എബി കുട്ടിയാനം
പരവൂര്‍...നിന്നെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ കൃഷ്‌ണയും കിഷോറും എന്നെ കരയിപ്പിക്കുന്നു...ഒരു പടക്കം പൊട്ടിതീരുമ്പോഴേക്ക് ഇല്ലാതായിപ്പോയ അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിതുമ്പുന്ന ആ കുഞ്ഞുങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കു പോലും കണ്ണീരിന്റെ നനവാണ്...
ഞാന്‍ എങ്ങനെയാണ ഡാ നിങ്ങളെക്കുറിച്ച് എഴുതിമുഴുപ്പിക്കേണ്ടത്...കുഞ്ഞനുജന്റെ തലയില്‍ തലോടി കൊണ്ട് കരയരുതെന്ന് ആശ്വസിപ്പിക്കുമ്പോള്‍ സ്വയം വിങ്ങിപ്പോകുന്ന കൃഷ്‌ണയുടെ ചിത്രം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുകയാണല്ലൊ ദൈവമേ...
അനാഥത്വം വല്ലാത്ത നോവാണെന്ന് ആ കുഞ്ഞുങ്ങള്‍ പറയാതെ പറയുമ്പോള്‍ അത് കേരളക്കരയുടെ നൊമ്പരമായി മാറുകയാണ്.
കേരളത്തെ കണ്ണീരിലാഴത്തി കളഞ്ഞ പരവൂര്‍ ദുരന്തത്തിന്റെ ഏറ്റവും സങ്കടകരമായ ചിത്രം കൃഷ്‌ണയും കീഷോറും തന്നെയാണ്.
000 000 000
അച്ഛനും അമ്മയുമില്ലാത്ത വീട്ടില്‍ അവര്‍ കരഞ്ഞുതളരുന്നു...വിരിപ്പും പായയും കണ്ണീരില്‍ കുതിര്‍ന്നു നനഞ്ഞുപോവുകയാണ്...പ്രിയപ്പെട്ട അച്ഛനും അമ്മയും ഇനി വരില്ലെന്ന സത്യത്തിനുമുന്നില്‍ അവര്‍ തളര്‍ന്നുവീഴുന്നു...
ഒരു മനുഷ്യന് ഈ ലോകത്തേ വെച്ച് കാണേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം ഉറ്റവരുടെ മരണമാണ്...കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്ത ദു:ഖമായി അത് മനസ്സിനെ സങ്കടപ്പെടുത്തികൊണ്ടിരിക്കും..
കൃഷ്‌ണയുടെയും കിഷോറിന്റെയും(എബി കുട്ടിയാനം)ആത്മനൊമ്പരത്തെ ഏതു വാക്കുപയോഗിച്ചാണ് നമുക്ക് ആശ്വസിപ്പിക്കാനാവുക. ഒരു പടക്കം പൊട്ടി തീരുമ്പോഴേക്കാണല്ലോ അവരുടെ അച്ഛനും അമ്മയും ചാരമായിപോയത്. പലഹാരങ്ങളുടെ പൊതിയുമായി ഇനി അവര്‍ വരില്ലെന്ന സത്യത്തിനുമുന്നില്‍ പകച്ചുപോവുകയാണ് ആ കുഞ്ഞുങ്ങള്‍...
അച്ഛനും അമ്മയുമില്ലാത്ത വീട് വീടേയല്ലന്നും, അവരില്ലാത്ത ജീവിതം ജീവിതമേയല്ലന്നും കൃഷ്‌ണയും കിഷോറും ഓരോ വിതുമ്പലിലും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പിണങ്ങാനും വാശിപിടിക്കാനും ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും ഇനി അവരില്ല...പാഠഭാഗങ്ങള്‍ പഠിച്ചിരിക്കുന്ന സന്ധ്യാനേരങ്ങളില്‍ പലഹാര പൊതിയുമായി വരുന്ന അച്ഛനെയാണ് അവര്‍ക്ക് നഷ്‌ടമായത്..കൂലപണിയെടുത്ത് ക്ഷീണിച്ച് കയറിവരുമ്പോഴും മക്കളെ ചേര്‍ത്ത് പിടിച്ച് തലോടുന്ന അമ്മയാണ് അവര്‍ക്കിടിയില്‍ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങിപോയത്...
000 000 000
വടക്കുംഭാഗം കുറുമണ്ടലിലെ ബെന്‍സിയും ബേബി ഗിരിജയും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനായി രാപ്പകല്‍ ഭേദമില്ലാതെ അധ്വാനിച്ചുകൊണ്ടിരുന്ന പാവങ്ങളായിരുന്നു. പാതിവഴിയിലായ വീടും മക്കളുടെ വിദ്യഭ്യാസ ചെലവുമെല്ലാം അവര്‍ക്കു മുന്നില്‍ വലിയ ചോദ്യങ്ങളായി മാറുമ്പോള്‍ രാത്രിയും പകലും അവര്‍ വെവ്വേറെ പണിയെടുത്ത് കൊണ്ട് ജീവിതത്തിന് പുതിയ നിറങ്ങള്‍ പകര്‍ന്നുകൊണ്ടിരുന്നു...പകല്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന ബെന്‍സി വൈകുന്നേരമാകുമ്പോള്‍ ഉന്തുവണ്ടിയില്‍ ചായ വില്‍പ്പന തുടങ്ങും, തൊഴിലുറപ്പ് പണിക്കുപോകുന്ന ഗിരിജ രാത്രിയാകുമ്പോള്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ ഉന്തുവണ്ടിക്കരികിലെത്തും...
ടൗണിലായിരുന്നു കച്ചവടം. പരവൂരില്‍ ഉത്സവമായതിനാല്‍ അന്ന് കച്ചവടം ഉത്സവപറമ്പിലേക്ക് മാറ്റി...ദുരന്തം അവിടെയായിരുന്നു കാത്തിരുന്നത്. കൃഷ്‌ണയും കിഷോറും അന്ന് അച്ഛന്റെ ഉന്തുവണ്ടിക്കരികിലുണ്ടായിരുന്നു. അല്‌പ്പം മുമ്പ് (എബി കുട്ടിയാനം)കൃഷ്‌ണ അടുത്ത വീട്ടിലേക്കും അനുജന്‍ കിഷോര്‍ ഒരു സാധനം വാങ്ങുവാനായി മറ്റൊരു കടയിലേക്കും പോയി. അതിനിടയിലെപ്പഴോ ആണ് അത് സംഭവിച്ചത്...
എല്ലാം ഒറ്റ നിമിഷം കൊണ്ട് ചാരമായപ്പോള്‍ കൃഷ്‌ണയ്‌ക്കും കിഷോറിനും നഷ്‌ടമായത് അവരുടെ എല്ലാമെല്ലാമായ അച്ഛനെയും അമ്മയെയുമായിരുന്നു....
000 000 000
ഇല്ലായ്‌മയുടെ വല്ലായ്‌മയ്‌ക്കിടയിലും മക്കള്‍ അവര്‍ക്ക് ജീവനായിരുന്നു...അവര്‍ക്കു ആവശ്യമുള്ളതെല്ലാം ഒരു കുറവും അറിയിക്കാതെ വാങ്ങിക്കൊടുക്കും ആ അച്ഛനും അമ്മയും...സ്‌കൂളിലേക്ക് ഒന്നിച്ച് പോകാന്‍ സൈക്കിളും ഒന്നിച്ച് കളിക്കാന്‍ ഫുട്‌ബോളും ചിത്രം വരച്ചുകളിക്കാന്‍ പെന്‍സിലുകളുമെല്ലാം അവര്‍ മക്കള്‍ക്ക് വാങ്ങിക്കൊടുത്തു...ഒരേ സൈക്കിളില്‍ ഒന്നിച്ചായിരുന്നു അവര്‍ സ്‌കൂളില്‍ പോയിരുന്നത്...
സ്‌നേഹം കൊണ്ട് സ്വര്‍ഗ്ഗം തീര്‍ത്ത ആ വീട്ടില്‍ ഇനി തങ്ങളുടെ പ്രിയപ്പെട്ട അച്ഛനും അമ്മയുമില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോഴൊക്കെ വിതുമ്പി പോവുകയാണ് ആ കുഞ്ഞുങ്ങള്‍...
000 000 000
ഒറ്റ നിമിഷം കൊണ്ട് ആരുമില്ലാതായി പോയ ആ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ദത്തെടുത്തു. സര്‍ക്കാറിന്റെ മോനും മോളുമായി വളരുമ്പോഴും എല്ലാ സൗകര്യവും അരികിലെത്തുമ്പോഴും അച്ഛന്റെ ഉന്തുവണ്ടിക്കരികിലിരുന്ന് കപ്പയും കപ്പലണ്ടിയും തിന്ന് ജീവിച്ച
ആ ജീവിതത്തോളം വരില്ലല്ലോ ഇനിയുള്ള ഒരു സുഖവും. തങ്ങള്‍ പഠിച്ചു വളരുന്നത് കാണാന്‍ വല്ലാതെ ആഗ്രഹിച്ച അച്ഛനും അമ്മയുമില്ലാത്ത ലോകത്ത് എന്ത് പ്രതീക്ഷയോടെയാണ് ഇനി വളരേണ്ടതെന്ന് ആ കുഞ്ഞുമക്കളുടെ മനസ്സ് ചോദിച്ചുകൊണ്ടേയിരിക്കും...
000 000 000
കൃഷ്‌ണ...നിന്നോടും നിന്റെ കുഞ്ഞനുജനോടും എനിക്കൊന്നും പറയാനാവുന്നില്ല എന്റെ അക്ഷരങ്ങള്‍ കണ്ണീരില്‍ കുതിരന്ന് തീര്‍ന്നുപോകുന്നു എന്നോട് ക്ഷമിക്കുക ഞാന്‍ അകലെ മാറി നിന്ന് വിതുമ്പിക്കോട്ടെ...
000 000 000
കൃഷ്‌ണ...
ഞാനൊരിക്കലും നിന്റെ അച്ഛന്റെ
ഉന്തുവണ്ടിക്കരികിലേക്ക്
ചായ കഴിക്കാന്‍ വന്നിട്ടില്ല
ഞാന്‍ നിന്റെ അമ്മയുടെ
സഹോദരനായി ജനിച്ചിട്ടുമില്ല
നമ്മളൊരിക്കലും കള്ളനുംപോലീസും
കളിച്ച് തല്ലുകൂടിയിട്ടുമില്ല
എന്നിട്ടും
നീയും നിന്റെ കുഞ്ഞനുജനും
എന്റെ ആരൊക്കയോ ആയി മാറുന്നു
അച്ചനും അമ്മയുമില്ലാത്ത വീട്ടില്‍
ചായം തേക്കാത്ത ചുമരിനോട് ഒട്ടിച്ചര്‍ന്ന്
നീയും നിന്റെ കുഞ്ഞനുജനും
കരഞ്ഞു തളരുമ്പോള്‍ തളര്‍ന്നുപോകുന്നത്
എന്റെ കൂടി ഹൃദയമാണ്
പിണങ്ങാനും വാശിപിടിക്കാനും
ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും
ഇനി അവരില്ലെന്നറിയുമ്പോള്‍
നീയും നിന്റെ അനുജനും അനുവഭിക്കുന്ന നോവിനെ
ഞാനെങ്ങനെയാണ് പറഞ്ഞാശ്വസിപ്പിക്കേണ്ടത്
ഒരു പടക്കം പൊട്ടിതീരുമ്പോഴേക്കും
കരിഞ്ഞമര്‍ന്നുപോയ നിങ്ങളുടെ
അച്ഛനും അമ്മയ്‌ക്കും പകരമാവില്ല
എന്റെ ഈ സ്‌നേഹാക്ഷരങ്ങള്‍
ഡാ, കരയല്ല ഡാ
ഞങ്ങളൊക്കെയുണ്ടല്ലോ എന്ന്
പറഞ്ഞാലും നിന്റെ അമ്മയോളം
വളരാനാവില്ലല്ലോ ഞങ്ങള്‍ക്കൊരിക്കലും
കൃഷ്‌ണ
എങ്കിലും പറയട്ടെ
മോളെ, നീ എന്റെ കുഞ്ഞുപെങ്ങളാണ്
കിഷോര്‍ എന്റെ കുഞ്ഞനുജനും
സ്‌നേഹത്തിന്റെ ഈ ഭൂമിയില്‍ നിങ്ങള്‍
അനാഥരല്ലെന്ന് ഞാന്‍ പറഞ്ഞോട്ടെ
മോളെ കരയരുത്
നീ കരഞ്ഞാല്‍ നിന്റെ കുഞ്ഞനുജനും
വിതുമ്പലടക്കനാവില്ല...
No comments:
Post a Comment