Tuesday, April 12, 2016

മട്ടക്കണയുടെ ബാറ്റ്‌ പിടിച്ച ആ കാലം




എബി കുട്ടിയാനം

മട്ടക്കണയുടെ ബാറ്റ്‌ പിടിച്ച്‌
സീമകൊന്നയുടെ തണ്ടില്‍ നാട്ടിവെച്ച
വിക്കറ്റിനുമുന്നില്‍ ഗാര്‍ഡെടുത്ത്‌ സ്വയം
കോഹ്‌ലിയായി മാറിയൊരു കാലം
നിങ്ങള്‍ക്കുമുണ്ടായിരുന്നില്ലെ.

സ്‌കൂള്‍ ടീമിന്റെ അന്തിമ ഇലവനില്‍
എന്റെ പേരില്ലെന്നറിഞ്ഞപ്പോള്‍
ഗ്യാലറിയിലിരുന്ന്‌ പൊട്ടിക്കരഞ്ഞ
എന്റെ സങ്കടത്തോളം വരില്ല
ബ്രാത്ത്‌ വെയ്‌റ്റിന്റെ സിക്‌സറിനുമുന്നില്‍
വിതുമ്പി പോയ ബെന്‍സ്റ്റോക്‌സിന്റെ ജീവിതം.

നാട്ടിന്‍ പുറത്തിന്റെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍
നന്നായി കളിച്ചിട്ടും കാത്തിരുന്ന മാന്‍ ഓഫ്‌
ദി മാച്ച്‌ പുരസ്‌ക്കാരം മറ്റൊരുത്തന്‍
കൊണ്ടുപോകുമ്പോള്‍ പകച്ചുപോയൊരു
ബാല്യമുണ്ടായിരുന്നില്ലെ എനിക്കും നിനക്കും...
ഞാനെന്റെ ദാദയ്‌ക്കുവേണ്ടി വാദിക്കുമ്പോള്‍
നിനക്ക്‌ നിന്റെ വീരൂവിന്റെ
വീരകഥകളായിരുന്നല്ലോ
പറയാനുണ്ടായിരുന്നത്‌.

രണ്ട്‌ ട്രിപ്പിളില്ലെങ്കിലും
എന്റെ ദാദയുടെ ആര്‍ജ്ജവത്തിന്‌
മുന്നില്‍ നിന്റെ വീരു ഒന്നുമല്ലെന്ന്‌ പറയുമ്പോള്‍
നീ എന്നോട്‌ തട്ടികയറിയത്‌
ഞാന്‍ ഇന്നുമോര്‍ക്കുന്നുണ്ട്‌

എന്നും തര്‍ക്കിച്ചിരുന്ന നമ്മള്‍
ശ്രീശാന്തിന്റെ അഹങ്കാരത്തിനുമുന്നില്‍
മാത്രം നമ്മള്‍ ഒന്നായിരുന്നു.
ജീവിതത്തില്‍ ഇതുവരെ ആരും ഇന്ത്യന്‍ ടീമില്‍
കളിച്ചിട്ടില്ലെന്ന ഭാവത്തില്‍ അവന്‍
ഭ്രാന്തനെപോലെ പെരുമാറുമ്പോള്‍
ഇത്‌ എന്ത്‌ വെറുപ്പിക്കലാണ്‌ ബാബുവേട്ട
എന്ന്‌ നമ്മള്‍ ഒരേ സ്വരത്തില്‍
ചോദിക്കുമായിരുന്നില്ലെ... 

No comments:

Post a Comment