എബി കുട്ടിയാനം
നമ്മള്‍ വലിച്ചെറിയുന്ന ഓരോ ഉരുള ചോറും നമ്മോട് പകരം ചോദിക്കുക തന്നെ ചെയ്യും. ആയിരങ്ങള്‍ പട്ടിണികിടക്കുന്ന നാട്ടില്‍ ഭക്ഷണം കൊണ്ട് അമ്മാനമാടുന്ന ഒരു സംസ്‌ക്കാരം മെല്ലെ മെല്ലെ വളര്‍ന്നുകൊണ്ടിരിക്കുന്നു. കുഴിച്ചുമൂടുകയും വലിച്ചെറിയുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ എത്രയോ പാവങ്ങളുടെ പട്ടിണി മാറ്റാനാകുമെന്ന് തിരിച്ചറിയുന്നതും അതിനുവേണ്ടി സര്‍വ്വം മറന്ന് പ്രവര്‍ത്തിക്കുന്നതും പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്.
അത്തരമൊരു നന്മയുടെ വഴിയിലാണ് അണങ്കൂരിലെ അത്താഴകൂട്ടം പ്രവര്‍ത്തകരുള്ളത്. കല്ല്യാണ വീടുകളിലും ആഘോഷ ചടങ്ങുകളിലും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച് നിര്‍ധനരും അഗതികളുമായ പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സമാമനതകളില്ലാത്ത പുണ്യമാണ് അവര്‍ ചെയ്‌തുവരുന്നത്. തന്റെ പണത്തിന്റെ പവര്‍ ജനങ്ങളെ കാണിക്കാനായി പൊടിപൊടിച്ച് നടത്തിയ കല്ല്യാണത്തിനൊടുവില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങുന്നതിനിടിയിലേക്ക് ് അത്താഴക്കൂട്ടക്കാര്‍ അവരുടെ പിക്കപ്പ് വാനുമായെത്തും. സ്വന്തം ചിലവില്‍ ഇന്ധനമടിച്ച് ഭക്ഷണ പാത്രങ്ങള്‍ ഓരോ ദിക്കിലേക്കും കയറ്റികൊണ്ടുപോകും, തെരുവില്‍ ഉറങ്ങുന്ന പാവങ്ങളെ തട്ടിവിളിച്ച് ബിരിയാണികെട്ട് നല്‍കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്. കാസര്‍കോടിന്റെ പാതയോരങ്ങളിലും സര്‍ക്കാര്‍ ആശുപത്രിയുടെ മുറ്റങ്ങളിലും പാവങ്ങളെ തേടി അവരുണ്ടാവും. ഓരോ കല്ല്യാണങ്ങളിലും ഭക്ഷണം ബാക്കിയായി കിട്ടുന്നത് ഏറെ വൈകിയിട്ടാണ് അപ്പോള്‍ തന്നെ അത്താഴക്കൂട്ടക്കാരെത്തി അതിനെ ലോഡ് ചെയ്‌ത് കൊണ്ടുപോകും. നാടുറങ്ങുമ്പോള്‍ അവര്‍ ഉറങ്ങാതെ തെരുവിന്റെ മക്കള്‍ക്കുമുന്നില്‍ ഭക്ഷണം വിളമ്പുന്ന തിരിക്കിലായിരിക്കും. പാതിരാത്രിയുടെ പവിത്രതയില്‍ അവര്‍ ദൈവത്തിന്റടുത്ത് നിന്ന് പുതിയ പുണ്യങ്ങള്‍ നേടുകയായിരിക്കും.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരവും ആര്‍ത്തിയും ഭക്ഷണമല്ലാതെ മറ്റൊന്നുമല്ല, വിശപ്പിന്റെ കാഠിന്യം അറിഞ്ഞവര്‍ക്കേ അതിന്റെ തീവ്രത മനസ്സിലാവുകയുള്ളു.
എന്ത് തിന്നണമെന്നറിയാതെ കണ്‍ഫ്യൂഷനാവുന്ന നമ്മുടെ ഇതേ നാട്ടിലാണ് ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ ഒരുപാട് പാവങ്ങള്‍ പകച്ചുനില്‍ക്കുന്നുള്ളതെന്നോര്‍ക്കണം.
കല്ല്യാണത്തിന്റെ പേരില്‍ ഭക്ഷ്യമേളകള്‍ തീര്‍ക്കുന്നവര്‍ ഒരിക്കലും ചിന്തിക്കാത്ത ഒന്നാണ് പാവങ്ങളുടെ പട്ടിണി. തന്റെ വീട്ടിനുള്ളിലും തന്റെ പന്തലിനകത്തും അഹങ്കാരത്തിന്റെ പാത്രം നിരത്തുന്നവര്‍ പാവം മനുഷ്യന്റെ കരളലിയിപ്പിക്കുന്ന കഥ അറിയുന്നേയില്ല.
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറയെ തിന്നുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചക(സ) സന്ദേശത്തിന് വിലകൊടുക്കാത്തവര്‍ തന്റെ ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു.
പതിനായിരങ്ങളെ വിളിച്ചു കൂട്ടുന്ന കല്ല്യാണങ്ങളിലും അതിന്റെ എത്രോയ ഇരട്ടി പേര്‍ക്കാണ് ഭക്ഷഠണമൊരുക്കുന്നത്. വിശപ്പ് ഒരു നോവായി മാറാത്ത വര്‍ത്തമാനകാലത്ത് ഭക്ഷണം ഒരു സംഭവമേയല്ല. മാത്രവുമല്ല നാട്ടില്‍ ഒന്നിലേറെ കല്ല്യാണം അരങ്ങേറുമ്പോള്‍ എല്ലാ ദിക്കില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ തയാറാവുന്നുമില്ല. അതുകൊണ്ടുതന്നെ പല ദിക്കിലും എത്രയോ ഭക്ഷണങ്ങളാണ് ബാക്കിയാവുന്നത്. ബാക്കിവരുന്ന ഭക്ഷണങ്ങള്‍ അനാഥാലയത്തിലെത്തിക്കുകയായിരുന്നു മുമ്പ് ചെയ്‌തിരുന്നത്. എന്നാല്‍ ആരുടെയെങ്കിലും ബാക്കി ഭക്ഷണം കഴിക്കാന്‍ മാത്രം ഗതികെട്ടവരല്ല അനാഥ മക്കളെന്ന അഭിപ്രായം ശക്തമായതോടെ ആ ഏര്‍പ്പാട് അവസാനിച്ചു.
ഇവിടെയാണ് അത്താഴക്കൂട്ടം വേറിട്ട വഴി സ്വീകരിക്കുന്നത്. വലിയ ചിലവ് വരുന്ന കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചിലവില്ലാതെ ഒരുപാട് നന്മകളുടെ ഭാഗമാകാന്‍ കഴിയും. അതാണ് അത്താഴക്കൂട്ടക്കാര്‍ കാണിച്ചുതരുന്നത്.
കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി, ഹാരിസ് മസ്‌താന്‍, അബ്‌ദുല്‍ ഖാദര്‍, ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് അത്താഴക്കൂട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സഹായവുമായി നാട്ടിലെ ഒരുപാട് ചെറുപ്പക്കാരുമുണ്ട്.
വല്ലാത്തൊരു സങ്കട കാഴ്‌ചയില്‍ നിന്നായിരുന്നു ഈ കൂട്ടായ്‌മ രൂപപ്പെട്ടത്. അവര്‍ കഥപറയുന്നു....രണ്ടു വര്‍ഷംമുമ്പ്...ഒരു ദിവസം വലിയൊരു കല്ല്യാണത്തിന് ചെല്ലുന്നു. ഭക്ഷണ പെരുമയാണവിടെ. പലതരം ബിരിയാണിയും വറുത്തതും പൊരിച്ചതും തൊട്ട് പുഡ്ഡിംഗും ഐസ്‌ക്രീമുമെല്ലാം നിരന്ന് കിടക്കുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത് വയറു നിറയെ കഴിച്ചിട്ടും പിന്നെയും ഭക്ഷണങ്ങള്‍ ബാക്കി. ഒരു സ്‌പൂണ്‍ ബിരിയാണിപോലും എടുക്കാത്ത എത്രയോ ബട്‌ലങ്ങള്‍. ഒടുവില്‍ വെയ്‌സ്റ്റായി മാറുന്ന ആ ബിരിയാണി കുഴിച്ചുമൂടാന്‍ ഒരുങ്ങുകയാണ് ആ വീട്ടുകാര്‍. ഇത് മനസ്സിനെ വല്ലാതെ വേദിനിപ്പിച്ചു. അന്ന് നാട്ടിലെത്തി കൂട്ടുകാര്‍ രുന്ന് ആലോചിച്ചു. ഒടുവില്‍ ചെന്നത്തിയെ ആശയം, ആഘോഷ വേളകളില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച് പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. അന്ന് തന്നെ അത്താഴക്കൂട്ടമെന്ന കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കുകയും ചെയ്‌തു.
ഇനി നിങ്ങള്‍ ഭക്ഷണം പാഴാക്കരുത്, ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാതെ പട്ടിണികിടക്കുന്ന എത്രയോ പാവങ്ങള്‍ ഈ നാട്ടിലുണ്ട്, നിങ്ങള്‍ കുഴിച്ചുമൂടുന്ന ഭക്ഷണങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കു, ഞങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കും...എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു ഇമേജ് ക്രിയേറ്റ് ചെയ്‌തുവിട്ടു. അതിനു താഴെ നമ്പറും ചേര്‍ത്തു. ഇമേജുകള്‍ കൊച്ചുവൈറലായി വാട്‌സ് ആപ്പിലൂടേയും ഫേസ്‌ബുക്കിലൂടെയും ഒഴുകി. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്‌തെടുത്ത് സേവ് ചെയ്‌തുവെച്ചു.
അതായിരുന്നു തുടക്കം. പിന്നീട് ഭക്ഷണം ബാക്കിയാവുന്ന ദിക്കുകളില്‍ നിന്നൊക്കെ അത്താഴക്കൂട്ടത്തെ തേടി ഫോണ്‍കോളുകളെത്തി. കൂടുതല്‍ കല്ല്യാണം നടക്കുന്ന വ്യാഴം ഞായര്‍ ദിവസങ്ങളില്‍ കോളുകളുടെ എണ്ണം ഒരുപാട് കൂടും. എന്നാല്‍ എവിടേയും ഭക്ഷണം വലിച്ചെറിയാന്‍ അനുവദിക്കാതെ അവര്‍ അവരുടെ വാഹനവുമായി ഓടിയെത്തും. പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്യുന്നതും ലോഡ് ചെയ്യുന്നതുമടക്കമുള്ള എല്ലാ ജോലികളും അവര്‍ തന്നെ ചെയ്യും. പുലരുവോളം ഭക്ഷണം വിതരണം ചെയ്‌ത ദിവസങ്ങള്‍പോലുമുണ്ടത്രെ.
അത്താഴകൂട്ടത്തിന്റെ പാത പിന്തുടര്‍ന്ന് ഇന്ന് പല നാട്ടിലും പല യുവാക്കളും ഈ സേവനത്തിലേക്ക് കടന്നുവരികായണ്.
ഞാന്‍, എന്റെ ജീവിതം എന്ന ചിന്തകള്‍ക്കപ്പുറം മറ്റുള്ളവന്റെ വേദനയും കഷ്‌ടപ്പാടും അറിയുമ്പോഴാണ് നമ്മുടെ ജീവിതം സാര്‍ത്ഥകമാകുന്നത്. ഒരു മനുഷ്യന്റെ ഒരു നേരത്തെ പട്ടിണിമാറ്റാന്‍ കഴിഞ്ഞെങ്കില്‍ നമ്മുടെ ജീവിതം പുണ്യമായി. പാവങ്ങളെ സഹായിക്കണമെന്ന മനസ്സുണ്ടെങ്കില്‍ നമ്മുടെ കയ്യില്‍ കോടികള്‍ ആവശ്യമില്ല. ഏതൊക്കെയോ നന്മകളുടെ ഭാഗമായാല്‍ മാത്രം മതി. കോടിശ്വരന്‍ ചെയ്യുന്ന നന്മകളേക്കാള്‍ മഹത്വമുണ്ടാകുമതിന്. സഹായങ്ങളുടെ വലിപ്പത്തിനല്ല, മനസ്സിന്റെ നന്മകള്‍ക്കാണ് ദൈവം മാര്‍ക്കിടുന്നത്.
അത്താഴക്കൂട്ടം ചെയ്യുന്നത് രണ്ട് പുണ്യമാണ്. ഒന്ന് ഭക്ഷണങ്ങളെ പാഴാക്കാതെ കാത്തുസൂക്ഷിക്കുന്നു, മറ്റൊന്ന് ഏതൊക്കെയോ പാവങ്ങളുടെ വയറും മനസ്സും നിറയ്‌ക്കുന്നു. ഈ നന്മയ്‌ക്ക് നമുക്ക് ആയിരം ലൈക്കടിക്കാം.
0000 000 000
എന്ത് ചെയ്യണമെന്നറിയാതെ ഭക്ഷണം കുഴിച്ചുമൂടാനൊരുങ്ങുമ്പോള്‍ നിങ്ങളും വിളിക്കുക, അത്താഴകൂട്ടക്കാര്‍ ഓടിയെത്തും...പാചക പുരയിലെ വെയ്‌സ്റ്റുകള്‍ കാലിയാകുമെന്നതിനപ്പുറം ഏതൊക്കെയോ പാവങ്ങളുടെ പട്ടിണി മാറ്റിയ പുണ്യം നിങ്ങള്‍ക്കുകൂടി കിട്ടാതിരിക്കില്ല...
നമ്പര്‍: 9895350093, 9744334334.
No comments:
Post a Comment