Tuesday, April 12, 2016

മട്ടക്കണയുടെ ബാറ്റ്‌ പിടിച്ച ആ കാലം




എബി കുട്ടിയാനം

മട്ടക്കണയുടെ ബാറ്റ്‌ പിടിച്ച്‌
സീമകൊന്നയുടെ തണ്ടില്‍ നാട്ടിവെച്ച
വിക്കറ്റിനുമുന്നില്‍ ഗാര്‍ഡെടുത്ത്‌ സ്വയം
കോഹ്‌ലിയായി മാറിയൊരു കാലം
നിങ്ങള്‍ക്കുമുണ്ടായിരുന്നില്ലെ.

സ്‌കൂള്‍ ടീമിന്റെ അന്തിമ ഇലവനില്‍
എന്റെ പേരില്ലെന്നറിഞ്ഞപ്പോള്‍
ഗ്യാലറിയിലിരുന്ന്‌ പൊട്ടിക്കരഞ്ഞ
എന്റെ സങ്കടത്തോളം വരില്ല
ബ്രാത്ത്‌ വെയ്‌റ്റിന്റെ സിക്‌സറിനുമുന്നില്‍
വിതുമ്പി പോയ ബെന്‍സ്റ്റോക്‌സിന്റെ ജീവിതം.

നാട്ടിന്‍ പുറത്തിന്റെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍
നന്നായി കളിച്ചിട്ടും കാത്തിരുന്ന മാന്‍ ഓഫ്‌
ദി മാച്ച്‌ പുരസ്‌ക്കാരം മറ്റൊരുത്തന്‍
കൊണ്ടുപോകുമ്പോള്‍ പകച്ചുപോയൊരു
ബാല്യമുണ്ടായിരുന്നില്ലെ എനിക്കും നിനക്കും...
ഞാനെന്റെ ദാദയ്‌ക്കുവേണ്ടി വാദിക്കുമ്പോള്‍
നിനക്ക്‌ നിന്റെ വീരൂവിന്റെ
വീരകഥകളായിരുന്നല്ലോ
പറയാനുണ്ടായിരുന്നത്‌.

രണ്ട്‌ ട്രിപ്പിളില്ലെങ്കിലും
എന്റെ ദാദയുടെ ആര്‍ജ്ജവത്തിന്‌
മുന്നില്‍ നിന്റെ വീരു ഒന്നുമല്ലെന്ന്‌ പറയുമ്പോള്‍
നീ എന്നോട്‌ തട്ടികയറിയത്‌
ഞാന്‍ ഇന്നുമോര്‍ക്കുന്നുണ്ട്‌

എന്നും തര്‍ക്കിച്ചിരുന്ന നമ്മള്‍
ശ്രീശാന്തിന്റെ അഹങ്കാരത്തിനുമുന്നില്‍
മാത്രം നമ്മള്‍ ഒന്നായിരുന്നു.
ജീവിതത്തില്‍ ഇതുവരെ ആരും ഇന്ത്യന്‍ ടീമില്‍
കളിച്ചിട്ടില്ലെന്ന ഭാവത്തില്‍ അവന്‍
ഭ്രാന്തനെപോലെ പെരുമാറുമ്പോള്‍
ഇത്‌ എന്ത്‌ വെറുപ്പിക്കലാണ്‌ ബാബുവേട്ട
എന്ന്‌ നമ്മള്‍ ഒരേ സ്വരത്തില്‍
ചോദിക്കുമായിരുന്നില്ലെ... 

Monday, April 11, 2016

കൂട്ടുകാരന്‍




എബി കുട്ടിയാനം

സാരമില്ല ഡാ
എല്ലാം ശരിയാകുമെന്ന്‌ പറയാന്‍
ഒരു കൂട്ടുകാരനെങ്കിലുമുണ്ടാകണം
ജീവിതത്തില്‍  

പറവൂര്‍




എബി കുട്ടിയാനം

പറവൂര്‍
നീ സഹിക്കാനാവാത്ത നൊമ്പരമാണ്‌

മരണം വെള്ളപുതച്ചുകിടക്കുമ്പോള്‍
തകരുന്നത്‌ എന്റെ ഹൃദയം കൂടിയാണ്‌

മോര്‍ച്ചറി മുറ്റത്തെ സ്റ്റീല്‍ മേശകളും
ആംബുലന്‍സിന്റെ ഒച്ചയും
നിലയ്‌ക്കാത്ത നിലവിളിയും
മാഞ്ഞുപോവാത്ത ദു:ഖമാണ്‌

വരുമെന്ന്‌ പറഞ്ഞുപോയര്‍
ഇനി വരില്ലെന്നറിയുമ്പോള്‍
കരഞ്ഞു തീര്‍ക്കുന്ന ഉറ്റവര്‍ക്കൊപ്പം
കരഞ്ഞിരിക്കുന്നു എന്റെ മനസ്സും

മരണം കണ്ട്‌ മരവിച്ചുപോയ സഹോദര
നിന്റെ വറ്റിപോയ കണ്ണീരിനു പകരം നല്‍കാന്‍
നിറഞ്ഞ പ്രാര്‍ത്ഥനയല്ലാതെ
എന്റെ കയ്യില്‍ മറ്റൊന്നുമില്ല                                                     

Friday, April 8, 2016

ഓര്‍മ്മകളുടെ വൈറസ്‌

ഒരു പാസ്‌വേര്‍ഡുപോലുമില്ലാതെയാണ്‌ ഞാന്‍
നിന്റെ ഹൃദയത്തിലേക്ക്‌ സൈന്‍ അപ്പ്‌ ചെയ്‌തത്‌.
ഒരനുവാദം പോലും വാങ്ങാതെയാണ്‌ ഞാന്‍ നിന്റെ നെഞ്ചില്‍ സ്‌നേഹത്തിന്റെ അക്ഷരങ്ങള്‍ ടൈപ്പിയത്‌....
കമന്റടിക്കുമ്പോഴൊക്കെ നിനക്കെന്നോട്‌ ആയിരം ലൈക്കായിരുന്നു ല്ലേ....
ഓര്‍മ്മകള്‍ക്ക്‌ വൈറസ്‌ പിടിക്കാതിരിക്കട്ടേയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....

കളി വാക്ക്‌



എബി കുട്ടിയാനം

എന്റെ പ്രണയം നിനക്ക്‌ വെറും
കളിവാക്ക്‌ മാത്രമാണെന്ന്‌
ഞാന്‍ തിരിച്ചറിയുമ്പോഴേക്കും

എഴുന്നേല്‍ക്കാനാവാത്ത വിധം
നീ എന്റെ ഹൃദയത്തിലേക്ക്‌ വീണുപോയിരുന്നു

ആയിരം ലൈക്കടിക്കണം അത്താഴക്കൂട്ടത്തിന്റെ ഈ നന്മകള്‍ക്ക്‌



                                                                                                                                                                                                                എബി കുട്ടിയാനം

നമ്മള്‍ വലിച്ചെറിയുന്ന ഓരോ ഉരുള ചോറും നമ്മോട്‌ പകരം ചോദിക്കുക തന്നെ ചെയ്യും. ആയിരങ്ങള്‍ പട്ടിണികിടക്കുന്ന നാട്ടില്‍ ഭക്ഷണം കൊണ്ട്‌ അമ്മാനമാടുന്ന ഒരു സംസ്‌ക്കാരം മെല്ലെ മെല്ലെ വളര്‍ന്നുകൊണ്ടിരിക്കുന്നു. കുഴിച്ചുമൂടുകയും വലിച്ചെറിയുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ എത്രയോ പാവങ്ങളുടെ പട്ടിണി മാറ്റാനാകുമെന്ന്‌ തിരിച്ചറിയുന്നതും അതിനുവേണ്ടി സര്‍വ്വം മറന്ന്‌ പ്രവര്‍ത്തിക്കുന്നതും പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്‌.
അത്തരമൊരു നന്മയുടെ വഴിയിലാണ്‌ അണങ്കൂരിലെ അത്താഴകൂട്ടം പ്രവര്‍ത്തകരുള്ളത്‌. കല്ല്യാണ വീടുകളിലും ആഘോഷ ചടങ്ങുകളിലും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച്‌ നിര്‍ധനരും അഗതികളുമായ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന സമാമനതകളില്ലാത്ത പുണ്യമാണ്‌ അവര്‍ ചെയ്‌തുവരുന്നത്‌. തന്റെ പണത്തിന്റെ പവര്‍ ജനങ്ങളെ കാണിക്കാനായി പൊടിപൊടിച്ച്‌ നടത്തിയ കല്ല്യാണത്തിനൊടുവില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങുന്നതിനിടിയിലേക്ക്‌ ്‌ അത്താഴക്കൂട്ടക്കാര്‍ അവരുടെ പിക്കപ്പ്‌ വാനുമായെത്തും. സ്വന്തം ചിലവില്‍ ഇന്ധനമടിച്ച്‌ ഭക്ഷണ പാത്രങ്ങള്‍ ഓരോ ദിക്കിലേക്കും കയറ്റികൊണ്ടുപോകും, തെരുവില്‍ ഉറങ്ങുന്ന പാവങ്ങളെ തട്ടിവിളിച്ച്‌ ബിരിയാണികെട്ട്‌ നല്‍കുമ്പോള്‍ അവരുടെ മുഖത്ത്‌ വിരിയുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്‌. കാസര്‍കോടിന്റെ പാതയോരങ്ങളിലും സര്‍ക്കാര്‍ ആശുപത്രിയുടെ മുറ്റങ്ങളിലും പാവങ്ങളെ തേടി അവരുണ്ടാവും. ഓരോ കല്ല്യാണങ്ങളിലും ഭക്ഷണം ബാക്കിയായി കിട്ടുന്നത്‌ ഏറെ വൈകിയിട്ടാണ്‌ അപ്പോള്‍ തന്നെ അത്താഴക്കൂട്ടക്കാരെത്തി അതിനെ ലോഡ്‌ ചെയ്‌ത്‌ കൊണ്ടുപോകും. നാടുറങ്ങുമ്പോള്‍ അവര്‍ ഉറങ്ങാതെ തെരുവിന്റെ മക്കള്‍ക്കുമുന്നില്‍ ഭക്ഷണം വിളമ്പുന്ന തിരിക്കിലായിരിക്കും. പാതിരാത്രിയുടെ പവിത്രതയില്‍ അവര്‍ ദൈവത്തിന്റടുത്ത്‌ നിന്ന്‌ പുതിയ പുണ്യങ്ങള്‍ നേടുകയായിരിക്കും.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരവും ആര്‍ത്തിയും ഭക്ഷണമല്ലാതെ മറ്റൊന്നുമല്ല, വിശപ്പിന്റെ കാഠിന്യം അറിഞ്ഞവര്‍ക്കേ അതിന്റെ തീവ്രത മനസ്സിലാവുകയുള്ളു.
എന്ത്‌ തിന്നണമെന്നറിയാതെ കണ്‍ഫ്യൂഷനാവുന്ന നമ്മുടെ ഇതേ നാട്ടിലാണ്‌ ഒരു നേരത്തെ അന്നത്തിന്‌ വകയില്ലാതെ ഒരുപാട്‌ പാവങ്ങള്‍ പകച്ചുനില്‍ക്കുന്നുള്ളതെന്നോര്‍ക്കണം.
കല്ല്യാണത്തിന്റെ പേരില്‍ ഭക്ഷ്യമേളകള്‍ തീര്‍ക്കുന്നവര്‍ ഒരിക്കലും ചിന്തിക്കാത്ത ഒന്നാണ്‌ പാവങ്ങളുടെ പട്ടിണി. തന്റെ വീട്ടിനുള്ളിലും തന്റെ പന്തലിനകത്തും അഹങ്കാരത്തിന്റെ പാത്രം നിരത്തുന്നവര്‍ പാവം മനുഷ്യന്റെ കരളലിയിപ്പിക്കുന്ന കഥ അറിയുന്നേയില്ല.
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറയെ തിന്നുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചക(സ) സന്ദേശത്തിന്‌ വിലകൊടുക്കാത്തവര്‍ തന്റെ ലോകത്തെക്കുറിച്ച്‌ മാത്രം ചിന്തിക്കുന്നു.
പതിനായിരങ്ങളെ വിളിച്ചു കൂട്ടുന്ന കല്ല്യാണങ്ങളിലും അതിന്റെ എത്രോയ ഇരട്ടി പേര്‍ക്കാണ്‌ ഭക്ഷഠണമൊരുക്കുന്നത്‌. വിശപ്പ്‌ ഒരു നോവായി മാറാത്ത വര്‍ത്തമാനകാലത്ത്‌ ഭക്ഷണം ഒരു സംഭവമേയല്ല. മാത്രവുമല്ല നാട്ടില്‍ ഒന്നിലേറെ കല്ല്യാണം അരങ്ങേറുമ്പോള്‍ എല്ലാ ദിക്കില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ തയാറാവുന്നുമില്ല. അതുകൊണ്ടുതന്നെ പല ദിക്കിലും എത്രയോ ഭക്ഷണങ്ങളാണ്‌ ബാക്കിയാവുന്നത്‌. ബാക്കിവരുന്ന ഭക്ഷണങ്ങള്‍ അനാഥാലയത്തിലെത്തിക്കുകയായിരുന്നു മുമ്പ്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ ആരുടെയെങ്കിലും ബാക്കി ഭക്ഷണം കഴിക്കാന്‍ മാത്രം ഗതികെട്ടവരല്ല അനാഥ മക്കളെന്ന അഭിപ്രായം ശക്തമായതോടെ ആ ഏര്‍പ്പാട്‌ അവസാനിച്ചു.
ഇവിടെയാണ്‌ അത്താഴക്കൂട്ടം വേറിട്ട വഴി സ്വീകരിക്കുന്നത്‌. വലിയ ചിലവ്‌ വരുന്ന കാര്യങ്ങള്‍ നമുക്ക്‌ ചെയ്യാന്‍ കഴിഞ്ഞെന്ന്‌ വരില്ല. എന്നാല്‍ ചിലവില്ലാതെ ഒരുപാട്‌ നന്മകളുടെ ഭാഗമാകാന്‍ കഴിയും. അതാണ്‌ അത്താഴക്കൂട്ടക്കാര്‍ കാണിച്ചുതരുന്നത്‌.
കാസര്‍കോട്‌ നഗരസഭ മുന്‍ കൗണ്‍സിലര്‍ മജീദ്‌ കൊല്ലമ്പാടി, ഹാരിസ്‌ മസ്‌താന്‍, അബ്‌ദുല്‍ ഖാദര്‍, ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്‌ അത്താഴക്കൂട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. അവര്‍ക്ക്‌ സഹായവുമായി നാട്ടിലെ ഒരുപാട്‌ ചെറുപ്പക്കാരുമുണ്ട്‌.
വല്ലാത്തൊരു സങ്കട കാഴ്‌ചയില്‍ നിന്നായിരുന്നു ഈ കൂട്ടായ്‌മ രൂപപ്പെട്ടത്‌. അവര്‍ കഥപറയുന്നു....രണ്ടു വര്‍ഷംമുമ്പ്‌...ഒരു ദിവസം വലിയൊരു കല്ല്യാണത്തിന്‌ ചെല്ലുന്നു. ഭക്ഷണ പെരുമയാണവിടെ. പലതരം ബിരിയാണിയും വറുത്തതും പൊരിച്ചതും തൊട്ട്‌ പുഡ്ഡിംഗും ഐസ്‌ക്രീമുമെല്ലാം നിരന്ന്‌ കിടക്കുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത്‌ വയറു നിറയെ കഴിച്ചിട്ടും പിന്നെയും ഭക്ഷണങ്ങള്‍ ബാക്കി. ഒരു സ്‌പൂണ്‍ ബിരിയാണിപോലും എടുക്കാത്ത എത്രയോ ബട്‌ലങ്ങള്‍. ഒടുവില്‍ വെയ്‌സ്റ്റായി മാറുന്ന ആ ബിരിയാണി കുഴിച്ചുമൂടാന്‍ ഒരുങ്ങുകയാണ്‌ ആ വീട്ടുകാര്‍. ഇത്‌ മനസ്സിനെ വല്ലാതെ വേദിനിപ്പിച്ചു. അന്ന്‌ നാട്ടിലെത്തി കൂട്ടുകാര്‍ രുന്ന്‌ ആലോചിച്ചു. ഒടുവില്‍ ചെന്നത്തിയെ ആശയം, ആഘോഷ വേളകളില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച്‌ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. അന്ന്‌ തന്നെ അത്താഴക്കൂട്ടമെന്ന കൂട്ടായ്‌മയ്‌ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു.
ഇനി നിങ്ങള്‍ ഭക്ഷണം പാഴാക്കരുത്‌, ഒരു നേരത്തെ അന്നത്തിന്‌ ഗതിയില്ലാതെ പട്ടിണികിടക്കുന്ന എത്രയോ പാവങ്ങള്‍ ഈ നാട്ടിലുണ്ട്‌, നിങ്ങള്‍ കുഴിച്ചുമൂടുന്ന ഭക്ഷണങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കു, ഞങ്ങള്‍ അവര്‍ക്ക്‌ എത്തിച്ചുകൊടുക്കും...എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു ഇമേജ്‌ ക്രിയേറ്റ്‌ ചെയ്‌തുവിട്ടു. അതിനു താഴെ നമ്പറും ചേര്‍ത്തു. ഇമേജുകള്‍ കൊച്ചുവൈറലായി വാട്‌സ്‌ ആപ്പിലൂടേയും ഫേസ്‌ബുക്കിലൂടെയും ഒഴുകി. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്‌തെടുത്ത്‌ സേവ്‌ ചെയ്‌തുവെച്ചു.
അതായിരുന്നു തുടക്കം. പിന്നീട്‌ ഭക്ഷണം ബാക്കിയാവുന്ന ദിക്കുകളില്‍ നിന്നൊക്കെ അത്താഴക്കൂട്ടത്തെ തേടി ഫോണ്‍കോളുകളെത്തി. കൂടുതല്‍ കല്ല്യാണം നടക്കുന്ന വ്യാഴം ഞായര്‍ ദിവസങ്ങളില്‍ കോളുകളുടെ എണ്ണം ഒരുപാട്‌ കൂടും. എന്നാല്‍ എവിടേയും ഭക്ഷണം വലിച്ചെറിയാന്‍ അനുവദിക്കാതെ അവര്‍ അവരുടെ വാഹനവുമായി ഓടിയെത്തും. പ്ലാസ്റ്റിക്‌ കവറുകളില്‍ പാക്ക്‌ ചെയ്യുന്നതും ലോഡ്‌ ചെയ്യുന്നതുമടക്കമുള്ള എല്ലാ ജോലികളും അവര്‍ തന്നെ ചെയ്യും. പുലരുവോളം ഭക്ഷണം വിതരണം ചെയ്‌ത ദിവസങ്ങള്‍പോലുമുണ്ടത്രെ.
അത്താഴകൂട്ടത്തിന്റെ പാത പിന്തുടര്‍ന്ന്‌ ഇന്ന്‌ പല നാട്ടിലും പല യുവാക്കളും ഈ സേവനത്തിലേക്ക്‌ കടന്നുവരികായണ്‌.
ഞാന്‍, എന്റെ ജീവിതം എന്ന ചിന്തകള്‍ക്കപ്പുറം മറ്റുള്ളവന്റെ വേദനയും കഷ്‌ടപ്പാടും അറിയുമ്പോഴാണ്‌ നമ്മുടെ ജീവിതം സാര്‍ത്ഥകമാകുന്നത്‌. ഒരു മനുഷ്യന്റെ ഒരു നേരത്തെ പട്ടിണിമാറ്റാന്‍ കഴിഞ്ഞെങ്കില്‍ നമ്മുടെ ജീവിതം പുണ്യമായി. പാവങ്ങളെ സഹായിക്കണമെന്ന മനസ്സുണ്ടെങ്കില്‍ നമ്മുടെ കയ്യില്‍ കോടികള്‍ ആവശ്യമില്ല. ഏതൊക്കെയോ നന്മകളുടെ ഭാഗമായാല്‍ മാത്രം മതി. കോടിശ്വരന്‍ ചെയ്യുന്ന നന്മകളേക്കാള്‍ മഹത്വമുണ്ടാകുമതിന്‌. സഹായങ്ങളുടെ വലിപ്പത്തിനല്ല, മനസ്സിന്റെ നന്മകള്‍ക്കാണ്‌ ദൈവം മാര്‍ക്കിടുന്നത്‌.
അത്താഴക്കൂട്ടം ചെയ്യുന്നത്‌ രണ്ട്‌ പുണ്യമാണ്‌. ഒന്ന്‌ ഭക്ഷണങ്ങളെ പാഴാക്കാതെ കാത്തുസൂക്ഷിക്കുന്നു, മറ്റൊന്ന്‌ ഏതൊക്കെയോ പാവങ്ങളുടെ വയറും മനസ്സും നിറയ്‌ക്കുന്നു. ഈ നന്മയ്‌ക്ക്‌ നമുക്ക്‌ ആയിരം ലൈക്കടിക്കാം.
0000 000 000
എന്ത്‌ ചെയ്യണമെന്നറിയാതെ ഭക്ഷണം കുഴിച്ചുമൂടാനൊരുങ്ങുമ്പോള്‍ നിങ്ങളും വിളിക്കുക, അത്താഴകൂട്ടക്കാര്‍ ഓടിയെത്തും...പാചക പുരയിലെ വെയ്‌സ്റ്റുകള്‍ കാലിയാകുമെന്നതിനപ്പുറം ഏതൊക്കെയോ പാവങ്ങളുടെ പട്ടിണി മാറ്റിയ പുണ്യം നിങ്ങള്‍ക്കുകൂടി കിട്ടാതിരിക്കില്ല...
നമ്പര്‍: 9895350093, 9744334334.












Thursday, April 7, 2016

വീട്‌... കാത്തിരിക്കുന്നുണ്ട്‌....



എബി കുട്ടിയാനം

വീട്‌ അതൊരു സങ്കല്‍പ്പമാണ്‌, സ്വപ്‌നമാണ്‌, അഭയമാണ്‌ സര്‍വ്വോപരി ജീവിതത്തിന്റെ എല്ലാമെല്ലാമാണ്‌. ഓരോ നിമിഷത്തിലും വീട്‌ നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വീടുവിട്ടിറങ്ങിയന്നേരം മുതല്‍ അത്‌ വഴിനോക്കി കാത്തിരിക്കാന്‍ തുടങ്ങും. ഒരു ദിവസം വൈകിയാലും ഒന്നും സംഭവിക്കില്ല പക്ഷെ, അപ്പോഴും ഏതു പാതിരാത്രിയിലും നാം വീടണയാന്‍ വേണ്ടി ഓടികിതച്ചെത്തും. ഹൃദയത്തിലേക്ക്‌ നീളുന്ന ഒരാത്മബന്ധമുണ്ട്‌ നമുക്ക്‌ നമ്മുടെ വീടുമായിട്ട്‌.
വീട്‌ സുരക്ഷിതത്വത്തിന്റെ മതിലാണ്‌, ആശ്വാസത്തിന്റെ കേന്ദ്രമാണ്‌, അഭയത്തിന്റെ മേല്‍ക്കൂരയാണ്‌. പകലിന്റെ എല്ലാവേവലാതികളെയും വീടിനുള്ളില്‍ ഇറക്കിവെച്ച്‌ നാം ഉറങ്ങാന്‍ കിടക്കും. പുലരുവോളം കാവലിരുന്ന്‌ അത്‌ നമുക്ക്‌ കൂട്ടിരിക്കും... വീടുവിട്ടിറങ്ങുന്ന നിമിഷം മുതല്‍ നാം ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും വേദന അറിയുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിനും സ്വന്തം വീടിന്‌ പകരമാവാന്‍ കഴിയില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുമ്പോഴും കുഗ്രാമത്തിലെ കുടില്‍ മനസിനുള്ളിലൊരു നൊസ്റ്റാള്‍ജിക്കായി നിറയും.
വീടിന്റെ മേല്‍ക്കൂര നോക്കിയായിരുന്നുവല്ലോ നാം ആദ്യമായി പുഞ്ചിരിച്ചത്‌. പിച്ചവെച്ച നാളില്‍ കൈതന്ന്‌ കൂട്ടുനിന്നതും വീടിന്റെ ചുമരായിരുന്നല്ലോ. അതേ ചുമരില്‍ കരികഷ്‌ണം കൊണ്ടായിരുന്നു നാം എഴുതിപഠിച്ചതും. അഹ്ലാദം വരുമ്പോള്‍ വീട്‌ കൂടെ നിന്ന്‌ ചിരിക്കും ദു:ഖാവസ്ഥയില്‍ വീടിനും വേവലാതിയാണ്‌ മൂകമായി അത്‌ അരികിലിരുന്ന്‌ കരയാന്‍ തുടങ്ങും.
ഞാന്‍ രാവിലെ ഒമ്പതുമണിക്ക്‌ വീട്ടില്‍ നിന്നിറങ്ങും, ഞാന്‍ രാത്രി വീട്ടിലെത്താന്‍ ഏറെ വൈകും, എടാ ഞാന്‍ വീട്ടിലെത്തി നിന്നെ (എബി കുട്ടിയാനം)വിളിക്കാം, ശ്ശെ, ഇന്ന്‌ വീട്ടിലേക്ക്‌ വിളിക്കാനേ കഴിഞ്ഞില്ല ഉമ്മയോടൊപ്പം വീടും എന്റെ വിളിക്കുവേണ്ടി ഒരുപാട്‌ കാത്തിരിന്നിട്ടുണ്ടാകും....അങ്ങനെ അങ്ങനെ ഒരു ദിവസം എത്രവട്ടം നാം വീടിനെക്കുറിച്ച്‌ വാചാലമാവുമെന്നറിയുമോ(?)

000 000 000
വീട്‌ ഒരു സ്വര്‍ഗ്ഗമാകും എന്ന പരസ്യം കമ്പനിക്കാരന്റെ കച്ചവടവാചകമായിരിക്കാം. എന്നാല്‍ വീട്‌ ഒരു സ്വര്‍ഗ്ഗം തന്നെയല്ലെ(?) തിരക്കുപിടിച്ച ജോലിക്കിടയില്‍ നാം കൊതിക്കുന്നത്‌ എല്ലാം മറന്ന്‌ ഒന്ന്‌ സുഖമായി വീട്ടിലിരിക്കാനുള്ള ദിവസത്തിനുവേണ്ടിയാണ്‌. സമരത്തിന്റെ പേരില്‍ അവിചാരിതമായി അവധികിട്ടുമ്പോള്‍ ആയിരം ആഹ്ലാദവുമായി സ്‌കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ ഓടിയ ഒരു ബാല്യമുണ്ടാവും എനിക്കും നിങ്ങള്‍ക്കും.
ബാല്യം വിട്ട്‌ ബാല്യക്കാരനാവുന്ന നാള്‍മുതല്‍ നമ്മുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നാം വീടെന്ന സ്വപ്‌നത്തിനുവേണ്ടി നീക്കിവെക്കും. അപ്പോഴും വീടെന്ന മോഹം ചിലര്‍ക്കെങ്കിലും ഒരു സങ്കല്‍പ്പം മാത്രമായി തുടരും. പൊളിഞ്ഞുവീഴാറായ ഈ പഴയതറവാട്ടുവീട്ടില്‍ നിന്നും എപ്പോഴാണട നമ്മള്‍ നല്ലൊരു വീടുവെച്ച്‌ താമസം മാറുന്നതെന്ന ഉമ്മയുടെ ചോദ്യത്തിന്‌ മിഴിച്ച നോട്ടം മാത്രമായിരിക്കും എന്നുമെന്റെ ഉത്തരം. ഹൃദയം തന്നെ ഒട്ടിപിടിച്ചുനില്‍ക്കുന്ന ഈ വീടുവിട്ട്‌ നമ്മള്‍ എവിടെപോവാനാണ്‌ എന്ന എന്റെ ഉത്തരം ഉമ്മാനെ ചിലപ്പോഴോക്കെ ദേശ്യം പിടിപ്പിക്കും.

സ്വന്തമായി ഒരു വീടില്ലാത്തതാണ്‌ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ അവസ്ഥ. ജോലിയും ഒരു വീടുമില്ലെങ്കില്‍ മനുഷ്യന്‌ മരണമാണട നല്ലത്‌ എന്ന്‌ പറഞ്ഞ കൂട്ടുകാരന്റെ പഴയ എസ്‌.എം.എസ്‌ ഞാനിപ്പോഴും ഡിലീറ്റ്‌ ചെയ്‌തിട്ടില്ല. പഠനം കഴിഞ്ഞ്‌ വിമാനം കയറിയിട്ടും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കഴിയാത്ത അവന്റെ കണ്ണീരിനൊപ്പം ചാറ്റ്‌ വര്‍ത്തമാനത്തില്‍ ഞാന്‍ ദു:ഖത്തിന്റെ പിന്തുണ നല്‍കാറുണ്ട്‌.
വീടില്ലാത്ത അവസ്ഥ ഭീകരമാണ്‌, അസഹനീയമാണത്‌. മറ്റുള്ളവന്റെ കാരുണ്യത്തില്‍ അവന്റെ തണലിലേക്ക്‌ താമസം മാറേണ്ടിവരുമ്പോള്‍ നമുക്ക്‌ നമ്മുടെ അഭിമാനം തന്നെ മാറ്റിവെക്കേണ്ടിവരുന്നു. ഒരിത്തിരിപോലും സ്വസ്ഥതയില്ലാതെ നമിഷം തള്ളിനീക്കാനായിരിക്കും നമ്മുടെ വിധി. എല്ലാറ്റിനും അവകാശം ലഭിക്കുമ്പോഴും മറ്റൊരുവീട്ടിലെ പൈപ്പുവെള്ളത്തില്‍ കുളിക്കാന്‍ നമുക്ക്‌ പേടിയാണ്‌, അവര്‍ക്ക്‌ എന്തുതോന്നുമെന്ന ചിന്തയില്‍ ഭക്ഷണത്തിനുപോലും രുചിയില്ലാതാകുന്നു. ഉറങ്ങുകയാണെങ്കിലും (എബി കുട്ടിയാനം)ഒരു രാത്രിയിലും നമ്മള്‍ അവിടെ ഉറങ്ങുന്നില്ല. ഒരു കൊച്ചുകൂരയിലേക്കെങ്കിലും താമസം മാറുന്ന നിമിഷമായിരിക്കും സദാസമയവും നമ്മുടെ മനസ്സില്‍....
മൂന്ന്‌ നിലയുള്ള മാളിക കെട്ടിപൊക്കിയവന്‌ അതില്‍ തമാസിക്കാന്‍ ആളില്ല. കൂടുതല്‍ സമ്പാദിക്കാനുള്ള വെപ്രാളത്തില്‍ അവന്‍ വീടുപൂട്ടിപോകുമ്പോള്‍ തൊട്ടപ്പുറത്തൊരുകുടംബം താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയിലലയുന്നു. ഇതാണ്‌ ഇന്നത്തെ വിരോധാഭാസമായ കാഴ്‌ചകള്‍. നമുക്ക്‌ നമ്മുടെ സുഖം മാത്രം വിലപ്പെട്ടതാകുമ്പോള്‍ പാവപ്പെട്ട ഒരുപാട്‌ മനുഷ്യര്‍ മഴനനഞ്ഞ്‌ വെയിലുകൊണ്ട്‌ ഈ ഭൂമിയില്‍ വല്ലാതെ കഷ്‌ടപ്പെടുന്നത്‌ നമുക്ക്‌ കാണാനെ കഴിയുന്നില്ല. രണ്ടുമുറിയില്‍പോലും താമസിക്കാന്‍ ആളില്ലാതാകുമ്പോഴും അഞ്ചുമുറിയിലെങ്കിലും എയര്‍കണ്ടീഷന്‍ ഫിറ്റ്‌ ചെയ്യുന്ന അഹങ്കാരം എന്നായിരിക്കും നമുക്ക്‌ മാറ്റിവെക്കാന്‍ കഴിയുക. ഇത്തരത്തിലുള്ള നാലുകുടുംബങ്ങളെങ്കിലും രണ്ട്‌ എസിയുടെ വിഹിതം മാറ്റിവെച്ചാല്‍ പാവപ്പെട്ട ഒരു കുടുംബത്തിന്‌ ഈ ജന്മംമുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള വീടാകുമായിരുന്നു അത്‌.
മുകേഷ്‌ അംബാനി മുംബൈയിലെ ആള്‍ട്ടാ മൗണ്ട്‌ റോഡില്‍ കെട്ടിപൊക്കിയ ആന്റില എന്നു പേരിട്ട വീടിനെ എന്തുപേരിട്ടുവിളിക്കണമെന്നറിയാതെ നമ്മള്‍ ഇപ്പോഴും പകച്ചുപോകുന്നു. നാല്‌ ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 27 നിലകളിലായി നിര്‍മ്മിച്ചുണ്ടാക്കിയൊരു മഹാസംഭവം. 9000കോടി രൂപ ചിലവുവരുന്ന വീടിന്‌ മൂന്ന്‌ ഹെലിപാഡുകളുണ്ട്‌. ഓരോ ന(എബി കുട്ടിയാനം)ിലകളും വ്യത്യസ്‌തങ്ങളായ മെറ്റീരിയലുകള്‍ കൊണ്ടാണത്രെ നിര്‍മ്മിച്ചത്‌. റിക്‌ടര്‍ സ്‌കെയിലില്‍ എട്ടു ഡിഗ്രിവരെയുള്ള ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവും ആ വീടിനുണ്ടത്രെ. അറിയുമോ വീടിന്റെ പരിചരണത്തിനായി മാത്രം ഒരു ദിവസം അറുന്നൂറുപേര്‌ പണിയെടുക്കുന്നുണ്ട്‌. ഞെട്ടിപോവരുത്‌ കുടികൂടിയ ആദ്യമാസം രേഖപ്പെടുത്തിയ വൈദ്യുതി ബില്ല്‌ 15,000 കോടി രൂപയാണ്‌.

നിത്യവരുമാനത്തെ എത്ര കൂട്ടികിഴിച്ചാലും, വന്നുചേരുന്ന തുണ്ടുകാശുകളെ എത്രമാറ്റിവെച്ചാലും ഒരു വീടെന്നത്‌ സ്വപ്‌നം മാത്രമാകുമ്പോള്‍ ആന്റിലയെക്കുറിച്ചുള്ള കഥകള്‍ എന്നെയും നിന്നെയും അസ്വസ്ഥനാക്കുന്നുവെങ്കില്‍ അതിനെ അസൂയ എന്ന്‌ വിളിക്കാന്‍ കഴിയുമോ(?)
അംബാനിയുടെ വീട്‌ മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങള്‍ ഇട്ടുതരുമ്പോള്‍ സായിറാം ഗോപാകൃഷ്‌ണഭട്ടെന്ന കാരുണ്യകടലിനെ ഓര്‍മ്മവരും. വീടില്ലാത്തവന്റെ മുന്നില്‍ വീടായി മാറുന്ന ആ മഹാമനസ്‌ക്കതയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ എന്റെ വിരലുകളും കീബോര്‍ഡും തോറ്റുപോകുന്നു.
പാവങ്ങള്‍ക്ക്‌ സൗജന്യമായി വീടു നിര്‍മ്മിച്ചുനല്‍കി വിസ്‌മയമാകുന്ന സായിറാം ഭട്ട്‌ കാരുണ്യത്തിന്റെ നൂറാമത്തെ മേല്‍ക്കൂര പൂര്‍ത്തിയാക്കിയ വേളയില്‍ പത്രത്തിനുവേണ്ടി ഫീച്ചര്‍ ചെയ്യാന്‍ പോകുമ്പോള്‍ സ്‌കൂള്‍കുട്ടിയായ എന്റെ മനസ്സ്‌ കൊതിച്ചത്‌ നൂറു വീട്‌ നിര്‍മ്മിച്ചുനല്‍കിയ മനുഷ്യന്റെ കൊട്ടാരസദൃശ്യമായ വീടുകാണാനായിരുന്നു. കിളിങ്കാറിലെ ചെമ്മണ്‍പാതിയിലൂടെ നടന്നുപോയി ഞാന്‍ കണ്ട ആ വീട്‌ എന്നെ വല്ലാതെ അമ്പരപ്പിച്ചിരുന്നു. പൂര്‍ണ്ണമായി തേപ്പ്‌ ചെയ്യാത്ത, ജനാലവെച്ചു പിടിപ്പിച്ചിട്ടില്ലാത്ത ആ വീടെന്ന രൂപത്തെ ഞാന്‍ ഏറെ നേരം നോക്കിനിന്നു. എത്രയോ പാവങ്ങള്‍ക്കുമുന്നില്‍ ആശ്വാസത്തിന്റെ തണലായ സായിറാം ഭട്ടിന്‌ സ്വന്തം വീട്‌ ഒരു ആഡംബരമേയല്ലായിരുന്നു..
സായിറാം ഭട്ടിന്റെ വീടുകളുടെ എണ്ണം ഇരുന്നൂറോട്‌ അടുക്കുന്നു. സര്‍ക്കാര്‍ പോലും കൈമലര്‍ത്തിയ പാവങ്ങള്‍ക്കുമുന്നിലാണ്‌ സായിറാം ഭട്ട്‌ കരുണയുടെ ആകാശമായത്‌....സായിറാം (എബി കുട്ടിയാനം)ഭട്ടിനെക്കുറിച്ച്‌ ഫീച്ചെറുഴുതിയിട്ട്‌ വര്‍ഷം കുറേ കഴിഞ്ഞു. വീണ്ടും എഴുതണമെന്ന്‌ ആരൊക്കെയോ പറഞ്ഞു. പക്ഷെ, ഇനിയൊരിക്കല്‍കൂടി നിനക്ക്‌ അതിനെക്കുരിച്ചെഴുതാന്‍ കഴിയില്ലെന്ന്‌ മനസ്സ്‌ പറയുന്നു. ആ കാരുണ്യസ്‌പര്‍ശത്തിനുമുന്നില്‍ എന്റെ അക്ഷരങ്ങള്‍ തോല്‍ക്കും,,എന്റെ പേജും പേനയും വാക്കുകള്‍ക്കുവേണ്ടി കാത്തിരുന്ന്‌ പരാജിതനാവും. ക്ഷമിക്കണം, ഞാന്‍ പിന്‍വാങ്ങുന്നു.

വീടില്ലാത്തവന്റെ ദു:ഖം തീരാനിലവിളിയായി സദാനിലകൊള്ളുമെന്ന സങ്കടങ്ങള്‍ക്കിടയിലാണ്‌ ഈയിടെ ഒരു വാര്‍ത്ത കണ്ടത്‌. ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ അവതരിപ്പിച്ച്‌ തരംഗം സൃഷ്‌ടിച്ച ടാറ്റാ ഗ്രൂപ്പ്‌ നാനോ വീടുമായി രംഗത്തുവരുന്നു. ഗ്രാമപ്രദേശങ്ങള്‍ ലക്ഷ്യമിട്ട്‌ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക്‌ വെറും 32,000 രൂപ മാത്രമാണ്‌ വിലയെന്നുപറയുമ്പോള്‍ കുറേയേറെ പാവങ്ങളുടെ ഹൃദയം നിറയുന്നുണ്ട്‌. ഈവര്‍ഷം അവസാനത്തോടെ അവര്‍ വിലകുറഞ്ഞ വീടുകള്‍ അവതരിപ്പിച്ചുതുടങ്ങും. അംസബിള്‍ ചെയ്യാവുന്ന കിറ്റുകളായാണ്‌ വീടുകള്‍ നല്‍കുന്നത്‌. ഇതില്‍ മേല്‍ക്കൂര, വാതിലുകള്‍, ജനാല എന്നിവയുണ്ടാകും. വീടുനിര്‍മ്മിക്കാന്‍ വെറും ഏഴു ദിവസം മതി. അടിസ്ഥാന മോഡലായ 20 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ്‌ 32,000 രൂപയാണ്‌. 30 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ്‌ 32,000 രൂപയാണ്‌ ചിലവ്‌. 30 ചതുരശ്ര മീറ്ററുള്ള വീടാണെങ്കില്‍ ചെലവ്‌ അല്‍പം കൂടി ഉയരും. ഏകദേശം 43,000 രൂപവരും.

000 000 000
അറബി കഥയിലെ പാട്ടുപോലെ വീടാണ്‌ മനസ്സിലെപ്പോഴും. എവിടെ പോയാലും തിരികെ വരുന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമത്തോടൊപ്പം നമ്മുടെ വീടും കാത്തിരിപ്പുണ്ടാകും. പാന്റും കുപ്പായവും അഴിച്ചുമാറ്റി ടൈ അകലേക്ക്‌ വലിച്ചെറിയുമ്പോള്‍ ഉമ്മയോടൊപ്പം വീടും വിളിച്ചു ചൊല്ലും എടാ , നീ എന്റെ പഴയ കുഞ്ഞുമോനായല്ലോട കുട്ട...
നാലാം ക്ലാസില്‍ വെച്ച്‌ ഒരിക്കല്‍ രാേന്ദ്രന്‍ സാര്‍ ചോദിച്ചു എവിടെയാ വീട്‌. എല്ലാവരും അഹങ്കാരത്തോടെ തങ്ങളുടെ വീടിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാനെന്താണ്‌ പറയേണ്ടതെന്ന്‌ ചോദിച്ച്‌ എന്നോട്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്ന വീടില്ലാത്ത എന്റെ അനാഥനായ ആ കൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയായിരിക്കും. പഠിക്കാന്‍ മിടുക്കനായ അവന്‍ വലിയ ജോലിയൊക്കെ സമ്പാദിച്ച്‌ നല്ല വീടുനിര്‍മ്മിച്ച്‌ അമ്മയോടൊപ്പം സുഖമായി കഴിയുന്നുണ്ടാകുമെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം.