എബി കുട്ടിയാനം
കൗമാരത്തിന്റെ പ്രസരിപ്പില്‍ നമുക്ക് എല്ലാം ഒരാവേശമാണ്. ഉള്ളില്‍ ചോരതിളക്കുന്ന പ്രായത്തില്‍ എന്തിനും ഇറങ്ങിചെല്ലാനുള്ള തിടുക്കമാണ് നമുക്ക്. നാലാളുടെ മുമ്പില്‍ ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹം തന്നെയാണ് ഇതിന്റെ സൈക്കോളജി. പക്ഷെ അതിന്റെ ഭവിഷത്ത് ഗുരുതരമായിരിക്കുമെന്ന് ഓരോ എടുത്തുചാട്ടവും നമ്മെ പഠിപ്പിക്കുന്നു. ക്ഷമയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന സത്യം തിരിച്ചറിയുമ്പോഴേക്കും എല്ലാം സംഭവിച്ചു കഴിയുന്നു. ഇതൊന്നും വേണ്ടായിരുന്നുവെന്ന ബോധം വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലേക്ക് നമ്മള്‍ വീണുപോയിട്ടുണ്ടാവും.
ഒരു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്ക് നിങ്ങളുടെ മനസ്സിനെ കൊണ്ടുപോവുകയാണ്. കാര്യം പറയും മുമ്പ് ഓര്‍മ്മിപ്പിക്കട്ടെ ഈ സംഭവം സമരത്തിന് ഇറങ്ങിപുറപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠമാകണം.
2013 ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പ്രമുഖമായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ഉപരോധസമരമുണ്ടായിരുന്നു. നിങ്ങളും ആ സമരം ഓര്‍ക്കുന്നുണ്ടാകും. ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഹയര്‍ സെക്കണ്ടറി ഡയറക്‌ടറെ ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ കേശവേന്ദ്ര കുമാര്‍ എന്ന ആന്ദ്രാ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കരിഓയില്‍ ഒഴിച്ച് കുളിപ്പിച്ചു. ശരീരമാസകലം കരി ഓയിലില്‍ കുളിച്ചുനില്‍ക്കുന്ന ആ യുവ ഉദ്യോഗസ്ഥന്റെ ചിത്രം ഇന്നും കണ്ണ് നിറയുന്ന ഓര്‍മ്മയാണ്.
ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും ഇടയില്‍ നിന്ന് കഠിനാധ്വാനം ചെയ്‌ത് പഠിച്ച് മിടുക്കനായി സിവില്‍ സര്‍വ്വീസ് പാസായ പ്രതിഭയായിരുന്നു കേശവേന്ദ്രകുമാര്‍. കേരളം പോലുള്ള സംസ്‌ക്കാര സമ്പന്നമായ നാട്ടിലേക്ക് ജോലിക്കെത്തുമ്പോള്‍ ഇങ്ങനെ ഒരു പ്രതികരണം സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
എത്രയോ സമരങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. സമരങ്ങള്‍ക്കിടയില്‍ ഉദ്യഗസ്ഥര്‍ മരിക്കുകപോലും ചെയ്‌തിട്ടുണ്ട്. അതിനിടയില്‍ ഇതൊക്കെ എന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇപ്പോഴെന്തിന് വീണ്ടുംപറയുന്നുവെന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
അതുകൊണ്ട് പറഞ്ഞോട്ടെ എടുത്തചാട്ടം നിങ്ങളുടെ കരിയര്‍ തന്നെ തകര്‍ത്തേക്കാം. കേശവേന്ദ്രകുമാറിന്റെ ശരീരത്തിലെ കരി ഓയില്‍ പൂര്‍ണ്ണമായും മാഞ്ഞുപോയി. ആ കുപ്പായങ്ങള്‍ ചിലപ്പോള്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവും. മനസിനുള്ളിലും കരി നിറഞ്ഞ ഓയിലുകള്‍ ബാക്കിയുണ്ടാവില്ല എന്ന് തന്നെയാണ് നിഷ്‌കളങ്കനായ ആ ഉദ്യോഗസ്ഥന്റെ ജീവിതം പഠിക്കുമ്പോള്‍ മനസിലാകുന്നത്. അയാളിപ്പോള്‍ പുതിയ കേഡറില്‍ പുതിയ ജോലിയുടെ തിരക്കിലായിരിക്കും.
എന്നാല്‍ കരി ഓയില്‍ ഒഴിച്ച വിദ്യാര്‍ത്ഥികള്‍ നഷ്‌ടപ്പെട്ടുപോകുന്ന കരിയറിനുമുന്നില്‍ നെട്ടോട്ടമോടുകയാണ്. കേസ് ക്രിമിനല്‍ വകുപ്പായതിനാല്‍ ഒരു ജോലിയും ലഭിക്കാത്ത അവസ്ഥയാണുള്ളത്. സംഘടനയുടെ ജില്ലാ പ്രസിഡണ്ടായ ഒന്നാം പ്രതിയുടെ അവസ്ഥയാണ് ഏറ്റവും സങ്കടകരം.
ഈ വിദ്യാര്‍ത്ഥിനേതാവ് പഠനത്തില്‍ കേശവേന്ദ്രയേക്കാള്‍ മിടുക്കനാണ്. സിവില്‍ എഞ്ചിനിയറിംഗ് പാസായ അവനെ തേടി നിരവധി അവസരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എഴുതിയ പരീക്ഷകളിലൊക്കെ അവന്‍ ഉയര്‍ന്ന റാങ്കുകാരനാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍, ബാങ്ക് ഐബിഎസ്, പോലീസ് വകുപ്പില്‍ എസ്.ഐ, എക്‌സൈസ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങിയ ഗ്ലാമര്‍ പോസ്റ്റുകളിലെ റാങ്ക് ലിസ്റ്റുകളിലെല്ലാം ഏറ്റവും മുന്നിലായി അവനുണ്ട്.
ക്രമിനല്‍ കേസില്‍ പ്രതി എന്ന കാരണത്താല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോലി ഇതിനോടകം നഷ്‌ടപ്പെട്ടു. ബാങ്ക് ഐ.ബി.എസ് പരീക്ഷ മികച്ച രീതിയില്‍ പാസായെങ്കില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലായതിനാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായില്ല. അങ്ങനെ അതും നഷ്‌ടപ്പെട്ടു. മിടുക്കോടെ പഠിച്ചെടുത്ത ഓരോ വിജയങ്ങളും കണ്‍മുന്നില്‍ നഷ്‌ടമാവുകയാണ്.
ഇത്രയേറെ ലിസ്റ്റിലില്ലെങ്കിലും ആ സമരത്തില്‍ പങ്കെടുത്ത എട്ടോളം വിദ്യാര്‍ത്ഥികളും സമാനമായ ദു:ഖവും പ്രയാസവും അനുഭവിക്കുന്നുണ്ട്.
രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ള കേശേന്ദ്രകുമാര്‍ മാപ്പ് നല്‍കണം. ഇതിനുവേണ്ടി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പലവട്ടം കേശവേന്ദ്രകുമാറിനെ കണ്ട് കരഞ്ഞുപറഞ്ഞു. അദ്ദേഹം മാപ്പ് നല്‍കാനും തയാറായി. ഞാന്‍ മാപ്പ് നല്‍കുന്നുവെന്ന് പൊതുവേദിയില്‍ വെച്ച് പലപ്പോഴും അദ്ദേഹം പറയുകയും ചെയ്‌തിട്ടുണ്ട്. പക്ഷെ, കോടതിയില്‍ ബോധിപ്പിച്ചാലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷയുള്ളു. ഇതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് അവരിപ്പോള്‍.
ജീവിതത്തിന്റെ താഴെ തട്ടില്‍ നിന്ന് വന്ന ആളായതുകാരണം കൊണ്ടും കഷ്‌ടപാടിന്റെ കാഠിന്യും നന്നായി അറിയാവുന്നതുകൊണ്ടും കേശവേന്ദ്ര കുമാര്‍ മാപ്പ് നല്‍കിയേക്കും. അതോടെ അവര് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാത്ത നല്ല മനുഷ്യരായി മാറിയേക്കും.
എന്നാല്‍ നേതാക്കളുടെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും മനസിലാക്കേണ്ട ഒരു കാര്യം. എല്ലാ എപ്പോഴും കേശവേന്ദ്രകുമാറിനെപോലെ ലോലഹൃദയനായ ഉദ്യോഗസ്ഥരെ കിട്ടി എന്ന് വരില്ല. എല്ലാ സുഖസൗകര്യത്തിലും വളര്‍ന്ന ഒരാള്‍ക്ക് മറ്റുള്ളവരോട് കനിവ് തോന്നണമെന്നില്ല. അതുകൊണ്ട് സുഹൃത്തെ സൂക്ഷിക്കുക, എടുത്തുചാട്ടത്തിനിടിയിലെ ആവേശം നിങ്ങളുടെ കരിയര്‍ തന്നെ തകര്‍ത്തേക്കും.
കുടുങ്ങിപോയാല്‍ പിന്നെ ഒരു നേതാവനും രക്ഷപ്പെടുത്താനാവില്ല. പോയി തകര്‍ക്കട എന്നു പറഞ്ഞവര്‍ കൈമലര്‍ത്തുക മാത്രം ചെയ്യും.
എല്ലാവര്‍ക്കും അവരുടെ രാഷ്‌ട്രീയവും പോരാട്ടവീര്യവുമുണ്ടാവും. പക്ഷെ അതൊരിക്കലും സര്‍വ്വം മറന്ന കളിയാവരുത്. കുഞ്ഞുന്നാള് തൊട്ട് നമ്മെ പോറ്റി വളര്‍ത്തിയ നമ്മുടെ കുടുംബം പ്രതീക്ഷയോടെ നമ്മെ കാത്തിരിക്കുന്നുണ്ട്. നമ്മള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവാനല്ല അവര്‍ നമ്മെ പഠിപ്പിക്കുന്നത്. പഠിച്ച് മിടുക്കനായി വയസുകാലത്ത് അവര്‍ക്ക് തണലാവാനാണ് അവര്‍ നമ്മെ സ്‌കൂളിലേക്കും കോളേജിലേക്കും പറഞ്ഞയക്കുന്നത്. സുഹൃത്തെ ഈ കഥ നിങ്ങള്‍ക്കും ഒരു പാഠമാവട്ടെ.
No comments:
Post a Comment