Monday, February 15, 2016

എന്റെ ഐലാന്‍....



എബി കുട്ടിയാനം

മോനെ ഐലാന്‍...ഈ ദു:ഖത്തെക്കുറിച്ചെഴുതാന്‍ എന്റെ ഹൃദയത്തില്‍ വാക്കുകളില്ല ഡാ... ഒരിക്കലും കണ്ടിട്ടില്ല, ആ കുഞ്ഞുവാക്കുകള്‍ കേട്ടിട്ടില്ല...വാശി പിടിച്ചു കരയുന്ന നിന്റെ മുഖം നോക്കി ഞാന്‍ കളിയാക്കി ചിരിച്ചിട്ടില്ല...എന്നിട്ടും കടലോരത്ത്‌ കമിഴ്‌ന്ന്‌ കിടക്കുന്ന ്‌നിന്റെ ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സ്‌ വിങ്ങിപ്പോയി, എന്റെ കണ്ണുനിറഞ്ഞുപോയി...രക്തബന്ധമുള്ള ആരോ അകന്നുപോയ നൊമ്പരം...
ഡാ കുട്ടാ...എന്റെ ഉമ്മായ്‌ക്ക്‌ പിറക്കാതെ പോയ എന്റെ കുഞ്ഞ്‌ അനുജനാണ്‌ നീ...ആയിരം കുസൃതി വര്‍ത്തമാനം പറഞ്ഞ്‌ ബൈക്കിന്‌ പിറകില്‍ ചീറിപായാന്‍ വാശിപിടിക്കുന്ന എന്റെ കുഞ്ഞനുജന്റെ മുഖം കാണുമ്പോള്‍ എനിക്ക്‌ നിന്നെ ഓര്‍മ്മ വരുന്നു...മഴയത്തുനിന്ന്‌ മാറാതെ ചെളി വെള്ളത്തില്‍ മണ്ണുമാന്തി കളിക്കുന്ന പെങ്ങളുടെ കുഞ്ഞുവാവയുടെ അതേ രൂപമാണല്ലോ ഡാ നിനക്കും...നിന്റെ അതേ ചുവപ്പുകുപ്പായം അവനുമുണ്ട്‌...
ഉമ്മയോട്‌ പിണങ്ങി അപ്പം തിന്നാതെ തളര്‍ന്നുറങ്ങുന്ന ഞങ്ങളുടെ കുഞ്ഞുവാവയുടെ അതേ ലുക്കിലായിരുന്നല്ലോ ഡാ തുര്‍ക്കിയുടെ കടലോരത്ത്‌ നീ കിടന്നുറങ്ങിയത്‌. നീ ഫുട്‌ബോള്‍ തട്ടുന്ന ആ ചിത്രവും നീ മരിച്ചു കിടക്കുന്ന ആ രംഗവും ഞാന്‍ മാറി മാറി നോക്കി നിന്നു...
ആ കവിളത്ത്‌ ഉമ്മ വെയ്‌ക്കാന്‍, എടുത്തുയര്‍ത്തി മേലോട്ടെറിഞ്ഞ്‌ പേടിപ്പിക്കാന്‍ എന്റെ മനസ്സ്‌ കൊതിച്ചുപോയല്ലോ ഡാ...
എന്റെ കൈ പിടിച്ച്‌ കഥ പറയാന്‍ വരില്ലെങ്കിലും ഞാന്‍ എന്റെ മനസ്സിലെവിടെയോ നിനക്കുള്ള കളിക്കോപ്പുകള്‍ വാങ്ങി വെച്ചിട്ടുണ്ട്‌..എന്റെ കുഞ്ഞനുജനും ഞങ്ങളുടെ കുഞ്ഞുവാവയും വീട്ടു മുറ്റത്ത്‌ പന്തു തട്ടി കളിക്കുമ്പോള്‍ അവര്‍ ആ കൊച്ചു മൈതാനത്തെ മെസിയും നെയ്‌മറുമാണ്‌...അവര്‍ക്കിടയില്‍ ചുവപ്പുകുപ്പായമിട്ടു നില്‍ക്കുന്ന ക്രിസ്‌ത്യാനോ റൊണോള്‍ഡോ ആയി ഞാന്‍ നിന്നെ കാണും...ഞാന്‍ നിനക്കുവേണ്ടി കയ്യടിക്കും...(എബി കുട്ടിയാനം)
ഡാ കുട്ടാ...കോലുമിഠായിയും ഐസ്‌ ക്രീമും വാങ്ങാന്‍ കുഞ്ഞനുജനെയും കൂട്ടി നഗരത്തിലിറങ്ങുന്ന വൈകുന്നേരം കുഞ്ഞുവര്‍ത്തമാനം പറഞ്ഞ്‌ കാണുന്നതൊക്കെ ആവശ്യപ്പെടാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കിലെന്ന്‌ ഞാന്‍ വെറുതെ ആശിച്ചുപോയി.
അപ്പുറത്ത്‌ പോ ഡാ എന്ന്‌ പറയുമ്പോഴൊക്കെ എഴുത്തുമേശയ്‌ക്കരികില്‍ വന്നുനിന്ന്‌ നാളെ കൊണ്ടുവരേണ്ട ചോക്‌ലേറ്റിന്റെ ലിസ്റ്റ്‌ നിരത്തുന്ന എന്റെ അനുജനല്ലാതെ മറ്റാരാണ്‌ നീ എനിക്ക്‌...അപ്പുറത്തുവെച്ച മൊബൈലെടുത്ത്‌ ആവശ്യമുള്ള പിക്കുകളൊക്കെ ഡിലീറ്റ്‌ ചെയ്‌തു കളിക്കുന്ന അവന്റെ അതെ കുസൃതിയായിരിക്കുമല്ലോ നിനക്കും...കണ്ണ്‌ തെറ്റുമ്പോള്‍ ലാപ്‌ടോപ്പില്‍ വിരലുവെച്ച്‌ ഗെയിമെടുക്കാന്‍ ശ്രമിക്കുന്ന അവന്റെ കുരുത്തക്കേട്‌ നിനക്കും കാണുമല്ലോ...ഇനി ഞാനെന്റെ അനുജന്റെയും പെങ്ങളുടെ കുഞ്ഞുവാവയുടെയും മുഖം എങ്ങനെയാ ഡാ നോക്കേണ്ടത്‌...ഉറക്കത്തിലെന്നപ്പോലെ കമിഴ്‌ന്ന്‌ കിടക്കുന്ന നിന്റെ ചിത്രം സ്വപ്‌നം കണ്ട്‌ ഞാന്‍ ഇന്നലെയും അറിയാതെ നിലവിളിച്ചിരുന്നു....
ഡാ ഐലാന്‍...ഞങ്ങള്‍ തന്നെ ദു:ഖം താങ്ങാനാവാതെ തല താഴ്‌ത്തുമ്പോള്‍ രണ്ടു കുഞ്ഞുമക്കളെയും പ്രിയപ്പെട്ട ഭാര്യയെയും നഷ്‌ടപ്പെട്ട നിന്റെ ബാപ്പയെ ഞങ്ങള്‍ എങ്ങനെയാണ ഡാ സമാധാനിപ്പിക്കേണ്ടത്‌...എന്തിനാ ഡാ നീ നിന്റെ വാപ്പച്ചിയെ തനിച്ചാക്കിയത്‌...എന്തിനാ ഡാ നീ ഞങ്ങളെയൊക്കെ ഇങ്ങനെ കരയിപ്പിച്ചത്‌..
പിറന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ നീയും നിന്റെ ബാപ്പയും ഉമ്മയും നിന്റെ ഗാലിബും റബ്ബര്‍ ചങ്ങാടത്തില്‍ കയറുമ്പോഴും ആ ചങ്ങാടം ആടിയുലയുമ്പോഴും എന്റെ കുട്ട ഒന്നുമറിയാതെ നീ അപ്പോഴും നിശ്‌കളങ്കമായി ചിരിക്കുകയായിരുന്നല്ലോ ഡാ...
ഒരു മനുഷ്യന്‌ ഈ ഭൂമിയില്‍ വെച്ച്‌ കാണേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തം ഉറ്റവരുടെ മരണമല്ലാതെ മറ്റെന്താണ്‌...ഡാ നിങ്ങള്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വേണ്ടി തുര്‍ക്കി മുഗ്‌ലയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ ചെന്ന്‌ കടലാസില്‍ ഒപ്പു വെക്കുന്ന നിന്റെ വാപ്പച്ചിയുടെ കണ്ണീര്‌ ഞങ്ങള്‍ക്ക്‌ കാണാനേ കഴിയുന്നില്ല ഡാ...
ഉമ്മയുടെ താരാട്ടു കേട്ട്‌ ഉറങ്ങുന്നതുപോലുള്ള നിന്റെ കിടപ്പ്‌ കാണുമ്പോള്‍ കണ്ണു തിരുമ്മിക്കൊണ്ട്‌ പാതി മൂഡോടെ നീ ഇപ്പം എഴുന്നേറ്റുവന്നേക്കുമെന്ന്‌ തോന്നിപ്പോകുന്നു.
ഡാ, കുട്ട തട്ടിവിളിച്ചുണര്‍ത്താന്‍, ഉറക്കം നഷ്‌ടപ്പെടുത്തിയതിന്റെ പരിഭവം നിറഞ്ഞ ആ കരച്ചില്‍ കേള്‍ക്കാന്‍ ഞാന്‍ വെറുതെ മോഹിച്ചുപോകുന്നു...
മറ്റൊരു ലോകത്തുവെച്ച്‌ നാളെ നമ്മള്‍ ഒത്തുകൂടുമ്പോള്‍ എന്റെ അനുജനായി നീ വരുമോ ഡാ...സത്യം നിന്റെ ഓമനത്വം തുളുമ്പുന്ന ആ മുഖം എനിക്ക്‌ എത്ര കണ്ടിട്ടും മതിയാവുന്നില്ല, കൊതി തീരുന്നില്ല...
ഡാ മുലപ്പാല്‌ മണക്കുന്ന അതേ ചുവപ്പ്‌ ബനിയനിട്ട്‌ വരുമോ ഡാ നീ എന്നരികിലേക്ക്‌...
(എബി കുട്ടിയാനം) ലോകത്തിന്റ മനോഹരങ്ങളായ കാഴ്‌ചകളെ അതിലുമേറെ മനോഹരമായി ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരോട്‌ എനിക്ക്‌ പറഞ്ഞറിയിക്കാനവാത്ത ഇഷ്‌ടമായിരുന്നു. എന്നാല്‍ ദുഗാന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ കൂടിയായ നിലോഫര്‍ ഡെമിര്‍ എന്ന വനിത ഫോട്ടോ ഗ്രഫറോട്‌ എനിക്ക്‌ ദേശ്യമാണ്‌...എന്തിനായിരുന്നു എന്റെ കുഞ്ഞുമോന്‍ മരിച്ചുകിടക്കുന്ന ചിത്രം അവര്‍ എനിക്ക്‌ കാണിച്ചു തന്നത്‌... ഇനി എന്നായിരിക്കും ആ ദു:ഖ ചിത്രം എന്റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോകുക...കടലുപോലും കരഞ്ഞുപോയ ആ കാഴ്‌ചയെ കരുത്തില്ലാത്ത എന്റെ ഹൃദയത്തിന്‌ താങ്ങാനാവുന്നില്ല ദൈവമേ...
എന്റെ കുഞ്ഞനുജനും ഞങ്ങളുടെ കുഞ്ഞുവാവയും പന്തു തട്ടുമ്പോഴൊക്കെ ഐലാന്‍ നീയും നിന്റെ ഗാലിബും എന്റെ ഇടനെഞ്ചില്‌ തീ ചൊരിയും....വളഞ്ഞും പുളഞ്ഞും ആസ്വദിച്ച്‌ ബൈക്കോടിക്കുമ്പോള്‍ അതിന്റെ പിറകില്‍ ഞാന്‍ നിന്റെ കുസൃതി വര്‍ത്തമാനത്തിന്‌ കാതോര്‍ക്കും...മോനെ...മാപ്പ്‌...ഒന്നും കുറിച്ചിടാനാവുന്നില്ല...ഈ വരികള്‍ നീ പൂര്‍ത്തിയാക്കുക...



No comments:

Post a Comment