Sunday, May 22, 2016

ഉനൈസ് വരഞ്ഞു കാണിക്കും നാടും നാട്ടുകഥകളും



 എബി കുട്ടിയാനം

കൂട്ടുകാരൊക്കെ ഫോട്ടോഷോപ്പുകൊണ്ട് സ്വന്തം ഫോട്ടോയ്ക്ക്  മോഡി കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ചുള്ളിക്കരയിലെ ഉനൈസ് ഹമീദ് വരയുടെ പുതിയ ലോകത്താണ്. കമ്പ്യൂട്ടറിന് മുന്നില്‍ കൈവിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉനൈസിന്റെ ചിത്രങ്ങളും ഡിസൈന്‍ വര്‍ക്കുകളും ആളുകളെ അതിശയിപ്പിച്ചുകളയുകയാണിപ്പോള്‍.
നാടിന്റെ കഥപറയുന്ന ഉനൈസിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡയയില്‍ വൈറലായി കഴിഞ്ഞു. പ്രദേശങ്ങളുടെ പേരുകളുടെ പകുതി മാത്രം എഴുതി ബാക്കി വരുന്ന ഭാഗത്ത് പഴങ്ങളുടെയോ ഉപകരണങ്ങളുടെയോ ചിത്രം വരഞ്ഞുവെച്ചുകൊണ്ടാണ് ഉനൈസ് അതിശയചിത്രങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. സ്ഥല പേര് മാത്രമല്ല വ്യക്തികളുടെ നാമങ്ങളും ഇവിടെ സ്ഥാനം പിടിക്കുന്നു.
ഒരു പൂച്ചക്കുട്ടിയുടെ ഇപ്പുറം കാട് എന്നെഴുതുമ്പോള്‍ പൂച്ചക്കാട് എന്ന പ്രദേശത്തേക്കാണ് കാഴ്ച്ചക്കാരന്റെ ശ്രദ്ധ എത്തുന്നത്. പാറയ്ക്കിപ്പുറം പള്ളി വരച്ചുവെക്കുമ്പോള്‍ അത് പാറപ്പള്ളിയായി മാറുന്നു. ഉളിയോട് ചേര്‍ത്ത് വെച്ച ഉളിയത്തടുക്കയും  കോഴിയുടെ ചിത്രത്തിനിപ്പുറമുള്ള കോഴിക്കോടും കുറ്റിയുടെ അരികിലുള്ള കോലുമെല്ലാം ഉനൈസിന്റെ മാസ്റ്റര്‍പീസുകളാണ്. നെല്ലിക്കയുടെ ഇപ്പുറം ടാ ഇട്ടുകൊടുത്തുകൊണ്ട് ഉനൈസ് നമ്മുടെ ശ്രദ്ധയെ ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലേക്ക്  കൊണ്ടുപോകുന്നു. പൂടം എന്ന വാക്കിനിപ്പുറം ഒരു കല്ല് വരച്ചുവെക്കുമ്പോള്‍ അത് മലയോര പ്രദേശമായ പൂടംകല്ലായി മാറുന്നു. ഒരു തലയുടെ അരികിലുണ്ട് തലപ്പാടിയുടെ സൗന്ദര്യം. കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്നിന്റെ പേര് വരച്ചുവെച്ചത് എന്‍.എ.എന്നെഴുതിയ ശേഷം നെല്ലും കുന്നും ചേര്‍ത്തുകൊണ്ടാണ്. ഒരു വടയുടെ ഇപ്പുറം വടക്കാഞ്ചേരിയുണ്ട്. മാലയോട് ചേര്‍ത്ത് കല്ല് വെച്ചപ്പോള്‍ അത് മാലക്കല്ലായി മാറുന്നു.
അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഉനൈസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തിളങ്ങി നില്‍ക്കുന്നത്. ചിത്രങ്ങള്‍ കഥ പറയുമ്പോള്‍ ഓരോ പോസ്റ്റുകളും കാഴ്ച്ചക്കാര്‍ക്ക് അഴകുള്ള വിരുന്നായി മാറുകയാണ്.
കാസര്‍കോട്ടെ കെ.സി.എന്‍ ഓണ്‍ലൈന്‍  ചാനലില്‍ ജോലി ചെയ്യുന്ന ഉനൈസ്   കലാബോധമുള്ള ഡിസൈനറാണ്. പ്രമുഖ കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഡോക്യുമെന്ററി ടെലിഫിലിം പോസ്റ്ററുകള്‍ക്കും  ഈ മിടുക്കന്‍ നിരവധി തവണ മൗസ് ചലിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു ആശയത്തിലെത്തിച്ചത്.
ആദ്യ സൃഷ്ടി കൂട്ടുകാരെ കാണിച്ചപ്പോള്‍ നല്ല അഭിപ്രായം കിട്ടി. പിന്നെ ഫേസ്ബുക്കിലിട്ടപ്പോള്‍ അതിലും നല്ല പ്രതികരണം. തുടര്‍ന്നങ്ങോട്ട് വ്യത്യസ്തമായ നാടുകളെ പേരിനൊപ്പം ഇത്തരം ഉപകരണങ്ങളെയും സാധനങ്ങളെയും ചേര്‍ത്ത് പോസ്റ്റ് ചെയ്തു. അതാത് നാട്ടുകാരാണ് പോസ്റ്റുകളെ ആവേശത്തോടെ സ്വീകരരിക്കുന്നതെന്ന് ഉനൈസ് പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ നാടിനെ കുറിച്ച് ഒരു ഇമേജ് ക്രിയേറ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നവര്‍ നിരവധിയാണെന്നും ഉനൈസ് പറയുന്നു. നാടിന്റെ പൂര്‍ണ ചരിത്രം കൂടി പറയുന്ന പ്രത്യേക പേജ് ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം. വിവരസാങ്കേതിക വിദ്യയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് സ്വന്തമായി ഇടം നേടുകയാണ് ഉനൈസിന്റെ ആഗ്രഹം.
ഏറെ പിന്തുണയും അഭിനന്ദനവും ലഭിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ മോഷ്ടാക്കള്‍ക്ക് മുന്നില്‍ ഉനൈസ് ദു:ഖിതനാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അവ കട്ടെടുത്ത് തങ്ങളുടെ പേരിലാക്കി വിലസുന്നുണ്ടാവും ചിലര്‍. ഇത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നാണ് ഉനൈസിന്റെ പരിഭവം.


Wednesday, May 11, 2016

ഞാനൊരു സൊമാലിയക്കാരന്‍



എബി കുട്ടിയാനം


സുഹൃത്തെ
ഞാനൊരു സോമാലിയക്കാരനായത്‌ എന്റെ തെറ്റല്ല
പട്ടിണി പാവമായി പോയതും എന്റെ കുറ്റമല്ല

എനിക്ക്‌ വേണ്ടത്‌ നിന്റെ പരിഹാസ്യമല്ല
ഒരു നേരത്തെ അന്നമാണ്‌

നാടു ചുറ്റുമ്പോഴൊക്കെ
നിങ്ങള്‍ക്കൊന്ന്‌
സൊമാലിയയിലും എത്താമായിരുന്നു
എന്റെ സങ്കടവും കാണാമായിരുന്നു

ദരിദ്രത്തിന്റെ അടയാളമായി എന്റെ ചിത്രം
വെച്ചുപിടിപ്പിക്കുമ്പോള്‍ എന്തേ നീ നിന്റെ
ഒരു മണി അരിയെങ്കിലും എനിക്കുവേണ്ടി മാറ്റിവെച്ചില്ല 

Saturday, May 7, 2016

അനൂച്ച ഈ കണ്ണീരിന്‌ വല്ലാത്ത നോവാണ്‌


എബി കുട്ടിയാനം














മരണം വല്ലാത്ത നോവാണ്‌...ഇഷ്‌ടപ്പെട്ടവരേയും കൊണ്ട്‌ അത്‌ കടന്നുകളയുമ്പോള്‍ ഹൃദയം തകര്‍ന്നുപോവുകയാണ്‌...ഞങ്ങളുടെ അന്‍വര്‍ച്ച മരിച്ചുവെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല...എന്തഡാ...എന്ന്‌ ചോദിച്ച്‌ അന്‍വര്‍ച്ചയുടെ വിളി എത്തുമെന്ന്‌ അറിയാതെ പ്രതീക്ഷിച്ചുപോകുന്നു...അന്‍വര്‍ച്ച ഇപ്പോഴും ഇവിടെ എവിടെയൊക്കയോ ഉണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നത്‌...
രോഗത്തിന്റെ രൂപത്തില്‍ അസ്വസ്ഥതകള്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷത്തോളമായി. അതിനൊക്കെ ഫലപ്രദമായ ചികിത്സകളും നടന്നുകൊണ്ടിരുന്നു...ഓരോ ദിക്കിലും ഓരോ ചികിത്സ കഴിഞ്ഞ്‌ മടങ്ങുമ്പോഴും കൂടുതല്‍ ഊര്‍ജ്ജസ്വലനായ അന്‍വര്‍ച്ചയെയായിരുന്നു ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌...രോഗത്തെ പുഞ്ചിരികൊണ്ട്‌ തോല്‍പ്പിക്കുന്ന അന്‍വര്‍ച്ച ഇത്രപെട്ടെന്ന്‌ മരണത്തിലേക്ക്‌ നടന്നുപോകുമെന്ന്‌ ഞങ്ങള്‍ സ്വപ്‌നത്തില്‍പോലും കരുതിയതല്ല.
നാല്‌ ദിവസം മുമ്പ്‌ ഒരു ഉച്ച നേരത്ത്‌ ഒരാവശ്യത്തിനുവേണ്ടി ഷുക്കൂര്‍ച്ചയെ വിളിക്കുമ്പോള്‍ ഷുക്കൂര്‍ച്ച പറഞ്ഞു ആംബുലന്‍സില്‍ അന്‍വര്‍ച്ചയെയും കൊണ്ട്‌ മംഗലാപുരം ആശുപത്രിയിലേക്ക്‌ പോകുകയാണെന്ന്‌. പലപ്പോഴും പലചികിത്സയ്‌ക്കായി അന്‍വര്‍ച്ചയെയും കൊണ്ട്‌ പോകാറുള്ള ഷുക്കൂര്‍ച്ചയുടെ ആ വാക്കുകളില്‍ കൂടുതല്‍ അസ്വാഭീവികതയൊന്നും ഞാന്‍ കണ്ടില്ല...വൈകിട്ടോടെ ആരോ പറഞ്ഞു അന്‍വര്‍ച്ചയുടെ ആരോഗ്യനില ഇത്തിരി മോശമാണെന്ന്‌...അപ്പോഴും ഞങ്ങള്‍ കരുതിയതല്ല അന്‍വര്‍ച്ച മെല്ലെ മെല്ലെ മരണത്തിലേക്ക്‌ അടുക്കയാണെന്ന്‌...ആശുപത്രിയില്‍ കൂടെയുള്ള ഷുക്കൂര്‍ച്ചയെ തുടര്‍ച്ചയായി വിളിക്കുന്നത്‌ ശരിയല്ലെന്ന്‌ കരുതി കയ്യിലെടുത്ത ഫോണ്‍ പലപ്പോഴും താഴെവെച്ചെങ്കിലും വിളിക്കാതിരിക്കാനാവാതെ ഡയല്‍ ചെയ്‌തപ്പോഴൊക്കെ ഷുക്കൂര്‍ച്ച പറഞ്ഞു. സ്ഥിതി കൂടുതല്‍ മോശമാണ്‌ ദുഅ ചെയ്യുക. എന്തിനെയും പോസിറ്റീവോടെ മാത്രം കാണുന്ന ഷുക്കൂര്‍ച്ച ഒരിക്കലും അത്ര പതറി സംസാരിക്കാറില്ല.
എവിടെയോ അപകടം മണത്ത എന്റെ ഉള്ളില്‍ ദു:ഖത്തിന്റെ കടലിളകാന്‍ തുടങ്ങി.
പിറ്റെ ദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ ചെന്ന്‌ തീവൃപരിചരണ വിഭാഗത്തിന്റെ ചില്ലുജാലകത്തിലൂടെ എത്തിനോക്കുമ്പോള്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച ശരീരവുമായി അന്‍വര്‍ച്ച കിടക്കുകയാണ്‌. സ്‌മാര്‍ട്ട്‌ ലുക്കില്‍ മാത്രം കണ്ട അന്‍വര്‍ച്ചയുടെ രോഗ ശരീരം പോലും ഉള്‍ക്കൊള്ളാനാവതെ ഞാന്‍ എന്റെ മുഖം തിരിച്ചു നിന്നു.
വീട്ടിലെത്തിയിട്ടും മനസ്സ്‌ സ്വസ്ഥമായില്ല. ഉള്ളിന്റെ ഉള്ളില്‍ എവിടെയൊക്കെയോ വിങ്ങല്‍ മാത്രം. ഓരോ ഫോണ്‍കോളുകളെയും ഭയത്തോടെ മാത്രം അറ്റന്റ്‌ ചെയ്‌ത രാപ്പകലുകള്‍. ആ ദുരന്തവാര്‍ത്തയുമായി ഒരു വിളിയും എത്തരുതേയെന്ന്‌ ആഗ്രഹിച്ചു.
പിന്നീടുള്ളത്‌ പ്രാര്‍ത്ഥനകള്‍ മാത്രം കൂട്ടിനുള്ള നിമിഷങ്ങളായിരുന്നു. ഒരു മരുന്നും അള്ളാഹുവിന്റെ അല്‍ഭുതത്തേക്കാള്‍ വലുതല്ലല്ലോ. നാഥാ നീ കാത്തുകൊള്ളണെയെന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ച ദിനങ്ങള്‍...ഒടുവില്‍ അള്ളാഹു നിശ്ചയിച്ച കാലയളവ്‌ പൂര്‍ത്തിയാക്കി അന്‍വര്‍ച്ച മടങ്ങുമ്പോള്‍ സത്യം, ഞങ്ങള്‍ അനാഥരാവുകയായിരുന്നു. കണ്ണ്‌ നിറഞ്ഞുപോയ നിമിഷമായിരുന്നു അത്‌.
ഒരുപാട്‌ സ്ഥാപനങ്ങളില്‍, ഒരുപാട്‌ മുതലാളിമാര്‍ക്കു കീഴില്‍ പണിയെടുത്തിട്ടുണ്ട്‌. അവര്‍ക്കിടയില്‍ നിന്നെല്ലാം വ്യത്യസ്‌തമായ മുഖമായിരുന്നു അന്‍വര്‍ച്ച.
ഇത്രമാത്രം പോസിറ്റീവായി പെരുമാറുന്ന മനുഷ്യനെ ഞാന്‍ അധികമൊന്നും കണ്ടിട്ടില്ല. ~ചില സ്‌പെഷ്യല്‍ വാര്‍ത്തകളുമായി അന്‍വര്‍ച്ച ചിലപ്പോഴൊക്കെ വിളിക്കും. അത്‌ അതിന്റെ സമയത്ത്‌ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ദേശ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ല. വളരെ മനോഹരമായ രീതിയിലുള്ള ഉപദേശമായിരിക്കും ലഭിക്കുക. നമ്മള്‍ നമ്മുടെ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതിനോട്‌ കാണിക്കുന്ന താല്‌പര്യവും ആത്മാര്‍ത്ഥതയും പലപ്പോഴും എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌. എന്ത്‌ പ്രശ്‌നം വരുമ്പോഴും നമുക്ക്‌ അന്‍വര്‍ച്ചയുണ്ടല്ലോ എന്നുള്ളത്‌ ഞങ്ങളുടെ വലിയ ധൈര്യമായിരുന്നു. അന്‍വര്‍ച്ച എന്നും കൂടെയുണ്ടാകുമെന്നത്‌ ഞങ്ങളുടെ വശ്വാസം മാത്രമായിരുന്നില്ല അനുഭവം കൂടിയായിരുന്നു.
ആശുപത്രിയിലാവുന്നതിന്‌ കുറച്ച്‌ ദിവസം മുമ്പ്‌ ഒരു സ്റ്റോറിയുടെ കാര്യത്തിനുവേണ്ടി അന്‍വര്‍ച്ച വിളിച്ചിരുന്നു. അത്‌ ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയപ്പോള്‍ വീണ്ടും അന്‍വര്‍ച്ചയുടെ കോള്‍. ഡാ നീ പോകുമ്പോള്‍ ഞാനും വരുന്നു. നമുക്ക്‌ ഒന്നിച്ച്‌ പോകാം. ഇതിന്‌ മുമ്പ്‌ ഒരിക്കലും അന്‍വര്‍ച്ച അങ്ങനെ പറഞ്ഞിട്ടില്ല. അന്‍വര്‍ച്ച വരുന്നുവെന്ന്‌ പറഞ്ഞത്‌ കാരണം കുറേ ദിവസം ഞാന്‍ കാത്തിരുന്നു. പക്ഷെ, ഇനി ഒരിക്കലും അന്‍വര്‍ച്ച വരില്ലെന്ന സത്യമാണ്‌ പിന്നീട്‌ ഉള്‍ക്കൊള്ളേണ്ടിവന്നത്‌.
സ്റ്റാഫ്‌ മീറ്റിംഗൊക്കെ നടക്കുമ്പോള്‍ ചിലപ്പോള്‍ പല അസൈന്‍മെന്റുകളും ചെയ്യാന്‍ ബാക്കിയുണ്ടാവും. അന്‍വര്‍ച്ച കടന്നുവരുമ്പോള്‍ ഞങ്ങളൊക്കെ ഇത്തിരി ഭയത്തോടെ ഇരിക്കും. പക്ഷെ എന്താ ഡാ, പിന്നെന്തുണ്ട്‌ വിശേഷം എന്ന്‌ ചോദിച്ചുള്ള ആ വരവില്‍ എല്ലാ ഭയവും എവിടെയോ മാഞ്ഞുപോകും.
ഇഷ്‌ടപ്പെട്ടവരെയൊക്കെ അന്‍വര്‍ച്ച എഡാ എന്ന്‌ ചൊല്ലിയാണ്‌ വിളിക്കുക..ആ വിളിയില്‍ മനസ്സ്‌ നിറഞ്ഞുപോകാറുണ്ട്‌. വല്ലാത്തൊരു സൈക്കോളജിക്കല്‍ ഫീലിംഗായിരുന്നു അത്‌. ആ വിളികേള്‍ക്കുമ്പോള്‍ വല്ലാത്ത ഹൃദയബന്ധമാണ്‌ അനുഭവപ്പെടാറുള്ളത്‌.
ആ വിളിയും ആ പുഞ്ചിരിയും ഇനിയില്ല. ആന്‍വര്‍ച്ച വരുമെന്ന്‌ കരുതി ഇനി ഒരു മീറ്റിംഗിനും കാത്തുനില്‍ക്കേണ്ടതില്ല. എല്ലാവരെയും കരയിപ്പിച്ച്‌ അന്‍വര്‍ച്ച പോകുകയാണ്‌. ഉപദേശിക്കാന്‍, നല്ലത്‌ പറഞ്ഞു തരാന്‍...മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞുതന്ന്‌ ജേണലിസത്തിന്റെ ഒരു കോളജായി മാറാന്‍ ഇനി അന്‍വര്‍ച്ചയില്ലെന്നറിയുമ്പോള്‍ വല്ലാത്തൊരു അനാഥത്വമാണ്‌ മനസ്സ്‌ അനുഭവിക്കുന്നത്‌.




Tuesday, April 26, 2016

ധോനി ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു നീ വട്ടപൂജ്യമാണെന്ന്‌



ധോനി
ഞാനൊരിക്കലും നിന്റെ ഫാനായിരുന്നില്ല
നിന്റെ ഒരു ഹെലികോപ്‌ടറും
എന്റെ ഹൃദയത്തിലേക്ക്‌ ഇറങ്ങിയിട്ടുമില്ല
നിന്റെ ഒരു സിക്‌സറും എന്നെ മതിപ്പിച്ചിട്ടില്ല
അഞ്ചോവര്‍ നേരത്തെ തീര്‍ക്കാവുന്ന മത്സരത്തെ
അവസാന പന്തുകളിലേക്ക്‌ കൊണ്ടുപോയി
രാജ്യത്തെ ടെന്‍ഷനടപ്പിക്കുന്ന നിന്റെ
ബാറ്റിംഗ്‌ ഒരിക്കലും ബിഗ്‌ ഫിനീഷറുടേതായിരുന്നില്ല

ധോനി
നീ നല്ലൊരു കളിക്കാരനേയല്ല
പക്ഷെ നീ ഭാഗ്യവാനാണ്‌
നായകനാവാന്‍ ആരുമില്ലാത്ത കാലത്തായിരുന്നു
നീ ഇന്ത്യന്‍ ടീമിലെത്തിയത്‌

നീയല്ല ഭുവനേശ്വര്‍ കുമാറോ ബാലാജിയോ
ക്യാപ്‌റ്റനായാല്‍ പോലും ജയിക്കുന്ന താരനിബിഡമായ
ടീമിനെയാണ്‌ നിനക്ക്‌ കിട്ടിയത്‌
നല്ല കളിക്കാരുടെ മികവ്‌ കൊണ്ട്‌ മാത്രമാണ്‌ നീ ജയിച്ചത്‌
അല്ലാതെ നിന്റെ മിടുക്കുകൊണ്ടല്ല

ഇപ്പോള്‍ പൂനെ ടീമിലെത്തിയപ്പോള്‍
നിന്റെ കയ്യില്‍ വജ്രായുധങ്ങളൊന്നുമില്ല
തോറ്റ്‌ തൊപ്പിയിടുന്ന നിന്നെ നോക്കി രാജ്യം
പറയുന്നുണ്ട്‌ ധോനി നീ നല്ല നായകനേയല്ലെന്ന്‌ 

Sunday, April 24, 2016

ദൈവമേ എന്തൊരു ചൂടാണിത്‌....



എബി കുട്ടിയാനം

നമ്മള്‍ ചെയ്‌തുവെച്ച ക്രൂരതകള്‍ക്ക്‌ പ്രകൃതി പകരം ചോദിക്കുക തന്നെ ചെയ്യും. കൂടുതല്‍ പണം തേടി ജീവിതത്തെ അടിച്ചുപൊളിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ കണ്ണില്‍ കണ്ട മരങ്ങളെയും ചെടികളെയും വെട്ടിമാറ്റിയതിന്‌ ഭൂമി നല്‍കുന്ന ശിക്ഷയാണ്‌ ഈ ചൂട്‌. പുഴ എന്നുള്ളത്‌ മണല്‍ വാരാനുള്ള ഇടങ്ങള്‍ മാത്രമാണെന്നും മരം എന്നത്‌ വെട്ടിമാറ്റി വില്‍പ്പന നടത്താനുള്ള തടികള്‍ മാത്രമാണെന്നും കണക്കുകൂട്ടിയവര്‍ നശിപ്പിച്ചു കളഞ്ഞത്‌ ഈ പ്രകൃതിയെ തന്നെയായിരുന്നു. മരവും പുഴയും നശിക്കുന്നതോടെ ഈ ഭൂമി തന്നെ നശിക്കുമെന്ന്‌ ആരോ വിളിച്ചുപറഞ്ഞപ്പോള്‍ കളിയാക്കി ചിരിച്ചവരും ഈ ചൂടിനിടയില്‍ ഇന്ന്‌ വിയര്‍ത്തു കുളിച്ച്‌ അസ്വസ്ഥരാവുന്നുണ്ട്‌.
ഈ പ്രകൃതിയും പ്രകൃതിയിലെ വിഭവങ്ങളും നമ്മള്‍ കൊണ്ടുവന്നതല്ല, അത്‌ പോയ തലമുറ നമുക്ക്‌ കൈമാറിയ സമ്പത്തായിരുന്നു. ഈ ലോകത്തെ കാലാവധി പൂര്‍ത്തിയാക്കി നമ്മള്‍ മടങ്ങിപോകുമ്പോള്‍ അത്‌ പുതിയ തലമുറകള്‍ക്ക്‌ കൈമാറാനുള്ളതാണ്‌. പക്ഷെ ഞാനും എന്റെ ലോകവും എന്ന്‌ ചിന്തിച്ചവര്‍ ആര്‍ത്തിമൂത്ത്‌ പ്രകൃതിയെ പിച്ചിചീന്തുകയായിരുന്നു. എല്ലാ പുഴയും എന്റേതാവണമെന്നും എല്ലാ മണലും ഞാന്‍ ഊറ്റിയെടുക്കുമെന്നും വാശിപിടിച്ചവര്‍ നശിപ്പിച്ചു കളഞ്ഞത്‌ ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശത്തെ തന്നെയായിരുന്നു.
000 000 000
പണ്ട്‌ മദ്രസയില്‍ ക്ലാസെടുക്കുമ്പോള്‍ പാഠഭാഗങ്ങളിലൂടെ വിരലോടിച്ച്‌ ഉസ്‌താദ്‌ പറയുമായിരുന്നു. ഈ ലോകം അവസാനിക്കാറാകുമ്പോള്‍ ചൂട്‌ വര്‍ദ്ധിക്കും.ഭൂമി ചുട്ടുപൊള്ളും, ചൂട്‌ കൊണ്ട്‌ മനുഷ്യന്‌ ഭൂമിയില്‍ നില്‍ക്കാനാവാത്ത അവസ്ഥവരും...
എന്തല്ലെ...ഇന്ന്‌ പുലര്‍കാലത്തു പോലും വിയര്‍ത്തുകുളിക്കുകയാണ്‌ നമ്മുടെ മേനികള്‍, ഒരു എയര്‍ കൂളറിനും ആശ്വാസം തരാനാവാത്ത ചൂടാണ്‌ ചുറ്റിലുമുള്ളത്‌...നിര്‍ത്താതെ കറങ്ങുന്ന ഫാനുകള്‍ സമ്മാനിക്കുന്നത്‌ ചൂട്‌ കാറ്റാണ്‌...ഉറക്കം വരാതെ കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു...ഏതു ജനാല തുറന്നുവെച്ചാലും അടിച്ചുവീശുന്നത്‌ ചൂടു കാറ്റുമാത്രം...ഇതുപോലൊരു ചൂട്‌ ഞാനെന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്ന്‌ ഉമ്മാമ പറയുന്നു...ഓരോ വയസ്സന്മാര്‍ക്കും പറയാനുള്ളത്‌ കാലാവസ്ഥയുടെ ഈ വല്ലാത്ത മാറ്റത്തെക്കുറിച്ച്‌ മാത്രമാണ്‌...വേനല്‍ മഴ എന്നുള്ളത്‌ ദൈവത്തിന്റെ സമ്മാനമായിരുന്നു. ഭൂമി ചൂടിലേക്ക്‌ വീഴുന്ന മാര്‍ച്ചിലും എപ്രില്‍ മാസത്തിലും ഒന്ന്‌ രണ്ട്‌ മഴകള്‍ തന്ന്‌ ദൈവം ഭൂമിയെ തണുപ്പിക്കും...ആ വെള്ളവും ആ കുളിരും ഭൂമിയെ റി ഫ്രഷ്‌ ചെയ്യും. അതിന്റെ അനുഭൂതിയില്‍ ഒരു മഴക്കാലം വരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു നമുക്ക്‌...പക്ഷെ, ഇന്ന്‌ കൊതിപ്പിച്ചു മടങ്ങുന്ന മഴമേഘങ്ങള്‍പോലുമില്ലാതെ ആകാശം നിരാശ സമ്മാനിക്കുകയാണ്‌. ഇന്ന്‌ മഴയുണ്ടാകുമെന്ന്‌ പ്രതീക്ഷയോടെ പറയാന്‍ ഒരു കറുത്ത മേഘം പോലും എത്തി നോക്കുന്നില്ല.
മരുഭൂമിയിലേക്ക്‌ പ്രവാസം നയിക്കാന്‍ പോയ കൂട്ടുകാര്‍ ചൂടിന്റെ കാഠിന്യത്തെക്കുറിച്ച്‌ പറയുമ്പോള്‍ പണിയെടുക്കാന്‍ പറ്റാത്ത ചൂടോ...ഒന്ന്‌ പോടൈ എന്ന്‌ പറഞ്ഞ്‌ പരിഹസിച്ച നമ്മള്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും പറ്റാതെ വീട്ടിനുള്ളല്‍ പകച്ചുനില്‍ക്കുന്നു.

കിലോ മീറ്ററുകള്‍ നടന്ന്‌ യാത്ര ചെയ്‌തിരുന്ന നമ്മള്‍ക്കിന്ന്‌ വെയിലിന്റെ കാഠിന്യത്തില്‍ ബൈക്കുകളില്‍ പോലും യാത്ര ചെയ്യാനാവുന്നില്ല, കറുത്ത കാറുകളും തിങ്ങി നിറഞ്ഞ ബസും നമുക്ക്‌ അസ്വസ്ഥതയുടേതാണ്‌...ഒരു പകല്‍ മുഴുവന്‍ ഗ്രൗണ്ടില്‍ നിന്ന്‌ മാറാതെ വെയിലത്ത്‌ കളിച്ച നമ്മള്‍ ഒരു മിനിറ്റുപോലും വെയിലേല്‍ക്കാനാവാതെ തോറ്റ്‌ മടങ്ങുന്നു...കളികളൊക്കെ ഫ്‌ളഡ്‌ലൈറ്റ്‌ വെളിച്ചത്തിലേക്ക്‌ മാറിയത്‌ അലങ്കാരത്തിന്‌ വേണ്ടി മാത്രമല്ല ചൂട്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌.


000 000 000
ചൂട്‌ വല്ലാത്തൊരു സംഭവമാണ്‌....വേനല്‍കാലം കനക്കുന്നതോടെ നമുക്ക്‌ ഭക്ഷണത്തിന്റെ രുചി കുറയുന്നു...മനസ്സിനും ശരീരത്തിനും അസ്വസ്ഥത നിറയുന്നു...വേനല്‍ വരുമ്പോള്‍ ഡോക്‌ടര്‍മാര്‍ നമുക്ക്‌ മുന്നിലേക്ക്‌ ഭക്ഷണത്തിന്റെ പുതിയ ചാര്‍ട്ട്‌ തരും...എരിവ്‌ പുളിവ്‌ എന്നിവ അമിതമായി ഉപോയോഗിക്കരുതെന്ന്‌ ഓര്‍മ്മിപ്പിക്കുന്നവര്‍ ജങ്ക്‌ ഫുഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന്‌ നിര്‍ദ്ദേശം നല്‍കും. വെള്ളം നന്നായി കുടിക്കണമെന്നും കഞ്ഞിവെള്ളവും സംഭാരവും ഇളിനീരും തണ്ണിമത്തനും നാരങ്ങ വെള്ളവും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും നിര്‍ദ്ദേശിക്കും...
000 000 000
വെള്ളം ഏറ്റവും വലിയ ബിസിനസായി മാറിയത്‌ കാലാവസ്ഥയുടെ ഈ മാറ്റത്തോടെയാണ്‌. പത്തിരുപത്തി അഞ്ചു വര്‍ഷം മുമ്പ്‌ വരെ വെള്ളം വിലകൊടുത്ത്‌ വാങ്ങുന്ന ഒരു കാലത്തെ കുറിച്ച്‌ മനുഷ്യര്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാലിന്ന്‌ വെള്ളമാണ്‌ ഏറ്റവും വലിയ കച്ചവട മേഖല. ഏക്കറ്‌ കണക്കിന്‌ ഭൂമിയും അതില്‍ നിറയെ തോട്ടങ്ങളുമുള്ളവനുമല്ല കിണര്‍ സ്വന്തമായുള്ളവനാണ്‌ ഇന്ന്‌ വലിയ സമ്പന്നന്‍. കുപ്പിവെള്ളം ട്രന്റായി മാറിയ കാലത്ത്‌ അത്‌ മാത്രമേ കുടിക്കുകയുള്ളുവെന്ന്‌ തീരുമാനിച്ചവര്‍ പുതിയ സംസ്‌ക്കാരമാണ്‌ നാടിനെ പഠിപ്പിച്ചത്‌. വെള്ളം സൗജന്യമായി കിട്ടുന്ന അവസ്ഥയില്‍ നിന്ന്‌ അതിനെ കച്ചവട ചരക്കാക്കി മാറ്റിയത്‌ സമ്പന്നന്റെ അഹങ്കാരമായിരുന്നു. ഇന്ന്‌ കുപ്പിവെള്ളം മാത്രമേ കുടിക്കാവു എന്നുള്ളത്‌ നാട്ടു നടപ്പായി മാറി. വന്‍ നഗരങ്ങളിലൊക്കെ നൂറ്‌ മില്ലി ഗ്ലാസ്‌ വെള്ളത്തിന്‌ പത്തു രൂപ നല്‍കണം. കുലുക്കി സര്‍ബത്തിന്റെയും തണ്ണിമത്തന്‍ ജ്യൂസിന്റെയും ട്രെന്റ്‌ കാലത്തും വെള്ള തന്നെയാണ്‌ താരം...ഏതു നഗരത്തിലും ഏതു ജ്യൂസും കിട്ടും എന്നാല്‍ വെള്ളം കിട്ടാന്‍ മാത്രമാണ്‌ പ്രയാസം. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത്‌ കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണോ.
കാവേരി ഗോദാവരി തര്‍ക്കവും യൂഫ്രിട്ടിസിന്റെയും ടൈഗ്രീസിന്റെയും കഥകളും അതല്ലെ നമുക്ക്‌ പറഞ്ഞു തരുന്നത്‌. ഓരോ വേനലും നമ്മുടെ ജലസ്രോതസ്സുകളെ ഇല്ലാതാക്കുമ്പോള്‍ അത്‌ പ്രകൃതിയെ തന്നെയാണ്‌ ഇല്ലാതാക്കുന്നതെന്നോര്‍ക്കണം.

000 0000 000
മനുഷ്യന്‌ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ഭൂമി ഭൂമി അല്ലാതാവും അതോടെ അതിന്റെ നാശവുമുണ്ടാകും. ഓരോ ദുരന്തവം ഓരോ മുന്നറിയിപ്പാണ്‌. ഈ ലോകം നശിക്കാന്‍ പോവുകയാണെന്ന്‌ കാലം വിളിച്ചുപറയുന്നു. നമ്മള്‍ കഴിഞ്ഞവര്‍ഷം അനുഭവിച്ച ചൂടല്ല ഇക്കൊല്ലം അനുഭവിച്ചത്‌ വരാന്‍ പോകുന്ന വര്‍ഷത്തെ ചൂട്‌ അതിനേക്കാള്‍ കാഠിന്യമേറിയതായിരിക്കും. മെല്ലെ മെല്ലെ ഈ ഭൂമി മനുഷ്യന്‌ വാസയോഗ്യമല്ലാതായി മാറുന്നു...
പണ്ട്‌ പുല്ലുമേഞ്ഞ കുടിലില്‍ കറണ്ടും ഫാനും ഇല്ലാതിരിക്കുമ്പോഴും സുഖമായി കിടന്നുറങ്ങിയവരുടെ മക്കള്‍ക്ക്‌ ഇന്ന്‌ കൊട്ടാര സമാനമായ വീട്ടിനുള്ളില്‍ എസിയുടെ തണുപ്പില്‍ പോലും കിടന്നുറങ്ങാനാവുന്നില്ലെങ്കില്‍ ഇതൊരു പാഠമാണ്‌. സൗകര്യങ്ങളൊന്നും നിങ്ങള്‍ക്ക്‌ സമാധാനം നല്‍കില്ലെന്ന വലിയ പാഠം.
000 000 000
എം.ടി. ഒരിടത്ത്‌ എഴുതിയുണ്ട്‌. ഒരു വിഷറികൊണ്ട്‌ വീശിയാല്‍ പോകുന്ന ചൂടേ നമുക്കുള്ളു. ഒരു തോര്‍ത്തുമുണ്ട്‌ പുതച്ചാല്‍ തീരുന്ന തണുപ്പുമാത്രമേ ഇവിടെയുള്ളുവെന്ന്‌. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലും തിരുത്തി എഴുതേണ്ട സമയമായിരിക്കുന്നു. കഥാകാരന്റെ വര്‍ണ്ണനകളും നമ്മുടെ നാടിനെ കയ്യൊഴിയുന്നു.
കേരളവും രാജസ്ഥാന്‍ പോലുള്ള വെറും ഒരു സംസ്ഥാനം മാത്രമാവുകയാണ്‌. പുഴയും കായലും പച്ചപാടവും മാഞ്ഞുപോകുമ്പോള്‍, വാഴയും തെങ്ങും കരിമ്പിന്‍ തോട്ടങ്ങളും നമ്മുടെ കാലാവസ്ഥയ്‌ക്ക്‌ ചേര്‍ന്നതല്ലാകാതുമ്പോള്‍ ഇനി ഒരിക്കലും നമ്മുടെ കേരളത്തെ നോക്കി അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിളിക്കില്ല...
000 000 000
വെള്ളം വില്‍പ്പനചരക്കാക്കി മാറ്റിയവരുടെ ലോകത്തും നന്മ വറ്റാത്ത കുറേ മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌. ദാഹിച്ചുവരുന്ന ആളുകള്‍ക്കുവേണ്ടി വഴി നീളെ കുടിവെള്ളമൊരുക്കി അവര്‍ സേവനത്തിന്റെ പുതിയ പാഠം പകരുന്നു. പുഴകളെ മുഴുവന്‍ കൊന്നൊടുക്കി ലോഡ്‌ കണക്കിന്‌ മണല്‍ ടിപ്പറുകളില്‍ കയറ്റി കൊണ്ടുപോകുന്ന ആളുകള്‍ ജീവിക്കുന്ന ഈ ലോകത്ത്‌ തന്നെയാണ്‌ വെള്ളമില്ലാത്തവരുടെ വീടുകളിലേക്ക്‌ ലോറികളില്‍ സൗജന്യ വെള്ളമെത്തിക്കുന്ന കൂട്ടായ്‌മകള്‍ നിലകൊള്ളുന്നതും. പേര്‌ പോലും വെളിപ്പെടുത്താതെ വെള്ളമില്ലാത്തവന്റെ മുറ്റത്തേക്ക്‌ വെള്ളവുമായെത്തുന്ന എത്രയോ മനുഷ്യര്‍ ഈ ഭൂമിയിലുണ്ട്‌. അങ്ങനെയുള്ള കുറേ നന്മകളാണ്‌ ക്രൂരതയ്‌ക്കിടയിലും ഈ ലോകത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌.
പുഴകളും കിണറുകളും അരുവികളും വറ്റിപോയപ്പോള്‍ ഒരിറ്റുവെള്ളമില്ലാതെ വലഞ്ഞുപോയ പക്ഷികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും തണ്ണീര്‍ കുടമൊരുക്കി അനുഗ്രഹം ചൊരിയുന്നതും പുതിയ ട്രന്റാവുന്നു. ഓരോ നന്മയും ഓരോ ട്രന്റാവുന്നുവെങ്കില്‍ അത്‌ ഭൂമിയുടെ പുണ്യമാണ്‌. കൂട്ടുകാര നീയൂം നിന്റെ വീട്ടുമുറ്റത്ത്‌ ഒരു തണ്ണീര്‍ കുടമൊരുക്കുക ദാഹിച്ചു വലയുന്ന പറവകള്‍ക്കത്‌ ആശ്വാസത്തിന്റെ കടലായി മാറും. മിണ്ടാ പ്രാണികള്‍ക്ക്‌ നല്‍കുന്ന പുണ്യം സമാനതകളില്ലാത്ത നന്മയാണ്‌. കുറ്റങ്ങളും തെറ്റുകളും കൊണ്ട്‌ നിറഞ്ഞുപോയ നമ്മുടെ ജീവിതങ്ങള്‍ ധന്യമാവുന്നത്‌ ഇതുപോലുള്ള സല്‍പ്രവൃത്തിയിലൂടെയായിരിക്കും. 

Friday, April 22, 2016

ഞങ്ങള്‍ തിന്നുന്ന തിരക്കിലാണ്‌




എബി കുട്ടിയാനം

ശ്രുതി
മോളെ
കുറ്റബോധം കൊണ്ടെന്റെ കണ്ണുനിറഞ്ഞുപോകുന്നു

നീ വിശപ്പ്‌ സഹിക്കാനാവാതെ
ഒരു തുണ്ട്‌ കയറില്‍ നിന്റെ ജീവിതം അവസാനിപ്പിക്കുമ്പോള്‍
ഞങ്ങള്‍ ഫാസ്റ്റ്‌ ഫുഡ്‌ കടയില്‍
ചിക്കു ജ്യൂസിനും ചിക്കന്‍ തന്തൂരിക്കും
ഓര്‍ഡര്‍ ചെയ്‌തു കാത്തിരിക്കുകയായിരുന്നു

നീ ഒന്നും കഴിക്കാനില്ലാതെ തളര്‍ന്നുവീഴുന്ന നേരത്ത്‌
ഞങ്ങള്‍ ഏഴാമത്തെ കല്ല്യാണപരിപാടിയിലും മുഖം കാണിച്ച്‌
വിളമ്പി വെച്ച ബിരിയാണിയില്‍ കയ്യമര്‍ത്തി
പകുതിയിലേറെയും ബാക്കിവെച്ച്‌ മടങ്ങാനുള്ള തിരക്കിലായിരുന്നു

നീ
കോരികുടിക്കാന്‍ വെള്ളംപോലുമില്ലാതെ കരഞ്ഞുപോയപ്പോള്‍
ഞങ്ങള്‍ കുപ്പിവെള്ളം വിലക്കുവാങ്ങി മുഖം കഴുകുകയായിരുന്നു

നീ പട്ടിണിയോടെ ഉറങ്ങിപോയ രാത്രിയില്‍
എന്റെ കുഞ്ഞുപെങ്ങള്‍ ന്യൂഡില്‍സും ഐസ്‌ക്രീമും കിട്ടാതെ
വാശിപിടിച്ച്‌ കരയുകയായിരുന്നു

എന്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ച്‌
നീ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍
മുന്നില്‍ നിരന്ന വിഭവങ്ങളില്‍ ഏതു കഴിക്കണമെന്നറിയാതെ
കണ്‍ഫ്യൂഷനിലായിരുന്നു ഞങ്ങള്‍

കൂട്ടുകാരൊക്കെ പൊതിച്ചോറ്‌ അഴിച്ച്‌ ഉച്ചയുണുണ്ണുമ്പോള്‍
എത്രയോ ദിവസം
അതിന്റെ മണംഭക്ഷിച്ച്‌ വിശപ്പ്‌ മാറ്റിയിട്ടുണ്ടാവും നീ

കൂട്ടുകാരികളൊക്കെ ചിക്കന്‍ കറിയുടെ രുചി പറയുമ്പോള്‍
നീ നിന്റെ ഡെസ്‌ക്കിന്റെ മുകളില്‍ കണ്ണീരുകൊണ്ട്‌
കറിവെച്ചിട്ടുണ്ടാവും

നീ അപ്പുറത്ത്‌ പട്ടിണി കൊണ്ട്‌ വീണുപോയപ്പോള്‍
ഞങ്ങള്‍ ആഫ്രിക്കയിലെ പട്ടിണി പാവങ്ങളുടെ കഥ പറയുകയായിരുന്നു

മോളെ ക്ഷമിക്കുക
എന്തെങ്കിലും കഴിച്ചോ എന്ന്‌ ചോദിക്കുന്നതിന്‌ പകരം
എന്തെങ്കിലും കഴിച്ചുപോയവരെ കൊല്ലുന്നവരുടെ ലോകത്താണ്‌
നമ്മള്‍ ജീവിക്കുന്നത്‌