എബി കുട്ടിയാനം
(കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ച എം.എസ്.എഫ് നേതാവ് ജൗഹറിന്റെ ജീവിതം ഏറെ ദാരിദ്യം നിറഞ്ഞതായിരുന്നു)
ജൗഹര്‍...മാപ്പ്
നിന്റെ കഷ്‌ടപ്പാടറിയാന്‍ ഞങ്ങള്‍ക്ക് നിന്റെ മരണം വേണ്ടിവന്നു...പ്രിയപ്പെട്ട കൂട്ടുകാര ഒരുപാട് കഷ്‌ടപ്പാടുകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചതെന്ന് തിരിച്ചറിയുമ്പോഴേക്ക് നീ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് നീന്തി പോയിരുന്നു...ഇനി നിന്റെ കുടുംബത്തോടെങ്കിലും ഞങ്ങള്‍ക്ക് ആ കടം വീട്ടണം...ഇല്ലെങ്കില്‍ കുറ്റബോധം കൊണ്ട് ഞങ്ങളുടെ മനസ്സ് കരഞ്ഞുപോകും...
ക്യാമ്പുകളിലേക്കും പഠന ക്ലാസുകളിലേക്കും നല്ല കുപ്പായമിട്ട് നിറ പുഞ്ചിരിയോടെ നീ എത്തുമ്പോള്‍ ഞങ്ങള്‍ കരുതിയത് ഏതോ സമ്പന്നമായ കുടുംബാന്തരീക്ഷത്തില്‍ നിന്നാണ് നിന്റെ വരവ് എന്നായിരുന്നു...
പിന്നീടാണറിഞ്ഞത് നീ ദാരിദ്രത്തേയും വെല്ലുവിളികളേയും പുഞ്ചിരികൊണ്ട് തോല്‍പ്പിച്ച് ഉമ്മയ്‌ക്കും ഉപ്പയ്‌ക്കും താങ്ങും തണലുമാകാനുള്ള ജീവിതയുദ്ധത്തിലായിരുന്നുവെന്ന്...ആശുപത്രിയില്‍ നിന്ന് നിന്റെ മയ്യിത്ത് വീട്ടിലേക്കെത്തുമ്പോഴാണ് ശരിക്കും ഞങ്ങളുടെ കണ്ണ് നിറഞ്ഞത്...മയ്യിത്ത് ഉള്ളിലേക്ക് കയറ്റാന്‍പോലും സാധിക്കാത്തത്രയും അസൗകര്യം നിറഞ്ഞതായിരുന്നല്ലോ നിന്റെ വീട്...
ആളുകളെ ഉള്‍ക്കൊള്ളാനാവാതെ നിന്റെ കൊച്ചു കൂര അസൗകര്യങ്ങളുടെ ദയനീയത വിളിച്ചുപറഞ്ഞപ്പോഴാണ് ആരോ ആ കഥ പറഞ്ഞുതന്നത്...
നിന്റെ ഉപ്പയുടെ തറവാട് വീടാണ് അതെന്നും...നിങ്ങള്‍ക്ക് നിങ്ങളുടേതെന്ന് പറയാന്‍ ഒന്നുമില്ലെന്നും...കഥ പറഞ്ഞ സുഹൃത്ത് പിന്നെയും തുടര്‍ന്നു...ജൗഹറിന്റെ ഉപ്പ കൂലി പണിയെടുത്താണ് നാല് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്...അതിലൊരു പെണ്‍കുട്ടി ബധിരയുമാണ്...ഒരു കടയില്‍ ജോലിക്ക് നില്‍ക്കുന്ന ഉപ്പ നാലു(എബി കുട്ടിയാനം) കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിലേക്ക് നടന്നുമാത്രമേ പോകാറുള്ളുവത്രെ...അതിതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ആ സുഹൃത്ത് അത് കൂടി പറഞ്ഞത്. തുച്ഛമമായ വരുമാനത്തിന് ജോലി ചെയ്യുന്ന ആ മനുഷ്യന്‍ ബസിന് കൊടുക്കേണ്ട തുക കൂടി സേവ് ചെയ്‌ത് അരിവാങ്ങാനായി മാറ്റി വെക്കും...
അപ്പോഴാണ് ഞങ്ങള്‍ക്ക് അടുത്ത സംശയം വന്നത്...ഇത്രയൊക്കെ കഷ്‌ടമാണെങ്കില്‍ ജൗഹര്‍ എങ്ങനെയാണ് അങ്ങ് മംഗലാപുരം പോയി എഞ്ചിനിയറിംഗ് പഠിച്ചത്...ആ ചോദ്യത്തിനും കണ്ണീരില്‍ കുതിര്‍ന്ന മറുപടിയായിരുന്നു...നാല് ലക്ഷം രൂപ ലോണെടുത്തായിരുന്നു പഠിക്കാന്‍ മിടുക്കനായ ജൗഹര്‍ എഞ്ചിനയറിംഗിന് ചേര്‍ന്നത്...ഒരു രൂപ പോലും അടച്ചു തീര്‍ക്കാന്‍ അവന് കഴിഞ്ഞിട്ടില്ലെന്ന് ആ സുഹൃത്ത് കൂട്ടിച്ചേര്‍ത്തതോടെ ശരിക്കും ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞുപോയി...
കാറും ബൈക്കും മാറി മാറി ഉപയോഗിച്ച് ആഡംബരത്തിന്റെ മേനി പറയുന്ന കൂട്ടുകാര അറിയുക...നമ്മുടെ ജൗഹറിന് വസത്രങ്ങള്‍ പോലും വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളു...
ജൗഹറിനെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടി എം.എസ്.എഫ് നേതാവ് ജാഫര്‍ കല്ലന്‍ചിറയെ വിളിച്ചപ്പോള്‍ ജൗഹര്‍ പിന്നെയും ഹൃദയത്തിലേക്ക് വല്ലാതെ അടുത്തുപോയത്...
ജാഫര്‍ പറഞ്ഞു...ഒരു സത്യമുണ്ട് ഞങ്ങളുടെ രോമങ്ങള്‍ പോലും എഴുന്നേറ്റുപോയ സത്യം...ജൗഹറിന്റെ കൂടെ നീന്താനുണ്ടായിരുന്ന സുഹൃത്താണ് അത് പറഞ്ഞത്...നീന്താന്‍ വേണ്ടി കുടുംബൂര്‍ പുഴയിലേക്ക് എടുത്തു ചാടുന്നതിന് മുമ്പ് അവന്‍ ശഹാദത്ത് കലിമ ചൊല്ലുന്നത് കേട്ടിരുന്നുവത്രെ...മരിച്ചു കിടക്കുന്ന അവന്റെ ശരീരം നിസ്‌ക്കരിക്കാന്‍ കൈകെട്ടിയ രൂപത്തിലായിരുന്നുവത്രെ...
ജാഫര്‍ പിന്നെയും പറയുന്നു...ഇതുപോലൊരു ചെറുപ്പക്കാരനെ നമ്മള്‍ കണ്ടിട്ടേയില്ല....കൃത്യ നിഷ്‌ഠതയുടെ കാര്യത്തില്‍ അവന്‍ ഒരു പാഠപുസ്‌തകമായിരുന്നു...പതിനൊന്ന് മണിക്ക് ഒരു മീറ്റിംഗ് വിളിച്ചാല്‍ അവന്‍ 10.55ന് എത്തും...മണിക്കൂറുകളോളം കാത്തിരുന്നാലും ക്ഷമനശിക്കാതെ പുഞ്ചിരിക്കുന്ന നല്ല ഹൃദയമായിരുന്നു അവന്റേത്...
000 000 000
മകന്‍ പഠിച്ച് എഞ്ചിയറായി ജോലി കിട്ടുന്നതോടെ തങ്ങളുടെ എല്ലാ കഷ്‌ടവും തീരുമെന്നായിരുന്നു ആ ഉപ്പയുടെയും ഉമ്മയുടെയും കണക്കുകൂട്ടല്‍...പക്ഷെ വിധി മറ്റൊന്നായിപോയി...പഠനം കഴിഞ്ഞ് ജോലിക്ക് കയറും മുമ്പേ അവനെ മരണം കൊണ്ടുപോയി...
സഹപ്രവര്‍ത്തകന്റെ ദു:ഖം അറിയാതെ പോയത് നമ്മുടെ വലിയ ദു:ഖമാണ്...അവന്റെ നിര്‍ധനരായ കുടുംബത്തെ സഹായിച്ചുകൊണ്ടെങ്കിലും ആ നഷ്‌ടബോധം നമ്മള്‍ നികത്തണം...മകന്‍ ഇല്ലാതായിപോയ ആ ഉപ്പയുടെയും ഉമ്മയുടെയും മുന്നില്‍ അവരുടെ ജൗഹറായി പുനര്‍ജനിക്കാന്‍ നമുക്ക് കഴിയണം...
ജൗഹറിന്റെ കുടംബത്തെ സഹായിക്കാനും കൂടുതല്‍ അറിയാനും താല്‌പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക.
എബി കുട്ടിയാനം(9995416999) ഹാഷിം ബംബ്രാണി(9961616116)
ഉസാം പള്ളങ്കോട്(9809486196) ജാഫര്‍ കല്ലഞ്ചിറ(9846992013)
No comments:
Post a Comment