Thursday, March 31, 2016

ഓര്‍മ്മകളെ ബാക്കിയാവുക ഞാന്‍ പോകുന്നു



എബി കുട്ടിയാനം
ഞാനിന്നീയൊടുക്കത്തെത്തുള്ളിയുമിറക്കുമ്പോള്‍
പ്രാണവേദനയോടെ നിന്നെ വിട്ടകലുമ്പോള്‍
ആശിപ്പതെന്താണെന്നോ, കരയും നിന്‍ കണ്‍കളില്‍
ആറാത്ത കണ്ണീര്‍ച്ചാലായൊഴുകാനെന്നും.....
ഒളപ്പമണ്ണ/ ഒടുക്കത്തെ തുള്ളി


മാര്‍ച്ചു മാസമേ ഞാന്‍ നിന്നെ എന്തുപേരിട്ടാണ്‌ വിളിക്കേണ്ടത്‌(?) നീ എന്നെ വന്നുതൊടുമ്പോള്‍ ദു:ഖവും നഷ്‌ടവും ഞാന്‍ ഒരുപോലെ അനുഭവിക്കുകയാണ്‌...വേര്‍പ്പാടിന്റെ പ്ലക്കാര്‍ഡുയര്‍ത്തി നീ എന്റെ മുന്നില്‍വന്നുനില്‍ക്കുമ്പോള്‍ കരയാന്‍പോലുമാവാതെ ഞാന്‍ പകച്ചുപോകുന്നു...
മാര്‍ച്ച്‌ നിന്റെ മുഖം ക്രൂരമാണ്‌, നീ ഭൂമിക്ക്‌ സമ്മാനിക്കുന്ന ചൂടിനേക്കാള്‍ തീവ്രതയുണ്ട്‌ നീ എന്റെ ഹൃദയത്തിലേക്കിട്ടുതരുന്ന നൊമ്പരങ്ങള്‍ക്ക്‌...ജീവിതത്തിലാദ്യമായി ഞാന്‍ മനം നൊന്ത്‌ കരയുകയാണിപ്പോള്‍, ഭാവിക്ക്‌ നിറംപകരാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വന്നുചേരുമ്പോഴും എന്തൊക്കെയോ നഷ്‌ടമാവുകയാണെനിക്കിവിടെ...ഒരു പൂവിന്‌ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം സമ്മാനിച്ച എന്റെ കൂട്ടുകാരത്രയും പലവഴിക്ക്‌ പിരിയുന്നു...മാര്‍ച്ച്‌....സോറി ടോ...നീയില്ലാത്തൊരു കലണ്ടറാണെനിക്കിഷ്‌ടം....
000 000 000
അപരിചതത്വം നിറഞ്ഞ ആ നിമിഷത്തില്‍ അകലാന്‍വേണ്ടി മാത്രമായിരുന്നു ഞങ്ങള്‍ അടുത്തുവന്നിരുന്നത്‌...പക്ഷെ, ഇപ്പോള്‍ അകലാന്‍ കഴിയാത്തത്രയും അടുത്തുപോയി....മാര്‍ച്ച്‌ നീ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം കാണുന്നില്ലേ(?) എന്നിട്ടും എന്തിനാണ്‌ നീ ഞങ്ങളോടിങ്ങനെ(?) അറിവിന്റെ ആദ്യാക്ഷരം തേടിവരുമ്പോള്‍ ഒന്നുമറിയാത്ത കുഞ്ഞായിരുന്നു, ഇന്ന്‌ ഒത്തിരിവളര്‍ന്നു, മാര്‍ച്ച്‌...എന്നിട്ടും ഞാന്‍ ഒരു കുഞ്ഞിനെപോലെ കേണുകരയുന്നു...ഒരുവട്ടം കൂടി തുറക്കുമോ ഈ കാമ്പസിന്റെ സുന്ദരം ലോകം ഞങ്ങള്‍ക്കുമുന്നില്‍...
000 000 000
കുന്നോളം കുളിര്‌ തന്ന്‌ തലോടാനെത്തുന്ന കാറ്റിനുപോലും അസഹനീയതയുടെ താളമാണ്‌, പുലരിക്കും സന്ധ്യക്കും പറയാനുള്ളത്‌ കണ്ണീരിന്റെ കഥമാത്രം...ലൈബ്രറി ഹാളിലും ലാബിന്റെ ഉള്ളിലും ഇനി നീയുണ്ടാവില്ല, ഞാനും...ഞാനിനിയും ക്രിക്കറ്റ്‌ കളിക്കും, നല്ല കരുത്തോടെ വോളിഗ്രൗണ്ടില്‍ നാല്‌ നല്ല അടി അടിക്കും, പക്ഷെ, എന്റെ സഹകളിക്കാരനാവാന്‍ നീയുണ്ടാവില്ലെന്ന സത്യം എന്നെ കരയിപ്പിക്കുന്നെട...
എല്ലാ ദു:ഖവും ഉള്ളിലൊതുക്കി സ്വയം നീറുമ്പോഴും എന്റെ അപ്പുറത്തെ ബെഞ്ചില്‍ നീയുണ്ടായിരുന്നുവെന്നത്‌ വലിയ കരുത്തായിരുന്നു...ഞാനെന്റെ എല്ലാ ദു:ഖവും പങ്കുവെച്ചത്‌ നിന്നോട്‌ മാത്രമായിരുന്നു...സാന്ത്വനത്തിന്റെ ആ കൈകള്‍ ഒരു തലോടലിനുമപ്പുറത്തേക്ക്‌ അകന്നുപോകുമ്പോള്‍ എനിക്കെന്റെ ഹൃദയം തന്നെയാണട ഇല്ലാതാവുന്നത്‌...ഞാന്‍ ക്യാപ്‌റ്റനായ ടീമില്‍ നിന്നെ റിസര്‍വ്വിലേക്ക്‌ മാറ്റി ഇരുത്തി, ഞാന്‍ എഡിറ്ററായ മാഗസിനില്‍ നിന്റെ കവിത വലിച്ചെറിഞ്ഞു...എന്നിട്ടും എന്നെ സ്‌നേഹിച്ച കൂട്ടുകാര സോറിടോ, നിന്റെ സ്‌നേഹത്തിന്‌ പകരം നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലട...

000 000 000
അമിത്തിന്റെ പൊതിച്ചോറിന്‌ വട്ടമിരുന്ന്‌ വാരിതിന്നുമ്പോള്‍ വയറായിരുന്നില്ല മനസ്സായിരുന്നു നിറഞ്ഞത്‌...തട്ടുകടയില്‍ പോയി മത്തിക്കറിയും കപ്പയും കഴിക്കുമ്പോള്‍ വിലകൊടുത്താല്‍ കിട്ടാത്ത ആഹ്ലാദമായിരുന്നു രുചിച്ചറിഞ്ഞത്‌...കോളജിന്റെ മുറ്റത്ത്‌ വെച്ച്‌ വാഹനത്തെ വട്ടംകറക്കുമ്പോള്‍ നാരായണന്‍ കാര്‍ത്തികേയനാവാനല്ല നാലാളുടെ കണ്ണിലൊരു നായകനാവാനായിരുന്നു കൊതിച്ചത്‌...ഓരോ കവിതയിലും അവള്‍ നായികയാകുമ്പോള്‍ കൂട്ടുകാര്‍ സമ്മാനിച്ച കളിയാക്കലിലായിരുന്നു പ്രണയമില്ലാത്ത ഞാന്‍ പ്രണയത്തിന്റെ ലഹരി അറിഞ്ഞത്‌...
ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ കറങ്ങിനടക്കുമ്പോഴൊക്കെ നോട്ട്‌ കംപ്ലീറ്റ്‌ ചെയ്‌ത്‌ തന്നിരുന്ന അമ്മുവും നിഖിലയും കാമ്പസില്‍ ഞാന്‍ കണ്ട കനിവിന്റെ മുഖങ്ങളായിരുന്നു, ഒന്നും അനുസരിക്കാതിരിക്കുമ്പോഴും എന്നെ ഒത്തിരി ഇഷ്‌ടപ്പെട്ട ശ്രീലതടീച്ചറെ ഞാനെങ്ങനെ മറക്കും, വിരേന്ദര്‍ സെവാഗിന്റെ ബാറ്റിംഗിനെക്കുറിച്ച്‌ അന്ധമായി വാചാലമാകുമ്പോള്‍ എന്നെ ദേശ്യം പിടിപ്പിക്കാനായി എന്നും പ്രതിപക്ഷമായി നിന്ന പ്രദീപും അനൂപും ഇനി ഒരു തര്‍ക്കത്തിന്‌ നില്‍ക്കാനുണ്ടാകില്ല..
000 000 000
ടൂര്‍ പോയ നേരത്ത്‌ പളനിയിലെ പച്ചക്കറി ചന്തയില്‍ ഉന്തുവണ്ടി തള്ളിവിട്ടപ്പോള്‍ തമിഴന്റെ തെറികേട്ട രംഗം നീ ഓര്‍ക്കുന്നില്ലെ, പ്രണയം സമയം കൊല്ലുമെന്ന്‌ പറയുമ്പോഴും കമന്റടിക്കാന്‍ വേണ്ടി മാത്രം ഗേറ്റിനരികില്‍ പോയിരുന്ന ആ ഉച്ചനേരങ്ങള്‍ നിനക്ക്‌ മറക്കാന്‍ കഴിയുമോട, ഇനി എന്നാട നമ്മള്‍ മൂന്നാറിലേക്ക്‌ പ്രകൃതിയുടെ കുളിരറിയാന്‍ പോകുന്നത്‌(?) അമിതേവഗതയില്‍ ബൈക്കോട്ടി നമുക്കിനിയും മടിക്കേരിയിലേക്ക്‌ ടൂര്‍ പോകേണ്ടേ(?)
000 000 000
മനസ്സിന്റെ ഫോള്‍ഡര്‍ നിറയെ നിന്റെ മുഖമാണ്‌...ഒന്നും പറയാനില്ലാതിരിക്കുമ്പോഴും ഞാന്‍ നിന്നെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കും, സ്‌നേഹം എന്ന വാക്കിന്‌ ഞാന്‍ നല്‍കിയ ഫയല്‍നൈം നിന്റെ പേരാണ്‌...മറന്നുപോവില്ലെന്നത്‌ ഹൃദയത്തിന്റെ ഉറപ്പ്‌..ഫ്രണ്ട്‌ഷിപ്പില്‍ പുതിയ അപ്‌ഡേഷനുണ്ടാവും...പക്ഷെ, നീ മാത്രം ടോപ്‌ ടെന്നിലങ്ങനെ തിളങ്ങി നില്‍ക്കും...കാലത്തിന്റെ പഴക്കത്തിനുമുന്നില്‍ മറവിയുടെ വൈറസ്‌ വന്ന്‌ പാസ്‌ വേര്‍ഡ്‌ മായ്‌ച്ചുകളഞ്ഞാലും നിന്റെ ചിത്രം മാത്രം മനസ്സില്‍ നിന്ന്‌ മാഞ്ഞുപോവില്ലട...ഞാന്‍ നിന്റെ മുഖം എന്റെ ഹൃദയത്തിലാണ്‌ ടാഗ്‌ ചെയ്‌ത്‌ വച്ചിട്ടുള്ളത്‌...ഇനി ഒരിക്കലും കണ്ടില്ലെങ്കിലും നിന്റെ നല്ല സ്‌നേഹത്തിന്‌ ഞാനെന്നും ലൈക്കടിച്ചുകൊണ്ടിരിക്കും...
നാളെ നീ വലിയ ആളാവും...നിന്റെ സരസമായ ആ സംസാരം കേള്‍ക്കാന്‍ ഞാന്‍ ഡയല്‍ചെയ്‌തുകൊണ്ടിരിക്കും...അപ്പോള്‍ അപ്പുറത്തുനിന്ന്‌ ആരോ നിനക്കുവേണ്ടി പറയും, താങ്കള്‍ ക്യൂവിലാണ്‌, ദയവായി കാത്തിരിക്കു.....
എടാ, ഒരുമടുപ്പുമില്ലാതെ ഞാനന്നേരം കാത്തിരിക്കും, പുതിയ വിവരങ്ങള്‍ക്കുവേണ്ടി മാത്രമല്ല, പഴയ ആ കഥകള്‍ ഓര്‍മ്മിച്ച്‌ ചിരിക്കാന്‍ വേണ്ടി...
ഫേസ്‌ ബുക്കിന്റെ വര്‍ത്തമാനകാലത്ത്‌ ചാറ്റ്‌ റൂമുകള്‍ ബഹളത്തിന്റെ മുറികളാകുമ്പോള്‍ അഞ്ഞൂറോളം വരുന്ന ഓണ്‍ലൈനുകാര്‍ക്കിടയില്‍ നിനക്കെന്നേയും എനിക്ക്‌ നിന്നെയും കാണാന്‍ കഴിഞ്ഞെന്ന്‌ വരില്ല, അതുകൊണ്ട്‌ പ്രിയപ്പെട്ട കൂട്ടുകാര ഇന്‍ബോക്‌സിലെ ഓര്‍മ്മമരത്തിനടയില്‍ ഞാന്‍ നിന്നെ കാത്തിരിക്കാം...
000 000 000
ചില ആഗ്രഹങ്ങള്‍ അര്‍ത്ഥശൂന്യമാണ്‌...എങ്കിലും ആഗ്രഹിക്കട്ടെ, മാര്‍ച്ചു മാത്രം ഒരുനൂറ്‌ ദിനങ്ങളുള്ള ഒരു മാസമായിരുന്നെങ്കില്‍...എന്നും ഈ ക്ലാസ്‌ മുറിയില്‍, ഈ ബെഞ്ചില്‍ നിന്റടുത്ത്‌ ഇങ്ങനെ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...അപ്പുറത്തെ ഉന്തുവണ്ടിയില്‍ അദ്ദീന്‍ച്ച വീണ്ടും കക്കിരി മുറിക്കുന്നുണ്ടാവും...അതിന്‌ മുളക്‌ പുരട്ടി ഒന്നിച്ച്‌ രുചിക്കാന്‍ ഇനിയൊരു ഇന്റര്‍വെല്‍ നമുക്കില്ലല്ലോട...അദ്ദീന്‍ച്ച ഇനിയും കക്കിരി മുറിക്കും ആവണ്ടിക്ക്‌ ചുറ്റും പതിവുപോലെ കുട്ടികള്‍ നിറയും...അപ്പോള്‍ നീയും ഞാനും ഏതെങ്കിലും ഓഫീസില്‍ തിരക്കിനോട്‌ മത്സരിച്ച്‌ സമയത്തെ തോല്‍പ്പിക്കുകയായിരിക്കുമല്ലെ...പ്ലീസ്‌, ടാ, ഏതു തിരക്കിനിടയിലും നീയെന്റെ പുതിയ ഫോട്ടോയ്‌ക്ക്‌ കമന്റടിക്കാന്‍ മറുന്നുപോവരുത്‌ കേട്ടോട...
സാക്കിയും യാസിറും പ്രജിത്തും അനസും ചേര്‍ന്ന്‌ സമ്പന്നമാക്കുന്ന എന്റെ ഫേസ്‌ബുക്ക്‌ പേജില്‍ നീ വന്നില്ലെങ്കില്‌ ഞാന്‍ കരഞ്ഞുപോകും...സത്യമാണട, നിന്നില്‍ നിന്ന്‌ ലഭിക്കുന്ന പോസിറ്റീവ്‌ എനര്‍ജി മറ്റൊരുടത്തുനിന്നും എനിക്ക്‌ കിട്ടിയിട്ടില്ലട...
000 000 000
അവസാനപേജിലെഴുതുന്ന എന്നെ അവസാനം വരെ ഓര്‍ക്കണമെന്ന നിന്റെ ഓട്ടോഗ്രാഫ്‌ വാചകം ഞാന്‍ ഡിലീറ്റ്‌ ചെയ്യും...എന്തിനാട അങ്ങനെ എഴുതിവെച്ചത്‌ നിന്നെ മറക്കാന്‍ എനിക്ക്‌ കഴിയുമോ(?) നീ എന്റെ ഹൃദയം തന്നെയാണല്ലോട(?)
എത്ര സന്ധ്യകള്‍, എത്ര പുലരികള്‍...നീല പാന്റിന്‌ വെള്ളകുപ്പായമിട്ട്‌ സ്‌കൂളിലേക്ക്‌ പോയനാളുകള്‍, പിന്നെ പുതിയ അറിവുകള്‍ തേടി ഓരോ നാട്ടിലെ ഓരോ കാമ്പസ്‌...അറിവുവെച്ച നാള്‍ മുതല്‍ ബാഗും പുസ്‌തകവും മാത്രമായിരുന്നു കൂട്ട്‌...പക്ഷെ, നാളെ(!!!) ഈ സൂര്യന്‍ കടലിലമര്‍ന്നാല്‍ ഞാന്‍ പുതിയൊരാളാണ്‌, കറുത്ത ബോര്‍ഡും കനം കുറഞ്ഞ ഡസറ്ററുമില്ലാതെ ജീവിതഭാരം നിറഞ്ഞൊരു ലോകമാണ്‌ മാടിവിളിക്കുന്നുള്ളത്‌...
00000 000 0000
മനസിപ്പോള്‍ ദു:ഖത്തെ കടം വാങ്ങുകയാണ്‌...ഞാനിനി കുസൃതി നറിഞ്ഞ വിദ്യാര്‍ത്ഥിയല്ല...എന്തൊക്കെയോ ഉത്തരവാദിത്വമുള്ള ആളാണ്‌ ഞാന്‍..
ഓര്‍മ്മകള്‍ മാത്രം ബാക്കിയാകുമ്പോള്‍ ഇനി ഞാന്‍ പറയും...അത്‌ ഞാന്‍ പഠിച്ച കോളജായിരുന്നു, അവിടെവെച്ചാണ്‌ ഞാന്‍ ആദ്യമായി പ്രണയിച്ചതും രാഷ്‌ട്രീയകാരന്റെ കുപ്പായമിട്ടതും...കാലം പിന്നെയും കറങ്ങി തിരിയുമ്പോള്‍ ഇതുവഴി ഇനിയും എത്രയോ ആളുകള്‍ വന്നുമടങ്ങും...താരമായി നിറഞ്ഞുനിന്നവനാണെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല മറ്റുപലതിനേയുമെന്നപോലെ ഈ കാമ്പസ്‌ എന്നെയും മറക്കും...പക്ഷെ, കാലമെത്ര കഴിഞ്ഞാലും നമുക്ക്‌ മറക്കാന്‍ കഴിയുമോ നമുക്കാ കലാലയത്തെ..
000 000 000
ഇതേ വഴിയില്‍, ഇതേ സമയത്ത്‌ ശുക്രിയ ബസ്‌ വീണ്ടും വരും, പക്ഷെ അതില്‍ വന്നിറങ്ങി കോളജിന്റെ നടചവിട്ടാന്‍ ഞങ്ങളുമാത്രമുണ്ടാവില്ല...
പുതിയ ജോലിക്കുവേണ്ടി പുതിയ വണ്ടി കയറാന്‍ റെയില്‍വേ സ്റ്റേഷനിലെ ക്യൂവിലായിരിക്കുമന്നേരം...അന്നും സൂര്യനുദിക്കും, അന്നും പത്തുമണിയാവും, പക്ഷെ ആഹ്ലാദം മാത്രം പഴയതായിരിക്കില്ല...
തളര്‍ന്നുറങ്ങിപ്പോയ ഈ രാത്രി പുലരുമ്പോള്‍ ജിംനേഷ്യത്തില്‍ പോവാനുള്ള ഓര്‍മ്മപ്പെടുത്തലുമായി കൂട്ടുകാരന്റ നമ്പര്‍ തൊട്ടുവിളിക്കും...ഒരു രാത്രി മുഴുവന്‍ ദു:ഖത്തിന്റെ ഭാരം ചുമന്ന എനിക്ക്‌ ജിമ്മിനുള്ളില്‍ പുതിയ കനം താങ്ങാനുള്ള കരുത്തില്ലെന്ന്‌ ഞാനെങ്ങനെയാണവന്‌ എസ്‌.എം.എസ്‌ ചെയ്യേണ്ടത്‌(?)


abikutiyanam@gmail.com 

No comments:

Post a Comment