Wednesday, March 22, 2017

എന്റെ കുഞ്ഞുമോള്‍ക്ക് (തോരാത്ത കണ്ണീരാണ് റിയാസ് ഉസ്താദിന്റെ കുഞ്ഞുമോളുടെ മുഖം)



എബി കുട്ടിയാനം


മോളു....
നീ നോക്കി നില്‍ക്കുന്ന വഴിയിലുടെ
നിന്റെ വാപ്പച്ചി ഇനി വരില്ല

അടുത്താഴ്ച വരുമ്പോള്‍ വാങ്ങാന്‍
പറഞ്ഞ കോലുമിഠായിയും ലെയ്‌സ് പാക്കും
നിന്റെ വാപ്പച്ചി മനസ്സിനുള്ളില്‍ വാങ്ങിവെച്ചിട്ടുണ്ടാവും

അത് നല്‍കാനാവാതെ പോയതിന്റെ ദു:ഖമായിരിക്കും
പുഞ്ചിരിച്ച് മരിക്കുമ്പോഴും ആ മനസ്സിനെ
കരയിപ്പിച്ചിട്ടുണ്ടാവുക

മോളു
എന്തു പറയണമെന്നറിയാതെ വാക്കുകള്‍ തോറ്റുപോകുന്നു
വിശന്നുകരയുന്ന നിനക്കുമുന്നില്‍
അപ്പങ്ങള്‍ വായിലിട്ട് ദാ വാപ്പച്ചി വരുന്നേ
എന്ന് പറഞ്ഞ് തോളത്തിട്ട് പാട്ടുപാടേണ്ട നിന്റെ ഉമ്മ
തളര്‍ന്നു കിടക്കുമ്പോള്‍
ഞങ്ങളെങ്ങനെയാണ് നിന്റെ വാപ്പച്ചി
ഇനി മിഠായിയുമായി വരില്ലെന്ന് നിന്നോട്
പറയേണ്ടത്....

എന്റെ കുഞ്ഞുമോളെ
നാട്ടിലെ പള്ളിയിലെ ആറടി മണ്ണില്‍ നിന്റെ വാപ്പച്ചി
സ്വര്‍ഗ്ഗം കണ്ട് പുഞ്ചിരിക്കുമ്പോള്‍
നീ പിന്നെയും നിന്റെ വാപ്പച്ചി കൊണ്ടുവരുന്ന
മിഠായിക്ക് വേണ്ടി വഴി നോക്കുന്നുണ്ടാകുമല്ലെ...

കുഞ്ഞുമോളെ മാപ്പ്...
പെങ്ങളാണ് കുഞ്ഞുവാവയാണ്
വാപ്പ പോയാലും ഞങ്ങളുണ്ടല്ലോ
എന്ന് പറയാന്‍ ഞങ്ങള്‍ക്കാവുന്നില്ല മോളു...

നിങ്ങളുടെ  നാട്ടിലേക്ക് പ്രതീക്ഷയോടെ എത്തിയ
എന്റെ വാപ്പച്ചിയെ സംരക്ഷിക്കാന്‍ കഴിയാത്ത
നിങ്ങളോട് ഞാന്‍ മിണ്ടില്ലെന്ന് നീ കുഞ്ഞുവാക്കോടെ
പറഞ്ഞേക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നുണ്ട് മോളു...




Tuesday, March 7, 2017

എഴുത്തോടെഴുത്ത്... : ഉമ്മഇനിയൊരു ജന്മമുണ്ടെങ്കില്‍എനിക്ക് വീണ്ടും ഇതേ...

എഴുത്തോടെഴുത്ത്... : ഉമ്മ
ഇനിയൊരു ജന്മമുണ്ടെങ്കില്‍
എനിക്ക് വീണ്ടും ഇതേ...
: ഉമ്മ ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് വീണ്ടും ഇതേ ഉമ്മയുടെ മോനായി ജനിക്കണം വലിയ വലിയ ഓഫറുകള്‍ അരികിലെത്തുമ്പോഴും എല്ലാം വേണ്ടെന്ന്...
ഉമ്മ
ഇനിയൊരു ജന്മമുണ്ടെങ്കില്‍
എനിക്ക് വീണ്ടും ഇതേ ഉമ്മയുടെ
മോനായി ജനിക്കണം
വലിയ വലിയ ഓഫറുകള്‍
അരികിലെത്തുമ്പോഴും
എല്ലാം വേണ്ടെന്ന് വെച്ച്്്
ഉമ്മയെ വിട്ടുപോകാനാവാത്ത മോനായിട്ട്
ഉമ്മയുടെ അരികിലിരുന്ന്്്
സങ്കടത്തിന്റെ വാര്‍ത്ത വായിക്കണം

ആ സ്‌നേഹം ആറക്ക ശമ്പളത്തിനും
എത്രയോ മുകളിലാണെന്ന്
ലോകം തിരിച്ചറിയും വരെ
ഞാന്‍ വിഡ്ഡിതന്നെയാണെങ്കിലും
എനിക്കെന്റെ ഉമ്മയുടെ അരിക് മതി

സത്യം പറയാലോ
മുറിച്ചുമാറ്റപ്പെട്ടിട്ടും
ആ പൊക്കിള്‍കൊടി എന്റെ
എവിടെയൊക്കെയോ
കെട്ടിപിണഞ്ഞ് കിടക്കുന്നുണ്ട്

Monday, February 27, 2017

ഓപ്പറേഷന് പണമില്ലാതെ കുടുംബം ഒന്നര ലക്ഷം രൂപയുണ്ടെങ്കില്‍ ഈ കുഞ്ഞുമോന്‍ എഴുന്നേറ്റ് നടക്കും


എബി കുട്ടിയാനം
9995416999
പ്രിയകൂട്ടുകാരന്‍ എരുതുംകടവിലെ അബ്ദുവിനോടും ബദിയഡുക്കയിലെ ഇക്കുവിനോടുമൊപ്പമാണ് ഞാന്‍ നീര്‍ച്ചാലിലെ ആ വീട്ടിലെത്തിയത്. നീര്‍ച്ചാല്‍ സ്‌കൂളിന് സമീപത്തുനിന്ന് അല്‍പ്പം ഉള്ളിലോട്ട് പോയി. വാഹനം പോകാത്ത ഒരു ഇടവഴിയിലൂടെ ഇത്തിരി നടന്ന് ഒരു കൊച്ചുവീട്ടിലെത്തി. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെക്കുറിച്ച് അബ്ദു നേരത്തെ പറഞ്ഞിരുന്നു.
ചെന്നമാത്രയില്‍ ഉപ്പ തോളത്തിട്ട് അവനെ ഞങ്ങളുടെ അരികിലേക്ക് കൊണ്ട് വന്നു. രോഗിയായ കുട്ടിയെ കണ്ടപ്പോഴുള്ള സങ്കടത്തിനപ്പുറം ആ കുഞ്ഞുമോന്‍ ശരിക്കും എന്നെ കരയിപ്പിച്ചു. അവന്റെ കുസൃതി വര്‍ത്തമാനവും ഓരോരു ചോദ്യങ്ങളും കേട്ട് കേട്ട് ഞാനങ്ങനെ ഇരുന്നുപോയി. വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ അവന്‍ നടക്കാന്‍ പറ്റാത്ത ചെക്കനാണെന്ന് തോന്നുകപോലുമില്ല. ആ ചിരിയൊക്കെയുണ്ടല്ലോ അത് എന്തുരസമാണെന്നോ...
ഒരനുജനെപോലെ, ഒരു കുഞ്ഞുവാവയെപോലെ എത്രപെട്ടെന്നാണ് അവന്‍ എന്റെയും കൂടെ വന്നവരുടേയും മനം കവര്‍ന്നത്. ഡാ നിനക്ക് സ്‌കൂളില്‍ പോകേണ്ടേ എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖത്ത് പ്രതീക്ഷയുടെ ആയിരം വസന്തമാണ് വിരിഞ്ഞത്.
അവന്റെ ഉപ്പ പറഞ്ഞ ഒരു വാക്ക് എന്നെ വല്ലാതെ തൊട്ടുകളഞ്ഞു. ബാപ്പ എന്റെ സുന്നത്ത് കര്‍മ്മം നടത്തുമോ എന്ന് ചോദിച്ച് അവന്‍ കരയാന്‍ തുടങ്ങി. വീടിനും ചികിത്സയ്ക്കുമായി ലോണെടുത്ത വകയില്‍ നാലു ലക്ഷത്തോളം കടമുള്ള എനിക്ക് സുന്നത്ത് കല്ല്യാണത്തിന്റെ ചെറിയ ചിലവ് പോലും താങ്ങാന്‍ പറ്റാത്തതായിരുന്നു. ഒടുവില്‍ എന്റെ പഴയൊരു സ്‌കൂട്ടര്‍ വിറ്റാണ് ഞാന്‍ അവന്റെ സുന്നത്ത് കര്‍മ്മം നടത്തിയതും ബാക്കി ചികിത്സകള്‍ മുന്നോട്ടുകൊണ്ടുപോയതും.
ഒന്നര വയസ്സുവരെ ഒരു അസുഖവുമില്ലാതിരുന്ന ഹഫീസിന് പെട്ടെന്നാണ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. ഇപ്പോള്‍ ഒന്ന് ചെരിഞ്ഞ് കിടക്കാന്‍ പോലും കഴിയുന്നില്ല. അപ്പോഴും ആ കുഞ്ഞുമോന്‍ നിറഞ്ഞ് ചിരിക്കുന്നു, ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ ചിരി.
ഞരമ്പ് സംബന്ധമായ പ്രശ്‌നമാണെന്നും ചെറിയൊരു ഓപ്പറേഷന്‍ നടത്തിയാല്‍ സുഖമാകുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷെ, അതിന് ഒന്നര ലക്ഷം രൂപവേണം. അത് കണ്ടെത്താന്‍ കൂലിപണിയെടുക്കുന്ന മൊയ്തുവിന് എത്ര ശ്രമിച്ചിട്ടും കഴിയുന്നേയില്ല. ഒന്നര ലക്ഷം രൂപ എവിടെനിന്നെങ്കിലും കിട്ടിയരുന്നെങ്കില്‍ എന്റെ മോന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് പറഞ്ഞ്
ഉപ്പ മൊയ്തുവും ഉമ്മ ഫൗസിയയും കണ്ണീര്‍ വാര്‍ക്കുകയാണ്.
ഡാ പോട്ടെ ഡാ മോനെ എന്ന് പറഞ്ഞ് ഇറങ്ങുമ്പോഴും അവന്‍ ആ മനോഹരമായ ചിരി ചിരിച്ചു. ഇനി ഞങ്ങള്‍ വരുമ്പോഴേക്ക് നീ സ്‌കൂളില്‍ പോയിട്ടുണ്ടാവും, മോന്റെ എല്ലാ അസുഖവും മാറും എന്ന് പറയുമ്പോള്‍ അവന്‍ പ്രതീക്ഷയുടെ പുതിയലോകം കിനാവ് കാണുന്നുണ്ടായിരുന്നു.
നമുക്ക് കഴിയില്ലെ നമ്മുടെ ഹാഫിസ് മോനെ രക്ഷിക്കാന്‍...
ACCOUNT
MOHAMMED HAFEEZ M
FATHIMATH FOUZIYA N
JISTHIYA MANZIL
BEEJANTHADKA
KASARAGOD
A/C:42092200194472
IFSCCODE:SYNB0004209
SYNDICATE BANK
BADIYADUAK BRANCH
MOIDU MOB:9567364543

Wednesday, February 22, 2017

അഫ്രീദി ചോദിച്ചോട്ടെ...ഇനിയൊന്നു കൂടി വരുമോ...ആ പതിനാറുകാരനായിട്ട്....


എബി കുട്ടിയാനം 
പാക്കിസ്ഥാനിയോ ഇംഗ്ലീഷുകാനോ എന്ന് നോക്കിയിട്ടില്ല, കളി കാണാന്‍ തുടങ്ങിയ കാലം തൊട്ട് അഫ്രീദി ഞങ്ങള്‍ക്കൊരു ആവേശമായിരുന്നു....സച്ചിനേയും ദാദയെയും ഇഷ്ടപ്പെടുന്നതുപോലെ ഞങ്ങള്‍ ആ സുന്ദരകുട്ടപ്പനെയും ഇഷ്ടപ്പെട്ടിരുന്നു...എത്ര സമയം ക്രീസില്‍ നില്‍ക്കും എത്ര റണ്‍സെടുക്കും എന്നൊന്നും ആര്‍ക്കും അറിയില്ല, പക്ഷെ അഫ്രീദി ക്രീസിലെത്തുമ്പോള്‍ ഞങ്ങള്‍ക്ക് അത് ആഹ്ലാദത്തിന്റെ വലിയ പെരുന്നാളാണ്...കുറച്ച് നേരമാണ് ക്രീസിലെങ്കിലും അതൊരു പൊല്‍സ് തന്നെയായിരുന്നു...ബൂം ബൂം ആഫ്രീദി എന്നുള്ള നിറഞ്ഞ ഗ്യാലറിയിലെ ആര്‍പ്പുവിളികള്‍ക്കൊപ്പം വീട്ടിലെ മുറിയില്‍ ഒറ്റയ്ക്കിരുന്ന് എത്ര വട്ടം നമ്മള്‍ അഫ്രീദിക്കുവേണ്ടി ബൂംബൂം വിളിച്ചിട്ടുണ്ടാവും...
More Read:
FB A/C: Abi kutiyanam Bovikanam New
FB Page: Abi kutiyanam Bovikanam
Blog: Ezuthodezuth Blogspot.com
Email:abikutiyanam@gmail.com
Youtube:Abi kutiyanams Videoനെയ്‌റോബിയില്‍ ശ്രീലങ്കയ്‌ക്കെതിരെ തന്റെ പതിനാറാമത്തെ വയസ്സില്‍ വെറും 36 പന്തില്‍ സെഞ്ച്വറി നേടി(ഒരു സെഞ്ച്വറി നേടാന്‍ നൂറിലേറെ പന്തുകള്‍ വേണ്ടിവരുന്ന കാലത്തായിരുന്നു അത്) ലോകത്തെ വിസ്മയിപ്പിച്ച അഫ്രിദി അന്നുതൊട്ട് ഇങ്ങോട്ട് ഞങ്ങള്‍ക്കൊരു വിസ്മയം തന്നെയായിരുന്നു...അഫ്രീദി വന്നാല്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ആരാണ് പറഞ്ഞുപോകാത്തത്...എനിക്ക് തോന്നുന്നു മുട്ടിയും തട്ടിയും നീങ്ങിയിരുന്ന ലോക ക്രിക്കറ്റിനെ വിസ്‌ഫോടനത്തിലേക്ക് വഴിതിരിച്ചുവിട്ടത് നമ്മുടെ ചങ്ക് ഹിറോ ആയ ആഫ്രിദീയിയാരിക്കുമെന്ന്....
പ്രിയപ്പെട്ട ഷഹീദ് ഖാന്‍ അഫ്രീദി....ഒരുപാട് ദു:ഖത്തോടെ പറയട്ടെ, സച്ചിനെപോലൊരാള്‍ പടിയിറങ്ങിപ്പോയ ക്രിക്കറ്റില്‍ നിന്ന് നിങ്ങളും യാത്ര പറഞ്ഞ് പിരിയുമ്പോള്‍ വല്ലാത്തൊരു ശൂന്യതയാണ് ഞങ്ങള്‍ അനുഭവിക്കുന്നത്...ലോകോത്തരമെന്ന് കമേന്ററ്റര്‍മാര്‍ വിളിച്ചുകൂവുന്ന ബൗളര്‍മാരെ കൊന്ന് കൊലവിളിക്കാന്‍ നിങ്ങളില്ലെന്നറിയുമ്പോള്‍ മനസ്സ് വലിയൊരു ശൂന്യത അനുഭവിക്കുന്നുണ്ട്....
ഷാഹിദ്....ആകാശത്തോളമുയര്‍ന്ന് മഴവില്ല് പോലെ വളഞ്ഞ് ഗ്യാലറിക്കുമപ്പുറം പോയി വീണുരുളുന്ന ആ കൂറ്റന്‍ സിക്‌സറുകള്‍ കണ്ടിട്ടും കണ്ടിട്ടും ഞങ്ങള്‍ക്ക് മതിവന്നിട്ടില്ല...വിക്കറ്റെടുത്തുകഴിഞ്ഞാല്‍ കൈ രണ്ടും ഉയര്‍ത്തിയിട്ട് ആ മുടിയൊന്ന് കുലുക്കിയിട്ട് നീ കാണിക്കുന്ന ആ ആഹ്ലാദമുണ്ടല്ലോ മറക്കില്ലൊരിക്കലും...
ഷാഹിദ്...ആ പച്ചക്കുപ്പായത്തില്‍ ഇനി നീ ഉണ്ടാവില്ല...നിന്റെ സിക്‌സറും ഹയര്‍സ്റ്റൈല്‍ കൊണ്ട് നീ കാണിക്കുന്ന ഇന്ദ്രജാലവും ഇനി ഞങ്ങള്‍ക്ക് അന്യമാവുന്നു...
ഷാഹിദ്....മോഹങ്ങള്‍ ഓവറാണെന്നറിയാം...എങ്കിലും ചോദിച്ചോട്ടെ...ഇനിയൊന്നു കൂടി വരുമോ...ആ പതിനാറുകാരനായിട്ട്....More Read:
FB A/C: Abi kutiyanam Bovikanam New
FB Page: Abi kutiyanam Bovikanam
Blog: Ezuthodezuth Blogspot.com
Email:abikutiyanam@gmail.com
Youtube:Abi kutiyanams Video

Sunday, January 8, 2017

ചരിത്രപുസ്തകം മാഞ്ഞു ഈ ക്ലാസ് മുറിയില്‍ ഇനി ഞങ്ങള്‍ അനാഥരാണ്

ചരിത്രപുസ്തകം മാഞ്ഞു
ഈ ക്ലാസ് മുറിയില്‍
ഇനി ഞങ്ങള്‍ അനാഥരാണ്

എബി കുട്ടിയാനം

ഷംനാട് സാഹിബിന് വിട...ചരിത്രത്തിന്റെ ക്ലാസ് മുറിയാണ് അടഞ്ഞുപോയത്...
ഹമീദലി ഷംനാട് സാഹിബ് നടന്നുവരുമ്പോള്‍ അത് ഒരു ചരിത്രപുസ്തകത്തിന്റെ സഞ്ചാരമായിരുന്നു. സേവനം കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ഷംനാടിന്റെ മനസ്സ് നിറയെ ലോകത്തിന്റെ ചരിത്രമുണ്ടായിരുന്നു,   പേജിനും സ്റ്റേജിനും ഉള്‍ക്കൊള്ളാനാവാത്ത ആഴമുണ്ടായിരുന്നു അതിന്. അറിവ് കുന്നുകൂടുമ്പോള്‍ അഹങ്കാരം കൊണ്ട് മറ്റുള്ളവരോട് മിണ്ടാന്‍ മടിക്കുന്ന ആളുകള്‍ക്കിടയില്‍ ഷംനാട് സാഹിബ് എളിമയുടെ പുതിയ പാഠപുസ്തകമായി. തന്റെ മനസ്സിലുള്ള അറിവുകളെ മുഴുവന്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ആവേശവും ആത്മാര്‍ത്ഥതയും കാണിച്ച മഹാമനുഷ്യനായിരുന്നു അദ്ദേഹം. ഏതു കൊച്ചുകുട്ടിക്കുമുന്നിലും അദ്ദേഹം തന്റെ അറിവും ചരിത്രവും പറഞ്ഞുകൊടുക്കുമായിരുന്നു.
ഏയ് ഇത് കേള്‍ക്ക് എന്ന് പറഞ്ഞ് അരികില്‍ വിളിച്ചിരുത്തി കഥകള്‍ പറഞ്ഞുകൊടുക്കുന്ന ഷംനാട്  സാഹിബ് കാസര്‍കോട്ടെ പുതിയ തലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ ആദരവ് നിറഞ്ഞ മുഖമായിരുന്നു.
സ്വതന്ത്രസമര കാലഘട്ടവും നെഹ്‌റവും ഗാന്ധിജിയും ജിന്നയും ആസാദുമെല്ലാം ആ നാവില്‍ സദാസമയവുമുണ്ടാവും. ഓരോ രാഷ്ട്രനേതാക്കളുടെയും ചരിത്രം ഷംനാട് സാഹിബിന് മനപാഠമായിരുന്നു. ഏതു പാതിരാനേരത്തും പറഞ്ഞുതരാന്‍ മാത്രം ആഴമുണ്ടായിരുന്നു ആ ആറിവുകള്‍ക്ക്. വിക്കീപീഡിയയില്‍ നിന്ന് കിട്ടാത്ത വിവരങ്ങളായിരിക്കും ചിലപ്പോള്‍ ഷംനാട് സാഹിബിന്റെ മനസ്സില്‍ നിന്ന് ലഭിക്കുക.
എല്ലാവരും ചരിത്രം അറിഞ്ഞിരിക്കണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടാണ് കാണുന്നവരെയക്കെ പിടിച്ചുനിര്‍ത്തി ഏയ് കേള്‍ക്ക്, പഠിക്ക് എന്ന് പറഞ്ഞ് ഓരോ കാര്യങ്ങളും പറഞ്ഞുകൊടുക്കാന്‍ ഉത്സാഹം കാണിച്ചത്.
പത്ര ഓഫീസുകളിലേക്ക് നടന്നുവരുന്ന ഷംനാട് സാഹിബിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. എളിമ കലര്‍ന്ന സംസാരത്തോടെ ഓഫീസില്‍ വന്നിരിക്കുന്ന അദ്ദേഹം ഏയ് കേള്‍ക്ക് എന്ന് പറഞ്ഞ് കഥ തുടങ്ങും. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ലെ നിങ്ങള്‍ എഴുതണമെന്ന് പറഞ്ഞ് ഓര്‍മ്മിപ്പിക്കാന്‍ ഏതെങ്കിലും വികസന കാര്യങ്ങളുമായിട്ടായിരിക്കും അദ്ദേഹം കടന്നുവരിക. ചരിത്രം തലമുറകള്‍ക്ക് പകരാനുള്ളതാണെന്നും എവിടെയങ്കിലും ചിതറിപ്പോകാനുള്ളതല്ലെന്നും അദ്ദേഹം എന്നും ഓര്‍മ്മിപ്പിച്ചു.
വിദ്യയുടെ പ്രസക്തി നാട് തിരിച്ചറിയും മുമ്പ് തന്നെ നിയമത്തില്‍ ബിരുദം നേടി നാടിന്റെ അഭിമാനമായ ഷംനാടിന്റെ ഇഷ്ടവിഷയവും വിദ്യഭ്യാസമായിരുന്നു. വിദ്യഭ്യാസത്തെക്കുറിച്ച് വാചാലനാവാതെ അദ്ദേഹത്തിന്റെ മുന്നിലൂടെ ഒരു ദിവസം പോലും കടന്നുപോകുമായിരുന്നില്ല. പഠനത്തിന് വില കല്‍പ്പിക്കാത്ത കുട്ടികളെ കണ്ടാല്‍ ഒരു കരിയര്‍ ഗൈഡന്‍സ് ട്രെയിനറെപോലെ അരികിലിരുത്തി ഉപദേശിച്ച് മനസ്സിലേക്ക് പുതിയൊരു പോസിറ്റീവ് എനര്‍ജി ഇട്ടുകൊടുക്കും.
ആറാം ക്ലാസ് മുതല്‍ ഡിഗ്രിവരെ മംഗലാപുരത്ത് പഠിച്ച ഷംനാട് പിന്നീട് മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. അറിവിന്റെ വഴിയിലൂടെ ഉന്നതങ്ങളിലേക്ക് നടന്നുപോകുമ്പോഴൊക്കെ തന്റെ നാടിനെയും നാട്ടുകാരെയും വിദ്യയുടെ മഹത്വം പറഞ്ഞുകൊടുത്ത് കൂടെ കൂട്ടി. താന്‍ വളരുമ്പോള്‍ തന്റെ സമൂഹവും വളരണമെന്ന് ആഗ്രഹിച്ച വലിയ മന സ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപാട് കയ്യിലുണ്ടായിരുന്ന ഷംനാടിന് ഉന്നത ജോലികള്‍ തേടി പോകാമായിരുന്നുവെങ്കിലും ജനസേവനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
1960-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ നാദാപുരത്ത് വെച്ച് അട്ടിമറി ജയം നേടിയ ഷംനാട്  കേരള രാഷ്ട്രീയത്തിലെ യുവതുര്‍ക്കിയായി മാറി. പിന്നീട് എം.പിയായി, പി.എസ്.സി അംഗമായി, റൂറല്‍ ഡവലപ്‌മെന്റ് ചെയര്‍മാനായി, ഓഡോപോക് ചെയര്‍മാനായി അങ്ങനെ പദവികള്‍ പലതു വഹിച്ചു. പക്ഷെ അപ്പോഴും ലാളിത്യ ജീവിതം അദ്ദേഹം കൈവിടാതെ കാത്തുസൂക്ഷിച്ചു. കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായപ്പോഴും ശ്രദ്ധേയമായ ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭ സ്റ്റേഡിയത്തിന് സര്‍ക്കാര്‍ സ്ഥലം അനുവദിക്കാന്‍ പ്രയത്‌നിച്ചത് ഷംനാടായിരുന്നു. മുനിസിപ്പല്‍ റഫറന്‍സ് ലൈബ്രറി, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഷംനാട് സാഹിബിന്റെ  ഭരണമികവിന്റെ അടയാളങ്ങളാണ്.
ഷംനാട് സാഹിബ് വിടപറയുമ്പോള്‍ ഒരു ചരിത്ര പുസ്തകമാണ് അടഞ്ഞുപോകുന്നത്...ഈ ക്ലാസ് മുറിയില്‍ ഇനി നമ്മള്‍ അനാഥരാണ്....



Monday, December 26, 2016

അടര്‍ന്നുവീഴുന്ന കലണ്ടര്‍

എബി കുട്ടിയാനം

കാലം എല്ലാം ഒരിക്കല്‍ തിരിച്ചു ചോദിക്കും...
നിന്റെ സൗന്ദര്യവും നിന്റെ സമ്പത്തും
എല്ലാം കാലം തിരികെ വാങ്ങും
   000              000            000

ഒരു സന്ധ്യകൂടി മയങ്ങുന്നു...ഒരു സൂര്യന്‍ കൂടി മറയുന്നു...ഒരു പകല്‍കൂടി വിടവാങ്ങുന്നു..കാലവും കലണ്ടറും അതിന്റെ ജോലി തീര്‍ത്ത് മടങ്ങിപോവുകയാണ്...
പ്രിയപ്പെട്ട കൂട്ടുകാര, എല്ലാം നേടിയിട്ടും  ഒന്നും നേടാത്തവരായി മാറുകയാണ് നമ്മള്‍...കാലത്തിന്റെ കല്‍പ്പനയ്ക്കു മുന്നില്‍ ഞാനും നീയും വീണ്ടും തോറ്റിരിക്കുന്നു...
ഡിസംബര്‍... നീ സമ്മാനിച്ച കുളിരത്രയും ഒരു ചൂടുകാലത്തിനുമുമ്പുള്ള കബളിപ്പിക്കല്‍ മാത്രമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു...എത്ര മഞ്ഞുപെയ്താലും  വിയര്‍ത്തൊലിക്കുന്ന ചൂടുമായി മാര്‍ച്ചും എപ്രീലും വരാതിരിക്കില്ലല്ലൊ...
ഓരോ പുതുവര്‍ഷവും വലിച്ചെറിയാനുള്ള പുതിയ പ്രതിജ്ഞയുടെ ഡയറിതാളുകളാണെന്ന് കാലം  വിളിച്ചുപറയുന്നുണ്ട്...
കാലമേ... ബാല്യത്തില്‍ നിന്ന് ബാല്യക്കാരനിലേക്കുള്ള യാത്ര എത്ര വേഗതയിലായിരുന്നു...ഒരു തീവണ്ടിപോലെ നീ എന്റെ മുന്നിലൂടെ പാഞ്ഞുപോയപ്പോള്‍ വഴിയരികിലെ കാഴ്ചക്കാരന്‍ മാത്രമായി മാറിപോയി ഞാന്‍...
വക്കുപൊട്ടിയ സ്ലേറ്റില്‍ മഷി തണ്ടുകൊണ്ട് പേരെഴുതിയ കാലം ഞാന്‍ ഓര്‍ത്തുപോവുകയാണ്...പച്ച മാങ്ങ ഉപ്പുകൂട്ടി തിന്നതും പുളിമരകൊമ്പില്‍ വലിഞ്ഞുകേറി പച്ചപുളിയുടെ രുചിയറിഞ്ഞതും ഇന്നലെയന്നതുപോലെ മനസ്സില്‍ തെളിയുന്നു...എബി കുട്ടിയാനം)മണ്ണപ്പം ചുട്ടുകളിച്ച ബാല്യമേ ഒരു വട്ടം കൂടി കടന്നുവരുമോ കണ്‍മുന്നിലൂടെ...
മുറ്റത്തെ തൈമാവിന്റെ അടിയില്‍ കെട്ടിപ്പൊക്കിയ കൊച്ചു കുടിലില്‍ ഇലകളരിഞ്ഞ് കറിവെച്ചിരുന്ന നെജു ഇപ്പോള്‍ വീട്ടിന്റെ കിച്ചണില്‍ പുതിയ കുക്കറി ഷോ തീര്‍ക്കുന്നുണ്ടാകും...മണ്ണരച്ച് അപ്പം ചുട്ടിരുന്ന അവളിപ്പോള്‍ അതേ ആവേശത്തോടെ വിരുന്നുകാര്‍ക്കുമുന്നില്‍ അപ്പങ്ങളമ്പാടും ചുട്ടുവെക്കുന്നുണ്ടാകും...
കാലമേ....കണ്ണിമാങ്ങയുടെ ചുനയേറ്റ് പൊള്ളിപ്പോയ പാട് എന്റെ കവിളത്ത് ഇപ്പോഴും ബാക്കിയുണ്ട് കേട്ടോ...
കാലമേ...എത്ര പെട്ടന്നാണ് നീ പാഞ്ഞുപോകുന്നത്...മഴ ചൊരിഞ്ഞതും പുഴ നിറഞ്ഞതും നിന്റെ ഓട്ടപ്പാച്ചിലിനിടയിലാണ്...സച്ചിന്‍ കളി തുടങ്ങിയതും കളി നിര്‍ത്തിയതും ഈ വഴിയരികില്‍വെച്ച് ഞങ്ങള്‍ കണ്ടു...ജീവിക്കാന്‍ ഭൂമിയും ആകാശവുമില്ലാതെ നടുക്കടലില്‍ നങ്കൂരമിട്ട് ഒടുവില്‍ മരിച്ചുവീണുപോയ ഐലാന്‍ കുര്‍ദി എന്ന കുഞ്ഞുമോന്റെ മുഖം കാലം പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...മഞ്ഞുതുള്ളിപോലെ ആര്‍ദ്രമായ പ്രണയത്തെക്കുറിച്ച് കവിതെഴുതാറുണ്ടായിരുന്ന കൂട്ടുകാരന്‍ ഷെമിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രണയത്തിന് എതിരായിരുന്നു...കാലമേ നീ ചിലപ്പോള്‍ എല്ലാം തിരുത്തി എഴുതിപ്പിക്കുമല്ലെ...
കാലമേ....തൂക്കാന്‍ ചുമരില്ലാത്ത എനിക്ക് മുന്നില്‍ പുതിയ കലണ്ടറുമായി എന്തിനാണ് നീ പിന്നെയും പിന്നെയും വിരുന്നുവരുന്നത്...
    000               000                  000
ജനുവരി വിരുന്നെത്തുന്നതിന്റെ സന്തോഷമല്ല, ഡിസംബര്‍ വിടപറയുന്നതിന്റെ ദു:ഖമാണ് മനസ്സില്‍...ആഹ്ലാദങ്ങള്‍ക്കുമപ്പുറം ഒരുപാട് നൊമ്പരങ്ങളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2016ഉം കടന്നുപോകുന്നത്...ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം അരിഞ്ഞുവീഴ്ത്തി കൊല്ലാകൊല ചെയ്യുമ്പോള്‍ ഒന്നും മിണ്ടാതെ നല്ല കാഴ്ചകാരിയായി മാറുന്ന ആന്‍ സൂചിയുടെ മുഖം ഒരു ചോദ്യമായി മനസ്സിനെ പൊതിയുന്നു...സമാധാനത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയ ഒരാള്‍ക്ക് എങ്ങനെയാണ്  ഒരു കൂട്ടക്കൊലയ്ക്ക് മൗന സമ്മതം നല്‍കാന്‍ കഴിയുന്നതെന്ന ചോദ്യമാണ് 2016ലെ ഏറ്റവും ദയനീയത നിറഞ്ഞ ചോദ്യങ്ങളിലൊന്ന്...നോട്ടു പ്രതിസന്ധിയില്‍ പെരുവഴിയിലായിപ്പോയ പാവങ്ങള്‍ ഇപ്പോഴും ബാങ്ക് മുറ്റത്ത് വെയിലുകൊള്ളുന്നുണ്ട്...മോദി ജി....അച്ഛന്‍ ദിന്‍ ഞങ്ങള്‍ വേണ്ട, ആ സാദാ ദിന്‍ ഒന്ന് തിരിച്ചുതരുമോ എന്ന് ജനം സങ്കടത്തോടെ ചോദിച്ചതും 2016ല്‍ വെച്ചാണ്...ഒരു ജനപ്രതിനിധി ഒരു ജനതയുടെ അമ്മയായി മാറിയ ജയലളിതയുടെ മരണം വരുത്തിവെച്ച ശൂന്യത ഇനി ഏതു കാലത്തിനാണ് മായ്ക്കാനാവുക...ജയലളിതയെപോലൊരു ഭരണാധികാരി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് നിക്ഷ്പക്ഷമതികള്‍ പോലും ആഗ്രഹിച്ചുപോയ നേരത്താണ് കാലം അവരെ കൊണ്ടുപോയത്...
അമേരക്കയുടെ തലപ്പത്ത് ട്രംപ് വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും ബാക്കിയുണ്ട് ഓരോ മുഖത്തും....ട്രംപ് അമേരിക്കന്‍ നായകാനാവുന്നു എന്ന വാര്‍ത്ത കേട്ട അതേ വേളയിലാണ് ആരാഡാ എന്ന ചോദിച്ച ലോക പോലീസിനോട് ഞാനാഡാ എന്ന് ആണത്തത്തോടെ പറഞ്ഞ ലോക വിപ്ലവകാരി ഫിദല്‍കാസ്‌ട്രോയെ നമുക്ക് നഷ്ടമായത്...
വിടപറഞ്ഞകന്നിട്ടും ഹൃദയത്തില്‍ നിന്ന് മാഞ്ഞുപോകാത്ത മുഖമാണ് നമുക്ക് നമ്മുടെ കലാഭവന്‍ മണി...കാലമെത്ര കഴിഞ്ഞാലും ഓര്‍മ്മകള്‍ ഒരു നാടന്‍ പാട്ടായി മനസ്സിനുള്ളില്‍ താളമിട്ടുകൊണ്ടിരിക്കും...നടി കല്‍പ്പനയും നടന്‍ ജിഷ്ണുവും പോയത് ഈ വഴിയരികില്‍വെച്ചാണ്...ലോകത്തിന് ആത്മീയതയുടെ വെളിച്ചം പകര്‍ന്ന എത്രയെത്ര പണ്ഡിതന്മാരാണ് നമ്മെ അനാഥരാക്കിക്കൊണ്ട് കടന്നുപോയത്...സമസ്തയുടെ പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരുടെയും കോയകുട്ടി ഉസ്താദിന്റെയും വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണ്...ഗാന്ധിയന്‍ മാധേവേട്ടനും നമ്മെ വിട്ടുപോയി...പരവൂരിന്റെ ദു:ഖം നേര്‍ത്ത നൊമ്പരമായി പെയ്തിറങ്ങുന്നു...ആഘോഷപൊലിമയ്ക്കിടയില്‍ പൊട്ടിത്തെറിച്ച പടക്കങ്ങളില്‍ ഒരുപാട് ജീവിതങ്ങള്‍ പൊലിഞ്ഞുപോയപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായിപോയ കുഞ്ഞുമക്കള്‍ കൃഷ്ണയും കിഷോറും പോയവര്‍ഷത്തെ ഏറ്റവും വലിയ നൊമ്പരകാഴ്ചയായി മാറി...
ഓര്‍മ്മകള്‍ ഒരു വട്ടം കൂടി തിരുമുറ്റത്തെത്തുന്നു...മലയാളത്തിന്റെ കാവ്യമുഖം ഒ.എന്‍.വി.സാറിന് ആദരാജ്ഞലികള്‍...സത്യം ഇനിവരില്ല ഇതുപോലൊരു പ്രതിഭ...
ജിഷയുടെ കൊലപാതകം ഏറ്റവും വലിയ ഞട്ടലുകളിലൊന്നായി മാറിയപ്പോള്‍ അതിനേക്കാള്‍ വലിയ ഞെട്ടലായിരുന്നു സൗമ്യയെ പിച്ചിചീന്തികൊന്നുകളഞ്ഞ ഗോവിന്ദസ്വാമി തെറ്റുകാരനല്ലെന്ന് വിധിയെഴുതിയത്.
ഡിസിസിയുടെ അമരത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ചതും പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരതതിലെത്തിയതും രാഷ്ട്രീയരംഗത്ത് ശ്രദ്ധേയേമായ കാര്യങ്ങളായിരുന്നു...ജയരാജന്‍ പോയതും മണി വന്നതും വലിയ വര്‍ത്തമാനങ്ങളായി...
(എബി കുട്ടിയാനം)രജ്ഞിയില്‍ മുഹമമദ് അസ്ഹറുദ്ദീന്റെ പ്രകടനം ക്രിക്കറ്റില്‍ കാസര്‍കോടിന് അഭിമാനമായപ്പോള്‍ ഫുട്‌ബോളില്‍ മുഹമ്മദ് റഫിയും കാസര്‍കോട്ട് പഠിച്ച് വളര്‍ന്ന സി.കെ.വിനീതും വടക്കന്‍ പെരുമയുടെ വക്താക്കളായി മാറി. സച്ചിന്‍ സോറി, കേരളം ജയിക്കണമെന്നതിനപ്പുറം ഞങ്ങള്‍ക്ക് സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് ജയിക്കണമെന്നുണ്ടായിരുന്നു...എന്തു ചെയ്യാന്‍ കാലമല്ലേ പിന്നെയും ജയിക്കുന്നത്...സച്ചിന്‍ ഈ വഴിയില്‍ നമുക്ക് വീണ്ടും കാണണം...നമുക്ക് ആ കപ്പില്‍ മുത്തമിടണം...
2016ലെ ഏറ്റവും വലിയ കയ്യടികളിലൊന്ന് ട്രിപ്പിള്‍ സെഞ്ച്വറികൊണ്ട്ഇന്ദ്രജാലം കാണിച്ച കരുണ്‍ നായര്‍ക്കും ജൂനിയര്‍ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൊച്ചു മിടുക്കുന്മാര്‍ക്കുമുള്ളതാണ്...
 000             000                000
ചെന്നൈയിലെ വര്‍ധയും ഇസ്രായിലിലെ തീക്കാറ്റും  ഒരു ഓര്‍മ്മപ്പെടുത്തലാണ്...നമ്മുടെ എല്ലാ അഹങ്കാരങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം ദൈവത്തിന്റെ വിധിയും തീരുമാനങ്ങളുമുണ്ട് എന്ന വലിയ ഓര്‍മ്മപെടുത്തല്‍്...മണലെടുത്തെടുത്ത് പുഴയെ കൊന്നൊടുക്കുന്ന നാട്ടില്‍, മരങ്ങള്‍ വെട്ടി വെട്ടി പ്രകൃതിയെ അരിഞ്ഞുവീഴ്ത്തുന്ന നാട്ടില്‍ തീ മഴ പെയ്യാതിരിക്കട്ടെ...
ലോകം അവസാനിക്കാറാകുമ്പോള്‍ കൊലകള്‍ വര്‍ദ്ധിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്...കൊല്ലുന്നവന് അറിയില്ലെത്രേ ഞാന്‍ ആരെയാണ് കൊല്ലുന്നതെന്നും എന്തിനുവേണ്ടി കൊല്ലുന്നുവെന്നും...മരിക്കുന്നവനും അറിയില്ലത്രെ എന്നെ എന്തിന് കൊല്ലുന്നുവെന്ന്...
ക്വട്ടേഷന്‍ ടീമുകള്‍ കാര്യങ്ങള്‍ നടപ്പാക്കി മടങ്ങിപോകുന്ന വര്‍ത്തമാനകാലത്ത് മനസ്സ് ചോദിച്ചുപോകുന്നത് ഇതാണ്...ഒരു പകയോ വിദ്വോഷമോ ഒന്നുമില്ലാതെ ആരോ പറഞ്ഞതനുസരിച്ച് ഒരാള്‍ക്ക് എങ്ങനെയാണ് മറ്റൊരു മനുഷ്യനെ  കൊല്ലാന്‍ കഴിയുന്നത്...
പാര്‍ട്ടിക്ക് രക്തസാക്ഷിയുണ്ടാവുന്നുവെന്ന ആഹ്ലാദത്തിനുമപ്പുറം മകന്‍ നഷ്ടപ്പെട്ടുപോകുന്ന അമ്മയുട തീരാത്ത വിലപം നിങ്ങള്‍ കേള്‍ക്കാറുണ്ടോ...ഓരോ കലണ്ടര്‍ താളും എത്രയോ അമ്മമാരുടെയും ഭാര്യമാരുടെയും കണ്ണീര് വീണ് ചുവന്നുപോകുന്നുണ്ട്...
   000                     000                       000
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് പറഞ്ഞു. ഒരു വാചകം ചുവരില്‍ എഴുതണം...പക്ഷെ ഒരു നിബന്ധനയുണ്ട്...
സന്തോഷമുള്ളപ്പോള്‍ നോക്കിയാല്‍ ദു:ഖവും ദു:മുള്ളപ്പോള്‍ നോക്കിയാല്‍ സന്തോഷമുള്ളതുമായിരിക്കണം ആ വാചകം...
ബീര്‍ബല്‍ എഴുതി
ഈ സമയവും കടന്നുപോകും...