എബി കുട്ടിയാനം
മദീന ഒരു വസന്തമാണ്...അനുഗ്രഹത്തിന്റെ പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന പുഷ്‌പവാടിയാണത്...ലോകത്തെ ഏറ്റവും പവിത്രമായ മണ്ണ്...ലോകത്തിന്റെ നായകന്‍ ഉറങ്ങുന്നത് അവിടെയാണ്...
മക്കയും മദീനയും കാണുക എന്നത് ഒരു വിശ്വാസിയുടെ അടങ്ങാത്ത ആഗ്രഹമാണ്...ഓരോ നിസ്‌ക്കാരത്തിനുശേഷവും അവന്‍ ആജന്മസാഫല്ല്യത്തിനുവേണ്ടി ഉള്ളുരുകി കേഴുന്നുണ്ട്....ഏതു ലോകം കണ്ടാലും ഏതു സ്വര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാലും അത് ആ കാഴ്‌ച്ചക്കും ആ അനുഭൂതിക്കും പകരമാവില്ല...അവിടുത്തെ വെയിലിനും അവിടുത്തെ കാറ്റിനുമെല്ലാം ആത്മസംതൃപ്‌തിയുടെ കുളിരാണ്...
ഞാന്‍ മദീനയിലേക്കുള്ള യാത്രയിലാണെന്ന് ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇട്ടപ്പോള്‍ ഒന്നുംപറയാനില്ല, നീ ഭാഗ്യവാന്‍... എന്ന് കമന്റിട്ട സഫ്‌വാന്റെ മനസില്‍ നിറയുന്ന വികാരത്തില്‍ പുണ്യ റൗള തുടിച്ചുനില്‍പ്പുണ്ടായിരുന്നു. ഈ ജന്മത്തില്‍ കണ്ട ഏറ്റവും സുന്ദരമായ കാഴ്‌ച മക്കയും മദീനയുമായിരുന്നു...അതിനുമുമ്പോ ശേഷമോ അത്രത്തോളം സുഖം പകരുന്നൊരു ആനന്ദം അനുഭവിച്ചിട്ടില്ല...
കുഞ്ഞുനാളുതൊട്ട്‌കിനാവ് കണ്ടത് അവിടെ എത്താനായിരുന്നു, ഓരോ നിമിഷത്തിലും പ്രാര്‍ത്ഥിച്ചതും അതിനുവേണ്ടി തന്നെ...അവസാനം അവിചാരിതമായൊരു നിമിഷത്തില്‍ എന്റെ റസൂലിന്റെ അരികിലെത്തിയപ്പോള്‍ എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കാനായില്ല,കാണുന്നതും അനുഭവിക്കുന്നതും ഒരു സ്വപ്‌നമാണോ എന്ന് മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു...
നേര്‍ത്ത കുളിരുള്ള ഒരു പാതിരാത്രിയിലാണ് ഞാന്‍ മദീന നഗരിയെ തൊട്ടത്...മദീനയിലെ ലോഡ്‌ജ്‌മുറിയില്‍ നിന്ന് കുളിച്ചൊരുങ്ങി റസൂലിന്റെ ചാരത്തെത്തിയപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു..ആ മിമ്പറിനും റൗളക്കുമിടയിലിരുന്നത്, എന്റെ റസൂലിനോട് സലാം ചൊല്ലിയത്, മതിവരുവോളം സ്വലാത്ത് മന്ത്രം ഉരുവിട്ടത്, മസ്‌ജിദ് നവബിയില്‍ ഇഹ്‌ത്തികാഫിന്റെ നിയ്യത്തോടെ കിടന്നത്, ആയിരങ്ങള്‍ അണിനിരന്ന സുബ്‌ഹി നമസ്‌ക്കാരത്തില്‍ ആദ്യ സ്റ്റെപ്പിലൊന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത്...വിങ്ങി വിങ്ങി പ്രാര്‍ത്ഥിച്ചത്...പറഞ്ഞറിയിക്കാനാവുന്നില്ല എനിക്കെന്റെ വികാരം...
ഇന്നും മനസ്സ് മദീനയിലെത്താന്‍ കൊതിക്കുകയാണ്...പ്രവാചകന്റെ റൗളക്കുചുറ്റും വട്ടമിട്ടു പറക്കുന്ന മാട പ്രാവുകള്‍ എത്ര ഭാഗ്യവാന്മാരാണ്...ആ മണ്‍ മണ്‍തരികള്‍ എന്തുമാത്രം പുണ്യമാണ്...
ജീവിതത്തിലെ വലിയ ആഗ്രഹമെന്തെന്ന് ചോദിക്കുമ്പോള്‍ എനിക്കെന്റെ മദീനയിലെത്തണമെന്നല്ലാതെ മറ്റെന്താണ് എനിക്കും നിങ്ങള്‍ക്കും കുറിച്ചുവെക്കാനുള്ളത്(?)
കൊട്ടാരം നിര്‍മ്മിക്കാനും കോടികളിലമ്മാനമാടാനും കഴിഞ്ഞേക്കാം, പക്ഷെ മക്കയും മദീനയുമെത്തുക എന്നത് ഭാഗ്യവാന്മാര്‍ക്ക് മാത്രമുള്ള സുകൃതമാണ്...തെറ്റുകള്‍ ഏറ്റുപറയാന്‍, തേങ്ങി തേങ്ങി കരയാന്‍ നമുക്ക് ഒരു ഇടമുണ്ടല്ലോ, അവിടെ എത്തുക എന്നത് ഭാഗ്യമല്ലാതെ മറ്റെന്താണ്...
പുണ്യദിക്കിലേക്ക് വിമാനം കയറുന്ന നിമഷം മുതല്‍ മനസ്സ് അനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ഒന്നാണത്...സ്വപനമാണോ എന്ന് പിന്നെയും പിന്നെയും സംശയിച്ചുപോകും...
യാ, അള്ളാ, എന്നെ നീ വീണ്ടും ആ പുണ്യ നഗരിയിലെത്തിക്ക് അള്ളാ, എന്റെ റസൂലിന്റെ ചാരത്തിരുന്ന് സലാം ചൊല്ലാന്‍, ഒന്നും കരയാന്‍ നീ എനിക്ക് അവസരം തരുമോ അള്ളാ...
000 000 000
റബീഅ...ആഹ്ലാദത്തിന്റെ മാസമാണത്...റബീഹുല്‍ അവ്വല്‍ പിറക്കുന്നതോടെ മണ്ണും മനസ്സും പള്ളിയും വീടും ഉണരും, ഓരോ നാടും പ്രവാചകന്റെ പേരിലുള്ള മൗലീദ് കൊണ്ട് സമ്പന്നമാകും, മനസിന്റെ പൂക്കാലമാണത്...പള്ളിയിലെ നിറഞ്ഞ സദസ്സില്‍ ഉസ്‌താദ് ചൊല്ലിതരുന്ന സ്വലാത്ത് ഏറ്റു ചൊല്ലുമ്പോള്‍ ഹൃദയം നിറയും...നമുക്ക് വേണ്ടി ത്യാഗം സഹിച്ച റസൂല്‍, നമുക്ക് വേണ്ടി ജീവിച്ച റസൂല്‍, അനുഗ്രഹത്തിന്റെ അലകടലായ ആ പ്രവാചകന്‍ നാളെ ഹൗളുല്‍ കൗസറുമായി നമ്മെ കാത്തിരിക്കുന്നുണ്ട്...യാ, അള്ളാ, ആ ശഫാഹത്തില്‍ നീ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ എന്ന് ഉസ്‌താദ് കരഞ്ഞു കരഞ്ഞ് ദുഅ ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും നിറഞ്ഞു പോവാറില്ലെ...
ഇപ്പോള്‍ ഭൂമിക്കും ആകാശത്തിനും വസന്തമാണ്...ആത്മീയത അത്രയൊന്നും അലിഞ്ഞുചേരാത്ത യുവാവിനും നബിദിനം ആഘോഷത്തിന്റേതാണ്...നാടു നീളെ അലങ്കാരമൊരുക്കി, ആളുകള്‍ക്കൊക്കെ മധുരം നല്‍കി അവനും നബിയോടുള്ള മുഹബ്ബത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നു...
000 000 000
നബിദിനം വരുമ്പോള്‍ മദ്രസയില്‍ പുതിയ പൂക്കാലം വിരിയും...അന്നാണ് നമ്മുടെ ഉള്ളിലെ കലാകാരന്‍ ഉണരുന്നത്...പാട്ടു പാടി, കവിത ചൊല്ലി, പ്രഭാഷണം നടത്തി താരമായ ആ നിമിഷങ്ങള്‍ നിങ്ങളും ഓര്‍ക്കുന്നില്ലെ(?) ജഡ്‌ജസ് പ്ലീസ് നോട്ട്...ചെസ്റ്റ് നമ്പര്‍ വണ്‍ തേര്‍ട്ടി ഫോര്‍ വണ്‍ ദി സ്റ്റേജ്...സലാം ഉസ്‌താദ് മൈക്കിലൂടെ നീട്ടി വിളിക്കുമ്പോള്‍ വിറയുന്ന കാലോടെ പ്രസംഗ പീഠത്തിലേക്ക് നടന്നുപോയ ആ രംഗം ഇപ്പോഴും അങ്കാലാപ്പ് പകരുന്നുണ്ട്...ഒടുവില്‍ എല്ലാം കഴിഞ്ഞ് സമ്മാനത്തിന് കാത്തിരിക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൂട്ടുകാരന്‍ ഒന്നാം സ്ഥാനവുമായി പോകുമ്പോള്‍ കരഞ്ഞുപോയതും, സാരമില്ലട അടുത്ത തവണ നിനക്ക് ജയിക്കാലോ എന്ന് പറഞ്ഞ് അവന്‍ ആശ്വസിപ്പിച്ചതും ഓര്‍മ്മയിലിന്നുമുണ്ട്...അന്ന് കിട്ടിയ കൊച്ചു പാത്രങ്ങളോളം ആഹ്ലാദിപ്പിച്ച ഒരു അവാര്‍ഡും അതിന് ശേഷം കിട്ടിയിട്ടില്ല...
ഇന്ന് നാട്ടിലെ സ്റ്റേജില്‍ കുട്ടികള്‍ പാടി തകര്‍ക്കുമ്പോള്‍, നഷ്‌ടപ്പെട്ടുപോയ ഇന്നലെകള്‍ ഒരു നൊമ്പരമായി നിറഞ്ഞുവരുന്നു...നബിദിനം എല്ലാം ഓര്‍മ്മിപ്പിക്കുകയാണ്...ബാല്യം എത്ര സുന്ദരമായിരുന്നുവെന്ന് അത് പറയാതെ പറഞ്ഞുതരുന്നു...
ഘോഷയാത്ര പോയതും വെയിലേറ്റ് തളര്‍ന്നതും, പുതിയ കുപ്പായമിട്ടതും....യാ, അള്ളാ...ഇന്നലെകള്‍ എന്തുരസമായിരുന്നു...
തക്‌ബീര്‍ ചൊല്ലി ബാവിക്കര കുന്നുകയറുമ്പോള്‍ കുഞ്ഞുകാലുകള്‍ക്ക് തളര്‍ച്ചയായിരുന്നില്ല മറിച്ച് ആവേശത്തിന്റെ പോരാട്ട വീര്യമായിരുന്നു....നുസ്രത്ത് നഗറില്‍ നിന്ന് പച്ച ലഡു കിട്ടിയതും ബോവിക്കാനത്തുനിന്ന് ചെറുനാരങ്ങ സര്‍ബത്ത് കുടിച്ചതും ചോക്ക്‌ലേറ്റുകള്‍കൊണ്ട് കീശനിറഞ്ഞതും...
പ്രിയപ്പെട്ട കൂട്ടുകാര...നബിദിനം നിന്റെ മനസിലും ബാല്യത്തിന്റെ കുളിരു ചൊരിയുന്നില്ലെ(?)

No comments:
Post a Comment