എബി കുട്ടിയാനം
ശ്രുതി
മോളെ
കുറ്റബോധം കൊണ്ടെന്റെ കണ്ണുനിറഞ്ഞുപോകുന്നു
നീ വിശപ്പ് സഹിക്കാനാവാതെ
ഒരു തുണ്ട് കയറില്‍ നിന്റെ ജീവിതം അവസാനിപ്പിക്കുമ്പോള്‍
ഞങ്ങള്‍ ഫാസ്റ്റ് ഫുഡ് കടയില്‍
ചിക്കു ജ്യൂസിനും ചിക്കന്‍ തന്തൂരിക്കും
ഓര്‍ഡര്‍ ചെയ്‌തു കാത്തിരിക്കുകയായിരുന്നു
നീ ഒന്നും കഴിക്കാനില്ലാതെ തളര്‍ന്നുവീഴുന്ന നേരത്ത്
ഞങ്ങള്‍ ഏഴാമത്തെ കല്ല്യാണപരിപാടിയിലും മുഖം കാണിച്ച്
വിളമ്പി വെച്ച ബിരിയാണിയില്‍ കയ്യമര്‍ത്തി
പകുതിയിലേറെയും ബാക്കിവെച്ച് മടങ്ങാനുള്ള തിരക്കിലായിരുന്നു
നീ
കോരികുടിക്കാന്‍ വെള്ളംപോലുമില്ലാതെ കരഞ്ഞുപോയപ്പോള്‍
ഞങ്ങള്‍ കുപ്പിവെള്ളം വിലക്കുവാങ്ങി മുഖം കഴുകുകയായിരുന്നു
നീ പട്ടിണിയോടെ ഉറങ്ങിപോയ രാത്രിയില്‍
എന്റെ കുഞ്ഞുപെങ്ങള്‍ ന്യൂഡില്‍സും ഐസ്‌ക്രീമും കിട്ടാതെ
വാശിപിടിച്ച് കരയുകയായിരുന്നു
എന്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ച്
നീ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍
മുന്നില്‍ നിരന്ന വിഭവങ്ങളില്‍ ഏതു കഴിക്കണമെന്നറിയാതെ
കണ്‍ഫ്യൂഷനിലായിരുന്നു ഞങ്ങള്‍
കൂട്ടുകാരൊക്കെ പൊതിച്ചോറ് അഴിച്ച് ഉച്ചയുണുണ്ണുമ്പോള്‍
എത്രയോ ദിവസം
അതിന്റെ മണംഭക്ഷിച്ച് വിശപ്പ് മാറ്റിയിട്ടുണ്ടാവും നീ
കൂട്ടുകാരികളൊക്കെ ചിക്കന്‍ കറിയുടെ രുചി പറയുമ്പോള്‍
നീ നിന്റെ ഡെസ്‌ക്കിന്റെ മുകളില്‍ കണ്ണീരുകൊണ്ട്
കറിവെച്ചിട്ടുണ്ടാവും
നീ അപ്പുറത്ത് പട്ടിണി കൊണ്ട് വീണുപോയപ്പോള്‍
ഞങ്ങള്‍ ആഫ്രിക്കയിലെ പട്ടിണി പാവങ്ങളുടെ കഥ പറയുകയായിരുന്നു
മോളെ ക്ഷമിക്കുക
എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്നതിന് പകരം
എന്തെങ്കിലും കഴിച്ചുപോയവരെ കൊല്ലുന്നവരുടെ ലോകത്താണ്
നമ്മള്‍ ജീവിക്കുന്നത്
No comments:
Post a Comment