Thursday, July 28, 2016
Saturday, July 23, 2016
Saturday, July 9, 2016
ഉമ്മ ഉറങ്ങാത്ത പെരുന്നാള്‍
എബി കുട്ടിയാനം
ബാല്ല്യത്തിന്റെ ഓര്‍മ്മകള്‍ക്കുമപ്പുറം... ജീവിതം തിരിച്ചറിയുന്നതിനും മുമ്പ്...മുട്ടിലിഴഞ്ഞ് നീങ്ങുന്ന പ്രായത്തിനും എത്രയോ മുമ്പ് ...മോണ കാട്ടി പുഞ്ചിരിച്ച നാളുകളിലെന്നോ ആണ് നമ്മള്‍ ആദ്യമായി പെരുന്നാള്‍ ആഘോഷിച്ചത്...
ഭൂമി കാണുന്നതിനും മുമ്പേ, ലോകം കണ്ട് കരയുന്നതിനും മുമ്പേ ഉമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെ ഞാനും നീയും പെരുന്നാളിന്റെ അപ്പം രുചിച്ചിട്ടുണ്ടാവും...
ഓരോ പെരുന്നാളിനെക്കുറിച്ചെഴുതുമ്പോഴും അറുത്തമാറ്റാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധം പോലെ ഉമ്മ ഉള്ളില്‍ നിറയും...
പെരുന്നാള്‍ എന്തെന്നറിയാത്ത പ്രായം...ബേബി പൗഡറിന്റെ സുഗന്ധത്തില്‍ തൊട്ടിലില്‍ കിടന്നുറങ്ങുന്ന ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ അരികിലെത്തിയ പെരുന്നാളിനെ ഉമ്മ പേരിട്ട് വിളിച്ചത് മോന്റെ കോടി പെരുന്നാള്‍ എന്നായിരുന്നു...ഒന്നുമറിയാത്ത ആ കുഞ്ഞുന്നാളില്‍ വിരുന്നെത്തിയ ആ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലെ ആദ്യത്തെ പെരുന്നാളിയിരുന്നു. ആഘോഷിക്കാനറിയാത്ത ആ സമയത്ത് ആഹ്ലാദവും ആഘോഷവുമെല്ലാം ഉമ്മയുടെ ഹൃദയത്തിലും മുഖത്തുമായിരുന്നു...നമ്മുടെ വരവ് തന്നെ പെരുന്നാളായ ഉമ്മായ്ക്ക് യഥാര്‍ത്ഥ പെരുന്നാള്‍ കൂടി വന്നണിയുമ്പോള്‍ അത് പറഞ്ഞറിയിക്കാനാവാത്ത വികാരമായി മാറും...
000 000 000
നാട് മുഴുവന്‍ ആഘോഷിക്കുമ്പോഴും എല്ലാ ആഘോഷവും മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി മാറ്റിവെക്കുന്ന മനുഷ്യ രൂപങ്ങളാണ് ഓരോ ഉമ്മമയും....മണ്ണും മനസ്സും ആഹ്ലാദത്തിന്റെ തക്ബീറ് ചൊല്ലുമ്പോഴും ഉമ്മ മാത്രം അടുക്കളയില്‍ അപ്പങ്ങളോടൊപ്പം സ്വയം വേവുകയായിരിക്കും...പെരുന്നാള്‍ ദിവസം പതിവിലുമേറെ നേരത്തെ ഉണരുന്ന ഉമ്മ ആരോടും പരാതിയോ പരിഭവമോ പറയാതെ ആഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും (എബി കുട്ടിയാനം)നടത്തുന്നുണ്ടാവും...അപ്പം ചുട്ടുവെക്കുന്നതും കറിക്ക് അരിയുന്നതും അന്നത്തെ പ്രഭാത ഭക്ഷണമൊരുക്കുന്നതുമടക്കം എല്ലാം ഒരേ നിമിഷം ചെയ്തു തീര്‍ക്കുന്ന മായാജാലക്കാരിയാണ് ഉമ്മ...അതിനിടയില്‍ ഇറച്ചി മുറിക്കുകുയും ജ്യൂസ് അടിക്കുകയും പപ്പടം പൊരിക്കുകയും നെയ്‌ച്ചോറിന് വെള്ളം ചൂടാക്കുകയും ചെയ്യും..അതിനിടയില്‍ തന്നെ ഉപ്പായ്ക്ക് ഇസ്തിരിയിട്ടുകൊടുക്കണം, കുഞ്ഞുപെങ്ങളുടെ മൈലാഞ്ചി കഴുകികൊടുക്കകയും കുഞ്ഞനുജനെ കുളിപ്പിച്ചൊരുക്കകയും വേണം....തിരക്കുകളോട് യുദ്ധം ചെയ്യുന്നതിനിടയില്‍ ഉപ്പ വാങ്ങാന്‍ മറന്നുപോയ ഇറച്ചി മസാല തേടിയിട്ട് അപ്പുറത്തെ വീട്ടിലേക്ക് ഓടും...ഓടുമ്പോഴും വീട്ടിലെ അടുക്കളയില്‍ ഉമ്മയുടെ കണ്ണും മനസ്സുമുണ്ട്...ഇടവേളയില്ലാത്ത ഈ തിരക്കുനേരത്ത് ഇടയിലെപ്പോഴോ പെങ്ങള്‍ക്ക് വിളിക്കും, പെരുന്നാള്‍ വിഭവങ്ങളെക്കുറിച്ച് അവളോട് തിരക്കും......ചാച്ചാന്റെ ഫോണ്‍കോളിന് മറുപടി പറയും...ഇടയ്‌ക്കൊന്ന് ടിവിയിലേക്ക് എത്തി നോക്കി പാളയം പള്ളിയിലെ പെരുന്നാള്‍ നിസ്‌ക്കാരം കാണും...
ഒരു നാടിനെ മുഴുവന്‍ ഊട്ടിക്കാനുള്ള ആത്മാര്‍ത്ഥതയ്ക്കിടയില്‍ ആഘോഷത്തിന്റെ പെരുമയത്രയും ഉമ്മ മറന്നുപോകും...ഒരു ദിവസം അമ്പതുകിലോമീറ്ററിലേറെ വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഉമ്മയുടെ പാച്ചില്‍ പെരുന്നാള്‍ ദിവസം അതിന്റെ ഇരട്ടിയായി ഉയരും...അതായത് കാസര്‍കോട്ട് നിന്ന് മംഗാലാപുരത്തേക്കുള്ളത്ര ദൂരം ഒരു ദിവസം ഉമ്മ വീട്ടിനുള്ളിലൂടെ നടന്നു തീര്‍ക്കുന്നുണ്ട്...പെരുന്നാള്‍ ദിവസമത് കാസര്‍കോട്ടു നിന്ന് ഉഡുപ്പിയിലേക്കുള്ള ദൂരമായി മാറും...
ചോറും കറിയും ഒരുക്കുന്ന തിരക്കിനിടയിലും ഉമ്മ നമ്മുടെ കുപ്പായത്തിന്റെ മൊഞ്ച് കാണും...ഹൊ...ചേലായിട്ടുണ്ടല്ലോട എന്ന് പറഞ്ഞ് മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ച് കളയും.... നമ്മള്‍ ചെയ്യുന്ന എന്തും ഉമ്മായ്ക്ക് നല്ലകാര്യമാണ്, നമ്മള്‍ അണിയുന്ന ഏതു വേഷവും ഉമ്മയുടെ കണ്ണിന് അഴകുള്ള കാഴ്ചയാണ്...
000 000 000
എന്റെ ഓരോ പെരുന്നാളിനും ഉമ്മയുടെ മുഖമാണ്...നിലാവ് കണ്ട രാത്രിയില്‍ ഉമ്മ ഉമ്മയുടെ ബാല്യത്തിലെ പെരുന്നാളനുഭവം പറയും...
പള്ളിമുക്രിച്ചാന്റടുത്തേക്ക് കോഴി അറുക്കാന്‍ പോയതും നെയ്യപ്പത്തിലും നെയ്പത്തിരിയിലും അപ്പങ്ങളുടെ പൊലിമ തീര്‍ത്തതും പെരുന്നാള്‍ പാട്ടുകേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അരികില്‍ കാതുകൂര്‍പ്പിച്ചിരുന്നതും പോയകാലത്തിന്റെ മധുരമായിരുന്നുവെന്ന് ഉമ്മ പറയുമ്പോള്‍ മനസ്സിനുള്ളിലൂടെ ഗൃഹാതുരത്വത്തിന്റെ ഒരു പുഴ ഒഴുകുന്നുണ്ടാകും...ബൈക്കും കാറുമില്ലാത്ത കാലത്ത് കുടചൂടി പള്ളിയിലേക്കും ബന്ധുവീടുകളിലേക്കും പോയത് മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ഓര്‍മ്മയാണ്...
000 000 000
പെരുന്നാളിന്റെ പുലരയില്‍ ഉമ്മ കുളിപ്പിച്ചൊരുക്കിയ ആ ബാല്യം നിങ്ങളും ഓര്‍ക്കുന്നില്ലെ...
കുളിപ്പിച്ച് എണ്ണതേച്ച് പുതിയ ഉടുപ്പുകളണിയിച്ച് തലയില്‍ ഒരു തൊപ്പിയും ഇട്ടു തന്ന് പള്ളിയിലേക്ക് അയക്കുന്ന ഉമ്മയുടെ ചിത്രം നിങ്ങളുടെ മനസ്സിലുമില്ലെ...ഉമ്മയുടെ കയ്യില്‍ നിന്ന് പെരുന്നാള്‍ പണം വാങ്ങി പണസമാഹരണത്തിന് തുടക്കം കുറിച്ച് ഒടുവില്‍ രാത്രി എവിടെ നിന്നെക്കെയോ കിട്ടിയ ഒരുപാട് നോട്ടുകളുമായി ഉമ്മയുടെ അരികിലേക്ക് ഓടിയെത്തിയൊരു ഇന്നലകള്‍ നിങ്ങള്‍ക്കുമുണ്ടായിരുന്നില്ലെ...
നമ്മള്‍ ഓരോ വീടുകളും കയറിയിറങ്ങി വയറു നിറച്ചുവരുമ്പോഴും ഒരു ഗ്ലാസ് വെള്ളംപോലും കുടിക്കാതെ കൂടെ കഴിക്കാന്‍ വേണ്ടി ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്നുണ്ടാവും പാവം ഉമ്മ...ഉമ്മ എനിക്ക് വേണ്ടെന്ന് പറയുമ്പോള്‍ അള്ളാ, പുരയില്‍ നിന്ന് കഴിക്കാതിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അരികിലിരുത്തി വിളമ്പിത്തരും നമ്മുടെ ഉമ്മ...
കൂട്ടുകാരൊക്കെ ബേക്കലത്തെ കോട്ടചുറ്റികാറ്റുകൊള്ളാന്‍ പോകുമ്പോള്‍ എന്റെ മോനി പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ പോയ്‌ക്കോളു എന്ന് പറഞ്ഞ് പണം തന്ന് പറഞ്ഞയച്ച ഉമ്മയുടെ ആ സ്‌നേഹത്തിന് പകരമാവില്ല ഇന്ന് വാങ്ങി കൊടുക്കുന്ന ഒരു പട്ടുസാരിയും...
000 000 000
സമ്പന്നതയില്‍ നിന്ന് ദാരിദ്രത്തിലേക്ക് വീണുപോയപ്പോള്‍ അസ്തമിച്ചുപോയ പ്രതാപത്തിനിടയില്‍ (എബി കുട്ടിയാനം)പെരുന്നാള്‍ പോലും ആശങ്കയുടെ ദിനങ്ങളായപ്പോള്‍ ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും തവണ വ്യവസ്ഥയില്‍ ഉമ്മ വാങ്ങിതന്ന കുപ്പായങ്ങള്‍ എന്റെ ഉള്ളില്‍ കണ്ണീരിന്റെ നൂല് കോര്‍ക്കുന്നു...കൂട്ടുകാരൊക്കെ പുതിയ കുപ്പായമിടുമ്പോള്‍ എന്റെ മോന്‍ മാത്രം പഴയവസ്ത്രം ധരിച്ച് പള്ളിയിലേക്ക് പോകേണ്ട അവസ്ഥയുണ്ടാവരുതെന്ന് പറഞ്ഞ് എവിടെയൊക്കെയോ കൂട്ടിവെച്ച നാണയതുട്ടുകള്‍ ഇന്‍സ്റ്റാള്‍മെന്റുകാരന് എടുത്തുനല്‍കുമ്പോള്‍ ഉമ്മയുടെ മുഖത്ത് കണ്ണീരും സന്തോഷവും ഒരുപോലെ നിറയും...ഉമ്മായ്ക്ക് വേണ്ടി ഒന്നും വാങ്ങാതെയാണ് എന്റെ പെരുന്നളുടുപ്പുകള്‍ ഉമ്മ വാങ്ങിയിരുന്നത്... എല്ലാ സൗഭാഗ്യവും കണ്‍മുന്നിലൂടെ ഒഴുകിപോയതിന്റെ ദു:ഖം ഉമ്മ സ്വയം അനുഭവിച്ച് തീര്‍ക്കും....നമ്മള്‍ ഇങ്ങനെയൊന്നും ജീവിക്കേണ്ടവരായിരുന്നില്ലെന്ന് ഉമ്മ പറയാതെ പറയുമ്പോള്‍ ഉമ്മയുട ഉള്ളില്‍ ഇളകിമറിയുന്ന നൊമ്പരകടലിന്റെ ആഴം ഞാന്‍ വായിച്ചെടുക്കുറുണ്ട്...
ഇന്ന് പെരുന്നാള്‍ പര്‍ച്ചേസിന് വേണ്ടി നഗരത്തിലിറങ്ങുമ്പോള്‍ ഞാന്‍ ആദ്യം ഉമ്മയ്ക്കുള്ള വസ്ത്രങ്ങളും ചെരുപ്പും വാങ്ങും. എനിക്ക് വാങ്ങുന്നതിന് മുമ്പ് ഉമ്മയുടേത് വാങ്ങിവെക്കണമെന്നത് എന്റെ നിര്‍ബന്ധം മാത്രമല്ല വലിയ ആഗ്രഹം കൂടിയാണ്...അന്ന് ഉമ്മായ്ക്ക് ഒന്നും വാങ്ങാതെ എനിക്ക് വേണ്ടി മാത്രം കുപ്പായങ്ങള്‍ വാങ്ങിയ ഉമ്മയോടുള്ള കടപ്പാട് അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് എനിക്ക് തീര്‍ക്കാന്‍ കഴിയുക...
00 00 000
ഉമ്മ തന്നെ ഒരു പെരുന്നാളാണ്...ഉമ്മ ഉണ്ടാക്കുന്ന അപ്പങ്ങള്‍ക്കും കറികള്‍ക്കും വല്ലാത്തൊരു ടേസ്റ്റായിരിക്കും...ഏതു സ്റ്റാര്‍ ഹോട്ടലില്‍ നിന്നും അങ്ങനെയൊരു ഭക്ഷണം കിട്ടില്ല...ഉപ്പിനും മുളകിനും പകരം വാത്സല്ല്യവും സ്‌നേഹവും സമാസമം ചേര്‍ത്താണ് ഉമ്മ കറിയൊരുക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്...
അടുക്കള ഉമ്മയുടെ (എബി കുട്ടിയാനം)ഒരു ലോകമാണ്...ആ ലോകത്തിനുള്ളിലെ രാജ്ഞിയാണ് ഉമ്മ...ആരുടെയും പിന്തുണയില്ലാതെ തന്നെ ഉമ്മ അവിടെ സുന്ദരമായി ഭരണം നടത്തും...പെരുന്നാള്‍ ദിവസം ഉമ്മയ്ക്ക് അന്നവിടെ ദേശിയ ഉത്സവമാണ്...ഒന്നിനും സമയമില്ലാത്ത തിരിക്കിലായിരിക്കും ഉമ്മ അന്ന്...
നമ്മള്‍ ഫേസ്‌ക്രിം തേച്ച് വെളുത്തകുട്ടപ്പനായി അടിച്ചുപൊളിക്കുമ്പോള്‍ ഉമ്മ കല്ലടുപ്പിനരകിലിരുന്ന് ഊതിയൂതി കറുത്ത്‌പോയിട്ടുണ്ടാവും...ഉച്ചയായിട്ടും ഊണുകഴിക്കാനെത്താത്ത നമ്മെ കാത്ത് ഡയല്‍ ചെയ്ത് ഡയല്‍ ചെയ്ത് ഉമ്മയുടെ കൈവിരലുകളില്‍ തഴമ്പ് വന്നിട്ടുണ്ടാവും...
കാത്തിരുന്ന് കാത്തിരുന്ന് ഉമ്മയുടെ മുന്നിലെ പുഴയും മെലിഞ്ഞുപോയിട്ടുണ്ടാവും...
നമുക്ക് വേണ്ടി അടുക്കളയില്‍ വെന്തുരുകുന്നതിനിടയില്‍ പുതിയ ഉടുപ്പ് പോലും അണിയാന്‍ ഉമ്മായ്ക്ക് നേരമുണ്ടാവില്ല...എല്ലാം തിരക്കും കഴിയമ്പോഴേക്ക് ഉമ്മയ്ക്ക് മുന്നിലൂടെ ഒരു പെരുന്നാള്‍ സലാം പറഞ്ഞ് കടന്നുപോയിട്ടുണ്ടാവും...
Subscribe to:
Posts (Atom)