എബി കുട്ടിയാനം
വീട് അതൊരു സങ്കല്‍പ്പമാണ്, സ്വപ്‌നമാണ്, അഭയമാണ് സര്‍വ്വോപരി ജീവിതത്തിന്റെ എല്ലാമെല്ലാമാണ്. ഓരോ നിമിഷത്തിലും വീട് നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വീടുവിട്ടിറങ്ങിയന്നേരം മുതല്‍ അത് വഴിനോക്കി കാത്തിരിക്കാന്‍ തുടങ്ങും. ഒരു ദിവസം വൈകിയാലും ഒന്നും സംഭവിക്കില്ല പക്ഷെ, അപ്പോഴും ഏതു പാതിരാത്രിയിലും നാം വീടണയാന്‍ വേണ്ടി ഓടികിതച്ചെത്തും. ഹൃദയത്തിലേക്ക് നീളുന്ന ഒരാത്മബന്ധമുണ്ട് നമുക്ക് നമ്മുടെ വീടുമായിട്ട്.
വീട് സുരക്ഷിതത്വത്തിന്റെ മതിലാണ്, ആശ്വാസത്തിന്റെ കേന്ദ്രമാണ്, അഭയത്തിന്റെ മേല്‍ക്കൂരയാണ്. പകലിന്റെ എല്ലാവേവലാതികളെയും വീടിനുള്ളില്‍ ഇറക്കിവെച്ച് നാം ഉറങ്ങാന്‍ കിടക്കും. പുലരുവോളം കാവലിരുന്ന് അത് നമുക്ക് കൂട്ടിരിക്കും... വീടുവിട്ടിറങ്ങുന്ന നിമിഷം മുതല്‍ നാം ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും വേദന അറിയുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിനും സ്വന്തം വീടിന് പകരമാവാന്‍ കഴിയില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുമ്പോഴും കുഗ്രാമത്തിലെ കുടില്‍ മനസിനുള്ളിലൊരു നൊസ്റ്റാള്‍ജിക്കായി നിറയും.
വീടിന്റെ മേല്‍ക്കൂര നോക്കിയായിരുന്നുവല്ലോ നാം ആദ്യമായി പുഞ്ചിരിച്ചത്. പിച്ചവെച്ച നാളില്‍ കൈതന്ന് കൂട്ടുനിന്നതും വീടിന്റെ ചുമരായിരുന്നല്ലോ. അതേ ചുമരില്‍ കരികഷ്‌ണം കൊണ്ടായിരുന്നു നാം എഴുതിപഠിച്ചതും. അഹ്ലാദം വരുമ്പോള്‍ വീട് കൂടെ നിന്ന് ചിരിക്കും ദു:ഖാവസ്ഥയില്‍ വീടിനും വേവലാതിയാണ് മൂകമായി അത് അരികിലിരുന്ന് കരയാന്‍ തുടങ്ങും.
ഞാന്‍ രാവിലെ ഒമ്പതുമണിക്ക് വീട്ടില്‍ നിന്നിറങ്ങും, ഞാന്‍ രാത്രി വീട്ടിലെത്താന്‍ ഏറെ വൈകും, എടാ ഞാന്‍ വീട്ടിലെത്തി നിന്നെ (എബി കുട്ടിയാനം)വിളിക്കാം, ശ്ശെ, ഇന്ന് വീട്ടിലേക്ക് വിളിക്കാനേ കഴിഞ്ഞില്ല ഉമ്മയോടൊപ്പം വീടും എന്റെ വിളിക്കുവേണ്ടി ഒരുപാട് കാത്തിരിന്നിട്ടുണ്ടാകും....അങ്ങനെ അങ്ങനെ ഒരു ദിവസം എത്രവട്ടം നാം വീടിനെക്കുറിച്ച് വാചാലമാവുമെന്നറിയുമോ(?)
000 000 000
വീട് ഒരു സ്വര്‍ഗ്ഗമാകും എന്ന പരസ്യം കമ്പനിക്കാരന്റെ കച്ചവടവാചകമായിരിക്കാം. എന്നാല്‍ വീട് ഒരു സ്വര്‍ഗ്ഗം തന്നെയല്ലെ(?) തിരക്കുപിടിച്ച ജോലിക്കിടയില്‍ നാം കൊതിക്കുന്നത് എല്ലാം മറന്ന് ഒന്ന് സുഖമായി വീട്ടിലിരിക്കാനുള്ള ദിവസത്തിനുവേണ്ടിയാണ്. സമരത്തിന്റെ പേരില്‍ അവിചാരിതമായി അവധികിട്ടുമ്പോള്‍ ആയിരം ആഹ്ലാദവുമായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയ ഒരു ബാല്യമുണ്ടാവും എനിക്കും നിങ്ങള്‍ക്കും.
ബാല്യം വിട്ട് ബാല്യക്കാരനാവുന്ന നാള്‍മുതല്‍ നമ്മുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നാം വീടെന്ന സ്വപ്‌നത്തിനുവേണ്ടി നീക്കിവെക്കും. അപ്പോഴും വീടെന്ന മോഹം ചിലര്‍ക്കെങ്കിലും ഒരു സങ്കല്‍പ്പം മാത്രമായി തുടരും. പൊളിഞ്ഞുവീഴാറായ ഈ പഴയതറവാട്ടുവീട്ടില്‍ നിന്നും എപ്പോഴാണട നമ്മള്‍ നല്ലൊരു വീടുവെച്ച് താമസം മാറുന്നതെന്ന ഉമ്മയുടെ ചോദ്യത്തിന് മിഴിച്ച നോട്ടം മാത്രമായിരിക്കും എന്നുമെന്റെ ഉത്തരം. ഹൃദയം തന്നെ ഒട്ടിപിടിച്ചുനില്‍ക്കുന്ന ഈ വീടുവിട്ട് നമ്മള്‍ എവിടെപോവാനാണ് എന്ന എന്റെ ഉത്തരം ഉമ്മാനെ ചിലപ്പോഴോക്കെ ദേശ്യം പിടിപ്പിക്കും.
സ്വന്തമായി ഒരു വീടില്ലാത്തതാണ് ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ അവസ്ഥ. ജോലിയും ഒരു വീടുമില്ലെങ്കില്‍ മനുഷ്യന് മരണമാണട നല്ലത് എന്ന് പറഞ്ഞ കൂട്ടുകാരന്റെ പഴയ എസ്.എം.എസ് ഞാനിപ്പോഴും ഡിലീറ്റ് ചെയ്‌തിട്ടില്ല. പഠനം കഴിഞ്ഞ് വിമാനം കയറിയിട്ടും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കഴിയാത്ത അവന്റെ കണ്ണീരിനൊപ്പം ചാറ്റ് വര്‍ത്തമാനത്തില്‍ ഞാന്‍ ദു:ഖത്തിന്റെ പിന്തുണ നല്‍കാറുണ്ട്.
വീടില്ലാത്ത അവസ്ഥ ഭീകരമാണ്, അസഹനീയമാണത്. മറ്റുള്ളവന്റെ കാരുണ്യത്തില്‍ അവന്റെ തണലിലേക്ക് താമസം മാറേണ്ടിവരുമ്പോള്‍ നമുക്ക് നമ്മുടെ അഭിമാനം തന്നെ മാറ്റിവെക്കേണ്ടിവരുന്നു. ഒരിത്തിരിപോലും സ്വസ്ഥതയില്ലാതെ നമിഷം തള്ളിനീക്കാനായിരിക്കും നമ്മുടെ വിധി. എല്ലാറ്റിനും അവകാശം ലഭിക്കുമ്പോഴും മറ്റൊരുവീട്ടിലെ പൈപ്പുവെള്ളത്തില്‍ കുളിക്കാന്‍ നമുക്ക് പേടിയാണ്, അവര്‍ക്ക് എന്തുതോന്നുമെന്ന ചിന്തയില്‍ ഭക്ഷണത്തിനുപോലും രുചിയില്ലാതാകുന്നു. ഉറങ്ങുകയാണെങ്കിലും (എബി കുട്ടിയാനം)ഒരു രാത്രിയിലും നമ്മള്‍ അവിടെ ഉറങ്ങുന്നില്ല. ഒരു കൊച്ചുകൂരയിലേക്കെങ്കിലും താമസം മാറുന്ന നിമിഷമായിരിക്കും സദാസമയവും നമ്മുടെ മനസ്സില്‍....
മൂന്ന് നിലയുള്ള മാളിക കെട്ടിപൊക്കിയവന് അതില്‍ തമാസിക്കാന്‍ ആളില്ല. കൂടുതല്‍ സമ്പാദിക്കാനുള്ള വെപ്രാളത്തില്‍ അവന്‍ വീടുപൂട്ടിപോകുമ്പോള്‍ തൊട്ടപ്പുറത്തൊരുകുടംബം താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയിലലയുന്നു. ഇതാണ് ഇന്നത്തെ വിരോധാഭാസമായ കാഴ്‌ചകള്‍. നമുക്ക് നമ്മുടെ സുഖം മാത്രം വിലപ്പെട്ടതാകുമ്പോള്‍ പാവപ്പെട്ട ഒരുപാട് മനുഷ്യര്‍ മഴനനഞ്ഞ് വെയിലുകൊണ്ട് ഈ ഭൂമിയില്‍ വല്ലാതെ കഷ്‌ടപ്പെടുന്നത് നമുക്ക് കാണാനെ കഴിയുന്നില്ല. രണ്ടുമുറിയില്‍പോലും താമസിക്കാന്‍ ആളില്ലാതാകുമ്പോഴും അഞ്ചുമുറിയിലെങ്കിലും എയര്‍കണ്ടീഷന്‍ ഫിറ്റ് ചെയ്യുന്ന അഹങ്കാരം എന്നായിരിക്കും നമുക്ക് മാറ്റിവെക്കാന്‍ കഴിയുക. ഇത്തരത്തിലുള്ള നാലുകുടുംബങ്ങളെങ്കിലും രണ്ട് എസിയുടെ വിഹിതം മാറ്റിവെച്ചാല്‍ പാവപ്പെട്ട ഒരു കുടുംബത്തിന് ഈ ജന്മംമുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള വീടാകുമായിരുന്നു അത്.
മുകേഷ് അംബാനി മുംബൈയിലെ ആള്‍ട്ടാ മൗണ്ട് റോഡില്‍ കെട്ടിപൊക്കിയ ആന്റില എന്നു പേരിട്ട വീടിനെ എന്തുപേരിട്ടുവിളിക്കണമെന്നറിയാതെ നമ്മള്‍ ഇപ്പോഴും പകച്ചുപോകുന്നു. നാല് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 27 നിലകളിലായി നിര്‍മ്മിച്ചുണ്ടാക്കിയൊരു മഹാസംഭവം. 9000കോടി രൂപ ചിലവുവരുന്ന വീടിന് മൂന്ന് ഹെലിപാഡുകളുണ്ട്. ഓരോ ന(എബി കുട്ടിയാനം)ിലകളും വ്യത്യസ്‌തങ്ങളായ മെറ്റീരിയലുകള്‍ കൊണ്ടാണത്രെ നിര്‍മ്മിച്ചത്. റിക്‌ടര്‍ സ്‌കെയിലില്‍ എട്ടു ഡിഗ്രിവരെയുള്ള ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവും ആ വീടിനുണ്ടത്രെ. അറിയുമോ വീടിന്റെ പരിചരണത്തിനായി മാത്രം ഒരു ദിവസം അറുന്നൂറുപേര് പണിയെടുക്കുന്നുണ്ട്. ഞെട്ടിപോവരുത് കുടികൂടിയ ആദ്യമാസം രേഖപ്പെടുത്തിയ വൈദ്യുതി ബില്ല് 15,000 കോടി രൂപയാണ്.
നിത്യവരുമാനത്തെ എത്ര കൂട്ടികിഴിച്ചാലും, വന്നുചേരുന്ന തുണ്ടുകാശുകളെ എത്രമാറ്റിവെച്ചാലും ഒരു വീടെന്നത് സ്വപ്‌നം മാത്രമാകുമ്പോള്‍ ആന്റിലയെക്കുറിച്ചുള്ള കഥകള്‍ എന്നെയും നിന്നെയും അസ്വസ്ഥനാക്കുന്നുവെങ്കില്‍ അതിനെ അസൂയ എന്ന് വിളിക്കാന്‍ കഴിയുമോ(?)
അംബാനിയുടെ വീട് മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഇട്ടുതരുമ്പോള്‍ സായിറാം ഗോപാകൃഷ്‌ണഭട്ടെന്ന കാരുണ്യകടലിനെ ഓര്‍മ്മവരും. വീടില്ലാത്തവന്റെ മുന്നില്‍ വീടായി മാറുന്ന ആ മഹാമനസ്‌ക്കതയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ എന്റെ വിരലുകളും കീബോര്‍ഡും തോറ്റുപോകുന്നു.
പാവങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചുനല്‍കി വിസ്‌മയമാകുന്ന സായിറാം ഭട്ട് കാരുണ്യത്തിന്റെ നൂറാമത്തെ മേല്‍ക്കൂര പൂര്‍ത്തിയാക്കിയ വേളയില്‍ പത്രത്തിനുവേണ്ടി ഫീച്ചര്‍ ചെയ്യാന്‍ പോകുമ്പോള്‍ സ്‌കൂള്‍കുട്ടിയായ എന്റെ മനസ്സ് കൊതിച്ചത് നൂറു വീട് നിര്‍മ്മിച്ചുനല്‍കിയ മനുഷ്യന്റെ കൊട്ടാരസദൃശ്യമായ വീടുകാണാനായിരുന്നു. കിളിങ്കാറിലെ ചെമ്മണ്‍പാതിയിലൂടെ നടന്നുപോയി ഞാന്‍ കണ്ട ആ വീട് എന്നെ വല്ലാതെ അമ്പരപ്പിച്ചിരുന്നു. പൂര്‍ണ്ണമായി തേപ്പ് ചെയ്യാത്ത, ജനാലവെച്ചു പിടിപ്പിച്ചിട്ടില്ലാത്ത ആ വീടെന്ന രൂപത്തെ ഞാന്‍ ഏറെ നേരം നോക്കിനിന്നു. എത്രയോ പാവങ്ങള്‍ക്കുമുന്നില്‍ ആശ്വാസത്തിന്റെ തണലായ സായിറാം ഭട്ടിന് സ്വന്തം വീട് ഒരു ആഡംബരമേയല്ലായിരുന്നു..
സായിറാം ഭട്ടിന്റെ വീടുകളുടെ എണ്ണം ഇരുന്നൂറോട് അടുക്കുന്നു. സര്‍ക്കാര്‍ പോലും കൈമലര്‍ത്തിയ പാവങ്ങള്‍ക്കുമുന്നിലാണ് സായിറാം ഭട്ട് കരുണയുടെ ആകാശമായത്....സായിറാം (എബി കുട്ടിയാനം)ഭട്ടിനെക്കുറിച്ച് ഫീച്ചെറുഴുതിയിട്ട് വര്‍ഷം കുറേ കഴിഞ്ഞു. വീണ്ടും എഴുതണമെന്ന് ആരൊക്കെയോ പറഞ്ഞു. പക്ഷെ, ഇനിയൊരിക്കല്‍കൂടി നിനക്ക് അതിനെക്കുരിച്ചെഴുതാന്‍ കഴിയില്ലെന്ന് മനസ്സ് പറയുന്നു. ആ കാരുണ്യസ്‌പര്‍ശത്തിനുമുന്നില്‍ എന്റെ അക്ഷരങ്ങള്‍ തോല്‍ക്കും,,എന്റെ പേജും പേനയും വാക്കുകള്‍ക്കുവേണ്ടി കാത്തിരുന്ന് പരാജിതനാവും. ക്ഷമിക്കണം, ഞാന്‍ പിന്‍വാങ്ങുന്നു.
വീടില്ലാത്തവന്റെ ദു:ഖം തീരാനിലവിളിയായി സദാനിലകൊള്ളുമെന്ന സങ്കടങ്ങള്‍ക്കിടയിലാണ് ഈയിടെ ഒരു വാര്‍ത്ത കണ്ടത്. ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ അവതരിപ്പിച്ച് തരംഗം സൃഷ്‌ടിച്ച ടാറ്റാ ഗ്രൂപ്പ് നാനോ വീടുമായി രംഗത്തുവരുന്നു. ഗ്രാമപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വെറും 32,000 രൂപ മാത്രമാണ് വിലയെന്നുപറയുമ്പോള്‍ കുറേയേറെ പാവങ്ങളുടെ ഹൃദയം നിറയുന്നുണ്ട്. ഈവര്‍ഷം അവസാനത്തോടെ അവര്‍ വിലകുറഞ്ഞ വീടുകള്‍ അവതരിപ്പിച്ചുതുടങ്ങും. അംസബിള്‍ ചെയ്യാവുന്ന കിറ്റുകളായാണ് വീടുകള്‍ നല്‍കുന്നത്. ഇതില്‍ മേല്‍ക്കൂര, വാതിലുകള്‍, ജനാല എന്നിവയുണ്ടാകും. വീടുനിര്‍മ്മിക്കാന്‍ വെറും ഏഴു ദിവസം മതി. അടിസ്ഥാന മോഡലായ 20 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ് 32,000 രൂപയാണ്. 30 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ് 32,000 രൂപയാണ് ചിലവ്. 30 ചതുരശ്ര മീറ്ററുള്ള വീടാണെങ്കില്‍ ചെലവ് അല്‍പം കൂടി ഉയരും. ഏകദേശം 43,000 രൂപവരും.
000 000 000
അറബി കഥയിലെ പാട്ടുപോലെ വീടാണ് മനസ്സിലെപ്പോഴും. എവിടെ പോയാലും തിരികെ വരുന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമത്തോടൊപ്പം നമ്മുടെ വീടും കാത്തിരിപ്പുണ്ടാകും. പാന്റും കുപ്പായവും അഴിച്ചുമാറ്റി ടൈ അകലേക്ക് വലിച്ചെറിയുമ്പോള്‍ ഉമ്മയോടൊപ്പം വീടും വിളിച്ചു ചൊല്ലും എടാ , നീ എന്റെ പഴയ കുഞ്ഞുമോനായല്ലോട കുട്ട...
നാലാം ക്ലാസില്‍ വെച്ച് ഒരിക്കല്‍ രാേന്ദ്രന്‍ സാര്‍ ചോദിച്ചു എവിടെയാ വീട്. എല്ലാവരും അഹങ്കാരത്തോടെ തങ്ങളുടെ വീടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനെന്താണ് പറയേണ്ടതെന്ന് ചോദിച്ച് എന്നോട് ഒട്ടിച്ചേര്‍ന്ന് നിന്ന വീടില്ലാത്ത എന്റെ അനാഥനായ ആ കൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയായിരിക്കും. പഠിക്കാന്‍ മിടുക്കനായ അവന്‍ വലിയ ജോലിയൊക്കെ സമ്പാദിച്ച് നല്ല വീടുനിര്‍മ്മിച്ച് അമ്മയോടൊപ്പം സുഖമായി കഴിയുന്നുണ്ടാകുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം.
No comments:
Post a Comment