Sunday, October 26, 2014

ഓര്‍ക്കൂട്ട്... നീ ആയിരുന്നല്ലോ....

ഓര്‍ക്കൂട്ട്...
നീ ആയിരുന്നല്ലോ....


എ.ബി കുട്ടിയാനം

ഓര്‍ക്കൂട്ട്...സുഖമുള്ളൊരോര്‍മ്മയാണത്...ഫേസ്ബുക്കും വാട്‌സ് അപ്പും വരുന്നതിനുമുമ്പ് അതായിരുന്നു എല്ലാം...എവിടെയോ  ഉള്ള സുഹൃത്തിനെ കണ്‍മുന്നില്‍കൊണ്ട് വന്ന് ഇതാ,നിന്റെ ആ പഴയ കൂട്ടുകാരനെന്ന് പറഞ്ഞ് കാണിച്ചു തന്ന ഓര്‍ക്കൂട്ട്...രാത്രിയും പകലും അരികിലിരുന്ന് കഥ പറഞ്ഞ ഓര്‍ക്കൂട്ട്...ഒന്നും നഷ്ടപ്പെടുന്നില്ലെന്നും എല്ലാവരും  അരികിലുണ്ടെന്നും ആദ്യമായി  പറഞ്ഞുതന്നത്  ഓര്‍ക്കൂട്ടായിരുന്നു...കൂട്ടുകാരന്റെ പുതിയപുതിയ ഫോട്ടോകളെ ആവേശത്തോടെ നോക്കിയത്,  സ്‌നേഹത്തോടെ ലൈക്കടിച്ച്, നമ്മുടെ ഓരോ ചനലനങ്ങളേയും  തത്സമയം ലോകത്തെത്തിച്ചത്...അങ്ങനെ അങ്ങനെ ഓര്‍ക്കൂട്ടെന്ന ആദ്യത്തെ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക് നമ്മുടെ ആരെക്കെയോ ആയിരുന്നു ഇന്നലെ വരെ..
എന്നാലിന്ന് ഓര്‍ക്കൂട്ട് ഓര്‍മ്മകള്‍  മാത്രം...ഫേസ്ബുക്കിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓര്‍ക്കൂട്ട് തോറ്റ് മടങ്ങുന്നു...സെപ്തംബര്‍ 30ന് ഓര്‍ക്കൂട്ട്
എന്നെന്നേക്കുമായി ലോഗ് ഔട്ട് ആയപ്പോള്‍  സോഷ്യമീഡിയയില്‍ പിച്ചവെച്ച ആ കളിമുറ്റത്തെ ഓര്‍ത്ത് മനസ്സ് വിതുമ്പുന്നു...
കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും തിരുവോണം വരും...പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും...എന്നാല്‍ ആ കാവ്യ ഭംഗിയെ അന്വര്‍ത്ഥമാക്കാന്‍ ഓര്‍ക്കൂട്ട് മാത്രം വരില്ല... 

2004 ജനുവരിയിലായിരുന്നു ഓര്‍ക്കൂട്ടിന്റെ ജനനം. തുര്‍ക്കിക്കാരനായ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ഓര്‍ക്കൂട്ട്  ബയുകോക്ടന്റെ ബുദ്ധിയിലുദിച്ച ആശയം അതിവേഗം ലോകത്തെ ബന്ധിപ്പിച്ചു. ക്ലബ്ബ് നെക്‌സസ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയായിരുന്നു  തുടക്കം. അത് വന്‍ വിജയമായി. കോളജ് വിദ്യാര്‍ത്ഥികളും  യുവാക്കളുമെല്ലാം അതില്‍ കണ്ണിചേര്‍ന്നു. ചാറ്റ് ചെയ്യാനും മെയില്‍ അയക്കാനുമുള്ള പുതിയ സംവിധാനത്തെ ലോകം ഇരുകയ്യും  നീട്ടിയാണ് സ്വീകരിച്ചത്.  ഗൂഗിളുമായി  ചേര്‍ന്നതോടെ അതേ മാതൃകയില്‍ ഓര്‍ക്കൂട്ടിന് രൂപം നല്‍കി. 2004 അവസാനമാകുമ്പോഴേക്കും ഓര്‍ക്കൂട്ട് ഇന്ത്യയില്‍ വന്‍ പ്രചാരം നേടി. 20 ശതമാനം ഉപഭോക്താക്കളാണ് ഇന്ത്യയിലുണ്ടായത്. അമ്പത് ശതമാനം പേര്‍ ബ്രസിലിലും 18 ശതമാനം  പേര്‍ അമേരിക്കന്‍ ഐക്യനാടുകളിലും ഓര്‍ക്കൂട്ടിനെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. 2004-ല്‍ 13 ദശലക്ഷം ഉപഭോക്താക്കളെയാണ് ഓര്‍ക്കൂട്ട് നേടിയെടുത്തത്. അക്കാലത്ത് ഇതിന്റെ മൂന്നിലൊന്ന് അംഗങ്ങള്‍പോലും ഫേസ്ബുക്കിന് ഉണ്ടായിരുന്നില്ല.
ഓര്‍ക്കൂട്ട് അഭിമാനത്തിന്റെ അടയാളമായി വളര്‍ന്നു. ഞാന്‍ വിളിക്കാമെന്ന് പറഞ്ഞിരുന്ന വാക്കുകള്‍ ഔട്ട് ഓഫ് ഫാഷനായി. നമുക്ക് ഓര്‍ക്കൂട്ടില്‍കാണാമെന്ന് ന്യൂജനറേഷന്‍ പറഞ്ഞുതുടങ്ങി. ഗ്രാമാന്തരങ്ങളില്‍ പോലും ഓര്‍ക്കൂട്ടിന് അക്കൗണ്ടുകളുണ്ടായി. എന്നോ ഒരിക്കല്‍ ഒന്നിച്ചുപഠിച്ച് വഴിപിരിഞ്ഞവരെ, എവിടെയോ പരിചയപ്പെട്ട് മറഞ്ഞുപോയവരെ നമ്മള്‍ ഓര്‍ക്കൂട്ടിലൂടെ തേടിപോയി....ആരെയും നഷ്ടപ്പെടുന്നില്ലെന്നും ആരും അകലെയല്ലെന്നും ഓര്‍ക്കൂട്ട്  പറഞ്ഞുതന്നു. ഓര്‍ക്കൂട്ടില്‍ അക്കൗണ്ട് ഇല്ലെന്ന് പറയുന്നത് ഒരു കുറച്ചിലാണെന്ന രീതിയിലേക്ക് ഓര്‍ക്കൂട്ടിന്റെ സ്വാധീനം വളര്‍ന്നു.
എന്നാല്‍ 2009 ആകുമ്പോഴേക്കും, അതായത്  അഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും ഓര്‍ക്കൂട്ട് കിതച്ചുതുടങ്ങി. അതിനിടയിലെപ്പോഴോ ഫേസ്ബുക്കുമായി മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇടിച്ചുകയറുകയും ചെയ്തു. 2010-ല്‍  ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍  ഓര്‍ക്കൂട്ടിനെ കടത്തിവെട്ടി. നാള്‍ക്കുനാള്‍ ഫേസ്ബുക്കിന്റെ പ്രചാരം കൂടുകയും ഓര്‍ക്കൂട്ടിന്റേത്  അതിനനുസരിച്ച് കുറയുകയും ചെയ്തു. രാപ്പകല്‍ ഭേദമില്ലാതെ ഓര്‍ക്കൂട്ടിനോട് കൂട്ടുകൂടിയവര്‍ പിന്നീട് മെല്ലെ  മെല്ലെ അതില്‍നിന്നകന്നു. ലോഗിന്‍ ചെയ്യുന്നത് ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ മാത്രമായി ചുരങ്ങി. അപ്പോഴേക്കും ഫേസ്ബുക്ക് ഒരു ലഹരിപോലെ നാടുനീളെ പടര്‍ന്നിരുന്നു. 2010-ല്‍ നഷ്ടമായ ജനപ്രീതി തിരിച്ചെടുക്കാന്‍ പിന്നീടൊരിക്കലും ഓര്‍ക്കൂട്ടിന് സാധിച്ചില്ല.
തങ്ങളുടെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഓര്‍ക്കൂട്ട് പൂട്ടുന്നുവെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണ്‍ 30നായിരുന്നു.
ജൂലൈ ഒന്നിന് ശേഷം പുതിയ അംഗങ്ങളെ സ്വീകരിക്കില്ലെന്നും അറിയിച്ചു. സെപ്തംബര്‍ 30ന് തങ്ങള്‍ എന്നെന്നേക്കുമായി വിടപറയുമെന്നും അവര്‍ വ്യക്തമാക്കി.
ആ സെപ്തംബര്‍ 30 കണ്‍മുന്നിലൂടെ കടന്നുപോയപ്പോള്‍ വേണ്ടപ്പെട്ട ആരോ ഒരാള്‍ വിടപറഞ്ഞകന്നതിന്റെ ദു:ഖമായിരുന്നു മനസ്സിന്.
ആ സ്‌ക്രാപ്പ് ഇനിയില്ല, ഫേസ്ബുക്കില്‍ മതിമറക്കുമ്പോള്‍ ഓര്‍ക്കൂട്ട് ഒരു നഷ്ടമേ അല്ലായിരിക്കാം,  പക്ഷെ, ഓര്‍മ്മകള്‍ക്കിപ്പോഴും ജീവന്റെ തുടിപ്പുണ്ട്.
ഓര്‍ക്കൂട്ട് പ്രൊഫൈലിലൂടെ വെറുതെ നടക്കുമ്പോള്‍ ഗൃഹാതുരത്വം ഒരു കുളിരായി പെയ്യുന്നു. പഠനം കഴിഞ്ഞ് പല വഴിക്ക് പിരിഞ്ഞ ശേഷം ഇവിടെ വെച്ചായിരുന്നല്ലോ അവളെ ആദ്യമായി കണ്ടത്...കളി ചിരി വര്‍ത്തമാനവുമായി കാമ്പസ് ജീവിതത്തെ സമ്പന്നമാക്കിയ കൂട്ടുകാരനെ തിരികെ കിട്ടിയതും ഇവിടെ വെച്ചാണല്ലോ...കുഞ്ഞുമോന്റെ മുഖഭാവമുള്ള എന്റെ ഓരോ ഫോട്ടോകളും സൂക്ഷിച്ചുവെച്ചത് ഓര്‍ക്കൂട്ട്...നീ  ആയിരുന്നല്ലോ...ഓര്‍ക്കൂട്ട്...മറക്കില്ലൊരിക്കലും....അല്ലെങ്കിലും എങ്ങനെ മറക്കും..... ഫേസ്ബുക്കില്‍ നിറഞ്ഞാടുമ്പോഴും ആദ്യം നിന്നെ ഓര്‍ക്കും...നീ ആയിരുന്നല്ലോ  സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും ബന്ധങ്ങളുടെ പവിത്രത പറഞ്ഞുതന്നതും...ഓര്‍ക്കൂട്ട്...മനസ്സില്‍ ഒരു കുളിര്‍മഴപോലെ നീ എന്നും ഒട്ടിപിടിച്ചുനില്‍ക്കും...ഓര്‍ക്കൂട്ട് നന്ദി....ജലംപോലെ തൊട്ട ആ സ്‌നേഹത്തിന്....

മഴ പറയുന്നത്

മഴ പറയുന്നത്

എബി കുട്ടിയാനം

മഴ വരുമ്പോള്‍ ഉമ്മയുടെ നെഞ്ചില്‍ തീ നിറയും..

അന്ന്
സ്‌കൂള്‍ വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍
ഓട്ടവീണ കുടയുമായി വയലും കുന്നും താണ്ടി
എന്നെ തേടി വരാറുണ്ട് എന്റെ ഉമ്മ...


ഇന്ന്
കാറ്റു മഴയും വില്ലന്‍ വേഷം കെട്ടുന്ന രാത്രികളില്‍
ഓഫീസില്‍ നിന്ന് എന്റെ വരവ് വൈകുമ്പോള്‍
മോനെ, നീ എവിടെയാട എന്ന ചോദ്യവുമായി
ആശങ്കയുടെ ആയിരം മിസ് കോളുകളടിക്കും എന്റെ ഉമ്മ...

ഡാ, മഴവന്ന്  റോഡ് വികൃതമായിട്ടുണ്ടാകും
നല്ലോണം ശ്രദ്ധിക്കണം....
ബൈക്കിനു ചുറ്റും ഉപദേങ്ങളുമായി
വട്ടം കറങ്ങുമെന്നും എന്റെ ഉമ്മ....

ഈ വാട്‌സ് ആപ്പുകാരെക്കൊണ്ട് തോറ്റു



ഈ വാട്‌സ് ആപ്പുകാരെക്കൊണ്ട് തോറ്റു

എബി കുട്ടിയാനം

സോഷ്യല്‍ മീഡിയക്കാരന്റെ കാലമാണിത്. ഫേസ്ബുക്കിന്റെ മതിലില്‍ ചാരി നിന്ന തലമുറ വാട്‌സ്ആപ്പും കയ്യിലെത്തിയതോടെ അതിനുള്ളില്‍ നീന്തിതുടിക്കുകയാണ്.
സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്തും വിവരങ്ങള്‍ വിളിച്ചുപറഞ്ഞും അവര്‍ അതിനെ ആഘോഷമാക്കി മാറ്റുന്നു.
സോഷ്യല്‍ മീഡിയ ഒരു ചെറിയ മീഡിയ അല്ല എന്ന് തെളിയിക്കാന്‍ അംഗങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്തകള്‍ ആദ്യം എത്തിക്കുന്നത് ഞാനാണ് എന്ന രീതിയിലേക്ക് സോഷ്യല്‍ മീഡിയക്കാരന്റെ മനസ്സും പ്രവര്‍ത്തിയും  മാറി. എന്തും ഷെയര്‍ ചെയ്യാനും എന്തിനേയും  ഫോര്‍വേഡ് ചെയ്തുകൊണ്ടുപോകാനും അവര്‍ മത്സരിക്കുന്നു. ഫലമോ, വ്യാജ വാര്‍ത്തകളുടെ ആവര്‍ത്തനമാണ് നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നൂറുശതമാനവും  ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഒരു വാര്‍ത്ത പുറത്തുവിടാന്‍ പാടുള്ളുവെന്നാണ് ജേര്‍ണലിസത്തിന്റെ തിയറി. ഒരു വ്യക്തിക്ക് മാനഹാനിയുണ്ടാക്കുന്ന, ഒരു നാടിന്റെ സമാധാനം തകരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ അതീവ ജാഗ്രതവേണമെന്നും ജേര്‍ണലിസത്തിന്റെ ബാലപാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഒരു വാര്‍ത്ത കൊടുക്കാതിരുന്നാല്‍ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ അത്തരം വാര്‍ത്തകള്‍ കൊടുത്താലുണ്ടാവുന്ന പ്രശ്‌നങ്ങള്‍  ചില്ലറയായിരിക്കില്ല. വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങേയറ്റം സൂക്ഷ്മത  പാലിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ പത്രവാര്‍ത്തകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ അംഗീകാരവും വിശ്വാസവും ലഭിക്കുന്നു.

എബി കുട്ടിയാനം
ഒരു വ്യക്തി  ഒരു അപകടം നേരിട്ടുകാണുന്നു. അയാള്‍ അക്കാര്യം അപ്പുറത്തെ ഒരാളോട് പോയി  പറയുമ്പോള്‍ അത് വിശ്വസിച്ചെന്നുവരില്ല. എന്നാല്‍ പത്രത്തില്‍ വാര്‍ത്തയുണ്ട് എന്ന് പറയുമ്പോള്‍ അയാള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ല. പത്രം പറയുന്നതെന്തും നേരാണെന്ന ജനം വിശ്വസിക്കുന്നു. ആ വിശ്വാസം കാക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
എന്നാലിന്ന് സോഷ്യല്‍ മീഡിയക്കാരന്‍ മാധ്യമപ്രവര്‍ത്തകന്റെകുപ്പായമിട്ടതോടെ വാര്‍ത്തകള്‍  വെറും ബഹളങ്ങളായി മാറുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഫ്‌ളാഷ് സ്റ്റാറ്റസ് അടിച്ചുവിട്ട് ഫോര്‍വേഡ് ചെയ്യുന്നു. ഊഴം കാത്തുനില്‍ക്കുന്ന അഗംങ്ങള്‍ അതിനെ പരമാവധി ഷെയര്‍ ചെയ്തുകൊണ്ടുപോകുന്നു. എപ്പോള്‍, എന്ത്, എങ്ങനെ ഒന്നും വ്യക്തമായി  പറയാന്‍ കഴിയില്ല. വാര്‍ത്തയുടെ സ്രോതസ് ഏതെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമില്ല. വാര്‍ത്ത സത്യമാണെങ്കില്‍പോലും വിവരങ്ങള്‍ പലതും തെറ്റായിരിക്കും. മാത്രമല്ല ഇത്തരം വാര്‍ത്തകളില്‍ അധികവും വ്യാജമാണ്. ആരോ പറയുന്നു, എവിടെന്നോ കേള്‍ക്കുന്നു അതിനെയൊക്കെ സ്റ്റാറ്റുന്നു.
ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു എന്ന വിവരമാണ് ശരിയും തെറ്റുമറിയാതെ സോഷ്യല്‍ മീഡിയക്കാരന്‍ ഏറ്റവും ഒടുവിലായി  കൊണ്ടാടിയത്. ഹെല്‍മറ്റ്  ധരിക്കാത്തതുമുതല്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ കണക്കും മനോഹരമായി എഴുതിവെച്ചു. കണ്ടവര്‍ കണ്ടവര്‍ സമയം  പാഴാക്കാതെ ഷെയര്‍ ചെയ്‌തെടുത്തു.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു വിവരം മുകളില്‍ നിന്ന് ലഭിച്ചിട്ടില്ല എന്ന ഉത്തരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയത്.
പിന്നെ എങ്ങനെ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചുവെന്നായി അടുത്ത അന്വേഷണം. അപ്പോഴാണറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്ന്. അതിനെയാണ് ഏതോ സോഷ്യല്‍ മീഡിയക്കാരന്‍ ഭാവനയില്‍ മെനഞ്ഞത്.
എബി കുട്ടിയാനം
പരമാവധി ലൈക്ക് വാങ്ങണമെന്ന ആവേശത്തോടെ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ അത് വരുത്തി  തീര്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അലോചിക്കാറില്ല.
തായിനേരിക്കടുത്തുള്ള അസീസ് എന്ന ഒരാള്‍ മരിച്ചപ്പോള്‍ മാപ്പിളപ്പാട്ടുഗായകന്‍ അസീസ് തായിനേരി മരിച്ചുവെന്ന് സ്റ്റാറ്റസടിച്ച് മത്സരിച്ചത് കുറച്ചുമാസം  മുമ്പാണ്. ഓരോ പോസ്റ്റിനിടയിലും അനുശോചനങ്ങള്‍  വന്നുനിറഞ്ഞു. ഒടുവില്‍ ഞാന്‍ മരിച്ചട്ടില്ല ജീവിച്ചിരിപ്പുണ്ടെന്ന സന്ദേശവുമായി അസീസ് തായിനേരി തന്നെ രംഗത്തെത്തുകയും ചെയ്തു.
കാസര്‍കോട്ടെ ഒരു  പ്രമുഖ രാഷ്ട്രീയ നേതാവ് മരിച്ചുവെന്ന വാര്‍ത്ത പടച്ചുവിട്ടത് കഴിഞ്ഞ നബിദിനത്തിന്റെ പുലരിയിലായിരുന്നു. വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോള്‍ ആ നേതാവ് ഒരു ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉപ്പളയ്ക്കു സമീപം ഷിറിയയില്‍ കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ എന്ന്  പറഞ്ഞ് ചിത്രസഹിതമാണ് വ്യാജ വാര്‍ത്ത വിട്ടത്. പോലീസ് അരിച്ചുപെറുക്കിയിട്ടും അങ്ങനെ ഒരു സംഭവമേ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതോ ഒരു വിരുതന്‍ എവിടെ നിന്നോ കിട്ടിയ ഫോട്ടോ വെറുതെ പോസ്റ്റുകയായിരുന്നു.
സീതാംഗോളിയില്‍ കഴിഞ്ഞാഴ്ച വാഹനാപകടമുണ്ടായപ്പോള്‍ കേട്ടമാത്രയില്‍ നാലുപേര്‍ മരിച്ചുവെന്ന് തട്ടിവിട്ടു.
വിവരം  ലോകത്തെ ആദ്യം അറിയിക്കുന്നത് ഞാനാണെന്ന ആഗ്രഹമാണ് സത്യാവസ്ഥ  മനസിലാക്കാതെ വാര്‍ത്ത പടച്ചുവിടാന്‍ സോഷ്യല്‍ മീഡിയക്കാരനെ പ്രേരിപ്പിക്കുന്നത്.
വര്‍ഗ്ഗീയ നിറമുള്ള  അല്ലെങ്കില്‍  നാടിന്റെ സമാധാനം തകരുന്ന  രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏറെ ജാഗ്രത കാണിക്കും. ചെറിയൊരു തീപ്പൊരിമതി ആളിക്കത്താന്‍. അതുകൊണ്ട് തന്നെ മതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളെപ്പോലും യുവാക്കള്‍ തമ്മില്‍ കയ്യാങ്കളി  എന്ന രീതിയിലേക്ക് മാറ്റി ലളിതവല്‍ക്കരിക്കും.
ഒരു വാര്‍ത്ത അടിച്ചുവിടുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍  മാത്രമല്ല അതിനുമുകളിലുള്ളവര്‍ കൂടി അതിനെ വിലയിരുത്തും. പോലീസ് വിവരങ്ങള്‍ കൂടി ചേര്‍ത്താണ് വാര്‍ത്ത തയാറാക്കുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയക്കാരന്‍ ആരോടും ചോദിക്കുന്നില്ല, ഒന്നും സത്യമാണെന്ന് ഉറപ്പിക്കുന്നുമില്ല.
സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പടച്ചുവിടുന്നതും മറ്റുള്ളവരെ അപമാനിക്കുന്ന സ്റ്റാറ്റസടിക്കലും ഗുരുതരമായ കുറ്റമാണ്. വര്‍ഗ്ഗീയത പരത്തുന്ന പോസ്റ്റുകള്‍ക്കും ശക്തമായ  ശിക്ഷയാണുള്ളത്. മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ചുരങ്ങിയ ശിക്ഷ.
മതപണ്ഡിതന്മാരേയും രാഷ്ട്രീയ നേതാക്കളേയും ഇവിടെ നിരന്തരം അപമാനിക്കുന്നു. എന്നിട്ടും ഒന്നും സംഭവിക്കാതെ നിങ്ങള്‍ രക്ഷപ്പെടുന്നത് ആരും പരാതികൊടുക്കാത്തതുകൊണ്ട് മാത്രമാണെന്നോര്‍ക്കണം.

Friday, October 24, 2014

കൊടപ്പനക്കലിനും ഹൃദയത്തിനുമിടയില്‍

കൊടപ്പനക്കലിനും ഹൃദയത്തിനുമിടയില്‍

എബി കുട്ടിയാനം

വിളിക്കാതെ വിളികേട്ട്
മനസ്സ് കൊടപ്പനക്കെലെത്താ
റുണ്ടെപ്പോഴും

പറയാതെ പറഞ്ഞവാക്കുകേട്ട്
ഹൃദയം
നിറഞ്ഞുതുളുമ്പാറുണ്ടെന്നും

അത്
സ്‌നേഹത്തിന്റെ കടലായിരുന്നു
ആര്‍ക്കും, എത്രവേണമെങ്കിലും...

കേട്ട് മതിയാവുംമുമ്പ്
പറഞ്ഞുകൊതിതീരുംമുമ്പ്
ഭൂമി ഇരുട്ടായപ്പോള്‍
ഒറ്റപ്പെട്ടുപോവുന്നു ഞാനിവിടെ!

ഒരു നിസ്‌ക്കാരത്തിലെങ്കിലും
പിന്നില്‍ നില്‍ക്കണമായിരുന്നു,
ഒരു പ്രാര്‍ത്ഥനയിലെങ്കിലും
ആമീന്‍ പറയണമായിരുന്നു,
ആ വട്ടമേശക്കരികിലിരുന്നെനിക്കൊരു
മന്ത്ര ചരട് കെട്ടണമായിരുന്നു,
ഒന്നൂതണമായിരുന്നു
എന്‍ നെറുകയില്‍,
കണ്‍നിറയെ കാണണമായിരുന്നെന്നും
തലയില്‍കൈവച്ചൊരനു
ഗ്രഹം വാങ്ങണമായിരുന്നു...

അള്ളാ, എത്ര പെട്ടന്നാണ
പുഴവറ്റിപ്പോയത്,
ഇനി വരുമോ ഇതുപോലൊരു വസന്തം(?)

Wednesday, October 22, 2014

കാലമേ നീ എത്ര പെട്ടെന്ന്.............

കാലമേ നീ എത്ര പെട്ടെന്ന്.............
എബി കുട്ടിയാനം

ആരെന്തുപറഞ്ഞാലും ജീവിതം നഷ്ടങ്ങളുടെതുമാത്രമാണെന്ന് കാലവും കലണ്ടറും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ഡിസംബര്‍കൂടി മഞ്ഞുമാസകുളിരില്‍ അലിഞ്ഞില്ലാതാകുമ്പോള്‍ കണ്‍മുന്നില്‍ നിന്ന് ഒരു വര്‍ഷവും അടര്‍ന്നുവീഴുകയാണ്. തണുത്ത ഡിസംബറും ആര്‍ദ്രമായ ജനുവരിയുമെല്ലാം വല്ലാത്തൊരനുഭൂതിയാണ്. പക്ഷെ, കാലം കറുത്ത കരുക്കള്‍ നീക്കിക്കൊണ്ടുകടന്നുപോകുമ്പോള്‍ ദൈവകല്പനക്കുമുന്നില്‍ നമ്മള്‍ വെറും കാഴ്ച്ചക്കാര്‍മാത്രമായി മാറിപ്പോവുന്നു. ചൊവ്വയില്‍ ജീവിക്കാമെന്ന് കണ്ടുപിടുത്തം നടത്തുമ്പോഴും ഓസോണ്‍ ലെയറിനെ കണ്ണുരുട്ടി പേടിപ്പിക്കാമെന്നഹങ്കരിക്കുമ്പോഴും കാലത്തിനുമുന്നില്‍ മാത്രം നാം തോല്‍ക്കുന്നു. ജിംനേഷ്യത്തിലെ വെയ്റ്റുയര്‍ത്തി മസില്‍ വിടര്‍ത്തി നടക്കുന്ന നീ ഇതിലൂടെ നടുവൊടിഞ്ഞ് വടിക്കുത്തി പോകുമെന്ന് കാലം മെല്ലെ വിളിച്ചുപറയുന്നുണ്ട്.
കലണ്ടര്‍ എത്രമാറിയാലെന്തെ, എന്ന കാഴ്ചപ്പാടുകള്‍ക്കുമുന്നിലും കാലം കവിളില്‍ ചുളിവ് വീഴ്ത്തുന്നു, ഇന്നലത്തെ നമ്മളല്ല നാം ഇന്ന്, ഇന്നലത്തെ വേവലാതിയല്ല നമുക്കിന്നുള്ളത്. കാലം ചിലപ്പോഴൊക്കെ വല്ലാതെ കബളിപ്പിക്കുന്നു.
ജീവിതം എന്തായിരുന്നുവെന്നതിന്റെ വാര്‍ഷിക പരീക്ഷയാണ് ഓരോ ജനുവരിയും. ഒന്നുവിലയിരുത്താന്‍ പഴയഡയറി ആവശ്യപ്പെടുമ്പോള്‍ മൈനസ് മാര്‍ക്കുക്കൊണ്ട് നിറയും മനസ്സ്. നല്ല മനുഷ്യനാവണമെന്ന പ്രതിജ്ഞയോടെയാണ് ഓരോ പുതുവര്‍ഷത്തെയും നാം വരവേല്‍ക്കുന്നത്. ആരെയും വിഷമിപ്പിക്കാതെ, ആര്‍ക്കും ശല്ല്യമാകാതെ പുഞ്ചിരിക്കൊണ്ട് പൂക്കാലം തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ജീവിതം ധന്യം; ഒരു ദു:ഖത്തിനു മുന്നിലെങ്കിലും കണ്ണീരൊപ്പാന്‍ പറ്റിയെങ്കില്‍ ജന്മംപുണ്യം. പക്ഷെ, അപ്പോഴും ഡയറിതാളുകള്‍ നിറയെ കറുത്ത അദ്ധ്യായങ്ങള്‍ ബാക്കിയാവുന്നു. നാളെ ഞാന്‍ നല്ലവനാകുമെന്ന പാഴ്‌വാക്കുകള്‍ക്കുമുന്നിലൂടെ കാലം കള്ളചിരിചിരിച്ച് നടന്നകലുകയാണ്. ഇതാ, ജനുവരി ഇപ്പോള്‍ വീണ്ടും ചോദിക്കുന്നു എടാ, കുട്ട. ഇനിയെങ്കിലും ഒന്നു മാറിക്കൂടെ...
സഹോദരനുമുന്നില്‍ നല്ലൊരു വാക്കുപോലും സമ്മാനമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.

ദൈവം രണ്ടുവഴി ചൂണ്ടിക്കൊണ്ടു പറഞ്ഞു ദാ, ആ കാണുന്നത് നന്മയിലേക്കാണ്, ഇതാ, ഇതിലൂടെ പോയാല്‍ തിന്മയിലെത്താം നിനക്കേത ഇഷ്ടം അതു തിരഞ്ഞെടുത്തോളു. ഇഷ്ടം നന്മയോടാകുമ്പോഴും നടന്നുപോയത് തിന്മയുടെ ഒറ്റയടി പാതിയിലൂടെയായിരുന്നു. അവിടെ നിന്നു കിട്ടിയ ദു:ഖവും സങ്കടവും തീരാ നഷ്ടവുമാണ് ജീവിതത്താളില്‍ നിറെയെ ബാക്കിനില്‍ക്കുന്നത്. ഇനി വല്ലാതെ വിയര്‍പ്പൊഴുക്കിയാലും തിന്മയെ നന്മയോട് ഈക്വല്‍ ചെയ്ത് മുന്നേറാന്‍ പ്രയാസമാണ്. എങ്കിലും ഖേദിച്ചുമടങ്ങുന്നവനെയാണ് എനിക്കിഷ്ടമെന്ന ദൈവത്തിന്റെ വാക്കുകള്‍ എവിടെയൊക്കെയോ നിറം പകരുന്നുണ്ട്. അത് തന്നെയാണ് ജനുവരിയുടെ പ്രതീക്ഷയും.
ഡോക്ടറും എഞ്ചീനിയറുമാകുന്നത് സമൂഹത്തിലെ സ്റ്റാറ്റസിനുമപ്പുറം പണംകൊണ്ട് മൂടിപുതച്ചുറങ്ങാനാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയോട് കാലം ഒരു അസ്തമയത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജേണലിസം ഒരു സാമൂഹ്യസേവനം കൂടിയാണെന്ന് പറഞ്ഞ് എന്റെ ജോലിയുടെ മഹത്വം വ്യക്തമാക്കാന്‍  ശ്രമിച്ചന്നേരത്ത് പോടൈ... ഒരു സാമൂഹ്യസേവനം സ്വയം സമ്പാദിച്ചുകൂട്ടാന്‍ നോക്കട എന്നുപറഞ്ഞ ഫേസ് ബുക്കിലെ കൂട്ടുകാരന്‍ ഹരീഷ് പുതുലമുറയുടെ അടയാളമാണ്. അവന്റെ മുന്നില്‍ ജനുവരി വിടരും, പിന്നെ അത് ഡിസംബറായി കൊഴിഞ്ഞുവീഴും...
ദൈവകല്പനക്കുമുന്നില്‍ ജീവിതം ഒന്നുമല്ലെന്ന് ചോരവീണറോഡും വിലാപമടങ്ങാത്ത വീടും വിളിച്ചുപറയുന്നു. അപ്പോഴും മടങ്ങിപ്പോവേണ്ട ഓര്‍മ്മയില്ലാത്ത അഹങ്കാരമാണ് ഉള്ളുനിറയെ. കുഞ്ഞുന്നാളില്‍ സ്‌കൂളില്‍ നടന്നൊരു പേഴ്‌സനാലിറ്റി ക്ലാസില്‍ ട്രെയിനര്‍ പറഞ്ഞുതന്നൊരുവാക്ക്  ഇപ്പോഴും മനസ്സിലുണ്ട്. മരിച്ചുപോകുമ്പോള്‍ ഈ ഭൂമിയില്‍ നമ്മുടെ ഒരു അടയാളമെങ്കിലും ബാക്കിവെക്കണം. ആ നല്ല ഉപദേശം വല്ലാത്തൊരു ടച്ചിംഗ്‌സായിരുന്നു.
പുഞ്ചിരിക്കാന്‍പോലും പിശുക്ക്കാണിച്ച് നെഞ്ചുവിരിച്ച് നടക്കുന്ന സമ്പന്നനേക്കാളേറെ കാലം ഓര്‍ക്കുന്നത് നന്മയുടെ തെന്നലാവാന്‍ ശ്രമിച്ച ഏതെങ്കിലും പാവം മനുഷ്യനെയായിരിക്കും. നല്ല വഴികളിലൂടെയാവണം നമ്മുടെ യാത്രകളത്രയും. ജീവിതം ഡിസംബറിനോടൊപ്പം അടര്‍ന്നുവീണാലും നമ്മുടെ ഒരു അടയാളം ഇവിടെ ബാക്കിയുണ്ടാവണം.
രാവൈറെ വൈകി ഓഫീസില്‍ നിന്ന് വീട്ടിലെത്തി അവസാന പ്രാര്‍ത്ഥനയും കഴിഞ്ഞ് ഡയറി എഴുത്തിനിരിക്കുമ്പോള്‍ ഇതെന്റെ അവസാന എഴുത്താക്കരുത് നാഥ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. ജീവിതം ദൈവത്തിന്റെ സമ്മാനമാണെന്ന് പിന്നെയും പിന്നെയും ഓരോ പുലരിയും വിളിച്ചുപറയും. നാഥ ഞാന്‍ വീണ്ടും കേഴുന്നു. ഇത് എന്റെ അവസാനത്തെ പുതുവത്സരമാക്കല്ലെ തമ്പുരാനെ.

   000            000              000
കുറേ ബഹങ്ങളും ഒച്ചപ്പാടുകളും ആര്‍ദ്രമായ കാഴ്ച്ചകളും കോറിയിട്ടുകൊണ്ടാണ് ഓരോ വര്‍ഷവും യാത്രപറഞ്ഞകലുന്നത്. നേട്ടങ്ങളുടെ നെറുകയില്‍ കയറി ചിലര്‍ പുഞ്ചിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ വന്‍ വീഴ്ചയിലായിരിക്കും മറ്റുചിലര്‍.
പോയവര്‍ഷത്തിന്റെ ഡയറി താളുകള്‍ മറിച്ചുവെച്ച് കഥപറയാന്‍ പ്രയാസമാണ്. ലോകത്തെ വിറപ്പിച്ച മുഅമ്മര്‍ ഗദ്ദാഫി കൊല്ലരുതേയെന്ന് പറഞ്ഞ് കേണുകരഞ്ഞ ആ രംഗം മറക്കാന്‍ കഴിയുമോ(?) ഉസാമ ബിന്‍ ലാദനും കിഷന്‍ജിയും മരണത്തോടെ തീര്‍ന്ന ശൗര്യം മാത്രമാണെന്ന് നാമറിഞ്ഞു. ..മന്ത്രി ടി.എം.ജേക്കബും കൊറിയന്‍ ഭരണാധികാരി ജിംഗുമെല്ലാം.....
നഷ്ടങ്ങളുടെ കണക്ക് പിന്നെയും നീളുന്നു.

   000            000            000
ഒരു ജനതയുടെ ജീവനുമുന്നില്‍ പ്രളയമാകാന്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ വാക്കായും വാക്കുതര്‍ക്കമായും കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ കാലത്തിന്റെ കല്പനകള്‍ക്ക് വീണ്ടും ഇന്‍വേറ്റഡ് കോമ ചേര്‍ക്കേണ്ടിവരുന്നു. ഇനിയുള്ള കാലം മനുഷ്യന്‍ പോരാടുന്നത് വെള്ളത്തിനുവേണ്ടിയായിരിക്കും..... എന്തുമാത്രം അര്‍ത്ഥവത്തായ ദര്‍ശനം. കാലമേ നിനക്കുവണക്കം.

അഴിമതികള്‍ നിറഞ്ഞാടിയ നാളുകള്‍ക്കൊടുവില്‍ പൊതുജനങ്ങളുടെ മുതല്‍ മോഷ്ടിച്ച് രാജാക്കന്മാരായ രാജയും കനിമൊഴിയും കല്‍മാഡിയും യദ്യൂരപ്പയും മാരനുമെല്ലാം അഴികളെണ്ണുന്ന സുന്ദരകാഴ്ചയും ഈ വഴിയോരത്ത് നമുക്ക് കാണാന്‍ കഴിഞ്ഞു. അഴിമതിക്കെതിരെ അണ്ണാഹസാരെ തുടങ്ങിയ പോരാട്ടത്തെ വിപ്ലവം എന്നുപേരിട്ടുവിളിക്കാം നമുക്ക്. പക്ഷെ, അഴിമതിയില്‍ പല നേതാക്കളും അകത്തുള്ള ചില പാര്‍ട്ടികളെ കുട്ടുപിടിച്ചും തൃപ്തിപ്പെടുത്തിയും ഹസാരെ മുന്നേറുമ്പോള്‍ ഈ സമരം മഹത്തരം എന്നു പറയാന്‍ പലരും മടിച്ചു. ഹസാരെ ഒരേ സമയം നായകനും വില്ലനുമായി മാറുകയാണ് ഇന്ത്യക്കാര്‍ക്കുമുന്നില്‍. ഹസാരെയുടെ സമരം ആഘോഷമാക്കുമ്പോള്‍ പതിനൊന്നുവര്‍ഷമായി ഒന്നും കഴിക്കാതെ സമരം ചെയ്യുന്ന ഈറോം ഷാര്‍മ്മിളയെ മറന്നുപോവുന്നതും സങ്കടകരമായ കാഴ്ചയായി.

   000               000             000

എന്റെയും നിന്റെയും പെങ്ങളായിട്ടും സൗമ്യയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത കുറ്റബോധത്തിനിടയില്‍ ഗോവിന്ദചാമിയുടെ തൂക്കുകയര്‍ വാര്‍ത്ത എവിടെയൊക്കെയോ കുളിരുചൊരിഞ്ഞു. അപ്പോഴും കയ്യില്‍ കിട്ടിയാല്‍ ഇടിച്ചുക്കൊല്ലാന്‍ മാത്രം വിദ്വോഷവുമായി ഡോ.ഉന്മേഷ് മനസ്സില്‍ നിറയുന്നു. സര്‍ക്കാറിന്റെ ശബ്ബളം വാങ്ങി ക്രിമിനലുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആ നീചന്‍ തന്നെയാണ് 2011ലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യരിലൊരാള്‍. ഡോക്ടറോ മൃഗമോ.. എന്തുപേരിട്ടാണ് അയാളെ നമുക്ക് വിളിക്കാന്‍ കഴിയുക.
കൈവിരല്‍പിടിച്ചു കൂടെവന്ന് കാവലാവേണ്ട അച്ഛന്‍ കാമവെറിയനായി പിച്ചിചീന്തിയ കവിയൂരിലെ അനഘ എന്ന കുഞ്ഞുമോള്‍ വലിയ നൊമ്പരമായി നിറയുന്നുണ്ടിവിടെ...

    000                000           000
കഠിനാദ്ധ്വാനം നിറഞ്ഞപഠനകാലത്തിനൊടുവില്‍ പിന്നെയും പരിശ്രമത്തിന്റെ പാലം തീര്‍ത്ത് ഒരു തൊഴിലിനുവേണ്ടി ഓടിനടക്കുന്ന ചെറുപ്പക്കാര്‍ വിഡ്ഡികളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു ഇത്. ജോലി തട്ടിപ്പിന്റെ ഭീകരതയെ മലയാളികള്‍ അല്‍ഭുതത്തോടെ നോക്കിനിന്നു.
ഒരു മതത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് നിരപരാധികളെ വെടിവെച്ചുകൊല്ലുകയായിരുന്നു ഭരണാധികാരികളെന്ന വാര്‍ത്തയും കേള്‍ക്കെണ്ടിവന്നു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഒരുപോലെ നടുക്കവും ആശങ്കയും സമ്മാനിക്കുന്നുണ്ട്.

    000            000                         000
ടി.വി.രാജേഷിന്റ പൊട്ടിക്കരച്ചിലും സദാവാചകമടിക്കുന്ന പി.സി.ജോര്‍ജ്ജിന്റെ മുഖവും രാജ്യത്തിന്റെ അഭ്യന്തരമന്ത്രിയില്‍ നിന്ന് തനി തമിഴനായി തരംതാണ ചിദംബരത്തിന്റെ പ്രസ്താവനയും 2011നെ ശ്രദ്ധേയമാക്കി.
സമരത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പുതിയമുഖം കൈവന്നതും നാം കണ്ടു. ഈജിപ്തിലും ലിബിയയിലുമെല്ലാം ഏകാധിപതികള്‍ നിലംപതിച്ചത് ഒരിക്കലും നേരിട്ട് കാണാത്ത കുറേ ആളുകള്‍ നെറ്റ് വര്‍ക്കിലൂടെ രൂപം നല്‍കിയ പ്രതിഷേധമാണെന്നറിയുമ്പോള്‍ നാം നമ്മുടെ ഫേസ്ബുക്കിനെ ഒന്നുകൂടി നെഞ്ചോട് ചേര്‍ക്കുന്നു.
വര്‍ഷമെത്ര കടന്നുപോയാലും ജനുവരി പിന്നെയും വന്നാലും ഏതു കാമ്പസ് ജീവിതം കൊഴിഞ്ഞുവീണാലും ആരും പിരിഞ്ഞകലുന്നില്ലെന്ന് ഫേസ് ബുക്ക് കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു.
ആശംസകളും ആശിര്‍വാദവുമായി രജ്ഞുവും റഹ്മാനും ഖയ്യൂമുമെല്ലാം തസ്‌നിയുമെല്ലാം  എന്റെ വാളില്‍ വന്നു പുഞ്ചിരിക്കുകയാണിപ്പഴേ....

    000               0000               000
ഭാരത്ക്കി ജീത്ത്‌നേക്കേ ലിയെ ചാര്‍ റണ്‍സ് ചായിയെ...എം.എസ്.ധോനി തയാര്‍....ഹിസ് ഓവര്‍ക്കി തീസ്‌റ ഗേന്ത്....ബൗളര്‍ ദൗഡ്‌ന ശുറൂകര്‍ദിയ ഏ ഗേന്ത് അച്ചീ ഗേന്ത് തി...ബാറ്റ്‌സ്മാന്‍ ധോനി ഉട്ട്ക്കര്‍ ഖേല...ഗേന്ത് ഹവാമേ ജാക്കര്‍ സീത സീമാ രേഖക്കെ ബാഹര്‍....ഹൊ...ശാന്താര്‍ ചാക്ക...ഭാരതനെ ഹെ മാച്ച് ജീത്ത്‌ലിയ...അട്ടായീസ് സാല്‍ക്കീ ബാദ് ഭാരത്‌നേ വിശ്വകപ്പ് ഹാസില്‍ക്കിയ...സൗ കരോഡ് ഭാരത് ലോഗോംക്ക സപ്ന സാക്കാര്‍ ഹോഗയ....

ആ രാത്രിയെ മറക്കാന്‍ കഴിയുമോ നമുക്ക്...കമാന്റേറ്ററുടെ  ആ വാചകങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമോ(?) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തോളമുയര്‍ന്ന  ആ നിമിഷത്തേക്കാള്‍ വിലപ്പെട്ട മറ്റൊന്നും 2011ല്‍ ഇന്ത്യക്കാരന് കിട്ടിയിട്ടുണ്ടാവില്ല.
സെവാഗിന്റെ ഡബിള്‍ സെഞ്ച്വറിയും കോലിയുടെ മികവും മെസിയുടെ വരുവുമെല്ലാം ഇന്ത്യന്‍ കായിക രംഗത്തെ നിറമുള്ളതാക്കി.

മമ്മൂട്ടിയും മോഹന്‍ലാലുമല്ല സന്തോഷ് പണ്ഡിറ്റായിരുന്നു പോയവര്‍ഷം സിനിമലോകം ചര്‍ച്ചചെയ്ത മുഖം. ആദാമിന്റെ മകന്‍ അബുവിന്റെ നേട്ടങ്ങള്‍ ഓരോ മലയാളിയുടെയും നേട്ടമാണ്. പ്രശ്‌നങ്ങള്‍ നൂറുനൂറായിരമായി മുന്നില്‍ നില്‍ക്കുമ്പോഴും ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ചര്‍ച്ച ചെയ്ത് പതിവുപോലെ സമയം പാഴാക്കാനും നാം മത്സരിച്ചു.

     000             000             000
ജനുവരി പോകും ഡിസംബര്‍ പിന്നെയും കുളിരുതരും. ഋതുക്കള്‍ അതിന്റെ കളി തുടരുമ്പോള്‍ എന്നും ഇതേ ചുറുചുറുക്കോടെ അതിനെ അനുഭവിച്ചുതീര്‍ക്കാന്‍ നിനക്ക് കഴിയില്ല എന്നതുതന്നെയാണ് കാലം നല്‍കുന്ന വലിയ പാഠം. എല്ലാ അനുഭവങ്ങളും എഴുതിവെക്കുന്ന ഡയറിതാളില്‍ ഒരിടത്ത് നമ്മുടെ മരണദിവസവുമുണ്ട്. അന്ന് ആ പേജ് ശൂന്യമാകും. അതിലേക്കാണ് ഓരോ ഡിസംബറും ജനുവരിയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആറരക്കുള്ള വണ്ടിക്കുവേണ്ടി സദാ അണിഞ്ഞൊരുങ്ങുന്ന എനിക്ക് ഒരു ദിവസം ആ വണ്ടി വേണ്ടാതാവും. അന്ന് ആരൊക്കെയോ കൂടി എന്നെ ആറടിമണ്ണിലേക്ക് ചുമന്നുകൊണ്ടുപോകും. പിന്നെയും കലണ്ടര്‍ മാറും, ജനുവരി വരും. ഓരോ ജനുവരിയും മരണത്തിലേക്കുള്ള കണക്കുകൂട്ടലല്ലാതെ മറ്റെന്താണ്(?) നടന്നത്രദുരം ഇനി നടക്കേണ്ടതില്ലെന്ന് കാലം പിന്നെയും വിളിച്ചുപറയുന്നുണ്ട്.

ദൈവമേ, നീ അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......

ദൈവമേ, നീ 
അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......
എബി കുട്ടിയാനം
അര്‍ജ്ജന്റിന....ഓരോ ഫുട്‌ബോള്‍ പ്രേമിയുടേയും ഉള്ളിന്റെ ഉള്ളിലെ വികാരമാണത്....ആരെന്തുപറഞ്ഞാലും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ആ വശ്യമനോഹാരിതയെ ഇഷ്ടതിരിക്കാനെ കഴിയില്ല നമുക്കൊരിക്കലും. ബ്രസില്‍ ജയിക്കണമെന്നാഗ്രഹിക്കുമ്പോഴും അര്‍ജ്ജന്റിന തോല്‍ല്‍ക്കരുതേയെന്ന് നമ്മുടെ മനസ്സ് അറിയാതെ പ്രാര്‍ത്ഥിക്കാറുണ്ട്. കണ്ടതില്‍വെച്ചേറ്റവും നല്ല കളിക്കാര്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും  സൈനുദ്ദീന്‍ സിദാനും ഡേവിഡ് ബെക്കാമുമൊക്കെയാണെന്ന് പറയുമ്പോഴും ഗാബ്രിയല്‍ ബാറ്റിസ്റ്റ്യൂട്ടയും യുവന്‍ റിക്വല്‍മിയും തൊട്ട് ലയണല്‍മെസ്സിയും വരെ നമ്മുടെ ഉള്ളിന്റെയുള്ളിലെവിടെയോ പന്തുതട്ടിക്കൊണ്ടിരിക്കുന്നു. ഓരോ വിശ്വമേളയിലും കലാ്ശക്കളിക്കില്ലാതെ ദൈവത്തിന്റെ കയ്യൊപ്പുകാര്‍ നാട്ടിലേക്ക് മടങ്ങു്‌മ്പോള്‍ അത് ശുദ്ധഫുട്‌ബോള്‍ പ്രേമികളുടെ സ്വകാര്യ ദു:ഖമായി മാറും....

അര്‍ജ്ജന്റിന എന്ന ഫുട്‌ബോള്‍ സൗന്ദര്യം മനസ്സിനെ ഇങ്ങനെയൊക്കെ കീഴടക്കുമ്പോഴും ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ അവര്‍ ജയിക്കരുതേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചുപോകും ഏതൊരു കായികപ്രേമിയും കാരണം അര്‍ജ്ജന്റിന കപ്പുനേടിയാല്‍ അവരുടെ കോച്ചുകൂടിയായ ഫുട്‌ബോള്‍ തമ്പുരാന്‍ ഡിഗോ മറഡോണ ബ്വേനസ് ഐറീഷിലെ തെരുവിലൂടെ പൂര്‍ണ്ണനഗ്‌നനായി ഓടുമെത്രെ. എന്തൊരു നെറിക്കെട്ട പ്രഖ്യാപനം(!)സംസ്‌ക്കാരത്തെ എങ്ങനെയും പിച്ചിചീന്താമെന്ന് ചിലര്‍ വിളിച്ചുപറയുമ്പോള്‍ ഒരു തലമുറകാത്തുസൂക്ഷിച്ച സംസ്‌ക്കാരവും പൈതൃകവുമാണ് ചോദ്യചിഹ്‌നമാവുന്നത്.
എന്തുമാവാം,എങ്ങനെയുമാവാം എന്നുപഠിപ്പിക്കുന്ന പാശ്ചാത്യസംസ്‌ക്കാരം(!) അച്ഛന്റേയും അമ്മയുടേയും കല്ല്യാണത്തിന്  മക്കള്‍ സജീവസാന്നിധ്യമാവുന്ന ഒരു ജീവിതരീതിയുടെ വക്താക്കള്‍ക്ക് ഇത് ഒട്ടും പുതുമയല്ലാത്ത കാര്യമായിരിക്കും.പക്ഷേ, ഇത്തരത്തിലുള്ള ഓരോ ആഭാസവര്‍ത്തമാനങ്ങളും ലോകത്തെ തിന്മയിലേക്കാണ് നയിക്കുന്നതെന്നോര്‍ക്കണം.

തോന്നിവാസങ്ങള്‍ ഫാഷനാവുന്ന കാലമാണിത്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ ഗ്യാലറിയില്‍ നോക്കിനില്‍ക്കെ പൂര്‍ണ്ണനഗ്‌നനായി ഒരാരാധകന്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇത്തിരിവിസ്മയത്തോടെ വീക്ഷിച്ച നമുക്ക്  ഇന്ന് അതൊന്നും വലിയ സംഭവമേയില്ല. നഗ്നരായി ഫോട്ടോയ്ക്ക് പോസ്‌ചെയ്ത് കോടികള്‍വാങ്ങുന്ന നടികളുടെ വാര്‍ത്തകള്‍വരെ ഓരോ ദിനവും നമ്മുടെപേജുകളിലെ അപ്രധാനവാര്‍ത്തയാകുമ്പോള്‍ മറഡോണയുടെ ഭ്രാന്തുപോലും ചില്ലറക്കാര്യം മാത്രമായിരിക്കാം.
പാശ്ചാത്യ സംസ്‌ക്കാരത്തെ വാരിപുണരാന്‍ വല്ലാതെ വെമ്പല്‍ക്കൊള്ളുന്ന നമ്മുടെ പുതുതലമുറകള്‍ക്ക് മറഡോണമാര്‍ കാണിച്ചുകൊടുക്കുന്നതിനെ ഏറെപേടിക്കേണ്ടിയിരിക്കുന്നു. പാരമ്പര്യ വേഷമണിഞ്ഞ് ആഡംബരങ്ങളില്ലാതെ അന്തസായി ജീവിക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് പഴഞ്ചന്മാരാണ്. തലയില്‍ ചായംതേച്ച് വ്യത്യസ്തരീതിയില്‍ മുടിവെട്ടിയെടുക്കുന്നതാണ് ഇന്നത്തെ ഫാഷന്‍. മറഡോണയുടെ അതേ രീതിയില്‍ പലരുമിന്ന് ഒറ്റക്കാതില്‍ കമ്മല്‍ ചാര്‍ത്തുന്നു. ഏറ്റവും ചെറിയ വസ്ത്രം ധരിക്കലാണ് സൗന്ദര്യമെന്ന് വിദേശികള്‍ കാട്ടിത്തരുമ്പോള്‍ മലയാളക്കരയിലെ പെണ്‍പിള്ളേരുപോലും അങ്ങാടിയിലെ വായനോട്ടക്കാര്‍ക്ക് കാഴ്ച്ചവസ്തുവാകുന്നു. കാഷ്യലും ഒഫീഷ്യലുമാവേണ്ട ത്രി ബൈ ഫോര്‍ മതി ഏതുവേദിയിലേക്കും കടന്നുചെല്ലാനെന്ന് യുവത്വം തീരുമാനിച്ചിരിക്കുന്നു. അങ്ങനെ അങ്ങനെ പാശ്ചാത്യന്റെ ഓരോ ചുവടുവെപ്പിനേയും അനുകരിച്ചുക്കൊണ്ട് ഫാഷനില്‍ ഭ്രമിക്കുന്ന തലമുറയോട് മറഡോണ ഫാഷന്റെ പുതിയ നിര്‍വ്വചനം പഠിപ്പിക്കുമ്പോള്‍ ഇന്നിന്റെ യുവത്വത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്നത് ലളിതമായ ഉത്തരമാവുന്നു.
ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം വിശ്വമേളയില്‍ മാറ്റുരയ്ക്കാന്‍ ഇതുവരെ വളര്‍ന്നിട്ടില്ല അതുക്കൊണ്ടുതന്നെ ബ്രസിലും അര്‍ജ്ജന്റിനയും ഫ്രാന്‍സുമൊക്കെയാണ് ഇവിടുത്തെ ആരാധകരുടെ ഫേവറിറ്റ്. മഞ്ഞപ്പടയുടെ ചിത്രങ്ങള്‍ക്കൊണ്ടും ലയണല്‍മെസ്സിയുടെ ഡ്രിബ്ലിംഗ് കൊണ്ടും നമ്മുടെ ചുമരുകള്‍ നിറഞ്ഞു കഴിഞ്ഞു. ബ്രസില്‍ അര്‍ജ്ജന്റിന പോരാട്ടത്തിനിവിടെ ഒരു ഇന്ത്യാ പാക്ക് ക്രിക്കറ്റ് മത്സരത്തിന്റെ വീറും വാശിയുമുണ്ട്. അതുക്കൊണ്ട് ലയണല്‍ മെസ്സിയും കക്കയുമൊക്കെയായി നമ്മുടെ യുവത്വം മാറിക്കഴിഞ്ഞു. അവരുടെ വേഷവും ഭാവവുമൊക്കെയാണ് നമ്മുടെ ചെറുപ്പക്കാര്‍ക്കിപ്പോള്‍. ഇനി പേടിക്കേണ്ടത് ആഫ്രിക്കയുടെ കരുത്ത് നിറഞ്ഞ മണ്ണില്‍ എങ്ങനെയെങ്കിലും അര്‍ജ്ജനിക്കാര്‍ ജയിച്ചുപ്പോയാല്‍  നാട്ടിന്‍പുറത്തൂടെ നമ്മുടെ യുവത്വവും ചിലപ്പോള്‍ മറഡോണയെ അനുകരിച്ച് ഓടുന്നത് കാണേണ്ടിവരുമെന്നതിനെക്കുറിച്ചാണ്. അതുക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നു. ദൈവമേ, നീ അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......

പത്താന്‍ വന്ന നേരം.....

പത്താന്‍ വന്ന നേരം.....


എബി കുട്ടിയാനം, ഖയ്യും മാന്യ

അതൊരു വല്ലാത്ത നിമിഷമായിരുന്നു....
2003ല്‍ ദാദയും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതിന് ശേഷം, ക്രിക്കറ്റിനെ സംബന്ധിച്ചതെന്തും ഈ രാജ്യത്ത് വലിയ വാര്‍ത്തകളായി മാറി ആയിടെയാണ് പാക്കിസ്ഥാനില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ബറോഡക്കാരന്‍ ഇര്‍ഫാന്റെ പ്രകടനത്തെ രാജ്യം അല്‍ഭുതത്തോടെയാണ് കണ്ടുനിന്നത്....സച്ചിനെ മാത്രം പൂജിച്ച ക്രിക്കറ്റ് ദേവാലയങ്ങളില്‍ അവര്‍ ഇര്‍ഫാനുവേണ്ടി പ്രാര്‍ത്ഥനയജ്ഞങ്ങള്‍ നടത്തി....ഒരൊറ്റ ദിവസംകൊണ്ട് ഇന്ത്യയുടെ രാജകുമാരനായി മാറുകയായിരുന്നു പത്താന്‍....ബറോഡ തെരുവിലെ പള്ളി പരിപാലകന്റെ വീട്ടില്‍ നിന്നുള്ള സ്വപ്നസമാനമായ ആ വളര്‍ച്ചയെപറ്റി കഥകളും കെട്ടുകഥകളും പ്രചരിച്ചു....അവിടെയൊക്കെ പരമകാരുണികനായ അള്ളാഹുവിന് നന്ദി പറഞ്ഞ് ഇര്‍ഫാന്‍ വിനയാന്വിതനായി....
പിന്നെ എല്ലാം ചരിത്രം,, ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തില്‍ കപില്‍ദേവിന് ശേഷം തികഞ്ഞ ഒരു ഓള്‍ റൗണ്ടര്‍ ജനിക്കുന്നു...
ആസ്‌ത്രേലിയയില്‍ നടക്കുന്ന വി.ബി.സീരിസ്...ഇന്ത്യന്‍ ബൗളര്‍ക്ക് പരിചിതമല്ലാത്ത വേഗമേറിയ പിച്ചുകളില്‍ ഇന്‍ഫാന്‍ പഠാന്‍ എന്ന പത്തൊമ്പതുകാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നു...ലോകക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ സാക്ഷാന്‍ ആഡം ഗില്‍ക്രിസ്റ്റാണ് ക്രീസില്‍....പതിവുശൈലിയില്‍ ഗില്‍ക്രിസ്റ്റ് തകര്‍ത്തടിച്ച് തുടങ്ങുന്നു....ആ സമയത്താണ് ക്യാപ്റ്റന്‍ പത്താനെ പന്തേല്‍പ്പിക്കുന്നത്...ലക്ഷ്യം തെറ്റാത്ത ഒരു യോര്‍ക്കര്‍, ഗില്‍ക്രിസ്റ്റിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കാന്‍ അത് ധാരാളമായിരുന്നു.....സംഭവിച്ചതെന്തന്നറിയാതെ ഗില്‍ക്രിസ്റ്റ് തിരിഞ്ഞുനോക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു....ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു, ഓ, പഠാന്‍....സ്വിംഗ് ബോളുകളുടെ കാമുകന്‍.....
ബൗളിങ്ങിന്റെ താളം കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത വസീം അക്രം എന്ന ഇതിഹാസതാരമായിരുന്നു പത്താന്റെ മനസ്സില്‍ നിറയെ...വി.ബി സീരിസിനിടെ ഗ്യാലറിയിലിരുന്ന് പത്താന്റെ കളി കണ്ട അക്രം നേരിട്ട് വന്ന് പത്താന് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കളിയെ വികാരമായി കൊണ്ടു നടക്കുന്ന നാട്ടില്‍ അത് വലിയ വിവാദമായി....പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ അക്രത്തെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചു. ശത്രുവിന് ബൗളിംഗ് രഹസ്യങ്ങള്‍ പറഞ്ഞ് കൊടുക്കരുതെന്ന് മുന്‍താരങ്ങള്‍ അക്രത്തോട് ആവശ്യപ്പെട്ടു. കാരണം, ഇന്ത്യയുടെ അടുത്ത പരമ്പര പാക്കിസ്ഥാനുമായാണ്, അതും അവരുടെ മണ്ണില്‍. ആവേശം നിറഞ്ഞ ആ പോരാട്ടത്തിലേക്കായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയത്രയും....
മൂന്നാം ഏകദിനത്തിലായിരുന്നു പത്താന്‍ കളിക്കാനിറങ്ങിയത്...വിജയം കൊണ്ടുവന്ന മൂന്നു വിക്കറ്റുകള്‍ പത്താനെ വീണ്ടും വീരനായകനാക്കി. അതില്‍ മുഹമ്മദ് യൂസഫിനെ കുരുക്കിയ സ്വിംഗ് ബോളായിരുന്നു ശ്രദ്ധേയം.....തൊട്ടടുത്ത രണ്ട് മത്സരത്തിലും മുഹമ്മദ് യൂസുഫെന്ന സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാന്‍ പത്താന്റെ കൃത്യതക്കുമുന്നില്‍ പരാജയപ്പെടുന്നു...പ്രിയപ്പെട്ട ശുഐബ് അക്തര്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്  ചുണക്കുട്ടികള്‍...ഇന്ത്യന്‍ ആരാധകര്‍ ആരവങ്ങളിലേക്ക്....പരമ്പരവിജയത്തോളം പത്താന്റെ പേരും, ഇന്ത്യന്‍ ക്രിക്കറ്റ് പുസ്തകത്തില്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു....
2005- സിംബാബ്‌വെ പര്യടനം....ബുലുവായോയിലെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്, രണ്ടാമത്തേതില്‍ നാല്, ഹരാരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമായ 69ന് ഏഴ്, രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്,....മൊത്തം 21 വിക്കറ്റ്,...രണ്ട് ടെസ്റ്റ് മാത്രമുള്ള പരമ്പരയില്‍ ഇത്രയും വിക്കറ്റുകള്‍ ഇതിന് മുമ്പ് വീഴ്ത്തിയിട്ടുള്ളവര്‍ 1989ല്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ ബ്രിഗ്ഡും 1999ല്‍ ഇന്ത്യയുടെ അനില്‍കുമ്പളയും മാത്രമാണ്.
2006-ല്‍ പാക്കിസ്ഥാനെതിരായ പരമ്പയിലെ രണ്ടാം ടെസ്റ്റ്...ന്യൂബോളുമായി പത്താന്‍....ആദ്യ ഓവറിലെ നാലാം പന്ത്...ഓപ്പണര്‍ സല്‍മാന്‍ ഭട്ട് പുറത്ത്...തൊട്ടടുത്ത പന്തില്‍ ക്രീസിലെത്തിയ ഇമ്രാന്‍ ഫര്‍ഹത്തിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, അവസാന പന്തില്‍ മുഹമ്മദ് യൂസുഫും....പാക്കിസ്ഥാന്‍ പൂജ്യത്തിന് മൂന്ന്...ആദ്യ ഓവറില്‍ പത്താന് ഹാട്രിക്ക്....കമാന്ററി ബോക്‌സ് ഒരു നിമിഷത്തേക്ക് വാക്കുകള്‍ കിട്ടാതെ നിശബ്ദമായി....വിശ്വസിക്കാനാവാതെ പാക്കിസ്ഥാന്‍ താരങ്ങള്‍ സ്തംഭിച്ചു നിന്നു....പത്താന്‍ പതിവുപോലെ വായുവിലേക്ക് ഉയര്‍ന്നുചാടി...തകര്‍ക്കപ്പെടാന്‍ വിരളമായ സാധ്യതയുള്ള റെക്കോര്‍ഡ് അന്ന് പത്താന്റെ പേരില്‍ കുറിക്കപ്പെട്ടു....
    000               000           000
ക്രിക്കറ്റും എഴുത്തും ഒരുപോലെ ആവശമായപ്പോള്‍ കണ്ണിമ ചിമ്മാതെ പത്താന്റെ പ്രകടനങ്ങള്‍ കണ്ടുനിന്ന നാളുകള്‍...പത്താന്റെ വിസ്മയിപ്പിക്കുന്ന വളര്‍ച്ചയുടെ വഴികളിലെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മനപാഠമാണ്....ബാറ്റ് കൊണ്ടും പന്തുകൊണ്ടും അവന്‍ പിന്നെയും സ്വയം തെളിയിച്ചുകൊണ്ടിരുന്നു....ടീം ഇലവനില്‍ ഒരു സ്ഥാനം, പത്താനുവേണ്ടി ഒഴിഞ്ഞിടാന്‍ തുടങ്ങി....പിന്നെ എപ്പഴോ, ആ ബൗളിംഗിന്റെ വേഗം കുറഞ്ഞു....സ്വിംഗിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു....ആ പ്രതിഭയ്ക്ക് ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഫുള്‍സ്റ്റോപ്പിടാന്‍ തുടങ്ങുമ്പോഴേക്കും, എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് പത്താന്‍ തിരിച്ചുവരിക തന്നെ ചെയ്തു. ഇന്‍ സ്വിംഗറുകളുടെ പഴയ സ്വാഭാവികത, സ്വിംഗ് ബൗളിംഗിന്റെ മായാജാലം....ആ വസന്തകാലം ക്രിക്കറ്റിലേക്ക് പിന്നെയും വിരുന്നെത്തുകയായിരുന്നു....അപ്പോഴും അമിതാവേശമില്ലാത്ത പഠാന്റെ വ്യക്തിത്വം വേറിട്ടു നിന്നു...
അതെ, പത്താന്‍ മിനിസ്‌ക്രീനിലെ കാഴ്ചക്കണ്ട് കോറിയിട്ട പഴയൊരു ഫീച്ചറിലെ നായകന്‍....നാട്ടിലെ സ്വപ്ന പുരുഷന്‍....ഇതാ,  തൊട്ടടുത്ത്, തൊടാവുന്ന ദൂരത്ത്, ഈ നിമിഷത്തെ എങ്ങനെയാണ് വിവരിക്കേണ്ടത്.....
വിന്‍ടെച്ചിന്റെ ബ്രാന്റ് അംബാസഡാറിയ ഇര്‍ഫാന്‍ പത്താന്‍ കാസര്‍കോട്ടെത്തുന്നുവെന്ന് കേട്ടപ്പോഴേ കാണാന്‍ മനസ്സൊരുങ്ങിനിന്നതാണ്.....അതിന്റെ തലേദിവസമാണ് എ.കെ.എം.അഷറഫിന്റെ കോള്‍, നമുക്കൊന്ന് പത്താനെ ഇന്റര്‍വ്യു ചെയ്താലെന്താ....പത്താനെ എങ്ങനെ ഒന്നു തരപ്പെടുത്തുമെന്നു കരുതി വേവലാതിയോടെ ഇരുന്നിരുന്ന മനസ്സിനെ വല്ലാതെ ത്രസിപ്പിക്കുന്നതായിരുന്നു അഷറഫിന്റെ കോള്‍...ആ ത്രില്ലിംഗ് മുമെന്റ്‌സിനുവേണ്ടി റഫീഖ് കേളോട്ടും ഉബൈദ് ഗോസാഡയും ഞങ്ങളും രാവിലെ തന്നെ ഉപ്പളയിലെത്തി....
വ്യവസായ പ്രമുഖ് ലത്തീഫ് ഉപ്പളഗേറ്റിന്റെ വീട്ടിലേക്ക് ജനങ്ങള്‍ ഒഴുകി തുടങ്ങിയിരുന്നു...തിരക്കുകള്‍ക്കിടയിലും നിറഞ്ഞമനസ്സോടെ ലത്തീഫിച്ച ഞങ്ങളെ വരവേറ്റു...ആകാംക്ഷയോടെ തുറന്നുപിടിച്ച കണ്ണുകളെല്ലാം പത്താനെ തേടുകയായിരുന്നു.....മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്....മഞ്ചേശ്വരം കഴിഞ്ഞു....കൂടിയിരിക്കുന്നവരുടെ ചര്‍ച്ചകളെല്ലാം പത്താന്‍ മാത്രം....
ഒടുവില്‍ ഹോണ്‍ മുഴക്കിയെത്തിയ മെറൂണ്‍ നിറത്തിലുള്ള ബി.എം.ഡബ്ല്യു കാര്‍ മുറ്റത്ത് വന്നുനിന്നു....കറുത്ത ടീ ഷര്‍ട്ടിട്ട ബോഡി ഗാര്‍ഡുകള്‍ കാറില്‍ നിന്നും പുറത്തിറങ്ങി...ലത്തീഫിച്ച ബൊക്കെയുമായി കാറിനരികിലേക്ക്....വെള്ള പോളോ ടീ ഷര്‍ട്ടും കടും നീല ജീന്‍സുമണിഞ്ഞ് പുഞ്ചിരിയോട പത്താന്‍ കാറില്‍ നിന്നിറങ്ങി...മൊബൈല്‍ ക്യാമറകളും ഫ്‌ളാഷുകളും തുരുതുര മിന്നി...കാസര്‍കോടന്‍ ജനത കാത്തുനിന്ന താരം, ഈ മണ്ണ് തൊട്ടിരിക്കുന്നു...നോക്കിനിന്ന ജനകൂട്ടത്തെ സ്‌നേഹംകൊണ്ട് അഭിവാദ്യം ചെയ്ത് പത്താന്‍ വീട്ടിനകത്തേക്ക്....റഫീഖ് ആ നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി....
ളുഹര്‍ ബാങ്കിന്റെ ധന്യതയില്‍, അന്തരീക്ഷം ഭക്തിസാന്ദ്രമായി....തന്നെ സ്വീകരിക്കാനെത്തിയവര്‍ക്കൊക്കെ കൈകൊടുക്കുന്നതിനിടയിലും പത്താന്‍ നമസ്‌ക്കരിക്കാനുള്ള തിരക്കിലായിരുന്നു....പിന്നെ ഒട്ടും വൈകാതെ പ്രാര്‍ത്ഥന മുറിയിലേക്ക്....പ്രശസ്തിയുടെ ഔന്നിത്യത്തിലും പത്താന്റെ എളിമയും ഭക്തിയും ഞങ്ങളെ പിന്നെയും വിസ്മയിപ്പിച്ചു...അകലെനിന്നു മാത്രം നോക്കികണ്ട പത്താന്‍ അരികിലെത്തിയപ്പോള്‍ അറിഞ്ഞതിലുമധികം അല്‍ഭുതപ്പെടുത്തുകയാണല്ലോ!!!!
സ്‌പോര്‍ട്‌സ് പേജുകളില്‍  നിന്നും പത്താന്റെ പഠം വെട്ടിയെടുത്ത് ചുമരില്‍ ഒട്ടിച്ചുവെച്ചത്....ഗ്രൗണ്ടില്‍ പത്താന്റെ പന്ത് പ്രഹരിക്കപ്പെടുമ്പോഴൊക്കെ മനസ്സ് നൊന്തത്...ഒരു സ്വാര്‍ത്ഥതയോടെയാണ് പത്താന്റെ കളി ആസ്വദിച്ചിരുന്നത്....കാരണം, ഞങ്ങളുടെ തലമുറക്ക് മുന്നിലാണ് അവന്‍ കളിച്ചുവളര്‍ന്നത്....അവന്‍ വിക്കറ്റ് നേടുമ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഒരു പക്ഷേ ഞങ്ങള്‍ തന്നെയായിരിക്കും....
ഉച്ചഭക്ഷണത്തിനുമുമ്പ് ചെറിയൊരിടവേള അതായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ സമയം, പത്താന്‍ സ്വീകരണ മുറിയിലെ സോഫയിലിരിക്കുന്നു, ആദ്യം ചെന്നു കൈകൊടുത്തു....അതിനിടയില്‍ മഞ്ചേശ്വരം എസ്.ഐ രാജേഷ് മംഗലത്ത് കയറി വരുന്നു, വന്നപാടെ പത്താന്റടുത്തിരുന്ന് ഒരു ഫോട്ടോ പോസ്, പത്താനെ തൊട്ടതിന്റെ ത്രില്‍ കാക്കിയുടെ ഗൗരവത്തിനിടയിലും എസ്.ഐയുടെ മുഖത്തുണ്ടായിരുന്നു, എടാ, ആ ഫോട്ടോ ഒന്ന് എനിക്ക് മെയില്‍ ചെയ്തു തരണം പഴയ ബന്ധത്തിന്റെ ആധികാരികതയില്‍ എസ്.ഐ ഒരു മൂന്നു വട്ടമെങ്കിലും ഓര്‍മ്മിപ്പിച്ചു....വീണ്ടും ഞങ്ങളും പത്താനും മാത്രമാകുന്നു....
പത്താന്‍ താങ്കളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അറിയാത്തതായി എന്താണുള്ളത്, എങ്കിലും ഒരു നൂറ് ചോദ്യങ്ങള്‍ കരുതികൂട്ടി വെച്ച മനസ്സ് അന്നേരം ശൂന്യമായി... ചുറ്റും കൂടിനിന്ന സുരക്ഷ ഭടന്മാരും ജനലിനപ്പുറത്ത് നാട്ടുകാരും തെല്ല് അസൂയയോടെ നോക്കി നില്‍ക്കുകയാണ്....
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്....ഇതിനുവേണ്ടി ഞാന്‍ ഒരു പാട് പ്രാര്‍ത്ഥിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തുവെന്ന് പത്താന്‍....ബറോഡയില ഒരു മുറിമാത്രമുള്ള കൊച്ചുവീട്ടുമുറ്റത്ത് ജേഷ്ഠന്‍ യൂസഫിനോടൊത്ത് പന്തെറിഞ്ഞു നടന്ന കാലം മുതലുള്ള വലിയ സ്വപ്‌നമായിരുന്നു അത്...പരിക്കായിരുന്നു കരിയറില്‍ പലപ്പോഴും വില്ലന്‍ വേഷം കെട്ടിയത്....ഒരു ബൗളറുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കുന്ന ഈ പ്രതിസന്ധികളെ നേരിടണമെങ്കില്‍ ആത്മവിശ്വാസവും മനോദൈര്യവും കാത്തുസൂക്ഷിക്കുക തന്നെ വേണം...
2007-ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ നാലു വിക്കറ്റുകള്‍ നേടി അവിശ്വസനീമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച പത്താന്‍...കലാശകളിയിലെ കേമന്‍ ആരായിരിക്കുമെന്ന് രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചപ്പോള്‍ ഇര്‍ഫാന്‍ പത്താന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നു....ബറോഡക്കാര്‍ക്ക് ആ ദിവസം ക്രിക്കറ്റിന്റെ ഓര്‍മ്മപ്പെരുന്നാളായി....നേരിട്ട ആദ്യ പന്ത് തന്നെ ഗ്യാലറിയിലെത്തിച്ച യൂസഫും അന്ന് ടീമിലുണ്ടായിരുന്നല്ലോ....
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യുടെ അശ്വമേധം കുറിക്കപ്പെടുമ്പോള്‍ വിങ്ങുന്ന മനസ്സുമായി ടിവി സ്‌ക്രീനിനു മുന്നില്‍ കളികാണുകയായിരുന്നു അനുജന്‍ പത്താന്‍....അത് ജീവിതത്തിലെ മറക്കാനാവാത്ത നഷ്ടമായിരുന്നുവെന്ന് പത്താന്‍ പറഞ്ഞു....അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ് ഈ മടങ്ങിവരവും തന്റെ ജീവിതാഭിലാഷവും....തന്റെ കരിയറില്‍ ഒരുവട്ടമെങ്കിലും ഞാന്‍ ആ ലോകകപ്പ് തൊടു ഇന്‍ഷാ അള്ളാ....
ഞാനും യൂസുഫും ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്...യൂസഫ് ചെറുപ്പത്തിലെ കുറ്റനടികളുടെ തമ്പുരാനായിരുന്നു...എന്റെ കണ്‍ കണ്ട ഹിറോ അവനായിരുന്നു....യൂസഫിന് പന്തുകളെറിഞ്ഞാണ് ഞാനെന്റെ ബൗളിംഗ് പാകപ്പെടുത്തിയത്....എത്ര മികച്ച ലൈനില്‍ എറിഞ്ഞാലും പന്ത് അതിര്‍ത്തി കടത്തുമ്പോഴാണ് , ഞാന്‍ ബൗളിംഗില്‍ സ്വിംഗുകളുടെ സാന്നിധ്യം കൊണ്ടുവരാന്‍ ശ്രമിച്ചത്....വസിം അക്രമായിരുന്നു ആദ്യനാളില്‍ എന്റെ മാനസഗുരു....പന്തിനെ വായുവില്‍ നൃത്തം ചെയ്യിക്കുന്ന റിവേഴ്‌സിങ്ങായിരുന്നു സ്പനം....യൂസഫുമൊന്നിച്ച് ഒരേ ടീമില്‍ കളിക്കുമ്പോള്‍ ആ കെമിസ്ട്രി മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നുവെന്നും പത്താന്‍ പറഞ്ഞു....
രാജ്യത്തെ മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും സുന്ദരനായ ഈ ചെറുപ്പക്കാരന്റെ പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടത്തുന്നു...പക്ഷെ, ആ ചോദ്യത്തിന്റെ ബൗണ്‍സിംഗിന് മുന്നില്‍ പത്താന്‍ കരുതലോടെ ഒഴിഞ്ഞുമാറി...നനുത്ത ആ ചിരിയില്‍ നിന്ന് എങ്ങനെ ഉത്തരം നിര്‍വ്വചിച്ചെഴുതണമന്നറിയാത്ത ആശങ്കയിലാണിപ്പോള്‍ ഞങ്ങള്‍....
കൊച്ചിയില്‍ മുമ്പ് കളിക്കാന്‍ വന്നിരുന്നെങ്കിലും കാസര്‍കോടിനെ കുറിച്ച് കേള്‍ക്കുന്നത് ആദ്യമാണ്, പക്ഷെ, ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹം തന്റെ ഹൃദയം തൊട്ടുവെന്ന് പത്താന്‍....മംഗലാപുരം വിമാനതാവളത്തില്‍ ഇറങ്ങുമ്പോഴും ഇവിടേക്കുള്ള യാത്രയിലും വഴിയരികില്‍ കാത്തുനിന്ന ജനകൂട്ടം...ഈ നാട്ടില്‍ ക്രിക്കറ്റ് അതിരുകളില്ലാത്ത ദേശീയതയാണെന്ന് പത്താന്‍ ഓര്‍മ്മിപ്പിക്കുന്നു...
കൂടി നിന്നവര്‍ തിരക്കുകൂട്ടുകയാണ് രാഷ്ട്രീയ-വ്യവസായ രംഗത്തെ പ്രമുഖരൊക്കെ പത്താനെ ഒന്നടുത്ത് കിട്ടാന്‍ വേണ്ടി കാത്തുനില്‍ക്കുന്നു....ഇതിനിടയില്‍ സെക്കന്റുകള്‍ മാത്രം നീളുന്ന ഒരു ഫോട്ടോ സെഷന്‍....
തിരക്കുകളിലേക്ക് അലിഞ്ഞുചേരുമ്പോള്‍ ഇനിയും ഇവിടെക്ക് തിരിച്ചെത്തുമെന്നും അന്നേരം കൂടുതല്‍ സംസാരിക്കാമെന്നും വാക്ക് തന്ന് പത്താന്‍ പിന്നെയും വിസ്മയിപ്പിച്ചു...ഒരൊറ്റ് ഐ.പി.എല്‍ മത്സരം കളിച്ചവര്‍ പോലും അഹങ്കാരത്തിന്റെ ആള്‍ രൂപമായി മാറുന്ന രാജ്യത്ത്, അന്താരാഷ്ട്ര തലത്തില്‍ ഹാട്രിക്കടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പത്താന്‍ വല്ലാത്ത സിംബിളാണെന്നറിഞ്ഞപ്പോള്‍  പത്താനെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ് മാറിപ്പോയത്....
പാ മെഡോസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരും...അവിടെ ഇര്‍ഫാന്‍ പത്താന്‍ മാത്രമല്ല സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ കളിക്കാനെത്തും...ലോകത്തിന്റെ മുന്നില്‍ കാസര്‍കോട് തലഉയര്‍ത്തി നില്‍ക്കുന്ന ഒരു നാള്‍ വരും...വികസനത്തിന്റെ നല്ല നാളെകള്‍ സൃഷ്ടിക്കാനുള്ള സ്വപ്നം ലത്തീഫിച്ച ഞങ്ങളോട് പങ്കുവെച്ചു....