Saturday, December 3, 2016

തോരാത്ത കണ്ണീരായി ഞങ്ങളുടെ കാദു




എബി കുട്ടിയാനം

മരണം ഒരു സത്യമാണ്....മരണം ഒരു അനിവാര്യതയാണ്...എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും...ഇന്നല്ലെങ്കില്‍ നാളെ മടങ്ങിപോവേണ്ടവരാണ് നാമെല്ലാവരും...പക്ഷെ, അപ്പോഴും ചില വേര്‍പ്പാടുകള്‍ മനസിന്  ഉള്‍ക്കൊള്ളാനേ കഴിയില്ല...ആ സത്യത്തിന് മുന്നില്‍ മരവിച്ചുപോകും നമ്മുടെ മനസ്സും ശരീരവും...അങ്ങനെ ഒരു ദു:ഖവും നൊമ്പരവുമാണ് എനിക്കെന്റെ കാദു...
പ്രിയപ്പെട്ട കാദു...നിന്റെ വേര്‍പ്പാട് മനസ്സിനെ വല്ലാതെ കരയിപ്പിച്ചുകളയുന്നു...
ഡാ...നിന്റെ ശൂന്യത ഓര്‍ക്കുംതോറും നേര്‍ത്ത നൊമ്പരമായി മാറുകയാണ്...നീ സമ്മാനിച്ച ഓരോ പുഞ്ചിരിയും നെഞ്ചിനുള്ളില്‍ വിരഹത്തിന്റെ കനലുകള്‍ തീര്‍ക്കുകയാണ്...
ഡാ, നമ്മള്‍ ഒരു ക്ലാസിലും ഒന്നിച്ച് പഠിച്ചിട്ടില്ല, നമ്മള്‍ ഒരു ടീമിനുവേണ്ടിയും ഒന്നിച്ച് കളിച്ചിട്ടുമില്ല, നമ്മള്‍ ഒരിക്കലും ഒന്നിച്ചൊരു ടൂറുപോയിട്ടുമില്ല...പക്ഷെ കുറച്ചുകാലത്തെ മാത്രം ബന്ധം കൊണ്ട് നീ എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു...
ഡാ, മോനെ....ഞാന്‍ എല്ലാം ഓര്‍ത്തുപോകുന്നു...നമ്മള്‍ ആദ്യമായി കണ്ടത് ബോവിക്കാനത്തെ ജിംനേഷ്യത്തില്‍ വെച്ചായിരുന്നു...രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്...ജിമ്മില്‍ കളിക്കാനെത്തുന്ന പ്രഭാതങ്ങളില്‍ മഞ്ഞില്‍കുളിച്ചുനില്‍ക്കുന്ന റോഡിലൂടെ ബൈക്കോടിച്ചുവരുന്ന നിന്റെ മുഖം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്...അതിന് മുമ്പ് ഒരിക്കല്‍പോലും കണ്ട് പരിചയമില്ലാത്ത നീ അരികില്‍ വന്ന് കൈ തന്ന് സംസാരിച്ച് ഒരു മുന്‍ പരിചയക്കാരനെപോലെ  തമാശ പറഞ്ഞ് കൂട്ടുകൂടിയ ആ നിമിഷം എനിക്ക് മറക്കാനേ കഴിയുന്നില്ല...തൈശിയോടും സല്‍മാനോടും ഷാഫിയോടുമൊപ്പം നീ ജിംനേഷ്യത്തിന്റെ പടികയറി വരുമ്പോള്‍ അത് ഒരു പൊല്‍സായിരുന്നു....നിന്റെ തമാശ, നിന്റെ കുസൃതി, നിന്റെ  കളി ചിരി വര്‍ത്തമാനങ്ങള്‍ എല്ലാം ഞാന്‍ അപ്പുറത്തിരുന്ന് ആസ്വദിക്കാറുണ്ട്...
കൂട്ടിനാരുമില്ലാതെ ജിമ്മില്‍ ഒറ്റക്കായിപോകുന്ന ദിവസങ്ങളില്‍ ദാ, ഞാന്‍ സയാഹിക്കാമെന്ന് പറഞ്ഞ് വെയ്റ്റ് പൊക്കി തരാന്‍ ഓടിവരുന്ന നിന്റെ മുഖം എനിക്ക് മറക്കാനേ കഴിയില്ല ഡാ...
അന്ന് മുതല്‍ എനിക്ക് നിന്നോട് ഉള്ളിന്റെ ഉള്ളില്‍ ഒരു അനിയനോടുള്ള സ്‌നേഹമായിരുന്നു...
ഒരു ഫ്രീക്കന്‍ ലുക്കില്‍ മുടിയൊക്കെ വളര്‍ത്തിവരുമ്പോഴും മനസ്സിന്റെ ഉള്ളില്‍ നീ കാണിച്ച എളിമയും വിനയവും എന്നും മനം കവരുന്ന ഒന്നായിരുന്നു...സീസണ്‍ കാലങ്ങളില്‍ ചെര്‍ക്കളയിലെ റെഡിമെയ്ഡ് കടകളില്‍ സെയില്‍സ്മാനായി നില്‍ക്കാറുള്ള നിന്റടുത്തേക്ക് ഡ്രസ് തേടി വരുമ്പോള്‍ എബി...നിന്റ ഫാവറേറ്റ് ഐറ്റമായ ഡെനിം ഷര്‍ട്ടുകള്‍ ധാരാളമുണ്ടെന്ന് പറഞ്ഞ് കണ്‍മുന്നിലേക്ക് കുപ്പായകെട്ടുകള്‍ ഓരോന്നായി വലിച്ചിട്ട് ശരീരത്തിലേക്ക് ചേര്‍ത്ത് വെച്ച് സൈസ് കാണിച്ചുതരുന്ന നിന്റ സ്‌നേഹം  ഒരു നൊമ്പരമായി ഉള്ള് തൊടുകയാണിപ്പോള്‍....
ഡാ, നമ്മള്‍ അവസാനമായി കണ്ടത് നാലാംമൈലില്‍ വെച്ചായിരുന്നു...ആള്‍കൂട്ടത്തിനിടയില്‍ നിന്നെ കാണാന്‍ കഴിയാതിരുന്നപ്പോള്‍ അടുത്തേക്ക് ഓടിവന്ന് ആയിപ്പ നമ്മളെയൊന്നും മൈന്റാക്കണ്ട എന്ന് പറഞ്ഞ നിന്റെ മുഖത്തെ നിഷ്‌കളങ്കത സഹിക്കാനാവാത്ത കണ്ണീരായി മാറുകയാണിപ്പോള്‍....
വ്യാഴാഴ്ചയുടെ വൈകുന്നേരം....ഞാനൊരു മീറ്റിംഗിലായിരുന്നു...ബോവിക്കാനത്ത് എന്താ പ്രശ്‌നമെന്ന് ചോദിച്ച് ഒരുപാട് ആളുകള്‍ വിളിക്കുന്നു...ഒന്നുമറിയാത്ത ഞാന്‍ കാര്യം അന്വേഷിക്കാന്‍ വേണ്ടി പോലീസിന് വിളിച്ചപ്പോള്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റെന്നും അതില്‍ ഒരാള്‍ മരിച്ചെന്നുമുള്ള വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.  ചെറിയ  വിവരത്തിനുമപ്പുറം ഡീറ്റെയ്ല്‍സ് ഒന്നും കിട്ടിയില്ല...
അതിനിടെ വെറുതെ വാട്‌സ്ആപ്പ് ഓണാക്കി നോക്കിയപ്പോള്‍  ഓരോ ഗ്രൂപ്പിലും ഖാദറിന്റെ ഫോട്ടോ പ്രചരിക്കുന്നത് കാണുന്നു...
യാ, പടച്ചോനെ....കാദുവാണോ മരിച്ചത്....ഹൃദയം തകര്‍ന്നുപോയ നിമിഷം...കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഓടികിതച്ചെത്തുമ്പോഴേക്ക് മോര്‍ച്ചറിയുടെ തണുപ്പില്‍ ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കൊരുങ്ങി കിടക്കുകയാണ് ഞങ്ങളുടെ കാദു...
മോര്‍ച്ചറിയില്‍ നിന്ന് പിറ്റേ ദിവസം ഉച്ചയോടെ കാദുവിന്റെ മയ്യിത്ത് വീട്ടിലെത്തിയപ്പോഴും അവസാനമായി ഒരു നോക്കുകാണുകപോലും ചെയ്യാതെ ഞാന്‍ അകലെ മാറി നിന്നു...കുസൃതി ഒളിപ്പിച്ച പുഞ്ചിരി നിറയുന്ന ആ മുഖത്തിനുമപ്പുറം കാദുവിന്റെ മറ്റൊരു മുഖം കാണുവാനുള്ള ശേഷി എനിക്കില്ലായിരുന്നു...
ടീനേജ് പിന്നിട്ടെങ്കിലും കാദുവിന്റെ കുഞ്ഞുഭാവം മാറിയിട്ടില്ല...നാവ് കടിച്ച് കണ്ണ് ഇറുക്കിയിട്ട് ഒരു കുസൃതി ചിരിയുണ്ട് അവന്...ഇഷ്ടമുള്ളവരോട് മാത്രം കാണിക്കുന്ന സ്‌നേഹത്തിന്റെ ചിരി...
ഡാ, ആ ചിരിയും ആ വര്‍ത്തമാനവും കണ്ടിട്ടും കേട്ടിട്ടും കൊതി തീര്‍ന്നിട്ടില്ല ഡാ...അതിന് മുമ്പേ നീ പോയ് കളഞ്ഞല്ലോ ഡാ കുട്ടാ....
പെരുന്നാള് വരുമ്പോള്‍ പുതിയ കുപ്പായം തേടിയിട്ട് ഞാന്‍ ചെര്‍ക്കളയിലെ കടയിലേക്ക് പോകും പക്ഷെ,  ദാ, നിനക്ക് പറ്റിയ ഡെനിമുണ്ടെന്ന് പറഞ്ഞ് എടുത്ത് നിരത്താന്‍ ഇനി എന്റെ കാദു അവിടെ ഉണ്ടാവില്ല...ഓരോ ഇടവേളയിലും ജിംനേഷ്യത്തിലേക്ക് പോകുമ്പോള്‍ ദാ, ഞാന്‍ ഹെല്‍പ്പ് ചെയ്യാമെന്ന് പറഞ്ഞ് ഓടി വരാനും അവനില്ല, ഗള്‍ഫ് യാത്രയില്‍ ദുബൈയിലുടെ ചുറ്റിക്കറങ്ങുമ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ ഓടിവരാന്‍ എന്റെ കാദു നീ മാത്രം ഉണ്ടാവില്ലല്ലോ ഡാ...
നിന്റ ഉപ്പ യൂസഫ്ച്ചയും നിന്റെ ജ്യേഷ്ഠന്‍ ഫൈസലുമെല്ലാ സ്‌നേഹവും വിനയവും കൊണ്ട് ഉള്ളുതൊട്ടരവാണ്...പക്ഷെ നീ എനിക്ക് അതുക്കും മേലെയായിരുന്നു... ബൈക്ക് യാത്രയിലാണെങ്കില്‍ പോലും ഒരു ഹായ് പറയാതെ നീ എന്റെ മുന്നിലൂടെ കടന്നുപോയിട്ടില്ല...ഏത് ആള്‍ക്കൂട്ടത്തിനിടയിലും നീ വന്ന് കൈ തരാതെ പിരിഞ്ഞിട്ടില്ല...പൊവ്വല്‍ പള്ളിയുടെ  ഖബര്‍സ്ഥാനില്‍ മൂന്ന് പിടി മണ്ണുവാരിയെറിഞ്ഞ് സലാം പറഞ്ഞ് പിരിഞ്ഞു. ഡാ എന്നിട്ടും നീ മരിച്ചുവെന്ന സത്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...അതേ  വിമാനത്തില്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്ന് നീ ദുബൈയിലേക്ക് പോയിട്ടുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...

No comments:

Post a Comment