Monday, December 26, 2016

അടര്‍ന്നുവീഴുന്ന കലണ്ടര്‍

എബി കുട്ടിയാനം

കാലം എല്ലാം ഒരിക്കല്‍ തിരിച്ചു ചോദിക്കും...
നിന്റെ സൗന്ദര്യവും നിന്റെ സമ്പത്തും
എല്ലാം കാലം തിരികെ വാങ്ങും
   000              000            000

ഒരു സന്ധ്യകൂടി മയങ്ങുന്നു...ഒരു സൂര്യന്‍ കൂടി മറയുന്നു...ഒരു പകല്‍കൂടി വിടവാങ്ങുന്നു..കാലവും കലണ്ടറും അതിന്റെ ജോലി തീര്‍ത്ത് മടങ്ങിപോവുകയാണ്...
പ്രിയപ്പെട്ട കൂട്ടുകാര, എല്ലാം നേടിയിട്ടും  ഒന്നും നേടാത്തവരായി മാറുകയാണ് നമ്മള്‍...കാലത്തിന്റെ കല്‍പ്പനയ്ക്കു മുന്നില്‍ ഞാനും നീയും വീണ്ടും തോറ്റിരിക്കുന്നു...
ഡിസംബര്‍... നീ സമ്മാനിച്ച കുളിരത്രയും ഒരു ചൂടുകാലത്തിനുമുമ്പുള്ള കബളിപ്പിക്കല്‍ മാത്രമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു...എത്ര മഞ്ഞുപെയ്താലും  വിയര്‍ത്തൊലിക്കുന്ന ചൂടുമായി മാര്‍ച്ചും എപ്രീലും വരാതിരിക്കില്ലല്ലൊ...
ഓരോ പുതുവര്‍ഷവും വലിച്ചെറിയാനുള്ള പുതിയ പ്രതിജ്ഞയുടെ ഡയറിതാളുകളാണെന്ന് കാലം  വിളിച്ചുപറയുന്നുണ്ട്...
കാലമേ... ബാല്യത്തില്‍ നിന്ന് ബാല്യക്കാരനിലേക്കുള്ള യാത്ര എത്ര വേഗതയിലായിരുന്നു...ഒരു തീവണ്ടിപോലെ നീ എന്റെ മുന്നിലൂടെ പാഞ്ഞുപോയപ്പോള്‍ വഴിയരികിലെ കാഴ്ചക്കാരന്‍ മാത്രമായി മാറിപോയി ഞാന്‍...
വക്കുപൊട്ടിയ സ്ലേറ്റില്‍ മഷി തണ്ടുകൊണ്ട് പേരെഴുതിയ കാലം ഞാന്‍ ഓര്‍ത്തുപോവുകയാണ്...പച്ച മാങ്ങ ഉപ്പുകൂട്ടി തിന്നതും പുളിമരകൊമ്പില്‍ വലിഞ്ഞുകേറി പച്ചപുളിയുടെ രുചിയറിഞ്ഞതും ഇന്നലെയന്നതുപോലെ മനസ്സില്‍ തെളിയുന്നു...എബി കുട്ടിയാനം)മണ്ണപ്പം ചുട്ടുകളിച്ച ബാല്യമേ ഒരു വട്ടം കൂടി കടന്നുവരുമോ കണ്‍മുന്നിലൂടെ...
മുറ്റത്തെ തൈമാവിന്റെ അടിയില്‍ കെട്ടിപ്പൊക്കിയ കൊച്ചു കുടിലില്‍ ഇലകളരിഞ്ഞ് കറിവെച്ചിരുന്ന നെജു ഇപ്പോള്‍ വീട്ടിന്റെ കിച്ചണില്‍ പുതിയ കുക്കറി ഷോ തീര്‍ക്കുന്നുണ്ടാകും...മണ്ണരച്ച് അപ്പം ചുട്ടിരുന്ന അവളിപ്പോള്‍ അതേ ആവേശത്തോടെ വിരുന്നുകാര്‍ക്കുമുന്നില്‍ അപ്പങ്ങളമ്പാടും ചുട്ടുവെക്കുന്നുണ്ടാകും...
കാലമേ....കണ്ണിമാങ്ങയുടെ ചുനയേറ്റ് പൊള്ളിപ്പോയ പാട് എന്റെ കവിളത്ത് ഇപ്പോഴും ബാക്കിയുണ്ട് കേട്ടോ...
കാലമേ...എത്ര പെട്ടന്നാണ് നീ പാഞ്ഞുപോകുന്നത്...മഴ ചൊരിഞ്ഞതും പുഴ നിറഞ്ഞതും നിന്റെ ഓട്ടപ്പാച്ചിലിനിടയിലാണ്...സച്ചിന്‍ കളി തുടങ്ങിയതും കളി നിര്‍ത്തിയതും ഈ വഴിയരികില്‍വെച്ച് ഞങ്ങള്‍ കണ്ടു...ജീവിക്കാന്‍ ഭൂമിയും ആകാശവുമില്ലാതെ നടുക്കടലില്‍ നങ്കൂരമിട്ട് ഒടുവില്‍ മരിച്ചുവീണുപോയ ഐലാന്‍ കുര്‍ദി എന്ന കുഞ്ഞുമോന്റെ മുഖം കാലം പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...മഞ്ഞുതുള്ളിപോലെ ആര്‍ദ്രമായ പ്രണയത്തെക്കുറിച്ച് കവിതെഴുതാറുണ്ടായിരുന്ന കൂട്ടുകാരന്‍ ഷെമിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രണയത്തിന് എതിരായിരുന്നു...കാലമേ നീ ചിലപ്പോള്‍ എല്ലാം തിരുത്തി എഴുതിപ്പിക്കുമല്ലെ...
കാലമേ....തൂക്കാന്‍ ചുമരില്ലാത്ത എനിക്ക് മുന്നില്‍ പുതിയ കലണ്ടറുമായി എന്തിനാണ് നീ പിന്നെയും പിന്നെയും വിരുന്നുവരുന്നത്...
    000               000                  000
ജനുവരി വിരുന്നെത്തുന്നതിന്റെ സന്തോഷമല്ല, ഡിസംബര്‍ വിടപറയുന്നതിന്റെ ദു:ഖമാണ് മനസ്സില്‍...ആഹ്ലാദങ്ങള്‍ക്കുമപ്പുറം ഒരുപാട് നൊമ്പരങ്ങളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2016ഉം കടന്നുപോകുന്നത്...ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം അരിഞ്ഞുവീഴ്ത്തി കൊല്ലാകൊല ചെയ്യുമ്പോള്‍ ഒന്നും മിണ്ടാതെ നല്ല കാഴ്ചകാരിയായി മാറുന്ന ആന്‍ സൂചിയുടെ മുഖം ഒരു ചോദ്യമായി മനസ്സിനെ പൊതിയുന്നു...സമാധാനത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയ ഒരാള്‍ക്ക് എങ്ങനെയാണ്  ഒരു കൂട്ടക്കൊലയ്ക്ക് മൗന സമ്മതം നല്‍കാന്‍ കഴിയുന്നതെന്ന ചോദ്യമാണ് 2016ലെ ഏറ്റവും ദയനീയത നിറഞ്ഞ ചോദ്യങ്ങളിലൊന്ന്...നോട്ടു പ്രതിസന്ധിയില്‍ പെരുവഴിയിലായിപ്പോയ പാവങ്ങള്‍ ഇപ്പോഴും ബാങ്ക് മുറ്റത്ത് വെയിലുകൊള്ളുന്നുണ്ട്...മോദി ജി....അച്ഛന്‍ ദിന്‍ ഞങ്ങള്‍ വേണ്ട, ആ സാദാ ദിന്‍ ഒന്ന് തിരിച്ചുതരുമോ എന്ന് ജനം സങ്കടത്തോടെ ചോദിച്ചതും 2016ല്‍ വെച്ചാണ്...ഒരു ജനപ്രതിനിധി ഒരു ജനതയുടെ അമ്മയായി മാറിയ ജയലളിതയുടെ മരണം വരുത്തിവെച്ച ശൂന്യത ഇനി ഏതു കാലത്തിനാണ് മായ്ക്കാനാവുക...ജയലളിതയെപോലൊരു ഭരണാധികാരി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് നിക്ഷ്പക്ഷമതികള്‍ പോലും ആഗ്രഹിച്ചുപോയ നേരത്താണ് കാലം അവരെ കൊണ്ടുപോയത്...
അമേരക്കയുടെ തലപ്പത്ത് ട്രംപ് വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും ബാക്കിയുണ്ട് ഓരോ മുഖത്തും....ട്രംപ് അമേരിക്കന്‍ നായകാനാവുന്നു എന്ന വാര്‍ത്ത കേട്ട അതേ വേളയിലാണ് ആരാഡാ എന്ന ചോദിച്ച ലോക പോലീസിനോട് ഞാനാഡാ എന്ന് ആണത്തത്തോടെ പറഞ്ഞ ലോക വിപ്ലവകാരി ഫിദല്‍കാസ്‌ട്രോയെ നമുക്ക് നഷ്ടമായത്...
വിടപറഞ്ഞകന്നിട്ടും ഹൃദയത്തില്‍ നിന്ന് മാഞ്ഞുപോകാത്ത മുഖമാണ് നമുക്ക് നമ്മുടെ കലാഭവന്‍ മണി...കാലമെത്ര കഴിഞ്ഞാലും ഓര്‍മ്മകള്‍ ഒരു നാടന്‍ പാട്ടായി മനസ്സിനുള്ളില്‍ താളമിട്ടുകൊണ്ടിരിക്കും...നടി കല്‍പ്പനയും നടന്‍ ജിഷ്ണുവും പോയത് ഈ വഴിയരികില്‍വെച്ചാണ്...ലോകത്തിന് ആത്മീയതയുടെ വെളിച്ചം പകര്‍ന്ന എത്രയെത്ര പണ്ഡിതന്മാരാണ് നമ്മെ അനാഥരാക്കിക്കൊണ്ട് കടന്നുപോയത്...സമസ്തയുടെ പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരുടെയും കോയകുട്ടി ഉസ്താദിന്റെയും വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണ്...ഗാന്ധിയന്‍ മാധേവേട്ടനും നമ്മെ വിട്ടുപോയി...പരവൂരിന്റെ ദു:ഖം നേര്‍ത്ത നൊമ്പരമായി പെയ്തിറങ്ങുന്നു...ആഘോഷപൊലിമയ്ക്കിടയില്‍ പൊട്ടിത്തെറിച്ച പടക്കങ്ങളില്‍ ഒരുപാട് ജീവിതങ്ങള്‍ പൊലിഞ്ഞുപോയപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായിപോയ കുഞ്ഞുമക്കള്‍ കൃഷ്ണയും കിഷോറും പോയവര്‍ഷത്തെ ഏറ്റവും വലിയ നൊമ്പരകാഴ്ചയായി മാറി...
ഓര്‍മ്മകള്‍ ഒരു വട്ടം കൂടി തിരുമുറ്റത്തെത്തുന്നു...മലയാളത്തിന്റെ കാവ്യമുഖം ഒ.എന്‍.വി.സാറിന് ആദരാജ്ഞലികള്‍...സത്യം ഇനിവരില്ല ഇതുപോലൊരു പ്രതിഭ...
ജിഷയുടെ കൊലപാതകം ഏറ്റവും വലിയ ഞട്ടലുകളിലൊന്നായി മാറിയപ്പോള്‍ അതിനേക്കാള്‍ വലിയ ഞെട്ടലായിരുന്നു സൗമ്യയെ പിച്ചിചീന്തികൊന്നുകളഞ്ഞ ഗോവിന്ദസ്വാമി തെറ്റുകാരനല്ലെന്ന് വിധിയെഴുതിയത്.
ഡിസിസിയുടെ അമരത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ചതും പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരതതിലെത്തിയതും രാഷ്ട്രീയരംഗത്ത് ശ്രദ്ധേയേമായ കാര്യങ്ങളായിരുന്നു...ജയരാജന്‍ പോയതും മണി വന്നതും വലിയ വര്‍ത്തമാനങ്ങളായി...
(എബി കുട്ടിയാനം)രജ്ഞിയില്‍ മുഹമമദ് അസ്ഹറുദ്ദീന്റെ പ്രകടനം ക്രിക്കറ്റില്‍ കാസര്‍കോടിന് അഭിമാനമായപ്പോള്‍ ഫുട്‌ബോളില്‍ മുഹമ്മദ് റഫിയും കാസര്‍കോട്ട് പഠിച്ച് വളര്‍ന്ന സി.കെ.വിനീതും വടക്കന്‍ പെരുമയുടെ വക്താക്കളായി മാറി. സച്ചിന്‍ സോറി, കേരളം ജയിക്കണമെന്നതിനപ്പുറം ഞങ്ങള്‍ക്ക് സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് ജയിക്കണമെന്നുണ്ടായിരുന്നു...എന്തു ചെയ്യാന്‍ കാലമല്ലേ പിന്നെയും ജയിക്കുന്നത്...സച്ചിന്‍ ഈ വഴിയില്‍ നമുക്ക് വീണ്ടും കാണണം...നമുക്ക് ആ കപ്പില്‍ മുത്തമിടണം...
2016ലെ ഏറ്റവും വലിയ കയ്യടികളിലൊന്ന് ട്രിപ്പിള്‍ സെഞ്ച്വറികൊണ്ട്ഇന്ദ്രജാലം കാണിച്ച കരുണ്‍ നായര്‍ക്കും ജൂനിയര്‍ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൊച്ചു മിടുക്കുന്മാര്‍ക്കുമുള്ളതാണ്...
 000             000                000
ചെന്നൈയിലെ വര്‍ധയും ഇസ്രായിലിലെ തീക്കാറ്റും  ഒരു ഓര്‍മ്മപ്പെടുത്തലാണ്...നമ്മുടെ എല്ലാ അഹങ്കാരങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം ദൈവത്തിന്റെ വിധിയും തീരുമാനങ്ങളുമുണ്ട് എന്ന വലിയ ഓര്‍മ്മപെടുത്തല്‍്...മണലെടുത്തെടുത്ത് പുഴയെ കൊന്നൊടുക്കുന്ന നാട്ടില്‍, മരങ്ങള്‍ വെട്ടി വെട്ടി പ്രകൃതിയെ അരിഞ്ഞുവീഴ്ത്തുന്ന നാട്ടില്‍ തീ മഴ പെയ്യാതിരിക്കട്ടെ...
ലോകം അവസാനിക്കാറാകുമ്പോള്‍ കൊലകള്‍ വര്‍ദ്ധിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്...കൊല്ലുന്നവന് അറിയില്ലെത്രേ ഞാന്‍ ആരെയാണ് കൊല്ലുന്നതെന്നും എന്തിനുവേണ്ടി കൊല്ലുന്നുവെന്നും...മരിക്കുന്നവനും അറിയില്ലത്രെ എന്നെ എന്തിന് കൊല്ലുന്നുവെന്ന്...
ക്വട്ടേഷന്‍ ടീമുകള്‍ കാര്യങ്ങള്‍ നടപ്പാക്കി മടങ്ങിപോകുന്ന വര്‍ത്തമാനകാലത്ത് മനസ്സ് ചോദിച്ചുപോകുന്നത് ഇതാണ്...ഒരു പകയോ വിദ്വോഷമോ ഒന്നുമില്ലാതെ ആരോ പറഞ്ഞതനുസരിച്ച് ഒരാള്‍ക്ക് എങ്ങനെയാണ് മറ്റൊരു മനുഷ്യനെ  കൊല്ലാന്‍ കഴിയുന്നത്...
പാര്‍ട്ടിക്ക് രക്തസാക്ഷിയുണ്ടാവുന്നുവെന്ന ആഹ്ലാദത്തിനുമപ്പുറം മകന്‍ നഷ്ടപ്പെട്ടുപോകുന്ന അമ്മയുട തീരാത്ത വിലപം നിങ്ങള്‍ കേള്‍ക്കാറുണ്ടോ...ഓരോ കലണ്ടര്‍ താളും എത്രയോ അമ്മമാരുടെയും ഭാര്യമാരുടെയും കണ്ണീര് വീണ് ചുവന്നുപോകുന്നുണ്ട്...
   000                     000                       000
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് പറഞ്ഞു. ഒരു വാചകം ചുവരില്‍ എഴുതണം...പക്ഷെ ഒരു നിബന്ധനയുണ്ട്...
സന്തോഷമുള്ളപ്പോള്‍ നോക്കിയാല്‍ ദു:ഖവും ദു:മുള്ളപ്പോള്‍ നോക്കിയാല്‍ സന്തോഷമുള്ളതുമായിരിക്കണം ആ വാചകം...
ബീര്‍ബല്‍ എഴുതി
ഈ സമയവും കടന്നുപോകും...



 


Thursday, December 15, 2016

ജാവി ഇല്ലാത്ത ഒരു വര്‍ഷം





എബി കുട്ടിയാനം

 വീണ്ടും അതേ ഡിസംബര്‍.....മഴപോലെ മഞ്ഞുപെയ്യുന്നു...ഭൂമി നിറയെ തണുപ്പിന്റെ സുഗന്ധമാണ്...നനുത്ത കാറ്റും വെളുത്ത പകലും....മണ്ണിനിപ്പോള്‍ മതിപ്പിക്കുന്ന ഗന്ധമാണ്...മഴപോലെ മനോഹരമാണ് ഓരോ മഞ്ഞുകാലവും, പക്ഷെ പറഞ്ഞിട്ടെന്ത് ഈ മഞ്ഞുതുള്ളികളത്രയും എനിക്ക് സങ്കടത്തിന്റെതാണ്...ഞങ്ങളുടെ ജാവിയില്ലാത്ത ഒരു വര്‍ഷമാണ് കണ്‍മുന്നിലൂടെ കടന്നുപോകുന്നത്....

കഴിഞ്ഞ വര്‍ഷം ഇതുപോലെ മഞ്ഞുപെയ്യുന്ന ഒരു ദിവസമായിരുന്നു ഞങ്ങളുടെ ജാവി ഞങ്ങളെ വിട്ടുപോയത്...മഞ്ഞുകാലത്തിന്റെ കുളിരുമായി ഇനി എത്ര ഡിസംബര്‍ കണ്‍മുന്നില്‍ വന്നാലും ഒരു കുളിരും സമ്മാനിക്കാതെ ഞങ്ങള്‍ക്കുമുന്നിലത് ചുടുകണ്ണീരിന്റെ സങ്കടകടല്‍ തീര്‍ത്തുകൊണ്ടിരിക്കും...
ആരോടും ഒരു യാത്രമൊഴിപോലും പറയാതെ, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വിടപറഞ്ഞകന്നുപോയ ജാവിയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...വീട്ടിന്റെ വരാന്തയില്‍ കുട്ടികളെ കളിപ്പിച്ചും അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറഞ്ഞും തോട്ടത്തിലൂടെ ചുറ്റിക്കറങ്ങിയും ജാവി ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിച്ചുപോവുകയാണ്...അവന്‍ മാമാന്റെ വീട്ടിലേക്ക് ജീപ്പോടിച്ച് പോയിരിക്കുകയാണ് കരുതാനാണ് മനസിനിഷ്ടം...
ജാവിയില്ലാത്ത ഒരു വര്‍ഷമാണ് കണ്‍മുന്നിലൂടെ കടന്നുപോയതെന്ന് ഞങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കേണ്ടത്...ഓരോ നിശ്വാസത്തിലും അവന്‍ ഞങ്ങളുടെ കൂടെയുണ്ട്...

ഇല്ല ഡാ, ജാവി നീ മരിച്ചിട്ടില്ല ഡാ, ജീവിച്ചിരിക്കുന്നതിനേക്കാള്‍ തിളക്കത്തോടെ  നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുകയാണിപ്പോള്‍..

ഞങ്ങളുടെ ജാവി നാട്ടാകാര്‍ക്കും കുടുംബക്കാര്‍ക്കും എന്തുമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അവന്‍ മരിച്ചപ്പോഴാണ്...ഓടിയെത്തിയ ജനസാഗരം അല്‍ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു....രാത്രി ഏറെ വൈകിയിട്ടും ഒഴുകിയെത്തിയ ഓരോ മനുഷ്യന്റെ കണ്ണിലും ജാവിയോടുള്ള ഇഷ്ടവും ആ വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാത്ത സങ്കടവും കാണാമായിരുന്നു...കഴിഞ്ഞാഴ്ച പൊവ്വല്‍ വലിയ ജമാഅത്ത് പള്ളിയിലെത്തിയപ്പോള്‍ ചെപ്പുവാണ് പറഞ്ഞത് ഈ പള്ളിയില്‍ ആളുകള്‍ നിറഞ്ഞുകവിഞ്ഞ മയ്യിത്ത് നിസ്‌ക്കാരങ്ങളിലൊന്ന് ജാവിയുടെ മയ്യിത്ത് നിസ്‌ക്കാരമായിരുന്നു...രാത്രി ഏറെ വൈകിയിട്ടും അവനുവേണ്ടി നിസ്‌ക്കരിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്...അത് ഞങ്ങളുടെ ജാവിയുടെ മനസ്സിന്റെ നന്മയുടെ തെളിവായിരുന്നു...പ്രാര്‍ത്ഥിക്കാനും നിസ്‌ക്കരിക്കാനും നല്ലതുപറയാനും എത്രയെത്ര ആളുകളാണ് ഓടിയെത്തിയത്...
പാവങ്ങളെ സഹായിക്കുന്നതില്‍ ഒരുപാട് താല്പര്യം കാണിച്ചിരുന്ന ജാവി എന്നോട് പറയാന്‍ ബാക്കിവെച്ച ഒരു പാവം കുടുംബത്തിന്റെ ദയനീയ കഥ ജാവി മരിച്ച ശേഷം അവന്റെ ഉമ്മയാണ് എന്നോട് വിളിച്ചുപറഞ്ഞത്. ഉമ്മയോട് സംസാരിക്കാന്‍ വേണ്ടി പോകണമെന്ന് പലവട്ടം പ്ലാന്‍ ചെയ്തുവെങ്കിലും എന്തോ എനിക്ക് പോകുവാനേ കഴിഞ്ഞില്ല. എന്തോ , ജാവിയില്ലാത്ത വീട് എനിക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല....അങ്ങോട്ട് പോകാനേ തോന്നുന്നില്ല....വീട്ടിലേക്ക് അടുക്കുംതോറും ഹൃദയം നൊമ്പരം കൊണ്ട് നീറും....ജാബിയുടെ കോള്‍ അറ്റന്റ് ചെയ്യാത്തതിനും അവന്‍ കാണാന്‍ വേണ്ടി വിളിച്ചപ്പോഴൊന്നും പിന്നെ കാണ ഡാ, ഇപ്പോള്‍ ജസ്റ്റ് ബിസിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതിനും ഞാന്‍ എന്ത് ന്യായീകരണമാണ് അവന്റെ ഉമ്മയോട് പറയേണ്ടത്..കുറ്റബോധം കൊണ്ട് നീറുകയാണ് എന്റെ മനസ്സ്...
ഡാ, നാളെ കാണാമെന്ന് പറയാന്‍ മൊബൈലിന്റെ പത്തക്ക നമ്പറിനപ്പുറം ഇനി എന്റെ ജാവിയില്ല...ഒരു വാട്‌സ്ആപ്പിലും അവനെ കിട്ടില്ല....ഫേസ്ബുക്കിന്റെ ഇന്‍ബോക്‌സിലേക്ക് മെസേജ് അയച്ച് കാത്തിരുന്നാലും അവന്‍ വരില്ല...

.
ഡാ മോനെ....ഓരോ മഞ്ഞുതുള്ളിയും നിന്നെ ഓര്‍മ്മിപ്പിക്കുന്നു...ഓരോ പ്രഭാതങ്ങള്‍ക്കും നിന്റെ മുഖമാണ്....കാലമെത്ര കഴിഞ്ഞാലും ലോകം എത്ര മാറിയാലും നീ പറഞ്ഞ നല്ല വാക്കും നിന്റെ നല്ല പുഞ്ചിരിയും ഒരു പൂക്കാലമായി മനസില്‍ നിറഞ്ഞുനില്‍ക്കും...
 പ്രിയപ്പെട്ട ജാവി...നീയില്ലാത്ത ലോകത്ത് ഞങ്ങള്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു...ഡാ, മോനെ ആളുകള്‍ക്കുമുന്നില്‍ ചിരിച്ചപ്പോഴും ഉള്ളില്‍ നിന്നെ ഓര്‍ത്ത് കരയുകയായിരുന്നു...നിന്റെ വേര്‍പ്പാട് അത്ര വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിവെച്ചത്....
മനസിലായ ഞാന്‍ ജാവിയാണ് എന്ന് പറഞ്ഞ് വിളിക്കാന്‍ അപ്പുറത്ത് നീയില്ലെന്നറിയുമ്പോഴും നിന്റെ ഏയര്‍ടെല്‍ നമ്പറില്‍ നിന്നുള്ള ഒരു വിളിക്കുവേണ്ടി ഞാന്‍ വെറുതേ ആശിച്ചുപോകാറുണ്ടിപ്പോഴും

സ്‌നേഹത്തിന്റെ ആ വഴിയടഞ്ഞിട്ട് ആറു് വര്‍ഷം


എബി കുട്ടിയാനം
മഴപോലെ മഞ്ഞുപെയ്യുന്ന ഡിസംബര്‍, ഓരോ മണ്‍തരിക്കും ഹേമന്തകാലത്തിന്റെ കുളിരാണ്. മനസിനെയും മണ്ണിനെയും ഒരുപോലെ തൊടുന്നുണ്ടത്.
ഓരോ ഡിസംബറും, ഡിസംബറിന്റെ മഞ്ഞും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ അടയാളമാണ്. പക്ഷെ, എന്നിട്ടും ഈ ഡിസംബര്‍ എന്നെ കുളിരണിയിക്കുന്നില്ല. നേര്‍ത്ത നൊമ്പരമായി വന്ന് അതെന്നെ തൊടുകയാണിപ്പോള്‍.
ഇതുപോലൊരു ഡിസംബറിന്റെ സായാഹ്‌നമായിരുന്നു ഞങ്ങളുടെ അഭിവന്ദ്യനായ അഹമ്മദ് മാഷിനെ മരണം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത്. സഹിക്കാനാവാത്ത  ആ നോവിന് ആറുവയസ്സാകാന്‍ പോകുന്നു. അതായത് കാസര്‍കോടിന്റെ ശുന്യതയ്ക്ക് ആറുവയസ്സ് തികയുകയാണ്.
മാഷ് എഴുന്നേറ്റ് പോയ കസേര ഇപ്പോഴും അനാഥമായി കിടക്കുന്നു. ആ വിടവ് കാസര്‍കോടിന്റെ ഓരോ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷത്തിനിടയില്‍ കാസര്‍കോടിന്റെ മനസ്സ് മാഷുണ്ടായിരുന്നെങ്കിലെന്ന് എത്രവട്ടം ആവര്‍ത്തിച്ചുണ്ടാകുമെന്നോ.
മാഷ് കാസര്‍കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ അല്ല, അതിനപ്പുറം നന്മകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ മഹാമനുഷ്യനായിരുന്നു മാഷ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒച്ചപ്പാട് സൃഷ്ടിക്കാതെ തന്നെ ഓരോ ഇടങ്ങളിലും മാഷ് നിറഞ്ഞുനിന്നു. സൗമ്യതകൊണ്ട് മനം കവരാമെന്നും ബഹളം വെക്കാതെ സാന്നിധ്യമാവാമെന്നും മാഷ് ജീവിതംകൊണ്ട് കാണിച്ചുതന്നു. മാഷ് ഒരു സദസിലേക്ക് കടന്നുവരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിക്കുമായിരുന്നു. പേജും സ്റ്റേജുംകൊണ്ട് മാഷ് തീര്‍ത്ത വിസ്മയത്തിനുമപ്പുറം ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ഹൃദയത്തില്‍ നിന്നൊഴുകുന്ന സ്‌നേഹവുമായിരുന്നു ഓരോ മനസിലേക്കും മാഷിനെ അടുപ്പിച്ചത്. മാഷിന്റെ ഓരോ വാക്കിലും നിറഞ്ഞൊഴുകിയത് പോസിറ്റീവ് എനര്‍ജി മാത്രമായിരുന്നു. ആ ഒരു വാക്ക് കേട്ടാല്‍തന്നെ നമ്മള്‍ പുതിയൊരു മനുഷ്യനായിപോകും.
ചെറിയ കഴിവും കുറച്ചേറെ ബന്ധങ്ങളുമൊക്കെ ആകുമ്പോള്‍ അഹങ്കാരംകൊണ്ട് മസില് വീര്‍പ്പിക്കുകയും ആരും എന്നേക്കാള്‍ വളരരുതെന്ന് പറഞ്ഞ് രഹസ്യമായൊരു പാര പണിയുകയും ചെയ്യുന്ന മനുഷ്യര്‍ ഏറി വരുന്ന കാലത്ത് അഹമ്മദ് മാഷ് അല്ലെങ്കിലും ഒരു അല്‍ഭുതം തന്നെയാണ്. മറ്റുള്ളവരെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും  മാഷ് കാണിച്ചിരുന്ന താല്പര്യം സമാനതകളില്ലാത്ത നന്മയുടെ തെളിവായിരുന്നു.
ഓരോ വേര്‍പ്പാടും നികത്താനാവാത്ത നഷ്ടമാണ്. ചിലരുടെ മരണം അതിലും എത്രയോ അപ്പുറത്തെ നൊമ്പരമായിരിക്കും മനസ്സിന് പകരുക. അഹമ്മദ് മാഷിന്റെ വിയോഗം വ്യക്തിപരമായി എന്തുമാത്രം നഷ്ടവും സങ്കടവുമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.
കുഞ്ഞുന്നാള്‍തൊട്ട് തന്നെ മാഷ് തന്ന സ്‌നേഹവും പ്രോത്സാഹനവും മറക്കാനെ കഴിയുന്നില്ല. എഴുത്തില്‍ ഇത്തിരി താല്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ മാഷ് എന്റെ മുന്നില്‍ യഥാര്‍ത്ഥമാഷായി മാറുകയായിരുന്നു. ആരുമല്ലാതിരുന്ന എനിക്ക് മാഷ് മാഷിന്റെ പത്രത്തില്‍ പേജ് മറിച്ച് തന്ന് എഴുതട എന്ന് പറഞ്ഞ് പിന്നെയും പിന്നെയും എഴുതിപ്പിച്ചു. വരിതെറ്റുമ്പോഴൊക്കെ സ്‌നേഹത്തോടെ കണ്ണുരുട്ടി. എന്തെഴുതിയാലും അതിനൊക്കെ നല്ല പേജും നല്ല അഭിപ്രായവും ഒത്തിരി കമന്റും തന്നു.  ഇതുവേണ്ടട വേറേ ആരോ ഇതേ വിഷയം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് എന്റെ എഴുത്തിനെ ദൂരെ വലിച്ചെറിഞ്ഞില്ല, എഴുതികൊടുത്ത ആര്‍ട്ടിക്കുകളൊന്നും പ്രസിദ്ധീകരിക്കാതെ കൂട്ടിവെച്ച് നിരുത്സാഹപ്പെടുത്തിയില്ല. ആഴ്ചയില്‍ ഒരു എഴുത്തെങ്കിലും കണ്ടില്ലെങ്കില്‍ മാഷ് പറയും, മടിയാണല്ലെ, എഴുത്തില്‍ ഗ്യാപ് പാടില്ല, അലസത പിടികൂടിയാല്‍ പിന്നെ ട്രാക്കിലെത്താന്‍ ബുദ്ധിമുട്ടാണ്.
എഴുത്തില്‍മാത്രമല്ല  ഒടുവില്‍ പത്രപ്രവര്‍ത്തനം പ്രഫഷണാക്കിയപ്പോഴും മാഷ് കരുത്തും പ്രചോദനവുമായി. മാതൃഭൂമിയുടെ ഓഫീസില്‍ മാഷിനെ കാണാന്‍ ചെന്നാല്‍ എത്ര തിരക്കാണെങ്കിലും വിളിച്ചിരുത്തും, നല്ല നല്ല ഉപദേശങ്ങള്‍ തരും. പിന്നെ വായിക്കാന്‍ കുറേ പുസ്തകങ്ങളും സമ്മാനിക്കുമായിരുന്നു. ഞങ്ങളുടെ ഓഫീസിലെത്തിയാലും മാഷ് ഏറെ നേരമിരുന്ന് വര്‍ത്തമാനം പറയും.
വലിയ ആളായിരിക്കുമ്പോഴും ചെറുതാവാനുള്ള ഹൃദയവിശാലതയായിരുന്നു മാഷിനെ വലിയ മനുഷ്യനാക്കിയത്. ഹൈടെക്കിന്റെ കാര്യത്തില്‍ ഞാന്‍ പിന്നിലാണെന്ന് പറയാറുള്ള മാഷ് മൊബൈല്‍ ഫോണൊക്കെ തന്ന് പറയും, ഇതിന്റെ കളിയൊന്നും എനിക്കറിയില്ല, നീ ഒന്ന് നോക്കി പറഞ്ഞു താ ഡ....
അവസാനനാളുകളില്‍ മാഷുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായി. സൊവനീറിന്റെ വര്‍ക്ക് നടക്കുമ്പോള്‍ അജയേട്ടന്റെ ഓഫീസില്‍ മാഷിനോടൊപ്പം പലപ്പോഴും ഞാനുമുണ്ടായിരുന്നു. പതിവിന് വിപരീതമായി ആത്മീയതയെക്കുറിച്ചായിരുന്നു അന്നേരം മാഷ് ഏറെ സംസാരിച്ചിരുന്നത്. ഓരോ ബാങ്ക് മുഴങ്ങുമ്പോഴും ജമാഅത്ത് നഷ്ടപ്പെടാതിരിക്കാന്‍ എന്നെയും വിളിച്ചുകൊണ്ടുപോകുമായിരുന്ന മാഷിന്റെ ജീവിതം അവസാനം നിമഷങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായിരുന്നു. എന്റെ ബൈക്കിന്റെ പിന്നിലിരുന്ന് പള്ളിക്കുപോകുമ്പോള്‍ മാഷ് പറയുമായിരുന്നു, ഞാന്‍ ബൈക്കിലിരിക്കല്‍ കുറവാണ്, നിന്റെ പിന്നിലിരിക്കുന്നത് നോക്കണ്ട. ഇത്തിരിദൂരത്തേക്കാണെങ്കിലും മാഷിനെ പിന്നിലിരുത്തിയുള്ള ഓരോ യാത്രയും എനിക്ക് അഭിമാനത്തിന്റേതും അഹങ്കാരത്തിന്റെതുമായിരുന്നു.
ആ മഹാദു:ഖത്തിന് ആറു വയസ്സാകുന്നു. അതിനിടയില്‍ വെയിലും മഞ്ഞും മഴയുമെല്ലാം മാറിമാറി വന്നു. എന്നിട്ടും ഇനി മാഷില്ലെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനെ കഴിയുന്നില്ല. മാതൃഭൂമിയുടെ ഓഫീസില്‍, ഉത്തരദേശത്തിന്റെ കാബിനില്‍, സാഹിത്യവേദിയുടെ മീറ്റിംഗില്‍...ഇവിടെയെടവിടെയൊക്കെയോ മാഷുണ്ടെന്ന് തോന്നിപ്പോവുന്നു. അതുകൊണ്ടായിരിക്കാം മാഷിന്റെ  മൊബൈല്‍ നമ്പര്‍ എനിക്കിപ്പോഴും ഡിലീറ്റ് ചെയ്യാന്‍ കഴിയാത്തത്.

Saturday, December 3, 2016

തോരാത്ത കണ്ണീരായി ഞങ്ങളുടെ കാദു




എബി കുട്ടിയാനം

മരണം ഒരു സത്യമാണ്....മരണം ഒരു അനിവാര്യതയാണ്...എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും...ഇന്നല്ലെങ്കില്‍ നാളെ മടങ്ങിപോവേണ്ടവരാണ് നാമെല്ലാവരും...പക്ഷെ, അപ്പോഴും ചില വേര്‍പ്പാടുകള്‍ മനസിന്  ഉള്‍ക്കൊള്ളാനേ കഴിയില്ല...ആ സത്യത്തിന് മുന്നില്‍ മരവിച്ചുപോകും നമ്മുടെ മനസ്സും ശരീരവും...അങ്ങനെ ഒരു ദു:ഖവും നൊമ്പരവുമാണ് എനിക്കെന്റെ കാദു...
പ്രിയപ്പെട്ട കാദു...നിന്റെ വേര്‍പ്പാട് മനസ്സിനെ വല്ലാതെ കരയിപ്പിച്ചുകളയുന്നു...
ഡാ...നിന്റെ ശൂന്യത ഓര്‍ക്കുംതോറും നേര്‍ത്ത നൊമ്പരമായി മാറുകയാണ്...നീ സമ്മാനിച്ച ഓരോ പുഞ്ചിരിയും നെഞ്ചിനുള്ളില്‍ വിരഹത്തിന്റെ കനലുകള്‍ തീര്‍ക്കുകയാണ്...
ഡാ, നമ്മള്‍ ഒരു ക്ലാസിലും ഒന്നിച്ച് പഠിച്ചിട്ടില്ല, നമ്മള്‍ ഒരു ടീമിനുവേണ്ടിയും ഒന്നിച്ച് കളിച്ചിട്ടുമില്ല, നമ്മള്‍ ഒരിക്കലും ഒന്നിച്ചൊരു ടൂറുപോയിട്ടുമില്ല...പക്ഷെ കുറച്ചുകാലത്തെ മാത്രം ബന്ധം കൊണ്ട് നീ എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു...
ഡാ, മോനെ....ഞാന്‍ എല്ലാം ഓര്‍ത്തുപോകുന്നു...നമ്മള്‍ ആദ്യമായി കണ്ടത് ബോവിക്കാനത്തെ ജിംനേഷ്യത്തില്‍ വെച്ചായിരുന്നു...രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്...ജിമ്മില്‍ കളിക്കാനെത്തുന്ന പ്രഭാതങ്ങളില്‍ മഞ്ഞില്‍കുളിച്ചുനില്‍ക്കുന്ന റോഡിലൂടെ ബൈക്കോടിച്ചുവരുന്ന നിന്റെ മുഖം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്...അതിന് മുമ്പ് ഒരിക്കല്‍പോലും കണ്ട് പരിചയമില്ലാത്ത നീ അരികില്‍ വന്ന് കൈ തന്ന് സംസാരിച്ച് ഒരു മുന്‍ പരിചയക്കാരനെപോലെ  തമാശ പറഞ്ഞ് കൂട്ടുകൂടിയ ആ നിമിഷം എനിക്ക് മറക്കാനേ കഴിയുന്നില്ല...തൈശിയോടും സല്‍മാനോടും ഷാഫിയോടുമൊപ്പം നീ ജിംനേഷ്യത്തിന്റെ പടികയറി വരുമ്പോള്‍ അത് ഒരു പൊല്‍സായിരുന്നു....നിന്റെ തമാശ, നിന്റെ കുസൃതി, നിന്റെ  കളി ചിരി വര്‍ത്തമാനങ്ങള്‍ എല്ലാം ഞാന്‍ അപ്പുറത്തിരുന്ന് ആസ്വദിക്കാറുണ്ട്...
കൂട്ടിനാരുമില്ലാതെ ജിമ്മില്‍ ഒറ്റക്കായിപോകുന്ന ദിവസങ്ങളില്‍ ദാ, ഞാന്‍ സയാഹിക്കാമെന്ന് പറഞ്ഞ് വെയ്റ്റ് പൊക്കി തരാന്‍ ഓടിവരുന്ന നിന്റെ മുഖം എനിക്ക് മറക്കാനേ കഴിയില്ല ഡാ...
അന്ന് മുതല്‍ എനിക്ക് നിന്നോട് ഉള്ളിന്റെ ഉള്ളില്‍ ഒരു അനിയനോടുള്ള സ്‌നേഹമായിരുന്നു...
ഒരു ഫ്രീക്കന്‍ ലുക്കില്‍ മുടിയൊക്കെ വളര്‍ത്തിവരുമ്പോഴും മനസ്സിന്റെ ഉള്ളില്‍ നീ കാണിച്ച എളിമയും വിനയവും എന്നും മനം കവരുന്ന ഒന്നായിരുന്നു...സീസണ്‍ കാലങ്ങളില്‍ ചെര്‍ക്കളയിലെ റെഡിമെയ്ഡ് കടകളില്‍ സെയില്‍സ്മാനായി നില്‍ക്കാറുള്ള നിന്റടുത്തേക്ക് ഡ്രസ് തേടി വരുമ്പോള്‍ എബി...നിന്റ ഫാവറേറ്റ് ഐറ്റമായ ഡെനിം ഷര്‍ട്ടുകള്‍ ധാരാളമുണ്ടെന്ന് പറഞ്ഞ് കണ്‍മുന്നിലേക്ക് കുപ്പായകെട്ടുകള്‍ ഓരോന്നായി വലിച്ചിട്ട് ശരീരത്തിലേക്ക് ചേര്‍ത്ത് വെച്ച് സൈസ് കാണിച്ചുതരുന്ന നിന്റ സ്‌നേഹം  ഒരു നൊമ്പരമായി ഉള്ള് തൊടുകയാണിപ്പോള്‍....
ഡാ, നമ്മള്‍ അവസാനമായി കണ്ടത് നാലാംമൈലില്‍ വെച്ചായിരുന്നു...ആള്‍കൂട്ടത്തിനിടയില്‍ നിന്നെ കാണാന്‍ കഴിയാതിരുന്നപ്പോള്‍ അടുത്തേക്ക് ഓടിവന്ന് ആയിപ്പ നമ്മളെയൊന്നും മൈന്റാക്കണ്ട എന്ന് പറഞ്ഞ നിന്റെ മുഖത്തെ നിഷ്‌കളങ്കത സഹിക്കാനാവാത്ത കണ്ണീരായി മാറുകയാണിപ്പോള്‍....
വ്യാഴാഴ്ചയുടെ വൈകുന്നേരം....ഞാനൊരു മീറ്റിംഗിലായിരുന്നു...ബോവിക്കാനത്ത് എന്താ പ്രശ്‌നമെന്ന് ചോദിച്ച് ഒരുപാട് ആളുകള്‍ വിളിക്കുന്നു...ഒന്നുമറിയാത്ത ഞാന്‍ കാര്യം അന്വേഷിക്കാന്‍ വേണ്ടി പോലീസിന് വിളിച്ചപ്പോള്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റെന്നും അതില്‍ ഒരാള്‍ മരിച്ചെന്നുമുള്ള വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.  ചെറിയ  വിവരത്തിനുമപ്പുറം ഡീറ്റെയ്ല്‍സ് ഒന്നും കിട്ടിയില്ല...
അതിനിടെ വെറുതെ വാട്‌സ്ആപ്പ് ഓണാക്കി നോക്കിയപ്പോള്‍  ഓരോ ഗ്രൂപ്പിലും ഖാദറിന്റെ ഫോട്ടോ പ്രചരിക്കുന്നത് കാണുന്നു...
യാ, പടച്ചോനെ....കാദുവാണോ മരിച്ചത്....ഹൃദയം തകര്‍ന്നുപോയ നിമിഷം...കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഓടികിതച്ചെത്തുമ്പോഴേക്ക് മോര്‍ച്ചറിയുടെ തണുപ്പില്‍ ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കൊരുങ്ങി കിടക്കുകയാണ് ഞങ്ങളുടെ കാദു...
മോര്‍ച്ചറിയില്‍ നിന്ന് പിറ്റേ ദിവസം ഉച്ചയോടെ കാദുവിന്റെ മയ്യിത്ത് വീട്ടിലെത്തിയപ്പോഴും അവസാനമായി ഒരു നോക്കുകാണുകപോലും ചെയ്യാതെ ഞാന്‍ അകലെ മാറി നിന്നു...കുസൃതി ഒളിപ്പിച്ച പുഞ്ചിരി നിറയുന്ന ആ മുഖത്തിനുമപ്പുറം കാദുവിന്റെ മറ്റൊരു മുഖം കാണുവാനുള്ള ശേഷി എനിക്കില്ലായിരുന്നു...
ടീനേജ് പിന്നിട്ടെങ്കിലും കാദുവിന്റെ കുഞ്ഞുഭാവം മാറിയിട്ടില്ല...നാവ് കടിച്ച് കണ്ണ് ഇറുക്കിയിട്ട് ഒരു കുസൃതി ചിരിയുണ്ട് അവന്...ഇഷ്ടമുള്ളവരോട് മാത്രം കാണിക്കുന്ന സ്‌നേഹത്തിന്റെ ചിരി...
ഡാ, ആ ചിരിയും ആ വര്‍ത്തമാനവും കണ്ടിട്ടും കേട്ടിട്ടും കൊതി തീര്‍ന്നിട്ടില്ല ഡാ...അതിന് മുമ്പേ നീ പോയ് കളഞ്ഞല്ലോ ഡാ കുട്ടാ....
പെരുന്നാള് വരുമ്പോള്‍ പുതിയ കുപ്പായം തേടിയിട്ട് ഞാന്‍ ചെര്‍ക്കളയിലെ കടയിലേക്ക് പോകും പക്ഷെ,  ദാ, നിനക്ക് പറ്റിയ ഡെനിമുണ്ടെന്ന് പറഞ്ഞ് എടുത്ത് നിരത്താന്‍ ഇനി എന്റെ കാദു അവിടെ ഉണ്ടാവില്ല...ഓരോ ഇടവേളയിലും ജിംനേഷ്യത്തിലേക്ക് പോകുമ്പോള്‍ ദാ, ഞാന്‍ ഹെല്‍പ്പ് ചെയ്യാമെന്ന് പറഞ്ഞ് ഓടി വരാനും അവനില്ല, ഗള്‍ഫ് യാത്രയില്‍ ദുബൈയിലുടെ ചുറ്റിക്കറങ്ങുമ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ ഓടിവരാന്‍ എന്റെ കാദു നീ മാത്രം ഉണ്ടാവില്ലല്ലോ ഡാ...
നിന്റ ഉപ്പ യൂസഫ്ച്ചയും നിന്റെ ജ്യേഷ്ഠന്‍ ഫൈസലുമെല്ലാ സ്‌നേഹവും വിനയവും കൊണ്ട് ഉള്ളുതൊട്ടരവാണ്...പക്ഷെ നീ എനിക്ക് അതുക്കും മേലെയായിരുന്നു... ബൈക്ക് യാത്രയിലാണെങ്കില്‍ പോലും ഒരു ഹായ് പറയാതെ നീ എന്റെ മുന്നിലൂടെ കടന്നുപോയിട്ടില്ല...ഏത് ആള്‍ക്കൂട്ടത്തിനിടയിലും നീ വന്ന് കൈ തരാതെ പിരിഞ്ഞിട്ടില്ല...പൊവ്വല്‍ പള്ളിയുടെ  ഖബര്‍സ്ഥാനില്‍ മൂന്ന് പിടി മണ്ണുവാരിയെറിഞ്ഞ് സലാം പറഞ്ഞ് പിരിഞ്ഞു. ഡാ എന്നിട്ടും നീ മരിച്ചുവെന്ന സത്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...അതേ  വിമാനത്തില്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്ന് നീ ദുബൈയിലേക്ക് പോയിട്ടുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...