Wednesday, April 6, 2016

ഉറക്കം ഒരു സുഖമാണ്‌....



എബി കുട്ടിയാനം

ഉറക്കം വല്ലാത്തൊരു അനുഭൂതിയാണ്‌...മരണത്തിന്റെ ഒരു റിഹേഴ്‌സലാണത്‌...കണ്ണുകള്‍ക്കുമേലെ ഉറക്കം വിരുന്നെത്തുന്നതോടെ നമ്മള്‍ മറ്റൊരു ലോകത്താകും...പിന്നെ ഈ ഭൂമിയിലെ ഒരു ചലനവും നമ്മളറിയുന്നില്ല...ഒരു കൊച്ചു മരണമാണ്‌ നമ്മുടെ ഓരോ ഉറക്കവും...കണ്ണടച്ചാല്‍ നീ ഒന്നുമല്ലെന്ന്‌ ഉറക്കം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...എല്ലാ ദിക്കിലും ജയിക്കുന്ന മനുഷ്യന്‍ മരണത്തിനുമുന്നില്‍ മാത്രം തോറ്റുപോകുന്നതുപോലെ എത്ര പിടിച്ചു നിന്നാലും ഉറക്കത്തിനുമുന്നിലും അവസാനം നമ്മള്‍ തോറ്റു മടങ്ങും...
ഉറക്കം നഷ്‌ടപ്പെട്ടുപോയ ഒരുപാട്‌ രാത്രികളുടെ കഥ പറയാനുണ്ടാകും നിങ്ങളുടെ മനസ്സിനും...ദു:ഖങ്ങള്‍ കുന്നുകൂടിയ ഒരു പകലിനൊടുവില്‍ തിരിഞ്ഞും മറിഞ്ഞും കടന്നിട്ടും ഒരുപോള കണ്ണടക്കാനാവാതെ കണ്ണീര്‍വാര്‍ത്ത ഒരു രാത്രിയില്ലെ നിങ്ങളുടെ ഓര്‍മ്മയില്‍...നീണ്ട തീവണ്ടി യാത്രയില്‍ റിസര്‍വ്വേഷന്‍ കണ്‍ഫോമാകാതെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്‌ത ആ നിമിഷത്തില്‍ നിങ്ങളും ഉറക്കത്തിന്റെ വിലയറിഞ്ഞിട്ടുണ്ടാവും...വേണ്ടപ്പെട്ടൊരാള്‍ തീവൃപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കഴിയുമ്പോള്‍ ആശുപത്രി വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ നേരം വെളിപ്പിച്ചൊരു മനുഷ്യനില്ലെ നിങ്ങളുടെ ഉള്ളില്‍...കല്ല്യാണ വീട്ടിലും ഉത്സവനഗരിയിലും ഉറങ്ങാനാവാതെ പോയതിന്റെ പരിഭവം പങ്കുവെക്കുന്ന ഒരു ശരാശരി മനുഷ്യനല്ലെ ഞാനും നീയും...
സ്ഥലം മാറി കിടന്നാല്‍ എനിക്ക്‌ ഉറക്കം (എബി കുട്ടിയാനം)വരില്ലെന്ന്‌ അഭിമാനത്തോടെ പറയുന്ന പ്രിയപ്പെട്ട കൂട്ടുകാര...തല ചായ്‌ക്കാന്‍ ഒരിടമില്ലാതെ ബസ്‌ സ്റ്റാന്റിന്റെ തിണ്ണിയല്‍ കിടന്നുറങ്ങുന്ന പാവങ്ങളെക്കുറിച്ച്‌ നീ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ...ഒട്ടും ഉറങ്ങാതെ നേരം പുലരും വരെ പഠിച്ചിട്ട്‌ അവസാനം പരീക്ഷ ഹാളില്‍ ഉറങ്ങിപോയ ബാല്യമായിരുന്നു ഇതു വഴി കടന്നുപോയത്‌...എന്താട, ഇത്ര പെട്ടെന്ന്‌ ഉറങ്ങുന്നത്‌, നീ ഉറങ്ങിയാല്‍ വീട്‌ ഉറങ്ങിപോകുമല്ലോട എന്ന്‌ പറഞ്ഞ്‌ സ്‌നേഹത്തോടെ വിളിച്ചുണര്‍ത്തുന്ന ഉമ്മയെ ഓര്‍മ്മിപ്പിക്കുന്നു ഓരോ ഉറക്കവും...ഉറക്കം ഒരു വ്യക്തിയുടെ ഊര്‍ജ്ജസ്വലതയെ അടയാളപ്പെടുത്തുന്നു...അതിരാവിലെ ഉണരാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണ്‌...നാലു മണിക്കും അഞ്ചു മണിക്കും ഉണരുന്നവര്‍ ഒരു ദിവസത്തെ ധന്യമാക്കും...എട്ടു മണി പിന്നിട്ടാലും ഉണരാത്ത മടിയാന്മാര്‍ ഭൂമിക്കൊരു ഭാരമായി വീടിന്റെ ഐശ്വര്യം കെടുത്തി നിലകൊള്ളും...മതവും മാതാചര്യന്മാരും ശാസ്‌ത്രവും ശാസ്‌ത്രപാഠവും പഠിപ്പിക്കുന്നത്‌ അതിരാവിലെ ഉണരണമെന്നാണ്‌...പക്ഷെ, പറഞ്ഞിട്ടെന്ത്‌ ന്യൂജനറേഷന്‍ പിള്ളേര്‍ ഈ ഉപദേശങ്ങളെ തിരുത്തിയെഴുതുകയാണിപ്പോള്‍...പുലരുവോളം വാട്‌സ്‌ആപ്പിന്‌ മുന്നല്‍ തലതാഴ്‌ത്തി നില്‍ക്കുന്ന സമൂഹം നേരം വെളുക്കാറാകുമ്പോള്‍ കിടന്നുറങ്ങി പത്തു മണിയും പിന്നിട്ട്‌ ഉണരുന്നവാരായി മാറുകയാണ്‌...ഉറക്കം നിന്നെ നാശത്തിലേക്ക്‌ നയിക്കുമെന്ന്‌ ന്യൂജനറേഷന്‍ ശൈലി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌...
000 000 000
ഉറക്കത്തെക്കുറിച്ച്‌ എഴുതുമ്പോഴൊക്കെ ബാല്യം ഒരു വാത്സല്ല്യമായി മനസ്സില്‍ നിറയുന്നു...ഇരുപത്‌ മണിക്കൂറിലേറെ ഉറങ്ങിയ കുഞ്ഞുന്നാള്‍...ഉണരുമ്പോഴൊക്കെ ഉമ്മയുടെ താരാട്ട്‌ കേട്ട്‌ വീണ്ടും ഉറങ്ങിയ ആ കാലം...ബാല്യം പിന്നിട്ട്‌ ബാല്യക്കാരനായപ്പോഴും ഉറക്കം ഒരനുഭൂതിപോലെ മനസ്സിനെ പിന്തുടര്‍ന്നു...രാവിലെ സുബ്‌ഹിക്ക്‌ ഉണരണമെന്നത്‌ വീട്ടിനുള്ളിലെ നിയമമാകുമ്പോഴും ഉറക്കിന്റെ (എബി കുട്ടിയാനം)ആലസ്യത്തിനിടയില്‍ അതിനെ തെറ്റിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഉമ്മയുടെ ശകാരവര്‍ഷം തുടങ്ങും...അവസാനം ദേഹത്ത്‌ വെള്ളം കുടഞ്ഞ്‌ എഴുന്നേല്‍പ്പിക്കുമ്പോള്‍ പിറുപിറുക്കുന്നുണ്ടാകും നമ്മുടെ ചുണ്ടുകള്‍...ഒന്ന്‌ നന്നായി ഉറങ്ങാന്‍ വേണ്ടി അവധി ദിനത്തിനുവേണ്ടി കാത്തിരുന്ന ബാല്യമായിരുന്നില്ലെ എന്റേതും നിന്റേതും...പുറത്ത്‌ മഴ പാട്ടുപാടുമ്പോള്‍ മൂടി പുതച്ചുറങ്ങാന്‍ കൊതിക്കുന്ന ഒരു മനസ്സില്ലെ നമുക്ക്‌..തണുപ്പുള്ള പുലരിയില്‍ കമ്പിളിപുതപ്പിനെ പ്രണയിക്കുമ്പോള്‍ ഈ പ്രഭാതം അവസാനിക്കാതിരുന്നെങ്കില്‍ എന്നാശിച്ചുപോവാറില്ലെ നമ്മള്‍...അവധി ദിവസത്തെ ഉറങ്ങി തീര്‍ക്കുമ്പോള്‍ എന്താട അത്‌ പോത്തുപോലെ ഉറങ്ങുകയോ എന്ന്‌ചോദിച്ച്‌ പേടിപ്പിക്കുന്ന ഉമ്മയുടെ കണ്ണുരുട്ടലിന്‌ താരട്ടുപാട്ടിന്റെ അതെ സുഖമുണ്ട്‌...
000 000 0000
ഇവിടെ ഇരുട്ടാകുമ്പോള്‍ അമേരിക്കയില്‍ നേരം വെളുക്കും..അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നത്‌ ഇന്ത്യയും അമേരിക്കയും അടുത്തടുത്തായിരുന്നെങ്കില്‍ ഇവിടെ നേരം വെളുക്കുമ്പോള്‍ അമേരിക്കയില്‍ പോയി കിടുന്നുറങ്ങാമായിരുന്നുവെന്ന്‌ ഫേസ്‌ ബുക്കില്‍ കുറിച്ച്‌ വെച്ച കുസൃതിക്കാരനായ കൂട്ടുകാരന്‍ ഉറക്കത്തിനുമുന്നില്‍ തോറ്റുപോയവന്റെ പ്രതിനിധിയാണ്‌...
ഉറക്കം മനുഷ്യനെ മടിയനാക്കി മാറ്റുന്നു...ഉറക്കം അവന്റെ എല്ലാ പരാജയങ്ങളുടെയും ഹേതുവായി തീരുന്നു...ഉറക്കത്തെ പ്രണയിക്കുമ്പോള്‍ നമ്മള്‍ മറ്റെല്ലാ ദിക്കിലും തോറ്റുപോകുന്നു...ജീവിതം ഉറങ്ങി തീര്‍ത്തവന്‍ ജീവിതത്തില്‍ ഒന്നുമല്ലാത്തവനായി മാറുന്നു...ജയിച്ച മഹാന്മാരെല്ലാം കുറച്ചു മാത്രം ഉറങ്ങിയവരായിരുന്നു...ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടി അവര്‍ ഒരുപാട്‌ സുഖങ്ങള്‍ വേണ്ടെന്നു വെക്കുന്നു.
ഒരിക്കല്‍ എന്റെ ഗുരു എന്നോട്‌ പറഞ്ഞു. നീ നിന്റെ ജീവിതത്തിലെ ഒരു മോശം ശീലം ഒഴിവാക്കുകയാണെങ്കില്‍ നിനക്ക്‌ ജീവിതത്തില്‍ ഒരുപാട്‌ ഉയരത്തിലെത്താന്‍ കഴിയും. രാവിലെ ഏറെ വൈകും വരെ കിടന്നുറങ്ങുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ഗുരുവിന്റെ വാക്ക്‌ കേട്ട അന്നുമുതല്‍ ഞാന്‍ അതിരാവിലെ ഉണരാന്‍ തുടങ്ങി. അത്‌ എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.
(സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥയില്‍ നിന്ന്‌)
000 000 000
പ്രായം കൂടും തോറും ഉറക്കം കുറയുന്നു...വയസന്മാര്‍ അതിരാവിലെ എഴുന്നേറ്റിരുന്ന്‌ വര്‍ത്തമാനം തുടങ്ങുമ്പോള്‍ നമ്മള്‍ പറയും...നിങ്ങള്‍ക്ക്‌ ഉറക്കില്ലെ...ഉറങ്ങാതിരിക്കാന്‍ മാത്രം എന്തു പ്രശ്‌നമാണ്‌ നിങ്ങള്‍ക്കുള്ളത്‌...പക്ഷെ, വയസുകൂടുന്നതോടെ ഉറക്കം കുറയുകയാണെന്ന സത്യത്തെ നമ്മള്‍ തിരിച്ചറിയുന്നില്ല...(എബി കുട്ടിയാനം)വയസ്സന്മാരും കുഞ്ഞുങ്ങളും സകലകാര്യത്തിലും തുല്യരാണെന്ന സത്യം ഇവിടെയും യാഥാര്‍ത്ഥ്യമാകുന്നു...
000 000 000
ഉറങ്ങി തോല്‍ക്കുന്നുരെപോലെ തന്നെയാണ്‌ ഉറങ്ങാതെ ജീവിതത്തെ തള്ളി നീക്കുന്നവനും...ഉറക്കം ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്ന സത്യത്തെ അവന്‍ മറക്കുന്നു...വേണ്ടസമയത്ത്‌ വേണ്ടപോലെ ഉറങ്ങണമെന്ന്‌ ഡോക്‌ടര്‍മാര്‍ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കുന്നു. ആവശ്യമായ ഉറക്കം കിട്ടാത്ത ശരീരം പലവിധ രോഗങ്ങളിലേക്കും വീണുപോവുകയും ചെയ്യും. ഉറക്കമിളിച്ചിരിക്കുന്നവരെ പലവിധി ശാരീരികസ മാനസീക ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും....ഫൈബ്രോമയാള്‍ജിയ, ആര്‍ത്രൈറ്റിസ്‌, ഇറിറ്റബ്‌ള്‍ ഡവല്‍ സിംന്‍ഡ്രം, രക്തസര്‍മ്മര്‍ദ്ദം, കൊഴുപ്പിന്റെ ആധിക്യം, അനിയന്ത്രിതമായ പിരിമുറുക്കം, അമിതഭക്ഷണശീലം, പൊണ്ണത്തടി, പ്രമേഹംസ തുടങ്ങി നിരവധി സങ്കീര്‍ണ്ണതകള്‍ പിടിപ്പെട്ടേക്കാം...
000 000 000
നല്ല ബെഡ്‌ വാങ്ങാന്‍ നമുക്ക്‌ കഴിയും പക്ഷെ, ഉറക്കം വില കൊടുത്ത വാങ്ങാനാവില്ല...ഒരു നന്മയെങ്കിലും ചെയ്‌ത ദിവസമായിരിക്കും ജീവിതത്തില്‍ നമ്മള്‍ നന്നായി ഉറങ്ങുക...നല്ല (എബി കുട്ടിയാനം)ഭക്ഷണെം കഴിച്ച്‌ വയറ്‌ നിറച്ച ദിവസം നമുക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞെന്ന്‌ വരില്ല...എന്നാല്‍ ഒരു പാവം മനുഷ്യന്റെ പട്ടിണിമാറ്റിയ ദിവസം നമ്മള്‍ സുഖമായി ഉറങ്ങും...
മാനസികാരോഗ്യം മെച്ചപ്പെട്ടവര്‍, ശുഭാപ്‌തിവിശ്വാസികള്‍, സ്വാര്‍ത്ഥത കുറഞ്ഞവര്‍, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം നന്നായി ഉറങ്ങുന്നവരാണെന്ന്‌ പഠനം തെളിയിക്കുന്നു.
എന്നാല്‍ സാമൂഹികബോധം കുറഞ്ഞവര്‍, വ്യക്തിനിഷ്‌ഠ ജീവിതവും വീക്ഷണവും ശീലിച്ചവര്‍, പരപീഡ ആഗ്രഹിക്കുന്നവര്‍...ഇവരൊക്കെ ഉറക്കം കുറഞ്ഞവരാണെന്നും പറയപ്പെടുന്നു...
000 000 000
ഉറക്കത്തെ ആഘോഷമാക്കിയ നമ്മള്‍....ഉറക്കം വിട്ടൊഴിയാനാവാതെ അതിനെ പ്രണയിച്ചു കിടന്നുറങ്ങിയ നമ്മള്‍...ഒന്ന്‌ കിടന്നുറങ്ങണായിരുന്നുവെന്ന്‌ ആയിരം അനുഭൂതിയോടെ പറഞ്ഞ നമ്മള്‍...ഉറ്റവരരുടേയും ഉടയവരുടേയും ഉറക്കം കെടുത്തി അവസാനം ഒരിക്കലും ഉണരാത്ത ഒരു ഉറക്കിലേക്ക്‌ നടന്നുപോകുന്നു....ഉറക്കമേ ഒരു പ്രതിഭാസമല്ലാതെ മറ്റെന്താണ്‌ നീ...


No comments:

Post a Comment