എബി കുട്ടിയാനം
കൂട്ടുകാരൊക്കെ ഫോട്ടോഷോപ്പുകൊണ്ട് സ്വന്തം ഫോട്ടോയ്ക്ക് മോഡി കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ചുള്ളിക്കരയിലെ ഉനൈസ് ഹമീദ് വരയുടെ പുതിയ ലോകത്താണ്. കമ്പ്യൂട്ടറിന് മുന്നില്‍ കൈവിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉനൈസിന്റെ ചിത്രങ്ങളും ഡിസൈന്‍ വര്‍ക്കുകളും ആളുകളെ അതിശയിപ്പിച്ചുകളയുകയാണിപ്പോള്‍.
നാടിന്റെ കഥപറയുന്ന ഉനൈസിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡയയില്‍ വൈറലായി കഴിഞ്ഞു. പ്രദേശങ്ങളുടെ പേരുകളുടെ പകുതി മാത്രം എഴുതി ബാക്കി വരുന്ന ഭാഗത്ത് പഴങ്ങളുടെയോ ഉപകരണങ്ങളുടെയോ ചിത്രം വരഞ്ഞുവെച്ചുകൊണ്ടാണ് ഉനൈസ് അതിശയചിത്രങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. സ്ഥല പേര് മാത്രമല്ല വ്യക്തികളുടെ നാമങ്ങളും ഇവിടെ സ്ഥാനം പിടിക്കുന്നു.
ഒരു പൂച്ചക്കുട്ടിയുടെ ഇപ്പുറം കാട് എന്നെഴുതുമ്പോള്‍ പൂച്ചക്കാട് എന്ന പ്രദേശത്തേക്കാണ് കാഴ്ച്ചക്കാരന്റെ ശ്രദ്ധ എത്തുന്നത്. പാറയ്ക്കിപ്പുറം പള്ളി വരച്ചുവെക്കുമ്പോള്‍ അത് പാറപ്പള്ളിയായി മാറുന്നു. ഉളിയോട് ചേര്‍ത്ത് വെച്ച ഉളിയത്തടുക്കയും കോഴിയുടെ ചിത്രത്തിനിപ്പുറമുള്ള കോഴിക്കോടും കുറ്റിയുടെ അരികിലുള്ള കോലുമെല്ലാം ഉനൈസിന്റെ മാസ്റ്റര്‍പീസുകളാണ്. നെല്ലിക്കയുടെ ഇപ്പുറം ടാ ഇട്ടുകൊടുത്തുകൊണ്ട് ഉനൈസ് നമ്മുടെ ശ്രദ്ധയെ ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലേക്ക് കൊണ്ടുപോകുന്നു. പൂടം എന്ന വാക്കിനിപ്പുറം ഒരു കല്ല് വരച്ചുവെക്കുമ്പോള്‍ അത് മലയോര പ്രദേശമായ പൂടംകല്ലായി മാറുന്നു. ഒരു തലയുടെ അരികിലുണ്ട് തലപ്പാടിയുടെ സൗന്ദര്യം. കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്നിന്റെ പേര് വരച്ചുവെച്ചത് എന്‍.എ.എന്നെഴുതിയ ശേഷം നെല്ലും കുന്നും ചേര്‍ത്തുകൊണ്ടാണ്. ഒരു വടയുടെ ഇപ്പുറം വടക്കാഞ്ചേരിയുണ്ട്. മാലയോട് ചേര്‍ത്ത് കല്ല് വെച്ചപ്പോള്‍ അത് മാലക്കല്ലായി മാറുന്നു.
അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഉനൈസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തിളങ്ങി നില്‍ക്കുന്നത്. ചിത്രങ്ങള്‍ കഥ പറയുമ്പോള്‍ ഓരോ പോസ്റ്റുകളും കാഴ്ച്ചക്കാര്‍ക്ക് അഴകുള്ള വിരുന്നായി മാറുകയാണ്.
കാസര്‍കോട്ടെ കെ.സി.എന്‍ ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്യുന്ന ഉനൈസ് കലാബോധമുള്ള ഡിസൈനറാണ്. പ്രമുഖ കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഡോക്യുമെന്ററി ടെലിഫിലിം പോസ്റ്ററുകള്‍ക്കും ഈ മിടുക്കന്‍ നിരവധി തവണ മൗസ് ചലിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു ആശയത്തിലെത്തിച്ചത്.
ആദ്യ സൃഷ്ടി കൂട്ടുകാരെ കാണിച്ചപ്പോള്‍ നല്ല അഭിപ്രായം കിട്ടി. പിന്നെ ഫേസ്ബുക്കിലിട്ടപ്പോള്‍ അതിലും നല്ല പ്രതികരണം. തുടര്‍ന്നങ്ങോട്ട് വ്യത്യസ്തമായ നാടുകളെ പേരിനൊപ്പം ഇത്തരം ഉപകരണങ്ങളെയും സാധനങ്ങളെയും ചേര്‍ത്ത് പോസ്റ്റ് ചെയ്തു. അതാത് നാട്ടുകാരാണ് പോസ്റ്റുകളെ ആവേശത്തോടെ സ്വീകരരിക്കുന്നതെന്ന് ഉനൈസ് പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ നാടിനെ കുറിച്ച് ഒരു ഇമേജ് ക്രിയേറ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നവര്‍ നിരവധിയാണെന്നും ഉനൈസ് പറയുന്നു. നാടിന്റെ പൂര്‍ണ ചരിത്രം കൂടി പറയുന്ന പ്രത്യേക പേജ് ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം. വിവരസാങ്കേതിക വിദ്യയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് സ്വന്തമായി ഇടം നേടുകയാണ് ഉനൈസിന്റെ ആഗ്രഹം.
ഏറെ പിന്തുണയും അഭിനന്ദനവും ലഭിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ മോഷ്ടാക്കള്‍ക്ക് മുന്നില്‍ ഉനൈസ് ദു:ഖിതനാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അവ കട്ടെടുത്ത് തങ്ങളുടെ പേരിലാക്കി വിലസുന്നുണ്ടാവും ചിലര്‍. ഇത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നാണ് ഉനൈസിന്റെ പരിഭവം.