എബി കുട്ടിയാനം
മോളു....
നീ നോക്കി നില്‍ക്കുന്ന വഴിയിലുടെ
നിന്റെ വാപ്പച്ചി ഇനി വരില്ല
അടുത്താഴ്ച വരുമ്പോള്‍ വാങ്ങാന്‍
പറഞ്ഞ കോലുമിഠായിയും ലെയ്‌സ് പാക്കും
നിന്റെ വാപ്പച്ചി മനസ്സിനുള്ളില്‍ വാങ്ങിവെച്ചിട്ടുണ്ടാവും
അത് നല്‍കാനാവാതെ പോയതിന്റെ ദു:ഖമായിരിക്കും
പുഞ്ചിരിച്ച് മരിക്കുമ്പോഴും ആ മനസ്സിനെ
കരയിപ്പിച്ചിട്ടുണ്ടാവുക
മോളു
എന്തു പറയണമെന്നറിയാതെ വാക്കുകള്‍ തോറ്റുപോകുന്നു
വിശന്നുകരയുന്ന നിനക്കുമുന്നില്‍
അപ്പങ്ങള്‍ വായിലിട്ട് ദാ വാപ്പച്ചി വരുന്നേ
എന്ന് പറഞ്ഞ് തോളത്തിട്ട് പാട്ടുപാടേണ്ട നിന്റെ ഉമ്മ
തളര്‍ന്നു കിടക്കുമ്പോള്‍
ഞങ്ങളെങ്ങനെയാണ് നിന്റെ വാപ്പച്ചി
ഇനി മിഠായിയുമായി വരില്ലെന്ന് നിന്നോട്
പറയേണ്ടത്....
എന്റെ കുഞ്ഞുമോളെ
നാട്ടിലെ പള്ളിയിലെ ആറടി മണ്ണില്‍ നിന്റെ വാപ്പച്ചി
സ്വര്‍ഗ്ഗം കണ്ട് പുഞ്ചിരിക്കുമ്പോള്‍
നീ പിന്നെയും നിന്റെ വാപ്പച്ചി കൊണ്ടുവരുന്ന
മിഠായിക്ക് വേണ്ടി വഴി നോക്കുന്നുണ്ടാകുമല്ലെ...
കുഞ്ഞുമോളെ മാപ്പ്...
പെങ്ങളാണ് കുഞ്ഞുവാവയാണ്
വാപ്പ പോയാലും ഞങ്ങളുണ്ടല്ലോ
എന്ന് പറയാന്‍ ഞങ്ങള്‍ക്കാവുന്നില്ല മോളു...
നിങ്ങളുടെ നാട്ടിലേക്ക് പ്രതീക്ഷയോടെ എത്തിയ
എന്റെ വാപ്പച്ചിയെ സംരക്ഷിക്കാന്‍ കഴിയാത്ത
നിങ്ങളോട് ഞാന്‍ മിണ്ടില്ലെന്ന് നീ കുഞ്ഞുവാക്കോടെ
പറഞ്ഞേക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നുണ്ട് മോളു...