Friday, April 1, 2016

മരണമേ നീ എന്നെ അനാഥനാക്കുന്നല്ലോ




എബി കുട്ടിയാനം

മരണം....അത്‌ ക്രൂരമായ ഒരനിവാര്യതയാണ്‌, കണ്ട്‌ കൊതിതീരും മുമ്പ്‌ ഉറ്റവരേയുംകൊണ്ട്‌ മരണം കടന്നുകളയുമ്പോള്‍ സങ്കടത്തിന്റെ ഒരായിരം കടലാണ്‌ മനസ്സിനുള്ളില്‍ ഇളകി മറിയുന്നത്‌...എല്ലാം ശരീരവും മരണത്തിന്റെ രുചി അറിയും, പക്ഷെ അപ്പോഴും ഉറ്റവരുടെ മരണം നമുക്ക്‌ ഉള്‍ക്കൊള്ളാനേ കഴിയില്ല...ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സ്‌നേഹത്തിന്റെ തലോടലായി കൂടെ നിന്നവര്‍ ഇനിയില്ലെന്നറിയുമ്പോള്‍, ആ മുഖം ഇനി ഒരിക്കലും കാണില്ലെന്ന്‌ അംഗീകരിക്കേണ്ടിവരുമ്പോള്‍ മനസ്സ്‌ തളര്‍ന്നുപോവും...കരയല്ലട, എന്ന്‌ ആരൊക്കെയോ പുറത്ത്‌ തട്ടി ആശ്വസിപ്പിക്കുമ്പോഴും നേര്‍ത്ത വിങ്ങലുകള്‍ പിന്നെയും പിന്നെയും കണ്ണീര്‌ പകരും...എത്ര തുടച്ചാലും മാഞ്ഞുപോവാത്ത കണ്ണീരും എത്ര അടക്കി നിര്‍ത്താന്‍ ശ്രമിച്ചാലും അകന്നുപോവത്ത തേങ്ങലും ദു:ഖത്തിന്റെ ആഴങ്ങളിലേക്ക്‌ വിരല്‍ചൂണ്ടും...
അന്ന്‌ എല്ലാ വെളിച്ചവും മായും, അന്ന്‌ കണ്‍മുന്നിലാകെ ഇരുട്ടുപടരും...നമ്മെ ഏറ്റവുംസ്‌നേഹിച്ചൊരാള്‍ നമ്മുടെ കൂടെ ഇല്ലെങ്കില്‍പിന്നെ ജീവിതത്തില്‍ എന്തുണ്ടായിട്ടെന്ത്‌(?)

മരണം വല്ലാത്തൊരു അല്‍ഭുതമാണ്‌....വേണ്ടപ്പെട്ട ഒരാള്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന്‌ പറഞ്ഞ്‌ യാത്രയാകുമ്പോള്‍ നമ്മള്‍ വല്ലാതെ അനാഥനായിപ്പോകുന്നു, ഏതോ ഒരു ദിക്കില്‍ ഒറ്റപ്പെട്ടപ്പോലെ വല്ലാത്തൊരവസ്ഥയിലായിപ്പോകും ഹൃദയമപ്പോള്‍...
എന്റെ പ്രിയപ്പെട്ട ഇഞ്ഞ ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...ഭര്‍ത്താവോ മക്കളോ ഇല്ലാതിരുന്ന ആ ഉമ്മയെ ഒരു നാടുമുഴുവന്‍ സ്‌നേഹത്തോടെ ഇഞ്ഞ എന്നായിരുന്നു വിളിച്ചത്‌...നാടിന്റെ ഇഞ്ഞ ആയപ്പോഴും എനിക്ക്‌ മാത്രം അവര്‍ ഉമ്മയായിരുന്നു, അല്ലെങ്കില്‍ ആ ഉമ്മായ്‌ക്ക്‌ പിറക്കാതെ പോയ മകനായിരുന്നു ഞാന്‍...
ഇഞ്ഞായ്‌ക്ക്‌ തീരെ സുഖമില്ലെന്ന വിവരവുമായി മൊബൈല്‍ ബെല്ലടിച്ചപ്പോള്‍ അത്ര മാത്രം സീരിയസാണെന്ന്‌ കാര്യമെന്ന്‌ ഒരിക്കലും കരുതിയതേയല്ല...പതിവിലുമേറെ വേഗതയില്‍ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി ഇഞ്ഞ മാത്രം താമസിക്കുന്ന ഇഞ്ഞായുടെ കൊച്ചുവീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലായിരുന്നു ഞങ്ങളുടെ ഇഞ്ഞ...
അരികിലെത്തുമ്പോഴൊക്കെ എന്റെ മോന്‍ വന്നോ എന്ന്‌ ചോദിച്ച്‌ ചേര്‍ത്തുപിടിച്ച്‌ തലോടാറുള്ള ആ മുഖം ഒന്നുമറിയാതെ, ഒരു പുഞ്ചിരിപോലും സമ്മാനിക്കാതെ കണ്ണടച്ച്‌ കിടക്കുന്നത്‌ കണ്ടപ്പോള്‍ എന്റെ കണ്ണ്‌ നിറഞ്ഞുപോയി...എന്നെ വാത്സല്ല്യത്തോടെ തലോടാറുള്ള ആ കൈകളില്‍ മെല്ലെ ഒന്ന്‌ തൊട്ടപ്പോള്‍ ആ മേനി വല്ലാതെ തണുത്തിരുന്നു...ഇഞ്ഞ ഇനി ഒരിക്കലും എന്നെ വിളിക്കില്ലെന്നും എന്നോട്‌ മിണ്ടില്ലെന്നും തിരിച്ചറിയുമ്പോഴേക്ക്‌ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു...ആണ്‍ പിള്ളേരന്താട ഇങ്ങനെയെന്ന്‌ ആരോ ചോദിക്കുന്നുണ്ടായിരുന്നപ്പോള്‍...അവര്‍ക്കറിയില്ലല്ലോ ഇഞ്ഞ എനിക്ക്‌ ആരായിരുന്നുവെന്ന്‌
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...അധികം താമസിയാതെ ഇഞ്ഞ പോയി...ആരുമില്ലാതിരുന്നിട്ടും എന്റെ ഇഞ്ഞ അനാഥമായിട്ടില്ല...അരികിലിരുന്ന്‌ കരയാന്‍, മനമുരുകി പ്രാര്‍ത്ഥിക്കാന്‍, ഫാത്തിഹ സൂറത്ത്‌ ഓതി ഹദിയ ചെയ്യാന്‍ ഒരുപാട്‌ ആളുകളുണ്ടായിരുന്നു...ആര്‍ക്കും ഒരു ശല്ല്യവും ചെയ്യാതെ,ആരോടും പരിഭവമില്ലാതെ ജീവിച്ചുതീര്‍ത്ത ഇഞ്ഞാനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്ര ആളുകളാണെന്നോ ഓടിയെത്തിയത്‌...തിമിര്‍ത്തുപെയ്യുന്ന കര്‍ക്കടകത്തില്‍ ഒരു തുള്ളിപോലും പെയ്യാതെ പ്രകൃതിപോലും ഇഞ്ഞയോട്‌ കനിവ്‌ കാണിച്ചു...മയ്യിത്ത്‌കൊണ്ടുപോയി ഖബറടക്കും വരെ ഒരു തുള്ളിപോലും പെയ്യാതെ മഴ മാറി നിന്നു...പിന്നീട്‌ അതിന്റെ കടം വീട്ടാനെന്നോണം ഒരുരാപ്പകലാണ്‌ നിര്‍ത്താതെ പെയ്‌തത്‌.
ബാവിക്കര പള്ളിയിലെ ഖബര്‍സ്ഥാനില്‍ മൂന്ന്‌ പിടി മണ്ണുവായെറിഞ്ഞ്‌ മടങ്ങുമ്പോള്‍ എന്തോ ഞാന്‍ അനാഥനായപ്പോലെ...കുഞ്ഞുന്നാളുതൊട്ട്‌ എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഇഞ്ഞ ഉണ്ടായിരുന്നു...ബാല്യം വിട്ട്‌ ബാല്യക്കാരനായപ്പോഴും കുഞ്ഞുമോനോടുള്ള സ്‌നേഹമായിരുന്നു എന്നോട്‌...എന്നെ കണ്ടില്ലെങ്കില്‍ സങ്കടപ്പെടുന്നു, ഞാന്‍ പോയില്ലെങ്കില്‍ വേവലാതിപ്പെടുന്ന ഇഞ്ഞ...മക്കളില്ലാത്തതിന്റെ നൊമ്പരം അവര്‍ക്ക്‌ എന്നെക്കാണുമ്പോള്‍ ഇല്ലാതാവുന്നപോലെ...കുറേ അപ്പങ്ങളും പലഹാരങ്ങളും എടുത്തുവെച്ച്‌ എന്നെ കാത്തിരിക്കും...അധികം പഞ്ചസാരചേര്‍ത്ത്‌കട്ടന്‍ ചായയുണ്ടാക്കി സ്വന്തം ഉമ്മയെപോലെ അരികിലിരുന്ന്‌ കുടിപ്പിക്കും...അതിനിടയില്‍ മേനി തലോടികൊണ്ട്‌ എന്റെ മോനെ കാത്തോളണേ അള്ളാ എന്ന്‌ പലവട്ടം പ്രാര്‍ത്ഥിക്കും...
ഒരു നോമ്പുകാലത്ത്‌ ഉമ്മയുടെ ഒരു ചെറിയ സഹായം ഇഞ്ഞാനെ ഏല്‍പ്പിച്ച്‌ മടങ്ങുമ്പോള്‍ ദിശമാറി വന്ന ഒരു വാഹനം എന്റെ വണ്ടിയെ അപകടത്തില്‍പ്പെടുത്തി...നടുറോഡിലേക്ക്‌ തെറിച്ചുവീണ ഞാന്‍ ഒന്നും സംഭവിക്കാതെ എഴുന്നേറ്റ്‌ നിന്നപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്‌ എന്റെ മോനെ കാത്തോളണേ അള്ള എന്ന ഇഞ്ഞയുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയായിരുന്നു.
പെരുന്നാള്‍ വരുമ്പോള്‍, ബറാഅത്ത്‌ വരുമ്പോള്‍, പള്ളിയില്‍ നേര്‍ച്ചയുടെ കാലമാകുമ്പോള്‍ ഇഞ്ഞ നേരത്തേ വിളിക്കും...ആ ദിവസമെത്തിയാല്‍ ഇഞ്ഞ അതിരാവിലെ വഴിനോക്കി നില്‍ക്കാന്‍ തുടങ്ങും...പിന്നെ എന്റെ രൂപം കണ്ടാല്‍ ഓടിയെത്തി കൈപിടിച്ചുകൊണ്ടുപോയി അരികിലിരുത്തും...എന്നിട്ട്‌ ഒരു മുത്തശ്ശിയെ പോലെ നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങും...
ഞാന്‍ എന്റെ ഉമ്മായ്‌ക്ക്‌ ഡ്രസ്സ്‌ വാങ്ങുമ്പോള്‍ ഇഞ്ഞായ്‌ക്കും വാങ്ങും, ഉമ്മായ്‌ക്ക്‌ ചെരുപ്പ്‌ വാങ്ങുമ്പോള്‍ ഇഞ്ഞായ്‌ക്കും അത്‌ വാങ്ങും...പെരുന്നാള്‍കാലത്തൊക്കെ ഇഞ്ഞാക്ക്‌ ആരൊക്കെയോ ഡ്രസ്‌ വാങ്ങിക്കൊടുക്കും...പക്ഷെ, ഞാന്‍ വാങ്ങിച്ചുകൊടുത്തത്‌ മാത്രമേ അന്ന്‌ അണിയുകയുള്ളു...ഞാന്‍ എന്റെ മോന്‍ വാങ്ങിച്ചുതന്നത്‌ ഉടുത്തുവെന്ന്‌ സന്തോഷത്തോടെ പറയുമ്പോള്‍ മനസ്സ്‌ മാത്രമല്ല എന്റെ കണ്ണും നിറഞ്ഞുപോവാറുണ്ട്‌...
ഈ നോമ്പുകാലത്ത്‌ കാണാന്‍ പോകുമ്പോള്‍ ഇഞ്ഞ അവശയായിരുന്നു, എങ്കിലും പറഞ്ഞു, മോനെ എനിക്ക്‌ തുണിയും ചെരുപ്പും വേണം(ചിലരുടെ ആവശ്യങ്ങള്‍, അവരുടെ കുറ്റപ്പെടുത്തലുകള്‍, ഉപദേശങ്ങള്‍ ഇതൊക്കെ മനസ്സിനെ വല്ലാതെ ആഹ്ലാദിപ്പിക്കും) പെരുന്നാളിന്റെ തലേന്ന്‌ വീണ്ടും ചെല്ലുമ്പോള്‍ ഇഞ്ഞ വല്ലാതെ ക്ഷീണിച്ചിരുന്നു...എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നില്ല...പക്ഷെ, നീ കൊണ്ടു വന്ന ഉടുപ്പ്‌ ഞങ്ങള്‍ അണിയിച്ചു അത്‌ വലിയ ആഗ്രഹമായിരുന്നുവെന്ന്‌ ആരോ പറഞ്ഞപ്പോള്‍ എന്റെ ഹൃദയം ഒന്നുകൂടി തേങ്ങി...
ഇഞ്ഞാനെ ഖബറടക്കി വീണ്ടും ഞാന്‍ ആ വീട്ടില്‍പ്പോയി...വീട്ടുടമസ്ഥാന്‍ മരിച്ചാല്‍ ആ വീടിനും അവിടുത്തെ സാധനങ്ങള്‍ക്കും ഒരവകാശിയുണ്ടാവും...പക്ഷെ, ഇഞ്ഞയുടെ കൊച്ചുവീടും വീട്ടുപകരണങ്ങളും അനാഥമായികിടക്കുന്നു...എന്ന സ്‌നേഹത്തോടെ വര്‍ത്തമാനം പറയാറുള്ള ആ കസേര ഒരു മൂലയിലുണ്ട്‌...എനിക്ക്‌ ചായ ഒഴിച്ചു തരാറുള്ള ഗ്ലാസും അപ്പങ്ങളിട്ടു തരാറുള്ള സ്റ്റീല്‍പ്ലേറ്റും എന്നെ മിഴിച്ചുനോക്കുന്നു...ഇനി കസേരയിലിരുത്തി ഈ പാത്രത്തില്‍ സ്‌നേഹത്തിന്റെ അപ്പമിട്ടുതരാന്‍ എന്റെ ഇഞ്ഞ ഇല്ലല്ലോ എന്ന ദു:ഖം അടക്കിപ്പിടിക്കാനാവാതെ ഞാന്‍ പിന്നെയും വിതുമ്പി...
വോള്‍ട്ടേജ്‌ കുറഞ്ഞ്‌ ഫാനിന്റെ വേഗത കുറഞ്ഞാല്‍ ആശങ്കയോടെ ഓടിവന്ന്‌ പറയും എടാ, എന്റെ ഫാന്‍ പൊളിഞ്ഞെന്ന്‌ തോന്നുന്നു...നീ ഒന്ന്‌ വന്ന്‌ നോക്കട...ഇഞ്ഞാക്ക്‌ അരാ അള്ളുത്‌ നീയല്ലാതെ....വൈദ്യുതി ബില്ലുവന്ന അതേ നിമിഷത്തില്‍ ചൂടാറാതെ 85 രൂപയുടെ ബില്ലുമായി ഇഞ്ഞാന്റെ കറണ്ടുബില്ലുകെട്ടണം മോനെ എന്ന്‌ പറഞ്ഞ്‌ ഓടിവരുന്ന മുഖം...
ഇനി വീണ്ടും പെരുന്നാള്‍ വരും,ബറാഅത്ത്‌ വരും, പള്ളിയില്‍ നേര്‍ച്ച വരും...പക്ഷെ ലാളനയോടെ വിളിക്കാന്‍ സ്‌നേഹം തന്ന്‌ വയറുനിറയ്‌ക്കാന്‍ ഇഞ്ഞ മാത്രം ഇല്ല...ഇനി ആരാണ്‌ എനിക്ക്‌ വേണ്ടി ഇത്ര ആത്മാര്‍ത്ഥതയോടെ ഉമ്മയെപോലെ പ്രാര്‍ത്ഥിക്കുന്നത്‌...ഇല്ല..ഇഞ്ഞ ഈ വേര്‍പ്പാട്‌ എനിക്ക്‌ സഹിക്കാനാവുന്നില്ല...ഞാന്‍ ഒന്നു കൂടി അനാഥനാവുകയാണ്‌...ഇനി...ആ കൊച്ചുവീട്ടിലേക്ക്‌ ഞാന്‍ വരില്ല...അവിടെ എന്റെ ഇഞ്ഞ ഇല്ലെന്ന സത്യം എനിക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല...ആ മുറിക്കുള്ളില്‍ ഒറ്റക്കസേരയിട്ട്‌, അധികം പഞ്ചസാര ചേര്‍ത്ത കട്ടന്‍ചായവെച്ച്‌ ഇഞ്ഞ എന്നെ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കഷ്‌ടം... 

No comments:

Post a Comment