എബി കുട്ടിയാനം
9995416999
കഴിഞ്ഞ ദിവസം ഞങ്ങള്‍ കാസര്‍കോട് ഉളിയത്തടുക്ക നാഷനല്‍ നഗറിലെ ഒരു വീട്ടില്‍ പോയിരുന്നു. അവിടെയെത്തി ആ പഴയ വീട്ടിനുള്ളിലേക്ക് കാല് വെച്ചപ്പോള്‍ മനസ്സ് പറഞ്ഞു യാ, അള്ളാഹ് വരേണ്ടതില്ലായിരുന്നു. എന്തൊരു കാഴ്ചയാണിത്...
വയസായ വീട്, അതിനേക്കാള്‍ വയസായ ഉപ്പയും ഉമ്മയും...പക്ഷെ, അതല്ല, സങ്കടം, വയസുകാലത്ത് അവര്‍ക്ക് താങ്ങും തണലുമാവേണ്ട മക്കളെല്ലാം മനോനില തെറ്റി അലയുകയാണ്...
എഴുപത് വയസ്സ് പ്രായമുള്ള നാഷണല്‍ നഗറിലെ ഇബ്രാഹിമും ഭാര്യ സഫിയയും മക്കളെ ഓര്‍ത്ത് വിതുമ്പിയപ്പോള്‍ എന്റെയും എന്റെ കൂടെ വന്നവരുടെയും കണ്ണ് നിറഞ്ഞുപോയി.
അവരുടെ ഒരു മകന്‍ അസുഖമൊന്നുമില്ലാതെ നേരയുണ്ട്. പക്ഷെ, ഇന്നലെ കരയിപ്പിച്ചത് അവനായിരുന്നു. സഹോദരങ്ങളുടെ ദുരിതം കണ്ട് മനസ്സ് മരവിച്ചുപോയ അവന്‍ ഞങ്ങള്‍ക്ക് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഒരുപാട് സങ്കടകാഴ്ചകള്‍ നേരിട്ട് കണ്ടിട്ടുണ്ട്, ഒരുപാട് ദുരിതജീവിതങ്ങളെ ലോകത്തിന്റെ മുന്നിലെത്തിച്ചിട്ടുണ്ട്. പക്ഷെ ഒരു ചെറുപ്പക്കാരന്‍ സര്‍വ്വം മറന്ന് കരയുന്നത് ഞാന്‍ ആദ്യമായിട്ടാണ് കണ്ടത്. അനിയന്മാരും എട്ടന്മാരുമെല്ലാം മനോനില തെറ്റി അലയുമ്പോള്‍ അതിനെ കണ്ടുനില്‍ക്കാനാവാതെ പകച്ചുപോവുകയാണ് ആ സഹോദരന്‍. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴുണ്ടായ ആവേശമെല്ലാം അവിടെയത്തിയപ്പോള്‍ അവന് ചോര്‍ന്നുപോയി. പിന്നെ ഞങ്ങളോട് സംസാരിച്ചതേയില്ല.
സമദ് എന്നുപേരുള്ള ഈ മകന് പുറമെ ബഷീര്‍ എന്നുള്ള ഒരു മകനുണ്ടായിരുന്നു. ഗള്‍ഫിലൊക്കെ പോയി കുടുംബത്തെ പൊന്നുപോലെ നോക്കുകയായിരുന്ന അവന്‍ രണ്ട് വര്‍ഷം മുമ്പ് ഒരപകടത്തില്‍ മരിച്ചു.
മറ്റു മക്കളായ കബീറും ഹാരിസും മനോനില തെറ്റി വല്ലാത്തൊരവസ്ഥയിലാണ്. രണ്ടു സഹോദരിമാരില്‍ ഒരാള്‍ രണ്ടുവട്ടം കല്ല്യാണം കഴിഞ്ഞു. മറ്റൊരു സഹോദരിക്ക് 25 വയസ് കഴിഞ്ഞു. അവള്‍ക്കും മാനസീകമായി പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ പ്രപ്പോസലൊന്നും വരുന്നില്ല.
ഈ ദുരിതങ്ങള്‍ക്കിടയിലും അവരുടെ ആകെയുണ്ടായിരുന്ന പ്രതീക്ഷ ചെറിയ മകനായിരുന്നു(ഇരുപത്തി രണ്ടോളം വയസ് പ്രായമുള്ള അവന്റെ പേര് തല്‍ക്കാലം ഇവിടെ ചേര്‍ക്കുന്നില്ല)അവന്‍ കുടുംബത്തിന്റെ താങ്ങും തണലുമാകുമെന്ന് ഉപ്പയും ഉമ്മയും പ്രതീക്ഷിച്ചു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവനും മനോനില തെറ്റിയ രീതിയില്‍ വല്ലാതെ വിഭ്രാന്തി കാണിക്കുകയാണ്. അവനെ കൂടെ രോഗം വലിച്ചിറക്കി കൊണ്ടുപോയതോടെ തകര്‍ന്നുപോയ ഉപ്പയും ഉമ്മയും പിന്നെയും തകര്‍ന്നു.
ഉമ്മ എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉപ്പ പറഞ്ഞു. അവര്‍ വാതിലടച്ച് മുറിയില്‍ കൂടിയിട്ടുണ്ട്, എന്തേ എന്ന് ചോദിക്കുന്നതിന് മുമ്പ് മകനെ ചൂണ്ടി പറഞ്ഞു. ചിലപ്പോള്‍ അവന്‍ വല്ലാതെ ഉപദ്രവം കാണിക്കും. അത് കൊണ്ട് പേടിച്ച് വാതിലടച്ച് മുറിയില്‍ കൂടുന്നതാണ്.
എന്റെ ഉമ്മായ്ക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ച് നമ്മള്‍ നമ്മുടെ ഉമ്മാന്റെ പെരുന്നാളിന് നിറം പകരുമ്പോള്‍ ഇവിടെ ഈ ഉമ്മ ഒരു മുറിക്കുള്ളില്‍ കണ്ണീരോടെ കഴിയുന്നു.(യാ അള്ളാ ആ ഉമ്മായ്ക്ക് നീ സമാധാനം നല്‍ക് തമ്പുരാനെ)
ഈ കാഴ്ച കണ്ടതിന് ശേഷം ഞാന്‍ ഉറങ്ങിയിട്ടേയില്ല, ഭക്ഷണമൊക്കെ കഴിക്കാനിരിക്കുമ്പോള്‍ ആ കാഴ്ച ഓര്‍ത്തു ഞാനിങ്ങനെ പകച്ചിരുന്നുപോയിട്ടുണ്ട്.
അതിനിടെ ഇന്നലെ രാത്രി ഈ സംഭവം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സൗണ്ട് എഞ്ചിനിയര്‍ ശംസുദ്ദീന്‍ ഉളിയത്തടുക്ക എന്നെ വിളിച്ചു. എബി, നീ അറിഞ്ഞോ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവരുടെ മറ്റൊരു മകന്‍ ഹാരിസില്ലെ അവന്‍ മരിച്ചുപോയി...
ആ ഉമ്മയുടെയും ഉപ്പയുടെയും സമദ് എന്ന സഹോദരന്റെയും മുഖം ഒരിക്കല്‍ കൂടി എന്റെ ഉള്ളില്‍ സങ്കടമായി നിറഞ്ഞു. യാ, അള്ളാ എന്തൊരു പരീക്ഷണമാണിത്...
ഒരുപാട് ആണ്‍മക്കള്‍ പിറന്നപ്പോള്‍ ആ ഉപ്പയും ഉമ്മയും എത്ര സന്തോഷിച്ചിട്ടുണ്ടാവും. പക്ഷെ ബാല്യം വിട്ട് ബാല്യക്കാരനായ്‌പ്പോള്‍ അവരൊക്കെ മനോരോഗികളായി മാറുന്നതാണ് കാണാനായിരുന്നു അവരുടെ വിധി.
എഴുപതാമത്തെ വയസ്സിലും ഇബ്രാഹിം മക്കളെ പോറ്റാന്‍ വെയിലുകൊള്ളുകയാണ്.
കാസര്‍കോട് നഗരത്തിലെ റോഡ് അരികില്‍ ചെറിയ തോതില്‍ പച്ചക്കറിവില്‍പ്പന നടത്തുകയാണയാള്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ വെയിലുകൊണ്ടാല്‍ ഇരുന്നൂറോ മുന്നൂറോ രൂപ കിട്ടും. ഈ വരുമാനം കൊണ്ടാണ് വീട്ടു ചിലവ് നടത്തേണ്ടതും മക്കള്‍ക്ക് മരുന്നുവാങ്ങേണ്ടതും.
ഈ വയസ് കാലത്തുപോലും ഒരു സമാധാനവും ലഭിക്കാത്ത ആ മനുഷ്യന്‍ ഒരുപാട് നോവുകള്‍ക്കിടയിലും ചിരിക്കാന്‍ ശ്രമിക്കുന്നു...പക്ഷെ അപ്പോഴും അയാളുടെ കണ്ണ് എവിടെയൊക്കെയോ നിറയുന്നുണ്ടായിരുന്നു...
ആ വീട്ടില്‍ നിന്ന് ഉള്ളു നിറയെ വേദനയുമായി മടങ്ങുമ്പോള്‍ റോഡരികിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്ന മകന്‍ കബീറിനെയും ഇളയ മകനെയും കണ്ടു...
മടങ്ങുമ്പോള്‍ സമദ് പറഞ്ഞിരുന്നു, മംഗലാപുരത്ത് ചികിത്സയിലുള്ള ആ ഹാരിസിനെ കാണാന്‍ പോകണം, ചിലപ്പോള്‍ സുഖമാകുമായിരിക്കും... പ്രതീക്ഷയുണ്ട്...
വീണ്ടും അവര്‍ക്ക് മുന്നില്‍ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു...രോഗം മാറി കുടുംബത്തെ നോക്കാന്‍ ഇനി ഹാരിസ് വരില്ല....ഒരു ദുരന്തം കൂടി ആ വീട്ടിനുള്ളിലേക്ക് കടന്നുവരുന്നു...യാ, അള്ളാ എന്തൊരു പരീക്ഷണമാണിത്...
(നമ്പര്‍ സമദ്: 8075250522)

No comments:
Post a Comment