എബി കുട്ടിയാനം
ഡാ....കുട്ട
നീ എന്റെ അനുജന്റെ കൂടെ
എന്റെ വീട്ടുമുറ്റത്ത് പന്തുതട്ടി കളിക്കുകയാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്‌ടം
ബൈക്കില്‍ ചുറ്റിക്കറങ്ങാന്‍ വാശിപിടിക്കുന്ന
എന്റെ അനുജന്‍ തന്നെയാണ് നീ...
ലെയ്‌സും കോലുമിഠായിയും
വാങ്ങാന്‍ മറന്ന രാത്രി
ഞാന്‍ ഇനി മിണ്ടൂലെന്ന് പറഞ്ഞ്
കിടന്നുറങ്ങിയ എന്റെ അനുജന്‍
നിന്നെ ഓര്‍മ്മിപ്പിക്കുന്നു
ഡാ....മോനെ
ഇനി എന്റെ കൈപിടിച്ച് കഥപറയാന്‍
നീ വരില്ലെങ്കിലും ഞാന്‍ എന്റെ മനസ്സിനുള്ളില്‍
നിനക്കുള്ള കളിക്കോപ്പുകള്‍ വാങ്ങിവെച്ചിട്ടുണ്ട്
ഡാ, കടല്‍ കരയിലെ നിന്റെ ആ കിടത്തം
കള്ള ഉറക്കമായിരുന്നെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു
കണ്ണ് തിരുമ്മി, വെറുതേ കരഞ്ഞ്
എന്റെ തോളില്‍ ചാഞ്ഞുറങ്ങാന്‍
നീ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...

No comments:
Post a Comment