Sunday, April 24, 2016

ദൈവമേ എന്തൊരു ചൂടാണിത്‌....



എബി കുട്ടിയാനം

നമ്മള്‍ ചെയ്‌തുവെച്ച ക്രൂരതകള്‍ക്ക്‌ പ്രകൃതി പകരം ചോദിക്കുക തന്നെ ചെയ്യും. കൂടുതല്‍ പണം തേടി ജീവിതത്തെ അടിച്ചുപൊളിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ കണ്ണില്‍ കണ്ട മരങ്ങളെയും ചെടികളെയും വെട്ടിമാറ്റിയതിന്‌ ഭൂമി നല്‍കുന്ന ശിക്ഷയാണ്‌ ഈ ചൂട്‌. പുഴ എന്നുള്ളത്‌ മണല്‍ വാരാനുള്ള ഇടങ്ങള്‍ മാത്രമാണെന്നും മരം എന്നത്‌ വെട്ടിമാറ്റി വില്‍പ്പന നടത്താനുള്ള തടികള്‍ മാത്രമാണെന്നും കണക്കുകൂട്ടിയവര്‍ നശിപ്പിച്ചു കളഞ്ഞത്‌ ഈ പ്രകൃതിയെ തന്നെയായിരുന്നു. മരവും പുഴയും നശിക്കുന്നതോടെ ഈ ഭൂമി തന്നെ നശിക്കുമെന്ന്‌ ആരോ വിളിച്ചുപറഞ്ഞപ്പോള്‍ കളിയാക്കി ചിരിച്ചവരും ഈ ചൂടിനിടയില്‍ ഇന്ന്‌ വിയര്‍ത്തു കുളിച്ച്‌ അസ്വസ്ഥരാവുന്നുണ്ട്‌.
ഈ പ്രകൃതിയും പ്രകൃതിയിലെ വിഭവങ്ങളും നമ്മള്‍ കൊണ്ടുവന്നതല്ല, അത്‌ പോയ തലമുറ നമുക്ക്‌ കൈമാറിയ സമ്പത്തായിരുന്നു. ഈ ലോകത്തെ കാലാവധി പൂര്‍ത്തിയാക്കി നമ്മള്‍ മടങ്ങിപോകുമ്പോള്‍ അത്‌ പുതിയ തലമുറകള്‍ക്ക്‌ കൈമാറാനുള്ളതാണ്‌. പക്ഷെ ഞാനും എന്റെ ലോകവും എന്ന്‌ ചിന്തിച്ചവര്‍ ആര്‍ത്തിമൂത്ത്‌ പ്രകൃതിയെ പിച്ചിചീന്തുകയായിരുന്നു. എല്ലാ പുഴയും എന്റേതാവണമെന്നും എല്ലാ മണലും ഞാന്‍ ഊറ്റിയെടുക്കുമെന്നും വാശിപിടിച്ചവര്‍ നശിപ്പിച്ചു കളഞ്ഞത്‌ ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശത്തെ തന്നെയായിരുന്നു.
000 000 000
പണ്ട്‌ മദ്രസയില്‍ ക്ലാസെടുക്കുമ്പോള്‍ പാഠഭാഗങ്ങളിലൂടെ വിരലോടിച്ച്‌ ഉസ്‌താദ്‌ പറയുമായിരുന്നു. ഈ ലോകം അവസാനിക്കാറാകുമ്പോള്‍ ചൂട്‌ വര്‍ദ്ധിക്കും.ഭൂമി ചുട്ടുപൊള്ളും, ചൂട്‌ കൊണ്ട്‌ മനുഷ്യന്‌ ഭൂമിയില്‍ നില്‍ക്കാനാവാത്ത അവസ്ഥവരും...
എന്തല്ലെ...ഇന്ന്‌ പുലര്‍കാലത്തു പോലും വിയര്‍ത്തുകുളിക്കുകയാണ്‌ നമ്മുടെ മേനികള്‍, ഒരു എയര്‍ കൂളറിനും ആശ്വാസം തരാനാവാത്ത ചൂടാണ്‌ ചുറ്റിലുമുള്ളത്‌...നിര്‍ത്താതെ കറങ്ങുന്ന ഫാനുകള്‍ സമ്മാനിക്കുന്നത്‌ ചൂട്‌ കാറ്റാണ്‌...ഉറക്കം വരാതെ കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു...ഏതു ജനാല തുറന്നുവെച്ചാലും അടിച്ചുവീശുന്നത്‌ ചൂടു കാറ്റുമാത്രം...ഇതുപോലൊരു ചൂട്‌ ഞാനെന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്ന്‌ ഉമ്മാമ പറയുന്നു...ഓരോ വയസ്സന്മാര്‍ക്കും പറയാനുള്ളത്‌ കാലാവസ്ഥയുടെ ഈ വല്ലാത്ത മാറ്റത്തെക്കുറിച്ച്‌ മാത്രമാണ്‌...വേനല്‍ മഴ എന്നുള്ളത്‌ ദൈവത്തിന്റെ സമ്മാനമായിരുന്നു. ഭൂമി ചൂടിലേക്ക്‌ വീഴുന്ന മാര്‍ച്ചിലും എപ്രില്‍ മാസത്തിലും ഒന്ന്‌ രണ്ട്‌ മഴകള്‍ തന്ന്‌ ദൈവം ഭൂമിയെ തണുപ്പിക്കും...ആ വെള്ളവും ആ കുളിരും ഭൂമിയെ റി ഫ്രഷ്‌ ചെയ്യും. അതിന്റെ അനുഭൂതിയില്‍ ഒരു മഴക്കാലം വരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു നമുക്ക്‌...പക്ഷെ, ഇന്ന്‌ കൊതിപ്പിച്ചു മടങ്ങുന്ന മഴമേഘങ്ങള്‍പോലുമില്ലാതെ ആകാശം നിരാശ സമ്മാനിക്കുകയാണ്‌. ഇന്ന്‌ മഴയുണ്ടാകുമെന്ന്‌ പ്രതീക്ഷയോടെ പറയാന്‍ ഒരു കറുത്ത മേഘം പോലും എത്തി നോക്കുന്നില്ല.
മരുഭൂമിയിലേക്ക്‌ പ്രവാസം നയിക്കാന്‍ പോയ കൂട്ടുകാര്‍ ചൂടിന്റെ കാഠിന്യത്തെക്കുറിച്ച്‌ പറയുമ്പോള്‍ പണിയെടുക്കാന്‍ പറ്റാത്ത ചൂടോ...ഒന്ന്‌ പോടൈ എന്ന്‌ പറഞ്ഞ്‌ പരിഹസിച്ച നമ്മള്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും പറ്റാതെ വീട്ടിനുള്ളല്‍ പകച്ചുനില്‍ക്കുന്നു.

കിലോ മീറ്ററുകള്‍ നടന്ന്‌ യാത്ര ചെയ്‌തിരുന്ന നമ്മള്‍ക്കിന്ന്‌ വെയിലിന്റെ കാഠിന്യത്തില്‍ ബൈക്കുകളില്‍ പോലും യാത്ര ചെയ്യാനാവുന്നില്ല, കറുത്ത കാറുകളും തിങ്ങി നിറഞ്ഞ ബസും നമുക്ക്‌ അസ്വസ്ഥതയുടേതാണ്‌...ഒരു പകല്‍ മുഴുവന്‍ ഗ്രൗണ്ടില്‍ നിന്ന്‌ മാറാതെ വെയിലത്ത്‌ കളിച്ച നമ്മള്‍ ഒരു മിനിറ്റുപോലും വെയിലേല്‍ക്കാനാവാതെ തോറ്റ്‌ മടങ്ങുന്നു...കളികളൊക്കെ ഫ്‌ളഡ്‌ലൈറ്റ്‌ വെളിച്ചത്തിലേക്ക്‌ മാറിയത്‌ അലങ്കാരത്തിന്‌ വേണ്ടി മാത്രമല്ല ചൂട്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌.


000 000 000
ചൂട്‌ വല്ലാത്തൊരു സംഭവമാണ്‌....വേനല്‍കാലം കനക്കുന്നതോടെ നമുക്ക്‌ ഭക്ഷണത്തിന്റെ രുചി കുറയുന്നു...മനസ്സിനും ശരീരത്തിനും അസ്വസ്ഥത നിറയുന്നു...വേനല്‍ വരുമ്പോള്‍ ഡോക്‌ടര്‍മാര്‍ നമുക്ക്‌ മുന്നിലേക്ക്‌ ഭക്ഷണത്തിന്റെ പുതിയ ചാര്‍ട്ട്‌ തരും...എരിവ്‌ പുളിവ്‌ എന്നിവ അമിതമായി ഉപോയോഗിക്കരുതെന്ന്‌ ഓര്‍മ്മിപ്പിക്കുന്നവര്‍ ജങ്ക്‌ ഫുഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന്‌ നിര്‍ദ്ദേശം നല്‍കും. വെള്ളം നന്നായി കുടിക്കണമെന്നും കഞ്ഞിവെള്ളവും സംഭാരവും ഇളിനീരും തണ്ണിമത്തനും നാരങ്ങ വെള്ളവും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും നിര്‍ദ്ദേശിക്കും...
000 000 000
വെള്ളം ഏറ്റവും വലിയ ബിസിനസായി മാറിയത്‌ കാലാവസ്ഥയുടെ ഈ മാറ്റത്തോടെയാണ്‌. പത്തിരുപത്തി അഞ്ചു വര്‍ഷം മുമ്പ്‌ വരെ വെള്ളം വിലകൊടുത്ത്‌ വാങ്ങുന്ന ഒരു കാലത്തെ കുറിച്ച്‌ മനുഷ്യര്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാലിന്ന്‌ വെള്ളമാണ്‌ ഏറ്റവും വലിയ കച്ചവട മേഖല. ഏക്കറ്‌ കണക്കിന്‌ ഭൂമിയും അതില്‍ നിറയെ തോട്ടങ്ങളുമുള്ളവനുമല്ല കിണര്‍ സ്വന്തമായുള്ളവനാണ്‌ ഇന്ന്‌ വലിയ സമ്പന്നന്‍. കുപ്പിവെള്ളം ട്രന്റായി മാറിയ കാലത്ത്‌ അത്‌ മാത്രമേ കുടിക്കുകയുള്ളുവെന്ന്‌ തീരുമാനിച്ചവര്‍ പുതിയ സംസ്‌ക്കാരമാണ്‌ നാടിനെ പഠിപ്പിച്ചത്‌. വെള്ളം സൗജന്യമായി കിട്ടുന്ന അവസ്ഥയില്‍ നിന്ന്‌ അതിനെ കച്ചവട ചരക്കാക്കി മാറ്റിയത്‌ സമ്പന്നന്റെ അഹങ്കാരമായിരുന്നു. ഇന്ന്‌ കുപ്പിവെള്ളം മാത്രമേ കുടിക്കാവു എന്നുള്ളത്‌ നാട്ടു നടപ്പായി മാറി. വന്‍ നഗരങ്ങളിലൊക്കെ നൂറ്‌ മില്ലി ഗ്ലാസ്‌ വെള്ളത്തിന്‌ പത്തു രൂപ നല്‍കണം. കുലുക്കി സര്‍ബത്തിന്റെയും തണ്ണിമത്തന്‍ ജ്യൂസിന്റെയും ട്രെന്റ്‌ കാലത്തും വെള്ള തന്നെയാണ്‌ താരം...ഏതു നഗരത്തിലും ഏതു ജ്യൂസും കിട്ടും എന്നാല്‍ വെള്ളം കിട്ടാന്‍ മാത്രമാണ്‌ പ്രയാസം. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത്‌ കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണോ.
കാവേരി ഗോദാവരി തര്‍ക്കവും യൂഫ്രിട്ടിസിന്റെയും ടൈഗ്രീസിന്റെയും കഥകളും അതല്ലെ നമുക്ക്‌ പറഞ്ഞു തരുന്നത്‌. ഓരോ വേനലും നമ്മുടെ ജലസ്രോതസ്സുകളെ ഇല്ലാതാക്കുമ്പോള്‍ അത്‌ പ്രകൃതിയെ തന്നെയാണ്‌ ഇല്ലാതാക്കുന്നതെന്നോര്‍ക്കണം.

000 0000 000
മനുഷ്യന്‌ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ഭൂമി ഭൂമി അല്ലാതാവും അതോടെ അതിന്റെ നാശവുമുണ്ടാകും. ഓരോ ദുരന്തവം ഓരോ മുന്നറിയിപ്പാണ്‌. ഈ ലോകം നശിക്കാന്‍ പോവുകയാണെന്ന്‌ കാലം വിളിച്ചുപറയുന്നു. നമ്മള്‍ കഴിഞ്ഞവര്‍ഷം അനുഭവിച്ച ചൂടല്ല ഇക്കൊല്ലം അനുഭവിച്ചത്‌ വരാന്‍ പോകുന്ന വര്‍ഷത്തെ ചൂട്‌ അതിനേക്കാള്‍ കാഠിന്യമേറിയതായിരിക്കും. മെല്ലെ മെല്ലെ ഈ ഭൂമി മനുഷ്യന്‌ വാസയോഗ്യമല്ലാതായി മാറുന്നു...
പണ്ട്‌ പുല്ലുമേഞ്ഞ കുടിലില്‍ കറണ്ടും ഫാനും ഇല്ലാതിരിക്കുമ്പോഴും സുഖമായി കിടന്നുറങ്ങിയവരുടെ മക്കള്‍ക്ക്‌ ഇന്ന്‌ കൊട്ടാര സമാനമായ വീട്ടിനുള്ളില്‍ എസിയുടെ തണുപ്പില്‍ പോലും കിടന്നുറങ്ങാനാവുന്നില്ലെങ്കില്‍ ഇതൊരു പാഠമാണ്‌. സൗകര്യങ്ങളൊന്നും നിങ്ങള്‍ക്ക്‌ സമാധാനം നല്‍കില്ലെന്ന വലിയ പാഠം.
000 000 000
എം.ടി. ഒരിടത്ത്‌ എഴുതിയുണ്ട്‌. ഒരു വിഷറികൊണ്ട്‌ വീശിയാല്‍ പോകുന്ന ചൂടേ നമുക്കുള്ളു. ഒരു തോര്‍ത്തുമുണ്ട്‌ പുതച്ചാല്‍ തീരുന്ന തണുപ്പുമാത്രമേ ഇവിടെയുള്ളുവെന്ന്‌. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലും തിരുത്തി എഴുതേണ്ട സമയമായിരിക്കുന്നു. കഥാകാരന്റെ വര്‍ണ്ണനകളും നമ്മുടെ നാടിനെ കയ്യൊഴിയുന്നു.
കേരളവും രാജസ്ഥാന്‍ പോലുള്ള വെറും ഒരു സംസ്ഥാനം മാത്രമാവുകയാണ്‌. പുഴയും കായലും പച്ചപാടവും മാഞ്ഞുപോകുമ്പോള്‍, വാഴയും തെങ്ങും കരിമ്പിന്‍ തോട്ടങ്ങളും നമ്മുടെ കാലാവസ്ഥയ്‌ക്ക്‌ ചേര്‍ന്നതല്ലാകാതുമ്പോള്‍ ഇനി ഒരിക്കലും നമ്മുടെ കേരളത്തെ നോക്കി അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിളിക്കില്ല...
000 000 000
വെള്ളം വില്‍പ്പനചരക്കാക്കി മാറ്റിയവരുടെ ലോകത്തും നന്മ വറ്റാത്ത കുറേ മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌. ദാഹിച്ചുവരുന്ന ആളുകള്‍ക്കുവേണ്ടി വഴി നീളെ കുടിവെള്ളമൊരുക്കി അവര്‍ സേവനത്തിന്റെ പുതിയ പാഠം പകരുന്നു. പുഴകളെ മുഴുവന്‍ കൊന്നൊടുക്കി ലോഡ്‌ കണക്കിന്‌ മണല്‍ ടിപ്പറുകളില്‍ കയറ്റി കൊണ്ടുപോകുന്ന ആളുകള്‍ ജീവിക്കുന്ന ഈ ലോകത്ത്‌ തന്നെയാണ്‌ വെള്ളമില്ലാത്തവരുടെ വീടുകളിലേക്ക്‌ ലോറികളില്‍ സൗജന്യ വെള്ളമെത്തിക്കുന്ന കൂട്ടായ്‌മകള്‍ നിലകൊള്ളുന്നതും. പേര്‌ പോലും വെളിപ്പെടുത്താതെ വെള്ളമില്ലാത്തവന്റെ മുറ്റത്തേക്ക്‌ വെള്ളവുമായെത്തുന്ന എത്രയോ മനുഷ്യര്‍ ഈ ഭൂമിയിലുണ്ട്‌. അങ്ങനെയുള്ള കുറേ നന്മകളാണ്‌ ക്രൂരതയ്‌ക്കിടയിലും ഈ ലോകത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌.
പുഴകളും കിണറുകളും അരുവികളും വറ്റിപോയപ്പോള്‍ ഒരിറ്റുവെള്ളമില്ലാതെ വലഞ്ഞുപോയ പക്ഷികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും തണ്ണീര്‍ കുടമൊരുക്കി അനുഗ്രഹം ചൊരിയുന്നതും പുതിയ ട്രന്റാവുന്നു. ഓരോ നന്മയും ഓരോ ട്രന്റാവുന്നുവെങ്കില്‍ അത്‌ ഭൂമിയുടെ പുണ്യമാണ്‌. കൂട്ടുകാര നീയൂം നിന്റെ വീട്ടുമുറ്റത്ത്‌ ഒരു തണ്ണീര്‍ കുടമൊരുക്കുക ദാഹിച്ചു വലയുന്ന പറവകള്‍ക്കത്‌ ആശ്വാസത്തിന്റെ കടലായി മാറും. മിണ്ടാ പ്രാണികള്‍ക്ക്‌ നല്‍കുന്ന പുണ്യം സമാനതകളില്ലാത്ത നന്മയാണ്‌. കുറ്റങ്ങളും തെറ്റുകളും കൊണ്ട്‌ നിറഞ്ഞുപോയ നമ്മുടെ ജീവിതങ്ങള്‍ ധന്യമാവുന്നത്‌ ഇതുപോലുള്ള സല്‍പ്രവൃത്തിയിലൂടെയായിരിക്കും. 

No comments:

Post a Comment