
എബി കുട്ടിയാനം
നമ്മള്‍ വലിച്ചെറിയുന്ന ഓരോ ഉരുള ചോറും നമ്മോട് പകരം ചോദിക്കുക തന്നെ
ചെയ്യും. ആയിരങ്ങള്‍ പട്ടിണികിടക്കുന്ന നാട്ടില്‍ ഭക്ഷണം കൊണ്ട്
അമ്മാനമാടുന്ന ഒരു സംസ്‌ക്കാരം മെല്ലെ മെല്ലെ വളര്‍ന്നുകൊണ്ടിരിക്കുന്നു.
കുഴിച്ചുമൂടുകയും വലിച്ചെറിയുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ എത്രയോ
പാവങ്ങളുടെ പട്ടിണി മാറ്റാനാകുമെന്ന് തിരിച്ചറിയുന്നതും അതിനുവേണ്ടി
സര്‍വ്വം മറന്ന് പ്രവര്‍ത്തിക്കുന്നതും പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്.
അത്തരമൊരു നന്മയുടെ വഴിയിലാണ് അണങ്കൂരിലെ അത്താഴകൂട്ടം
പ്രവര്‍ത്തകരുള്ളത്. കല്ല്യാണ വീടുകളിലും ആഘോഷ ചടങ്ങുകളിലും
ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച് നിര്‍ധനരും അഗതികളുമായ
പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സമാമനതകളില്ലാത്ത പുണ്യമാണ് അവര്‍
ചെയ്‌തുവരുന്നത്. തന്റെ പണത്തിന്റെ പവര്‍ ജനങ്ങളെ കാണിക്കാനായി
പൊടിപൊടിച്ച് നടത്തിയ കല്ല്യാണത്തിനൊടുവില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍
കുഴിച്ചുമൂടാന്‍ ഒരുങ്ങുന്നതിനിടിയിലേക്ക് ് അത്താഴക്കൂട്ടക്കാര്‍
അവരുടെ പിക്കപ്പ് വാനുമായെത്തും. സ്വന്തം ചിലവില്‍ ഇന്ധനമടിച്ച് ഭക്ഷണ
പാത്രങ്ങള്‍ ഓരോ ദിക്കിലേക്കും കയറ്റികൊണ്ടുപോകും, തെരുവില്‍ ഉറങ്ങുന്ന
പാവങ്ങളെ തട്ടിവിളിച്ച് ബിരിയാണികെട്ട് നല്‍കുമ്പോള്‍ അവരുടെ മുഖത്ത്
വിരിയുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്. കാസര്‍കോടിന്റെ
പാതയോരങ്ങളിലും സര്‍ക്കാര്‍ ആശുപത്രിയുടെ മുറ്റങ്ങളിലും പാവങ്ങളെ തേടി
അവരുണ്ടാവും. ഓരോ കല്ല്യാണങ്ങളിലും ഭക്ഷണം ബാക്കിയായി കിട്ടുന്നത് ഏറെ
വൈകിയിട്ടാണ് അപ്പോള്‍ തന്നെ അത്താഴക്കൂട്ടക്കാരെത്തി അതിനെ ലോഡ്
ചെയ്‌ത് കൊണ്ടുപോകും. നാടുറങ്ങുമ്പോള്‍ അവര്‍ ഉറങ്ങാതെ തെരുവിന്റെ
മക്കള്‍ക്കുമുന്നില്‍ ഭക്ഷണം വിളമ്പുന്ന തിരിക്കിലായിരിക്കും.
പാതിരാത്രിയുടെ പവിത്രതയില്‍ അവര്‍ ദൈവത്തിന്റടുത്ത് നിന്ന് പുതിയ
പുണ്യങ്ങള്‍ നേടുകയായിരിക്കും.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരവും ആര്‍ത്തിയും ഭക്ഷണമല്ലാതെ
മറ്റൊന്നുമല്ല, വിശപ്പിന്റെ കാഠിന്യം അറിഞ്ഞവര്‍ക്കേ അതിന്റെ തീവ്രത
മനസ്സിലാവുകയുള്ളു.
എന്ത് തിന്നണമെന്നറിയാതെ കണ്‍ഫ്യൂഷനാവുന്ന നമ്മുടെ ഇതേ നാട്ടിലാണ് ഒരു
നേരത്തെ അന്നത്തിന് വകയില്ലാതെ ഒരുപാട് പാവങ്ങള്‍
പകച്ചുനില്‍ക്കുന്നുള്ളതെന്നോര്‍ക്കണം.
കല്ല്യാണത്തിന്റെ പേരില്‍ ഭക്ഷ്യമേളകള്‍ തീര്‍ക്കുന്നവര്‍ ഒരിക്കലും
ചിന്തിക്കാത്ത ഒന്നാണ് പാവങ്ങളുടെ പട്ടിണി. തന്റെ വീട്ടിനുള്ളിലും തന്റെ
പന്തലിനകത്തും അഹങ്കാരത്തിന്റെ പാത്രം നിരത്തുന്നവര്‍ പാവം മനുഷ്യന്റെ
കരളലിയിപ്പിക്കുന്ന കഥ അറിയുന്നേയില്ല.
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറയെ തിന്നുന്നവന്‍
എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചക(സ) സന്ദേശത്തിന് വിലകൊടുക്കാത്തവര്‍
തന്റെ ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു.
പതിനായിരങ്ങളെ വിളിച്ചു കൂട്ടുന്ന കല്ല്യാണങ്ങളിലും അതിന്റെ എത്രോയ
ഇരട്ടി പേര്‍ക്കാണ് ഭക്ഷഠണമൊരുക്കുന്നത്. വിശപ്പ് ഒരു നോവായി മാറാത്ത
വര്‍ത്തമാനകാലത്ത് ഭക്ഷണം ഒരു സംഭവമേയല്ല. മാത്രവുമല്ല നാട്ടില്‍
ഒന്നിലേറെ കല്ല്യാണം അരങ്ങേറുമ്പോള്‍ എല്ലാ ദിക്കില്‍ നിന്നും ഭക്ഷണം
കഴിക്കാന്‍ ആളുകള്‍ തയാറാവുന്നുമില്ല. അതുകൊണ്ടുതന്നെ പല ദിക്കിലും എത്രയോ
ഭക്ഷണങ്ങളാണ് ബാക്കിയാവുന്നത്. ബാക്കിവരുന്ന ഭക്ഷണങ്ങള്‍
അനാഥാലയത്തിലെത്തിക്കുകയായിരുന്നു മുമ്പ് ചെയ്‌തിരുന്നത്. എന്നാല്‍
ആരുടെയെങ്കിലും ബാക്കി ഭക്ഷണം കഴിക്കാന്‍ മാത്രം ഗതികെട്ടവരല്ല അനാഥ
മക്കളെന്ന അഭിപ്രായം ശക്തമായതോടെ ആ ഏര്‍പ്പാട് അവസാനിച്ചു.
ഇവിടെയാണ് അത്താഴക്കൂട്ടം വേറിട്ട വഴി സ്വീകരിക്കുന്നത്. വലിയ ചിലവ്
വരുന്ന കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍
ചിലവില്ലാതെ ഒരുപാട് നന്മകളുടെ ഭാഗമാകാന്‍ കഴിയും. അതാണ്
അത്താഴക്കൂട്ടക്കാര്‍ കാണിച്ചുതരുന്നത്.
കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി, ഹാരിസ്
മസ്‌താന്‍, അബ്‌ദുല്‍ ഖാദര്‍, ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്
അത്താഴക്കൂട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക്
സഹായവുമായി നാട്ടിലെ ഒരുപാട് ചെറുപ്പക്കാരുമുണ്ട്.
വല്ലാത്തൊരു സങ്കട കാഴ്‌ചയില്‍ നിന്നായിരുന്നു ഈ കൂട്ടായ്‌മ
രൂപപ്പെട്ടത്. അവര്‍ കഥപറയുന്നു....രണ്ടു വര്‍ഷംമുമ്പ്...ഒരു ദിവസം
വലിയൊരു കല്ല്യാണത്തിന് ചെല്ലുന്നു. ഭക്ഷണ പെരുമയാണവിടെ. പലതരം
ബിരിയാണിയും വറുത്തതും പൊരിച്ചതും തൊട്ട് പുഡ്ഡിംഗും ഐസ്‌ക്രീമുമെല്ലാം
നിരന്ന് കിടക്കുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത് വയറു നിറയെ
കഴിച്ചിട്ടും പിന്നെയും ഭക്ഷണങ്ങള്‍ ബാക്കി. ഒരു സ്‌പൂണ്‍ ബിരിയാണിപോലും
എടുക്കാത്ത എത്രയോ ബട്‌ലങ്ങള്‍. ഒടുവില്‍ വെയ്‌സ്റ്റായി മാറുന്ന ആ
ബിരിയാണി കുഴിച്ചുമൂടാന്‍ ഒരുങ്ങുകയാണ് ആ വീട്ടുകാര്‍. ഇത് മനസ്സിനെ
വല്ലാതെ വേദിനിപ്പിച്ചു. അന്ന് നാട്ടിലെത്തി കൂട്ടുകാര്‍ രുന്ന്
ആലോചിച്ചു. ഒടുവില്‍ ചെന്നത്തിയെ ആശയം, ആഘോഷ വേളകളില്‍ ബാക്കിയാവുന്ന
ഭക്ഷണങ്ങള്‍ ശേഖരിച്ച് പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക
എന്നതായിരുന്നു. അന്ന് തന്നെ അത്താഴക്കൂട്ടമെന്ന കൂട്ടായ്‌മയ്‌ക്ക് രൂപം
നല്‍കുകയും ചെയ്‌തു.
ഇനി നിങ്ങള്‍ ഭക്ഷണം പാഴാക്കരുത്, ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാതെ
പട്ടിണികിടക്കുന്ന എത്രയോ പാവങ്ങള്‍ ഈ നാട്ടിലുണ്ട്, നിങ്ങള്‍
കുഴിച്ചുമൂടുന്ന ഭക്ഷണങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കു, ഞങ്ങള്‍ അവര്‍ക്ക്
എത്തിച്ചുകൊടുക്കും...എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു ഇമേജ്
ക്രിയേറ്റ് ചെയ്‌തുവിട്ടു. അതിനു താഴെ നമ്പറും ചേര്‍ത്തു. ഇമേജുകള്‍
കൊച്ചുവൈറലായി വാട്‌സ് ആപ്പിലൂടേയും ഫേസ്‌ബുക്കിലൂടെയും ഒഴുകി. കണ്ടവര്‍
കണ്ടവര്‍ ഷെയര്‍ ചെയ്‌തെടുത്ത് സേവ് ചെയ്‌തുവെച്ചു.
അതായിരുന്നു തുടക്കം. പിന്നീട് ഭക്ഷണം ബാക്കിയാവുന്ന ദിക്കുകളില്‍
നിന്നൊക്കെ അത്താഴക്കൂട്ടത്തെ തേടി ഫോണ്‍കോളുകളെത്തി. കൂടുതല്‍ കല്ല്യാണം
നടക്കുന്ന വ്യാഴം ഞായര്‍ ദിവസങ്ങളില്‍ കോളുകളുടെ എണ്ണം ഒരുപാട് കൂടും.
എന്നാല്‍ എവിടേയും ഭക്ഷണം വലിച്ചെറിയാന്‍ അനുവദിക്കാതെ അവര്‍ അവരുടെ
വാഹനവുമായി ഓടിയെത്തും. പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്യുന്നതും
ലോഡ് ചെയ്യുന്നതുമടക്കമുള്ള എല്ലാ ജോലികളും അവര്‍ തന്നെ ചെയ്യും.
പുലരുവോളം ഭക്ഷണം വിതരണം ചെയ്‌ത ദിവസങ്ങള്‍പോലുമുണ്ടത്രെ.
അത്താഴകൂട്ടത്തിന്റെ പാത പിന്തുടര്‍ന്ന് ഇന്ന് പല നാട്ടിലും പല യുവാക്കളും ഈ സേവനത്തിലേക്ക് കടന്നുവരികായണ്.
ഞാന്‍, എന്റെ ജീവിതം എന്ന ചിന്തകള്‍ക്കപ്പുറം മറ്റുള്ളവന്റെ വേദനയും
കഷ്‌ടപ്പാടും അറിയുമ്പോഴാണ് നമ്മുടെ ജീവിതം സാര്‍ത്ഥകമാകുന്നത്. ഒരു
മനുഷ്യന്റെ ഒരു നേരത്തെ പട്ടിണിമാറ്റാന്‍ കഴിഞ്ഞെങ്കില്‍ നമ്മുടെ ജീവിതം
പുണ്യമായി. പാവങ്ങളെ സഹായിക്കണമെന്ന മനസ്സുണ്ടെങ്കില്‍ നമ്മുടെ കയ്യില്‍
കോടികള്‍ ആവശ്യമില്ല. ഏതൊക്കെയോ നന്മകളുടെ ഭാഗമായാല്‍ മാത്രം മതി.
കോടിശ്വരന്‍ ചെയ്യുന്ന നന്മകളേക്കാള്‍ മഹത്വമുണ്ടാകുമതിന്. സഹായങ്ങളുടെ
വലിപ്പത്തിനല്ല, മനസ്സിന്റെ നന്മകള്‍ക്കാണ് ദൈവം മാര്‍ക്കിടുന്നത്.
അത്താഴക്കൂട്ടം ചെയ്യുന്നത് രണ്ട് പുണ്യമാണ്. ഒന്ന് ഭക്ഷണങ്ങളെ
പാഴാക്കാതെ കാത്തുസൂക്ഷിക്കുന്നു, മറ്റൊന്ന് ഏതൊക്കെയോ പാവങ്ങളുടെ വയറും
മനസ്സും നിറയ്‌ക്കുന്നു. ഈ നന്മയ്‌ക്ക് നമുക്ക് ആയിരം ലൈക്കടിക്കാം.
0000 000 000
എന്ത് ചെയ്യണമെന്നറിയാതെ ഭക്ഷണം കുഴിച്ചുമൂടാനൊരുങ്ങുമ്പോള്‍ നിങ്ങളും
വിളിക്കുക, അത്താഴകൂട്ടക്കാര്‍ ഓടിയെത്തും...പാചക പുരയിലെ വെയ്‌സ്റ്റുകള്‍
കാലിയാകുമെന്നതിനപ്പുറം ഏതൊക്കെയോ പാവങ്ങളുടെ പട്ടിണി മാറ്റിയ പുണ്യം
നിങ്ങള്‍ക്കുകൂടി കിട്ടാതിരിക്കില്ല...
നമ്പര്‍: 9895350093, 9744334334.

എബി കുട്ടിയാനം
വീട് അതൊരു സങ്കല്‍പ്പമാണ്, സ്വപ്‌നമാണ്, അഭയമാണ് സര്‍വ്വോപരി
ജീവിതത്തിന്റെ എല്ലാമെല്ലാമാണ്. ഓരോ നിമിഷത്തിലും വീട് നമ്മെ
പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വീടുവിട്ടിറങ്ങിയന്നേരം മുതല്‍ അത്
വഴിനോക്കി കാത്തിരിക്കാന്‍ തുടങ്ങും. ഒരു ദിവസം വൈകിയാലും ഒന്നും
സംഭവിക്കില്ല പക്ഷെ, അപ്പോഴും ഏതു പാതിരാത്രിയിലും നാം വീടണയാന്‍ വേണ്ടി
ഓടികിതച്ചെത്തും. ഹൃദയത്തിലേക്ക് നീളുന്ന ഒരാത്മബന്ധമുണ്ട് നമുക്ക്
നമ്മുടെ വീടുമായിട്ട്.
വീട് സുരക്ഷിതത്വത്തിന്റെ മതിലാണ്, ആശ്വാസത്തിന്റെ കേന്ദ്രമാണ്,
അഭയത്തിന്റെ മേല്‍ക്കൂരയാണ്. പകലിന്റെ എല്ലാവേവലാതികളെയും വീടിനുള്ളില്‍
ഇറക്കിവെച്ച് നാം ഉറങ്ങാന്‍ കിടക്കും. പുലരുവോളം കാവലിരുന്ന് അത്
നമുക്ക് കൂട്ടിരിക്കും... വീടുവിട്ടിറങ്ങുന്ന നിമിഷം മുതല്‍ നാം
ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും വേദന അറിയുന്നു. ഒരു പഞ്ചനക്ഷത്ര
ഹോട്ടലിനും സ്വന്തം വീടിന് പകരമാവാന്‍ കഴിയില്ല. ഹോസ്റ്റല്‍ മുറിയില്‍
കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുമ്പോഴും കുഗ്രാമത്തിലെ കുടില്‍
മനസിനുള്ളിലൊരു നൊസ്റ്റാള്‍ജിക്കായി നിറയും.
വീടിന്റെ മേല്‍ക്കൂര നോക്കിയായിരുന്നുവല്ലോ നാം ആദ്യമായി പുഞ്ചിരിച്ചത്.
പിച്ചവെച്ച നാളില്‍ കൈതന്ന് കൂട്ടുനിന്നതും വീടിന്റെ ചുമരായിരുന്നല്ലോ.
അതേ ചുമരില്‍ കരികഷ്‌ണം കൊണ്ടായിരുന്നു നാം എഴുതിപഠിച്ചതും. അഹ്ലാദം
വരുമ്പോള്‍ വീട് കൂടെ നിന്ന് ചിരിക്കും ദു:ഖാവസ്ഥയില്‍ വീടിനും
വേവലാതിയാണ് മൂകമായി അത് അരികിലിരുന്ന് കരയാന്‍ തുടങ്ങും.
ഞാന്‍ രാവിലെ ഒമ്പതുമണിക്ക് വീട്ടില്‍ നിന്നിറങ്ങും, ഞാന്‍ രാത്രി
വീട്ടിലെത്താന്‍ ഏറെ വൈകും, എടാ ഞാന്‍ വീട്ടിലെത്തി നിന്നെ (എബി
കുട്ടിയാനം)വിളിക്കാം, ശ്ശെ, ഇന്ന് വീട്ടിലേക്ക് വിളിക്കാനേ കഴിഞ്ഞില്ല
ഉമ്മയോടൊപ്പം വീടും എന്റെ വിളിക്കുവേണ്ടി ഒരുപാട്
കാത്തിരിന്നിട്ടുണ്ടാകും....അങ്ങനെ അങ്ങനെ ഒരു ദിവസം എത്രവട്ടം നാം
വീടിനെക്കുറിച്ച് വാചാലമാവുമെന്നറിയുമോ(?)
000 000 000
വീട് ഒരു സ്വര്‍ഗ്ഗമാകും എന്ന പരസ്യം കമ്പനിക്കാരന്റെ
കച്ചവടവാചകമായിരിക്കാം. എന്നാല്‍ വീട് ഒരു സ്വര്‍ഗ്ഗം തന്നെയല്ലെ(?)
തിരക്കുപിടിച്ച ജോലിക്കിടയില്‍ നാം കൊതിക്കുന്നത് എല്ലാം മറന്ന് ഒന്ന്
സുഖമായി വീട്ടിലിരിക്കാനുള്ള ദിവസത്തിനുവേണ്ടിയാണ്. സമരത്തിന്റെ പേരില്‍
അവിചാരിതമായി അവധികിട്ടുമ്പോള്‍ ആയിരം ആഹ്ലാദവുമായി സ്‌കൂളില്‍ നിന്ന്
വീട്ടിലേക്ക് ഓടിയ ഒരു ബാല്യമുണ്ടാവും എനിക്കും നിങ്ങള്‍ക്കും.
ബാല്യം വിട്ട് ബാല്യക്കാരനാവുന്ന നാള്‍മുതല്‍ നമ്മുടെ സമ്പാദ്യത്തിന്റെ
ഒരു വിഹിതം നാം വീടെന്ന സ്വപ്‌നത്തിനുവേണ്ടി നീക്കിവെക്കും. അപ്പോഴും
വീടെന്ന മോഹം ചിലര്‍ക്കെങ്കിലും ഒരു സങ്കല്‍പ്പം മാത്രമായി തുടരും.
പൊളിഞ്ഞുവീഴാറായ ഈ പഴയതറവാട്ടുവീട്ടില്‍ നിന്നും എപ്പോഴാണട നമ്മള്‍
നല്ലൊരു വീടുവെച്ച് താമസം മാറുന്നതെന്ന ഉമ്മയുടെ ചോദ്യത്തിന് മിഴിച്ച
നോട്ടം മാത്രമായിരിക്കും എന്നുമെന്റെ ഉത്തരം. ഹൃദയം തന്നെ
ഒട്ടിപിടിച്ചുനില്‍ക്കുന്ന ഈ വീടുവിട്ട് നമ്മള്‍ എവിടെപോവാനാണ് എന്ന
എന്റെ ഉത്തരം ഉമ്മാനെ ചിലപ്പോഴോക്കെ ദേശ്യം പിടിപ്പിക്കും.
സ്വന്തമായി ഒരു വീടില്ലാത്തതാണ് ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ അവസ്ഥ.
ജോലിയും ഒരു വീടുമില്ലെങ്കില്‍ മനുഷ്യന് മരണമാണട നല്ലത് എന്ന് പറഞ്ഞ
കൂട്ടുകാരന്റെ പഴയ എസ്.എം.എസ് ഞാനിപ്പോഴും ഡിലീറ്റ് ചെയ്‌തിട്ടില്ല.
പഠനം കഴിഞ്ഞ് വിമാനം കയറിയിട്ടും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കഴിയാത്ത
അവന്റെ കണ്ണീരിനൊപ്പം ചാറ്റ് വര്‍ത്തമാനത്തില്‍ ഞാന്‍ ദു:ഖത്തിന്റെ
പിന്തുണ നല്‍കാറുണ്ട്.
വീടില്ലാത്ത അവസ്ഥ ഭീകരമാണ്, അസഹനീയമാണത്. മറ്റുള്ളവന്റെ കാരുണ്യത്തില്‍
അവന്റെ തണലിലേക്ക് താമസം മാറേണ്ടിവരുമ്പോള്‍ നമുക്ക് നമ്മുടെ അഭിമാനം
തന്നെ മാറ്റിവെക്കേണ്ടിവരുന്നു. ഒരിത്തിരിപോലും സ്വസ്ഥതയില്ലാതെ നമിഷം
തള്ളിനീക്കാനായിരിക്കും നമ്മുടെ വിധി. എല്ലാറ്റിനും അവകാശം ലഭിക്കുമ്പോഴും
മറ്റൊരുവീട്ടിലെ പൈപ്പുവെള്ളത്തില്‍ കുളിക്കാന്‍ നമുക്ക് പേടിയാണ്,
അവര്‍ക്ക് എന്തുതോന്നുമെന്ന ചിന്തയില്‍ ഭക്ഷണത്തിനുപോലും
രുചിയില്ലാതാകുന്നു. ഉറങ്ങുകയാണെങ്കിലും (എബി കുട്ടിയാനം)ഒരു രാത്രിയിലും
നമ്മള്‍ അവിടെ ഉറങ്ങുന്നില്ല. ഒരു കൊച്ചുകൂരയിലേക്കെങ്കിലും താമസം മാറുന്ന
നിമിഷമായിരിക്കും സദാസമയവും നമ്മുടെ മനസ്സില്‍....
മൂന്ന് നിലയുള്ള മാളിക കെട്ടിപൊക്കിയവന് അതില്‍ തമാസിക്കാന്‍ ആളില്ല.
കൂടുതല്‍ സമ്പാദിക്കാനുള്ള വെപ്രാളത്തില്‍ അവന്‍ വീടുപൂട്ടിപോകുമ്പോള്‍
തൊട്ടപ്പുറത്തൊരുകുടംബം താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയിലലയുന്നു.
ഇതാണ് ഇന്നത്തെ വിരോധാഭാസമായ കാഴ്‌ചകള്‍. നമുക്ക് നമ്മുടെ സുഖം മാത്രം
വിലപ്പെട്ടതാകുമ്പോള്‍ പാവപ്പെട്ട ഒരുപാട് മനുഷ്യര്‍ മഴനനഞ്ഞ്
വെയിലുകൊണ്ട് ഈ ഭൂമിയില്‍ വല്ലാതെ കഷ്‌ടപ്പെടുന്നത് നമുക്ക് കാണാനെ
കഴിയുന്നില്ല. രണ്ടുമുറിയില്‍പോലും താമസിക്കാന്‍ ആളില്ലാതാകുമ്പോഴും
അഞ്ചുമുറിയിലെങ്കിലും എയര്‍കണ്ടീഷന്‍ ഫിറ്റ് ചെയ്യുന്ന അഹങ്കാരം
എന്നായിരിക്കും നമുക്ക് മാറ്റിവെക്കാന്‍ കഴിയുക. ഇത്തരത്തിലുള്ള
നാലുകുടുംബങ്ങളെങ്കിലും രണ്ട് എസിയുടെ വിഹിതം മാറ്റിവെച്ചാല്‍ പാവപ്പെട്ട
ഒരു കുടുംബത്തിന് ഈ ജന്മംമുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള
വീടാകുമായിരുന്നു അത്.
മുകേഷ് അംബാനി മുംബൈയിലെ ആള്‍ട്ടാ മൗണ്ട് റോഡില്‍ കെട്ടിപൊക്കിയ ആന്റില
എന്നു പേരിട്ട വീടിനെ എന്തുപേരിട്ടുവിളിക്കണമെന്നറിയാതെ നമ്മള്‍ ഇപ്പോഴും
പകച്ചുപോകുന്നു. നാല് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 27 നിലകളിലായി
നിര്‍മ്മിച്ചുണ്ടാക്കിയൊരു മഹാസംഭവം. 9000കോടി രൂപ ചിലവുവരുന്ന വീടിന്
മൂന്ന് ഹെലിപാഡുകളുണ്ട്. ഓരോ ന(എബി കുട്ടിയാനം)ിലകളും വ്യത്യസ്‌തങ്ങളായ
മെറ്റീരിയലുകള്‍ കൊണ്ടാണത്രെ നിര്‍മ്മിച്ചത്. റിക്‌ടര്‍ സ്‌കെയിലില്‍
എട്ടു ഡിഗ്രിവരെയുള്ള ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവും ആ വീടിനുണ്ടത്രെ.
അറിയുമോ വീടിന്റെ പരിചരണത്തിനായി മാത്രം ഒരു ദിവസം അറുന്നൂറുപേര്
പണിയെടുക്കുന്നുണ്ട്. ഞെട്ടിപോവരുത് കുടികൂടിയ ആദ്യമാസം രേഖപ്പെടുത്തിയ
വൈദ്യുതി ബില്ല് 15,000 കോടി രൂപയാണ്.
നിത്യവരുമാനത്തെ എത്ര കൂട്ടികിഴിച്ചാലും, വന്നുചേരുന്ന തുണ്ടുകാശുകളെ
എത്രമാറ്റിവെച്ചാലും ഒരു വീടെന്നത് സ്വപ്‌നം മാത്രമാകുമ്പോള്‍
ആന്റിലയെക്കുറിച്ചുള്ള കഥകള്‍ എന്നെയും നിന്നെയും
അസ്വസ്ഥനാക്കുന്നുവെങ്കില്‍ അതിനെ അസൂയ എന്ന് വിളിക്കാന്‍ കഴിയുമോ(?)
അംബാനിയുടെ വീട് മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഇട്ടുതരുമ്പോള്‍ സായിറാം
ഗോപാകൃഷ്‌ണഭട്ടെന്ന കാരുണ്യകടലിനെ ഓര്‍മ്മവരും. വീടില്ലാത്തവന്റെ
മുന്നില്‍ വീടായി മാറുന്ന ആ മഹാമനസ്‌ക്കതയെ എങ്ങനെ
വിശേഷിപ്പിക്കണമെന്നറിയാതെ എന്റെ വിരലുകളും കീബോര്‍ഡും തോറ്റുപോകുന്നു.
പാവങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചുനല്‍കി വിസ്‌മയമാകുന്ന
സായിറാം ഭട്ട് കാരുണ്യത്തിന്റെ നൂറാമത്തെ മേല്‍ക്കൂര പൂര്‍ത്തിയാക്കിയ
വേളയില്‍ പത്രത്തിനുവേണ്ടി ഫീച്ചര്‍ ചെയ്യാന്‍ പോകുമ്പോള്‍
സ്‌കൂള്‍കുട്ടിയായ എന്റെ മനസ്സ് കൊതിച്ചത് നൂറു വീട്
നിര്‍മ്മിച്ചുനല്‍കിയ മനുഷ്യന്റെ കൊട്ടാരസദൃശ്യമായ വീടുകാണാനായിരുന്നു.
കിളിങ്കാറിലെ ചെമ്മണ്‍പാതിയിലൂടെ നടന്നുപോയി ഞാന്‍ കണ്ട ആ വീട് എന്നെ
വല്ലാതെ അമ്പരപ്പിച്ചിരുന്നു. പൂര്‍ണ്ണമായി തേപ്പ് ചെയ്യാത്ത, ജനാലവെച്ചു
പിടിപ്പിച്ചിട്ടില്ലാത്ത ആ വീടെന്ന രൂപത്തെ ഞാന്‍ ഏറെ നേരം നോക്കിനിന്നു.
എത്രയോ പാവങ്ങള്‍ക്കുമുന്നില്‍ ആശ്വാസത്തിന്റെ തണലായ സായിറാം ഭട്ടിന്
സ്വന്തം വീട് ഒരു ആഡംബരമേയല്ലായിരുന്നു..
സായിറാം ഭട്ടിന്റെ വീടുകളുടെ എണ്ണം ഇരുന്നൂറോട് അടുക്കുന്നു. സര്‍ക്കാര്‍
പോലും കൈമലര്‍ത്തിയ പാവങ്ങള്‍ക്കുമുന്നിലാണ് സായിറാം ഭട്ട് കരുണയുടെ
ആകാശമായത്....സായിറാം (എബി കുട്ടിയാനം)ഭട്ടിനെക്കുറിച്ച്
ഫീച്ചെറുഴുതിയിട്ട് വര്‍ഷം കുറേ കഴിഞ്ഞു. വീണ്ടും എഴുതണമെന്ന് ആരൊക്കെയോ
പറഞ്ഞു. പക്ഷെ, ഇനിയൊരിക്കല്‍കൂടി നിനക്ക് അതിനെക്കുരിച്ചെഴുതാന്‍
കഴിയില്ലെന്ന് മനസ്സ് പറയുന്നു. ആ കാരുണ്യസ്‌പര്‍ശത്തിനുമുന്നില്‍ എന്റെ
അക്ഷരങ്ങള്‍ തോല്‍ക്കും,,എന്റെ പേജും പേനയും വാക്കുകള്‍ക്കുവേണ്ടി
കാത്തിരുന്ന് പരാജിതനാവും. ക്ഷമിക്കണം, ഞാന്‍ പിന്‍വാങ്ങുന്നു.
വീടില്ലാത്തവന്റെ ദു:ഖം തീരാനിലവിളിയായി സദാനിലകൊള്ളുമെന്ന
സങ്കടങ്ങള്‍ക്കിടയിലാണ് ഈയിടെ ഒരു വാര്‍ത്ത കണ്ടത്. ഒരു ലക്ഷം രൂപയുടെ
നാനോ കാര്‍ അവതരിപ്പിച്ച് തരംഗം സൃഷ്‌ടിച്ച ടാറ്റാ ഗ്രൂപ്പ് നാനോ
വീടുമായി രംഗത്തുവരുന്നു. ഗ്രാമപ്രദേശങ്ങള്‍ ലക്ഷ്യമിട്ട്
നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വെറും 32,000 രൂപ മാത്രമാണ്
വിലയെന്നുപറയുമ്പോള്‍ കുറേയേറെ പാവങ്ങളുടെ ഹൃദയം നിറയുന്നുണ്ട്. ഈവര്‍ഷം
അവസാനത്തോടെ അവര്‍ വിലകുറഞ്ഞ വീടുകള്‍ അവതരിപ്പിച്ചുതുടങ്ങും. അംസബിള്‍
ചെയ്യാവുന്ന കിറ്റുകളായാണ് വീടുകള്‍ നല്‍കുന്നത്. ഇതില്‍ മേല്‍ക്കൂര,
വാതിലുകള്‍, ജനാല എന്നിവയുണ്ടാകും. വീടുനിര്‍മ്മിക്കാന്‍ വെറും ഏഴു ദിവസം
മതി. അടിസ്ഥാന മോഡലായ 20 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ്
32,000 രൂപയാണ്. 30 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ്
32,000 രൂപയാണ് ചിലവ്. 30 ചതുരശ്ര മീറ്ററുള്ള വീടാണെങ്കില്‍ ചെലവ്
അല്‍പം കൂടി ഉയരും. ഏകദേശം 43,000 രൂപവരും.
000 000 000
അറബി കഥയിലെ പാട്ടുപോലെ വീടാണ് മനസ്സിലെപ്പോഴും. എവിടെ പോയാലും തിരികെ
വരുന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമത്തോടൊപ്പം നമ്മുടെ വീടും
കാത്തിരിപ്പുണ്ടാകും. പാന്റും കുപ്പായവും അഴിച്ചുമാറ്റി ടൈ അകലേക്ക്
വലിച്ചെറിയുമ്പോള്‍ ഉമ്മയോടൊപ്പം വീടും വിളിച്ചു ചൊല്ലും എടാ , നീ എന്റെ
പഴയ കുഞ്ഞുമോനായല്ലോട കുട്ട...
നാലാം ക്ലാസില്‍ വെച്ച് ഒരിക്കല്‍ രാേന്ദ്രന്‍ സാര്‍ ചോദിച്ചു എവിടെയാ
വീട്. എല്ലാവരും അഹങ്കാരത്തോടെ തങ്ങളുടെ വീടിനെക്കുറിച്ച് പറഞ്ഞപ്പോള്‍
ഞാനെന്താണ് പറയേണ്ടതെന്ന് ചോദിച്ച് എന്നോട് ഒട്ടിച്ചേര്‍ന്ന് നിന്ന
വീടില്ലാത്ത എന്റെ അനാഥനായ ആ കൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയായിരിക്കും.
പഠിക്കാന്‍ മിടുക്കനായ അവന്‍ വലിയ ജോലിയൊക്കെ സമ്പാദിച്ച് നല്ല
വീടുനിര്‍മ്മിച്ച് അമ്മയോടൊപ്പം സുഖമായി കഴിയുന്നുണ്ടാകുമെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്‌ടം.

എബി കുട്ടിയാനം
ഉറക്കം വല്ലാത്തൊരു അനുഭൂതിയാണ്...മരണത്തിന്റെ ഒരു
റിഹേഴ്‌സലാണത്...കണ്ണുകള്‍ക്കുമേലെ ഉറക്കം വിരുന്നെത്തുന്നതോടെ നമ്മള്‍
മറ്റൊരു ലോകത്താകും...പിന്നെ ഈ ഭൂമിയിലെ ഒരു ചലനവും
നമ്മളറിയുന്നില്ല...ഒരു കൊച്ചു മരണമാണ് നമ്മുടെ ഓരോ
ഉറക്കവും...കണ്ണടച്ചാല്‍ നീ ഒന്നുമല്ലെന്ന് ഉറക്കം നമ്മെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...എല്ലാ ദിക്കിലും ജയിക്കുന്ന മനുഷ്യന്‍
മരണത്തിനുമുന്നില്‍ മാത്രം തോറ്റുപോകുന്നതുപോലെ എത്ര പിടിച്ചു നിന്നാലും
ഉറക്കത്തിനുമുന്നിലും അവസാനം നമ്മള്‍ തോറ്റു മടങ്ങും...
ഉറക്കം നഷ്‌ടപ്പെട്ടുപോയ ഒരുപാട് രാത്രികളുടെ കഥ പറയാനുണ്ടാകും നിങ്ങളുടെ
മനസ്സിനും...ദു:ഖങ്ങള്‍ കുന്നുകൂടിയ ഒരു പകലിനൊടുവില്‍ തിരിഞ്ഞും മറിഞ്ഞും
കടന്നിട്ടും ഒരുപോള കണ്ണടക്കാനാവാതെ കണ്ണീര്‍വാര്‍ത്ത ഒരു രാത്രിയില്ലെ
നിങ്ങളുടെ ഓര്‍മ്മയില്‍...നീണ്ട തീവണ്ടി യാത്രയില്‍ റിസര്‍വ്വേഷന്‍
കണ്‍ഫോമാകാതെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ തിങ്ങിനിറഞ്ഞ
യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്‌ത ആ നിമിഷത്തില്‍ നിങ്ങളും ഉറക്കത്തിന്റെ
വിലയറിഞ്ഞിട്ടുണ്ടാവും...വേണ്ടപ്പെട്ടൊരാള്‍ തീവൃപരിചരണ വിഭാഗത്തില്‍
അത്യാസന്ന നിലയില്‍ കഴിയുമ്പോള്‍ ആശുപത്രി വരാന്തയില്‍
അങ്ങോട്ടുമിങ്ങോട്ടും നടന്ന് നേരം വെളിപ്പിച്ചൊരു മനുഷ്യനില്ലെ നിങ്ങളുടെ
ഉള്ളില്‍...കല്ല്യാണ വീട്ടിലും ഉത്സവനഗരിയിലും ഉറങ്ങാനാവാതെ പോയതിന്റെ
പരിഭവം പങ്കുവെക്കുന്ന ഒരു ശരാശരി മനുഷ്യനല്ലെ ഞാനും നീയും...
സ്ഥലം മാറി കിടന്നാല്‍ എനിക്ക് ഉറക്കം (എബി കുട്ടിയാനം)വരില്ലെന്ന്
അഭിമാനത്തോടെ പറയുന്ന പ്രിയപ്പെട്ട കൂട്ടുകാര...തല ചായ്‌ക്കാന്‍
ഒരിടമില്ലാതെ ബസ് സ്റ്റാന്റിന്റെ തിണ്ണിയല്‍ കിടന്നുറങ്ങുന്ന
പാവങ്ങളെക്കുറിച്ച് നീ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ...ഒട്ടും
ഉറങ്ങാതെ നേരം പുലരും വരെ പഠിച്ചിട്ട് അവസാനം പരീക്ഷ ഹാളില്‍ ഉറങ്ങിപോയ
ബാല്യമായിരുന്നു ഇതു വഴി കടന്നുപോയത്...എന്താട, ഇത്ര പെട്ടെന്ന്
ഉറങ്ങുന്നത്, നീ ഉറങ്ങിയാല്‍ വീട് ഉറങ്ങിപോകുമല്ലോട എന്ന് പറഞ്ഞ്
സ്‌നേഹത്തോടെ വിളിച്ചുണര്‍ത്തുന്ന ഉമ്മയെ ഓര്‍മ്മിപ്പിക്കുന്നു ഓരോ
ഉറക്കവും...ഉറക്കം ഒരു വ്യക്തിയുടെ ഊര്‍ജ്ജസ്വലതയെ
അടയാളപ്പെടുത്തുന്നു...അതിരാവിലെ ഉണരാന്‍ കഴിയുന്നത് ഒരു
പുണ്യമാണ്...നാലു മണിക്കും അഞ്ചു മണിക്കും ഉണരുന്നവര്‍ ഒരു ദിവസത്തെ
ധന്യമാക്കും...എട്ടു മണി പിന്നിട്ടാലും ഉണരാത്ത മടിയാന്മാര്‍ ഭൂമിക്കൊരു
ഭാരമായി വീടിന്റെ ഐശ്വര്യം കെടുത്തി നിലകൊള്ളും...മതവും മാതാചര്യന്മാരും
ശാസ്‌ത്രവും ശാസ്‌ത്രപാഠവും പഠിപ്പിക്കുന്നത് അതിരാവിലെ
ഉണരണമെന്നാണ്...പക്ഷെ, പറഞ്ഞിട്ടെന്ത് ന്യൂജനറേഷന്‍ പിള്ളേര്‍ ഈ
ഉപദേശങ്ങളെ തിരുത്തിയെഴുതുകയാണിപ്പോള്‍...പുലരുവോളം വാട്‌സ്‌ആപ്പിന്
മുന്നല്‍ തലതാഴ്‌ത്തി നില്‍ക്കുന്ന സമൂഹം നേരം വെളുക്കാറാകുമ്പോള്‍
കിടന്നുറങ്ങി പത്തു മണിയും പിന്നിട്ട് ഉണരുന്നവാരായി മാറുകയാണ്...ഉറക്കം
നിന്നെ നാശത്തിലേക്ക് നയിക്കുമെന്ന് ന്യൂജനറേഷന്‍ ശൈലി
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്...
000 000 000
ഉറക്കത്തെക്കുറിച്ച് എഴുതുമ്പോഴൊക്കെ ബാല്യം ഒരു വാത്സല്ല്യമായി
മനസ്സില്‍ നിറയുന്നു...ഇരുപത് മണിക്കൂറിലേറെ ഉറങ്ങിയ
കുഞ്ഞുന്നാള്‍...ഉണരുമ്പോഴൊക്കെ ഉമ്മയുടെ താരാട്ട് കേട്ട് വീണ്ടും
ഉറങ്ങിയ ആ കാലം...ബാല്യം പിന്നിട്ട് ബാല്യക്കാരനായപ്പോഴും ഉറക്കം
ഒരനുഭൂതിപോലെ മനസ്സിനെ പിന്തുടര്‍ന്നു...രാവിലെ സുബ്‌ഹിക്ക് ഉണരണമെന്നത്
വീട്ടിനുള്ളിലെ നിയമമാകുമ്പോഴും ഉറക്കിന്റെ (എബി
കുട്ടിയാനം)ആലസ്യത്തിനിടയില്‍ അതിനെ തെറ്റിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ
ഉമ്മയുടെ ശകാരവര്‍ഷം തുടങ്ങും...അവസാനം ദേഹത്ത് വെള്ളം കുടഞ്ഞ്
എഴുന്നേല്‍പ്പിക്കുമ്പോള്‍ പിറുപിറുക്കുന്നുണ്ടാകും നമ്മുടെ
ചുണ്ടുകള്‍...ഒന്ന് നന്നായി ഉറങ്ങാന്‍ വേണ്ടി അവധി ദിനത്തിനുവേണ്ടി
കാത്തിരുന്ന ബാല്യമായിരുന്നില്ലെ എന്റേതും നിന്റേതും...പുറത്ത് മഴ
പാട്ടുപാടുമ്പോള്‍ മൂടി പുതച്ചുറങ്ങാന്‍ കൊതിക്കുന്ന ഒരു മനസ്സില്ലെ
നമുക്ക്..തണുപ്പുള്ള പുലരിയില്‍ കമ്പിളിപുതപ്പിനെ പ്രണയിക്കുമ്പോള്‍ ഈ
പ്രഭാതം അവസാനിക്കാതിരുന്നെങ്കില്‍ എന്നാശിച്ചുപോവാറില്ലെ നമ്മള്‍...അവധി
ദിവസത്തെ ഉറങ്ങി തീര്‍ക്കുമ്പോള്‍ എന്താട അത് പോത്തുപോലെ ഉറങ്ങുകയോ
എന്ന്‌ചോദിച്ച് പേടിപ്പിക്കുന്ന ഉമ്മയുടെ കണ്ണുരുട്ടലിന്
താരട്ടുപാട്ടിന്റെ അതെ സുഖമുണ്ട്...
000 000 0000
ഇവിടെ ഇരുട്ടാകുമ്പോള്‍ അമേരിക്കയില്‍ നേരം വെളുക്കും..അപ്പോള്‍ ഞാന്‍
ആഗ്രഹിച്ചുപോകുന്നത് ഇന്ത്യയും അമേരിക്കയും അടുത്തടുത്തായിരുന്നെങ്കില്‍
ഇവിടെ നേരം വെളുക്കുമ്പോള്‍ അമേരിക്കയില്‍ പോയി
കിടുന്നുറങ്ങാമായിരുന്നുവെന്ന് ഫേസ് ബുക്കില്‍ കുറിച്ച് വെച്ച
കുസൃതിക്കാരനായ കൂട്ടുകാരന്‍ ഉറക്കത്തിനുമുന്നില്‍ തോറ്റുപോയവന്റെ
പ്രതിനിധിയാണ്...
ഉറക്കം മനുഷ്യനെ മടിയനാക്കി മാറ്റുന്നു...ഉറക്കം അവന്റെ എല്ലാ
പരാജയങ്ങളുടെയും ഹേതുവായി തീരുന്നു...ഉറക്കത്തെ പ്രണയിക്കുമ്പോള്‍ നമ്മള്‍
മറ്റെല്ലാ ദിക്കിലും തോറ്റുപോകുന്നു...ജീവിതം ഉറങ്ങി തീര്‍ത്തവന്‍
ജീവിതത്തില്‍ ഒന്നുമല്ലാത്തവനായി മാറുന്നു...ജയിച്ച മഹാന്മാരെല്ലാം
കുറച്ചു മാത്രം ഉറങ്ങിയവരായിരുന്നു...ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടി
അവര്‍ ഒരുപാട് സുഖങ്ങള്‍ വേണ്ടെന്നു വെക്കുന്നു.
ഒരിക്കല്‍ എന്റെ ഗുരു എന്നോട് പറഞ്ഞു. നീ നിന്റെ ജീവിതത്തിലെ ഒരു മോശം
ശീലം ഒഴിവാക്കുകയാണെങ്കില്‍ നിനക്ക് ജീവിതത്തില്‍ ഒരുപാട്
ഉയരത്തിലെത്താന്‍ കഴിയും. രാവിലെ ഏറെ വൈകും വരെ കിടന്നുറങ്ങുന്ന ഒരു ശീലം
എനിക്കുണ്ടായിരുന്നു. ഗുരുവിന്റെ വാക്ക് കേട്ട അന്നുമുതല്‍ ഞാന്‍
അതിരാവിലെ ഉണരാന്‍ തുടങ്ങി. അത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.
(സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥയില്‍ നിന്ന്)
000 000 000
പ്രായം കൂടും തോറും ഉറക്കം കുറയുന്നു...വയസന്മാര്‍ അതിരാവിലെ
എഴുന്നേറ്റിരുന്ന് വര്‍ത്തമാനം തുടങ്ങുമ്പോള്‍ നമ്മള്‍
പറയും...നിങ്ങള്‍ക്ക് ഉറക്കില്ലെ...ഉറങ്ങാതിരിക്കാന്‍ മാത്രം എന്തു
പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്...പക്ഷെ, വയസുകൂടുന്നതോടെ ഉറക്കം
കുറയുകയാണെന്ന സത്യത്തെ നമ്മള്‍ തിരിച്ചറിയുന്നില്ല...(എബി
കുട്ടിയാനം)വയസ്സന്മാരും കുഞ്ഞുങ്ങളും സകലകാര്യത്തിലും തുല്യരാണെന്ന സത്യം
ഇവിടെയും യാഥാര്‍ത്ഥ്യമാകുന്നു...
000 000 000
ഉറങ്ങി തോല്‍ക്കുന്നുരെപോലെ തന്നെയാണ് ഉറങ്ങാതെ ജീവിതത്തെ തള്ളി
നീക്കുന്നവനും...ഉറക്കം ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്ന സത്യത്തെ അവന്‍
മറക്കുന്നു...വേണ്ടസമയത്ത് വേണ്ടപോലെ ഉറങ്ങണമെന്ന് ഡോക്‌ടര്‍മാര്‍
പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കുന്നു. ആവശ്യമായ ഉറക്കം കിട്ടാത്ത
ശരീരം പലവിധ രോഗങ്ങളിലേക്കും വീണുപോവുകയും ചെയ്യും.
ഉറക്കമിളിച്ചിരിക്കുന്നവരെ പലവിധി ശാരീരികസ മാനസീക ആരോഗ്യ പ്രശ്‌നങ്ങള്‍
വേട്ടയാടും....ഫൈബ്രോമയാള്‍ജിയ, ആര്‍ത്രൈറ്റിസ്, ഇറിറ്റബ്‌ള്‍ ഡവല്‍
സിംന്‍ഡ്രം, രക്തസര്‍മ്മര്‍ദ്ദം, കൊഴുപ്പിന്റെ ആധിക്യം, അനിയന്ത്രിതമായ
പിരിമുറുക്കം, അമിതഭക്ഷണശീലം, പൊണ്ണത്തടി, പ്രമേഹംസ തുടങ്ങി നിരവധി
സങ്കീര്‍ണ്ണതകള്‍ പിടിപ്പെട്ടേക്കാം...
000 000 000
നല്ല ബെഡ് വാങ്ങാന്‍ നമുക്ക് കഴിയും പക്ഷെ, ഉറക്കം വില കൊടുത്ത
വാങ്ങാനാവില്ല...ഒരു നന്മയെങ്കിലും ചെയ്‌ത ദിവസമായിരിക്കും ജീവിതത്തില്‍
നമ്മള്‍ നന്നായി ഉറങ്ങുക...നല്ല (എബി കുട്ടിയാനം)ഭക്ഷണെം കഴിച്ച് വയറ്
നിറച്ച ദിവസം നമുക്ക് ഉറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല...എന്നാല്‍ ഒരു പാവം
മനുഷ്യന്റെ പട്ടിണിമാറ്റിയ ദിവസം നമ്മള്‍ സുഖമായി ഉറങ്ങും...
മാനസികാരോഗ്യം മെച്ചപ്പെട്ടവര്‍, ശുഭാപ്‌തിവിശ്വാസികള്‍, സ്വാര്‍ത്ഥത
കുറഞ്ഞവര്‍, ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം നന്നായി
ഉറങ്ങുന്നവരാണെന്ന് പഠനം തെളിയിക്കുന്നു.
എന്നാല്‍ സാമൂഹികബോധം കുറഞ്ഞവര്‍, വ്യക്തിനിഷ്‌ഠ ജീവിതവും വീക്ഷണവും
ശീലിച്ചവര്‍, പരപീഡ ആഗ്രഹിക്കുന്നവര്‍...ഇവരൊക്കെ ഉറക്കം കുറഞ്ഞവരാണെന്നും
പറയപ്പെടുന്നു...
000 000 000
ഉറക്കത്തെ ആഘോഷമാക്കിയ നമ്മള്‍....ഉറക്കം വിട്ടൊഴിയാനാവാതെ അതിനെ
പ്രണയിച്ചു കിടന്നുറങ്ങിയ നമ്മള്‍...ഒന്ന് കിടന്നുറങ്ങണായിരുന്നുവെന്ന്
ആയിരം അനുഭൂതിയോടെ പറഞ്ഞ നമ്മള്‍...ഉറ്റവരരുടേയും ഉടയവരുടേയും ഉറക്കം
കെടുത്തി അവസാനം ഒരിക്കലും ഉണരാത്ത ഒരു ഉറക്കിലേക്ക്
നടന്നുപോകുന്നു....ഉറക്കമേ ഒരു പ്രതിഭാസമല്ലാതെ മറ്റെന്താണ് നീ...
എബി കുട്ടിയാനം
നാഥാ
നീ തന്ന അനുഗ്രഹത്തിന് പകരം നല്‍കാന്‍
എന്റെ കയ്യില്‍ ഒന്നുമില്ല
വീട്ടി തീര്‍ക്കാനാവാത്ത കടമായി
എന്റെ ജീവിതം നിനക്ക് മുന്നില്‍
പകച്ചു നില്‍ക്കുന്നു
സൗഭാഗ്യങ്ങളത്രയും
വാരികോരി നല്‍കിയിട്ടും
തിരിച്ചൊരു നന്ദിയും കാണിക്കാതെ
മുഖം തിരിച്ചു നടന്നവന്റെ കുറ്റബോധമാണിത്
എന്റെ സുജൂദും എന്റെ നെറ്റിത്തടവും
എന്നോട് പിണങ്ങുന്നുണ്ടാവും
നാഥാ
എങ്ങനെയാണ് നിനക്ക് മുന്നില്‍
ഞാനെന്റെ പരിഭവം പറയേണ്ടത്

എബി കുട്ടിയാനം
കൗമാരത്തിന്റെ പ്രസരിപ്പില്‍ നമുക്ക് എല്ലാം ഒരാവേശമാണ്. ഉള്ളില്‍
ചോരതിളക്കുന്ന പ്രായത്തില്‍ എന്തിനും ഇറങ്ങിചെല്ലാനുള്ള തിടുക്കമാണ്
നമുക്ക്. നാലാളുടെ മുമ്പില്‍ ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹം തന്നെയാണ്
ഇതിന്റെ സൈക്കോളജി. പക്ഷെ അതിന്റെ ഭവിഷത്ത് ഗുരുതരമായിരിക്കുമെന്ന് ഓരോ
എടുത്തുചാട്ടവും നമ്മെ പഠിപ്പിക്കുന്നു. ക്ഷമയാണ് ഒരു മനുഷ്യന്റെ ഏറ്റവും
വലിയ ക്വാളിറ്റിയെന്ന സത്യം തിരിച്ചറിയുമ്പോഴേക്കും എല്ലാം സംഭവിച്ചു
കഴിയുന്നു. ഇതൊന്നും വേണ്ടായിരുന്നുവെന്ന ബോധം വരുമ്പോള്‍
എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലേക്ക് നമ്മള്‍
വീണുപോയിട്ടുണ്ടാവും.
ഒരു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്ക് നിങ്ങളുടെ മനസ്സിനെ
കൊണ്ടുപോവുകയാണ്. കാര്യം പറയും മുമ്പ് ഓര്‍മ്മിപ്പിക്കട്ടെ ഈ സംഭവം
സമരത്തിന് ഇറങ്ങിപുറപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു
പാഠമാകണം.
2013 ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പ്രമുഖമായ ഒരു
വിദ്യാര്‍ത്ഥി സംഘടനയുടെ ഉപരോധസമരമുണ്ടായിരുന്നു. നിങ്ങളും ആ സമരം
ഓര്‍ക്കുന്നുണ്ടാകും. ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഹയര്‍ സെക്കണ്ടറി ഡയറക്‌ടറെ ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ കേശവേന്ദ്ര
കുമാര്‍ എന്ന ആന്ദ്രാ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കരിഓയില്‍
ഒഴിച്ച് കുളിപ്പിച്ചു. ശരീരമാസകലം കരി ഓയിലില്‍ കുളിച്ചുനില്‍ക്കുന്ന ആ
യുവ ഉദ്യോഗസ്ഥന്റെ ചിത്രം ഇന്നും കണ്ണ് നിറയുന്ന ഓര്‍മ്മയാണ്.
ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും ഇടയില്‍ നിന്ന് കഠിനാധ്വാനം
ചെയ്‌ത് പഠിച്ച് മിടുക്കനായി സിവില്‍ സര്‍വ്വീസ് പാസായ
പ്രതിഭയായിരുന്നു കേശവേന്ദ്രകുമാര്‍. കേരളം പോലുള്ള സംസ്‌ക്കാര സമ്പന്നമായ
നാട്ടിലേക്ക് ജോലിക്കെത്തുമ്പോള്‍ ഇങ്ങനെ ഒരു പ്രതികരണം
സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
എത്രയോ സമരങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. സമരങ്ങള്‍ക്കിടയില്‍
ഉദ്യഗസ്ഥര്‍ മരിക്കുകപോലും ചെയ്‌തിട്ടുണ്ട്. അതിനിടയില്‍ ഇതൊക്കെ എന്ത്
എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ മൂന്ന് വര്‍ഷം മുമ്പ്
നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇപ്പോഴെന്തിന് വീണ്ടുംപറയുന്നുവെന്ന്
നിങ്ങള്‍ ചോദിച്ചേക്കാം.
അതുകൊണ്ട് പറഞ്ഞോട്ടെ എടുത്തചാട്ടം നിങ്ങളുടെ കരിയര്‍ തന്നെ
തകര്‍ത്തേക്കാം. കേശവേന്ദ്രകുമാറിന്റെ ശരീരത്തിലെ കരി ഓയില്‍
പൂര്‍ണ്ണമായും മാഞ്ഞുപോയി. ആ കുപ്പായങ്ങള്‍ ചിലപ്പോള്‍
വലിച്ചെറിഞ്ഞിട്ടുണ്ടാവും. മനസിനുള്ളിലും കരി നിറഞ്ഞ ഓയിലുകള്‍
ബാക്കിയുണ്ടാവില്ല എന്ന് തന്നെയാണ് നിഷ്‌കളങ്കനായ ആ ഉദ്യോഗസ്ഥന്റെ
ജീവിതം പഠിക്കുമ്പോള്‍ മനസിലാകുന്നത്. അയാളിപ്പോള്‍ പുതിയ കേഡറില്‍ പുതിയ
ജോലിയുടെ തിരക്കിലായിരിക്കും.
എന്നാല്‍ കരി ഓയില്‍ ഒഴിച്ച വിദ്യാര്‍ത്ഥികള്‍ നഷ്‌ടപ്പെട്ടുപോകുന്ന
കരിയറിനുമുന്നില്‍ നെട്ടോട്ടമോടുകയാണ്. കേസ് ക്രിമിനല്‍ വകുപ്പായതിനാല്‍
ഒരു ജോലിയും ലഭിക്കാത്ത അവസ്ഥയാണുള്ളത്. സംഘടനയുടെ ജില്ലാ പ്രസിഡണ്ടായ
ഒന്നാം പ്രതിയുടെ അവസ്ഥയാണ് ഏറ്റവും സങ്കടകരം.
ഈ വിദ്യാര്‍ത്ഥിനേതാവ് പഠനത്തില്‍ കേശവേന്ദ്രയേക്കാള്‍ മിടുക്കനാണ്.
സിവില്‍ എഞ്ചിനിയറിംഗ് പാസായ അവനെ തേടി നിരവധി അവസരങ്ങളാണ്
എത്തിക്കൊണ്ടിരിക്കുന്നത്. എഴുതിയ പരീക്ഷകളിലൊക്കെ അവന്‍ ഉയര്‍ന്ന
റാങ്കുകാരനാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്റ്
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍, ബാങ്ക് ഐബിഎസ്, പോലീസ് വകുപ്പില്‍
എസ്.ഐ, എക്‌സൈസ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങിയ ഗ്ലാമര്‍
പോസ്റ്റുകളിലെ റാങ്ക് ലിസ്റ്റുകളിലെല്ലാം ഏറ്റവും മുന്നിലായി അവനുണ്ട്.
ക്രമിനല്‍ കേസില്‍ പ്രതി എന്ന കാരണത്താല്‍ കേന്ദ്ര ഇന്റലിജന്‍സ്
ബ്യൂറോയുടെ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോലി
ഇതിനോടകം നഷ്‌ടപ്പെട്ടു. ബാങ്ക് ഐ.ബി.എസ് പരീക്ഷ മികച്ച രീതിയില്‍
പാസായെങ്കില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലായതിനാല്‍ അഭിമുഖത്തില്‍
പങ്കെടുക്കാനായില്ല. അങ്ങനെ അതും നഷ്‌ടപ്പെട്ടു. മിടുക്കോടെ പഠിച്ചെടുത്ത
ഓരോ വിജയങ്ങളും കണ്‍മുന്നില്‍ നഷ്‌ടമാവുകയാണ്.
ഇത്രയേറെ ലിസ്റ്റിലില്ലെങ്കിലും ആ സമരത്തില്‍ പങ്കെടുത്ത എട്ടോളം വിദ്യാര്‍ത്ഥികളും സമാനമായ ദു:ഖവും പ്രയാസവും അനുഭവിക്കുന്നുണ്ട്.
രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ള കേശേന്ദ്രകുമാര്‍ മാപ്പ്
നല്‍കണം. ഇതിനുവേണ്ടി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പലവട്ടം
കേശവേന്ദ്രകുമാറിനെ കണ്ട് കരഞ്ഞുപറഞ്ഞു. അദ്ദേഹം മാപ്പ് നല്‍കാനും
തയാറായി. ഞാന്‍ മാപ്പ് നല്‍കുന്നുവെന്ന് പൊതുവേദിയില്‍ വെച്ച്
പലപ്പോഴും അദ്ദേഹം പറയുകയും ചെയ്‌തിട്ടുണ്ട്. പക്ഷെ, കോടതിയില്‍
ബോധിപ്പിച്ചാലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷയുള്ളു. ഇതിനുവേണ്ടിയുള്ള
നെട്ടോട്ടത്തിലാണ് അവരിപ്പോള്‍.
ജീവിതത്തിന്റെ താഴെ തട്ടില്‍ നിന്ന് വന്ന ആളായതുകാരണം കൊണ്ടും
കഷ്‌ടപാടിന്റെ കാഠിന്യും നന്നായി അറിയാവുന്നതുകൊണ്ടും കേശവേന്ദ്ര കുമാര്‍
മാപ്പ് നല്‍കിയേക്കും. അതോടെ അവര് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം.
ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാത്ത നല്ല മനുഷ്യരായി മാറിയേക്കും.
എന്നാല്‍ നേതാക്കളുടെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങുന്ന ഓരോ
വിദ്യാര്‍ത്ഥികളും മനസിലാക്കേണ്ട ഒരു കാര്യം. എല്ലാ എപ്പോഴും
കേശവേന്ദ്രകുമാറിനെപോലെ ലോലഹൃദയനായ ഉദ്യോഗസ്ഥരെ കിട്ടി എന്ന് വരില്ല.
എല്ലാ സുഖസൗകര്യത്തിലും വളര്‍ന്ന ഒരാള്‍ക്ക് മറ്റുള്ളവരോട് കനിവ്
തോന്നണമെന്നില്ല. അതുകൊണ്ട് സുഹൃത്തെ സൂക്ഷിക്കുക,
എടുത്തുചാട്ടത്തിനിടിയിലെ ആവേശം നിങ്ങളുടെ കരിയര്‍ തന്നെ തകര്‍ത്തേക്കും.
കുടുങ്ങിപോയാല്‍ പിന്നെ ഒരു നേതാവനും രക്ഷപ്പെടുത്താനാവില്ല. പോയി തകര്‍ക്കട എന്നു പറഞ്ഞവര്‍ കൈമലര്‍ത്തുക മാത്രം ചെയ്യും.
എല്ലാവര്‍ക്കും അവരുടെ രാഷ്‌ട്രീയവും പോരാട്ടവീര്യവുമുണ്ടാവും. പക്ഷെ
അതൊരിക്കലും സര്‍വ്വം മറന്ന കളിയാവരുത്. കുഞ്ഞുന്നാള് തൊട്ട് നമ്മെ
പോറ്റി വളര്‍ത്തിയ നമ്മുടെ കുടുംബം പ്രതീക്ഷയോടെ നമ്മെ
കാത്തിരിക്കുന്നുണ്ട്. നമ്മള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവാനല്ല അവര്‍
നമ്മെ പഠിപ്പിക്കുന്നത്. പഠിച്ച് മിടുക്കനായി വയസുകാലത്ത് അവര്‍ക്ക്
തണലാവാനാണ് അവര്‍ നമ്മെ സ്‌കൂളിലേക്കും കോളേജിലേക്കും പറഞ്ഞയക്കുന്നത്.
സുഹൃത്തെ ഈ കഥ നിങ്ങള്‍ക്കും ഒരു പാഠമാവട്ടെ.
എബി കുട്ടിയാനം
ഒരുപക്ഷെ
ആ ഇഷ്‌ടം പ്രണയത്തിനുമപ്പുറമായിരിക്കാം
എനിക്കറിയാം
കരഞ്ഞു പിരിയുന്ന പ്രണയത്തേക്കാള്‍
നീ ഇഷ്‌ടപ്പെടുന്നത് എന്നുമോര്‍ക്കുന്ന
എന്റെ സ്‌നേഹമായിരിക്കും
കൊതിച്ചത് എന്റെ തെറ്റ്
കാത്തിരുന്നതും എന്റെ തെറ്റ്
വിധി ബാക്കി വെച്ചത്
നേര്‍ത്ത വിങ്ങലുകള്‍ മാത്രമായിരിക്കും
നിന്റെ ഇഷ്‌ടത്തിനുമുന്നില്‍
പലവട്ടം തോറ്റു പോയ ഞാന്‍
വിധിക്കു മുന്നിലും തോറ്റ് മടങ്ങുന്നു
അല്ലെങ്കിലും
ചില ജീവിതം തോല്‍ക്കാനുള്ളതാണല്ലോ
അന്ന്
രാത്രി വിളിച്ച് പ്രതികരിക്കാതിരുന്നപ്പോള്‍
നീ ഉറങ്ങിക്കാണുമെന്ന് കരുതി ഞാന്‍ സമാധാനിച്ചു
പകല്‍ നീ എന്റെ കോള്‍ കട്ട് ചെയ്‌തപ്പോള്‍
തിരക്കിലായിരിക്കുമെന്ന് കരുതി ഞാന്‍ ആശ്വസിച്ചു
പിന്നെ എത്ര വിളിച്ചിട്ടും എടുക്കാതിരുന്നപ്പോള്‍
നീ സൈലന്റ് മോഡിലായിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു...
ഇന്ന്
ടാഗഡിച്ചിട്ടും എന്റെ ഫോട്ടോയ്‌ക്ക് ലൈക്കടിക്കാതെ
നീ മാറി നിന്നപ്പോള്‍...ആയിരം വട്ടം ഹായ് പറഞ്ഞിട്ടും നീ എന്നെ ഗൗനിക്കാതിരിക്കുമ്പോള്‍ എന്തോ...എനിക്ക് പേടിയാവുന്നു;
്‌നിന്റെ ഹൃദയത്തിന്റെ വാളില്‍ നിന്ന് ഞാന്‍ അണ്‍ഫ്രണ്ടാവുകയാണോ(?)