Friday, December 25, 2015

ദുരന്തങ്ങള്‍ നമ്മെ മനുഷ്യനാക്കുന്നു....



എബി കുട്ടിയാനം

ഒരു ദുരന്തത്തിനുമുന്നില്‍ പകച്ചുപോകാന്‍ മാത്രമുള്ളതാണ്‌ നമ്മുടെ അഹങ്കാരം ...ഒരു പ്രളയത്തില്‍ ഒലിച്ചുപോകുന്നതാണ്‌ നമ്മുടെ തോന്നിവാസം...ഒരു കൊടുങ്കാറ്റില്‍ പാറിപോകുന്നതാണ്‌ നമ്മുടെ വാക്‌ചാതുര്യം...ഒരു ഭൂ കിലുക്കത്തില്‍ പൊടിഞ്ഞ്‌ ഇല്ലാതാകുന്നതാണ്‌ നമ്മുടെ സമ്പത്ത്‌...ഒരു കാട്ടുതീയില്‍ കരിഞ്ഞുതീരുന്നതാണ്‌ നമ്മുടെ അധികാരങ്ങളത്രയും...
ദുരന്തവും ദുരിതവും മറ്റാര്‍ക്കോ സംഭവിക്കുന്നതാണെന്ന്‌ കണക്കുകൂട്ടിയ നമുക്ക്‌ മുന്നില്‍ ഭീതിയുടെ ചൂളം വിളിയുമായി ഒരപകടമെത്തുമ്പോള്‍ നാം ഒന്നുമല്ലാത്ത കളിപ്പാവയായി തീരുന്നു...ഇന്നലെവരെ എല്ലാ അധികാരവും കയ്യിലുണ്ടായിരുന്നവന്‍ ജീവനുവേണ്ടി നിലവിളിച്ചോടുന്നു....ഫാസ്റ്റ്‌ ഫുഡുകള്‍ മാത്രം കഴിച്ചിരുന്നവര്‍ ഒരു അപ്പക്കഷ്‌ണത്തിന്‌ വേണ്ടി ദുരിതാശ്വാസ ക്യാമ്പില്‍ കൈനീട്ടി യാചിക്കുന്നു.......വിലകൂടിയ ജ്യൂസുകള്‍ കഴിച്ചു ശീലിച്ചിരുന്നവര്‍ ഒരുകുപ്പി വെള്ളത്തിനുവേണ്ടി ഏതൊക്കെയോ വാഹനത്തിനുപിന്നാലെ ഓടുന്നു...എസിയും എയര്‍കൂളറുമില്ലാതെ ഒരുപോള കണ്ണടക്കാന്‍ പറ്റാത്തവന്‍ ഏതോ സ്‌കൂളിന്റെ വിരിപ്പ്‌ വിരിക്കാത്ത തിണ്ണയില്‍ കിടന്നുറങ്ങുന്നു...മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹിച്ചവന്‌ പള്ളിയും അമ്പലവും പരസ്‌പരം അഭയകേന്ദ്രങ്ങളാവുന്നു...എല്ലാം നഷ്ടപ്പെടുമ്പോള്‍ അവന്റെ വര്‍ഗ്ഗീയതയും ജാതി സ്‌പിരിറ്റും അകലെ മാറി നില്‍്‌ക്കുന്നു...ഒരു ഗ്ലാസ്‌ വെള്ളത്തില്‍ പോലും വര്‍ഗ്ഗീയതയുടെ വിഷം കലക്കിയവര്‍ ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരേ ദിക്കില്‍ ക്യൂ നില്‍ക്കുന്നു, ഒരേ മണ്ണില്‍ കിടന്നുറങ്ങുന്നു... നല്ല മനുഷ്യനാവാന്‍ നമുക്ക്‌ ഒരു ദുരന്തം വേണ്ടി വരുന്നുവെന്നതാണ്‌ വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ദു:ഖം
000 000 000
ചെന്നൈ ഒരു പാഠമാവുന്നു...ദുരന്തങ്ങള്‍ നമ്മെ മനുഷ്യനാക്കി മാറ്റുമെന്ന്‌ അത്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു...ഒരു നാടും അവിടുത്തെ മനുഷ്യരും വെള്ളത്തില്‍ മുങ്ങി താണുപോയപ്പോള്‍ സര്‍വ്വം മറന്ന്‌ ഓടിയെത്തിയ ജനങ്ങളില്‍ ഈ ലോകത്തിന്റെ നന്മ ആയിരം തുടിപ്പോടെ ജീവിക്കുന്നുണ്ട്‌...
ലോറികളില്‍ വന്നിറങ്ങിയ ലോഡ്‌ കണക്കിന്‌ കുപ്പിവെള്ളം ഒന്നുമില്ലാതായ ഒരു നാടിന്റെ വയറുമാത്രമല്ല മനസ്സുകൂടിയാണ്‌ നിറച്ചുകളഞ്ഞത്‌...എവിടെ നിന്നോ കൊണ്ടുവന്ന മെഴുക്‌്‌തിരികള്‍ ദുരിതാശ്വാസ ടെന്റില്‍ മാത്രമല്ല ലോകത്തിന്‌ തന്നെയാണ്‌ വെളിച്ചം പകര്‍ന്നത്‌...വാഹനങ്ങളില്‍ വന്ന്‌ വിതരണം ചെയ്‌ത പുതപ്പുകള്‍ മനുഷ്യത്വത്തെ തന്നെയായിരുന്നു പുതിപ്പിച്ചത്‌...ഒരു കുപ്പിവെള്ളവും ഒരു മെഴുക്‌്‌ തിരിയുമായി ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി മാറിയ പ്രിയകൂട്ടുകാര നീ ഭാഗ്യവാനാണ്‌...കോടികള്‍ വിതരണം ചെയ്‌്‌ത സമ്പന്നന്റെ സഹാനുഭൂതിയോളം തിളക്കമുണ്ട്‌ നിന്റെ ഒരിറ്റ്‌ വെള്ളത്തിനും ആ സന്മനസ്സിനും...
ചെളിവെള്ളത്തില്‍ വികൃതമായിപോയ ക്ഷേത്രങ്ങളെ കഴുകി വൃത്തിയാക്കുന്ന മുസ്‌്‌ലിം ചെറുപ്പക്കാരും അകലങ്ങളില്‍ ഒറ്റപ്പെട്ടുപോയ മുസ്‌്‌ലിം സഹോദരങ്ങള്‍ക്ക്‌ അഭയമായ ഹിന്ദു യുവത്വവും അസഹിഷ്‌ണുത വളരുന്ന നാട്ടിലെ നല്ല ചിത്രങ്ങളായി മാറി...
തമിഴ്‌ മക്കളുടെ കണ്ണീരിനിടയിലെ അഴകുള്ള കാഴ്‌ച എതെന്ന്‌ ചോദിക്കുമ്പോള്‍ യൂനുസ്‌ എന്ന യുവഡോക്ടറുടെ പേര്‌ ഉള്ളില്‍ താജ്‌്‌മഹല്‍ പോലെ തിളങ്ങുന്നു...ചിത്ര എന്ന യുവതിയും അവളുടെ ഭര്‍ത്താവ്‌ മോഹനനും ഗംഗ പോലെ നന്മയായി ഒഴുകുന്നു...
എല്ലാറ്റിലും വര്‍ഗ്ഗീയ വിഷം നിറച്ച്‌്‌ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്തവരെയെല്ലാം മറ്റൊരു നാട്ടിലേക്ക്‌ പോകാന്‍ പറയുന്നവര്‍ ജീവിതത്തിലേക്ക്‌ പകര്‍ത്തേണ്ടതാണ്‌ ഈ മനുഷ്യര്‍ പകര്‍ന്നു നല്‍കിയ നന്മ...
അത്‌ വല്ലാത്തൊരു കഥയാണ്‌...
ചെന്നൈ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മോഹനനും ഗര്‍ഭണിയായ ഭാര്യ ചിത്രയും ഒരു സ്ഥലത്ത്‌ ഒറ്റപ്പെട്ടുപോകുന്നു...സ്വന്തം നാടായ ഊരാപാക്കത്ത്‌ എത്തിച്ചേരാനാവാതെ കരഞ്ഞുപോയ നിമിഷം...മഴയും മഴവെള്ളവും കൂടുതല്‍ ശക്തമാകാന്‍ തുടങ്ങിയതോടെ ശരീരം മാത്രമല്ല പ്രതീക്ഷകളും നെഞ്ചോളം മുങ്ങിയ നേരം...നാടുനീളെ ദുരിതത്തിലായ നേരത്ത്‌ രക്ഷപ്പെടുത്താന്‍ ആളുകളെത്തുമെന്ന പ്രതീക്ഷപോലും അസ്‌തമിച്ചുപോയിരുന്നു...പൂര്‍ണ ഗര്‍ഭണിയായ ചിത്രയുടെ പ്രസവം അന്നോ അതിന്‌ തൊട്ടടുത്ത ദിവസമോ നടക്കേണ്ടതാണ്‌...പ്രളയജലത്തിലേക്കായിരിക്കും തങ്ങളുടെ കുഞ്ഞ്‌ പിറന്നുവീഴുക എന്ന ആശങ്കയില്‍ ചിത്രയും ഭര്‍ത്താവും കൂടുതല്‍ തളര്‍ന്നു...
പ്രതീക്ഷകള്‍ അസ്‌തമിച്ചുപോയ നേരത്ത്‌ എവിടെ നിന്നെങ്കിലും സഹായത്തിന്റെ ഒരു കൈ നീണ്ടിരുന്നെങ്കിലെന്ന പ്രാര്‍ത്ഥനയോടെ മോഹനന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു സഹായഭ്യാര്‍ത്ഥന നടത്തി.
ഒരുപാടുപേര്‍ അത്‌ കണ്ട്‌ ലൈക്കടിച്ച്‌ തങ്ങളുടെ തിരക്കിലേക്ക്‌ മടങ്ങിപ്പോയി...എന്നാല്‍ നുങ്കമ്പക്കത്തെ യുവ ഡോക്‌ടര്‍ മുഹമ്മദ്‌ യൂനിസിന്‌ മാത്രം അതിനെ തള്ളിക്കളയാനായില്ല...അതേ നിമഷം തന്നെ അദ്ദേഹം മറ്റെല്ലാ തിരക്കും മാറ്റിവെച്ച്‌ ഊരാപ്പാക്കത്തേക്ക്‌ ഓടിപ്പോയി...
്‌നാലഞ്ചു മണിക്കൂര്‍ നേരത്തെ പാച്ചിലിനോടുവില്‍ സംഘടിപ്പിച്ച ഫൈബര്‍ ബോട്ടില്‍ ദുരിത ദിക്കിലെത്തുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണ്‌ ചിത്രയും മോഹനനും. അതിവേഗം അവരെ ബോട്ടില്‍ കയറ്റി ആശുപത്രിയിലേക്ക്‌ കുതിച്ചു. പെരുങ്കുളത്തൂരിലെ ആശുപത്രിയിലെത്തി അധികം വൈകാതെ ചിത്ര ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി.
വെള്ളത്തില്‍ വീണ്‌ മരിച്ചുപോകുമായിരുന്ന തങ്ങളുടെ പൊന്നോമനയെ കണ്‍കുളിര്‍കെ കാണാന്‍ അവസരം ഒരുക്കികൊടുത്ത ഡോ.യൂനുസിനെയും കൂട്ടുകാരെയും ചിത്രയും മോഹനനും നന്ദിയോടെ നോക്കി.
ഭൂമിയിലേക്ക്‌ പിറന്നുവീഴും മുമ്പ്‌ മരിച്ചുപോകുമായിരുന്ന തങ്ങളുടെ പൊന്നോമനയെ രക്ഷിച്ചെടുത്ത ആ നല്ല മനുഷ്യനോടുള്ള നന്ദി ഒരു വാക്കിലൊതുക്കാന്‍ അവര്‍ക്ക്‌ ആവില്ലായിരുന്നു...ആ നന്മയെ എന്നെന്നും ഓര്‍ക്കുവാന്‍ അവര്‍ തങ്ങളുടെ പൊന്നുമോള്‍ക്ക്‌ യൂനുസ്‌ എന്ന്‌ പേര്‌ വിളിച്ചു...ഹിന്ദു ആചാരമനുസരിച്ച്‌ ജനിച്ച ഉടനെ കുട്ടിക്ക്‌ പേര്‌ നല്‍കുന്നത്‌ പതിവല്ല....മാത്രവുമല്ല ഒരു പെണ്‍കുഞ്ഞിന്‌ പുരുഷ്‌ പേര്‌ നല്‍കുകയുമില്ല...പക്ഷെ, യൂനിസിനോടുള്ള കടപ്പാട്‌ തീര്‍ക്കാന്‍ അതിനേക്കാള്‍ വലിയ മറ്റൊന്നും അവരുടെ കയ്യില്‍ ഇല്ലായിരുന്നു...
ആ കുഞ്ഞുമോള്‍ ഇപ്പോള്‍ ഊരാപ്പക്കത്തെ ഏതോ കുടിലില്‍ മോണ കാട്ടി ചിരിക്കുന്നുണ്ടാകും...ആ പുഞ്ചിരിക്ക്‌ ഒഴുകുന്ന പുഴയുടെ അതേ അഴകാണെന്ന്‌ കാലം പിന്നെയും പറഞ്ഞുകൊണ്ടിരിക്കും...
000 000 000
ദുരന്തമുഖത്തുവെച്ചെങ്കിലും നമുക്ക്‌ എല്ലാം മറന്ന്‌ ഒന്നിക്കാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണ്‌...എന്നാല്‍ ജാതിയും മതവും മറന്ന്‌ പരസ്‌പരം കൈപിടിക്കാന്‍ ഒരു ദുരന്തം തന്നെ വേണമെന്നത്‌ വല്ലാത്തൊരുവസ്ഥ തന്നെയാണ്‌...



മനസ്സ്‌ നബിദിനത്തിന്റെ ഘോഷയാത്രയിലാണ്‌...


എബി കുട്ടിയാനം

മദീന ഒരു വസന്തമാണ്‌...അനുഗ്രഹത്തിന്റെ പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന പുഷ്‌പവാടിയാണത്‌...ലോകത്തെ ഏറ്റവും പവിത്രമായ മണ്ണ്‌...ലോകത്തിന്റെ നായകന്‍ ഉറങ്ങുന്നത്‌ അവിടെയാണ്‌...
മക്കയും മദീനയും കാണുക എന്നത്‌ ഒരു വിശ്വാസിയുടെ അടങ്ങാത്ത ആഗ്രഹമാണ്‌...ഓരോ നിസ്‌ക്കാരത്തിനുശേഷവും അവന്‍ ആജന്മസാഫല്ല്യത്തിനുവേണ്ടി ഉള്ളുരുകി കേഴുന്നുണ്ട്‌....ഏതു ലോകം കണ്ടാലും ഏതു സ്വര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാലും അത്‌ ആ കാഴ്‌ച്ചക്കും ആ അനുഭൂതിക്കും പകരമാവില്ല...അവിടുത്തെ വെയിലിനും അവിടുത്തെ കാറ്റിനുമെല്ലാം ആത്മസംതൃപ്‌തിയുടെ കുളിരാണ്‌...
ഞാന്‍ മദീനയിലേക്കുള്ള യാത്രയിലാണെന്ന്‌ ഫേസ്‌ ബുക്കില്‍ സ്റ്റാറ്റസ്‌ ഇട്ടപ്പോള്‍ ഒന്നുംപറയാനില്ല, നീ ഭാഗ്യവാന്‍... എന്ന്‌ കമന്റിട്ട സഫ്‌വാന്റെ മനസില്‍ നിറയുന്ന വികാരത്തില്‍ പുണ്യ റൗള തുടിച്ചുനില്‍പ്പുണ്ടായിരുന്നു. ഈ ജന്മത്തില്‍ കണ്ട ഏറ്റവും സുന്ദരമായ കാഴ്‌ച മക്കയും മദീനയുമായിരുന്നു...അതിനുമുമ്പോ ശേഷമോ അത്രത്തോളം സുഖം പകരുന്നൊരു ആനന്ദം അനുഭവിച്ചിട്ടില്ല...
കുഞ്ഞുനാളുതൊട്ട്‌കിനാവ്‌ കണ്ടത്‌ അവിടെ എത്താനായിരുന്നു, ഓരോ നിമിഷത്തിലും പ്രാര്‍ത്ഥിച്ചതും അതിനുവേണ്ടി തന്നെ...അവസാനം അവിചാരിതമായൊരു നിമിഷത്തില്‍ എന്റെ റസൂലിന്റെ അരികിലെത്തിയപ്പോള്‍ എനിക്ക്‌ എന്നെ തന്നെ വിശ്വസിപ്പിക്കാനായില്ല,കാണുന്നതും അനുഭവിക്കുന്നതും ഒരു സ്വപ്‌നമാണോ എന്ന്‌ മനസ്സ്‌ ചോദിച്ചുകൊണ്ടേയിരുന്നു...
നേര്‍ത്ത കുളിരുള്ള ഒരു പാതിരാത്രിയിലാണ്‌ ഞാന്‍ മദീന നഗരിയെ തൊട്ടത്‌...മദീനയിലെ ലോഡ്‌ജ്‌മുറിയില്‍ നിന്ന്‌ കുളിച്ചൊരുങ്ങി റസൂലിന്റെ ചാരത്തെത്തിയപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു..ആ മിമ്പറിനും റൗളക്കുമിടയിലിരുന്നത്‌, എന്റെ റസൂലിനോട്‌ സലാം ചൊല്ലിയത്‌, മതിവരുവോളം സ്വലാത്ത്‌ മന്ത്രം ഉരുവിട്ടത്‌, മസ്‌ജിദ്‌ നവബിയില്‍ ഇഹ്‌ത്തികാഫിന്റെ നിയ്യത്തോടെ കിടന്നത്‌, ആയിരങ്ങള്‍ അണിനിരന്ന സുബ്‌ഹി നമസ്‌ക്കാരത്തില്‍ ആദ്യ സ്റ്റെപ്പിലൊന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത്‌...വിങ്ങി വിങ്ങി പ്രാര്‍ത്ഥിച്ചത്‌...പറഞ്ഞറിയിക്കാനാവുന്നില്ല എനിക്കെന്റെ വികാരം...
ഇന്നും മനസ്സ്‌ മദീനയിലെത്താന്‍ കൊതിക്കുകയാണ്‌...പ്രവാചകന്റെ റൗളക്കുചുറ്റും വട്ടമിട്ടു പറക്കുന്ന മാട പ്രാവുകള്‍ എത്ര ഭാഗ്യവാന്മാരാണ്‌...ആ മണ്‍ മണ്‍തരികള്‍ എന്തുമാത്രം പുണ്യമാണ്‌...
ജീവിതത്തിലെ വലിയ ആഗ്രഹമെന്തെന്ന്‌ ചോദിക്കുമ്പോള്‍ എനിക്കെന്റെ മദീനയിലെത്തണമെന്നല്ലാതെ മറ്റെന്താണ്‌ എനിക്കും നിങ്ങള്‍ക്കും കുറിച്ചുവെക്കാനുള്ളത്‌(?)
കൊട്ടാരം നിര്‍മ്മിക്കാനും കോടികളിലമ്മാനമാടാനും കഴിഞ്ഞേക്കാം, പക്ഷെ മക്കയും മദീനയുമെത്തുക എന്നത്‌ ഭാഗ്യവാന്മാര്‍ക്ക്‌ മാത്രമുള്ള സുകൃതമാണ്‌...തെറ്റുകള്‍ ഏറ്റുപറയാന്‍, തേങ്ങി തേങ്ങി കരയാന്‍ നമുക്ക്‌ ഒരു ഇടമുണ്ടല്ലോ, അവിടെ എത്തുക എന്നത്‌ ഭാഗ്യമല്ലാതെ മറ്റെന്താണ്‌...
പുണ്യദിക്കിലേക്ക്‌ വിമാനം കയറുന്ന നിമഷം മുതല്‍ മനസ്സ്‌ അനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ഒന്നാണത്‌...സ്വപനമാണോ എന്ന്‌ പിന്നെയും പിന്നെയും സംശയിച്ചുപോകും...
യാ, അള്ളാ, എന്നെ നീ വീണ്ടും ആ പുണ്യ നഗരിയിലെത്തിക്ക്‌ അള്ളാ, എന്റെ റസൂലിന്റെ ചാരത്തിരുന്ന്‌ സലാം ചൊല്ലാന്‍, ഒന്നും കരയാന്‍ നീ എനിക്ക്‌ അവസരം തരുമോ അള്ളാ...
000 000 000
റബീഅ...ആഹ്ലാദത്തിന്റെ മാസമാണത്‌...റബീഹുല്‍ അവ്വല്‍ പിറക്കുന്നതോടെ മണ്ണും മനസ്സും പള്ളിയും വീടും ഉണരും, ഓരോ നാടും പ്രവാചകന്റെ പേരിലുള്ള മൗലീദ്‌ കൊണ്ട്‌ സമ്പന്നമാകും, മനസിന്റെ പൂക്കാലമാണത്‌...പള്ളിയിലെ നിറഞ്ഞ സദസ്സില്‍ ഉസ്‌താദ്‌ ചൊല്ലിതരുന്ന സ്വലാത്ത്‌ ഏറ്റു ചൊല്ലുമ്പോള്‍ ഹൃദയം നിറയും...നമുക്ക്‌ വേണ്ടി ത്യാഗം സഹിച്ച റസൂല്‍, നമുക്ക്‌ വേണ്ടി ജീവിച്ച റസൂല്‍, അനുഗ്രഹത്തിന്റെ അലകടലായ ആ പ്രവാചകന്‍ നാളെ ഹൗളുല്‍ കൗസറുമായി നമ്മെ കാത്തിരിക്കുന്നുണ്ട്‌...യാ, അള്ളാ, ആ ശഫാഹത്തില്‍ നീ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ എന്ന്‌ ഉസ്‌താദ്‌ കരഞ്ഞു കരഞ്ഞ്‌ ദുഅ ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും നിറഞ്ഞു പോവാറില്ലെ...
ഇപ്പോള്‍ ഭൂമിക്കും ആകാശത്തിനും വസന്തമാണ്‌...ആത്മീയത അത്രയൊന്നും അലിഞ്ഞുചേരാത്ത യുവാവിനും നബിദിനം ആഘോഷത്തിന്റേതാണ്‌...നാടു നീളെ അലങ്കാരമൊരുക്കി, ആളുകള്‍ക്കൊക്കെ മധുരം നല്‍കി അവനും നബിയോടുള്ള മുഹബ്ബത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നു...
000 000 000
നബിദിനം വരുമ്പോള്‍ മദ്രസയില്‍ പുതിയ പൂക്കാലം വിരിയും...അന്നാണ്‌ നമ്മുടെ ഉള്ളിലെ കലാകാരന്‍ ഉണരുന്നത്‌...പാട്ടു പാടി, കവിത ചൊല്ലി, പ്രഭാഷണം നടത്തി താരമായ ആ നിമിഷങ്ങള്‍ നിങ്ങളും ഓര്‍ക്കുന്നില്ലെ(?) ജഡ്‌ജസ്‌ പ്ലീസ്‌ നോട്ട്‌...ചെസ്റ്റ്‌ നമ്പര്‍ വണ്‍ തേര്‍ട്ടി ഫോര്‍ വണ്‍ ദി സ്റ്റേജ്‌...സലാം ഉസ്‌താദ്‌ മൈക്കിലൂടെ നീട്ടി വിളിക്കുമ്പോള്‍ വിറയുന്ന കാലോടെ പ്രസംഗ പീഠത്തിലേക്ക്‌ നടന്നുപോയ ആ രംഗം ഇപ്പോഴും അങ്കാലാപ്പ്‌ പകരുന്നുണ്ട്‌...ഒടുവില്‍ എല്ലാം കഴിഞ്ഞ്‌ സമ്മാനത്തിന്‌ കാത്തിരിക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കൂട്ടുകാരന്‍ ഒന്നാം സ്ഥാനവുമായി പോകുമ്പോള്‍ കരഞ്ഞുപോയതും, സാരമില്ലട അടുത്ത തവണ നിനക്ക്‌ ജയിക്കാലോ എന്ന്‌ പറഞ്ഞ്‌ അവന്‍ ആശ്വസിപ്പിച്ചതും ഓര്‍മ്മയിലിന്നുമുണ്ട്‌...അന്ന്‌ കിട്ടിയ കൊച്ചു പാത്രങ്ങളോളം ആഹ്ലാദിപ്പിച്ച ഒരു അവാര്‍ഡും അതിന്‌ ശേഷം കിട്ടിയിട്ടില്ല...
ഇന്ന്‌ നാട്ടിലെ സ്റ്റേജില്‍ കുട്ടികള്‍ പാടി തകര്‍ക്കുമ്പോള്‍, നഷ്‌ടപ്പെട്ടുപോയ ഇന്നലെകള്‍ ഒരു നൊമ്പരമായി നിറഞ്ഞുവരുന്നു...നബിദിനം എല്ലാം ഓര്‍മ്മിപ്പിക്കുകയാണ്‌...ബാല്യം എത്ര സുന്ദരമായിരുന്നുവെന്ന്‌ അത്‌ പറയാതെ പറഞ്ഞുതരുന്നു...
ഘോഷയാത്ര പോയതും വെയിലേറ്റ്‌ തളര്‍ന്നതും, പുതിയ കുപ്പായമിട്ടതും....യാ, അള്ളാ...ഇന്നലെകള്‍ എന്തുരസമായിരുന്നു...
തക്‌ബീര്‍ ചൊല്ലി ബാവിക്കര കുന്നുകയറുമ്പോള്‍ കുഞ്ഞുകാലുകള്‍ക്ക്‌ തളര്‍ച്ചയായിരുന്നില്ല മറിച്ച്‌ ആവേശത്തിന്റെ പോരാട്ട വീര്യമായിരുന്നു....നുസ്രത്ത്‌ നഗറില്‍ നിന്ന്‌ പച്ച ലഡു കിട്ടിയതും ബോവിക്കാനത്തുനിന്ന്‌ ചെറുനാരങ്ങ സര്‍ബത്ത്‌ കുടിച്ചതും ചോക്ക്‌ലേറ്റുകള്‍കൊണ്ട്‌ കീശനിറഞ്ഞതും...
പ്രിയപ്പെട്ട കൂട്ടുകാര...നബിദിനം നിന്റെ മനസിലും ബാല്യത്തിന്റെ കുളിരു ചൊരിയുന്നില്ലെ(?)  

Saturday, November 14, 2015

ബാല്യം

ബാല്യം

എബി കുട്ടിയാനം



ചെക്കു...
ഓപ്പണിംഗ്‌ ബാറ്റിനുവേണ്ടി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌്‌
നിന്നോട്‌ ഞാന്‍ തര്‍ക്കിക്കാറുള്ളത്‌ നീ ഓര്‍ക്കുന്നില്ലെ

സുധി...
വള്ളികെട്ടിയ ബസില്‍ നാട്ടുവരമ്പിലൂടെ ഓടുമ്പോള്‍
നീ ഡ്രൈവറും ഞാന്‍ ക്ലീനറുമായത്‌ നീ മറന്നോ

ഷെമി...
ബാലന്‍സ്‌ കിട്ടാത്ത എന്റെ സൈക്കിളിന്‌
മൂന്നാമതൊരു ടയറായി നീ കൂടെ വന്നത്‌ ഞാനിന്നുമോര്‍ക്കുന്നു

ജുമി...
ഇന്‍സ്‌റ്റുര്‍മെന്റ്‌ ബോക്‌സില്‍ നീ ഒളി്‌പ്പിച്ചുകൊണ്ടുവന്ന്‌ തന്ന
മാങ്ങയുടെ ചുനയേറ്റ പാട്‌ എന്റെ കവിളില്‍ ഇപ്പോഴുമുണ്ട്‌

ഉമ്മാ...
ഉമ്മ തുന്നി തുന്നി തഴമ്പിച്ച ആ വള്ളി നിക്കര്‍
ഞാനിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌്‌

Tuesday, September 29, 2015

ഉമ്മ



എബി കുട്ടിയാനം



പിച്ചവെക്കുന്ന കുഞ്ഞുന്നാളില്‍  കാവല്‍ക്കാരിയാണുമ്മ

സ്‌കൂളിലേക്ക് പോകുന്ന ബാല്യത്തില്‍   സഹയാത്രികയാണുമ്മ

കുരുത്തക്കേടിന്റെ കൗമാരത്തില്‍  പോലീസുകാരിയാണുമ്മ

പകച്ചുപോകുന്ന യൗവ്വനത്തില്‍  അധ്യാപികയാണുമ്മ

കറണ്ടില്ലാത്ത രാത്രികളില്‍  വെളിച്ചം പകരുന്ന മണ്ണെണ്ണ വിളക്കാണുമ്മ

സങ്കടത്തിന്റെ പെരുവഴിയില്‍ ആശ്വാസത്തിന്റെ
അകത്തളങ്ങളിലേക്ക് കൈപിടിക്കുന്ന കൂട്ടുകാരിയാണുമ്മ

വിശപ്പിന്റെ നേരത്ത് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലാണുമ്മ

ഉമ്മ...
മുറിച്ചുമാറ്റപ്പെട്ടിട്ടും ആ പൊക്കിള്‍കൊടി
ഉമ്മയുടെ ഹൃദയത്തിലേക്ക്
നീളുന്നുണ്ടിപ്പോഴും....


(ഉമ്മായ്ക്കുള്ള കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Monday, September 21, 2015

സ്വപ്‌നങ്ങള്‍ മാത്രമല്ല വീടും തകരുന്നു എന്തു ചെയ്യണമെന്നറിയാതെ ജയശ്രി




എബി കുട്ടിയാനം
9995416999

കാസര്‍കോട്‌: കോളജ്‌ ജീവിതത്തിന്‌ അടിപൊളി എന്നു മാത്രം അര്‍ത്ഥം നല്‍കിയ കൂട്ടുകാര, നിങ്ങളുടെ കാഴ്‌ചയെ ഒരു മഹാദു:ഖത്തിനുമുന്നിലേക്ക്‌്‌്‌ ക്ഷണിക്കുന്നു.
ഞങ്ങള്‍ ഇപ്പോഴുള്ളത്‌ കാസര്‍കോട്‌ പെര്‍ള സംസ്ഥാന പാതയില്‍ കര്‍ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്ന പുത്രക്കള എന്ന സ്ഥലത്താണ്‌. മേല്‍ക്കൂരപോലുമില്ലാതെ മഴയെ തോല്‍പ്പിക്കാന്‍ വേണ്ടി പ്ല്‌ാസ്റ്റിക്ക്‌ കെട്ടിവെച്ച ഈ കൂര കാണുക.... കയറികിടക്കാന്‍ ഇടങ്ങളില്ലാത്ത ആയിരങ്ങളിലൊന്നിന്റെ കഥയാണെന്ന്‌്‌്‌ പറഞ്ഞ്‌്‌്‌ നിങ്ങള്‍ ഈ കാഴ്‌ച കാണാതെ പോകരുത്‌.
ഇനി കാണുക...ഈ കൂരയ്‌ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുപെങ്ങളുടെ ജീവിതത്തിന്റെ മഹാദു:ഖത്തെക്കുറിച്ച്‌ അറിയുക.
ഇത്‌...ജയശ്രി...കാസര്‍കോട്‌ പൊവ്വല്‍ എല്‍.ബി.എസ്‌ എഞ്ചിനിയറിംഗ്‌ കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ത്ഥിനി. പുത്രക്കളയിലെ സരസ്വതി എ്‌ന്ന അമ്പതുകാരിയുടെ ഏക മകള്‍....അച്ഛന്‍ കുഞ്ഞുന്നാളിലെ ഉപേക്ഷിച്ചുപോയിട്ടും ഒരു കുറവുമറിയിക്കാതെ സരസ്വതി മകളെ പൊന്നുപോലെ നോക്കി. രാപ്പകല്‍ ബിഡിതെറുത്ത്‌ കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ അവര്‍ മകളെ പഠിപ്പിച്ചു. പഠിപ്പിച്ചു പഠിപ്പിച്ചു മകളെ വലിയ എഞ്ചിനിയറാക്കണമെന്നായിരുന്നു ആ അമ്മയുടെ മോഹം. അമ്മയുടെ ആ്‌ഗ്രഹത്തിനനുസരിച്ച്‌ അവള്‍ പഠിച്ചുവളര്‍ന്നു. ഒടുവില്‍ ബദിയഡുക്ക നവജീവന സ്‌കൂളില്‍ നിന്ന്‌്‌്‌ 91 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു പാസായപ്പോള്‍ പൊവ്വല്‍ എല്‍.ബി.എസ്‌ എഞ്ചിനിയറിംഗ്‌ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സി്‌ന്‌്‌്‌്‌ സീറ്റ്‌്‌്‌ ലഭിക്കുകയും ചെയ്‌തു.(എബി കുട്ടിയാനം) അമ്മയുടെ കൈപിടിച്ച്‌ ആയിരം ആഹ്ലാദങ്ങളോടെ കോളജിലേക്ക്‌ അഡ്‌മിഷനുപോയ ദിവസമായിരുന്നു ആ ദുരന്തം സംഭവിച്ചത്‌്‌്‌. ബദിയഡുക്കയില്‍ നിന്ന്‌്‌്‌ ബസില്‍ കയറുന്നതിനിടയില്‍ കര്‍ണാടക കെ.എസ്‌്‌്‌.ആര്‍.ടി.സിയുടെ കണ്ടക്ടര്‍ ഡബിള്‍ ബെല്ല്‌്‌ കൊടുത്തു. വഴുതിപോയ സരസ്വതിയുടെ തല നിലത്തടിച്ചതും ബോധം കെട്ടതും ഒരുമിച്ചായിരുന്നു.
മൂന്നു ലക്ഷം രൂപയാണ്‌ മംഗലാപുരത്ത്‌ ഹോസ്‌പിറ്റല്‍ ബില്ല്‌ വന്നിരിക്കുന്നത്‌. അത്‌ എങ്ങനെ അടച്ചുതീര്‍ക്കുമെന്നോ തുടര്‍ പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നോ ജയശ്രിക്ക്‌്‌്‌ ഒരു നിശ്ചയവുമില്ല. അടുത്ത ബന്ധുക്കളെന്നുപറയാന്‍ ആരുമില്ലാത്ത ആ പാവം പെങ്ങള്‍ അകന്ന ബന്ധുവിന്റെ വീട്ടിലിരുന്ന്‌്‌ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ ഓര്‍ത്ത്‌്‌്‌ കരയുന്നു. എങ്ങനെയോ കെട്ടിപ്പൊക്കിയ ഓടിട്ട വീട്‌്‌്‌ കഴിഞ്ഞ മഴക്കാലത്ത്‌ തകര്‍ന്നുവീണു. പിന്നെ അവര്‍ക്കത്‌ നന്നാക്കുവാനേ കഴിഞ്ഞില്ല. പക്ഷെ അപ്പോഴും മഴവരുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഷീറ്റിനടിയിലിരുന്ന്‌്‌്‌ ജയ പഠിച്ചു. അമ്മ ബീഡി തെറുത്തുകൊണ്ട്‌്‌്‌ അരികില്‍ കാവലിരുന്നു. പഠന മികവില്‍ അവള്‍ വാരികൂട്ടിയ അംഗീകാരങ്ങളുടെ ചിത്രങ്ങള്‍ മേല്‍ക്കൂരയുടെ കരിവെള്ളമൊഴുകുന്ന ചുമരില്‍ നിറഞ്ഞുനില്‍പ്പുണ്ട്‌്‌്‌.
കൂട്ടുകാരാ...നിങ്ങള്‍ക്ക്‌ പഠിക്കാന്‍ നിങ്ങളുടെ വീട്ടില്‍ പ്രത്യേക മുറിയും പുസ്‌തകങ്ങള്‍ സൂക്ഷിക്കാന്‍ ഒന്നാംതരം ഷെല്‍ഫും നല്ല കമ്പ്യൂട്ടറുമില്ലെ...ഈ കുഞ്ഞുപെങ്ങള്‍ പുസ്‌തകം സൂക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌്‌്‌്‌ നിങ്ങള്‍ കണ്ടോ...
കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയിലും പ്ലാസ്റ്റിക്ക്‌്‌്‌്‌ കവറിലുമാണ്‌ അവള്‍ അവളുടെ പുസ്‌തകം സൂക്ഷിച്ചുവെച്ചിട്ടുള്ളത്‌. എലികള്‍ക്കും ചിതലിനുമറിയില്ലല്ലോ ജയമോളുടെ ദാരിദ്ര്യത്തിന്റെ കാഠിന്യം. അവ അവളുടെ വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെയെല്ലാം തിന്നു തീര്‍ത്തിട്ടുണ്ട്‌്‌്‌.
ഓര്‍മ്മകള്‍ മാഞ്ഞുപോയ മനസ്സുമായി അമ്മ അങ്ങകലെ മംഗലാപുരത്തെ ആശുപത്രിയില്‍ പാതി ബോധത്തില്‍ കഴിയുമ്പോള്‍ ഇവിടെ ഈ മകള്‍ തോരാത്ത കണ്ണീരുമായി കഴിയുന്നു. തന്നെ പോറ്റാന്‍ വേണ്ടി പാടുപെടുന്ന അമ്മയുടെ ബീഡി പാത്രവും അമ്മ വിരിച്ചു തരാറുള്ള പായയും മുറ്റത്തെ പ്ലാവിലെ ചക്കയുമെല്ലാം ഒരു സങ്കടകാഴ്‌ചയാണ്‌. ബിരിയാണിയേക്കാള്‍ രുചി പകരുന്ന കൈപുണ്യത്തോടെ ഈ ചക്കക്കുരുകൊണ്ട്‌്‌്‌ കറിവെച്ചുകൊടുക്കാന്‍ എന്നായിരിക്കും ഇനി ഈ അമ്മ വരിക.
മകളെ പഠിപ്പിച്ച്‌്‌്‌ വലിയ ആളാക്കണം, അവള്‍ വലിയ ആളാകുമ്പോള്‍ ഈ വീടൊക്കെ മാറ്റിയിട്ട്‌്‌്‌ നല്ലൊരു വീട്‌ വെക്കണം, എന്തെന്ത്‌്‌്‌ സ്വപ്‌നങ്ങളായിരുന്നു ആ പാവം അമ്മയ്‌ക്ക്‌്‌്‌...കെട്ടിപ്പിടിച്ച്‌്‌ പൊട്ടികരയാനെങ്കിലും ഒരാളില്ലാതെ ജയശ്രി വിതുമ്പുമ്പോള്‍ അത്‌ കാണുന്നവരെപോലും കരയിപ്പിക്കുന്നു.

Monday, September 14, 2015

രഹസ്യം



എബി കുട്ടിയാനം

മിണ്ടാതെ മാറി നില്‍ക്കുന്നത്‌
എന്റെ വിതുമ്പലുകള്‍
നീ കേള്‍ക്കരുതെന്ന്‌ കരുതിയിട്ടാണ്‌

അടുത്തുവരാതെ അകന്നുപോകുന്നത്‌
എന്റെ കണ്ണുകള്‍ നിറയുന്നത്‌
നീ കാണരുതെന്ന്‌ ആഗ്രഹിച്ചാണ്‌

എന്റെ ദു:ഖം എന്റേതുമാത്രം

Wednesday, September 9, 2015

വാട്‌സ്‌ആപ്പ്‌ രോഗം പടരുന്നു



എബി കുട്ടിയാനം
വാട്‌സ്‌ആപ്പും ഫേസ്‌ ബുക്കും കൂടെ കൂടെ തുറന്ന്‌
പുതിയ ഫോട്ടോയ്‌ക്ക്‌ എത്ര ലൈക്കുവന്നെന്നും പുതിയ ഹായ്‌ വന്നിട്ടുണ്ടോ എന്നും നോക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്‌

നെറ്റ്‌ കണക്‌ടാവാതെ വരുമ്പോള്‍
ടുജിയും ത്രീജിയും സ്ലോ ആകുമ്പോള്‍ കൂട്ടുകാരന്റെ റിപ്ലേ വൈകുമ്പോള്‍, വേണ്ടത്ര ലൈക്ക്‌ കിട്ടാതെ വരുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാവാറുണ്ടോ(?)
നിങ്ങള്‍ക്ക്‌ കോപം വരാറുണ്ടോ(?)

ജോലിക്കിടയിലും മീറ്റിംഗിനിടയിലും
നിങ്ങളുടെ ശ്രദ്ധ വാട്‌സ്‌ആപ്പിലാണോ
എങ്കില്‍ നിങ്ങള്‍
ഒബ്‌സസീവ്‌ കംപല്‍സീവ്‌ റിഫ്രഷ്‌ ഡിസോഡര്‍
(ഒ.സി.ആര്‍.ഡി) എന്ന മാനസീക രോഗത്തിന്‌ അടിമയാണ്‌

ഗെയിമിംഗ്‌, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌, ബ്ലോഗിംഗ്‌, ഇ-മെയില്‍, പോണോഗ്രാഫി എന്നിവയോടുള്ള ഭ്രമം ഇതില്‍പ്പെടും...

മദ്യവും മയക്കുമരുന്നും
ഒരാളിലുണ്ടാക്കുന്ന ആസക്തിയേക്കാള്‍
നാലു മടങ്ങ്‌ കൂടുതലാണ്‌ ഇന്റര്‍നെറ്റ്‌ ആസക്തിയുടെ തീവ്രതയെന്ന്‌ മനശാസ്‌ത്രജ്ഞര്‍ പറയുന്നു
(കടപ്പാട്‌ വിവിധ ജേണലുകള്‍ക്ക്‌)  

Tuesday, September 8, 2015

നിലോഫര്‍ വേണ്ടായിരുന്നു ഈ ക്ലിക്ക്‌



എബി കുട്ടിയാനം




നിലോഫര്‍
നിന്നോടെനിക്ക്‌ വെറുപ്പാണ്‌
നിലോഫര്‍
നിന്റെ മുഖം കാണുമ്പോള്‍
എനിക്ക്‌ ദേശ്യം വരുന്നു

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വസ്‌തു ക്യാമറയാണ്‌
ഇഷ്ടപ്പെട്ട ജോലി ജേര്‍ണലിസവും

എന്നിട്ടും
നീ പിടിച്ച ക്യാമറയോടും
നിന്റെ ജേര്‍ണലിസത്തോടും
എനിക്ക്‌ ഇഷ്ടമേയല്ല

നീ എ്‌ന്തിനാണെനിക്കെന്റെ
കുഞ്ഞുമോന്റെ മുഖം കാണിച്ചു തന്നത്‌
എന്തിനാണെന്നെ ഇങ്ങനെ കരയിപ്പിച്ചത്‌

കടല്‌ കണ്ണീരായതും കര കരഞ്ഞതും നീ കണ്ടില്ലെ
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചുപോകുന്ന
ആയിരങ്ങളിലൊരുവനായി അവനും
പോകുമായിരുന്നില്ലെ
ഇത്‌ ഇപ്പോള്‍ എത്ര കാലം
എത്ര തലമുറകള്‍ ഈ ചിത്രം കണ്ട്‌ കരയും

നിലോഫര്‍
ആ കടലോരത്തുവെച്ച്‌
നിന്റെ ബാറ്ററി ലോ ആയിരുന്നെങ്കില്‍
നിന്റെ മെമ്മറി ഫുള്‍ ആയിരുന്നെങ്കില്‍...

ശ്ശെ...ഞങ്ങളുടെ കുഞ്ഞുമോന്‍
മരിച്ചു കിടക്കുന്ന രംഗം കാണേണ്ടത്‌
ഞങ്ങളുടെ വിധിയായിരിക്കും...ല്ലെ...

(ദുര്‍ഗാന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ നിലോഫര്‍ ഡെമിറാണ്‌ ഈ ചിത്രം പകര്‍ത്തിയത്‌)  

മഴ നിന്നെ ഓര്‍മ്മിപ്പിക്കുന്നു



എബി കുട്ടിയാനം


കഥ പറഞ്ഞ്‌ കരയിപ്പിക്കാന്‍
മഴ വരുന്ന നേരം
ഭൂമിയില്‍ വെള്ളിനിറം നിറയുമ്പോള്‍
നീ പറയുമായിരുന്നു
എന്തോ ഫീല്‍ ആവുന്നു

സത്യം
മഴ നിന്നെ ഓര്‍മ്മിപ്പിക്കുന്നു

Monday, September 7, 2015

എന്റെ ഐലാന്‍




എബി കുട്ടിയാനം

ഡാ....കുട്ട
നീ എന്റെ അനുജന്റെ കൂടെ
എന്റെ വീട്ടുമുറ്റത്ത്‌ പന്തുതട്ടി കളിക്കുകയാണെന്ന്‌
വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം

ബൈക്കില്‍ ചുറ്റിക്കറങ്ങാന്‍ വാശിപിടിക്കുന്ന
എന്റെ അനുജന്‍ തന്നെയാണ്‌ നീ...

ലെയ്‌സും കോലുമിഠായിയും
വാങ്ങാന്‍ മറന്ന രാത്രി
ഞാന്‍ ഇനി മിണ്ടൂലെന്ന്‌ പറഞ്ഞ്‌
കിടന്നുറങ്ങിയ എന്റെ അനുജന്‍
നിന്നെ ഓര്‍മ്മിപ്പിക്കുന്നു

ഡാ....മോനെ
ഇനി എന്റെ കൈപിടിച്ച്‌ കഥപറയാന്‍
നീ വരില്ലെങ്കിലും ഞാന്‍ എന്റെ മനസ്സിനുള്ളില്‍
നിനക്കുള്ള കളിക്കോപ്പുകള്‍ വാങ്ങിവെച്ചിട്ടുണ്ട്‌

ഡാ, കടല്‍ കരയിലെ നിന്റെ ആ കിടത്തം
കള്ള ഉറക്കമായിരുന്നെങ്കിലെന്ന്‌ ഞാന്‍ ആശിക്കുന്നു

കണ്ണ്‌ തിരുമ്മി, വെറുതേ കരഞ്ഞ്‌
എന്റെ തോളില്‍ ചാഞ്ഞുറങ്ങാന്‍
നീ വന്നിരുന്നെങ്കിലെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു... 

Thursday, September 3, 2015

നൂറു രൂപയുടെ കടം



എബി കുട്ടിയാനം

ഒരു ഹര്‍ത്താല്‍ ദിവസം...ഓഫീസില്‍ നിന്ന്‌ തൊട്ടടുത്ത പള്ളിയിലേക്ക്‌ ഞാന്‍ അസര്‍ നമസ്‌ക്കരിക്കാന്‍ പോകുന്നു...വഴിയില്‍ വെച്ച്‌ കുലീന വേഷധാരിയായ ഒരു മനുഷ്യന്‍ നൂറു രൂപ കടം ചോദിക്കുന്നു...
ഭക്ഷണം കഴിച്ചിട്ടില്ലത്രെ, കയ്യില്‍ കാശില്ലത്രെ...
എത്രയെത്ര തട്ടിപ്പിന്റെ മുഖങ്ങളെയാണ്‌ നിത്യവും കാണുന്നതെന്ന്‌ ചിന്തിച്ചെങ്കിലും ഞാന്‍ പാഴ്‌സില്‍ നിന്ന്‌ പൈസ എടുത്തുകൊടുത്തു.
ഹര്‍ത്താലായതുകാരണം എക്‌സിക്യൂട്ടീവ്‌ ലുക്കിന്‌ പകരം ടീ ഷര്‍ട്ടും പാന്റുമായിരുന്നു എന്റെ വേഷം
പിന്നീട്‌ പലപ്പോഴും ഞാന്‍ ഇയാളെ വഴിയരികില്‍ കണ്ടുവെങ്കിലും കണ്ട ഭാവം പോലും നടിച്ചില്ല.
മാസങ്ങള്‍ പലതു കഴിഞ്ഞ്‌ ഒരു ദിവസം ഇയാള്‍ എന്നെ തടുഞ്ഞു നിര്‍ത്തി ചോദിച്ചു മോനോടല്ലെ ഞാനന്ന്‌ നൂറു രൂപ കടം വാങ്ങിയത്‌...
എന്റെ കണ്ണ്‌ നിറഞ്ഞുപോയി..ആ നൂറു രൂപ തിരിച്ചുതരാന്‍ വേണ്ടിയാണ്‌ പേരും നാടുമറിയാത്ത എന്നെ കാത്ത്‌ അയാള്‍ ആ വഴിയരികില്‍ നിന്നത്‌.
എക്‌സിക്യൂട്ടിവ്‌ ലുക്കുള്ള എന്നെ ഒരിക്കലും അയാള്‍ക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മറ്റൊരു ഹര്‍ത്താല്‍ ദിവസം പഴയ അതേ ടീ ഷര്‍ട്ട്‌ വേഷത്തിലെത്തിയപ്പോള്‍ എന്നെ തിരിച്ചറിഞ്ഞ്‌ അയാള്‍ നൂറു രൂപ നീട്ടി കടം വീട്ടാനൊരുങ്ങുന്നു. ഒരു രൂപയുടേതാണെങ്കില്‍ പോലും കടം കടം തന്നെയാണ്‌ മോനെ എന്നു പറഞ്ഞപ്പോള്‍ ആളുകളെ പറ്റിക്കാന്‍ മാത്രം തന്ത്രം മെനയുന്ന മനുഷ്യരുടെ ലോകത്ത്‌ വെച്ച്‌ ഞാന്‍ അയാളെ തന്നെ നോക്കി നിന്നുപോയി. നൂറു രൂപ വാങ്ങാതെ അത്‌ പെരുവഴിയില്‍ കുടുങ്ങിപോവുന്ന ഏതെങ്കിലും പാവങ്ങള്‍ക്ക്‌ നല്‍കിയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കൈ പിടിച്ച്‌ പിരിയുമ്പോള്‍ ആ മനുഷ്യന്റെ മുഖത്ത്‌ കണ്ട തിളക്കം പറഞ്ഞറിയിക്കാനാവുന്നില്ലെനിക്ക്‌...
നന്മ വറ്റിപോയിട്ടില്ലാത്ത മനുഷ്യര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്‌...ഇല്ല നല്ല മനുഷ്യര്‍ മരിച്ചിട്ടില്ല...

Saturday, August 29, 2015

വയറു നിറഞ്ഞുപോയ ചിത്രം



എബി കുട്ടിയാനം

ഫാസ്റ്റ്‌ ഫുഡ്‌ കടകളും പിസാ ഹട്ടുകളും ചുറ്റിക്കറങ്ങി
ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയും കഴിച്ച്‌
വയറു നിറച്ച്‌ മടങ്ങുന്ന നമുക്ക്‌
അമ്മ ഉണ്ടാക്കി വെക്കുന്ന നാടന്‍ ഭക്ഷണങ്ങള്‍
നാവിന്‌ പിടിക്കാറില്ലൊരിക്കലും

നല്ല ഹോട്ടലുകളില്‍ നിന്ന്‌ നല്ല ഭക്ഷണം കഴിക്കുമ്പോള്‍
ചോറ്‌ വിളമ്പിവെച്ച്‌ കാത്തിരിക്കുന്ന
അമ്മയെ ഓര്‍മ്മയുണ്ടാവില്ല നമുക്ക്‌

ഈ തിരുവോണ നാളില്‍, ഹോട്ടല്‍പോലും തുറക്കാത്ത ദിവസം
ഓഫീസ്‌ മുറിയിലിരുന്ന്‌ പട്ടിണിയോടെ വാര്‍ത്ത എഴുതുമ്പോള്‍
എന്റെ വയറു നിറഞ്ഞുപോയ ചിത്രം ഇതാണ്‌

ചാണകം മെഴുകിയ വരാന്തയിലിരുന്ന്‌
അമ്മയോടൊപ്പം ഓണസദ്യയുണ്ണുന്ന മകന്റെ ചിത്രം

ആയിരം ലൈക്ക്‌ കൊടുത്താലും മതിയാവില്ല ആ സ്‌നേഹത്തിന്‌

ഒരിക്കലും കാണാത്ത കൂട്ടുകാര...

നീ കഴിച്ചത്ര ആത്മസംതൃപ്‌തിയോടെ മറ്റൊരാളും
ഈ ഓണത്തിന്‌ സദ്യ കഴിച്ചിട്ടുണ്ടാവില്ല
അമ്മയുടെ മോനെ...നീ കലക്കി ട്ടോ....    

Tuesday, August 18, 2015

കണ്ണീര്

കണ്ണീര്

കണ്ണീരിന്റെ നനവുകള്‍ക്ക്
സ്വയം വാര്‍ത്തയാവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍
ഞാന്‍ നിങ്ങള്‍ക്കുമുന്നിലെ
ഫുള്‍ ടൈം വാര്‍ത്താ ചാനലായേനെ

Friday, August 14, 2015

മണ്ണ്



 മണ്ണ്


എബി കുട്ടിയാനം













ജീവിക്കുന്നുവെങ്കില്‍
ഈ മണ്ണില്‍ ജീവിക്കും
അഭിമാനത്തോടെ

എന്റെ ഹൃദയം  ഈ മണ്ണിനോട്
ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നുണ്ട്

ഈ മണ്ണ് ഒരിക്കലും പറഞ്ഞിട്ടില്ല
അതിര്‍ത്തി കടന്നുപോവണമെന്ന്
ഈ മണ്ണിനറിയാം
ഞാനും രാജ്യവും തമ്മിലുള്ള
പൊക്കിള്‍കൊടി ബന്ധം

ഇവിടെ തന്നെ മരിക്കണം
ഇതേ  ആറടി മണ്ണില്‍ കിടന്നുറങ്ങണം

കയ്യില്‍ ജപ്തി നോട്ടീസ് മുറ്റം നിറയെ കടക്കാര്‍ രണ്ടു പെണ്‍മക്കളെയും കൊണ്ട് എങ്ങോട്ടുപോകണമെന്നറിയാതെ മറിയം

കയ്യില്‍ ജപ്തി നോട്ടീസ് മുറ്റം നിറയെ കടക്കാര്‍ രണ്ടു പെണ്‍മക്കളെയും കൊണ്ട് എങ്ങോട്ടുപോകണമെന്നറിയാതെ മറിയം









കയ്യില്‍ ജപ്തി നോട്ടീസ്
മുറ്റം നിറയെ കടക്കാര്‍

രണ്ടു പെണ്‍മക്കളെയും കൊണ്ട് 
എങ്ങോട്ടുപോകണമെന്നറിയാതെ മറിയം

എബി കുട്ടിയാനം
9995416999

മുറ്റത്ത് നില്‍ക്കുന്ന അമ്മമാരുടേയും ഉമ്മാമാരുടെയും മുഖത്ത് സങ്കടം തളംകെട്ടി നില്‍ക്കുന്നു. അഞ്ഞൂറും ആയിരവും സ്വരൂപിച്ച് അവര്‍ വാങ്ങിയ മാലയും കമ്മലുമാണ് മിറിയമിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ പണയത്തിന് നല്‍കിയത്. വീട്ടുകാരോടു പോലും പറയാതെ ഊരി നല്‍കിയ സ്വര്‍ണം തിരിച്ചു കിട്ടാതാകുമ്പോള്‍ അവരും അസ്വസ്ഥരാവുന്നു. ബുദ്ധിമുട്ടുള്ള സമയത്ത് എന്നെ സഹായിച്ച ഈ പാവങ്ങളെ എനിക്ക് വഞ്ചിക്കേണ്ടി വന്നല്ലോ എന്നതും മറിയമിന്റെ ദു:ഖമാണ്.
ഉമ്മയുടെ നാലു പെണ്‍മക്കളില്‍ മൂത്തവളാണ് മറിയം...അനിയത്തിമാര്‍ക്ക് ഒരു തടസ്സവുമാവരുതെന്ന് കരുതി ഏതോ രണ്ടാം കെട്ടുകാരന് കെട്ടിച്ചയച്ചു. രണ്ട് പെണ്‍മക്കളായശേഷം അയാളുടെ വരവ് കുറഞ്ഞു. പിന്നെ മക്കളെ നോക്കാന്‍ വേണ്ടി മറിയം പെടാപാടുപെട്ടു. മൂത്തവള്‍ക്ക് 18 വയസായി വിവാഹ പ്രായമെത്തി നില്‍ക്കുന്നു. ഇളയവള്‍ക്ക് 13ഉം വയസായി. കാലിന് അസുഖമുള്ള ഇളയകുട്ടിയെ ഓരോ മാസവും മംഗലാപുരം ആശുപത്രിയിലേക്ക് ചികിത്സയ്ക്കുകൊണ്ടുപോകാന്‍ ആറായിരം രൂപയോളം വേണം.
നോക്കി നോക്കി നില്‍ക്കെ ആകെയുള്ള കൊച്ചു വീട് ഇല്ലാതാകും. അപ്പോള്‍ ഞാന്‍ ഈ പെണ്‍മക്കളെയും കൊണ്ട് എങ്ങോട്ടു പോകും. അയല്‍ക്കാരുടെ സ്വര്‍ണം ഞാന്‍ എങ്ങനെയാണ് എടുത്തു കൊടുക്കേണ്ടത്. മക്കളെ ചേര്‍ത്ത് പിടിച്ച് മറിയം വിതുമ്പുന്നു.
എല്ലാം ശരിയാവും സമാധാനമായിരിക്ക് എന്ന വാക്കുപോലും അവര്‍ക്ക് അശ്വസാമാണ്. പാവങ്ങള്‍ക്ക് ധാനം നല്‍കിയതുകൊണ്ട് നമ്മുടെ ഒരു സമ്പത്തും തീര്‍ന്നുപോവുന്നില്ല. നന്മയുടെ ഒരു കൈനീട്ടം ഈ പാവങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചേക്കും. കഴിയില്ലെ നമുക്കതിന്...

Wednesday, August 12, 2015

ലാസ്റ്റ് സീന്‍

ലാസ്റ്റ് സീന്‍

എബി കുട്ടിയാനം

ഞാന്‍ നിന്റെ മെസേജ് വായിച്ചുവെന്ന
ബ്ലാക്ക് മാര്‍ക്കും ഞാന്‍ നിന്നെ അവസാനമായി
നോക്കി എന്ന ലാസ്റ്റ് സീന്‍ ഓപ്ഷനും
ഓഫ് ചെയ്യാത്തത് ടെക്‌നിക്കലായി
ഞാന്‍ ലോ ആയതുകൊണ്ടല്ല
ഞാന്‍ ഇപ്പോഴും നിന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്
നീ ിരിച്ചറിയാന്‍ വേണ്ടിയാണ്



ഒരു ഹായ് പോലും വരില്ലെന്നറിയുമ്പോഴും
ഇടക്കിടെ നിന്റെ ബോക്‌സില്‍ വന്നുനോക്കുന്നത്
ഭ്രാന്തായതുകൊണ്ടല്ല, നിന്നോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ്.
നീ എത്ര മാറി നിന്നാലും എനിക്ക് അകലാനാവില്ല
റിയലി മിസ് യു ഡാ...

Sunday, August 9, 2015

സഹോദരന്റെ പരാജയം നമ്മെ ആഹ്ലാദിപ്പിക്കുന്നു

സഹോദരന്റെ പരാജയം  നമ്മെ ആഹ്ലാദിപ്പിക്കുന്നു 

എബി കുട്ടിയാനം

ഇംഗ്ലണ്ടിന്റെ വിജയമായിരുന്നില്ല
ആസ്‌ത്രേലിയയുടെ തോല്‍വിയായിരുന്നു
നമ്മള്‍ ആഘോഷിച്ചത്

അല്ലെങ്കിലും
തിളങ്ങി നില്‍ക്കുന്നവന്റെ
തകര്‍ച്ച കൊതിക്കുന്ന മനസ്സാണ് നമ്മുടേത്

സഹോദരന്റെ വിജയം നമ്മെ
അസൂയപ്പെടുത്തുകയും
അവന്റെ പരാജയം നമ്മെ
ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു

Saturday, August 8, 2015

നീല പാന്റിന് വെള്ളക്കുപ്പായമിട്ട കാലം

എബി കുട്ടിയാനം 


നീലപാന്റിന് വെള്ളക്കുപ്പായമിട്ട്
സ്‌കൂളില്‍പോയ ആ കാലം
നീ ഓര്‍ക്കുന്നില്ലെ

മഴ തുള്ളികള്‍ തോല്‍പ്പിച്ച
കുപ്പായങ്ങളുടെ നനവെടുക്കാന്‍ വേണ്ടി
കല്ലടുപ്പിന് മുകളില്‍കാത്തിരുന്ന ആ കാലം...
നനഞ്ഞൊട്ടിയ പുസ്തകങ്ങളെ
നെഞ്ചോട് ചേര്‍ത്ത് വീട്ടിലേക്ക് ഓടിയതും
പാടവരമ്പത്ത് വഴുതിവീണതും
കനത്ത കാറ്റില്‍ കുട മലര്‍ന്നതും
നീ ഓര്‍ക്കുന്നില്ലെ

ഡാ,
കാലില്‍ കുപ്പിചില്ല് തറച്ചപ്പോള്‍
കമ്മ്യൂണിസ്റ്റ് പച്ചകെട്ടിവെച്ച്
നീ എന്റെ കൈപിടിച്ചത് ഞാന്‍ മറക്കില്ലൊരിക്കലും

ഡാ
ഇഷ്ടപ്പെട്ടവളെ നഷ്ടപ്പെട്ടതോര്‍ത്ത്
പൊട്ടിക്കരഞ്ഞ നിന്റെ മുഖം ഞാന്‍ ഇന്നലെയും ഓര്‍ത്തിരുന്നു
ഹഹ

ഡാ, ഇപ്പോള്‍ നീ എവിടെയാണ്
എന്നെ മറന്നു....ല്ലേ

Thursday, August 6, 2015

അവരൊന്നുമില്ലാതെ ഞാന്‍ എങ്ങനെയാണ് പാക്കിസ്ഥാനില്‍ പോകേണ്ടത്



എബി കുട്ടിയാനം 

















പാക്കിസ്ഥാനില്‍ പോ...പാക്കിസ്ഥാനില്‍ പോ...
എന്ന് ഇടക്കിടെ അവര്‍ വിളിച്ചുപറയുമ്പോള്‍
സങ്കടം തോന്നും...

അല്ലെങ്കിലും ജിതിനും സുധിയും ജിത്തുവും എന്റെ ജീവനാണ്
ഒരേ ബെഞ്ചിലിരുന്ന്്്്്്് പഠിക്കുമ്പോള്‍ ഞങ്ങള്‍ ഒരേ ഹൃദയമായിരുന്നു
കടലയും അച്ചാറും പൊതിച്ചോറും ഒന്നിച്ചു പങ്കുവെച്ചവരാണ് ഞങ്ങള്‍
അവര്‍ക്ക് ഞാനും എല്ലാമെല്ലാമാണ് അ്ന്നും ഇന്നും
എപ്പോഴും അത് അങ്ങനെയായിരിക്കും...
ഒരേ ബെഞ്ചിലിരുന്ന്്് ഉണ്ണുമ്പോള്‍
ഞങ്ങളുടെ സാമ്പാറിനും മസാലദോശയ്ക്കും
പാക്കിസ്ഥാന്റെ പച്ചനിറവും സംഘ്്്പരിവാറിന്റെ കാവി കളറുമായിരുന്നില്ല
അതിന് സ്‌നേഹത്തിന്റെ നിറവും മനുഷ്വത്വത്തിന്റെ രുചിയുമായിരുന്നു

എനിക്ക് വിളമ്പും മുമ്പ്്് എന്റെ കൂട്ടുകാരായ
ദേവന്റെയും ജയന്റെയും വയറ് നിറയ്ക്കും എന്റെ ഉമ്മ...
അവരിന്നും എന്റെ ഉമ്മയുടെ കൈപിടിക്കും ആയിരം സ്‌നേഹത്തോടെ...
ഓണ സദ്യയുണ്ണാന്‍
ഞാന്‍ എത്തുവോളം കാത്തിരിക്കും ഞങ്ങളുടെ ഗോപാലേട്ടന്‍

ഒന്നു മാത്രം പറയട്ടെ
എന്നെ കയറ്റി അയക്കുമ്പോള്‍ അവര്‍ക്കുകൂടി
ഒരു ടിക്കറ്റെടുത്തോളു, അവരില്ലെങ്കില്‍ പിന്നെന്ത് ഞാന്‍




Saturday, August 1, 2015

നല്ല കൂട്ടുകാര്‍ ദൈവത്തിന്റെ സമ്മാനമാണ്




എബി കുട്ടിയാനം
സ്‌നേഹവും സൗഹാര്‍ദ്ദവുമില്ലെങ്കില്‍ ഈ ഭൂമി വികൃതമാണ്. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ സ്‌നേഹത്തിന്റെ കരുത്തിലാണ്. സ്‌നേഹത്തിന് പകരം എവിടെ വിദ്വേഷം പിറവി എടുക്കുന്നുവോ അവിടെ ലോകം കറത്തുതുടങ്ങുന്നു. അതുകൊണ്ടായിരിക്കാം ഓരെ മനുഷ്യഹൃദയലവും  സൗഹാര്‍ദ്ദത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നത്.
കൂട്ടകാര്‍ എന്ന പദത്തിന് എന്ത് അര്‍ത്ഥം നല്‍കണമെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. സ്‌നേഹം, കരുണ, കരുത്ത്, സാന്ത്വനം...അങ്ങനെ അങ്ങനെ അതിന്റെ നിര്‍വ്വചനം നീണ്ടുപോകും.
നല്ല കൂട്ടുകാര്‍ ദൈവത്തിന്റെ സമ്മാനമാണ്. എല്ലാ അര്‍ത്ഥത്തിലും ഉപകരിക്കുന്ന കൂട്ടുകാര്‍ വല്ലാത്ത സൗഭാഗ്യം തന്നെ. നമ്മുടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും അവന്റെ സ്വാധീനമുണ്ടാകും. കൂട്ടുകാരില്ലെങ്കില്‍ പിന്നെ ജീവിതം തന്നെ വിരസമാണ്. അവരുടെ തമാശയിലാണ് നമ്മുടെ ദു:ഖം മാഞ്ഞുപോകുന്നത്. അവരുടെ സാന്ത്വനിത്തിലാണ് നമുക്ക് ജീവിതത്തിന് പ്രതീക്ഷകൈവരുന്നത്. നല്ല കൂട്ടുകാരെ കിട്ടുമ്പോള്‍ നാം ജീവിതത്തിന്റെ പകുതി ജയിക്കുന്നു.
രക്തബന്ധങ്ങളേക്കാളേറെ വിലയുണ്ട് നമുക്ക് നമ്മുടെ കൂട്ടുകാരോട്. കൂടെ കരയാന്‍, കൂടെ ചിരിക്കാന്‍ ഒക്കെ അവനുണ്ടാകും. (എബി കുട്ടിയാനം)നമ്മുടെ എല്ലാ രഹസ്യവും തുറന്നുപറയുന്നത് അവനോടാണ്, എല്ലാ ദു:ഖവും പങ്കുവെക്കുന്നതും അവനോട് മാത്രം. അവന്റെ വാക്കുകള്‍ നമുക്ക് വേദവാക്യമാകും. അവന്‍ പറയുന്നതാണ് നമുക്ക് ഉള്‍ക്കൊള്ളനിഷ്ടം. മനസ്സ് ദു:ഖംകൊണ്ട് നിറയുമ്പോള്‍ അവന്റെ ഒരു ഫോണ്‍ കോള്‍ മതി എല്ലാ സങ്കടവും മാഞ്ഞുപോകാന്‍.  എന്താട ഇങ്ങനെ, എല്ലാ ശരിയാവുമെട, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാല്ലെ, നീ കരയാതെട എന്ന ആ വാക്കുകള്‍ക്ക് പകരം മറ്റെന്താണുള്ളത്.
   000          000           000
മുട്ടുകാലില്‍ ഇഴഞ്ഞുനീങ്ങുന്ന നാളുതൊട്ട് നമുക്കൊരു കൂട്ടുകാരനുണ്ടാകുന്നു. കളിക്കോപ്പിനുവേണ്ടി അവനോട് കലപിലകാട്ടുന്നു. മോണകാട്ടി ചിരിച്ച് അവനോട് സൗഹാര്‍ദ്ദം കൂടുന്നു.
പിന്നെ സ്‌കൂളിലെ ആദ്യത്തെ ദിവസം. അമ്മയുടെ സ്‌നേഹത്തില്‍ നിന്ന് അകലെമാറി അപരിചതത്വം നിറയുന്ന ക്ലാസ്മുറിയില്‍ പോയിരുന്നപ്പോള്‍ കുറേ നേരത്തേക്ക് വല്ലാത്തൊരസ്വസ്ഥതയും ഒറ്റപ്പെടലുമായിരുന്നു. പിന്നെ മെല്ലെ അരികിലിരിക്കുന്നവനെ നോക്കി ഒരു പുഞ്ചിരി, അതൊരു തുടക്കമായിരുന്നു. വീടിനും കുടുംബത്തിനുമപ്പുറം ആദ്യമായി ഒരു കൂട്ടുകാരനുണ്ടാകുന്നത് അവിടെ നിന്നാണ്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എത്രയോ കൂട്ടുകാര്‍ വന്നുകേറി ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി.
യൗവ്വനത്തില്‍ പ്രത്യേകിച്ചും കാമ്പസ് ലൈഫിലാണ് സൗഹാര്‍ദ്ദത്തിന് അതിന്റെ തീവ്രത വന്നുചേരുന്നത്. ആ കൂട്ടുകെട്ടും ആ നിമിഷങ്ങളും ഒരിക്കലും മറക്കാന്‍ കഴിയില്ല..ക്ലാസ് കട്ടുചെയ്തതും നാടുചുറ്റാന്‍ ടൂറ് പോയതും ഒടുവില്‍ ഏതോ മാര്‍ച്ച് മാസത്തില്‍ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് പിരിഞ്ഞതും...ജീവിതത്തിന് എന്നും ആഹ്ലാദത്തിന്റെ നിറം പകരുന്നത് കൂട്ടുകാരുടെ സ്‌നേഹമാണ്.
ഡാ, ഞാന്‍ ഓര്‍ത്തുപോവുന്നു, ചുട്ടുപൊള്ളുന്ന പനിയുമായിട്ട് ക്ലാസ് മുറിയില്‍ അവശനായിരുന്ന നേരത്ത് നീ എന്നെ താങ്ങിയെടുത്ത് ആസ്പത്രിയിലേക്ക് കൊണ്ടുപോയ ആ നിമിഷം...മരിച്ചുപോകുമെന്ന് തോന്നിപ്പോയ നേരത്ത് അന്ന് നീ എന്റെ മുന്നില്‍ ഒരു മാലാഖയാവുകയായിരുന്നു...
കാലവും ലോകവും ഒരുപാട് മാറി കോളജ് ജീവിതവും കഴിഞ്ഞ് നാം പലവഴി പിരിഞ്ഞു....ഒരു നമ്പര്‍ പോലുമില്ലാതെ, ഫേസ് ബുക്കിലെ ആയിരങ്ങളില്‍ ഒരുവനാകാതെനീ ഇന്ന് എവിടെയാണട. ഒരു വിളിയും ഒരു മൊഴിയുമില്ലെങ്കിലും പനിയുടെ ചൂടുപോലെ നീ എന്നില്‍ ഇപ്പോഴുമുണ്ട്.
ഇത്രയൊക്കെ മതിയെന്ന ചിന്തയില്‍ സ്വയം ഉള്‍വലിയാന്‍ ശ്രമിക്കുമ്പോള്‍ ഡാ, നീ ഇങ്ങനെയൊന്നുമായാല്‍ പോരാ, വലിയ ആളാവണം എന്ന ഉപദേശവുമായി എഴുത്തിന്റെ വഴിയില്‍ എന്നും കരുത്തുപകരാറുള്ള അഷറഫിന്റെ സ്‌നഹം സമാനതകളില്ലാത്തതാണ്. ആര്‍ദ്രമായ ആ വാക്കുകളില്‍ ഒരേട്ടന്റെ അധികാരവും വഴികാട്ടിയുടെ പവിത്രതയും ഞാന്‍ വായിച്ചെടുക്കാറുണ്ട്.

  000         000              0000
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തീര്‍ത്തുവെച്ച വിപ്ലവത്തില്‍ സൗഹാര്‍ദ്ദത്തിന് ഇന്ന് പുതിയ വഴിയും പുതിയ മുഖവുമാണ്. ഒരിക്കലും കാണാത്ത ആരൊക്കെയോ ഇന്ന് നമ്മുടെ കൂട്ടുകാരായെത്തുന്നു. നാട്ടിലും ജോലി സ്ഥലത്തും കാമ്പസിലും മാത്രമല്ല അങ്ങകലെ എവിടെയോ മറ്റൊരു രാജ്യത്തുപോലും സ്‌നേഹത്തിന്റെ ചാറ്റ് വര്‍ത്തമാനവുമായെത്തുന്ന കൂട്ടുകാരുണ്ട് നമുക്ക്. ഓര്‍ക്കൂട്ടും ട്വിറ്ററും ഫേസ് ബുക്കുമെല്ലാം നിര്‍വ്വഹിക്കുന്ന ദൗത്യം സമാനതകളില്ലാത്താണ്.
പുതിയൊരു ദിക്കില്‍ പൂതിയൊരാളെ പരിചയപ്പെട്ട് പിരിയുമ്പോള്‍ ഡാ, ഒന്ന് നമ്പര്‍ തരുമോ എന്ന ചോദ്യം പോലും ഇന്ന് അപ്രസക്തമായി. ഫേസ് ബുക്കില്‍ നിന്റെ യൂസര്‍ നൈം എന്താണെന്നതാണ് പുതിയ ശൈലി.
സ്വാര്‍ത്ഥതയില്‍ സ്വയം ഉള്‍വലിയുന്നുവെന്ന പരാതി ഉയരുമ്പോഴും നെറ്റ് വര്‍ക്കിനുള്ളില്‍ നമ്മള്‍ പുതിയ കൂട്ടുകാരെ തേടിപ്പോവുകയാണ്. ഓരോ ലോഗ് ഇന്‍ കഴിയുമ്പോഴും റിക്വസ്റ്റ് ലിസ്റ്റില്‍ നിറഞ്ഞുതുളുമ്പുന്ന പുതിയ കൂട്ടുകാരുടെ മുഖങ്ങളില്‍ നല്ല സ്‌നേഹത്തിന്റെ സുഗന്ധമുണ്ടാകും. അഹങ്കാരമെന്നൊക്കെ പറഞ്ഞ് ഗൗനിക്കാതിരുന്നവര്‍പോലും റിക്വസ്റ്റുമായെത്തുമ്പോള്‍ അത് സൗഹാര്‍ദ്ദത്തിന്റെ നല്ല പാഠമാണ് പകരുന്നത്.
നാടും വീടുമില്ലാതെ എവിടെയൊക്കെയോ ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ഫേസ് ബുക്കിനുള്ളില്‍ ഹായ് പറഞ്ഞെത്തി വിരസതയകറ്റാന്‍ കുറേ കൂട്ടുകാരുണ്ടാവുന്നത് പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്.
ഹൈടെക് ഭ്രാന്താണെന്ന് പറഞ്ഞതിനെ കുറ്റപ്പെടുത്താം. പക്ഷെ, സൗഹാര്‍ദ്ദത്തിന്റെ വഴിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിര്‍വ്വഹിക്കുന്ന ദൗത്യം അനിര്‍വ്വചനീയമാണ്. (എബി കുട്ടിയാനം)നാടും നാട്ടിലെ കൂട്ടുകാരും വല്ലാതെ മിസ് ചെയ്യുന്നന്നേരത്ത് സുധീ കമലാക്ഷന്റെ  ഒരു ഹായ് മതി എല്ലാ ദു:ഖവും മാഞ്ഞുപോകാന്‍...നമ്മളെയൊന്നും മൈന്റില്ലല്ലോ എന്ന ജിതിന്റെ പരിഭവത്തില്‍ സ്‌നേഹത്തിന്റെ  ഒരു പുഴ നിറയും. ആദം നൗഷാദിന്റെ ഹായ് പറച്ചിലിന് റിപ്ലേ ചെയ്യുമ്പോള്‍ കുഞ്ഞനുജനോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്റെ സുഖമുണ്ട്,. എന്നാട നീയെന്റെ നാട്ടില്‍വരുന്നത് എന്ന ചോദ്യവുമായി എന്നും ലൈനിലെത്തുന്ന മലപ്പുറത്തെ ജാസി   ഫ്രണ്ട്ഷിന്റെ പുതിയ എനര്‍ജിയാണ്. മറുപടി നല്‍കാന്‍ ഇത്തിരിവൈകുമ്പോള്‍ ഹൊ, വലിയ ആളായിപ്പോയല്ലോ പോടൈ എന്ന് പറഞ്ഞ് പരിഭവിക്കുന്ന അനീഷിന്റെ ആ ഫ്രീഡം എനിക്ക് ഏറെ ഇഷ്ടമാണ്.
വെറുതെ ടൈംപാസിന് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് കമന്റടിക്കാന്‍ മത്സരിക്കുന്ന കൂട്ടുകാര്‍. ഫോട്ടോയ്ക്കു ചുറ്റും ലൈക്കും കമന്റും നിറയുമ്പോള്‍ കേവലമൊരാഹ്ലാദത്തിനുമപ്പുറം അത് പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയായി മാറും. കാരണം ആയിരം കൂട്ടുകാര്‍ക്കിടയിലും അവരെന്നെ ഗൗനിക്കുന്നുണ്ടല്ലോ(?)
എനിക്കെന്നും ആദ്യലൈക്കടിക്കുന്ന നിയ, അബ്ബാസ്, ജാബു, താജു, നിയാസ്,റിസു, യാസിര്‍, ഷൈലു, ഷാക്കി,നിസു, സാര്‍, റിയാസ്  കമന്റുകള്‍കൊണ്ട് എന്റെ ഫോട്ടോസിനെ (എബി കുട്ടിയാനം)എല്ലാ നേരത്തും വാളിന്റെ  ഏറ്റവും മുകളില്‍ പിടിച്ചുനിര്‍ത്തുന്ന നിസാറും ശംസുക്കയും ....പിന്നെ എല്ലാം ഷെയര്‍ചെയ്യുന്ന ജാബു ജാബിര്‍ അങ്ങനെ അങ്ങനെ സൗഹാര്‍ദ്ദത്തിനിപ്പോള്‍ പുതിയ സുഖവും പുതിയ കരുത്തുമാണ്...
ഓരോ ദിവസവും ഫേസ് ബുക്ക് തുറക്കുമ്പോഴും നിറഞ്ഞുനില്‍ക്കുന്ന  റിക്വസ്റ്റ് കൂമ്പാരങ്ങള്‍  മാത്രം മതി മനസിനാഹ്ലാദിക്കാന്‍. ഇല്ലട, നീ ഒറ്റക്കല്ലട കൂട്ടുകാരായി കൂടെ നില്‍ക്കാന്‍ ഞങ്ങളൊക്കെയുണ്ട് എന്ന് അവരുടെ വാക്കുകള്‍ വല്ലാത്തൊരു എനര്‍ജിയായി മാറും.,
  0000                 0000                 0000
ചെന്നെത്തുന്ന ഓരോ ദിക്കിലും നമുക്ക് ഒരു കൂട്ടുകാരുണ്ടാവുന്നുവെന്നുള്ളത് വലിയ നേട്ടമാണ്. കാലത്തിന്റെ ഓരോ ഘട്ടങ്ങളിലും കൂട്ടുകാര്‍ മാറി മാറി വരും. പക്ഷെ, അപ്പോഴും ജീവിതത്തില്‍ ഉപകരിക്കുന്ന ഒരു നല്ല കൂട്ടുകാരനെ ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മുടെ ജീവിതം ധന്യമായി. ഇല്ലെങ്കില്‍ അത് തീരാനഷ്ടമാണ്...

Thursday, July 30, 2015

മഴയെക്കുറിച്ച് പറയാന്‍ നിനകകെന്തവകാശം?

എബി കുട്ടിയാനം

എഡാ, ഇനിയെപ്പഴാ നീ ടൗണില്‍ പോവുക(?) ഒരു പ്ലാസ്റ്റിക് ഷീറ്റു വാങ്ങികൊണ്ടുവരാന്‍ പറ്റുമോഡ കുട്ട....ഇത്തവണ വീട് പുല്ലുമേഞ്ഞിട്ടില്ല, അതുകൊണ്ട് ഒരു പ്ലാസ്റ്റിക്കെങ്കിലും ഇട്ടില്ലേല്‍ ഈ മഴയത്രയും നിന്നു നനയേണ്ടിവരും...
                            (പണ്ടൊരു മഴക്കാലത്ത് അയലത്തെ അങ്കാറുവേട്ടന്‍ പറഞ്ഞത്)
   00                000            000
കണ്‍മുന്നില്‍ മഴ വീണ്ടും പാടുന്നു...വെളുത്ത ആകാശത്തിനിപ്പോള്‍ കറുത്ത നിറമാണ്...കവിതയാണ് മഴയെന്ന് ഞാന്‍പറയും....എഡാ, എന്നോടിനി ചോദിക്കരുത് മഴയെക്കുറിച്ചെന്തിനിങ്ങനെ എഴുതിവെക്കുന്നുവെന്ന്, അല്ലെങ്കിലും ഞാനല്ലാതെ പിന്നെ ആരാ മഴയെപറ്റി പറയേണ്ടത്?
(എബി കുട്ടിയാനം)
എസി വെച്ച മുറിയില്‍ തണുപ്പും ചൂടുമില്ലാതെ ഇന്റര്‍നെറ്റ് സൈറ്റില്‍ മഴ ചിത്രം കാണുന്ന പ്രിയ കൂട്ടുകാര നിനക്കുള്ളതല്ല ഈ മഴകളൊന്നും, പ്ലീസ് നീ അതിനെക്കുറിച്ച് വാചലമാകരുത്...കടലാസു തോണിയൊഴുക്കാന്‍ കാത്തുനില്‍ക്കാതെ മഴയെ തൊടാന്‍ പേടിക്കുന്ന കുഞ്ഞനുജത്തിക്ക് എന്തിനാണ് നീ മഴയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്? ഇന്റര്‍ലോക് പാകിയ മുറ്റത്ത് മുത്തംവെക്കാനാവാതെ മഴ വിതുമ്പി മടങ്ങുമ്പോള്‍ മാര്‍ബിള്‍ പതിച്ച സിറ്റൗട്ടിലിരുന്ന് ചിരിക്കുന്ന കൂട്ടുകാര, മഴയെക്കുറിച്ച് പറയാന്‍ നിനക്കെന്ത് അവകാശമാണ്(?)  ഗ്ലാസ് താഴ്ത്താത്ത നിന്റെ ഫുള്‍ ഓപ്ഷന്‍ കാറിന്റെ വൈപ്പറുകൊണ്ട് മഴത്തുള്ളികളെ തല്ലിയോടിച്ച നിനക്ക് മഴയെക്കുറിച്ച് പറയാന്‍  ആരാണ് അവകാശം തന്നത്? ഈ മഴ നനഞ്ഞ് നിനക്കെപ്പോഴെങ്കിലും ഇളം പനി വ
ന്നിട്ടുണ്ടോ? (എബി കുട്ടിയാനം)
ചോദിച്ചോട്ടെ, കോണ്‍ക്രീറ്റുകൊണ്ട് പ്രതിരോധം തീര്‍ത്ത നിന്റെ വീടിനുള്ളിലേക്ക് എന്നെങ്കിലും മഴയുടെ സംഗീതം എത്തിയിട്ടുണ്ടോ? മഴ വീണ് മുറ്റം വികൃതമാകാതിരിക്കാന്‍ ടെറസ്സിനുമുകളിലെ വെള്ളത്തെ നീ അഴുക്കുചാലിലേക്ക് പൈപ്പുവെച്ച് കൊടുത്തില്ലെ? പ്രിയ സുഹൃത്തെ ശരീരമാസകലം മറയുന്ന ജാക്കറ്റണിഞ്ഞ് പുത്തന്‍ ബൈക്കില്‍ പായുന്ന നീ മഴയെ തോല്‍പ്പിച്ചവനാണ്...ഓട്ടവീണ കുടപിടിച്ച് വീടണയുന്ന ഞങ്ങള്‍ക്കുള്ളതാണി മഴകളത്രയും...ആസ്വദിക്കുക മാത്രമല്ല കെട്ടിപിടിച്ചുമ്മവെക്കുകയാണ് ഞങ്ങളീ മഴയെ!
നല്ല നിലവാരമുള്ള നിന്റെ ബാഗിലെ പുസ്തകം ഒരിക്കലും നനഞ്ഞിട്ടുണ്ടാവില്ല. പക്ഷെ, ഞങ്ങള്‍ക്കെന്നും അടുപ്പിനരികില്‍ വെച്ച് അതിന്റെ നനവെടുക്കണം. എന്നിട്ടും മഴയെ ശപിച്ചിട്ടില്ല ഞങ്ങള്‍....അതെ, മഴ പെയ്യുന്നത് ഞങ്ങളുടെ മനസ്സിലേക്കാണ്...നീ എപ്പോഴെങ്കിലും മഴചെളിയില്‍ വഴുതി വീണിട്ടുണ്ടോ? നിന്റെ ഒറ്റചെരുപ്പ് ഒഴുകിപോയിട്ടുണ്ടോ? ചോദിച്ചോട്ടെ, കാറ്റിനെസഹിക്കാനാവാതെ ഒരു പെരുമഴയത്രയും നീ നിന്നു നനഞ്ഞിട്ടുണ്ടോ? കുട മടക്കിവെച്ച് ഓടിയിട്ടുണ്ടോ നീ? നിര്‍ത്താതെ പെയ്യുന്ന നാളുകളില്‍ ഇടക്കിടെ ക്ലാസ് കട്ടാകുമ്പോള്‍ മാവേലിയെന്നുപറഞ്ഞ് നിങ്ങളെന്നെ കളിയാക്കും. നനഞ്ഞുകുതിര്‍ന്ന ഉടുപ്പണിഞ്ഞ് അല്ലെങ്കിലും ഞാനെങ്ങനെയാഡ വാനില്‍ വരാന്തയില്‍ വന്നിറങ്ങുന്ന നിങ്ങളുടെ അരികിലിരിക്കുക?
അറിയാം, നല്ല മഴവരുമ്പോള്‍ നീ ബിരിയാണിയും ചിക്കന്‍ തന്തൂരിയുമൊരുക്കും. വെളിയിലിറങ്ങാതെ സുഖിച്ച് കഴിച്ചുകൊണ്ടിരിക്കാന്‍! സുഹൃത്തെ, അപ്പോള്‍ ഞാന്‍ ആധിയോടെ മഴയെ നോക്കുകയാവും...നിനക്കറിയുമോ ഈ മഴപെയ്യുന്നത്  എന്റെ നെറുകയിലേക്കാണ്, പക്ഷെ മഴയെ വെറുക്കില്ല ഞാന്‍, വെള്ളം കുടിച്ചെങ്കിലും ജീവിക്കാമല്ലോ. അപ്പോള്‍ നീ കണക്കുകൂട്ടുന്നത് വെള്ളം കുപ്പിയിലാക്കി എങ്ങനെ കീശനിറക്കാമെന്നതിനെക്കുറിച്ചായിരിക്കുമല്ലെ?
സുഹൃത്തെ മഴ വരുമ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ മഴയെ മാത്രം നോക്കിയിരിക്കും. അതേഡ,  ഓരോ മഴത്തുള്ളിയിലും എന്റെ ബാല്യമുണ്ട്, ഓരോ മഴത്തുള്ളിക്കുമുന്നിലും ഞാനെന്റെ അമ്മയുടെ കുഞ്ഞുമോനാവുന്നുണ്ട്. ചോരുന്ന കുടിലില്‍ ഉറങ്ങാതെ നേരം പുലര്‍ന്നതും ഉണ്ണാതെ കാത്തിരുന്നതുമെല്ലാം ഓര്‍ക്കുമ്പോള്‍ സുഹൃത്തെ എനിക്കല്ലാതെ പിന്നെയാര്‍ക്കാണ് മഴയെക്കുറിച്ചെഴുതാന്‍ അവകാശമുള്ളത്? (എബി കുട്ടിയാനം)
മഴവെള്ളത്തില്‍ ബ്രേക്കുറക്കാത്ത നേരം ഏതോ ഒരു കുട്ടി നടുറോഡില്‍ മരിച്ചുവീണപ്പോള്‍ ട്രാഫിക് ജാമില്‍ കുടങ്ങിയ നേരത്തായിരിക്കും നീ അല്‍പ്പമെങ്കിലും മഴയെ കണ്ടത്!
തിമിര്‍ത്തുപെയ്യുന്നൊരു കര്‍ക്കിടകത്തില്‍ സ്‌കൂള്‍ വിട്ട് പേടിച്ചുപായുമ്പോള്‍  നാട്ടുവയലിലെ ഒറ്റയടിപ്പാലത്തില്‍ നിന്ന് തോട്ടിലേക്ക് വീണുപോയിട്ടുണ്ട് ഞാന്‍. അന്ന് മഴയെയും മഴവെള്ളത്തേയും ഭീതിയോടെ നോക്കി നിന്നു ഒരുപാട് നേരം..മഴയെ ആസ്വദിക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു ഞാന്‍...(എബി കുട്ടിയാനം)
മഴക്കാലം വരുമ്പോള്‍ ചളിപുരണ്ട് പാവാതിരിക്കാന്‍ നീ നിന്റെ  ബൈക്ക് വില്‍ക്കുകയോ കയറ്റിവെക്കുകയോ ചെയ്യും...അനങ്ങാതെ ഒരു മഴക്കാലമത്രയും ഒതുങ്ങിയിരിക്കാന്‍ നിനക്ക് വീടും നല്ല ഭക്ഷണവുമുണ്ടല്ലോ...ഞാനന്നേരം പാടത്ത് പണിക്കുപോവാന്‍ ഒരു ഓട്ടക്കുട തേടുകയാവും...
വീടു വിട്ടാലും മഴ നിനക്ക് കുളിരു തരുമല്ലോ? എനിക്കറിയാം, മഴ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് നീ കൂട്ടുകാരനോട്  വാട്‌സ്അപ്പില്‍ ചാറ്റുമായിരിക്കും  വെറുതെ...
എപ്പോഴും മഴ എന്റെ ഉള്ള് തൊടും, നാട്ടിലെ പൊളിഞ്ഞു വീഴാറായ വീട്, എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മ..പ്രിയ കൂട്ടുകാര ഇനിയെങ്കിലും സമ്മതിക്കൂ, ഞാനല്ലാതെ പിന്നെയാരാണ് മഴയെക്കുറിച്ച് പറയേണ്ടത്?