Monday, June 5, 2017

നമ്മുടെ പാണ്ടിക്കണ്ടമൊക്കെ വല്ലാതെ മാറിപ്പോയി ഡാ


എബി കുട്ടിയാനം
ഈ സ്ഥലം ഏതാണെന്നറിയുമോ....ഊട്ടിയോ ആതിരപ്പള്ളിയുടെ അഴകോ അല്ല....ഇത് ഹിമാചാല്‍ പ്രദേശിലെ കുളുമണാലിയിലേക്ക് പോകുമ്പോള്‍ സത്‌ലജ് നദിക്കരികില്‍ കാണുന്ന ആ സുന്ദര ദൃശ്യങ്ങളുമല്ല..ഇത് മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം കടവാണ്. എന്റമ്മോ എന്തൊരു മൊഞ്ചാണിത്...ക്യാമറകണ്ണുകള്‍ക്ക് മാത്രമല്ല നേരിട്ട് കാണുമ്പോഴും അതേ ഭംഗിയുണ്ടതിന്...
രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലമുയര്‍ന്നപ്പോള്‍ രണ്ട് നാടുകള്‍ ഒന്നാവുകയാണ്. രണ്ട് നാടുകള്‍ തമ്മിലുള്ള അകലം കുറയുകയാണ്...പാറക്കെട്ടുകള്‍ക്കിടയിലൂടെ അപകടം വിളിച്ചോതി കുത്തിയൊലിക്കുന്ന വെള്ളത്തിനുമേലെ കൊച്ചുതോണിയില്‍ ജീവന്‍ പണയം വെച്ച് അക്കരപോയത് ഇനി ഓര്‍മ്മകള്‍ മാത്രം...തോണിക്കാരനെ കൂകിവിളിച്ച് അയാള്‍ വരുവോളം മഴനനഞ്ഞ് ബോറഡിക്കേണ്ടതില്ല, ഇനി ഏതു സമയവും അക്കരയിക്കര പോകാം...ഒരു കുഗ്രാമത്തിന് ജീവന്റെ തുടിപ്പാണിപ്പോള്‍...അയ്യോ, പാണ്ടിക്കണ്ടത്തേക്കോ എന്ന് ചോദിച്ചിരുന്ന ന്യൂജനറേഷന്‍ എസ്.എല്‍.ആര്‍ ക്യാമറയുമായി പുതിയ പിക്കെടുക്കാന്‍ ഇങ്ങോട്ട് ഓടുകയാണിപ്പോള്‍...സത്യം അത്രയ്ക്കും മനോഹരമാണെന്റെ കൂട്ടുകാര ഈ കാഴ്ചകള്‍...
റമസാന്റെ ചാരിറ്റിയുമായി ബന്ധപ്പെട്ട് കാസര്‍കോട് തളങ്കരയിലെ കൂട്ടുകാരോടൊപ്പം ഇന്നലെ ഞാന്‍ പാണ്ടിക്കണ്ടത്ത് പോയിരുന്നു...കഴിഞ്ഞ തവണ തോണിക്ക് കാത്തുനിന്ന ഞങ്ങള്‍ ഇത്തവണ പാലത്തിനുമുകളിലൂടെ വണ്ടിയോടിച്ച് പോയി...പോയി മടങ്ങുമ്പോള്‍ ഏറെ നേരം പാലത്തിനരികി്ല്‍ വണ്ടി നിര്‍ത്തി ഒരുപാട് ചിത്രങ്ങളെടുത്തു...കണ്ട് കണ്ട് മതിവരാതെയാണ് ഞങ്ങള്‍ മടങ്ങിയത്...
അല്ലെങ്കിലും പാണ്ടിക്കണ്ടം എനിക്കൊരു നൊസ്റ്റാള്‍ജിക് ഫീലീംഗാണ്...പാണ്ടിക്കണ്ടത്തെ കുറിച്ചുള്ള ഓരോ ഓര്‍മ്മകള്‍ക്കും ബാല്യത്തിന്റെ മണമുണ്ട്. കുട്ടിയാനത്തായിരുന്ന കാലത്ത്‌
പാണ്ടിക്കണ്ടം കടവിലേക്ക് ആറാട്ടിന് പോയ ബാല്യം ഓര്‍മ്മയില്‍ നിറയുകയാണ്...ആറാട്ട് ചന്തയില്‍ നിന്ന് മാത്രം കിട്ടുന്ന ഒരു മിഠായി ഉണ്ട് ...ന്റമ്മോ എന്തൊരു ടേസ്റ്റായിരുന്നു അതിന്...വൈകുന്നേരം നടക്കുന്ന ആറാട്ട് കാണാന്‍ അന്ന് രാവിലെ മുതലെ ഞങ്ങള്‍ ഒരുക്കം കൂട്ടും...ജയരാമനോടും സുജിത്തിനോടും സുമേഷിനോടുമൊത്ത് ഉത്സവത്തിന് പോകുമ്പോള്‍ അനുഭവിച്ചറിഞ്ഞത് നാട്ടുത്സവങ്ങളുടെ സുഖം മാത്രമല്ല, നാട്ടിന്‍പുറത്തിന്റെ സ്‌നേഹം കൂടിയായിരുന്നു...ഒരു നാട് മൊത്തം സംഗമിക്കുന്ന ആ കവുങ്ങിന്‍ തോട്ടങ്ങള്‍ക്കുള്ളില്‍ മനസ്സും ശരീരവും സ്‌നേഹത്തിന്റെ ബജനപാടും...മതങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഉയരുകയാണെന്ന് ആശങ്കപ്പെടുമ്പോഴും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന് മനുഷ്യനെ അടിച്ചുകൊല്ലുന്ന സംഭവങ്ങള്‍ ഏറി വരുമ്പോഴും ഗ്രാമത്തിന്റെ മനസ്സിന് ഇപ്പോഴും നിഷ്‌കളങ്കതയുടെ തിളക്കമാണെന്ന് പാണ്ടിക്കണ്ടത്ത് നടക്കുന്ന ആറാട്ട് ഓര്‍മ്മിപ്പിക്കാറുണ്ട്...
പുതിയ പാലം വന്നതോടെ ദൂരം കുറയും...തെക്കില്‍പാലം കടന്ന് പൊയിനാച്ചി വഴിയും എരിഞ്ഞിപ്പുഴ പാലം കടന്ന് കുറ്റിക്കോല്‍ വഴിയും ബേഡകത്തേക്കും മുളിയാറിലേക്കും പോയവര്‍ക്ക് ഇനി യാത്ര എന്തെളുപ്പമാണെന്നോ...കഴിഞ്ഞാഴ്ച ബോവിക്കാനത്തുനിന്ന് ബാവിക്കര-അരിയില്‍ വഴി പാണ്ടിക്കണ്ടം പാലം കടന്ന് കുണ്ടംകുഴിയിലേക്ക് ഞാന്‍ കാറോടിച്ച് പോയിരുന്നു...റഫ് റോഡാണെങ്കിലും ത്രില്ല് നിറഞ്ഞ യാത്രയായിരുന്നു അത്...ഈ റോഡ് മെറ്റല്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതോടെ ചിത്രം ആകെ മാറും...ബസുകളും വാഹനങ്ങളും ഈ വഴി പോയ് കൊണ്ടേയിരിക്കും...
ബസുകള്‍ നൂറുകടന്നുപോയാലും ഈ നാടിന്റെ ഗ്രാമഭംഗിമാത്രം ചോര്‍ന്നുപോവില്ല, കവുങ്ങും തെങ്ങും മരങ്ങളും കൊണ്ട് സുന്ദരമായ നാട,് പുഴ ഒഴുകും വഴിയരികില്‍ തേക്കും കണ്ടല്‍കാടുകളും തല ഉയര്‍ത്തി നില്‍ക്കുന്നു...
പിന്നെയും പിന്നെയും സെല്‍ഫിയെടുത്ത് മനസ്സില്ലാ മനസ്സോടെ വണ്ടിയില്‍ കയറുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത് ആ പഴയ പാട്ടാണ്...എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമം എന്തിഷ്ടമാണെന്നിക്കെന്നോ..
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999

No comments:

Post a Comment