Thursday, December 15, 2016

ജാവി ഇല്ലാത്ത ഒരു വര്‍ഷം





എബി കുട്ടിയാനം

 വീണ്ടും അതേ ഡിസംബര്‍.....മഴപോലെ മഞ്ഞുപെയ്യുന്നു...ഭൂമി നിറയെ തണുപ്പിന്റെ സുഗന്ധമാണ്...നനുത്ത കാറ്റും വെളുത്ത പകലും....മണ്ണിനിപ്പോള്‍ മതിപ്പിക്കുന്ന ഗന്ധമാണ്...മഴപോലെ മനോഹരമാണ് ഓരോ മഞ്ഞുകാലവും, പക്ഷെ പറഞ്ഞിട്ടെന്ത് ഈ മഞ്ഞുതുള്ളികളത്രയും എനിക്ക് സങ്കടത്തിന്റെതാണ്...ഞങ്ങളുടെ ജാവിയില്ലാത്ത ഒരു വര്‍ഷമാണ് കണ്‍മുന്നിലൂടെ കടന്നുപോകുന്നത്....

കഴിഞ്ഞ വര്‍ഷം ഇതുപോലെ മഞ്ഞുപെയ്യുന്ന ഒരു ദിവസമായിരുന്നു ഞങ്ങളുടെ ജാവി ഞങ്ങളെ വിട്ടുപോയത്...മഞ്ഞുകാലത്തിന്റെ കുളിരുമായി ഇനി എത്ര ഡിസംബര്‍ കണ്‍മുന്നില്‍ വന്നാലും ഒരു കുളിരും സമ്മാനിക്കാതെ ഞങ്ങള്‍ക്കുമുന്നിലത് ചുടുകണ്ണീരിന്റെ സങ്കടകടല്‍ തീര്‍ത്തുകൊണ്ടിരിക്കും...
ആരോടും ഒരു യാത്രമൊഴിപോലും പറയാതെ, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വിടപറഞ്ഞകന്നുപോയ ജാവിയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...വീട്ടിന്റെ വരാന്തയില്‍ കുട്ടികളെ കളിപ്പിച്ചും അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറഞ്ഞും തോട്ടത്തിലൂടെ ചുറ്റിക്കറങ്ങിയും ജാവി ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിച്ചുപോവുകയാണ്...അവന്‍ മാമാന്റെ വീട്ടിലേക്ക് ജീപ്പോടിച്ച് പോയിരിക്കുകയാണ് കരുതാനാണ് മനസിനിഷ്ടം...
ജാവിയില്ലാത്ത ഒരു വര്‍ഷമാണ് കണ്‍മുന്നിലൂടെ കടന്നുപോയതെന്ന് ഞങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കേണ്ടത്...ഓരോ നിശ്വാസത്തിലും അവന്‍ ഞങ്ങളുടെ കൂടെയുണ്ട്...

ഇല്ല ഡാ, ജാവി നീ മരിച്ചിട്ടില്ല ഡാ, ജീവിച്ചിരിക്കുന്നതിനേക്കാള്‍ തിളക്കത്തോടെ  നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുകയാണിപ്പോള്‍..

ഞങ്ങളുടെ ജാവി നാട്ടാകാര്‍ക്കും കുടുംബക്കാര്‍ക്കും എന്തുമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അവന്‍ മരിച്ചപ്പോഴാണ്...ഓടിയെത്തിയ ജനസാഗരം അല്‍ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു....രാത്രി ഏറെ വൈകിയിട്ടും ഒഴുകിയെത്തിയ ഓരോ മനുഷ്യന്റെ കണ്ണിലും ജാവിയോടുള്ള ഇഷ്ടവും ആ വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാത്ത സങ്കടവും കാണാമായിരുന്നു...കഴിഞ്ഞാഴ്ച പൊവ്വല്‍ വലിയ ജമാഅത്ത് പള്ളിയിലെത്തിയപ്പോള്‍ ചെപ്പുവാണ് പറഞ്ഞത് ഈ പള്ളിയില്‍ ആളുകള്‍ നിറഞ്ഞുകവിഞ്ഞ മയ്യിത്ത് നിസ്‌ക്കാരങ്ങളിലൊന്ന് ജാവിയുടെ മയ്യിത്ത് നിസ്‌ക്കാരമായിരുന്നു...രാത്രി ഏറെ വൈകിയിട്ടും അവനുവേണ്ടി നിസ്‌ക്കരിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്...അത് ഞങ്ങളുടെ ജാവിയുടെ മനസ്സിന്റെ നന്മയുടെ തെളിവായിരുന്നു...പ്രാര്‍ത്ഥിക്കാനും നിസ്‌ക്കരിക്കാനും നല്ലതുപറയാനും എത്രയെത്ര ആളുകളാണ് ഓടിയെത്തിയത്...
പാവങ്ങളെ സഹായിക്കുന്നതില്‍ ഒരുപാട് താല്പര്യം കാണിച്ചിരുന്ന ജാവി എന്നോട് പറയാന്‍ ബാക്കിവെച്ച ഒരു പാവം കുടുംബത്തിന്റെ ദയനീയ കഥ ജാവി മരിച്ച ശേഷം അവന്റെ ഉമ്മയാണ് എന്നോട് വിളിച്ചുപറഞ്ഞത്. ഉമ്മയോട് സംസാരിക്കാന്‍ വേണ്ടി പോകണമെന്ന് പലവട്ടം പ്ലാന്‍ ചെയ്തുവെങ്കിലും എന്തോ എനിക്ക് പോകുവാനേ കഴിഞ്ഞില്ല. എന്തോ , ജാവിയില്ലാത്ത വീട് എനിക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല....അങ്ങോട്ട് പോകാനേ തോന്നുന്നില്ല....വീട്ടിലേക്ക് അടുക്കുംതോറും ഹൃദയം നൊമ്പരം കൊണ്ട് നീറും....ജാബിയുടെ കോള്‍ അറ്റന്റ് ചെയ്യാത്തതിനും അവന്‍ കാണാന്‍ വേണ്ടി വിളിച്ചപ്പോഴൊന്നും പിന്നെ കാണ ഡാ, ഇപ്പോള്‍ ജസ്റ്റ് ബിസിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതിനും ഞാന്‍ എന്ത് ന്യായീകരണമാണ് അവന്റെ ഉമ്മയോട് പറയേണ്ടത്..കുറ്റബോധം കൊണ്ട് നീറുകയാണ് എന്റെ മനസ്സ്...
ഡാ, നാളെ കാണാമെന്ന് പറയാന്‍ മൊബൈലിന്റെ പത്തക്ക നമ്പറിനപ്പുറം ഇനി എന്റെ ജാവിയില്ല...ഒരു വാട്‌സ്ആപ്പിലും അവനെ കിട്ടില്ല....ഫേസ്ബുക്കിന്റെ ഇന്‍ബോക്‌സിലേക്ക് മെസേജ് അയച്ച് കാത്തിരുന്നാലും അവന്‍ വരില്ല...

.
ഡാ മോനെ....ഓരോ മഞ്ഞുതുള്ളിയും നിന്നെ ഓര്‍മ്മിപ്പിക്കുന്നു...ഓരോ പ്രഭാതങ്ങള്‍ക്കും നിന്റെ മുഖമാണ്....കാലമെത്ര കഴിഞ്ഞാലും ലോകം എത്ര മാറിയാലും നീ പറഞ്ഞ നല്ല വാക്കും നിന്റെ നല്ല പുഞ്ചിരിയും ഒരു പൂക്കാലമായി മനസില്‍ നിറഞ്ഞുനില്‍ക്കും...
 പ്രിയപ്പെട്ട ജാവി...നീയില്ലാത്ത ലോകത്ത് ഞങ്ങള്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു...ഡാ, മോനെ ആളുകള്‍ക്കുമുന്നില്‍ ചിരിച്ചപ്പോഴും ഉള്ളില്‍ നിന്നെ ഓര്‍ത്ത് കരയുകയായിരുന്നു...നിന്റെ വേര്‍പ്പാട് അത്ര വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിവെച്ചത്....
മനസിലായ ഞാന്‍ ജാവിയാണ് എന്ന് പറഞ്ഞ് വിളിക്കാന്‍ അപ്പുറത്ത് നീയില്ലെന്നറിയുമ്പോഴും നിന്റെ ഏയര്‍ടെല്‍ നമ്പറില്‍ നിന്നുള്ള ഒരു വിളിക്കുവേണ്ടി ഞാന്‍ വെറുതേ ആശിച്ചുപോകാറുണ്ടിപ്പോഴും

സ്‌നേഹത്തിന്റെ ആ വഴിയടഞ്ഞിട്ട് ആറു് വര്‍ഷം


എബി കുട്ടിയാനം
മഴപോലെ മഞ്ഞുപെയ്യുന്ന ഡിസംബര്‍, ഓരോ മണ്‍തരിക്കും ഹേമന്തകാലത്തിന്റെ കുളിരാണ്. മനസിനെയും മണ്ണിനെയും ഒരുപോലെ തൊടുന്നുണ്ടത്.
ഓരോ ഡിസംബറും, ഡിസംബറിന്റെ മഞ്ഞും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ അടയാളമാണ്. പക്ഷെ, എന്നിട്ടും ഈ ഡിസംബര്‍ എന്നെ കുളിരണിയിക്കുന്നില്ല. നേര്‍ത്ത നൊമ്പരമായി വന്ന് അതെന്നെ തൊടുകയാണിപ്പോള്‍.
ഇതുപോലൊരു ഡിസംബറിന്റെ സായാഹ്‌നമായിരുന്നു ഞങ്ങളുടെ അഭിവന്ദ്യനായ അഹമ്മദ് മാഷിനെ മരണം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത്. സഹിക്കാനാവാത്ത  ആ നോവിന് ആറുവയസ്സാകാന്‍ പോകുന്നു. അതായത് കാസര്‍കോടിന്റെ ശുന്യതയ്ക്ക് ആറുവയസ്സ് തികയുകയാണ്.
മാഷ് എഴുന്നേറ്റ് പോയ കസേര ഇപ്പോഴും അനാഥമായി കിടക്കുന്നു. ആ വിടവ് കാസര്‍കോടിന്റെ ഓരോ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷത്തിനിടയില്‍ കാസര്‍കോടിന്റെ മനസ്സ് മാഷുണ്ടായിരുന്നെങ്കിലെന്ന് എത്രവട്ടം ആവര്‍ത്തിച്ചുണ്ടാകുമെന്നോ.
മാഷ് കാസര്‍കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ അല്ല, അതിനപ്പുറം നന്മകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ മഹാമനുഷ്യനായിരുന്നു മാഷ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒച്ചപ്പാട് സൃഷ്ടിക്കാതെ തന്നെ ഓരോ ഇടങ്ങളിലും മാഷ് നിറഞ്ഞുനിന്നു. സൗമ്യതകൊണ്ട് മനം കവരാമെന്നും ബഹളം വെക്കാതെ സാന്നിധ്യമാവാമെന്നും മാഷ് ജീവിതംകൊണ്ട് കാണിച്ചുതന്നു. മാഷ് ഒരു സദസിലേക്ക് കടന്നുവരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിക്കുമായിരുന്നു. പേജും സ്റ്റേജുംകൊണ്ട് മാഷ് തീര്‍ത്ത വിസ്മയത്തിനുമപ്പുറം ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ഹൃദയത്തില്‍ നിന്നൊഴുകുന്ന സ്‌നേഹവുമായിരുന്നു ഓരോ മനസിലേക്കും മാഷിനെ അടുപ്പിച്ചത്. മാഷിന്റെ ഓരോ വാക്കിലും നിറഞ്ഞൊഴുകിയത് പോസിറ്റീവ് എനര്‍ജി മാത്രമായിരുന്നു. ആ ഒരു വാക്ക് കേട്ടാല്‍തന്നെ നമ്മള്‍ പുതിയൊരു മനുഷ്യനായിപോകും.
ചെറിയ കഴിവും കുറച്ചേറെ ബന്ധങ്ങളുമൊക്കെ ആകുമ്പോള്‍ അഹങ്കാരംകൊണ്ട് മസില് വീര്‍പ്പിക്കുകയും ആരും എന്നേക്കാള്‍ വളരരുതെന്ന് പറഞ്ഞ് രഹസ്യമായൊരു പാര പണിയുകയും ചെയ്യുന്ന മനുഷ്യര്‍ ഏറി വരുന്ന കാലത്ത് അഹമ്മദ് മാഷ് അല്ലെങ്കിലും ഒരു അല്‍ഭുതം തന്നെയാണ്. മറ്റുള്ളവരെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും  മാഷ് കാണിച്ചിരുന്ന താല്പര്യം സമാനതകളില്ലാത്ത നന്മയുടെ തെളിവായിരുന്നു.
ഓരോ വേര്‍പ്പാടും നികത്താനാവാത്ത നഷ്ടമാണ്. ചിലരുടെ മരണം അതിലും എത്രയോ അപ്പുറത്തെ നൊമ്പരമായിരിക്കും മനസ്സിന് പകരുക. അഹമ്മദ് മാഷിന്റെ വിയോഗം വ്യക്തിപരമായി എന്തുമാത്രം നഷ്ടവും സങ്കടവുമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.
കുഞ്ഞുന്നാള്‍തൊട്ട് തന്നെ മാഷ് തന്ന സ്‌നേഹവും പ്രോത്സാഹനവും മറക്കാനെ കഴിയുന്നില്ല. എഴുത്തില്‍ ഇത്തിരി താല്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ മാഷ് എന്റെ മുന്നില്‍ യഥാര്‍ത്ഥമാഷായി മാറുകയായിരുന്നു. ആരുമല്ലാതിരുന്ന എനിക്ക് മാഷ് മാഷിന്റെ പത്രത്തില്‍ പേജ് മറിച്ച് തന്ന് എഴുതട എന്ന് പറഞ്ഞ് പിന്നെയും പിന്നെയും എഴുതിപ്പിച്ചു. വരിതെറ്റുമ്പോഴൊക്കെ സ്‌നേഹത്തോടെ കണ്ണുരുട്ടി. എന്തെഴുതിയാലും അതിനൊക്കെ നല്ല പേജും നല്ല അഭിപ്രായവും ഒത്തിരി കമന്റും തന്നു.  ഇതുവേണ്ടട വേറേ ആരോ ഇതേ വിഷയം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് എന്റെ എഴുത്തിനെ ദൂരെ വലിച്ചെറിഞ്ഞില്ല, എഴുതികൊടുത്ത ആര്‍ട്ടിക്കുകളൊന്നും പ്രസിദ്ധീകരിക്കാതെ കൂട്ടിവെച്ച് നിരുത്സാഹപ്പെടുത്തിയില്ല. ആഴ്ചയില്‍ ഒരു എഴുത്തെങ്കിലും കണ്ടില്ലെങ്കില്‍ മാഷ് പറയും, മടിയാണല്ലെ, എഴുത്തില്‍ ഗ്യാപ് പാടില്ല, അലസത പിടികൂടിയാല്‍ പിന്നെ ട്രാക്കിലെത്താന്‍ ബുദ്ധിമുട്ടാണ്.
എഴുത്തില്‍മാത്രമല്ല  ഒടുവില്‍ പത്രപ്രവര്‍ത്തനം പ്രഫഷണാക്കിയപ്പോഴും മാഷ് കരുത്തും പ്രചോദനവുമായി. മാതൃഭൂമിയുടെ ഓഫീസില്‍ മാഷിനെ കാണാന്‍ ചെന്നാല്‍ എത്ര തിരക്കാണെങ്കിലും വിളിച്ചിരുത്തും, നല്ല നല്ല ഉപദേശങ്ങള്‍ തരും. പിന്നെ വായിക്കാന്‍ കുറേ പുസ്തകങ്ങളും സമ്മാനിക്കുമായിരുന്നു. ഞങ്ങളുടെ ഓഫീസിലെത്തിയാലും മാഷ് ഏറെ നേരമിരുന്ന് വര്‍ത്തമാനം പറയും.
വലിയ ആളായിരിക്കുമ്പോഴും ചെറുതാവാനുള്ള ഹൃദയവിശാലതയായിരുന്നു മാഷിനെ വലിയ മനുഷ്യനാക്കിയത്. ഹൈടെക്കിന്റെ കാര്യത്തില്‍ ഞാന്‍ പിന്നിലാണെന്ന് പറയാറുള്ള മാഷ് മൊബൈല്‍ ഫോണൊക്കെ തന്ന് പറയും, ഇതിന്റെ കളിയൊന്നും എനിക്കറിയില്ല, നീ ഒന്ന് നോക്കി പറഞ്ഞു താ ഡ....
അവസാനനാളുകളില്‍ മാഷുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായി. സൊവനീറിന്റെ വര്‍ക്ക് നടക്കുമ്പോള്‍ അജയേട്ടന്റെ ഓഫീസില്‍ മാഷിനോടൊപ്പം പലപ്പോഴും ഞാനുമുണ്ടായിരുന്നു. പതിവിന് വിപരീതമായി ആത്മീയതയെക്കുറിച്ചായിരുന്നു അന്നേരം മാഷ് ഏറെ സംസാരിച്ചിരുന്നത്. ഓരോ ബാങ്ക് മുഴങ്ങുമ്പോഴും ജമാഅത്ത് നഷ്ടപ്പെടാതിരിക്കാന്‍ എന്നെയും വിളിച്ചുകൊണ്ടുപോകുമായിരുന്ന മാഷിന്റെ ജീവിതം അവസാനം നിമഷങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായിരുന്നു. എന്റെ ബൈക്കിന്റെ പിന്നിലിരുന്ന് പള്ളിക്കുപോകുമ്പോള്‍ മാഷ് പറയുമായിരുന്നു, ഞാന്‍ ബൈക്കിലിരിക്കല്‍ കുറവാണ്, നിന്റെ പിന്നിലിരിക്കുന്നത് നോക്കണ്ട. ഇത്തിരിദൂരത്തേക്കാണെങ്കിലും മാഷിനെ പിന്നിലിരുത്തിയുള്ള ഓരോ യാത്രയും എനിക്ക് അഭിമാനത്തിന്റേതും അഹങ്കാരത്തിന്റെതുമായിരുന്നു.
ആ മഹാദു:ഖത്തിന് ആറു വയസ്സാകുന്നു. അതിനിടയില്‍ വെയിലും മഞ്ഞും മഴയുമെല്ലാം മാറിമാറി വന്നു. എന്നിട്ടും ഇനി മാഷില്ലെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനെ കഴിയുന്നില്ല. മാതൃഭൂമിയുടെ ഓഫീസില്‍, ഉത്തരദേശത്തിന്റെ കാബിനില്‍, സാഹിത്യവേദിയുടെ മീറ്റിംഗില്‍...ഇവിടെയെടവിടെയൊക്കെയോ മാഷുണ്ടെന്ന് തോന്നിപ്പോവുന്നു. അതുകൊണ്ടായിരിക്കാം മാഷിന്റെ  മൊബൈല്‍ നമ്പര്‍ എനിക്കിപ്പോഴും ഡിലീറ്റ് ചെയ്യാന്‍ കഴിയാത്തത്.

Saturday, December 3, 2016

തോരാത്ത കണ്ണീരായി ഞങ്ങളുടെ കാദു




എബി കുട്ടിയാനം

മരണം ഒരു സത്യമാണ്....മരണം ഒരു അനിവാര്യതയാണ്...എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും...ഇന്നല്ലെങ്കില്‍ നാളെ മടങ്ങിപോവേണ്ടവരാണ് നാമെല്ലാവരും...പക്ഷെ, അപ്പോഴും ചില വേര്‍പ്പാടുകള്‍ മനസിന്  ഉള്‍ക്കൊള്ളാനേ കഴിയില്ല...ആ സത്യത്തിന് മുന്നില്‍ മരവിച്ചുപോകും നമ്മുടെ മനസ്സും ശരീരവും...അങ്ങനെ ഒരു ദു:ഖവും നൊമ്പരവുമാണ് എനിക്കെന്റെ കാദു...
പ്രിയപ്പെട്ട കാദു...നിന്റെ വേര്‍പ്പാട് മനസ്സിനെ വല്ലാതെ കരയിപ്പിച്ചുകളയുന്നു...
ഡാ...നിന്റെ ശൂന്യത ഓര്‍ക്കുംതോറും നേര്‍ത്ത നൊമ്പരമായി മാറുകയാണ്...നീ സമ്മാനിച്ച ഓരോ പുഞ്ചിരിയും നെഞ്ചിനുള്ളില്‍ വിരഹത്തിന്റെ കനലുകള്‍ തീര്‍ക്കുകയാണ്...
ഡാ, നമ്മള്‍ ഒരു ക്ലാസിലും ഒന്നിച്ച് പഠിച്ചിട്ടില്ല, നമ്മള്‍ ഒരു ടീമിനുവേണ്ടിയും ഒന്നിച്ച് കളിച്ചിട്ടുമില്ല, നമ്മള്‍ ഒരിക്കലും ഒന്നിച്ചൊരു ടൂറുപോയിട്ടുമില്ല...പക്ഷെ കുറച്ചുകാലത്തെ മാത്രം ബന്ധം കൊണ്ട് നീ എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു...
ഡാ, മോനെ....ഞാന്‍ എല്ലാം ഓര്‍ത്തുപോകുന്നു...നമ്മള്‍ ആദ്യമായി കണ്ടത് ബോവിക്കാനത്തെ ജിംനേഷ്യത്തില്‍ വെച്ചായിരുന്നു...രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്...ജിമ്മില്‍ കളിക്കാനെത്തുന്ന പ്രഭാതങ്ങളില്‍ മഞ്ഞില്‍കുളിച്ചുനില്‍ക്കുന്ന റോഡിലൂടെ ബൈക്കോടിച്ചുവരുന്ന നിന്റെ മുഖം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്...അതിന് മുമ്പ് ഒരിക്കല്‍പോലും കണ്ട് പരിചയമില്ലാത്ത നീ അരികില്‍ വന്ന് കൈ തന്ന് സംസാരിച്ച് ഒരു മുന്‍ പരിചയക്കാരനെപോലെ  തമാശ പറഞ്ഞ് കൂട്ടുകൂടിയ ആ നിമിഷം എനിക്ക് മറക്കാനേ കഴിയുന്നില്ല...തൈശിയോടും സല്‍മാനോടും ഷാഫിയോടുമൊപ്പം നീ ജിംനേഷ്യത്തിന്റെ പടികയറി വരുമ്പോള്‍ അത് ഒരു പൊല്‍സായിരുന്നു....നിന്റെ തമാശ, നിന്റെ കുസൃതി, നിന്റെ  കളി ചിരി വര്‍ത്തമാനങ്ങള്‍ എല്ലാം ഞാന്‍ അപ്പുറത്തിരുന്ന് ആസ്വദിക്കാറുണ്ട്...
കൂട്ടിനാരുമില്ലാതെ ജിമ്മില്‍ ഒറ്റക്കായിപോകുന്ന ദിവസങ്ങളില്‍ ദാ, ഞാന്‍ സയാഹിക്കാമെന്ന് പറഞ്ഞ് വെയ്റ്റ് പൊക്കി തരാന്‍ ഓടിവരുന്ന നിന്റെ മുഖം എനിക്ക് മറക്കാനേ കഴിയില്ല ഡാ...
അന്ന് മുതല്‍ എനിക്ക് നിന്നോട് ഉള്ളിന്റെ ഉള്ളില്‍ ഒരു അനിയനോടുള്ള സ്‌നേഹമായിരുന്നു...
ഒരു ഫ്രീക്കന്‍ ലുക്കില്‍ മുടിയൊക്കെ വളര്‍ത്തിവരുമ്പോഴും മനസ്സിന്റെ ഉള്ളില്‍ നീ കാണിച്ച എളിമയും വിനയവും എന്നും മനം കവരുന്ന ഒന്നായിരുന്നു...സീസണ്‍ കാലങ്ങളില്‍ ചെര്‍ക്കളയിലെ റെഡിമെയ്ഡ് കടകളില്‍ സെയില്‍സ്മാനായി നില്‍ക്കാറുള്ള നിന്റടുത്തേക്ക് ഡ്രസ് തേടി വരുമ്പോള്‍ എബി...നിന്റ ഫാവറേറ്റ് ഐറ്റമായ ഡെനിം ഷര്‍ട്ടുകള്‍ ധാരാളമുണ്ടെന്ന് പറഞ്ഞ് കണ്‍മുന്നിലേക്ക് കുപ്പായകെട്ടുകള്‍ ഓരോന്നായി വലിച്ചിട്ട് ശരീരത്തിലേക്ക് ചേര്‍ത്ത് വെച്ച് സൈസ് കാണിച്ചുതരുന്ന നിന്റ സ്‌നേഹം  ഒരു നൊമ്പരമായി ഉള്ള് തൊടുകയാണിപ്പോള്‍....
ഡാ, നമ്മള്‍ അവസാനമായി കണ്ടത് നാലാംമൈലില്‍ വെച്ചായിരുന്നു...ആള്‍കൂട്ടത്തിനിടയില്‍ നിന്നെ കാണാന്‍ കഴിയാതിരുന്നപ്പോള്‍ അടുത്തേക്ക് ഓടിവന്ന് ആയിപ്പ നമ്മളെയൊന്നും മൈന്റാക്കണ്ട എന്ന് പറഞ്ഞ നിന്റെ മുഖത്തെ നിഷ്‌കളങ്കത സഹിക്കാനാവാത്ത കണ്ണീരായി മാറുകയാണിപ്പോള്‍....
വ്യാഴാഴ്ചയുടെ വൈകുന്നേരം....ഞാനൊരു മീറ്റിംഗിലായിരുന്നു...ബോവിക്കാനത്ത് എന്താ പ്രശ്‌നമെന്ന് ചോദിച്ച് ഒരുപാട് ആളുകള്‍ വിളിക്കുന്നു...ഒന്നുമറിയാത്ത ഞാന്‍ കാര്യം അന്വേഷിക്കാന്‍ വേണ്ടി പോലീസിന് വിളിച്ചപ്പോള്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റെന്നും അതില്‍ ഒരാള്‍ മരിച്ചെന്നുമുള്ള വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.  ചെറിയ  വിവരത്തിനുമപ്പുറം ഡീറ്റെയ്ല്‍സ് ഒന്നും കിട്ടിയില്ല...
അതിനിടെ വെറുതെ വാട്‌സ്ആപ്പ് ഓണാക്കി നോക്കിയപ്പോള്‍  ഓരോ ഗ്രൂപ്പിലും ഖാദറിന്റെ ഫോട്ടോ പ്രചരിക്കുന്നത് കാണുന്നു...
യാ, പടച്ചോനെ....കാദുവാണോ മരിച്ചത്....ഹൃദയം തകര്‍ന്നുപോയ നിമിഷം...കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഓടികിതച്ചെത്തുമ്പോഴേക്ക് മോര്‍ച്ചറിയുടെ തണുപ്പില്‍ ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കൊരുങ്ങി കിടക്കുകയാണ് ഞങ്ങളുടെ കാദു...
മോര്‍ച്ചറിയില്‍ നിന്ന് പിറ്റേ ദിവസം ഉച്ചയോടെ കാദുവിന്റെ മയ്യിത്ത് വീട്ടിലെത്തിയപ്പോഴും അവസാനമായി ഒരു നോക്കുകാണുകപോലും ചെയ്യാതെ ഞാന്‍ അകലെ മാറി നിന്നു...കുസൃതി ഒളിപ്പിച്ച പുഞ്ചിരി നിറയുന്ന ആ മുഖത്തിനുമപ്പുറം കാദുവിന്റെ മറ്റൊരു മുഖം കാണുവാനുള്ള ശേഷി എനിക്കില്ലായിരുന്നു...
ടീനേജ് പിന്നിട്ടെങ്കിലും കാദുവിന്റെ കുഞ്ഞുഭാവം മാറിയിട്ടില്ല...നാവ് കടിച്ച് കണ്ണ് ഇറുക്കിയിട്ട് ഒരു കുസൃതി ചിരിയുണ്ട് അവന്...ഇഷ്ടമുള്ളവരോട് മാത്രം കാണിക്കുന്ന സ്‌നേഹത്തിന്റെ ചിരി...
ഡാ, ആ ചിരിയും ആ വര്‍ത്തമാനവും കണ്ടിട്ടും കേട്ടിട്ടും കൊതി തീര്‍ന്നിട്ടില്ല ഡാ...അതിന് മുമ്പേ നീ പോയ് കളഞ്ഞല്ലോ ഡാ കുട്ടാ....
പെരുന്നാള് വരുമ്പോള്‍ പുതിയ കുപ്പായം തേടിയിട്ട് ഞാന്‍ ചെര്‍ക്കളയിലെ കടയിലേക്ക് പോകും പക്ഷെ,  ദാ, നിനക്ക് പറ്റിയ ഡെനിമുണ്ടെന്ന് പറഞ്ഞ് എടുത്ത് നിരത്താന്‍ ഇനി എന്റെ കാദു അവിടെ ഉണ്ടാവില്ല...ഓരോ ഇടവേളയിലും ജിംനേഷ്യത്തിലേക്ക് പോകുമ്പോള്‍ ദാ, ഞാന്‍ ഹെല്‍പ്പ് ചെയ്യാമെന്ന് പറഞ്ഞ് ഓടി വരാനും അവനില്ല, ഗള്‍ഫ് യാത്രയില്‍ ദുബൈയിലുടെ ചുറ്റിക്കറങ്ങുമ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ ഓടിവരാന്‍ എന്റെ കാദു നീ മാത്രം ഉണ്ടാവില്ലല്ലോ ഡാ...
നിന്റ ഉപ്പ യൂസഫ്ച്ചയും നിന്റെ ജ്യേഷ്ഠന്‍ ഫൈസലുമെല്ലാ സ്‌നേഹവും വിനയവും കൊണ്ട് ഉള്ളുതൊട്ടരവാണ്...പക്ഷെ നീ എനിക്ക് അതുക്കും മേലെയായിരുന്നു... ബൈക്ക് യാത്രയിലാണെങ്കില്‍ പോലും ഒരു ഹായ് പറയാതെ നീ എന്റെ മുന്നിലൂടെ കടന്നുപോയിട്ടില്ല...ഏത് ആള്‍ക്കൂട്ടത്തിനിടയിലും നീ വന്ന് കൈ തരാതെ പിരിഞ്ഞിട്ടില്ല...പൊവ്വല്‍ പള്ളിയുടെ  ഖബര്‍സ്ഥാനില്‍ മൂന്ന് പിടി മണ്ണുവാരിയെറിഞ്ഞ് സലാം പറഞ്ഞ് പിരിഞ്ഞു. ഡാ എന്നിട്ടും നീ മരിച്ചുവെന്ന സത്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...അതേ  വിമാനത്തില്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്ന് നീ ദുബൈയിലേക്ക് പോയിട്ടുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...

Friday, August 26, 2016

്എന്റെ കുഞ്ഞുപെങ്ങള്‍ക്ക്


എബി കുട്ടിയാനം

 അച്ഛന്‍ ചുമന്നുപോയത് നിന്റെ അമ്മയുടെ
ചേതനയറ്റ ശരീരത്തെ മാത്രമായിരുന്നില്ല
എന്റെ  ഹൃദയത്തിന്റെ നൊമ്പരം കൂടിയായിരുന്നു


നിന്റെ കണ്ണീരുവീണ് കുതിര്ന്നുപോയ
ആ പത്തു കിലോമീറ്റര്‍ വഴിയരികില്‍
ആരും കേള്‍ക്കാത്ത എന്റെ വിലാപം കൂടിയുണ്ട്

കുഞ്ഞുപെങ്ങളെ
കരഞ്ഞ് കൂടെ വന്നിരുന്നു എന്റെ മനസ്സും


നാട്ടുകഥ പറഞ്ഞും
കുസൃതി വര്‍ത്തമാനം ചൊരിഞ്ഞും
അമ്മയുടെ വിരല്‍തുമ്പ് പിടിച്ച് നടന്ന
അതേ വഴിയിലൂടെ നേര്‍ത്ത വിങ്ങലുമായി
നീ നിന്റെ അച്ഛന്റെ പിന്നാലെ നടന്നുനീങ്ങുമ്പോള്‍
പിടഞ്ഞുപോയത് നിന്റെ ചങ്ക് മാത്രമായിരുന്നില്ല
എന്റെ ഹൃദയം കൂടിയായിരുന്നു

ഇല്ല മോളെ...
ഇത് നിന്റെ മാത്രം വിധിയല്ല
കയ്യില്‍ കാശില്ലെങ്കില്‍
നീയും ഞാനുമൊക്കെ തുല്ല്യമാണ്...


പൊന്നു മോളെ...
മരിച്ചുകഴിഞ്ഞാലെങ്കിലും നമ്മുടെ ദു:ഖം
കേള്‍ക്കാന്‍ ആരെങ്കിലും  വരുമെന്നാണ്
പറഞ്ഞു കേട്ടത് പക്ഷെ എന്നിട്ടും
നിന്റെയും നിന്റെ അച്ഛന്റേയും രോദനം
കേള്‍ക്കാന്‍ ആരും വന്നില്ലല്ലോ

സാരമില്ല മോളെ എന്ന് പറഞ്ഞ്
ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാനെങ്കിലും
ഒരാളില്ലാതെ പോയത് നിന്റെയും നിന്റെ അച്ഛന്റെയും
കുപ്പായത്തിന് അത്തറിന്റെ ഗന്ധമില്ലാത്തതുകൊണ്ടാണ്
മണ്ണ് മണക്കുന്ന വിയര്‍പ്പിന് ഒരു വിലയുമില്ല മോളെ...










Thursday, July 28, 2016

സങ്കടം

                                                                                                 

                                                                                             എബി കുട്ടിയാനം

                                                                                    ഒറ്റയ്ക്കിരുന്ന് ഞാന്‍ കരയുന്നത്
                                                                                           ആരുടെയും സഹതാപം
                                                                                              പിടിച്ചുപറ്റാനല്ല

സത്യം
എനിക്കെന്റെ നാഥനോട്
ഒരുപാട് പറയാനുണ്ടായിരുന്നു

അല്ലാതെ ഞാനെന്റെ സങ്കടം
ആരോട് പറയാനാണ്









Saturday, July 23, 2016

പേരിടാന്‍ പോലുമാവാത്ത കവിത



എബി കുട്ടിയാനം 

അനാഥത്വത്തിന്റെ നോവും
അഭയാര്‍ത്ഥിയാവുന്നതിന്റെ നൊമ്പരവും
ഒന്നിച്ചനുഭവിച്ചിട്ടുണ്ട് ഞാനും എന്റെ ഉമ്മയും
പുജ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങുക എന്ന്
വെച്ചാല്‍ അതൊരു പോരാട്ടം തന്നെയാണ്

Saturday, July 9, 2016

ഉമ്മ ഉറങ്ങാത്ത പെരുന്നാള്‍



എബി കുട്ടിയാനം

ബാല്ല്യത്തിന്റെ ഓര്‍മ്മകള്‍ക്കുമപ്പുറം... ജീവിതം തിരിച്ചറിയുന്നതിനും മുമ്പ്...മുട്ടിലിഴഞ്ഞ് നീങ്ങുന്ന പ്രായത്തിനും എത്രയോ മുമ്പ് ...മോണ കാട്ടി പുഞ്ചിരിച്ച നാളുകളിലെന്നോ ആണ് നമ്മള്‍ ആദ്യമായി പെരുന്നാള്‍ ആഘോഷിച്ചത്...
ഭൂമി കാണുന്നതിനും മുമ്പേ, ലോകം കണ്ട് കരയുന്നതിനും മുമ്പേ ഉമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെ ഞാനും നീയും പെരുന്നാളിന്റെ അപ്പം രുചിച്ചിട്ടുണ്ടാവും...
ഓരോ പെരുന്നാളിനെക്കുറിച്ചെഴുതുമ്പോഴും  അറുത്തമാറ്റാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധം പോലെ ഉമ്മ ഉള്ളില്‍ നിറയും...
പെരുന്നാള്‍ എന്തെന്നറിയാത്ത പ്രായം...ബേബി പൗഡറിന്റെ സുഗന്ധത്തില്‍ തൊട്ടിലില്‍ കിടന്നുറങ്ങുന്ന ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ അരികിലെത്തിയ പെരുന്നാളിനെ ഉമ്മ പേരിട്ട് വിളിച്ചത് മോന്റെ കോടി പെരുന്നാള്‍ എന്നായിരുന്നു...ഒന്നുമറിയാത്ത ആ കുഞ്ഞുന്നാളില്‍ വിരുന്നെത്തിയ  ആ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലെ ആദ്യത്തെ  പെരുന്നാളിയിരുന്നു. ആഘോഷിക്കാനറിയാത്ത ആ സമയത്ത് ആഹ്ലാദവും ആഘോഷവുമെല്ലാം ഉമ്മയുടെ ഹൃദയത്തിലും മുഖത്തുമായിരുന്നു...നമ്മുടെ വരവ് തന്നെ പെരുന്നാളായ ഉമ്മായ്ക്ക് യഥാര്‍ത്ഥ പെരുന്നാള്‍ കൂടി വന്നണിയുമ്പോള്‍ അത് പറഞ്ഞറിയിക്കാനാവാത്ത വികാരമായി മാറും...

   000                  000                  000
നാട് മുഴുവന്‍ ആഘോഷിക്കുമ്പോഴും എല്ലാ ആഘോഷവും മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി മാറ്റിവെക്കുന്ന മനുഷ്യ രൂപങ്ങളാണ് ഓരോ ഉമ്മമയും....മണ്ണും മനസ്സും ആഹ്ലാദത്തിന്റെ തക്ബീറ് ചൊല്ലുമ്പോഴും ഉമ്മ മാത്രം അടുക്കളയില്‍ അപ്പങ്ങളോടൊപ്പം സ്വയം വേവുകയായിരിക്കും...പെരുന്നാള്‍ ദിവസം പതിവിലുമേറെ നേരത്തെ ഉണരുന്ന ഉമ്മ ആരോടും പരാതിയോ പരിഭവമോ പറയാതെ ആഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും (എബി കുട്ടിയാനം)നടത്തുന്നുണ്ടാവും...അപ്പം ചുട്ടുവെക്കുന്നതും കറിക്ക് അരിയുന്നതും അന്നത്തെ പ്രഭാത ഭക്ഷണമൊരുക്കുന്നതുമടക്കം എല്ലാം  ഒരേ നിമിഷം ചെയ്തു തീര്‍ക്കുന്ന മായാജാലക്കാരിയാണ് ഉമ്മ...അതിനിടയില്‍ ഇറച്ചി മുറിക്കുകുയും ജ്യൂസ് അടിക്കുകയും പപ്പടം പൊരിക്കുകയും നെയ്‌ച്ചോറിന് വെള്ളം ചൂടാക്കുകയും ചെയ്യും..അതിനിടയില്‍ തന്നെ ഉപ്പായ്ക്ക് ഇസ്തിരിയിട്ടുകൊടുക്കണം, കുഞ്ഞുപെങ്ങളുടെ മൈലാഞ്ചി കഴുകികൊടുക്കകയും കുഞ്ഞനുജനെ കുളിപ്പിച്ചൊരുക്കകയും വേണം....തിരക്കുകളോട് യുദ്ധം ചെയ്യുന്നതിനിടയില്‍ ഉപ്പ വാങ്ങാന്‍ മറന്നുപോയ ഇറച്ചി മസാല തേടിയിട്ട് അപ്പുറത്തെ വീട്ടിലേക്ക് ഓടും...ഓടുമ്പോഴും വീട്ടിലെ അടുക്കളയില്‍ ഉമ്മയുടെ  കണ്ണും മനസ്സുമുണ്ട്...ഇടവേളയില്ലാത്ത ഈ തിരക്കുനേരത്ത് ഇടയിലെപ്പോഴോ പെങ്ങള്‍ക്ക് വിളിക്കും, പെരുന്നാള്‍ വിഭവങ്ങളെക്കുറിച്ച് അവളോട് തിരക്കും......ചാച്ചാന്റെ ഫോണ്‍കോളിന് മറുപടി പറയും...ഇടയ്‌ക്കൊന്ന് ടിവിയിലേക്ക് എത്തി നോക്കി പാളയം പള്ളിയിലെ പെരുന്നാള്‍ നിസ്‌ക്കാരം കാണും...
ഒരു നാടിനെ മുഴുവന്‍ ഊട്ടിക്കാനുള്ള ആത്മാര്‍ത്ഥതയ്ക്കിടയില്‍  ആഘോഷത്തിന്റെ പെരുമയത്രയും ഉമ്മ മറന്നുപോകും...ഒരു ദിവസം അമ്പതുകിലോമീറ്ററിലേറെ വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഉമ്മയുടെ  പാച്ചില്‍ പെരുന്നാള്‍ ദിവസം അതിന്റെ  ഇരട്ടിയായി ഉയരും...അതായത് കാസര്‍കോട്ട് നിന്ന് മംഗാലാപുരത്തേക്കുള്ളത്ര ദൂരം ഒരു ദിവസം ഉമ്മ വീട്ടിനുള്ളിലൂടെ നടന്നു തീര്‍ക്കുന്നുണ്ട്...പെരുന്നാള്‍ ദിവസമത് കാസര്‍കോട്ടു നിന്ന്  ഉഡുപ്പിയിലേക്കുള്ള ദൂരമായി മാറും...
ചോറും കറിയും ഒരുക്കുന്ന തിരക്കിനിടയിലും ഉമ്മ നമ്മുടെ  കുപ്പായത്തിന്റെ മൊഞ്ച് കാണും...ഹൊ...ചേലായിട്ടുണ്ടല്ലോട എന്ന് പറഞ്ഞ് മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ച് കളയും.... നമ്മള്‍ ചെയ്യുന്ന എന്തും ഉമ്മായ്ക്ക് നല്ലകാര്യമാണ്, നമ്മള്‍ അണിയുന്ന ഏതു വേഷവും ഉമ്മയുടെ കണ്ണിന് അഴകുള്ള കാഴ്ചയാണ്...
   000                       000                000
എന്റെ ഓരോ പെരുന്നാളിനും  ഉമ്മയുടെ മുഖമാണ്...നിലാവ് കണ്ട രാത്രിയില്‍ ഉമ്മ ഉമ്മയുടെ ബാല്യത്തിലെ പെരുന്നാളനുഭവം പറയും...
പള്ളിമുക്രിച്ചാന്റടുത്തേക്ക് കോഴി അറുക്കാന്‍ പോയതും നെയ്യപ്പത്തിലും നെയ്പത്തിരിയിലും അപ്പങ്ങളുടെ പൊലിമ തീര്‍ത്തതും പെരുന്നാള്‍ പാട്ടുകേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അരികില്‍ കാതുകൂര്‍പ്പിച്ചിരുന്നതും പോയകാലത്തിന്റെ മധുരമായിരുന്നുവെന്ന് ഉമ്മ പറയുമ്പോള്‍ മനസ്സിനുള്ളിലൂടെ ഗൃഹാതുരത്വത്തിന്റെ ഒരു പുഴ ഒഴുകുന്നുണ്ടാകും...ബൈക്കും കാറുമില്ലാത്ത കാലത്ത് കുടചൂടി പള്ളിയിലേക്കും ബന്ധുവീടുകളിലേക്കും പോയത് മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ഓര്‍മ്മയാണ്...
   000                  000               000
പെരുന്നാളിന്റെ പുലരയില്‍ ഉമ്മ കുളിപ്പിച്ചൊരുക്കിയ ആ ബാല്യം നിങ്ങളും ഓര്‍ക്കുന്നില്ലെ...
കുളിപ്പിച്ച് എണ്ണതേച്ച് പുതിയ ഉടുപ്പുകളണിയിച്ച് തലയില്‍ ഒരു തൊപ്പിയും ഇട്ടു തന്ന് പള്ളിയിലേക്ക് അയക്കുന്ന ഉമ്മയുടെ ചിത്രം നിങ്ങളുടെ മനസ്സിലുമില്ലെ...ഉമ്മയുടെ കയ്യില്‍ നിന്ന് പെരുന്നാള്‍ പണം വാങ്ങി പണസമാഹരണത്തിന് തുടക്കം കുറിച്ച് ഒടുവില്‍ രാത്രി എവിടെ നിന്നെക്കെയോ കിട്ടിയ ഒരുപാട് നോട്ടുകളുമായി ഉമ്മയുടെ അരികിലേക്ക് ഓടിയെത്തിയൊരു ഇന്നലകള്‍  നിങ്ങള്‍ക്കുമുണ്ടായിരുന്നില്ലെ...
നമ്മള്‍  ഓരോ വീടുകളും കയറിയിറങ്ങി വയറു നിറച്ചുവരുമ്പോഴും ഒരു ഗ്ലാസ് വെള്ളംപോലും കുടിക്കാതെ കൂടെ കഴിക്കാന്‍ വേണ്ടി ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്നുണ്ടാവും പാവം ഉമ്മ...ഉമ്മ എനിക്ക് വേണ്ടെന്ന് പറയുമ്പോള്‍ അള്ളാ, പുരയില്‍ നിന്ന് കഴിക്കാതിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അരികിലിരുത്തി വിളമ്പിത്തരും നമ്മുടെ ഉമ്മ...
കൂട്ടുകാരൊക്കെ ബേക്കലത്തെ കോട്ടചുറ്റികാറ്റുകൊള്ളാന്‍ പോകുമ്പോള്‍ എന്റെ മോനി പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ പോയ്‌ക്കോളു എന്ന് പറഞ്ഞ് പണം തന്ന് പറഞ്ഞയച്ച ഉമ്മയുടെ  ആ സ്‌നേഹത്തിന് പകരമാവില്ല ഇന്ന് വാങ്ങി കൊടുക്കുന്ന ഒരു പട്ടുസാരിയും...
    000                  000                  000
സമ്പന്നതയില്‍ നിന്ന് ദാരിദ്രത്തിലേക്ക് വീണുപോയപ്പോള്‍ അസ്തമിച്ചുപോയ പ്രതാപത്തിനിടയില്‍  (എബി കുട്ടിയാനം)പെരുന്നാള്‍ പോലും ആശങ്കയുടെ ദിനങ്ങളായപ്പോള്‍ ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും തവണ വ്യവസ്ഥയില്‍ ഉമ്മ വാങ്ങിതന്ന കുപ്പായങ്ങള്‍ എന്റെ ഉള്ളില്‍ കണ്ണീരിന്റെ നൂല് കോര്‍ക്കുന്നു...കൂട്ടുകാരൊക്കെ പുതിയ കുപ്പായമിടുമ്പോള്‍ എന്റെ മോന്‍ മാത്രം പഴയവസ്ത്രം  ധരിച്ച് പള്ളിയിലേക്ക് പോകേണ്ട അവസ്ഥയുണ്ടാവരുതെന്ന് പറഞ്ഞ് എവിടെയൊക്കെയോ കൂട്ടിവെച്ച നാണയതുട്ടുകള്‍ ഇന്‍സ്റ്റാള്‍മെന്റുകാരന് എടുത്തുനല്‍കുമ്പോള്‍ ഉമ്മയുടെ മുഖത്ത് കണ്ണീരും സന്തോഷവും ഒരുപോലെ നിറയും...ഉമ്മായ്ക്ക് വേണ്ടി ഒന്നും വാങ്ങാതെയാണ് എന്റെ പെരുന്നളുടുപ്പുകള്‍ ഉമ്മ വാങ്ങിയിരുന്നത്... എല്ലാ സൗഭാഗ്യവും കണ്‍മുന്നിലൂടെ ഒഴുകിപോയതിന്റെ ദു:ഖം ഉമ്മ സ്വയം അനുഭവിച്ച് തീര്‍ക്കും....നമ്മള്‍ ഇങ്ങനെയൊന്നും ജീവിക്കേണ്ടവരായിരുന്നില്ലെന്ന് ഉമ്മ പറയാതെ പറയുമ്പോള്‍ ഉമ്മയുട ഉള്ളില്‍ ഇളകിമറിയുന്ന നൊമ്പരകടലിന്റെ ആഴം ഞാന്‍ വായിച്ചെടുക്കുറുണ്ട്...
ഇന്ന് പെരുന്നാള്‍ പര്‍ച്ചേസിന് വേണ്ടി നഗരത്തിലിറങ്ങുമ്പോള്‍ ഞാന്‍ ആദ്യം ഉമ്മയ്ക്കുള്ള വസ്ത്രങ്ങളും ചെരുപ്പും വാങ്ങും. എനിക്ക് വാങ്ങുന്നതിന് മുമ്പ് ഉമ്മയുടേത് വാങ്ങിവെക്കണമെന്നത് എന്റെ നിര്‍ബന്ധം മാത്രമല്ല വലിയ ആഗ്രഹം കൂടിയാണ്...അന്ന് ഉമ്മായ്ക്ക് ഒന്നും വാങ്ങാതെ എനിക്ക് വേണ്ടി മാത്രം കുപ്പായങ്ങള്‍ വാങ്ങിയ ഉമ്മയോടുള്ള കടപ്പാട് അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് എനിക്ക് തീര്‍ക്കാന്‍ കഴിയുക...
   00                    00                      000
ഉമ്മ തന്നെ ഒരു പെരുന്നാളാണ്...ഉമ്മ ഉണ്ടാക്കുന്ന അപ്പങ്ങള്‍ക്കും കറികള്‍ക്കും വല്ലാത്തൊരു ടേസ്റ്റായിരിക്കും...ഏതു സ്റ്റാര്‍ ഹോട്ടലില്‍ നിന്നും അങ്ങനെയൊരു ഭക്ഷണം കിട്ടില്ല...ഉപ്പിനും മുളകിനും പകരം വാത്സല്ല്യവും സ്‌നേഹവും സമാസമം ചേര്‍ത്താണ് ഉമ്മ കറിയൊരുക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്...
അടുക്കള ഉമ്മയുടെ  (എബി കുട്ടിയാനം)ഒരു ലോകമാണ്...ആ ലോകത്തിനുള്ളിലെ രാജ്ഞിയാണ് ഉമ്മ...ആരുടെയും പിന്തുണയില്ലാതെ തന്നെ ഉമ്മ അവിടെ സുന്ദരമായി ഭരണം നടത്തും...പെരുന്നാള്‍ ദിവസം ഉമ്മയ്ക്ക് അന്നവിടെ ദേശിയ ഉത്സവമാണ്...ഒന്നിനും സമയമില്ലാത്ത തിരിക്കിലായിരിക്കും ഉമ്മ അന്ന്...
നമ്മള്‍ ഫേസ്‌ക്രിം തേച്ച് വെളുത്തകുട്ടപ്പനായി അടിച്ചുപൊളിക്കുമ്പോള്‍ ഉമ്മ കല്ലടുപ്പിനരകിലിരുന്ന് ഊതിയൂതി കറുത്ത്‌പോയിട്ടുണ്ടാവും...ഉച്ചയായിട്ടും ഊണുകഴിക്കാനെത്താത്ത നമ്മെ കാത്ത് ഡയല്‍ ചെയ്ത് ഡയല്‍ ചെയ്ത് ഉമ്മയുടെ കൈവിരലുകളില്‍ തഴമ്പ് വന്നിട്ടുണ്ടാവും...
കാത്തിരുന്ന് കാത്തിരുന്ന് ഉമ്മയുടെ മുന്നിലെ പുഴയും മെലിഞ്ഞുപോയിട്ടുണ്ടാവും...
നമുക്ക് വേണ്ടി അടുക്കളയില്‍ വെന്തുരുകുന്നതിനിടയില്‍ പുതിയ ഉടുപ്പ് പോലും അണിയാന്‍ ഉമ്മായ്ക്ക് നേരമുണ്ടാവില്ല...എല്ലാം തിരക്കും കഴിയമ്പോഴേക്ക് ഉമ്മയ്ക്ക് മുന്നിലൂടെ ഒരു പെരുന്നാള്‍ സലാം പറഞ്ഞ് കടന്നുപോയിട്ടുണ്ടാവും...