ്മ മുഖമാണത്‌...
കാലമെത്രമാറിയിട്ടും അമ്മ മാത്രം മാറുന്നില്ല...സ്‌നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകികൊണ്ടിരിക്കുകയാണ്‌...ആര്‍ദ്രതയുടെ തിരമാലകളായതുണ്ട്‌...ഓരോ ജനാലക്കരികിലും മക്കളെ കാത്തുനില്‍ക്കുന്നൊരമ്മയുണ്ട്‌..ഓരോ അടുക്കളയിലും മക്കള്‍ക്കുവേണ്ടി സ്വയം ഉരുകുന്നുണ്ട്‌ ഓരോ അമ്മയും...
എവറസ്റ്റ്‌ കീഴടക്കാം, അറബി കടല്‍ നീന്തിപോകാം....പക്ഷെ, അമ്മയുടെ സ്‌നേഹത്തിനുമാത്രം പകരം നല്‍കാനാവില്ല...ഒരു ജന്മം മുഴുവന്‍ ആ കാല്‍ ചുവട്ടിലിരുന്നാലും കുഞ്ഞുന്നാളില്‍ നമുക്ക്‌ വേണ്ടി ഉറക്കമിഴിച്ചിരുന്നതിന്റെ ഒരംശമാവില്ലത്‌...
ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന്‌ ചോദിച്ചാല്‍ അമ്മയുടെ മടിത്തട്ടാണെന്നല്ലാതെ മറ്റെന്തുത്തരമാണ്‌ നമുക്ക്‌ നല്‍കാന്‍ കഴിയുക...ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം അമ്മ യെന്നല്ലാതെ മറ്റെന്താണ്‌...ഓരോ ഭാഷകളിലേക്ക്‌ മാറുമ്പോഴും അത്‌ വല്ലാതെ സൗന്ദര്യത്തോടെ നിറഞ്ഞു നില്‍ക്കും...
ഉമ്മയില്ലെങ്കില്‍ ഒന്നുമില്ല...ഒന്നും...അമ്മയില്ലെങ്കില്‍ വീട്‌ ശൂന്യമാണ്‌...ആ സ്‌നേഹമില്ലെങ്കില്‍ നമ്മള്‍ അനാഥരാണ്‌...ഉമ്മ ഒരു ദിവസം വഴക്കുപറഞ്ഞില്ലെങ്കില്‍ അതും ഒരു കുറവാണ്‌....ഉമ്മയുടെ കയ്യില്‍ നിന്ന്‌ ഭക്ഷണം കിട്ടിയില്ലെങ്കില്‍ തൃപ്‌തിയാവില്ല നമുക്കൊരിക്കലും...ഉമ്മ പായ വിരിച്ചുതരണം, രാവിലെ ഉമ്മയുടെ വിളിക്കേട്ടുണരണം...
(എബി കുട്ടിയാനം)വീട്ടിലേക്ക്‌ കയറി ചെല്ലുമ്പോള്‍ ഉമ്മയില്ലെങ്കില്‍ അസ്വസ്ഥതകൊണ്ട്‌ ഭ്രാന്ത്‌ പിടിക്കും മനസ്സിന്‌...
എന്റെ മോന്‍...എന്ന ആ വിളി മാത്രം മതി ഒരു ജന്മം സഫലമാകും...നമ്മള്‍ ജയിക്കുന്ന ദിവസം ഉമ്മക്ക്‌ പെരുന്നാളാണ്‌, നമ്മുടെ ദു:ഖമാണ്‌ ഉമ്മയുടെ ദു:ഖം....ഓരോ ഉമ്മയും ജീവിക്കുന്നത്‌ മക്കള്‍ക്കുവേണ്ടി മാത്രമാണ്‌....
ഫേസ്‌ ബുക്ക്‌ കൂട്ടുകാരന്‍ പോസ്റ്റിയ ആ വാചകം മനസ്സിലിപ്പോഴുമുണ്ട്‌...
മഴനനഞ്ഞ്‌ സ്‌കൂളില്‍ നിന്ന്‌ വരുമ്പോള്‍ ഇക്ക ഉപദേശിച്ചു
നിനക്കൊരു കുട എടുക്കാമായിരുന്നില്ലേ...
ഇത്താത്ത സഹതപിച്ചു
നിനക്ക്‌ മഴ തോര്‍ന്നിട്ട്‌ പോരാമായിരുന്നില്ലേ...
ഉപ്പ ദേശ്യപ്പെട്ടു
ഇനി ജലദോശം വരുമ്പോള്‍ പഠിച്ചോളും...
തോര്‍ത്തെടുത്ത്‌ തല തോര്‍ത്തി
എന്റെ ഉമ്മ പറഞ്ഞു
ഈ മഴക്കെന്താ ഇപ്പം പെയ്യണംന്ന്‌..
എന്റെ കുട്ടി വന്നിട്ട്‌ പെയ്‌താപോരായിരുന്നോ(!!)

000 000 000
ഉമ്മയില്‍ നിന്ന്‌ പൊക്കിള്‍കൊടി മുറിച്ചുമാറ്റപ്പെട്ട ആ നിമിഷം മുതല്‍ ഞാന്‍ അനാഥനാണെന്ന്‌ എഴുതിവെച്ച കൂട്ടുകാര നിനക്ക്‌ നന്ദി...ഞാനും അനുഭവിക്കുന്നത്‌ നിന്റെ അതേ വികാരമാണ്‌...
ഒരു മനുഷ്യ ശരീരത്തിന്‌ താങ്ങാന്‍ പറ്റുന്ന വേദന 45 ഡെല്‍ യൂണിറ്റ്‌ ആണ്‌, നമുക്ക്‌ ജന്മം നല്‍കാന്‍ പ്രസവ സമയത്ത്‌ അമ്മമാര്‍ അനുഭവിക്കുന്ന വേദന 57 ഡെല്‍ യൂണിറ്റും. അതായത്‌ മനുഷ്യ ശരീരത്തിലെ 20 അസ്ഥികള്‍ ഒരേ സമയം ഒടിയുമ്പോഴുണ്ടാവുന്ന അത്രയും വേദന...
പത്തിരുപത്തിയഞ്ച്‌ വര്‍ഷകാലം ഭൂമിയില്‍ ജീവിച്ചതിനേക്കാളേറെ നാം സുരക്ഷിതത്വമറിഞ്ഞത്‌ പത്തുമാസക്കാലം ഉമ്മയുടെ വയറ്റില്‍ കഴിഞ്ഞ ആ നാളുകളിലായിരുന്നു...
ഓരോ കുഞ്ഞും പിറന്നുവീഴുമ്പോള്‍ കരയുന്നത്‌ ഉമ്മയില്‍ നിന്ന്‌ വേര്‍പ്പെടുന്നതിന്റെ വേദനകൊണ്ടായിരിക്കാം...
00 000 000
ഉമ്മ...ഒരു സൗഭാഗ്യമാണ്‌...സ്‌നേഹമെന്ന പദത്തിന്റെ ലളിതമായ അര്‍ത്ഥമാണ്‌ ഉമ്മ..
ഒന്നു കണ്ടില്ലെങ്കില്‍ നൊമ്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില്‍ സങ്കടമാകുന്ന മഹാവിസ്‌മയമാണ്‌ ഉമ്മ... ആ താലോടലില്‍ ലോകത്തിന്റെ മുഴുവന്‍ കുളിരുമുണ്ട്‌...ആ മടിയില്‍ തല ചായ്‌ച്ചുറങ്ങുമ്പോള്‍ ലഭിച്ച ആ ഇളം ചൂടിനോളം വരുന്ന മറ്റൊരു സുഖവും നാം അനുഭവിച്ചിട്ടുണ്ടാവില്ല...ഉമ്മ പാടി തന്ന താരാട്ടുപാട്ടായിരുന്നു കേട്ടതില്‍ വെച്ച്‌ ഏറ്റവും സുന്ദരമായ പാട്ട്‌...ഉമ്മ ചുട്ടു തന്ന ദോശയോളം വരില്ല നക്ഷത്ര ഹോട്ടിലെ ഒരു മെനുവും...ഉമ്മ ലോകത്തിലെ മഹാ സത്യമാണ്‌, എല്ലാം നിഷേധിക്കുന്നവരും അമ്മയെന്ന സത്യത്തെ മാത്രം (എബി കുട്ടിയാനം)അംഗീകരിക്കും...
മദ്യപിക്കാന്‍ കാശുകൊടുക്കാത്തിന്‌ അമ്മയെ തലക്കടിച്ചുകൊന്ന ക്രൂരനായ മകനെക്കുറിച്ചുള്ള വാര്‍ത്ത വന്ന അതേ പേജിലായിരുന്നു ഇരു കയ്യുമില്ലാത്ത അമ്മയ്‌ക്ക്‌ വായയില്‍ ഭക്ഷണം ഇട്ടുകൊടുക്കുന്ന രണ്ടുവയസ്സുകാരന്റെ ചിത്രം കണ്ടത്‌...ആ കുഞ്ഞുമോന്‌ ആയിരം ലൈക്ക്‌ കൊടുക്കണമെന്ന്‌ മനസ്സ്‌ പിന്നെയും പിന്നെയും പറഞ്ഞു..
000 000 000
ഒരു ഉമ്മയും മകനും പാലം കടക്കുകയായിരുന്നു
ഉമ്മ:മോന്‍ എന്റെ കൈ മുറുകെ പിടിച്ചോ
മകന്‍: വേണ്ട എന്റെ കൈ ഉമ്മ മുറുകെ പിടിച്ചോ..
ഉമ്മ: അത്‌ രണ്ടും ഒന്നല്ലേ മോനെ
മകന്‍: അല്ല ഉമ്മ...എന്റെ കാലില്‍ ഒരു മുള്ളു തറച്ചാല്‍ ഞാന്‍ ചിലപ്പോള്‍ പിടിവിട്ടേക്കാം...പക്ഷെ, ഉമ്മയ്‌ക്കൊരിക്കലും എന്റെ പിടിവിടാനാവില്ലെന്നെനിക്കറിയാം...
000 000 000
പിച്ചവെക്കുന്ന കുഞ്ഞുന്നാളില്‍ ഉമ്മ കാവല്‍ക്കാരിയാണ്‌...സ്‌കൂളിലേക്ക്‌ പോകുന്ന ആദ്യ ദിനങ്ങളില്‍ ഉമ്മ സഹയാത്രികയാണ്‌...കുരുത്തക്കേടിന്റെ കൗമാരത്തില്‍ ഉമ്മ പോലീസുകാരിയും അധ്യാപികയുമാണ്‌...തസ്‌ബീഹ്‌ മാല പിടിച്ച്‌ ഉമ്മ പ്രാര്‍ത്ഥിച്ചതത്രയും സ്വന്തം കാര്യത്തിനുവേണ്ടിയായിരുന്നില്ലൊരിക്കലും....കറണ്ടില്ലാത്ത രാത്രികളില്‍ ഓഫീസില്‍ നിന്നുള്ള വരവ്‌ വൈകുമ്പോള്‍ കാത്തിരുന്ന്‌ കാത്തിരുന്ന്‌ (എബി കുട്ടിയാനം)ചിമ്മിണി വിളക്കിന്റെ എണ്ണ തീരുമ്പോഴും മടുപ്പില്ലാതെ, പരിഭവമില്ലാതെ വഴി നോക്കി നില്‍ക്കും ആ മനസ്സ്‌...
പരീക്ഷയില്‍ തോറ്റ്‌, കളിയില്‍ തകര്‍ന്ന്‌...മടങ്ങിവരുമ്പോള്‍ സാരമില്ലട ഒക്കെ ശരിയാവും... മോന്‍ സങ്കടപ്പെടാതിരിക്കെന്ന്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കുന്ന മുഖം...ഇല്ല ഉമ്മയ്‌ക്ക്‌ പകരം നല്‍കാന്‍ ഒന്നുമില്ല കയ്യില്‍...
സത്യസന്ധമായി ജീവിക്കാന്‍ പഠിപ്പിക്കുമ്പോഴും ഉമ്മ കള്ളം പറഞ്ഞുകൊണ്ടിരിക്കും...ഉറങ്ങാതെ പഠിക്കുമ്പോള്‍ കാവലിരിക്കേണ്ടെന്ന്‌ പറയുമ്പോള്‍ ഉമ്മ പറയും ഇല്ലട എനിക്ക്‌ ഉറക്കം വരുന്നില്ല... ഇഷ്‌ടഭക്ഷണം കൊതിപ്പിക്കുമ്പോഴും കഴിക്കാതെ പ്ലേറ്റിലേക്കിട്ട്‌ തന്ന്‌ ഉമ്മ പറയും ഞാനത്‌ കഴിക്കാറില്ലട നീ കഴിച്ചോളും...മരുന്ന്‌ വാങ്ങാന്‍ വെച്ച കാശെടുത്ത്‌ തന്ന്‌ ഉമ്മ പറയും ഉച്ചക്ക്‌ ഊണ്‌ കഴിക്കാതിരിക്കരുത്‌ നമ്മെ നമ്മള്‍ സ്വയം സൂക്ഷിക്കണം...
മുന്ന്‌ മക്കളും ഉമ്മയും അടക്കം മൂന്നു പേരുണ്ട്‌ വീട്ടില്‍
നാലു പേര്‍ക്കുമായി മൂന്ന്‌ ആപ്പിള്‍ മാത്രമേയുള്ളു
ഉടന്‍ ഉമ്മ പറയും....എനിക്ക്‌ ആപ്പിള്‍ ഇഷ്‌ടമല്ലട...

000 000 000
ഓര്‍മ്മകള്‍ക്കിപ്പോഴും ബാല്യത്തിന്റെ നനവാണ്‌...ഉമ്മ സോപ്പിട്ട്‌ കുളിപ്പിച്ചതും ബേബി പൗഡറിട്ട്‌ കിടത്തിയതും താരാട്ട്‌ പാടി തന്നതും നിങ്ങളും ഓര്‍ക്കുന്നില്ലെ(?) സ്‌കൂളില്‍ നിന്ന്‌ ബെല്ലടിച്ചിട്ടും കാണാതിരിക്കുമ്പോള്‍ ആധി നിറഞ്ഞ കണ്ണുകളോടെ പാതിവഴിയോളം പാഞ്ഞുവരാറുള്ള ഉമ്മ... തിമിര്‍ത്തുപെയ്യുന്ന കര്‍ക്കടക മാസത്തില്‍ ഇടിമിന്നലിനെ പേടിച്ച്‌ ഒതുങ്ങികഴിയുമ്പോള്‍ ആണ്‍പിള്ളേര്‌ ഇങ്ങനെ പേടിച്ചാലോ ട....എന്ന്‌ പറഞ്ഞ്‌ ധൈര്യം പകര്‍ന്ന്‌ നെഞ്ചോട്‌ ചേര്‍ക്കും ഉമ്മ...
ദൂരേ ദിക്കുകളിലേക്ക്‌ യാത്ര പോകുമ്പോള്‍ ആ കണ്ണ്‌ നിറഞ്ഞിരിക്കും...ഫാത്തിഹ സൂറത്ത്‌ ഓതി, സ്വലാത്ത്‌ മന്ത്രം ചൊല്ലി നെറുകയില്‍ ഊതി ഒന്നും പറയാതെ നില്‍ക്കുന്ന ഉമ്മയുടെ മുഖം...ഉപ്പ പോയതോടെ സമൃദ്ധിയുടെ ലഹരിയില്‍ നിന്നും കഷ്‌ടതയുടെ കാഠിന്യമറിഞ്ഞ നാളുകളില്‍ പെരുന്നാളും ആഘോഷവുമെത്തുമ്പോള്‍ ഉമ്മയ്‌ക്ക്‌ ഒന്നും വാങ്ങാതെ എനിക്കായി നല്ല നല്ല കൂപ്പായങ്ങള്‍ വാങ്ങിച്ചു തന്ന ആ ഇന്നലെകള്‍ ഞാനിന്നുമോര്‍ക്കുന്നു...
എല്ലാ മഴയും ഉമ്മ നനഞ്ഞത്‌ എനിക്ക്‌ വേണ്ടിയായിരുന്നു... എല്ലാ വെയിലിലും ഉമ്മ പൊള്ളിയത്‌ മറ്റാര്‍ക്കുവേണ്ടിയുമായിരുന്നില്ല...
ഉമ്മ...
ഉമ്മ വാങ്ങിച്ചു തന്ന കുപ്പായം കീറി
ഇന്നലെ ഞാനൊരു കടയില്‍ കയറി
പീറ്റര്‍ ഇംഗ്ലണ്ട്‌, റെയ്‌മണ്ട്‌, ലിനന്‍, ബോംബൈ ഡെയിങ്ങ്‌...
സെയില്‍സ്‌മാന്‍ നിരവധി ബ്രാന്റുകള്‍ എന്റെ മുന്നില്‍ വലിച്ചിട്ടു..
ഒന്നും എന്റെ മനം കവര്‍ന്നില്ല...
ഉമ്മ..
ഞാന്‍ തേടിയത്‌ ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും
ഉമ്മ വാങ്ങി തരാറുള്ള ആ നല്ല നല്ല കോട്ടണ്‍ ഷര്‍ട്ടുകളായിരുന്നു...
ഉമ്മ...
ആ കുപ്പായങ്ങള്‍ക്കത്രയും സ്‌നേഹം കൊണ്ടായിരുന്നല്ലോ
ഉമ്മ നൂലു കോര്‍ത്തിരുന്നത്‌....
000 000 000
ഒരു നാടിന്റെ മുഴുവന്‍ ചെളികളെയും പാന്റ്‌സ്‌ ചുമന്നുവന്നാലും പരിഭവപ്പെടാത്ത ഉമ്മ....മഴയുള്ള നിമിഷങ്ങളില്‍ ബൈക്കിന്‌ ചുറ്റും പിറുപിറുക്കുന്നുണ്ടാകും...മെല്ലെ പോകണം മോനെ എന്ന്‌ ഒരായിരം വട്ടം ഓര്‍മ്മിപ്പിക്കും...ഋഷിരാജ്‌ സിംഗ്‌ ഹെല്‍മറ്റ്‌ നിയമം കര്‍ശനമാക്കുന്നതിന്‌ മുമ്പേ ഉമ്മ റോഡ്‌ സുരക്ഷയുടെ ബാല പാഠം പറഞ്ഞുതന്നിരുന്നു...
പനിയോ ഒരസുഖമോ വന്നാല്‍ വേവലാതികൊണ്ട്‌ ഭ്രാന്ത്‌ പിടിക്കും ഉമ്മാക്ക്‌...ഓരോ മരുന്നുമായി മാറി മാറി വന്ന്‌ മേനി തൊട്ടുനോക്കും...പനി മാറും വരെ എന്റെ ദേഹത്തോടൊപ്പം ഉമ്മയുടെ മനസ്സും പൊള്ളുകയാവും...എന്നാല്‍ ഉമ്മ ഉമ്മയുടെ എല്ലാ അസുഖവും ഒളിപ്പിച്ചുവെക്കും...
000 000 000
അമ്മയെ ജനാലക്കരികില്‍ കെട്ടിയിട്ട്‌ പീഡിപ്പിച്ച മക്കളുടെ ക്രൂരത വായിച്ചറിഞ്ഞത്‌ കഴിഞ്ഞാഴ്‌ച്ചയാണ്‌...
ജാമ്യത്തിന്‌ കെട്ടിവെക്കാന്‍ പതിനായിരം രൂപയില്ലാതെ 19 വര്‍ഷം ജയിജയില്‍ കഴിയേണ്ടി വന്ന അമ്മയെ കൂലിപ്പണിയെടുത്ത്‌ ജാമ്യത്തിലിറക്കിയ ഉത്തരപ്രദേശിലെ ഒരു മകന്റെ നല്ല മുഖവും ഫേസ്‌ ബുക്കിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു...
കുറ്റവാളിയായ അമ്മ ജയിലില്‍ വെച്ചാണ്‌ ആ മകനെ പ്രസവിച്ചത്‌. അവരെ ജാമ്യത്തിലിറക്കാന്‍ ആരും വന്നില്ല..ഒടുവില്‍ ആ മകന്‍ വളര്‍ന്നു വലുതായ ശേഷം കൂലി വേല ചെയ്‌ത്‌ പണം കണ്ടെത്തിയാണ്‌ അമ്മയെ മോചിപ്പിച്ചത്‌...
നടന്‍ പ്രകാശ്‌ രാജ്‌ ഒരഭിമുഖത്തില്‍ കണ്ണീരോടെ ഇങ്ങനെ കുറിച്ചു.
എന്റെ അമ്മ മരിച്ചു കിടക്കുമ്പോള്‍ ആ നനുത്ത കാലുകളില്‍ കെട്ടിപ്പിടിച്ച്‌ ഞാന്‍ പറഞ്ഞു...
അമ്മ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ അമ്മ എന്റെ ഭാര്യയായി ജനിക്കണം, ഭാര്യമാര്‍ അധികാരം കയ്യാളുന്ന ലോകത്ത്‌ എനിക്ക്‌ എന്റെ അമ്മയെ ഒരിക്കലും വേണ്ടപോലെ സ്‌നേഹിക്കുവാന്‍ കഴിഞ്ഞിട്ടില്ല... അമ്മേ, മാപ്പ്‌...
അമ്മയെ വേര്‍പ്പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്‌ട്ര ഫുട്‌ബോളിനോട്‌ വിട പറഞ്ഞ അര്‍ജാന്റിനയുടെ കളിക്കാരന്‍ യുവന്‍ റിക്വല്‍മിയും പേരിനോടൊപ്പം അമ്മയുടെ പേര്‌ കൂടി ചേര്‍ത്ത്‌ വ്യത്യസ്‌തനായ അത്‌ലറ്റ്‌ രജ്ഞിത്ത്‌ മഹേശ്വരിയും ഭാഗ്യം ചെയ്‌ത മക്കളാണ്‌...ആ അമ്മ സ്‌നേഹത്തിന്‌ ആയിരം സല്യുട്ട്‌ നല്‍കാം നമുക്ക്‌...
അമ്മ വെടിയേറ്റു മരിച്ചതറിയാതെ മുലപ്പാലൂറ്റി കുടിക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചിത്രം ഇന്നും കരളലിയിപിക്കുന്ന കാഴ്‌ചയാണ്‌...
000 000 000
ഏറെ വൈകി കിടക്കുമ്പോഴും ഉമ്മ അടുക്കളയുടെ തിരക്കില്‍ സ്വയം അലിയുന്നുണ്ടാകും...രാവിലെ ഉണരുമ്പോഴേക്കും ഉമ്മ അതേ തിരക്കിലായിരിക്കും.. പറമ്പിലൂടെ നടന്ന്‌, അയല്‍ വീടുകളില്‍ ബന്ധം പുതുക്കി, ബന്ധുക്കളുടെ സുഖവിവരമറിഞ്ഞ്‌ അങ്ങനെ അങ്ങനെ ഉമ്മ കര്‍മ്മത്തില്‍ മന്ത്രിയും കാര്യത്തില്‍ ദാസിയുമാകും...ഒരു ദിവസം എത്രകിലോമീറ്ററായിരിക്കും ഉമ്മ വീട്ടിനുള്ളിലൂടെ നടന്നു തീര്‍ക്കുന്നുണ്ടാവുക(!)
കൂട്ടുകാര്‍ അലങ്കാരം മാത്രമായി മാറിയ വാട്‌സ്‌ അപ്പ്‌ കാലത്ത്‌ ഒരു ലൈക്കിനും കമന്റിനുമപ്പുറം ബന്ധങ്ങള്‍ക്ക്‌ ദൃഡത ഇല്ലാതാകുമ്പോള്‍ ഉമ്മ നല്ല സ്‌നേഹത്തിന്റെ കഥ പറഞ്ഞു തരും...
ഓരോ ചോക്കേലേറ്റും പങ്കിടാനുള്ളതാണെന്നും ഓരോ പൊതിച്ചോറും ഒന്നിച്ചുള്ളതാണെന്നും ഉമ്മ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും...
000 000 000
ഉമ്മ..
ഞാനിപ്പോള്‍ നീണ്ട തീവണ്ടി യാത്രയിലാണ്‌
വണ്ടി ഡല്‍ഹിക്കും ആഗ്രയ്‌ക്കുമിടയിലൂടെ പായുന്നുണ്ട്‌...
സമയത്തിന്റെ സൂചി പാതിരാത്രിയും പിന്നിട്ട്‌ കറങ്ങുകയാണ്‌...
എന്റെ ബോഗിക്കുള്ളില്‍ യാത്രക്കാരെല്ലാം
നല്ല ഉറക്കത്തിലാണിപ്പോള്‍
എകാന്തതയുടെ വിരസതയകറ്റാന്‍
കൂട്ടിനുണ്ടായിരുന്ന ഫേസ്‌ ബുക്കിലെ അവസാന
കൂട്ടുകാരനും ലോഗ്‌ ഔട്ട്‌ ചെയ്‌ത്‌ പടിയിറങ്ങി കഴിഞ്ഞു...
ഉമ്മ..
ഈ രാത്രി വിടവാങ്ങിയാല്‍
നാളെയുടെ പുലരിയില്‍
ഞാന്‍ താജ്‌മഹലിനെ തൊടും(!)
ഒരു മഹാല്‍ഭുതത്തിനരികിലേക്കാണ്‌ നീങ്ങുന്നത്‌...
പക്ഷെ, എന്നിട്ടും എന്റെ മനസ്സ്‌ സങ്കടത്തിന്റെ ഗസല്‍ മൂളുന്നു...
ഉമ്മ അരകിലില്ലാതെ
ഉമ്മയുടെ കട്ടന്‍ ചായയില്ലാതെ
ഉമ്മയുടെ ചൂട്‌ ദോശയില്ലാതെ
സുബഹിക്ക്‌ എഴുന്നേല്‍ക്കാന്‍ വൈകുമ്പോഴുള്ള
ആ ശകാരമില്ലാതെ....

ഉമ്മ...
ഞാന്‍ തിരിച്ചറിയുന്നു
ഓരോ മനുഷ്യനും അവനുമുന്നിലെ
ലോകാല്‍ഭുതം അവന്റെ ഉമ്മയാണെന്ന്‌...
000 000 000

Monday, February 15, 2016

എന്റെ ഐലാന്‍....



എബി കുട്ടിയാനം

മോനെ ഐലാന്‍...ഈ ദു:ഖത്തെക്കുറിച്ചെഴുതാന്‍ എന്റെ ഹൃദയത്തില്‍ വാക്കുകളില്ല ഡാ... ഒരിക്കലും കണ്ടിട്ടില്ല, ആ കുഞ്ഞുവാക്കുകള്‍ കേട്ടിട്ടില്ല...വാശി പിടിച്ചു കരയുന്ന നിന്റെ മുഖം നോക്കി ഞാന്‍ കളിയാക്കി ചിരിച്ചിട്ടില്ല...എന്നിട്ടും കടലോരത്ത്‌ കമിഴ്‌ന്ന്‌ കിടക്കുന്ന ്‌നിന്റെ ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സ്‌ വിങ്ങിപ്പോയി, എന്റെ കണ്ണുനിറഞ്ഞുപോയി...രക്തബന്ധമുള്ള ആരോ അകന്നുപോയ നൊമ്പരം...
ഡാ കുട്ടാ...എന്റെ ഉമ്മായ്‌ക്ക്‌ പിറക്കാതെ പോയ എന്റെ കുഞ്ഞ്‌ അനുജനാണ്‌ നീ...ആയിരം കുസൃതി വര്‍ത്തമാനം പറഞ്ഞ്‌ ബൈക്കിന്‌ പിറകില്‍ ചീറിപായാന്‍ വാശിപിടിക്കുന്ന എന്റെ കുഞ്ഞനുജന്റെ മുഖം കാണുമ്പോള്‍ എനിക്ക്‌ നിന്നെ ഓര്‍മ്മ വരുന്നു...മഴയത്തുനിന്ന്‌ മാറാതെ ചെളി വെള്ളത്തില്‍ മണ്ണുമാന്തി കളിക്കുന്ന പെങ്ങളുടെ കുഞ്ഞുവാവയുടെ അതേ രൂപമാണല്ലോ ഡാ നിനക്കും...നിന്റെ അതേ ചുവപ്പുകുപ്പായം അവനുമുണ്ട്‌...
ഉമ്മയോട്‌ പിണങ്ങി അപ്പം തിന്നാതെ തളര്‍ന്നുറങ്ങുന്ന ഞങ്ങളുടെ കുഞ്ഞുവാവയുടെ അതേ ലുക്കിലായിരുന്നല്ലോ ഡാ തുര്‍ക്കിയുടെ കടലോരത്ത്‌ നീ കിടന്നുറങ്ങിയത്‌. നീ ഫുട്‌ബോള്‍ തട്ടുന്ന ആ ചിത്രവും നീ മരിച്ചു കിടക്കുന്ന ആ രംഗവും ഞാന്‍ മാറി മാറി നോക്കി നിന്നു...
ആ കവിളത്ത്‌ ഉമ്മ വെയ്‌ക്കാന്‍, എടുത്തുയര്‍ത്തി മേലോട്ടെറിഞ്ഞ്‌ പേടിപ്പിക്കാന്‍ എന്റെ മനസ്സ്‌ കൊതിച്ചുപോയല്ലോ ഡാ...
എന്റെ കൈ പിടിച്ച്‌ കഥ പറയാന്‍ വരില്ലെങ്കിലും ഞാന്‍ എന്റെ മനസ്സിലെവിടെയോ നിനക്കുള്ള കളിക്കോപ്പുകള്‍ വാങ്ങി വെച്ചിട്ടുണ്ട്‌..എന്റെ കുഞ്ഞനുജനും ഞങ്ങളുടെ കുഞ്ഞുവാവയും വീട്ടു മുറ്റത്ത്‌ പന്തു തട്ടി കളിക്കുമ്പോള്‍ അവര്‍ ആ കൊച്ചു മൈതാനത്തെ മെസിയും നെയ്‌മറുമാണ്‌...അവര്‍ക്കിടയില്‍ ചുവപ്പുകുപ്പായമിട്ടു നില്‍ക്കുന്ന ക്രിസ്‌ത്യാനോ റൊണോള്‍ഡോ ആയി ഞാന്‍ നിന്നെ കാണും...ഞാന്‍ നിനക്കുവേണ്ടി കയ്യടിക്കും...(എബി കുട്ടിയാനം)
ഡാ കുട്ടാ...കോലുമിഠായിയും ഐസ്‌ ക്രീമും വാങ്ങാന്‍ കുഞ്ഞനുജനെയും കൂട്ടി നഗരത്തിലിറങ്ങുന്ന വൈകുന്നേരം കുഞ്ഞുവര്‍ത്തമാനം പറഞ്ഞ്‌ കാണുന്നതൊക്കെ ആവശ്യപ്പെടാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കിലെന്ന്‌ ഞാന്‍ വെറുതെ ആശിച്ചുപോയി.
അപ്പുറത്ത്‌ പോ ഡാ എന്ന്‌ പറയുമ്പോഴൊക്കെ എഴുത്തുമേശയ്‌ക്കരികില്‍ വന്നുനിന്ന്‌ നാളെ കൊണ്ടുവരേണ്ട ചോക്‌ലേറ്റിന്റെ ലിസ്റ്റ്‌ നിരത്തുന്ന എന്റെ അനുജനല്ലാതെ മറ്റാരാണ്‌ നീ എനിക്ക്‌...അപ്പുറത്തുവെച്ച മൊബൈലെടുത്ത്‌ ആവശ്യമുള്ള പിക്കുകളൊക്കെ ഡിലീറ്റ്‌ ചെയ്‌തു കളിക്കുന്ന അവന്റെ അതെ കുസൃതിയായിരിക്കുമല്ലോ നിനക്കും...കണ്ണ്‌ തെറ്റുമ്പോള്‍ ലാപ്‌ടോപ്പില്‍ വിരലുവെച്ച്‌ ഗെയിമെടുക്കാന്‍ ശ്രമിക്കുന്ന അവന്റെ കുരുത്തക്കേട്‌ നിനക്കും കാണുമല്ലോ...ഇനി ഞാനെന്റെ അനുജന്റെയും പെങ്ങളുടെ കുഞ്ഞുവാവയുടെയും മുഖം എങ്ങനെയാ ഡാ നോക്കേണ്ടത്‌...ഉറക്കത്തിലെന്നപ്പോലെ കമിഴ്‌ന്ന്‌ കിടക്കുന്ന നിന്റെ ചിത്രം സ്വപ്‌നം കണ്ട്‌ ഞാന്‍ ഇന്നലെയും അറിയാതെ നിലവിളിച്ചിരുന്നു....
ഡാ ഐലാന്‍...ഞങ്ങള്‍ തന്നെ ദു:ഖം താങ്ങാനാവാതെ തല താഴ്‌ത്തുമ്പോള്‍ രണ്ടു കുഞ്ഞുമക്കളെയും പ്രിയപ്പെട്ട ഭാര്യയെയും നഷ്‌ടപ്പെട്ട നിന്റെ ബാപ്പയെ ഞങ്ങള്‍ എങ്ങനെയാണ ഡാ സമാധാനിപ്പിക്കേണ്ടത്‌...എന്തിനാ ഡാ നീ നിന്റെ വാപ്പച്ചിയെ തനിച്ചാക്കിയത്‌...എന്തിനാ ഡാ നീ ഞങ്ങളെയൊക്കെ ഇങ്ങനെ കരയിപ്പിച്ചത്‌..
പിറന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ നീയും നിന്റെ ബാപ്പയും ഉമ്മയും നിന്റെ ഗാലിബും റബ്ബര്‍ ചങ്ങാടത്തില്‍ കയറുമ്പോഴും ആ ചങ്ങാടം ആടിയുലയുമ്പോഴും എന്റെ കുട്ട ഒന്നുമറിയാതെ നീ അപ്പോഴും നിശ്‌കളങ്കമായി ചിരിക്കുകയായിരുന്നല്ലോ ഡാ...
ഒരു മനുഷ്യന്‌ ഈ ഭൂമിയില്‍ വെച്ച്‌ കാണേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തം ഉറ്റവരുടെ മരണമല്ലാതെ മറ്റെന്താണ്‌...ഡാ നിങ്ങള്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വേണ്ടി തുര്‍ക്കി മുഗ്‌ലയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ ചെന്ന്‌ കടലാസില്‍ ഒപ്പു വെക്കുന്ന നിന്റെ വാപ്പച്ചിയുടെ കണ്ണീര്‌ ഞങ്ങള്‍ക്ക്‌ കാണാനേ കഴിയുന്നില്ല ഡാ...
ഉമ്മയുടെ താരാട്ടു കേട്ട്‌ ഉറങ്ങുന്നതുപോലുള്ള നിന്റെ കിടപ്പ്‌ കാണുമ്പോള്‍ കണ്ണു തിരുമ്മിക്കൊണ്ട്‌ പാതി മൂഡോടെ നീ ഇപ്പം എഴുന്നേറ്റുവന്നേക്കുമെന്ന്‌ തോന്നിപ്പോകുന്നു.
ഡാ, കുട്ട തട്ടിവിളിച്ചുണര്‍ത്താന്‍, ഉറക്കം നഷ്‌ടപ്പെടുത്തിയതിന്റെ പരിഭവം നിറഞ്ഞ ആ കരച്ചില്‍ കേള്‍ക്കാന്‍ ഞാന്‍ വെറുതെ മോഹിച്ചുപോകുന്നു...
മറ്റൊരു ലോകത്തുവെച്ച്‌ നാളെ നമ്മള്‍ ഒത്തുകൂടുമ്പോള്‍ എന്റെ അനുജനായി നീ വരുമോ ഡാ...സത്യം നിന്റെ ഓമനത്വം തുളുമ്പുന്ന ആ മുഖം എനിക്ക്‌ എത്ര കണ്ടിട്ടും മതിയാവുന്നില്ല, കൊതി തീരുന്നില്ല...
ഡാ മുലപ്പാല്‌ മണക്കുന്ന അതേ ചുവപ്പ്‌ ബനിയനിട്ട്‌ വരുമോ ഡാ നീ എന്നരികിലേക്ക്‌...
(എബി കുട്ടിയാനം) ലോകത്തിന്റ മനോഹരങ്ങളായ കാഴ്‌ചകളെ അതിലുമേറെ മനോഹരമായി ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരോട്‌ എനിക്ക്‌ പറഞ്ഞറിയിക്കാനവാത്ത ഇഷ്‌ടമായിരുന്നു. എന്നാല്‍ ദുഗാന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ കൂടിയായ നിലോഫര്‍ ഡെമിര്‍ എന്ന വനിത ഫോട്ടോ ഗ്രഫറോട്‌ എനിക്ക്‌ ദേശ്യമാണ്‌...എന്തിനായിരുന്നു എന്റെ കുഞ്ഞുമോന്‍ മരിച്ചുകിടക്കുന്ന ചിത്രം അവര്‍ എനിക്ക്‌ കാണിച്ചു തന്നത്‌... ഇനി എന്നായിരിക്കും ആ ദു:ഖ ചിത്രം എന്റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോകുക...കടലുപോലും കരഞ്ഞുപോയ ആ കാഴ്‌ചയെ കരുത്തില്ലാത്ത എന്റെ ഹൃദയത്തിന്‌ താങ്ങാനാവുന്നില്ല ദൈവമേ...
എന്റെ കുഞ്ഞനുജനും ഞങ്ങളുടെ കുഞ്ഞുവാവയും പന്തു തട്ടുമ്പോഴൊക്കെ ഐലാന്‍ നീയും നിന്റെ ഗാലിബും എന്റെ ഇടനെഞ്ചില്‌ തീ ചൊരിയും....വളഞ്ഞും പുളഞ്ഞും ആസ്വദിച്ച്‌ ബൈക്കോടിക്കുമ്പോള്‍ അതിന്റെ പിറകില്‍ ഞാന്‍ നിന്റെ കുസൃതി വര്‍ത്തമാനത്തിന്‌ കാതോര്‍ക്കും...മോനെ...മാപ്പ്‌...ഒന്നും കുറിച്ചിടാനാവുന്നില്ല...ഈ വരികള്‍ നീ പൂര്‍ത്തിയാക്കുക...



Friday, February 12, 2016

ഹനുമന്തപ്പ



എബി കുട്ടിയാനം












പ്രിയപ്പെട്ട ഹനുമന്തപ്പ
വാക്കുകളും വാചകങ്ങളും തോറ്റുപോകുന്നു

എഴുതിമുഴുപ്പിക്കാനാവാത്ത
അക്ഷരങ്ങള്‍കൊണ്ട്‌ ഞാന്‍ നിനക്കുമുന്നില്‍
കണ്ണീരിന്റെ റീത്ത്‌ സമര്‍പ്പിക്കുന്നു

വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ ഞാന്‍ നിന്റെ
ധീരതയ്‌ക്കുമുന്നില്‍ നൊമ്പരങ്ങളുടെ
ആയിരം സല്യൂട്ടടിക്കുന്നു...

കാശ്‌മീരിന്റെ മണ്ണിലെത്തിയ ഒരു ദിവസം
തണുപ്പ്‌കൊണ്ട്‌ പുറത്തിറങ്ങാനാവാതെ
അടച്ചിട്ട മുറിക്കുള്ളില്‍ ഹോട്ട്‌ ഓപ്‌ഷനില്‍
ജീവിച്ചവന്റെ കുറ്റബോധമാണിത്‌...

സിയാച്ചിനിലെ മഞ്ഞുമലയില്‍ ആറു ദിവസം
മൈനസ്‌ 45 ഡിഗ്രിയില്‍ ജീവിച്ച നിനക്കുമുന്നില്‍
ഞാനെങ്ങനെയാണ്‌ തല നിവര്‍ത്തേണ്ടത്‌

നീ ബാക്കിവെച്ച ജീവന്റെ തുടിപ്പ്‌...
അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ മഞ്ഞുമലകള്‍ക്കുള്ളിലെ
നിന്റെ കിടത്തം...
പ്രതീക്ഷകള്‍ക്കുമേലെ നിരാശ പകര്‍ന്ന്‌ നീ യാത്രയാകുമ്പോള്‍
ബാക്കിയാവുന്നത്‌ കടലോളം കടപ്പാട്‌ മാത്രമാണ്‌

മൂടി പുതച്ചുറങ്ങി ഞങ്ങള്‍ തണുപ്പിനെ ആസ്വദിച്ചപ്പോള്‍
എല്ലാ തണുപ്പിനെയും തോല്‍പ്പിച്ച്‌ ഞങ്ങള്‍ക്കുവേണ്ടി
കാവലിരുന്നവനാണ്‌ നീ...
ഇല്ല..മറക്കില്ലൊരിക്കലും...