എബി കുട്ടിയാനം
മഴപോലെ മഞ്ഞുപെയ്യുന്ന ഡിസംബര്‍, ഓരോ മണ്‍തരിക്കും ഹേമന്തകാലത്തിന്റെ കുളിരാണ്. മനസിനെയും മണ്ണിനെയും ഒരുപോലെ തൊടുന്നുണ്ടത്.
ഓരോ ഡിസംബറും, ഡിസംബറിന്റെ മഞ്ഞും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ അടയാളമാണ്. പക്ഷെ, എന്നിട്ടും ഈ ഡിസംബര്‍ എന്നെ കുളിരണിയിക്കുന്നില്ല. നേര്‍ത്ത നൊമ്പരമായി വന്ന് അതെന്നെ തൊടുകയാണിപ്പോള്‍.
ഇതുപോലൊരു ഡിസംബറിന്റെ സായാഹ്‌നമായിരുന്നു ഞങ്ങളുടെ അഭിവന്ദ്യനായ അഹമ്മദ് മാഷിനെ മരണം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത്. സഹിക്കാനാവാത്ത ആ നോവിന് ആറുവയസ്സാകാന്‍ പോകുന്നു. അതായത് കാസര്‍കോടിന്റെ ശുന്യതയ്ക്ക് ആറുവയസ്സ് തികയുകയാണ്.
മാഷ് എഴുന്നേറ്റ് പോയ കസേര ഇപ്പോഴും അനാഥമായി കിടക്കുന്നു. ആ വിടവ് കാസര്‍കോടിന്റെ ഓരോ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷത്തിനിടയില്‍ കാസര്‍കോടിന്റെ മനസ്സ് മാഷുണ്ടായിരുന്നെങ്കിലെന്ന് എത്രവട്ടം ആവര്‍ത്തിച്ചുണ്ടാകുമെന്നോ.
മാഷ് കാസര്‍കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ അല്ല, അതിനപ്പുറം നന്മകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ മഹാമനുഷ്യനായിരുന്നു മാഷ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒച്ചപ്പാട് സൃഷ്ടിക്കാതെ തന്നെ ഓരോ ഇടങ്ങളിലും മാഷ് നിറഞ്ഞുനിന്നു. സൗമ്യതകൊണ്ട് മനം കവരാമെന്നും ബഹളം വെക്കാതെ സാന്നിധ്യമാവാമെന്നും മാഷ് ജീവിതംകൊണ്ട് കാണിച്ചുതന്നു. മാഷ് ഒരു സദസിലേക്ക് കടന്നുവരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിക്കുമായിരുന്നു. പേജും സ്റ്റേജുംകൊണ്ട് മാഷ് തീര്‍ത്ത വിസ്മയത്തിനുമപ്പുറം ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ഹൃദയത്തില്‍ നിന്നൊഴുകുന്ന സ്‌നേഹവുമായിരുന്നു ഓരോ മനസിലേക്കും മാഷിനെ അടുപ്പിച്ചത്. മാഷിന്റെ ഓരോ വാക്കിലും നിറഞ്ഞൊഴുകിയത് പോസിറ്റീവ് എനര്‍ജി മാത്രമായിരുന്നു. ആ ഒരു വാക്ക് കേട്ടാല്‍തന്നെ നമ്മള്‍ പുതിയൊരു മനുഷ്യനായിപോകും.
ചെറിയ കഴിവും കുറച്ചേറെ ബന്ധങ്ങളുമൊക്കെ ആകുമ്പോള്‍ അഹങ്കാരംകൊണ്ട് മസില് വീര്‍പ്പിക്കുകയും ആരും എന്നേക്കാള്‍ വളരരുതെന്ന് പറഞ്ഞ് രഹസ്യമായൊരു പാര പണിയുകയും ചെയ്യുന്ന മനുഷ്യര്‍ ഏറി വരുന്ന കാലത്ത് അഹമ്മദ് മാഷ് അല്ലെങ്കിലും ഒരു അല്‍ഭുതം തന്നെയാണ്. മറ്റുള്ളവരെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും മാഷ് കാണിച്ചിരുന്ന താല്പര്യം സമാനതകളില്ലാത്ത നന്മയുടെ തെളിവായിരുന്നു.
ഓരോ വേര്‍പ്പാടും നികത്താനാവാത്ത നഷ്ടമാണ്. ചിലരുടെ മരണം അതിലും എത്രയോ അപ്പുറത്തെ നൊമ്പരമായിരിക്കും മനസ്സിന് പകരുക. അഹമ്മദ് മാഷിന്റെ വിയോഗം വ്യക്തിപരമായി എന്തുമാത്രം നഷ്ടവും സങ്കടവുമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.
കുഞ്ഞുന്നാള്‍തൊട്ട് തന്നെ മാഷ് തന്ന സ്‌നേഹവും പ്രോത്സാഹനവും മറക്കാനെ കഴിയുന്നില്ല. എഴുത്തില്‍ ഇത്തിരി താല്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ മാഷ് എന്റെ മുന്നില്‍ യഥാര്‍ത്ഥമാഷായി മാറുകയായിരുന്നു. ആരുമല്ലാതിരുന്ന എനിക്ക് മാഷ് മാഷിന്റെ പത്രത്തില്‍ പേജ് മറിച്ച് തന്ന് എഴുതട എന്ന് പറഞ്ഞ് പിന്നെയും പിന്നെയും എഴുതിപ്പിച്ചു. വരിതെറ്റുമ്പോഴൊക്കെ സ്‌നേഹത്തോടെ കണ്ണുരുട്ടി. എന്തെഴുതിയാലും അതിനൊക്കെ നല്ല പേജും നല്ല അഭിപ്രായവും ഒത്തിരി കമന്റും തന്നു. ഇതുവേണ്ടട വേറേ ആരോ ഇതേ വിഷയം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് എന്റെ എഴുത്തിനെ ദൂരെ വലിച്ചെറിഞ്ഞില്ല, എഴുതികൊടുത്ത ആര്‍ട്ടിക്കുകളൊന്നും പ്രസിദ്ധീകരിക്കാതെ കൂട്ടിവെച്ച് നിരുത്സാഹപ്പെടുത്തിയില്ല. ആഴ്ചയില്‍ ഒരു എഴുത്തെങ്കിലും കണ്ടില്ലെങ്കില്‍ മാഷ് പറയും, മടിയാണല്ലെ, എഴുത്തില്‍ ഗ്യാപ് പാടില്ല, അലസത പിടികൂടിയാല്‍ പിന്നെ ട്രാക്കിലെത്താന്‍ ബുദ്ധിമുട്ടാണ്.
എഴുത്തില്‍മാത്രമല്ല ഒടുവില്‍ പത്രപ്രവര്‍ത്തനം പ്രഫഷണാക്കിയപ്പോഴും മാഷ് കരുത്തും പ്രചോദനവുമായി. മാതൃഭൂമിയുടെ ഓഫീസില്‍ മാഷിനെ കാണാന്‍ ചെന്നാല്‍ എത്ര തിരക്കാണെങ്കിലും വിളിച്ചിരുത്തും, നല്ല നല്ല ഉപദേശങ്ങള്‍ തരും. പിന്നെ വായിക്കാന്‍ കുറേ പുസ്തകങ്ങളും സമ്മാനിക്കുമായിരുന്നു. ഞങ്ങളുടെ ഓഫീസിലെത്തിയാലും മാഷ് ഏറെ നേരമിരുന്ന് വര്‍ത്തമാനം പറയും.
വലിയ ആളായിരിക്കുമ്പോഴും ചെറുതാവാനുള്ള ഹൃദയവിശാലതയായിരുന്നു മാഷിനെ വലിയ മനുഷ്യനാക്കിയത്. ഹൈടെക്കിന്റെ കാര്യത്തില്‍ ഞാന്‍ പിന്നിലാണെന്ന് പറയാറുള്ള മാഷ് മൊബൈല്‍ ഫോണൊക്കെ തന്ന് പറയും, ഇതിന്റെ കളിയൊന്നും എനിക്കറിയില്ല, നീ ഒന്ന് നോക്കി പറഞ്ഞു താ ഡ....
അവസാനനാളുകളില്‍ മാഷുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായി. സൊവനീറിന്റെ വര്‍ക്ക് നടക്കുമ്പോള്‍ അജയേട്ടന്റെ ഓഫീസില്‍ മാഷിനോടൊപ്പം പലപ്പോഴും ഞാനുമുണ്ടായിരുന്നു. പതിവിന് വിപരീതമായി ആത്മീയതയെക്കുറിച്ചായിരുന്നു അന്നേരം മാഷ് ഏറെ സംസാരിച്ചിരുന്നത്. ഓരോ ബാങ്ക് മുഴങ്ങുമ്പോഴും ജമാഅത്ത് നഷ്ടപ്പെടാതിരിക്കാന്‍ എന്നെയും വിളിച്ചുകൊണ്ടുപോകുമായിരുന്ന മാഷിന്റെ ജീവിതം അവസാനം നിമഷങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായിരുന്നു. എന്റെ ബൈക്കിന്റെ പിന്നിലിരുന്ന് പള്ളിക്കുപോകുമ്പോള്‍ മാഷ് പറയുമായിരുന്നു, ഞാന്‍ ബൈക്കിലിരിക്കല്‍ കുറവാണ്, നിന്റെ പിന്നിലിരിക്കുന്നത് നോക്കണ്ട. ഇത്തിരിദൂരത്തേക്കാണെങ്കിലും മാഷിനെ പിന്നിലിരുത്തിയുള്ള ഓരോ യാത്രയും എനിക്ക് അഭിമാനത്തിന്റേതും അഹങ്കാരത്തിന്റെതുമായിരുന്നു.
ആ മഹാദു:ഖത്തിന് ആറു വയസ്സാകുന്നു. അതിനിടയില്‍ വെയിലും മഞ്ഞും മഴയുമെല്ലാം മാറിമാറി വന്നു. എന്നിട്ടും ഇനി മാഷില്ലെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനെ കഴിയുന്നില്ല. മാതൃഭൂമിയുടെ ഓഫീസില്‍, ഉത്തരദേശത്തിന്റെ കാബിനില്‍, സാഹിത്യവേദിയുടെ മീറ്റിംഗില്‍...ഇവിടെയെടവിടെയൊക്കെയോ മാഷുണ്ടെന്ന് തോന്നിപ്പോവുന്നു. അതുകൊണ്ടായിരിക്കാം മാഷിന്റെ മൊബൈല്‍ നമ്പര്‍ എനിക്കിപ്പോഴും ഡിലീറ്റ് ചെയ്യാന്‍ കഴിയാത്തത്.


No comments:
Post a Comment