Thursday, December 15, 2016

ജാവി ഇല്ലാത്ത ഒരു വര്‍ഷം





എബി കുട്ടിയാനം

 വീണ്ടും അതേ ഡിസംബര്‍.....മഴപോലെ മഞ്ഞുപെയ്യുന്നു...ഭൂമി നിറയെ തണുപ്പിന്റെ സുഗന്ധമാണ്...നനുത്ത കാറ്റും വെളുത്ത പകലും....മണ്ണിനിപ്പോള്‍ മതിപ്പിക്കുന്ന ഗന്ധമാണ്...മഴപോലെ മനോഹരമാണ് ഓരോ മഞ്ഞുകാലവും, പക്ഷെ പറഞ്ഞിട്ടെന്ത് ഈ മഞ്ഞുതുള്ളികളത്രയും എനിക്ക് സങ്കടത്തിന്റെതാണ്...ഞങ്ങളുടെ ജാവിയില്ലാത്ത ഒരു വര്‍ഷമാണ് കണ്‍മുന്നിലൂടെ കടന്നുപോകുന്നത്....

കഴിഞ്ഞ വര്‍ഷം ഇതുപോലെ മഞ്ഞുപെയ്യുന്ന ഒരു ദിവസമായിരുന്നു ഞങ്ങളുടെ ജാവി ഞങ്ങളെ വിട്ടുപോയത്...മഞ്ഞുകാലത്തിന്റെ കുളിരുമായി ഇനി എത്ര ഡിസംബര്‍ കണ്‍മുന്നില്‍ വന്നാലും ഒരു കുളിരും സമ്മാനിക്കാതെ ഞങ്ങള്‍ക്കുമുന്നിലത് ചുടുകണ്ണീരിന്റെ സങ്കടകടല്‍ തീര്‍ത്തുകൊണ്ടിരിക്കും...
ആരോടും ഒരു യാത്രമൊഴിപോലും പറയാതെ, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വിടപറഞ്ഞകന്നുപോയ ജാവിയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...വീട്ടിന്റെ വരാന്തയില്‍ കുട്ടികളെ കളിപ്പിച്ചും അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറഞ്ഞും തോട്ടത്തിലൂടെ ചുറ്റിക്കറങ്ങിയും ജാവി ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിച്ചുപോവുകയാണ്...അവന്‍ മാമാന്റെ വീട്ടിലേക്ക് ജീപ്പോടിച്ച് പോയിരിക്കുകയാണ് കരുതാനാണ് മനസിനിഷ്ടം...
ജാവിയില്ലാത്ത ഒരു വര്‍ഷമാണ് കണ്‍മുന്നിലൂടെ കടന്നുപോയതെന്ന് ഞങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കേണ്ടത്...ഓരോ നിശ്വാസത്തിലും അവന്‍ ഞങ്ങളുടെ കൂടെയുണ്ട്...

ഇല്ല ഡാ, ജാവി നീ മരിച്ചിട്ടില്ല ഡാ, ജീവിച്ചിരിക്കുന്നതിനേക്കാള്‍ തിളക്കത്തോടെ  നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുകയാണിപ്പോള്‍..

ഞങ്ങളുടെ ജാവി നാട്ടാകാര്‍ക്കും കുടുംബക്കാര്‍ക്കും എന്തുമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അവന്‍ മരിച്ചപ്പോഴാണ്...ഓടിയെത്തിയ ജനസാഗരം അല്‍ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു....രാത്രി ഏറെ വൈകിയിട്ടും ഒഴുകിയെത്തിയ ഓരോ മനുഷ്യന്റെ കണ്ണിലും ജാവിയോടുള്ള ഇഷ്ടവും ആ വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാത്ത സങ്കടവും കാണാമായിരുന്നു...കഴിഞ്ഞാഴ്ച പൊവ്വല്‍ വലിയ ജമാഅത്ത് പള്ളിയിലെത്തിയപ്പോള്‍ ചെപ്പുവാണ് പറഞ്ഞത് ഈ പള്ളിയില്‍ ആളുകള്‍ നിറഞ്ഞുകവിഞ്ഞ മയ്യിത്ത് നിസ്‌ക്കാരങ്ങളിലൊന്ന് ജാവിയുടെ മയ്യിത്ത് നിസ്‌ക്കാരമായിരുന്നു...രാത്രി ഏറെ വൈകിയിട്ടും അവനുവേണ്ടി നിസ്‌ക്കരിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്...അത് ഞങ്ങളുടെ ജാവിയുടെ മനസ്സിന്റെ നന്മയുടെ തെളിവായിരുന്നു...പ്രാര്‍ത്ഥിക്കാനും നിസ്‌ക്കരിക്കാനും നല്ലതുപറയാനും എത്രയെത്ര ആളുകളാണ് ഓടിയെത്തിയത്...
പാവങ്ങളെ സഹായിക്കുന്നതില്‍ ഒരുപാട് താല്പര്യം കാണിച്ചിരുന്ന ജാവി എന്നോട് പറയാന്‍ ബാക്കിവെച്ച ഒരു പാവം കുടുംബത്തിന്റെ ദയനീയ കഥ ജാവി മരിച്ച ശേഷം അവന്റെ ഉമ്മയാണ് എന്നോട് വിളിച്ചുപറഞ്ഞത്. ഉമ്മയോട് സംസാരിക്കാന്‍ വേണ്ടി പോകണമെന്ന് പലവട്ടം പ്ലാന്‍ ചെയ്തുവെങ്കിലും എന്തോ എനിക്ക് പോകുവാനേ കഴിഞ്ഞില്ല. എന്തോ , ജാവിയില്ലാത്ത വീട് എനിക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല....അങ്ങോട്ട് പോകാനേ തോന്നുന്നില്ല....വീട്ടിലേക്ക് അടുക്കുംതോറും ഹൃദയം നൊമ്പരം കൊണ്ട് നീറും....ജാബിയുടെ കോള്‍ അറ്റന്റ് ചെയ്യാത്തതിനും അവന്‍ കാണാന്‍ വേണ്ടി വിളിച്ചപ്പോഴൊന്നും പിന്നെ കാണ ഡാ, ഇപ്പോള്‍ ജസ്റ്റ് ബിസിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതിനും ഞാന്‍ എന്ത് ന്യായീകരണമാണ് അവന്റെ ഉമ്മയോട് പറയേണ്ടത്..കുറ്റബോധം കൊണ്ട് നീറുകയാണ് എന്റെ മനസ്സ്...
ഡാ, നാളെ കാണാമെന്ന് പറയാന്‍ മൊബൈലിന്റെ പത്തക്ക നമ്പറിനപ്പുറം ഇനി എന്റെ ജാവിയില്ല...ഒരു വാട്‌സ്ആപ്പിലും അവനെ കിട്ടില്ല....ഫേസ്ബുക്കിന്റെ ഇന്‍ബോക്‌സിലേക്ക് മെസേജ് അയച്ച് കാത്തിരുന്നാലും അവന്‍ വരില്ല...

.
ഡാ മോനെ....ഓരോ മഞ്ഞുതുള്ളിയും നിന്നെ ഓര്‍മ്മിപ്പിക്കുന്നു...ഓരോ പ്രഭാതങ്ങള്‍ക്കും നിന്റെ മുഖമാണ്....കാലമെത്ര കഴിഞ്ഞാലും ലോകം എത്ര മാറിയാലും നീ പറഞ്ഞ നല്ല വാക്കും നിന്റെ നല്ല പുഞ്ചിരിയും ഒരു പൂക്കാലമായി മനസില്‍ നിറഞ്ഞുനില്‍ക്കും...
 പ്രിയപ്പെട്ട ജാവി...നീയില്ലാത്ത ലോകത്ത് ഞങ്ങള്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു...ഡാ, മോനെ ആളുകള്‍ക്കുമുന്നില്‍ ചിരിച്ചപ്പോഴും ഉള്ളില്‍ നിന്നെ ഓര്‍ത്ത് കരയുകയായിരുന്നു...നിന്റെ വേര്‍പ്പാട് അത്ര വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിവെച്ചത്....
മനസിലായ ഞാന്‍ ജാവിയാണ് എന്ന് പറഞ്ഞ് വിളിക്കാന്‍ അപ്പുറത്ത് നീയില്ലെന്നറിയുമ്പോഴും നിന്റെ ഏയര്‍ടെല്‍ നമ്പറില്‍ നിന്നുള്ള ഒരു വിളിക്കുവേണ്ടി ഞാന്‍ വെറുതേ ആശിച്ചുപോകാറുണ്ടിപ്പോഴും

No comments:

Post a Comment