Sunday, October 26, 2014

ഓര്‍ക്കൂട്ട്... നീ ആയിരുന്നല്ലോ....

ഓര്‍ക്കൂട്ട്...
നീ ആയിരുന്നല്ലോ....


എ.ബി കുട്ടിയാനം

ഓര്‍ക്കൂട്ട്...സുഖമുള്ളൊരോര്‍മ്മയാണത്...ഫേസ്ബുക്കും വാട്‌സ് അപ്പും വരുന്നതിനുമുമ്പ് അതായിരുന്നു എല്ലാം...എവിടെയോ  ഉള്ള സുഹൃത്തിനെ കണ്‍മുന്നില്‍കൊണ്ട് വന്ന് ഇതാ,നിന്റെ ആ പഴയ കൂട്ടുകാരനെന്ന് പറഞ്ഞ് കാണിച്ചു തന്ന ഓര്‍ക്കൂട്ട്...രാത്രിയും പകലും അരികിലിരുന്ന് കഥ പറഞ്ഞ ഓര്‍ക്കൂട്ട്...ഒന്നും നഷ്ടപ്പെടുന്നില്ലെന്നും എല്ലാവരും  അരികിലുണ്ടെന്നും ആദ്യമായി  പറഞ്ഞുതന്നത്  ഓര്‍ക്കൂട്ടായിരുന്നു...കൂട്ടുകാരന്റെ പുതിയപുതിയ ഫോട്ടോകളെ ആവേശത്തോടെ നോക്കിയത്,  സ്‌നേഹത്തോടെ ലൈക്കടിച്ച്, നമ്മുടെ ഓരോ ചനലനങ്ങളേയും  തത്സമയം ലോകത്തെത്തിച്ചത്...അങ്ങനെ അങ്ങനെ ഓര്‍ക്കൂട്ടെന്ന ആദ്യത്തെ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക് നമ്മുടെ ആരെക്കെയോ ആയിരുന്നു ഇന്നലെ വരെ..
എന്നാലിന്ന് ഓര്‍ക്കൂട്ട് ഓര്‍മ്മകള്‍  മാത്രം...ഫേസ്ബുക്കിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓര്‍ക്കൂട്ട് തോറ്റ് മടങ്ങുന്നു...സെപ്തംബര്‍ 30ന് ഓര്‍ക്കൂട്ട്
എന്നെന്നേക്കുമായി ലോഗ് ഔട്ട് ആയപ്പോള്‍  സോഷ്യമീഡിയയില്‍ പിച്ചവെച്ച ആ കളിമുറ്റത്തെ ഓര്‍ത്ത് മനസ്സ് വിതുമ്പുന്നു...
കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും തിരുവോണം വരും...പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും...എന്നാല്‍ ആ കാവ്യ ഭംഗിയെ അന്വര്‍ത്ഥമാക്കാന്‍ ഓര്‍ക്കൂട്ട് മാത്രം വരില്ല... 

2004 ജനുവരിയിലായിരുന്നു ഓര്‍ക്കൂട്ടിന്റെ ജനനം. തുര്‍ക്കിക്കാരനായ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ഓര്‍ക്കൂട്ട്  ബയുകോക്ടന്റെ ബുദ്ധിയിലുദിച്ച ആശയം അതിവേഗം ലോകത്തെ ബന്ധിപ്പിച്ചു. ക്ലബ്ബ് നെക്‌സസ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയായിരുന്നു  തുടക്കം. അത് വന്‍ വിജയമായി. കോളജ് വിദ്യാര്‍ത്ഥികളും  യുവാക്കളുമെല്ലാം അതില്‍ കണ്ണിചേര്‍ന്നു. ചാറ്റ് ചെയ്യാനും മെയില്‍ അയക്കാനുമുള്ള പുതിയ സംവിധാനത്തെ ലോകം ഇരുകയ്യും  നീട്ടിയാണ് സ്വീകരിച്ചത്.  ഗൂഗിളുമായി  ചേര്‍ന്നതോടെ അതേ മാതൃകയില്‍ ഓര്‍ക്കൂട്ടിന് രൂപം നല്‍കി. 2004 അവസാനമാകുമ്പോഴേക്കും ഓര്‍ക്കൂട്ട് ഇന്ത്യയില്‍ വന്‍ പ്രചാരം നേടി. 20 ശതമാനം ഉപഭോക്താക്കളാണ് ഇന്ത്യയിലുണ്ടായത്. അമ്പത് ശതമാനം പേര്‍ ബ്രസിലിലും 18 ശതമാനം  പേര്‍ അമേരിക്കന്‍ ഐക്യനാടുകളിലും ഓര്‍ക്കൂട്ടിനെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. 2004-ല്‍ 13 ദശലക്ഷം ഉപഭോക്താക്കളെയാണ് ഓര്‍ക്കൂട്ട് നേടിയെടുത്തത്. അക്കാലത്ത് ഇതിന്റെ മൂന്നിലൊന്ന് അംഗങ്ങള്‍പോലും ഫേസ്ബുക്കിന് ഉണ്ടായിരുന്നില്ല.
ഓര്‍ക്കൂട്ട് അഭിമാനത്തിന്റെ അടയാളമായി വളര്‍ന്നു. ഞാന്‍ വിളിക്കാമെന്ന് പറഞ്ഞിരുന്ന വാക്കുകള്‍ ഔട്ട് ഓഫ് ഫാഷനായി. നമുക്ക് ഓര്‍ക്കൂട്ടില്‍കാണാമെന്ന് ന്യൂജനറേഷന്‍ പറഞ്ഞുതുടങ്ങി. ഗ്രാമാന്തരങ്ങളില്‍ പോലും ഓര്‍ക്കൂട്ടിന് അക്കൗണ്ടുകളുണ്ടായി. എന്നോ ഒരിക്കല്‍ ഒന്നിച്ചുപഠിച്ച് വഴിപിരിഞ്ഞവരെ, എവിടെയോ പരിചയപ്പെട്ട് മറഞ്ഞുപോയവരെ നമ്മള്‍ ഓര്‍ക്കൂട്ടിലൂടെ തേടിപോയി....ആരെയും നഷ്ടപ്പെടുന്നില്ലെന്നും ആരും അകലെയല്ലെന്നും ഓര്‍ക്കൂട്ട്  പറഞ്ഞുതന്നു. ഓര്‍ക്കൂട്ടില്‍ അക്കൗണ്ട് ഇല്ലെന്ന് പറയുന്നത് ഒരു കുറച്ചിലാണെന്ന രീതിയിലേക്ക് ഓര്‍ക്കൂട്ടിന്റെ സ്വാധീനം വളര്‍ന്നു.
എന്നാല്‍ 2009 ആകുമ്പോഴേക്കും, അതായത്  അഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും ഓര്‍ക്കൂട്ട് കിതച്ചുതുടങ്ങി. അതിനിടയിലെപ്പോഴോ ഫേസ്ബുക്കുമായി മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇടിച്ചുകയറുകയും ചെയ്തു. 2010-ല്‍  ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍  ഓര്‍ക്കൂട്ടിനെ കടത്തിവെട്ടി. നാള്‍ക്കുനാള്‍ ഫേസ്ബുക്കിന്റെ പ്രചാരം കൂടുകയും ഓര്‍ക്കൂട്ടിന്റേത്  അതിനനുസരിച്ച് കുറയുകയും ചെയ്തു. രാപ്പകല്‍ ഭേദമില്ലാതെ ഓര്‍ക്കൂട്ടിനോട് കൂട്ടുകൂടിയവര്‍ പിന്നീട് മെല്ലെ  മെല്ലെ അതില്‍നിന്നകന്നു. ലോഗിന്‍ ചെയ്യുന്നത് ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ മാത്രമായി ചുരങ്ങി. അപ്പോഴേക്കും ഫേസ്ബുക്ക് ഒരു ലഹരിപോലെ നാടുനീളെ പടര്‍ന്നിരുന്നു. 2010-ല്‍ നഷ്ടമായ ജനപ്രീതി തിരിച്ചെടുക്കാന്‍ പിന്നീടൊരിക്കലും ഓര്‍ക്കൂട്ടിന് സാധിച്ചില്ല.
തങ്ങളുടെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഓര്‍ക്കൂട്ട് പൂട്ടുന്നുവെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണ്‍ 30നായിരുന്നു.
ജൂലൈ ഒന്നിന് ശേഷം പുതിയ അംഗങ്ങളെ സ്വീകരിക്കില്ലെന്നും അറിയിച്ചു. സെപ്തംബര്‍ 30ന് തങ്ങള്‍ എന്നെന്നേക്കുമായി വിടപറയുമെന്നും അവര്‍ വ്യക്തമാക്കി.
ആ സെപ്തംബര്‍ 30 കണ്‍മുന്നിലൂടെ കടന്നുപോയപ്പോള്‍ വേണ്ടപ്പെട്ട ആരോ ഒരാള്‍ വിടപറഞ്ഞകന്നതിന്റെ ദു:ഖമായിരുന്നു മനസ്സിന്.
ആ സ്‌ക്രാപ്പ് ഇനിയില്ല, ഫേസ്ബുക്കില്‍ മതിമറക്കുമ്പോള്‍ ഓര്‍ക്കൂട്ട് ഒരു നഷ്ടമേ അല്ലായിരിക്കാം,  പക്ഷെ, ഓര്‍മ്മകള്‍ക്കിപ്പോഴും ജീവന്റെ തുടിപ്പുണ്ട്.
ഓര്‍ക്കൂട്ട് പ്രൊഫൈലിലൂടെ വെറുതെ നടക്കുമ്പോള്‍ ഗൃഹാതുരത്വം ഒരു കുളിരായി പെയ്യുന്നു. പഠനം കഴിഞ്ഞ് പല വഴിക്ക് പിരിഞ്ഞ ശേഷം ഇവിടെ വെച്ചായിരുന്നല്ലോ അവളെ ആദ്യമായി കണ്ടത്...കളി ചിരി വര്‍ത്തമാനവുമായി കാമ്പസ് ജീവിതത്തെ സമ്പന്നമാക്കിയ കൂട്ടുകാരനെ തിരികെ കിട്ടിയതും ഇവിടെ വെച്ചാണല്ലോ...കുഞ്ഞുമോന്റെ മുഖഭാവമുള്ള എന്റെ ഓരോ ഫോട്ടോകളും സൂക്ഷിച്ചുവെച്ചത് ഓര്‍ക്കൂട്ട്...നീ  ആയിരുന്നല്ലോ...ഓര്‍ക്കൂട്ട്...മറക്കില്ലൊരിക്കലും....അല്ലെങ്കിലും എങ്ങനെ മറക്കും..... ഫേസ്ബുക്കില്‍ നിറഞ്ഞാടുമ്പോഴും ആദ്യം നിന്നെ ഓര്‍ക്കും...നീ ആയിരുന്നല്ലോ  സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും ബന്ധങ്ങളുടെ പവിത്രത പറഞ്ഞുതന്നതും...ഓര്‍ക്കൂട്ട്...മനസ്സില്‍ ഒരു കുളിര്‍മഴപോലെ നീ എന്നും ഒട്ടിപിടിച്ചുനില്‍ക്കും...ഓര്‍ക്കൂട്ട് നന്ദി....ജലംപോലെ തൊട്ട ആ സ്‌നേഹത്തിന്....

മഴ പറയുന്നത്

മഴ പറയുന്നത്

എബി കുട്ടിയാനം

മഴ വരുമ്പോള്‍ ഉമ്മയുടെ നെഞ്ചില്‍ തീ നിറയും..

അന്ന്
സ്‌കൂള്‍ വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍
ഓട്ടവീണ കുടയുമായി വയലും കുന്നും താണ്ടി
എന്നെ തേടി വരാറുണ്ട് എന്റെ ഉമ്മ...


ഇന്ന്
കാറ്റു മഴയും വില്ലന്‍ വേഷം കെട്ടുന്ന രാത്രികളില്‍
ഓഫീസില്‍ നിന്ന് എന്റെ വരവ് വൈകുമ്പോള്‍
മോനെ, നീ എവിടെയാട എന്ന ചോദ്യവുമായി
ആശങ്കയുടെ ആയിരം മിസ് കോളുകളടിക്കും എന്റെ ഉമ്മ...

ഡാ, മഴവന്ന്  റോഡ് വികൃതമായിട്ടുണ്ടാകും
നല്ലോണം ശ്രദ്ധിക്കണം....
ബൈക്കിനു ചുറ്റും ഉപദേങ്ങളുമായി
വട്ടം കറങ്ങുമെന്നും എന്റെ ഉമ്മ....

ഈ വാട്‌സ് ആപ്പുകാരെക്കൊണ്ട് തോറ്റു



ഈ വാട്‌സ് ആപ്പുകാരെക്കൊണ്ട് തോറ്റു

എബി കുട്ടിയാനം

സോഷ്യല്‍ മീഡിയക്കാരന്റെ കാലമാണിത്. ഫേസ്ബുക്കിന്റെ മതിലില്‍ ചാരി നിന്ന തലമുറ വാട്‌സ്ആപ്പും കയ്യിലെത്തിയതോടെ അതിനുള്ളില്‍ നീന്തിതുടിക്കുകയാണ്.
സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്തും വിവരങ്ങള്‍ വിളിച്ചുപറഞ്ഞും അവര്‍ അതിനെ ആഘോഷമാക്കി മാറ്റുന്നു.
സോഷ്യല്‍ മീഡിയ ഒരു ചെറിയ മീഡിയ അല്ല എന്ന് തെളിയിക്കാന്‍ അംഗങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്തകള്‍ ആദ്യം എത്തിക്കുന്നത് ഞാനാണ് എന്ന രീതിയിലേക്ക് സോഷ്യല്‍ മീഡിയക്കാരന്റെ മനസ്സും പ്രവര്‍ത്തിയും  മാറി. എന്തും ഷെയര്‍ ചെയ്യാനും എന്തിനേയും  ഫോര്‍വേഡ് ചെയ്തുകൊണ്ടുപോകാനും അവര്‍ മത്സരിക്കുന്നു. ഫലമോ, വ്യാജ വാര്‍ത്തകളുടെ ആവര്‍ത്തനമാണ് നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നൂറുശതമാനവും  ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഒരു വാര്‍ത്ത പുറത്തുവിടാന്‍ പാടുള്ളുവെന്നാണ് ജേര്‍ണലിസത്തിന്റെ തിയറി. ഒരു വ്യക്തിക്ക് മാനഹാനിയുണ്ടാക്കുന്ന, ഒരു നാടിന്റെ സമാധാനം തകരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ അതീവ ജാഗ്രതവേണമെന്നും ജേര്‍ണലിസത്തിന്റെ ബാലപാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഒരു വാര്‍ത്ത കൊടുക്കാതിരുന്നാല്‍ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ അത്തരം വാര്‍ത്തകള്‍ കൊടുത്താലുണ്ടാവുന്ന പ്രശ്‌നങ്ങള്‍  ചില്ലറയായിരിക്കില്ല. വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങേയറ്റം സൂക്ഷ്മത  പാലിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ പത്രവാര്‍ത്തകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ അംഗീകാരവും വിശ്വാസവും ലഭിക്കുന്നു.

എബി കുട്ടിയാനം
ഒരു വ്യക്തി  ഒരു അപകടം നേരിട്ടുകാണുന്നു. അയാള്‍ അക്കാര്യം അപ്പുറത്തെ ഒരാളോട് പോയി  പറയുമ്പോള്‍ അത് വിശ്വസിച്ചെന്നുവരില്ല. എന്നാല്‍ പത്രത്തില്‍ വാര്‍ത്തയുണ്ട് എന്ന് പറയുമ്പോള്‍ അയാള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ല. പത്രം പറയുന്നതെന്തും നേരാണെന്ന ജനം വിശ്വസിക്കുന്നു. ആ വിശ്വാസം കാക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
എന്നാലിന്ന് സോഷ്യല്‍ മീഡിയക്കാരന്‍ മാധ്യമപ്രവര്‍ത്തകന്റെകുപ്പായമിട്ടതോടെ വാര്‍ത്തകള്‍  വെറും ബഹളങ്ങളായി മാറുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഫ്‌ളാഷ് സ്റ്റാറ്റസ് അടിച്ചുവിട്ട് ഫോര്‍വേഡ് ചെയ്യുന്നു. ഊഴം കാത്തുനില്‍ക്കുന്ന അഗംങ്ങള്‍ അതിനെ പരമാവധി ഷെയര്‍ ചെയ്തുകൊണ്ടുപോകുന്നു. എപ്പോള്‍, എന്ത്, എങ്ങനെ ഒന്നും വ്യക്തമായി  പറയാന്‍ കഴിയില്ല. വാര്‍ത്തയുടെ സ്രോതസ് ഏതെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമില്ല. വാര്‍ത്ത സത്യമാണെങ്കില്‍പോലും വിവരങ്ങള്‍ പലതും തെറ്റായിരിക്കും. മാത്രമല്ല ഇത്തരം വാര്‍ത്തകളില്‍ അധികവും വ്യാജമാണ്. ആരോ പറയുന്നു, എവിടെന്നോ കേള്‍ക്കുന്നു അതിനെയൊക്കെ സ്റ്റാറ്റുന്നു.
ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു എന്ന വിവരമാണ് ശരിയും തെറ്റുമറിയാതെ സോഷ്യല്‍ മീഡിയക്കാരന്‍ ഏറ്റവും ഒടുവിലായി  കൊണ്ടാടിയത്. ഹെല്‍മറ്റ്  ധരിക്കാത്തതുമുതല്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ കണക്കും മനോഹരമായി എഴുതിവെച്ചു. കണ്ടവര്‍ കണ്ടവര്‍ സമയം  പാഴാക്കാതെ ഷെയര്‍ ചെയ്‌തെടുത്തു.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു വിവരം മുകളില്‍ നിന്ന് ലഭിച്ചിട്ടില്ല എന്ന ഉത്തരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയത്.
പിന്നെ എങ്ങനെ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചുവെന്നായി അടുത്ത അന്വേഷണം. അപ്പോഴാണറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്ന്. അതിനെയാണ് ഏതോ സോഷ്യല്‍ മീഡിയക്കാരന്‍ ഭാവനയില്‍ മെനഞ്ഞത്.
എബി കുട്ടിയാനം
പരമാവധി ലൈക്ക് വാങ്ങണമെന്ന ആവേശത്തോടെ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ അത് വരുത്തി  തീര്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അലോചിക്കാറില്ല.
തായിനേരിക്കടുത്തുള്ള അസീസ് എന്ന ഒരാള്‍ മരിച്ചപ്പോള്‍ മാപ്പിളപ്പാട്ടുഗായകന്‍ അസീസ് തായിനേരി മരിച്ചുവെന്ന് സ്റ്റാറ്റസടിച്ച് മത്സരിച്ചത് കുറച്ചുമാസം  മുമ്പാണ്. ഓരോ പോസ്റ്റിനിടയിലും അനുശോചനങ്ങള്‍  വന്നുനിറഞ്ഞു. ഒടുവില്‍ ഞാന്‍ മരിച്ചട്ടില്ല ജീവിച്ചിരിപ്പുണ്ടെന്ന സന്ദേശവുമായി അസീസ് തായിനേരി തന്നെ രംഗത്തെത്തുകയും ചെയ്തു.
കാസര്‍കോട്ടെ ഒരു  പ്രമുഖ രാഷ്ട്രീയ നേതാവ് മരിച്ചുവെന്ന വാര്‍ത്ത പടച്ചുവിട്ടത് കഴിഞ്ഞ നബിദിനത്തിന്റെ പുലരിയിലായിരുന്നു. വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോള്‍ ആ നേതാവ് ഒരു ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉപ്പളയ്ക്കു സമീപം ഷിറിയയില്‍ കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ എന്ന്  പറഞ്ഞ് ചിത്രസഹിതമാണ് വ്യാജ വാര്‍ത്ത വിട്ടത്. പോലീസ് അരിച്ചുപെറുക്കിയിട്ടും അങ്ങനെ ഒരു സംഭവമേ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതോ ഒരു വിരുതന്‍ എവിടെ നിന്നോ കിട്ടിയ ഫോട്ടോ വെറുതെ പോസ്റ്റുകയായിരുന്നു.
സീതാംഗോളിയില്‍ കഴിഞ്ഞാഴ്ച വാഹനാപകടമുണ്ടായപ്പോള്‍ കേട്ടമാത്രയില്‍ നാലുപേര്‍ മരിച്ചുവെന്ന് തട്ടിവിട്ടു.
വിവരം  ലോകത്തെ ആദ്യം അറിയിക്കുന്നത് ഞാനാണെന്ന ആഗ്രഹമാണ് സത്യാവസ്ഥ  മനസിലാക്കാതെ വാര്‍ത്ത പടച്ചുവിടാന്‍ സോഷ്യല്‍ മീഡിയക്കാരനെ പ്രേരിപ്പിക്കുന്നത്.
വര്‍ഗ്ഗീയ നിറമുള്ള  അല്ലെങ്കില്‍  നാടിന്റെ സമാധാനം തകരുന്ന  രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏറെ ജാഗ്രത കാണിക്കും. ചെറിയൊരു തീപ്പൊരിമതി ആളിക്കത്താന്‍. അതുകൊണ്ട് തന്നെ മതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളെപ്പോലും യുവാക്കള്‍ തമ്മില്‍ കയ്യാങ്കളി  എന്ന രീതിയിലേക്ക് മാറ്റി ലളിതവല്‍ക്കരിക്കും.
ഒരു വാര്‍ത്ത അടിച്ചുവിടുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍  മാത്രമല്ല അതിനുമുകളിലുള്ളവര്‍ കൂടി അതിനെ വിലയിരുത്തും. പോലീസ് വിവരങ്ങള്‍ കൂടി ചേര്‍ത്താണ് വാര്‍ത്ത തയാറാക്കുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയക്കാരന്‍ ആരോടും ചോദിക്കുന്നില്ല, ഒന്നും സത്യമാണെന്ന് ഉറപ്പിക്കുന്നുമില്ല.
സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പടച്ചുവിടുന്നതും മറ്റുള്ളവരെ അപമാനിക്കുന്ന സ്റ്റാറ്റസടിക്കലും ഗുരുതരമായ കുറ്റമാണ്. വര്‍ഗ്ഗീയത പരത്തുന്ന പോസ്റ്റുകള്‍ക്കും ശക്തമായ  ശിക്ഷയാണുള്ളത്. മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ചുരങ്ങിയ ശിക്ഷ.
മതപണ്ഡിതന്മാരേയും രാഷ്ട്രീയ നേതാക്കളേയും ഇവിടെ നിരന്തരം അപമാനിക്കുന്നു. എന്നിട്ടും ഒന്നും സംഭവിക്കാതെ നിങ്ങള്‍ രക്ഷപ്പെടുന്നത് ആരും പരാതികൊടുക്കാത്തതുകൊണ്ട് മാത്രമാണെന്നോര്‍ക്കണം.

Friday, October 24, 2014

കൊടപ്പനക്കലിനും ഹൃദയത്തിനുമിടയില്‍

കൊടപ്പനക്കലിനും ഹൃദയത്തിനുമിടയില്‍

എബി കുട്ടിയാനം

വിളിക്കാതെ വിളികേട്ട്
മനസ്സ് കൊടപ്പനക്കെലെത്താ
റുണ്ടെപ്പോഴും

പറയാതെ പറഞ്ഞവാക്കുകേട്ട്
ഹൃദയം
നിറഞ്ഞുതുളുമ്പാറുണ്ടെന്നും

അത്
സ്‌നേഹത്തിന്റെ കടലായിരുന്നു
ആര്‍ക്കും, എത്രവേണമെങ്കിലും...

കേട്ട് മതിയാവുംമുമ്പ്
പറഞ്ഞുകൊതിതീരുംമുമ്പ്
ഭൂമി ഇരുട്ടായപ്പോള്‍
ഒറ്റപ്പെട്ടുപോവുന്നു ഞാനിവിടെ!

ഒരു നിസ്‌ക്കാരത്തിലെങ്കിലും
പിന്നില്‍ നില്‍ക്കണമായിരുന്നു,
ഒരു പ്രാര്‍ത്ഥനയിലെങ്കിലും
ആമീന്‍ പറയണമായിരുന്നു,
ആ വട്ടമേശക്കരികിലിരുന്നെനിക്കൊരു
മന്ത്ര ചരട് കെട്ടണമായിരുന്നു,
ഒന്നൂതണമായിരുന്നു
എന്‍ നെറുകയില്‍,
കണ്‍നിറയെ കാണണമായിരുന്നെന്നും
തലയില്‍കൈവച്ചൊരനു
ഗ്രഹം വാങ്ങണമായിരുന്നു...

അള്ളാ, എത്ര പെട്ടന്നാണ
പുഴവറ്റിപ്പോയത്,
ഇനി വരുമോ ഇതുപോലൊരു വസന്തം(?)

Wednesday, October 22, 2014

കാലമേ നീ എത്ര പെട്ടെന്ന്.............

കാലമേ നീ എത്ര പെട്ടെന്ന്.............
എബി കുട്ടിയാനം

ആരെന്തുപറഞ്ഞാലും ജീവിതം നഷ്ടങ്ങളുടെതുമാത്രമാണെന്ന് കാലവും കലണ്ടറും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ഡിസംബര്‍കൂടി മഞ്ഞുമാസകുളിരില്‍ അലിഞ്ഞില്ലാതാകുമ്പോള്‍ കണ്‍മുന്നില്‍ നിന്ന് ഒരു വര്‍ഷവും അടര്‍ന്നുവീഴുകയാണ്. തണുത്ത ഡിസംബറും ആര്‍ദ്രമായ ജനുവരിയുമെല്ലാം വല്ലാത്തൊരനുഭൂതിയാണ്. പക്ഷെ, കാലം കറുത്ത കരുക്കള്‍ നീക്കിക്കൊണ്ടുകടന്നുപോകുമ്പോള്‍ ദൈവകല്പനക്കുമുന്നില്‍ നമ്മള്‍ വെറും കാഴ്ച്ചക്കാര്‍മാത്രമായി മാറിപ്പോവുന്നു. ചൊവ്വയില്‍ ജീവിക്കാമെന്ന് കണ്ടുപിടുത്തം നടത്തുമ്പോഴും ഓസോണ്‍ ലെയറിനെ കണ്ണുരുട്ടി പേടിപ്പിക്കാമെന്നഹങ്കരിക്കുമ്പോഴും കാലത്തിനുമുന്നില്‍ മാത്രം നാം തോല്‍ക്കുന്നു. ജിംനേഷ്യത്തിലെ വെയ്റ്റുയര്‍ത്തി മസില്‍ വിടര്‍ത്തി നടക്കുന്ന നീ ഇതിലൂടെ നടുവൊടിഞ്ഞ് വടിക്കുത്തി പോകുമെന്ന് കാലം മെല്ലെ വിളിച്ചുപറയുന്നുണ്ട്.
കലണ്ടര്‍ എത്രമാറിയാലെന്തെ, എന്ന കാഴ്ചപ്പാടുകള്‍ക്കുമുന്നിലും കാലം കവിളില്‍ ചുളിവ് വീഴ്ത്തുന്നു, ഇന്നലത്തെ നമ്മളല്ല നാം ഇന്ന്, ഇന്നലത്തെ വേവലാതിയല്ല നമുക്കിന്നുള്ളത്. കാലം ചിലപ്പോഴൊക്കെ വല്ലാതെ കബളിപ്പിക്കുന്നു.
ജീവിതം എന്തായിരുന്നുവെന്നതിന്റെ വാര്‍ഷിക പരീക്ഷയാണ് ഓരോ ജനുവരിയും. ഒന്നുവിലയിരുത്താന്‍ പഴയഡയറി ആവശ്യപ്പെടുമ്പോള്‍ മൈനസ് മാര്‍ക്കുക്കൊണ്ട് നിറയും മനസ്സ്. നല്ല മനുഷ്യനാവണമെന്ന പ്രതിജ്ഞയോടെയാണ് ഓരോ പുതുവര്‍ഷത്തെയും നാം വരവേല്‍ക്കുന്നത്. ആരെയും വിഷമിപ്പിക്കാതെ, ആര്‍ക്കും ശല്ല്യമാകാതെ പുഞ്ചിരിക്കൊണ്ട് പൂക്കാലം തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ജീവിതം ധന്യം; ഒരു ദു:ഖത്തിനു മുന്നിലെങ്കിലും കണ്ണീരൊപ്പാന്‍ പറ്റിയെങ്കില്‍ ജന്മംപുണ്യം. പക്ഷെ, അപ്പോഴും ഡയറിതാളുകള്‍ നിറയെ കറുത്ത അദ്ധ്യായങ്ങള്‍ ബാക്കിയാവുന്നു. നാളെ ഞാന്‍ നല്ലവനാകുമെന്ന പാഴ്‌വാക്കുകള്‍ക്കുമുന്നിലൂടെ കാലം കള്ളചിരിചിരിച്ച് നടന്നകലുകയാണ്. ഇതാ, ജനുവരി ഇപ്പോള്‍ വീണ്ടും ചോദിക്കുന്നു എടാ, കുട്ട. ഇനിയെങ്കിലും ഒന്നു മാറിക്കൂടെ...
സഹോദരനുമുന്നില്‍ നല്ലൊരു വാക്കുപോലും സമ്മാനമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.

ദൈവം രണ്ടുവഴി ചൂണ്ടിക്കൊണ്ടു പറഞ്ഞു ദാ, ആ കാണുന്നത് നന്മയിലേക്കാണ്, ഇതാ, ഇതിലൂടെ പോയാല്‍ തിന്മയിലെത്താം നിനക്കേത ഇഷ്ടം അതു തിരഞ്ഞെടുത്തോളു. ഇഷ്ടം നന്മയോടാകുമ്പോഴും നടന്നുപോയത് തിന്മയുടെ ഒറ്റയടി പാതിയിലൂടെയായിരുന്നു. അവിടെ നിന്നു കിട്ടിയ ദു:ഖവും സങ്കടവും തീരാ നഷ്ടവുമാണ് ജീവിതത്താളില്‍ നിറെയെ ബാക്കിനില്‍ക്കുന്നത്. ഇനി വല്ലാതെ വിയര്‍പ്പൊഴുക്കിയാലും തിന്മയെ നന്മയോട് ഈക്വല്‍ ചെയ്ത് മുന്നേറാന്‍ പ്രയാസമാണ്. എങ്കിലും ഖേദിച്ചുമടങ്ങുന്നവനെയാണ് എനിക്കിഷ്ടമെന്ന ദൈവത്തിന്റെ വാക്കുകള്‍ എവിടെയൊക്കെയോ നിറം പകരുന്നുണ്ട്. അത് തന്നെയാണ് ജനുവരിയുടെ പ്രതീക്ഷയും.
ഡോക്ടറും എഞ്ചീനിയറുമാകുന്നത് സമൂഹത്തിലെ സ്റ്റാറ്റസിനുമപ്പുറം പണംകൊണ്ട് മൂടിപുതച്ചുറങ്ങാനാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയോട് കാലം ഒരു അസ്തമയത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജേണലിസം ഒരു സാമൂഹ്യസേവനം കൂടിയാണെന്ന് പറഞ്ഞ് എന്റെ ജോലിയുടെ മഹത്വം വ്യക്തമാക്കാന്‍  ശ്രമിച്ചന്നേരത്ത് പോടൈ... ഒരു സാമൂഹ്യസേവനം സ്വയം സമ്പാദിച്ചുകൂട്ടാന്‍ നോക്കട എന്നുപറഞ്ഞ ഫേസ് ബുക്കിലെ കൂട്ടുകാരന്‍ ഹരീഷ് പുതുലമുറയുടെ അടയാളമാണ്. അവന്റെ മുന്നില്‍ ജനുവരി വിടരും, പിന്നെ അത് ഡിസംബറായി കൊഴിഞ്ഞുവീഴും...
ദൈവകല്പനക്കുമുന്നില്‍ ജീവിതം ഒന്നുമല്ലെന്ന് ചോരവീണറോഡും വിലാപമടങ്ങാത്ത വീടും വിളിച്ചുപറയുന്നു. അപ്പോഴും മടങ്ങിപ്പോവേണ്ട ഓര്‍മ്മയില്ലാത്ത അഹങ്കാരമാണ് ഉള്ളുനിറയെ. കുഞ്ഞുന്നാളില്‍ സ്‌കൂളില്‍ നടന്നൊരു പേഴ്‌സനാലിറ്റി ക്ലാസില്‍ ട്രെയിനര്‍ പറഞ്ഞുതന്നൊരുവാക്ക്  ഇപ്പോഴും മനസ്സിലുണ്ട്. മരിച്ചുപോകുമ്പോള്‍ ഈ ഭൂമിയില്‍ നമ്മുടെ ഒരു അടയാളമെങ്കിലും ബാക്കിവെക്കണം. ആ നല്ല ഉപദേശം വല്ലാത്തൊരു ടച്ചിംഗ്‌സായിരുന്നു.
പുഞ്ചിരിക്കാന്‍പോലും പിശുക്ക്കാണിച്ച് നെഞ്ചുവിരിച്ച് നടക്കുന്ന സമ്പന്നനേക്കാളേറെ കാലം ഓര്‍ക്കുന്നത് നന്മയുടെ തെന്നലാവാന്‍ ശ്രമിച്ച ഏതെങ്കിലും പാവം മനുഷ്യനെയായിരിക്കും. നല്ല വഴികളിലൂടെയാവണം നമ്മുടെ യാത്രകളത്രയും. ജീവിതം ഡിസംബറിനോടൊപ്പം അടര്‍ന്നുവീണാലും നമ്മുടെ ഒരു അടയാളം ഇവിടെ ബാക്കിയുണ്ടാവണം.
രാവൈറെ വൈകി ഓഫീസില്‍ നിന്ന് വീട്ടിലെത്തി അവസാന പ്രാര്‍ത്ഥനയും കഴിഞ്ഞ് ഡയറി എഴുത്തിനിരിക്കുമ്പോള്‍ ഇതെന്റെ അവസാന എഴുത്താക്കരുത് നാഥ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. ജീവിതം ദൈവത്തിന്റെ സമ്മാനമാണെന്ന് പിന്നെയും പിന്നെയും ഓരോ പുലരിയും വിളിച്ചുപറയും. നാഥ ഞാന്‍ വീണ്ടും കേഴുന്നു. ഇത് എന്റെ അവസാനത്തെ പുതുവത്സരമാക്കല്ലെ തമ്പുരാനെ.

   000            000              000
കുറേ ബഹങ്ങളും ഒച്ചപ്പാടുകളും ആര്‍ദ്രമായ കാഴ്ച്ചകളും കോറിയിട്ടുകൊണ്ടാണ് ഓരോ വര്‍ഷവും യാത്രപറഞ്ഞകലുന്നത്. നേട്ടങ്ങളുടെ നെറുകയില്‍ കയറി ചിലര്‍ പുഞ്ചിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ വന്‍ വീഴ്ചയിലായിരിക്കും മറ്റുചിലര്‍.
പോയവര്‍ഷത്തിന്റെ ഡയറി താളുകള്‍ മറിച്ചുവെച്ച് കഥപറയാന്‍ പ്രയാസമാണ്. ലോകത്തെ വിറപ്പിച്ച മുഅമ്മര്‍ ഗദ്ദാഫി കൊല്ലരുതേയെന്ന് പറഞ്ഞ് കേണുകരഞ്ഞ ആ രംഗം മറക്കാന്‍ കഴിയുമോ(?) ഉസാമ ബിന്‍ ലാദനും കിഷന്‍ജിയും മരണത്തോടെ തീര്‍ന്ന ശൗര്യം മാത്രമാണെന്ന് നാമറിഞ്ഞു. ..മന്ത്രി ടി.എം.ജേക്കബും കൊറിയന്‍ ഭരണാധികാരി ജിംഗുമെല്ലാം.....
നഷ്ടങ്ങളുടെ കണക്ക് പിന്നെയും നീളുന്നു.

   000            000            000
ഒരു ജനതയുടെ ജീവനുമുന്നില്‍ പ്രളയമാകാന്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ വാക്കായും വാക്കുതര്‍ക്കമായും കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ കാലത്തിന്റെ കല്പനകള്‍ക്ക് വീണ്ടും ഇന്‍വേറ്റഡ് കോമ ചേര്‍ക്കേണ്ടിവരുന്നു. ഇനിയുള്ള കാലം മനുഷ്യന്‍ പോരാടുന്നത് വെള്ളത്തിനുവേണ്ടിയായിരിക്കും..... എന്തുമാത്രം അര്‍ത്ഥവത്തായ ദര്‍ശനം. കാലമേ നിനക്കുവണക്കം.

അഴിമതികള്‍ നിറഞ്ഞാടിയ നാളുകള്‍ക്കൊടുവില്‍ പൊതുജനങ്ങളുടെ മുതല്‍ മോഷ്ടിച്ച് രാജാക്കന്മാരായ രാജയും കനിമൊഴിയും കല്‍മാഡിയും യദ്യൂരപ്പയും മാരനുമെല്ലാം അഴികളെണ്ണുന്ന സുന്ദരകാഴ്ചയും ഈ വഴിയോരത്ത് നമുക്ക് കാണാന്‍ കഴിഞ്ഞു. അഴിമതിക്കെതിരെ അണ്ണാഹസാരെ തുടങ്ങിയ പോരാട്ടത്തെ വിപ്ലവം എന്നുപേരിട്ടുവിളിക്കാം നമുക്ക്. പക്ഷെ, അഴിമതിയില്‍ പല നേതാക്കളും അകത്തുള്ള ചില പാര്‍ട്ടികളെ കുട്ടുപിടിച്ചും തൃപ്തിപ്പെടുത്തിയും ഹസാരെ മുന്നേറുമ്പോള്‍ ഈ സമരം മഹത്തരം എന്നു പറയാന്‍ പലരും മടിച്ചു. ഹസാരെ ഒരേ സമയം നായകനും വില്ലനുമായി മാറുകയാണ് ഇന്ത്യക്കാര്‍ക്കുമുന്നില്‍. ഹസാരെയുടെ സമരം ആഘോഷമാക്കുമ്പോള്‍ പതിനൊന്നുവര്‍ഷമായി ഒന്നും കഴിക്കാതെ സമരം ചെയ്യുന്ന ഈറോം ഷാര്‍മ്മിളയെ മറന്നുപോവുന്നതും സങ്കടകരമായ കാഴ്ചയായി.

   000               000             000

എന്റെയും നിന്റെയും പെങ്ങളായിട്ടും സൗമ്യയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത കുറ്റബോധത്തിനിടയില്‍ ഗോവിന്ദചാമിയുടെ തൂക്കുകയര്‍ വാര്‍ത്ത എവിടെയൊക്കെയോ കുളിരുചൊരിഞ്ഞു. അപ്പോഴും കയ്യില്‍ കിട്ടിയാല്‍ ഇടിച്ചുക്കൊല്ലാന്‍ മാത്രം വിദ്വോഷവുമായി ഡോ.ഉന്മേഷ് മനസ്സില്‍ നിറയുന്നു. സര്‍ക്കാറിന്റെ ശബ്ബളം വാങ്ങി ക്രിമിനലുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആ നീചന്‍ തന്നെയാണ് 2011ലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യരിലൊരാള്‍. ഡോക്ടറോ മൃഗമോ.. എന്തുപേരിട്ടാണ് അയാളെ നമുക്ക് വിളിക്കാന്‍ കഴിയുക.
കൈവിരല്‍പിടിച്ചു കൂടെവന്ന് കാവലാവേണ്ട അച്ഛന്‍ കാമവെറിയനായി പിച്ചിചീന്തിയ കവിയൂരിലെ അനഘ എന്ന കുഞ്ഞുമോള്‍ വലിയ നൊമ്പരമായി നിറയുന്നുണ്ടിവിടെ...

    000                000           000
കഠിനാദ്ധ്വാനം നിറഞ്ഞപഠനകാലത്തിനൊടുവില്‍ പിന്നെയും പരിശ്രമത്തിന്റെ പാലം തീര്‍ത്ത് ഒരു തൊഴിലിനുവേണ്ടി ഓടിനടക്കുന്ന ചെറുപ്പക്കാര്‍ വിഡ്ഡികളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു ഇത്. ജോലി തട്ടിപ്പിന്റെ ഭീകരതയെ മലയാളികള്‍ അല്‍ഭുതത്തോടെ നോക്കിനിന്നു.
ഒരു മതത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് നിരപരാധികളെ വെടിവെച്ചുകൊല്ലുകയായിരുന്നു ഭരണാധികാരികളെന്ന വാര്‍ത്തയും കേള്‍ക്കെണ്ടിവന്നു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഒരുപോലെ നടുക്കവും ആശങ്കയും സമ്മാനിക്കുന്നുണ്ട്.

    000            000                         000
ടി.വി.രാജേഷിന്റ പൊട്ടിക്കരച്ചിലും സദാവാചകമടിക്കുന്ന പി.സി.ജോര്‍ജ്ജിന്റെ മുഖവും രാജ്യത്തിന്റെ അഭ്യന്തരമന്ത്രിയില്‍ നിന്ന് തനി തമിഴനായി തരംതാണ ചിദംബരത്തിന്റെ പ്രസ്താവനയും 2011നെ ശ്രദ്ധേയമാക്കി.
സമരത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പുതിയമുഖം കൈവന്നതും നാം കണ്ടു. ഈജിപ്തിലും ലിബിയയിലുമെല്ലാം ഏകാധിപതികള്‍ നിലംപതിച്ചത് ഒരിക്കലും നേരിട്ട് കാണാത്ത കുറേ ആളുകള്‍ നെറ്റ് വര്‍ക്കിലൂടെ രൂപം നല്‍കിയ പ്രതിഷേധമാണെന്നറിയുമ്പോള്‍ നാം നമ്മുടെ ഫേസ്ബുക്കിനെ ഒന്നുകൂടി നെഞ്ചോട് ചേര്‍ക്കുന്നു.
വര്‍ഷമെത്ര കടന്നുപോയാലും ജനുവരി പിന്നെയും വന്നാലും ഏതു കാമ്പസ് ജീവിതം കൊഴിഞ്ഞുവീണാലും ആരും പിരിഞ്ഞകലുന്നില്ലെന്ന് ഫേസ് ബുക്ക് കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു.
ആശംസകളും ആശിര്‍വാദവുമായി രജ്ഞുവും റഹ്മാനും ഖയ്യൂമുമെല്ലാം തസ്‌നിയുമെല്ലാം  എന്റെ വാളില്‍ വന്നു പുഞ്ചിരിക്കുകയാണിപ്പഴേ....

    000               0000               000
ഭാരത്ക്കി ജീത്ത്‌നേക്കേ ലിയെ ചാര്‍ റണ്‍സ് ചായിയെ...എം.എസ്.ധോനി തയാര്‍....ഹിസ് ഓവര്‍ക്കി തീസ്‌റ ഗേന്ത്....ബൗളര്‍ ദൗഡ്‌ന ശുറൂകര്‍ദിയ ഏ ഗേന്ത് അച്ചീ ഗേന്ത് തി...ബാറ്റ്‌സ്മാന്‍ ധോനി ഉട്ട്ക്കര്‍ ഖേല...ഗേന്ത് ഹവാമേ ജാക്കര്‍ സീത സീമാ രേഖക്കെ ബാഹര്‍....ഹൊ...ശാന്താര്‍ ചാക്ക...ഭാരതനെ ഹെ മാച്ച് ജീത്ത്‌ലിയ...അട്ടായീസ് സാല്‍ക്കീ ബാദ് ഭാരത്‌നേ വിശ്വകപ്പ് ഹാസില്‍ക്കിയ...സൗ കരോഡ് ഭാരത് ലോഗോംക്ക സപ്ന സാക്കാര്‍ ഹോഗയ....

ആ രാത്രിയെ മറക്കാന്‍ കഴിയുമോ നമുക്ക്...കമാന്റേറ്ററുടെ  ആ വാചകങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമോ(?) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തോളമുയര്‍ന്ന  ആ നിമിഷത്തേക്കാള്‍ വിലപ്പെട്ട മറ്റൊന്നും 2011ല്‍ ഇന്ത്യക്കാരന് കിട്ടിയിട്ടുണ്ടാവില്ല.
സെവാഗിന്റെ ഡബിള്‍ സെഞ്ച്വറിയും കോലിയുടെ മികവും മെസിയുടെ വരുവുമെല്ലാം ഇന്ത്യന്‍ കായിക രംഗത്തെ നിറമുള്ളതാക്കി.

മമ്മൂട്ടിയും മോഹന്‍ലാലുമല്ല സന്തോഷ് പണ്ഡിറ്റായിരുന്നു പോയവര്‍ഷം സിനിമലോകം ചര്‍ച്ചചെയ്ത മുഖം. ആദാമിന്റെ മകന്‍ അബുവിന്റെ നേട്ടങ്ങള്‍ ഓരോ മലയാളിയുടെയും നേട്ടമാണ്. പ്രശ്‌നങ്ങള്‍ നൂറുനൂറായിരമായി മുന്നില്‍ നില്‍ക്കുമ്പോഴും ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ചര്‍ച്ച ചെയ്ത് പതിവുപോലെ സമയം പാഴാക്കാനും നാം മത്സരിച്ചു.

     000             000             000
ജനുവരി പോകും ഡിസംബര്‍ പിന്നെയും കുളിരുതരും. ഋതുക്കള്‍ അതിന്റെ കളി തുടരുമ്പോള്‍ എന്നും ഇതേ ചുറുചുറുക്കോടെ അതിനെ അനുഭവിച്ചുതീര്‍ക്കാന്‍ നിനക്ക് കഴിയില്ല എന്നതുതന്നെയാണ് കാലം നല്‍കുന്ന വലിയ പാഠം. എല്ലാ അനുഭവങ്ങളും എഴുതിവെക്കുന്ന ഡയറിതാളില്‍ ഒരിടത്ത് നമ്മുടെ മരണദിവസവുമുണ്ട്. അന്ന് ആ പേജ് ശൂന്യമാകും. അതിലേക്കാണ് ഓരോ ഡിസംബറും ജനുവരിയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആറരക്കുള്ള വണ്ടിക്കുവേണ്ടി സദാ അണിഞ്ഞൊരുങ്ങുന്ന എനിക്ക് ഒരു ദിവസം ആ വണ്ടി വേണ്ടാതാവും. അന്ന് ആരൊക്കെയോ കൂടി എന്നെ ആറടിമണ്ണിലേക്ക് ചുമന്നുകൊണ്ടുപോകും. പിന്നെയും കലണ്ടര്‍ മാറും, ജനുവരി വരും. ഓരോ ജനുവരിയും മരണത്തിലേക്കുള്ള കണക്കുകൂട്ടലല്ലാതെ മറ്റെന്താണ്(?) നടന്നത്രദുരം ഇനി നടക്കേണ്ടതില്ലെന്ന് കാലം പിന്നെയും വിളിച്ചുപറയുന്നുണ്ട്.

ദൈവമേ, നീ അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......

ദൈവമേ, നീ 
അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......
എബി കുട്ടിയാനം
അര്‍ജ്ജന്റിന....ഓരോ ഫുട്‌ബോള്‍ പ്രേമിയുടേയും ഉള്ളിന്റെ ഉള്ളിലെ വികാരമാണത്....ആരെന്തുപറഞ്ഞാലും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ആ വശ്യമനോഹാരിതയെ ഇഷ്ടതിരിക്കാനെ കഴിയില്ല നമുക്കൊരിക്കലും. ബ്രസില്‍ ജയിക്കണമെന്നാഗ്രഹിക്കുമ്പോഴും അര്‍ജ്ജന്റിന തോല്‍ല്‍ക്കരുതേയെന്ന് നമ്മുടെ മനസ്സ് അറിയാതെ പ്രാര്‍ത്ഥിക്കാറുണ്ട്. കണ്ടതില്‍വെച്ചേറ്റവും നല്ല കളിക്കാര്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും  സൈനുദ്ദീന്‍ സിദാനും ഡേവിഡ് ബെക്കാമുമൊക്കെയാണെന്ന് പറയുമ്പോഴും ഗാബ്രിയല്‍ ബാറ്റിസ്റ്റ്യൂട്ടയും യുവന്‍ റിക്വല്‍മിയും തൊട്ട് ലയണല്‍മെസ്സിയും വരെ നമ്മുടെ ഉള്ളിന്റെയുള്ളിലെവിടെയോ പന്തുതട്ടിക്കൊണ്ടിരിക്കുന്നു. ഓരോ വിശ്വമേളയിലും കലാ്ശക്കളിക്കില്ലാതെ ദൈവത്തിന്റെ കയ്യൊപ്പുകാര്‍ നാട്ടിലേക്ക് മടങ്ങു്‌മ്പോള്‍ അത് ശുദ്ധഫുട്‌ബോള്‍ പ്രേമികളുടെ സ്വകാര്യ ദു:ഖമായി മാറും....

അര്‍ജ്ജന്റിന എന്ന ഫുട്‌ബോള്‍ സൗന്ദര്യം മനസ്സിനെ ഇങ്ങനെയൊക്കെ കീഴടക്കുമ്പോഴും ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ അവര്‍ ജയിക്കരുതേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചുപോകും ഏതൊരു കായികപ്രേമിയും കാരണം അര്‍ജ്ജന്റിന കപ്പുനേടിയാല്‍ അവരുടെ കോച്ചുകൂടിയായ ഫുട്‌ബോള്‍ തമ്പുരാന്‍ ഡിഗോ മറഡോണ ബ്വേനസ് ഐറീഷിലെ തെരുവിലൂടെ പൂര്‍ണ്ണനഗ്‌നനായി ഓടുമെത്രെ. എന്തൊരു നെറിക്കെട്ട പ്രഖ്യാപനം(!)സംസ്‌ക്കാരത്തെ എങ്ങനെയും പിച്ചിചീന്താമെന്ന് ചിലര്‍ വിളിച്ചുപറയുമ്പോള്‍ ഒരു തലമുറകാത്തുസൂക്ഷിച്ച സംസ്‌ക്കാരവും പൈതൃകവുമാണ് ചോദ്യചിഹ്‌നമാവുന്നത്.
എന്തുമാവാം,എങ്ങനെയുമാവാം എന്നുപഠിപ്പിക്കുന്ന പാശ്ചാത്യസംസ്‌ക്കാരം(!) അച്ഛന്റേയും അമ്മയുടേയും കല്ല്യാണത്തിന്  മക്കള്‍ സജീവസാന്നിധ്യമാവുന്ന ഒരു ജീവിതരീതിയുടെ വക്താക്കള്‍ക്ക് ഇത് ഒട്ടും പുതുമയല്ലാത്ത കാര്യമായിരിക്കും.പക്ഷേ, ഇത്തരത്തിലുള്ള ഓരോ ആഭാസവര്‍ത്തമാനങ്ങളും ലോകത്തെ തിന്മയിലേക്കാണ് നയിക്കുന്നതെന്നോര്‍ക്കണം.

തോന്നിവാസങ്ങള്‍ ഫാഷനാവുന്ന കാലമാണിത്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ ഗ്യാലറിയില്‍ നോക്കിനില്‍ക്കെ പൂര്‍ണ്ണനഗ്‌നനായി ഒരാരാധകന്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇത്തിരിവിസ്മയത്തോടെ വീക്ഷിച്ച നമുക്ക്  ഇന്ന് അതൊന്നും വലിയ സംഭവമേയില്ല. നഗ്നരായി ഫോട്ടോയ്ക്ക് പോസ്‌ചെയ്ത് കോടികള്‍വാങ്ങുന്ന നടികളുടെ വാര്‍ത്തകള്‍വരെ ഓരോ ദിനവും നമ്മുടെപേജുകളിലെ അപ്രധാനവാര്‍ത്തയാകുമ്പോള്‍ മറഡോണയുടെ ഭ്രാന്തുപോലും ചില്ലറക്കാര്യം മാത്രമായിരിക്കാം.
പാശ്ചാത്യ സംസ്‌ക്കാരത്തെ വാരിപുണരാന്‍ വല്ലാതെ വെമ്പല്‍ക്കൊള്ളുന്ന നമ്മുടെ പുതുതലമുറകള്‍ക്ക് മറഡോണമാര്‍ കാണിച്ചുകൊടുക്കുന്നതിനെ ഏറെപേടിക്കേണ്ടിയിരിക്കുന്നു. പാരമ്പര്യ വേഷമണിഞ്ഞ് ആഡംബരങ്ങളില്ലാതെ അന്തസായി ജീവിക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് പഴഞ്ചന്മാരാണ്. തലയില്‍ ചായംതേച്ച് വ്യത്യസ്തരീതിയില്‍ മുടിവെട്ടിയെടുക്കുന്നതാണ് ഇന്നത്തെ ഫാഷന്‍. മറഡോണയുടെ അതേ രീതിയില്‍ പലരുമിന്ന് ഒറ്റക്കാതില്‍ കമ്മല്‍ ചാര്‍ത്തുന്നു. ഏറ്റവും ചെറിയ വസ്ത്രം ധരിക്കലാണ് സൗന്ദര്യമെന്ന് വിദേശികള്‍ കാട്ടിത്തരുമ്പോള്‍ മലയാളക്കരയിലെ പെണ്‍പിള്ളേരുപോലും അങ്ങാടിയിലെ വായനോട്ടക്കാര്‍ക്ക് കാഴ്ച്ചവസ്തുവാകുന്നു. കാഷ്യലും ഒഫീഷ്യലുമാവേണ്ട ത്രി ബൈ ഫോര്‍ മതി ഏതുവേദിയിലേക്കും കടന്നുചെല്ലാനെന്ന് യുവത്വം തീരുമാനിച്ചിരിക്കുന്നു. അങ്ങനെ അങ്ങനെ പാശ്ചാത്യന്റെ ഓരോ ചുവടുവെപ്പിനേയും അനുകരിച്ചുക്കൊണ്ട് ഫാഷനില്‍ ഭ്രമിക്കുന്ന തലമുറയോട് മറഡോണ ഫാഷന്റെ പുതിയ നിര്‍വ്വചനം പഠിപ്പിക്കുമ്പോള്‍ ഇന്നിന്റെ യുവത്വത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്നത് ലളിതമായ ഉത്തരമാവുന്നു.
ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം വിശ്വമേളയില്‍ മാറ്റുരയ്ക്കാന്‍ ഇതുവരെ വളര്‍ന്നിട്ടില്ല അതുക്കൊണ്ടുതന്നെ ബ്രസിലും അര്‍ജ്ജന്റിനയും ഫ്രാന്‍സുമൊക്കെയാണ് ഇവിടുത്തെ ആരാധകരുടെ ഫേവറിറ്റ്. മഞ്ഞപ്പടയുടെ ചിത്രങ്ങള്‍ക്കൊണ്ടും ലയണല്‍മെസ്സിയുടെ ഡ്രിബ്ലിംഗ് കൊണ്ടും നമ്മുടെ ചുമരുകള്‍ നിറഞ്ഞു കഴിഞ്ഞു. ബ്രസില്‍ അര്‍ജ്ജന്റിന പോരാട്ടത്തിനിവിടെ ഒരു ഇന്ത്യാ പാക്ക് ക്രിക്കറ്റ് മത്സരത്തിന്റെ വീറും വാശിയുമുണ്ട്. അതുക്കൊണ്ട് ലയണല്‍ മെസ്സിയും കക്കയുമൊക്കെയായി നമ്മുടെ യുവത്വം മാറിക്കഴിഞ്ഞു. അവരുടെ വേഷവും ഭാവവുമൊക്കെയാണ് നമ്മുടെ ചെറുപ്പക്കാര്‍ക്കിപ്പോള്‍. ഇനി പേടിക്കേണ്ടത് ആഫ്രിക്കയുടെ കരുത്ത് നിറഞ്ഞ മണ്ണില്‍ എങ്ങനെയെങ്കിലും അര്‍ജ്ജനിക്കാര്‍ ജയിച്ചുപ്പോയാല്‍  നാട്ടിന്‍പുറത്തൂടെ നമ്മുടെ യുവത്വവും ചിലപ്പോള്‍ മറഡോണയെ അനുകരിച്ച് ഓടുന്നത് കാണേണ്ടിവരുമെന്നതിനെക്കുറിച്ചാണ്. അതുക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നു. ദൈവമേ, നീ അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......

പത്താന്‍ വന്ന നേരം.....

പത്താന്‍ വന്ന നേരം.....


എബി കുട്ടിയാനം, ഖയ്യും മാന്യ

അതൊരു വല്ലാത്ത നിമിഷമായിരുന്നു....
2003ല്‍ ദാദയും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതിന് ശേഷം, ക്രിക്കറ്റിനെ സംബന്ധിച്ചതെന്തും ഈ രാജ്യത്ത് വലിയ വാര്‍ത്തകളായി മാറി ആയിടെയാണ് പാക്കിസ്ഥാനില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ബറോഡക്കാരന്‍ ഇര്‍ഫാന്റെ പ്രകടനത്തെ രാജ്യം അല്‍ഭുതത്തോടെയാണ് കണ്ടുനിന്നത്....സച്ചിനെ മാത്രം പൂജിച്ച ക്രിക്കറ്റ് ദേവാലയങ്ങളില്‍ അവര്‍ ഇര്‍ഫാനുവേണ്ടി പ്രാര്‍ത്ഥനയജ്ഞങ്ങള്‍ നടത്തി....ഒരൊറ്റ ദിവസംകൊണ്ട് ഇന്ത്യയുടെ രാജകുമാരനായി മാറുകയായിരുന്നു പത്താന്‍....ബറോഡ തെരുവിലെ പള്ളി പരിപാലകന്റെ വീട്ടില്‍ നിന്നുള്ള സ്വപ്നസമാനമായ ആ വളര്‍ച്ചയെപറ്റി കഥകളും കെട്ടുകഥകളും പ്രചരിച്ചു....അവിടെയൊക്കെ പരമകാരുണികനായ അള്ളാഹുവിന് നന്ദി പറഞ്ഞ് ഇര്‍ഫാന്‍ വിനയാന്വിതനായി....
പിന്നെ എല്ലാം ചരിത്രം,, ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തില്‍ കപില്‍ദേവിന് ശേഷം തികഞ്ഞ ഒരു ഓള്‍ റൗണ്ടര്‍ ജനിക്കുന്നു...
ആസ്‌ത്രേലിയയില്‍ നടക്കുന്ന വി.ബി.സീരിസ്...ഇന്ത്യന്‍ ബൗളര്‍ക്ക് പരിചിതമല്ലാത്ത വേഗമേറിയ പിച്ചുകളില്‍ ഇന്‍ഫാന്‍ പഠാന്‍ എന്ന പത്തൊമ്പതുകാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നു...ലോകക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ സാക്ഷാന്‍ ആഡം ഗില്‍ക്രിസ്റ്റാണ് ക്രീസില്‍....പതിവുശൈലിയില്‍ ഗില്‍ക്രിസ്റ്റ് തകര്‍ത്തടിച്ച് തുടങ്ങുന്നു....ആ സമയത്താണ് ക്യാപ്റ്റന്‍ പത്താനെ പന്തേല്‍പ്പിക്കുന്നത്...ലക്ഷ്യം തെറ്റാത്ത ഒരു യോര്‍ക്കര്‍, ഗില്‍ക്രിസ്റ്റിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കാന്‍ അത് ധാരാളമായിരുന്നു.....സംഭവിച്ചതെന്തന്നറിയാതെ ഗില്‍ക്രിസ്റ്റ് തിരിഞ്ഞുനോക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു....ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു, ഓ, പഠാന്‍....സ്വിംഗ് ബോളുകളുടെ കാമുകന്‍.....
ബൗളിങ്ങിന്റെ താളം കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത വസീം അക്രം എന്ന ഇതിഹാസതാരമായിരുന്നു പത്താന്റെ മനസ്സില്‍ നിറയെ...വി.ബി സീരിസിനിടെ ഗ്യാലറിയിലിരുന്ന് പത്താന്റെ കളി കണ്ട അക്രം നേരിട്ട് വന്ന് പത്താന് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കളിയെ വികാരമായി കൊണ്ടു നടക്കുന്ന നാട്ടില്‍ അത് വലിയ വിവാദമായി....പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ അക്രത്തെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചു. ശത്രുവിന് ബൗളിംഗ് രഹസ്യങ്ങള്‍ പറഞ്ഞ് കൊടുക്കരുതെന്ന് മുന്‍താരങ്ങള്‍ അക്രത്തോട് ആവശ്യപ്പെട്ടു. കാരണം, ഇന്ത്യയുടെ അടുത്ത പരമ്പര പാക്കിസ്ഥാനുമായാണ്, അതും അവരുടെ മണ്ണില്‍. ആവേശം നിറഞ്ഞ ആ പോരാട്ടത്തിലേക്കായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയത്രയും....
മൂന്നാം ഏകദിനത്തിലായിരുന്നു പത്താന്‍ കളിക്കാനിറങ്ങിയത്...വിജയം കൊണ്ടുവന്ന മൂന്നു വിക്കറ്റുകള്‍ പത്താനെ വീണ്ടും വീരനായകനാക്കി. അതില്‍ മുഹമ്മദ് യൂസഫിനെ കുരുക്കിയ സ്വിംഗ് ബോളായിരുന്നു ശ്രദ്ധേയം.....തൊട്ടടുത്ത രണ്ട് മത്സരത്തിലും മുഹമ്മദ് യൂസുഫെന്ന സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാന്‍ പത്താന്റെ കൃത്യതക്കുമുന്നില്‍ പരാജയപ്പെടുന്നു...പ്രിയപ്പെട്ട ശുഐബ് അക്തര്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്  ചുണക്കുട്ടികള്‍...ഇന്ത്യന്‍ ആരാധകര്‍ ആരവങ്ങളിലേക്ക്....പരമ്പരവിജയത്തോളം പത്താന്റെ പേരും, ഇന്ത്യന്‍ ക്രിക്കറ്റ് പുസ്തകത്തില്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു....
2005- സിംബാബ്‌വെ പര്യടനം....ബുലുവായോയിലെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്, രണ്ടാമത്തേതില്‍ നാല്, ഹരാരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമായ 69ന് ഏഴ്, രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്,....മൊത്തം 21 വിക്കറ്റ്,...രണ്ട് ടെസ്റ്റ് മാത്രമുള്ള പരമ്പരയില്‍ ഇത്രയും വിക്കറ്റുകള്‍ ഇതിന് മുമ്പ് വീഴ്ത്തിയിട്ടുള്ളവര്‍ 1989ല്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ ബ്രിഗ്ഡും 1999ല്‍ ഇന്ത്യയുടെ അനില്‍കുമ്പളയും മാത്രമാണ്.
2006-ല്‍ പാക്കിസ്ഥാനെതിരായ പരമ്പയിലെ രണ്ടാം ടെസ്റ്റ്...ന്യൂബോളുമായി പത്താന്‍....ആദ്യ ഓവറിലെ നാലാം പന്ത്...ഓപ്പണര്‍ സല്‍മാന്‍ ഭട്ട് പുറത്ത്...തൊട്ടടുത്ത പന്തില്‍ ക്രീസിലെത്തിയ ഇമ്രാന്‍ ഫര്‍ഹത്തിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, അവസാന പന്തില്‍ മുഹമ്മദ് യൂസുഫും....പാക്കിസ്ഥാന്‍ പൂജ്യത്തിന് മൂന്ന്...ആദ്യ ഓവറില്‍ പത്താന് ഹാട്രിക്ക്....കമാന്ററി ബോക്‌സ് ഒരു നിമിഷത്തേക്ക് വാക്കുകള്‍ കിട്ടാതെ നിശബ്ദമായി....വിശ്വസിക്കാനാവാതെ പാക്കിസ്ഥാന്‍ താരങ്ങള്‍ സ്തംഭിച്ചു നിന്നു....പത്താന്‍ പതിവുപോലെ വായുവിലേക്ക് ഉയര്‍ന്നുചാടി...തകര്‍ക്കപ്പെടാന്‍ വിരളമായ സാധ്യതയുള്ള റെക്കോര്‍ഡ് അന്ന് പത്താന്റെ പേരില്‍ കുറിക്കപ്പെട്ടു....
    000               000           000
ക്രിക്കറ്റും എഴുത്തും ഒരുപോലെ ആവശമായപ്പോള്‍ കണ്ണിമ ചിമ്മാതെ പത്താന്റെ പ്രകടനങ്ങള്‍ കണ്ടുനിന്ന നാളുകള്‍...പത്താന്റെ വിസ്മയിപ്പിക്കുന്ന വളര്‍ച്ചയുടെ വഴികളിലെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മനപാഠമാണ്....ബാറ്റ് കൊണ്ടും പന്തുകൊണ്ടും അവന്‍ പിന്നെയും സ്വയം തെളിയിച്ചുകൊണ്ടിരുന്നു....ടീം ഇലവനില്‍ ഒരു സ്ഥാനം, പത്താനുവേണ്ടി ഒഴിഞ്ഞിടാന്‍ തുടങ്ങി....പിന്നെ എപ്പഴോ, ആ ബൗളിംഗിന്റെ വേഗം കുറഞ്ഞു....സ്വിംഗിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു....ആ പ്രതിഭയ്ക്ക് ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഫുള്‍സ്റ്റോപ്പിടാന്‍ തുടങ്ങുമ്പോഴേക്കും, എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് പത്താന്‍ തിരിച്ചുവരിക തന്നെ ചെയ്തു. ഇന്‍ സ്വിംഗറുകളുടെ പഴയ സ്വാഭാവികത, സ്വിംഗ് ബൗളിംഗിന്റെ മായാജാലം....ആ വസന്തകാലം ക്രിക്കറ്റിലേക്ക് പിന്നെയും വിരുന്നെത്തുകയായിരുന്നു....അപ്പോഴും അമിതാവേശമില്ലാത്ത പഠാന്റെ വ്യക്തിത്വം വേറിട്ടു നിന്നു...
അതെ, പത്താന്‍ മിനിസ്‌ക്രീനിലെ കാഴ്ചക്കണ്ട് കോറിയിട്ട പഴയൊരു ഫീച്ചറിലെ നായകന്‍....നാട്ടിലെ സ്വപ്ന പുരുഷന്‍....ഇതാ,  തൊട്ടടുത്ത്, തൊടാവുന്ന ദൂരത്ത്, ഈ നിമിഷത്തെ എങ്ങനെയാണ് വിവരിക്കേണ്ടത്.....
വിന്‍ടെച്ചിന്റെ ബ്രാന്റ് അംബാസഡാറിയ ഇര്‍ഫാന്‍ പത്താന്‍ കാസര്‍കോട്ടെത്തുന്നുവെന്ന് കേട്ടപ്പോഴേ കാണാന്‍ മനസ്സൊരുങ്ങിനിന്നതാണ്.....അതിന്റെ തലേദിവസമാണ് എ.കെ.എം.അഷറഫിന്റെ കോള്‍, നമുക്കൊന്ന് പത്താനെ ഇന്റര്‍വ്യു ചെയ്താലെന്താ....പത്താനെ എങ്ങനെ ഒന്നു തരപ്പെടുത്തുമെന്നു കരുതി വേവലാതിയോടെ ഇരുന്നിരുന്ന മനസ്സിനെ വല്ലാതെ ത്രസിപ്പിക്കുന്നതായിരുന്നു അഷറഫിന്റെ കോള്‍...ആ ത്രില്ലിംഗ് മുമെന്റ്‌സിനുവേണ്ടി റഫീഖ് കേളോട്ടും ഉബൈദ് ഗോസാഡയും ഞങ്ങളും രാവിലെ തന്നെ ഉപ്പളയിലെത്തി....
വ്യവസായ പ്രമുഖ് ലത്തീഫ് ഉപ്പളഗേറ്റിന്റെ വീട്ടിലേക്ക് ജനങ്ങള്‍ ഒഴുകി തുടങ്ങിയിരുന്നു...തിരക്കുകള്‍ക്കിടയിലും നിറഞ്ഞമനസ്സോടെ ലത്തീഫിച്ച ഞങ്ങളെ വരവേറ്റു...ആകാംക്ഷയോടെ തുറന്നുപിടിച്ച കണ്ണുകളെല്ലാം പത്താനെ തേടുകയായിരുന്നു.....മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്....മഞ്ചേശ്വരം കഴിഞ്ഞു....കൂടിയിരിക്കുന്നവരുടെ ചര്‍ച്ചകളെല്ലാം പത്താന്‍ മാത്രം....
ഒടുവില്‍ ഹോണ്‍ മുഴക്കിയെത്തിയ മെറൂണ്‍ നിറത്തിലുള്ള ബി.എം.ഡബ്ല്യു കാര്‍ മുറ്റത്ത് വന്നുനിന്നു....കറുത്ത ടീ ഷര്‍ട്ടിട്ട ബോഡി ഗാര്‍ഡുകള്‍ കാറില്‍ നിന്നും പുറത്തിറങ്ങി...ലത്തീഫിച്ച ബൊക്കെയുമായി കാറിനരികിലേക്ക്....വെള്ള പോളോ ടീ ഷര്‍ട്ടും കടും നീല ജീന്‍സുമണിഞ്ഞ് പുഞ്ചിരിയോട പത്താന്‍ കാറില്‍ നിന്നിറങ്ങി...മൊബൈല്‍ ക്യാമറകളും ഫ്‌ളാഷുകളും തുരുതുര മിന്നി...കാസര്‍കോടന്‍ ജനത കാത്തുനിന്ന താരം, ഈ മണ്ണ് തൊട്ടിരിക്കുന്നു...നോക്കിനിന്ന ജനകൂട്ടത്തെ സ്‌നേഹംകൊണ്ട് അഭിവാദ്യം ചെയ്ത് പത്താന്‍ വീട്ടിനകത്തേക്ക്....റഫീഖ് ആ നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി....
ളുഹര്‍ ബാങ്കിന്റെ ധന്യതയില്‍, അന്തരീക്ഷം ഭക്തിസാന്ദ്രമായി....തന്നെ സ്വീകരിക്കാനെത്തിയവര്‍ക്കൊക്കെ കൈകൊടുക്കുന്നതിനിടയിലും പത്താന്‍ നമസ്‌ക്കരിക്കാനുള്ള തിരക്കിലായിരുന്നു....പിന്നെ ഒട്ടും വൈകാതെ പ്രാര്‍ത്ഥന മുറിയിലേക്ക്....പ്രശസ്തിയുടെ ഔന്നിത്യത്തിലും പത്താന്റെ എളിമയും ഭക്തിയും ഞങ്ങളെ പിന്നെയും വിസ്മയിപ്പിച്ചു...അകലെനിന്നു മാത്രം നോക്കികണ്ട പത്താന്‍ അരികിലെത്തിയപ്പോള്‍ അറിഞ്ഞതിലുമധികം അല്‍ഭുതപ്പെടുത്തുകയാണല്ലോ!!!!
സ്‌പോര്‍ട്‌സ് പേജുകളില്‍  നിന്നും പത്താന്റെ പഠം വെട്ടിയെടുത്ത് ചുമരില്‍ ഒട്ടിച്ചുവെച്ചത്....ഗ്രൗണ്ടില്‍ പത്താന്റെ പന്ത് പ്രഹരിക്കപ്പെടുമ്പോഴൊക്കെ മനസ്സ് നൊന്തത്...ഒരു സ്വാര്‍ത്ഥതയോടെയാണ് പത്താന്റെ കളി ആസ്വദിച്ചിരുന്നത്....കാരണം, ഞങ്ങളുടെ തലമുറക്ക് മുന്നിലാണ് അവന്‍ കളിച്ചുവളര്‍ന്നത്....അവന്‍ വിക്കറ്റ് നേടുമ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഒരു പക്ഷേ ഞങ്ങള്‍ തന്നെയായിരിക്കും....
ഉച്ചഭക്ഷണത്തിനുമുമ്പ് ചെറിയൊരിടവേള അതായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ സമയം, പത്താന്‍ സ്വീകരണ മുറിയിലെ സോഫയിലിരിക്കുന്നു, ആദ്യം ചെന്നു കൈകൊടുത്തു....അതിനിടയില്‍ മഞ്ചേശ്വരം എസ്.ഐ രാജേഷ് മംഗലത്ത് കയറി വരുന്നു, വന്നപാടെ പത്താന്റടുത്തിരുന്ന് ഒരു ഫോട്ടോ പോസ്, പത്താനെ തൊട്ടതിന്റെ ത്രില്‍ കാക്കിയുടെ ഗൗരവത്തിനിടയിലും എസ്.ഐയുടെ മുഖത്തുണ്ടായിരുന്നു, എടാ, ആ ഫോട്ടോ ഒന്ന് എനിക്ക് മെയില്‍ ചെയ്തു തരണം പഴയ ബന്ധത്തിന്റെ ആധികാരികതയില്‍ എസ്.ഐ ഒരു മൂന്നു വട്ടമെങ്കിലും ഓര്‍മ്മിപ്പിച്ചു....വീണ്ടും ഞങ്ങളും പത്താനും മാത്രമാകുന്നു....
പത്താന്‍ താങ്കളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അറിയാത്തതായി എന്താണുള്ളത്, എങ്കിലും ഒരു നൂറ് ചോദ്യങ്ങള്‍ കരുതികൂട്ടി വെച്ച മനസ്സ് അന്നേരം ശൂന്യമായി... ചുറ്റും കൂടിനിന്ന സുരക്ഷ ഭടന്മാരും ജനലിനപ്പുറത്ത് നാട്ടുകാരും തെല്ല് അസൂയയോടെ നോക്കി നില്‍ക്കുകയാണ്....
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്....ഇതിനുവേണ്ടി ഞാന്‍ ഒരു പാട് പ്രാര്‍ത്ഥിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തുവെന്ന് പത്താന്‍....ബറോഡയില ഒരു മുറിമാത്രമുള്ള കൊച്ചുവീട്ടുമുറ്റത്ത് ജേഷ്ഠന്‍ യൂസഫിനോടൊത്ത് പന്തെറിഞ്ഞു നടന്ന കാലം മുതലുള്ള വലിയ സ്വപ്‌നമായിരുന്നു അത്...പരിക്കായിരുന്നു കരിയറില്‍ പലപ്പോഴും വില്ലന്‍ വേഷം കെട്ടിയത്....ഒരു ബൗളറുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കുന്ന ഈ പ്രതിസന്ധികളെ നേരിടണമെങ്കില്‍ ആത്മവിശ്വാസവും മനോദൈര്യവും കാത്തുസൂക്ഷിക്കുക തന്നെ വേണം...
2007-ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ നാലു വിക്കറ്റുകള്‍ നേടി അവിശ്വസനീമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച പത്താന്‍...കലാശകളിയിലെ കേമന്‍ ആരായിരിക്കുമെന്ന് രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചപ്പോള്‍ ഇര്‍ഫാന്‍ പത്താന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നു....ബറോഡക്കാര്‍ക്ക് ആ ദിവസം ക്രിക്കറ്റിന്റെ ഓര്‍മ്മപ്പെരുന്നാളായി....നേരിട്ട ആദ്യ പന്ത് തന്നെ ഗ്യാലറിയിലെത്തിച്ച യൂസഫും അന്ന് ടീമിലുണ്ടായിരുന്നല്ലോ....
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യുടെ അശ്വമേധം കുറിക്കപ്പെടുമ്പോള്‍ വിങ്ങുന്ന മനസ്സുമായി ടിവി സ്‌ക്രീനിനു മുന്നില്‍ കളികാണുകയായിരുന്നു അനുജന്‍ പത്താന്‍....അത് ജീവിതത്തിലെ മറക്കാനാവാത്ത നഷ്ടമായിരുന്നുവെന്ന് പത്താന്‍ പറഞ്ഞു....അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ് ഈ മടങ്ങിവരവും തന്റെ ജീവിതാഭിലാഷവും....തന്റെ കരിയറില്‍ ഒരുവട്ടമെങ്കിലും ഞാന്‍ ആ ലോകകപ്പ് തൊടു ഇന്‍ഷാ അള്ളാ....
ഞാനും യൂസുഫും ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്...യൂസഫ് ചെറുപ്പത്തിലെ കുറ്റനടികളുടെ തമ്പുരാനായിരുന്നു...എന്റെ കണ്‍ കണ്ട ഹിറോ അവനായിരുന്നു....യൂസഫിന് പന്തുകളെറിഞ്ഞാണ് ഞാനെന്റെ ബൗളിംഗ് പാകപ്പെടുത്തിയത്....എത്ര മികച്ച ലൈനില്‍ എറിഞ്ഞാലും പന്ത് അതിര്‍ത്തി കടത്തുമ്പോഴാണ് , ഞാന്‍ ബൗളിംഗില്‍ സ്വിംഗുകളുടെ സാന്നിധ്യം കൊണ്ടുവരാന്‍ ശ്രമിച്ചത്....വസിം അക്രമായിരുന്നു ആദ്യനാളില്‍ എന്റെ മാനസഗുരു....പന്തിനെ വായുവില്‍ നൃത്തം ചെയ്യിക്കുന്ന റിവേഴ്‌സിങ്ങായിരുന്നു സ്പനം....യൂസഫുമൊന്നിച്ച് ഒരേ ടീമില്‍ കളിക്കുമ്പോള്‍ ആ കെമിസ്ട്രി മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നുവെന്നും പത്താന്‍ പറഞ്ഞു....
രാജ്യത്തെ മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും സുന്ദരനായ ഈ ചെറുപ്പക്കാരന്റെ പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടത്തുന്നു...പക്ഷെ, ആ ചോദ്യത്തിന്റെ ബൗണ്‍സിംഗിന് മുന്നില്‍ പത്താന്‍ കരുതലോടെ ഒഴിഞ്ഞുമാറി...നനുത്ത ആ ചിരിയില്‍ നിന്ന് എങ്ങനെ ഉത്തരം നിര്‍വ്വചിച്ചെഴുതണമന്നറിയാത്ത ആശങ്കയിലാണിപ്പോള്‍ ഞങ്ങള്‍....
കൊച്ചിയില്‍ മുമ്പ് കളിക്കാന്‍ വന്നിരുന്നെങ്കിലും കാസര്‍കോടിനെ കുറിച്ച് കേള്‍ക്കുന്നത് ആദ്യമാണ്, പക്ഷെ, ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹം തന്റെ ഹൃദയം തൊട്ടുവെന്ന് പത്താന്‍....മംഗലാപുരം വിമാനതാവളത്തില്‍ ഇറങ്ങുമ്പോഴും ഇവിടേക്കുള്ള യാത്രയിലും വഴിയരികില്‍ കാത്തുനിന്ന ജനകൂട്ടം...ഈ നാട്ടില്‍ ക്രിക്കറ്റ് അതിരുകളില്ലാത്ത ദേശീയതയാണെന്ന് പത്താന്‍ ഓര്‍മ്മിപ്പിക്കുന്നു...
കൂടി നിന്നവര്‍ തിരക്കുകൂട്ടുകയാണ് രാഷ്ട്രീയ-വ്യവസായ രംഗത്തെ പ്രമുഖരൊക്കെ പത്താനെ ഒന്നടുത്ത് കിട്ടാന്‍ വേണ്ടി കാത്തുനില്‍ക്കുന്നു....ഇതിനിടയില്‍ സെക്കന്റുകള്‍ മാത്രം നീളുന്ന ഒരു ഫോട്ടോ സെഷന്‍....
തിരക്കുകളിലേക്ക് അലിഞ്ഞുചേരുമ്പോള്‍ ഇനിയും ഇവിടെക്ക് തിരിച്ചെത്തുമെന്നും അന്നേരം കൂടുതല്‍ സംസാരിക്കാമെന്നും വാക്ക് തന്ന് പത്താന്‍ പിന്നെയും വിസ്മയിപ്പിച്ചു...ഒരൊറ്റ് ഐ.പി.എല്‍ മത്സരം കളിച്ചവര്‍ പോലും അഹങ്കാരത്തിന്റെ ആള്‍ രൂപമായി മാറുന്ന രാജ്യത്ത്, അന്താരാഷ്ട്ര തലത്തില്‍ ഹാട്രിക്കടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പത്താന്‍ വല്ലാത്ത സിംബിളാണെന്നറിഞ്ഞപ്പോള്‍  പത്താനെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ് മാറിപ്പോയത്....
പാ മെഡോസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരും...അവിടെ ഇര്‍ഫാന്‍ പത്താന്‍ മാത്രമല്ല സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ കളിക്കാനെത്തും...ലോകത്തിന്റെ മുന്നില്‍ കാസര്‍കോട് തലഉയര്‍ത്തി നില്‍ക്കുന്ന ഒരു നാള്‍ വരും...വികസനത്തിന്റെ നല്ല നാളെകള്‍ സൃഷ്ടിക്കാനുള്ള സ്വപ്നം ലത്തീഫിച്ച ഞങ്ങളോട് പങ്കുവെച്ചു....

ഗാസ നൊമ്പരമാണ് നീ.....

ഗാസ നൊമ്പരമാണ് നീ.....

എബി കുട്ടിയാനം

മോനെ...നിന്റെ  നിലവിളിയില്‍ ഹൃദയമാണ് തകര്‍ന്നു പോകുന്നത്...എന്തിനാ ഡാ, എട്ടും പൊട്ടു തിരിയാത്ത നിന്നോട് അവര്‍ ഈ ക്രൂരത ചെയ്യുന്നത്...എന്തിനാ, ഡാ നിന്റെ കുഞ്ഞുമേനിയില്‍ അവര്‍ പിന്നെയും പിന്നെയും ബോംബിട്ടു കളിക്കുന്നത്....തകര്‍ന്ന കാലും ചിന്നിചിതറിയ ശരീരവുമായി നീ വീണ് പിടയുന്ന ആ രംഗം കരയിപ്പിക്കുന്നു ഞങ്ങളെ...
കാരക്കയും ഒരു ഗ്ലാസ് പച്ചവെള്ളവുമായി നോമ്പുതുറക്കാന്‍ ബാങ്ക് വിളി കാത്തിരിക്കുന്ന നിന്റെ തലയിലേക്ക് ബയണറ്റുകളുടെ തീയുണ്ടയാണ് വന്നു വീഴുന്നത്...നോമ്പു നോറ്റ ക്ഷീണത്തില്‍ ഒന്നുറക്കെ കരയാന്‍പോലും  സാവകാശമില്ലാതെ കത്തിചാമ്പലാവുന്ന കുഞ്ഞുമക്കള്‍...ഒരു മനുഷ്യജീവിതത്തില്‍ കാണേണ്ടിവരുന്ന ഏറ്റവും സങ്കടകരമായ  കാഴ്ച പൊന്നുമക്കളുടെ മരണമല്ലാതെ മറ്റെന്താണ്(?)  യാ, അള്ളാ,  കഴിഞ്ഞ ദിവസംവരെ കളിച്ചുനടന്ന കുഞ്ഞുമക്കളുടെ ചേതനയറ്റ ശരീരം മുന്നില്‍ കിടത്തിയിട്ട് ജനാസ നിസ്‌ക്കരിക്കുന്ന ഉപ്പമാരുടെ മുഖം കരളലയിപ്പിക്കുകയാണ്.
ലോകം പെരുന്നാളിനെ കാത്തിരിക്കുമ്പോള്‍, പുണ്യറമസാന്റെ  വിശുദ്ധിയില്‍ അലിഞ്ഞമരുമ്പോള്‍ യാ, അള്ളാ എന്തൊരവസ്ഥയാണ് ഫലസ്തീനിലെ മക്കളുടേത്...പരിക്കേറ്റവരെ ഉള്‍ക്കൊള്ളാന്‍ പോലുമാവാതെ ആസ്പത്രികള്‍ നിറഞ്ഞുകവിയുന്നു...
എന്റെ കുഞ്ഞുമോനെ...നോമ്പ് തുറന്ന് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് ഞങ്ങളിവിടെ സുഖമായി കിടന്നുറങ്ങുമ്പോള്‍ നീ നിന്റെ വീട്ടിനുള്ളില്‍ ഏതുനേരവും വന്നു വീഴുന്ന ബോംബിനെ പേടിച്ച് മരണഭയത്തോടെ കഴിയുകയാണല്ലോ(!) ഞങ്ങള്‍ നാളെയെക്കുറിച്ച്  സ്വപ്നം കാണുമ്പോള്‍ നീ ഇന്നില്‍ പോലും ജീവിക്കാനാവാതെ ഭയന്നുവിറക്കുന്നു...ഞങ്ങള്‍ ഫുട്‌ബോള്‍  കണ്ട് മതിമറക്കുന്ന നിമിഷത്തില്‍ നിന്റെ മുന്നിലേക്ക് വന്ന  ഗോളുകള്‍ക്ക് കത്തിയെരിയുന്ന അഗ്‌നിയുടെ കനമായിരുന്നു...ഞങ്ങള്‍ ഇവിടെ ലയണല്‍ മെസിയുടേയും  സമി ഖദേരയുടെയും കളി മികവിന് കയ്യടിക്കുമ്പോള്‍ നിന്റെ വീടിനുള്ളില്‍ കൂട്ടകരച്ചിലിന്റെ  ആര്‍ത്തനാദമായിരിക്കും...എന്റെ അനുജന്‍ ടൈ കെട്ടി സ്‌കൂള്‍ ബസിനെ കാത്തിരിക്കുമ്പോള്‍ നീ നിന്റെ ഉമ്മയുടെ നെഞ്ചില്‍  ഒട്ടിപ്പിടിച്ച് ബോംബിനെ പേടിച്ച് ഓടുകയായിരുന്നല്ലോ...നിന്റെ  മുന്നിലെ അക്ഷരങ്ങള്‍ക്കുപോലും മരണത്തിന്റെ മണമാണ്...ഞങ്ങള്‍ ഞങ്ങളുടെ മൊഞ്ചുള്ള വീടിനെ ഒന്നുകൂടി അഴകുള്ളതാക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ നിന്റെ കൂരകള്‍ ബോംബ് വീണ് കത്തിചാമ്പലാവുകയായിരുന്നു...കരഞ്ഞുകരഞ്ഞു തളര്‍ന്ന നിന്റെ നിലവിളിപോലെ  തന്നെ നിന്റെ വീടുകളും തകര്‍ന്ന്  തരിപ്പണമായി കിടക്കുന്നു...ഞങ്ങള്‍ പെരുന്നാളിന്റെ കുപ്പായങ്ങളെക്കുറിച്ച് സ്വപ്നം മെയ്യുമ്പോള്‍ നിനക്ക് വേണ്ടി  മൂന്ന് തുണ്ടം തുണി വാങ്ങാനുള്ള ഓട്ടത്തിലായിരിക്കും നിന്റെ  പിതാവ്...ഞങ്ങളുടെ മാര്‍ക്കറ്റില്‍ ഈദ് സ്‌പെഷ്യല്‍ ജീന്‍സും കുര്‍ത്തയും പൊടിപൊടിച്ച കച്ചവടമായി മാറുമ്പോള്‍ നിന്റെ  നാട്ടില്‍ ഇന്ന് ഏറ്റവും വില്‍ക്കപ്പെടുന്നത് മയ്യിത്ത്  കുപ്പായമാണല്ലോ(?)
രാത്രിയുടെ  ബോംബ് അക്രമണം പേടിച്ച് നീ പകലുറങ്ങുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്...പ്രിയപ്പെട്ട കൂട്ടുകാര...മരണം തലക്കുമീതെ നില്‍ക്കുമ്പോള്‍ നിന്റെ  പകലുറക്കത്തിന്റെ സുഖം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്...
ചോരകൊണ്ട് ആറാട്ടു നടത്തിയിട്ടും മതിവരാത്ത പിശാചുക്കള്‍ പിന്നെയും  പറയുന്നു. യുദ്ധം തുടങ്ങിയതേയുള്ളു, ഉടന്‍  തന്നെ കരയുദ്ധം ശക്തമാക്കും....ദൈവമേ, നിരായുധരായ പാവങ്ങള്‍ക്കുമുന്നില്‍ സര്‍വ്വസന്നാഹങ്ങളുമായി അഴിഞ്ഞാടുന്ന  ക്രൂരതയെ എങ്ങനെയാണ് യുദ്ധമെന്ന് വിളക്കാന്‍ കഴിയുക(?) ചരിത്രം ക്രൂരന്മാര്‍ എന്നു  രേഖപ്പെടുത്തിയവര്‍ പോലും കുഞ്ഞുങ്ങള്‍ക്കുനേരെ  കടന്നാക്രമണം നടത്തിയിട്ടില്ലല്ലോ!!
വര്‍ഗ്ഗീയത ഉളക്കിവിട്ട് വിദ്വേഷം പരത്താന്‍  മാത്രം നിലകൊള്ളുന്ന ചാനലുകാരന്‍ മറച്ചുവെക്കുന്ന ഓരോ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ മുന്നിലെത്തുമ്പോള്‍ ഇസ്‌റായിലിന്റെ ഭീകരതയാണ് തിരിച്ചറിയുന്നത്. യുദ്ധഭൂമിയില്‍പോലും കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കണമെന്നാണ് ലോക നീതി, പക്ഷെ, എന്നിട്ടും അവര്‍ കുഞ്ഞുങ്ങളെ മാത്രം തേടിപിടിച്ച് കൊല്ലുന്നു...ഒരു തലമുറയെ ഇല്ലാതാക്കാനുള്ള എളുപ്പ വഴിതേടുകയാണ് ബെഞ്ചമിന്‍ നെതന്യാഹുവും കൂട്ടാളികളും...
മാധ്യമങ്ങള്‍  ഭീകരര്‍  എന്നു പേരിട്ടു വിളിച്ച ഇറാഖ് വിമതര്‍ പോലും യുദ്ധഭൂമിയിലെ സ്ത്രീകളോട് കാണിച്ച കരുണ  ലോകമാതൃകയാവുമ്പോഴും ലോക പോലീസിന്റെ ബി ടീമിന് ഇതൊന്നും പാഠമേ ആകുന്നില്ല.
എങ്ങനെയാണ് ഒരു  മനുഷ്യനെ കൊല്ലാന്‍ കഴിയുന്നത്, അതും പിഞ്ചു കുട്ടികളെ(!!) അവര്‍ക്കും കുഞ്ഞുമക്കളില്ലെ, അവര്‍ക്കും കുസൃതി വര്‍ത്തമാനം പറയുന്ന കൊച്ചനുജന്മാരില്ലെ(?)
   000         000          000
അഡോള്‍ഫ് ഹിറ്റലറെന്ന ഏകാധിപതിയെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ആ പഴയ പ്രസ്താവനയ്ക്ക്  ലൈക്കടിക്കാന്‍ തോന്നുന്നു...
തൊണ്ണൂറു ശതമാനം ജൂതന്മാരെയും ഞാന്‍ കൊന്നു, എന്നിട്ട് പത്തു ശതമാനത്തെ ഞാന്‍ ബാക്കിവെച്ചു. അത് എന്തിനാണെന്നറിയുമോ, ഞാന്‍ എന്തിന് അവരെ കൊന്നുവെന്ന് ആ പത്തു  ശതമാനത്തിലൂടെ ലോകം തിരിച്ചറിയണം...

ലോകത്ത് എവിടെയെങ്കിലും നേരിയ ഒരു കാറ്റടിച്ചാല്‍, ഒരു പന്തുരുണ്ടാല്‍, ഉച്ചകേടി ചേരുന്ന ലോകരാഷ്ട്രങ്ങളും അറബ് തമ്പുരാക്കന്മാരും നല്ല കാഴ്ചക്കാരാണിപ്പോള്‍, മരിച്ചുവീഴുന്ന കുഞ്ഞുമക്കളുടെ ഓരോ ചിത്രത്തിനും ലൈക്കടിക്കുന്ന തിരക്കിലാണവര്‍...
ഓപ്പറേഷന്‍ പ്രൊട്ടറ്റീവ് എഡ്ജ് എന്നാണ് ഫലസ്തീന്‍ കൂട്ടകുരുതിക്ക്  ഇസ്രായീല്‍ നല്‍കിയ പേര്...കയ്യൂക്കുള്ളവന്‍ നിസഹായരായ പാവങ്ങളെ അക്രമിക്കുന്നതിനെ യുദ്ധമെന്നോ ഓപ്പറേഷനെന്നോ പറയേണ്ടതെങ്ങനെ...തോന്നിവാസം എന്നല്ലെ അതിന്റെ ലളിതമായ അര്‍ത്ഥം...
   000          000               000
നൊമ്പരങ്ങള്‍ക്കിടയിലും ചില വാര്‍ത്തകള്‍ മനസ്സിന് ആഹ്ലാദം പകരുന്നു...നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരന്മാര്‍ക്ക് എന്റെ കുപ്പായം നല്‍കില്ലെന്ന് പറഞ്ഞ കാല്‍പന്തുകളിയുടെ രാജകുമാരന്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ  വാക്കുകളില്‍ ഫല്‌സ്തീനിലെപാവങ്ങളോടുള്ള സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് നിറഞ്ഞുനില്‍ക്കുന്നത്. എന്തു മാത്രം സുന്ദരമായ  വാക്കായിരുന്നു അത്...
കളി കഴിഞ്ഞ് പിരിയുമ്പോള്‍ സൗഹാര്‍ദ്ദത്തിന്റെ ഓര്‍മ്മയ്ക്കുവേണ്ടി ജേഴ്‌സികള്‍ പരസ്പരം വെച്ചുമാറുന്നത് ഫുട്‌ബോളിലെ രീതിയാണ്. ഇസ്രായിലെ  ടെല്‍ അവീവില്‍ നടന്ന മത്സര ശേഷം കളിക്കാര്‍ പരസ്പരം  കുപ്പായം മാറുന്നതിനിടയിലായിരുന്നു റയല്‍ മാഡ്രീഡ് താരം ഫല്‌സതീന് പിന്തുണ അറിയിച്ചുകൊണ്ട് പ്രതികരിച്ചത്. മറ്റു താരങ്ങളെല്ലാം തങ്ങളുടെ ജേഴ്‌സികള്‍ കൈമാറിയപ്പോള്‍ തന്റെ ജേഴ്‌സി ആവശ്യപ്പെട്ട ഇസ്രായീല്‍ കളിക്കാരനെ അവഗണിച്ചുകൊണ്ട് റൊണാള്‍ഡോ  മൈതാനത്തിനു  പുറത്തേക്ക് നടന്നുപോയി...
ജീവിതത്തിലെ  ഏറ്റവും വലിയ സമ്പാദ്യമായ, കളിമികവുകൊണ്ട് തനിക്കു ലഭിച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിലെ സ്വര്‍ണബൂട്ട് ലേലത്തിന്  വെച്ച് അതുവഴി ലഭിച്ച 1.5  മില്ല്യന്‍ ഡോളര്‍  പലസ്തീന്‍ കുഞ്ഞുങ്ങളുടെ ചികിത്സ ചിലവ് നല്‍കിയ മനുഷ്യത്വത്തിന്റെ അംബാസഡറാണ് റൊണാള്‍ഡോ...
ലോകകപ്പില്‍ ലഭിച്ച മുഴുവന്‍ തുകയും ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുമെന്ന് ജര്‍മ്മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മഷൂദ് ഓസിലും പ്രഖ്യാപിച്ചു. ലോക കപ്പില്‍ അല്‍ഭുതം കാണിച്ച അള്‍ജീരിയന്‍  കളിക്കാരുടെ തുകയും ഫലസ്തീനിലേക്കാണ്. താരജീവിത്തിനിടയിലും കളിക്കാര്‍ക്ക് കനിവള്ളവരായി മാറാന്‍ കഴിയുമ്പോള്‍ നമ്മുടെ രാഷ്ട്രതലന്മാര്‍ക്ക് മാത്രം ഹൃദയത്തിന് കാഠിന്യം ഏറി ഏറി വരുന്നു...
  000           000            000
ഗാസയിലെ കുഞ്ഞുമോനെ നീ കരയരുത്...മരണം പോരാളികള്‍ക്ക് വിധിക്കപ്പെട്ടതാണ്...ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുന്ന ഒരു സത്യമാണത്...
മുതലാളിമാര്‍ മുഖം തിരിക്കുമ്പോഴും ലോകത്തിന്റെ മനസ്സ് നിന്റെ  കൂടെയുണ്ട്...ഈ വിശുദ്ധ ദിനരാത്രങ്ങളില്‍ ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി കേഴുന്നതിനേക്കാളേറെ നിങ്ങള്‍ക്കുവേണ്ടിയാണ് നാഥന്റെ മുന്നില്‍ കയ്യുയര്‍ത്തുന്നത്...പള്ളികളിലെ കൂട്ടുപ്രാര്‍ത്ഥനയിലും ജുമാഖുത്തുബയിലും നിങ്ങള്‍ നിറയുന്നു...ഇസ്രായിലിന്റെ ക്രൂരതയ്ക്കിടയിലും നിങ്ങള്‍ക്കുവേണ്ടി ലോകത്തിന്റെ പ്രാര്‍ത്ഥനയുണ്ടല്ലോ...അതൊരു പുണ്യമാണ്...
  000          000                     000
അധികാരത്തിന്റെ കരുത്ത്  കാണിക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് പാവം കുഞ്ഞുങ്ങളെ കൊല്ലാം...ലോക പോലീസിന്റെ കയ്യടി വാങ്ങാം...കുന്നുകൂട്ടിയ ആയുധങ്ങള്‍ തുരുമ്പിച്ചുപോവാതിരിക്കാന്‍ ഗാസയില്‍ ബോംബ് അപ്പം ചുട്ടുകളിക്കാം...പാവം കുഞ്ഞുങ്ങളുടെ ഓരോ നിലവിളിയും ഓരോ ശാപവാക്കുകളാണ്...നിങ്ങളുടെ വിലകൂടിയ ആയുധങ്ങളേക്കാള്‍ കരുത്തുണ്ടതിന്...ഏറ്റവും കൂടുതല്‍ ആളെ കൊല്ലുന്നവന്‍ വിജയിക്കുന്നുവെന്ന തലതിരിഞ്ഞ യുദ്ധതത്വത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്നുണ്ടാവാം...എങ്കിലും കാലമാണ്, സാക്ഷി, എല്ലാ അഹങ്കാരവും  ഒരു നാള്‍ തീര്‍ന്നുപോകും...ഗാസയില്‍  ഒഴുക്കിവിട്ട ചെഞ്ചോരയുടെ രോദനം അന്ന്‌നിങ്ങള്‍ തിരിച്ചറിയും...





ദൈവമേ, യുവിയെ കാത്തുകൊള്ളണേ........

ദൈവമേ, യുവിയെ കാത്തുകൊള്ളണേ........

എബി കുട്ടിയാനം

വല്ലാത്തൊരു ദു:ഖ വാര്‍ത്തയായിരുന്നു അത്. ഓരോ മനസ്സും ഞെട്ടലോടെ മാത്രമായിരുന്നു അത് ശ്രവിച്ചത്. പ്രാര്‍ത്ഥനമാത്രമാത്രമായിരുന്നു എല്ലാവരുടെയും ഉത്തരം...ഇന്ത്യയുടെ യുവതേജസ് യുവരാജ് സിംഗ് കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണെന്ന വാര്‍ത്ത കുറച്ചൊന്നുമല്ല ആളുകളെ സങ്കടപ്പെടുത്തുന്നത്. ഒരു കളിക്കാരനെന്നതിലപ്പുറം സ്വന്തം കൂടപിറപ്പിന് അസുഖം ബാധിച്ച പ്രതീതിയാണ് ഓരോ മനസ്സിനും അനുഭവപ്പെടുന്നത്. യുവിയുടെ എല്ലാ രോഗവും അതിവേഗം ഭേദമാക്കേണമേയെന്ന് രാജ്യം ഒന്നടങ്കം ഉള്ളുരുകി ദൈവത്തോട് കേഴുകയാണിപ്പോള്‍.
യുവി ഇന്ത്യക്കാര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് രാജ്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്രയോ കാലം രാജാവായി വാണിട്ടും അസ്ഹറുദ്ദീന്‍ ബാറ്റ്‌കൊണ്ട് കവിത എഴുതിയിട്ടും എത്തിപ്പിടിക്കാനാവാത്ത വിശ്വകിരീടം ഒറ്റക്കുപൊരുതി നേടിയ യുവിയെ അല്ലെങ്കിലും നമുക്കെങ്ങനെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയും. ലോകത്തില്‍ ഏറ്റവും അഹങ്കാരമുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഒരു സര്‍വ്വേ പ്രകാരം യുവിക്ക് ലഭിച്ചത്. അഹങ്കാരികളെ മൊത്തം ജനം പുച്ഛത്തോടെ നോക്കികാണുമ്പോഴും യുവിയെ നമുക്കിഷ്ടമായിരുന്നു. ആ തന്റേടത്തേയും ആ പക്വതയെയും നമ്മള്‍ ആരാധനയോടെ നോക്കി നിന്നു. മുഹമ്മദ് കൈഫും പിന്നീട് സുരേഷ് റൈനയും വീരാട് കോലിയും ഫീല്‍ഡിംഗില്‍ സ്വയം മറന്ന് വിസ്മയം സൃഷ്ടിക്കുമ്പോഴും യുവരാജിന്റെ കൈകളോടായിരുന്നു നമുക്ക് അതിരറ്റ വിശ്വാസവും ആകര്‍ഷണീയതയും.
രണ്ടു വര്‍ഷം മുമ്പാണത്രെ യുവരാജ് സിംഗിന് രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. അതിനെക്കുറിച്ച് അച്ഛന്‍ യോഗരാജ് സിംഗ് പറയുന്നത് ഇങ്ങനെ.
മൊഹാലിയില്‍ നടന്ന ഒരു ട്വന്റി-20 മത്സരത്തില്‍ സുരേഷ് റൈനക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടയില്‍ യുവി വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു. നേരിയ സംശയം തോന്നിയ ഞാന്‍ ചികിത്സതേടാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവന്‍ ഗൗനിച്ചില്ല. പിന്നീട് നടന്ന ചികിത്സയില്‍ ട്യൂമറിന്റെ ലക്ഷണം കണ്ടെത്തി. ഒടുവിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇത് അല്പം നേരത്തെ ആയിരുന്നുവെങ്കില്‍ ഇത്രത്തോളം ആശങ്കവേണ്ടായിരുന്നുവെന്ന് യോഗരാജ് പറയുന്നു.
ആശങ്ക പടരുമ്പോഴും ഡോക്ടര്‍മാര്‍ പകരുന്ന പ്രതീക്ഷകള്‍ കുടുംബത്തെപ്പോലെ തന്നെ ആരാധകരെയും ആഹ്ലാദിപ്പിക്കുകയാണ്. പത്താഴ്ച്ചക്കുള്ളില്‍ യുവിക്ക് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹത്തിന് ബാധിച്ചിരിക്കുന്ന സെമിനോമ എന്ന അര്‍ബുദം പൂര്‍ണ്ണമായും സുഖപ്പെടുന്നതാണെന്ന് ഡോക്ടര്‍ നികേഷ് രോഹതാഗിരി പറഞ്ഞു. അമേരിക്കയിലെ ബൂസ്റ്റണ്‍ കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് യുവി ചികിത്സയിലുള്ളത്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും അതിര്‍ത്തിക്കപ്പുറത്തെത്തിച്ച് ചരിത്രം സൃഷ്ടിച്ച യുവി മാനസീകമായി ഏറെ കരുത്തുള്ള ആളാണെന്ന് മഹേന്ദ്ര സിംഗ് ധോനിയടക്കമുള്ള സഹകളിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സറിന്റെ ഭീഷണിയയെ അതിജീവിച്ച് കളിക്കളത്തില്‍ വിസ്മയം തീര്‍ത്ത ഒരുപാട് കായിക താരങ്ങളുണ്ട്. ലോക സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോങ്ങാണ് അതില്‍ പ്രമുഖന്‍. ആ ജീവിതം യുവിയെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ടത്രെ. അതുകൊണ്ടുതന്നെ ആസ്പത്രി കിടക്കയില്‍ വെച്ച് ആംസ്‌ട്രോങ്ങിന്റെ ജീവചരിത്രം വായിച്ച് മനക്കരുത്ത് നേടുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
അമ്മയും അച്ഛനും വേര്‍പ്പിരിഞ്ഞ് ജീവിക്കുന്നത് യുവിയുടെ മനസ്സിന്റെ ദു:ഖമാണ്. അതുകൊണ്ടായിരിക്കാം അവന്‍ മറ്റുള്ളവരെപോലെ തുള്ളിച്ചാടുകയോ പൊട്ടിചിരിക്കുകയോ ചെയ്യാത്തത്. മാത്രവുമല്ല ദു:ഖം ഒരുപാട് അനുഭവിച്ചതിന്റെ കരുത്തിലായിരിക്കാം ഈ പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതും. 
യുവിക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ ഓരോ മനസ്സും കാണിച്ച പിന്തുണയും ആശ്വാസവാക്കും വല്ലാത്ത ആകര്‍ഷണീയമായിരുന്നു. ഉപദേശങ്ങള്‍കൊണ്ട് മൂടുന്നതിന് പകരം സഹായവുമായി ഓടിയെത്താനായിരുന്നു എല്ലാവരും ശ്രമിച്ചത്. ചികിത്സയുടെ മുഴുവന്‍ ചിലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കാന്‍ പറഞ്ഞു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ചികിത്സാവാഗ്ദാനവുമായി മുന്നോട്ടുവന്നു. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ പൂനെ വാരിയേഴ്‌സ് ഉടമകളായ സഹാറ ഗ്രൂപ്പും തങ്ങളുടെ ക്യാപ്റ്റനെ തങ്ങള്‍ ചികിത്സിക്കുമെന്ന് പ്രഖ്യാപിച്ചു.
മുഹമ്മദ് കൈഫിനോടൊപ്പം ജൂനിയര്‍ തലത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലം തൊട്ടെ യുവിയെ നമുക്കിഷ്ടമായിരുന്നു. ശേഷം സ്റ്റീവേയുടെ ആസ്‌ത്രേലിയയെ ഒരു കളിയില്‍ ഒറ്റക്കു പൊരുതി തോല്‍പ്പിച്ചപ്പോള്‍ ആ കൊച്ചു പയ്യനോട് ഇഷ്ടം ഏറി വന്നു. അതിനിടയില്‍ കൈഫിനൊപ്പം ചേര്‍ന്ന്  ചരിത്ര ചേസിംഗ് നടത്തിയ നാറ്റ് വെസ്റ്റ് വിജയം കൂടി വന്നപ്പോള്‍ യുവി ഹൃദയത്തിന്റെ താരമായി. പിന്നെ ആറു പന്തിലെ ആറും സിക്‌സറും ലോകകപ്പിലെ അല്‍ഭുത പ്രകടനവും....യുവി മനസ്സിനെ വല്ലാതെ കീഴടക്കുകയായിരുന്നു.

അഹങ്കാരം തോന്നിക്കുന്ന ആ പ്രകൃതവും ആകാശം മുട്ടുന്ന ആ സിക്‌സറുകളും കണ്ടിട്ടും കേട്ടിട്ടും കൊതീര്‍ന്നിട്ടില്ല, അനുഭവിച്ചനുഭവിച്ച് മതിവന്നിട്ടില്ല...ദൈവമേ നീ യുവിയെ കാത്തുകൊള്ളണേ....

സച്ചിനെ അപമാനിക്കുന്നതെന്തിന്(?)

സച്ചിനെ അപമാനിക്കുന്നതെന്തിന്(?)

എബി കുട്ടിയാനം
സച്ചിന്‍ നമുക്ക് ആരാണ്(?) ക്രിക്കറ്റ് എന്ന ജനകീയ ഗെയിമിലെ മായാജാലക്കാരന്‍ എന്നതിലപ്പുറം ആ കളിക്കാരന്‍ നമ്മുടെ ആരെക്കെയോ ആണ്. കുസൃതി നിറയുന്ന കുഞ്ഞനുജനായി, നിശബ്ദനായി വഴികാട്ടുന്ന ഏട്ടനായി, ദിശാബോധമുള്ള മാമനായി സച്ചിന്‍ നമുക്ക് മുന്നില്‍ കളിച്ചു ജീവിക്കുകയാണ്. ഒരിക്കലും ഒരു വാക്കുമിണ്ടിയില്ലെങ്കിലും ഒന്നു തൊടാന്‍ കഴിഞ്ഞില്ലെങ്കിലും സച്ചിന്‍ നമ്മുടെ മനസ്സിലെവിടെയൊക്കെയോ ഒട്ടിപിടിച്ചുനില്‍ക്കുന്നു. അവന്‍ അവള്‍ക്കെഴുതുന്ന പ്രണയലേഖനത്തില്‍പോലും സച്ചിനാണ് നിറയുന്നത്. നീയില്ലാത്ത എന്റെ ജീവിതം സച്ചിനില്ലാത്ത ഇന്ത്യപോലെയാണെന്ന് അവന്‍ പിന്നെയും പിന്നെയും കുത്തിക്കുറിച്ചുകൊണ്ടിരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മുഖം കണ്ടാല്‍ തിരിച്ചറിയാത്ത മുത്തശ്ശിക്കും കൊച്ചുകുട്ടിക്കുമെല്ലാം സച്ചിനെ ഏതു അവ്യക്തതയിലും മനസ്സിലാവും. വീട്ടുമുറ്റത്ത് വിയര്‍പ്പൊഴുക്കിവെയിലുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നകുഞ്ഞുമക്കളോട് അമ്മമാര്‍ ചോദിക്കും. നീയെന്താ കളിച്ചുകളിച്ചു സച്ചിനാവുന്നോ(?) അതെ, സച്ചിന്‍ ഒരു അടയാളമാണ്. ആര്‍ക്കും മായ്ച്ചുകളയാനാവാത്ത അടയാളം.
സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് സങ്കല്പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല ഇന്നലെവരെ. എന്നാലിന്ന്  സച്ചിന്‍ രാജ്യത്തിന് ഭാരമാകുന്നുവെന്നറിയുമ്പോള്‍ എങ്ങനെയാണ് ഒരു ശരാശരി ക്രിക്കറ്റ് പ്രേമിക്ക് അത് ഉള്‍ക്കൊള്ളാനാവുക. ക്രിക്കറ്റിന്റെ അംബാഡറായ സച്ചിന്‍ തന്റെ കരിയറിന്റെ അവസാനകാലത്ത് തപ്പിതടയുമ്പോള്‍ കോണ്‍ഫിഡന്റ് പകരേണ്ടതിന് പകരം നമ്മുടെ ചില മുന്‍ നായകന്മാര്‍ പടവാളെടുത്ത് നില്‍ക്കുന്നത് നീതീകരിക്കാനാവാത്തതാണ്.
ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല സച്ചിന്‍ കളിമതിയാക്കണമെന്നാണ് കപില്‍ദേവ് പറഞ്ഞത്. ഗാംഗൂലിയും ഇതേ അഭിപ്രായം തുടര്‍ന്നു. ഗവാസ്‌ക്കറിനും പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ ഒരുപാട് ഉയരങ്ങളിലെത്തിച്ച സ്റ്റീവ് വോ ബാറ്റിങ്ങില്‍ അല്പം നിറം മങ്ങിപ്പോള്‍ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ തലവന്മാര്‍ പിടിച്ചുതള്ളി. ഒടുവില്‍ അവര്‍ പോണ്ടീങ്ങിനോടും അതേ നിലപാട് തുടര്‍ന്നു. ഈ ഉദാഹരണങ്ങളൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ സച്ചിനെതിരെയും തീരുമാനം വേണമെന്ന അഭിപ്രായം ശരിയാണ്.
പക്ഷെ, സച്ചിന്‍ നമുക്ക് അങ്ങനെയാണോ. പഴയപോലെ ബാറ്റ് ചലിപ്പിക്കാന്‍ കഴിയില്ലെന്ന് വരുമ്പോള്‍ പിടിച്ചുതള്ളാന്‍ മാത്രം സാധാരണക്കാരനായ ഒരു കളിക്കാരനാണോ സച്ചിന്‍. രാജ്യത്തിന്റെ താല്പര്യവും ടീമിന്റെ വിജയവുമെല്ലാം പരമപ്രധാനമാണ്. എന്നാല്‍ സച്ചിനെപ്പോലൊരു ഇതിഹാസത്തിനുനേരെ നമുക്കങ്ങനെ കുരച്ചുചാടാന്‍ കഴിയുമോ(?) തുടര്‍ച്ചയായി നൂറു കളികളില്‍ പൂജ്യത്തിനുപുറത്തായാലും സച്ചിന്‍ കുറിച്ചുവെച്ച നേട്ടങ്ങള്‍ മാഞ്ഞുപോവില്ല.
സച്ചിന്‍ ടീമില്‍ പിടിച്ചുതൂങ്ങുകയാണെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ജീവിതം ക്രിക്കറ്റിനുമാത്രമായി സമര്‍പ്പിച്ച ഒരാള്‍ അതിനോട് കാണിക്കുന്ന സ്‌നേഹവും അഭിനിവേശവുമാണ് ആ കാണുന്നത്. അതിനെപിടിച്ചു തൂങ്ങലായി ചിത്രീകരിക്കുന്നത് നമ്മുടെ ഉള്ളിലുള്ള സാഡിസ(മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ സുഖം കണ്ടെത്തുന്ന രോഗം)ത്തിന്റെ ഭാഗമാണ്. ഇന്നലെവരെ സച്ചിന് ക്രിക്കറ്റിനെ മാത്രമല്ല ക്രിക്കറ്റിന് സച്ചിനെയും വേണമായിരുന്നു. അപ്പോള്‍ അച്ഛന്റെ മൃതശരീരം കത്തിയെരിയുംമുമ്പുതന്നെ അവനെ കളിക്കളത്തിലേക്ക് കൂട്ടികൊണ്ടുവരാന്‍ തിടുക്കമായിരുന്നു എല്ലാവര്‍ക്കും. അന്നും ക്രിക്കറ്റ് സച്ചിന് അച്ഛനോളം മഹത്വരമായിരുന്നു. ഇന്ന് ഈ സായംസന്ധ്യയിലും സച്ചിന് ക്രിക്കറ്റിനെവേണം. പക്ഷെ, ക്രിക്കറ്റിന് സച്ചിനെ വേണ്ട((!) ഇത് ഒരിക്കലും മനുഷ്യത്വത്തിന് നിരക്കാത്തതാണ്.
ലോകത്ത് എല്ലാവര്‍ക്കും ഒരേ നീതിയാണെന്ന തത്വത്തെ എതിര്‍ക്കാനാവില്ല.പക്ഷെ, ചില മഹാന്മാര്‍ അവരുടെ കോണ്‍ട്രിബ്യൂഷനിലൂടെ ഒരുപാട് ഉന്നതികളിലെത്തും. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും മാന്യതയും നല്‍കുകതന്നെ വേണം. ഒരു ദിവസത്തിന്റെ പ്രകടനം കൊണ്ട് വിലയിരുത്തി ഒരാളെയും എഴുതിതള്ളാനാവില്ല.
മിറാക്കിള്‍(അല്‍ഭുതം) അത് ചില യുഗങ്ങളില്‍ മാത്രം  സംഭവിക്കുന്നതാണ്. കണ്ട് കണ്ട് ശീലിക്കുമ്പോള്‍ അസാധാരണത്വം നിറയും. എന്നാല്‍ അത് മിറാക്കിള്‍ അല്ലാതാകുമോ(?)
സച്ചിന്റെ ഇപ്പോഴത്തെ പെര്‍ഫോമന്‍സില്‍ എല്ലാവര്‍ക്കും സങ്കടമുണ്ട്. നൂറാം ശതകത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തോറ്റവനെപ്പോലെ തലതാഴ്ത്തിമടങ്ങുന്നത് നമുക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. നൂറിനും ചരിത്രത്തിനുമിടയില്‍ മത്സരങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീഴുമ്പോള്‍ ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്ന് പലരും ഉറപ്പിച്ചുകഴിഞ്ഞും. അതാണ് വിമര്‍ശനത്തിന് ശക്തി ഏറ്റുന്നത്.
ഒരുപാട് പ്രതിഭകള്‍ അകത്തും പുറത്തും നിറഞ്ഞാടുമ്പോള്‍ സച്ചിനില്ലാത്ത ഇന്ത്യയെ നമുക്ക് നന്നായിട്ട് സങ്കല്‍പ്പിക്കാന്‍ കഴിയുന്നു. അവിടെ തന്നെയാണ് സച്ചിന്‍ ഒരു ഭാരമാവുന്നതും. അഖ്വീബ് ജാവേദിനെ അടിച്ചുപരത്തി  ഓവര്‍ തീരുംമുമ്പ് തന്നെ പേടിപ്പിച്ചോടിച്ച, ഷെയിന്‍വോണിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തി പേക്കിനാവ് കാണിപ്പിച്ചുകൊടുത്ത സച്ചിനെ ഇനി കിട്ടിയെന്നുവരില്ല. എന്നാലും മുട്ടിയും തട്ടിയും റണ്‍സെടുക്കാന്‍ കഴിയുന്നടുത്തോളം കാലം ടീമില്‍ നിലനിര്‍ത്തണം. ഭാരതരത്‌നമോ ആജീവനാന്ത ബഹുമതിയോ നല്‍കി ആദരിക്കുന്നതിനപ്പുറം സച്ചിന് നമുക്ക് നല്‍കാന്‍ കഴിയുന്ന സമ്മാനവും അതായിരിക്കും. ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സച്ചിന്‍ മതിവരുവോളം കളിക്കട്ടെ.

ഇനി വരുമോ ഇതുപോലൊരു നായകന്‍

ഇനി വരുമോ
ഇതുപോലൊരു നായകന്‍


എബി കുട്ടിയാനം

സമൂഹത്തിനിടയില്‍ തറവാടിതത്തത്തിന് വലിയ സ്ഥാനമുണ്ട്. നല്ല കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും മഹിമനിറഞ്ഞവരായിരിക്കും. കുടുംബം നോക്കിയിട്ട് ഒരു വ്യക്തിയുടെ സ്വഭാവത്തെ വിലയിരുത്താന്‍ കഴിയും. രാഹുള്‍ ദ്രാവിഡെന്ന കര്‍ണ്ണാടകക്കാരന്‍ കഴിഞ്ഞ ഒന്നരപതിറ്റാണ്ട് കാലമായി ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നതും അതു തന്നെയാണ്.
ദ്രാവിഡ് കളിമതിയാക്കുന്നുവെന്ന വാര്‍ത്ത നഷ്ടം മാത്രമല്ല സങ്കടം കൂടിയാണ്. കാരണം ദ്രാവിഡ് കാഴ്ച്ചവെച്ചത് സാങ്കേതിക തികവ് നിറഞ്ഞ ക്രിക്കറ്റ് മാത്രമായിരുന്നില്ല, പെര്‍സനാലിറ്റി ഡവലപ്‌മെന്റിന്റെ പാഠം കൂടിയായിരുന്നു. എത്ര ഉയരത്തിലെത്തിയാലും ഒരാള്‍ക്ക് തന്റെ ലാളിത്വവും  നല്ല പെരുമാറ്റവും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നത് രാഹുള്‍ നല്‍കുന്ന സന്ദേശമാണ്.
കഴിഞ്ഞ 16 വര്‍ഷമായി രാഹുള്‍ ദ്രാവിഡ് നമുക്ക് മുന്നിലുണ്ട്, ഒച്ചപ്പാടില്ലാതെ, തള്ളികയറ്റിമില്ലാതെ, പരസ്പര പാരവെപ്പും പോര്‍വിളിയുമില്ലാതെ....തികച്ചും ശാന്തനായിട്ട്. സച്ചിന്‍ ബാറ്റ്‌കൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ രാഹുളിന്റെ വിയര്‍പ്പ് നാം മറക്കും, ദാദ സിക്‌സറുകള്‍ കൊണ്ടമ്മാനമാടുമ്പോള്‍ രാഹുളിന്റെ പോരാട്ടം നമ്മുടെ കണ്ണില്‍ പതിയില്ല, ഈഡനിലെ ഗാര്‍ഡനില്‍ ബാറ്റ്‌കൊണ്ട് കവിത എഴുതി വി.വി.എസ് ലക്ഷ്മണന്‍ അഭിനവ അസ്ഹറുദ്ദീനായി ചരിത്രം കുറിച്ചപ്പോഴും ഒരുപകലിന്റെ മുഴുവന്‍ ചൂടുമേറ്റ് റണ്‍സുകള്‍കൊണ്ട് രാഹുളെഴുതിയ കഥകള്‍ നമുക്ക് ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഓരോ ചരിത്ര നിമിഷത്തിലും നായകനോളം വരുന്ന കഥാപാത്രമായി രാഹുള്‍ നിറഞ്ഞുനിന്നു. പക്ഷെ, ആ കളിക്കാരനെ എന്നും രണ്ടാം സ്ഥാനത്ത് അവരോധിക്കാനായിരുന്നു നമുക്കിഷ്ടം. സച്ചിനും ലക്ഷ്മണനും സൗരവ് ഗാംഗൂലിയും തൊട്ട് ഒട്ടുമിക്ക കളിക്കാരും പുതിയ ചരിത്രം സൃഷ്ടിച്ച വേളയിലൊക്കെ ആത്മാര്‍ത്ഥതയുടെ കയ്യൊപ്പുമായി ഉറച്ചപിന്തുണയോടെ രാഹുളുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും രാഹുളിന്റെ പ്രകടനം മറ്റുള്ളവരുടെ നിഴലിലായിപ്പോയി എന്നുള്ളത് ദു:ഖസത്യമാണ്.
ഫുട്‌ബോളില്‍ ശതകോടികള്‍ വാങ്ങുന്ന ലയണല്‍ മെസിക്കും ദിദിയര്‍ ദ്രോഗ്ബയ്ക്കുമില്ലാത്ത അഹങ്കാരമാണ് കുഞ്ഞു കോടിക്കപ്പുറം ഗ്രാഫുയരാത്ത നമ്മുടെ ക്രിക്കറ്റര്‍മാര്‍ക്കുള്ളത്.
ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞ വാക്കുകള്‍ നോക്കുക. ഇന്ത്യയിലെ ഒരു ശരാശരി ക്രിക്കറ്റര്‍ പോലും അഹങ്കാരത്തിന്റെ മൂര്‍ത്തിഭാവമാണ്. രാജ്യത്തിനുവേണ്ടി ഒരു മത്സരം കളിച്ചാല്‍ ഭൂമിയില്‍ കാലുറക്കാത്ത പ്രകൃതക്കാരാണ് എല്ലാവരും. ആവശ്യത്തിലധികം പണം വരുമ്പോള്‍ ലോകം തനിക്ക് കീഴിലാണെന്ന് ഭവിക്കുന്നവര്‍. എന്നാല്‍ പതിനാറു വര്‍ഷം രാജ്യത്തിനായി കളിച്ചിട്ടും രാഹുള്‍ സമചിത്തനായിരുന്നു. ഒരിക്കല്‍പോലും അദ്ദേഹം ക്ഷുഭിതനാകുന്നത് ഞാന്‍ കണ്ടിട്ടില്ല....
ഏതു സുല്‍ത്താനായി മാറിയാലും നന്നായി പെരുമാറാനുള്ള കഴിവില്ലെങ്കില്‍ അയാള്‍ വട്ടപൂജ്യമാണ്. രണ്ട് കാര്യമാണ് ഒരു മനുഷ്യനെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത്. ഒന്ന് പ്രതിഭയും മറ്റൊന്ന് പേഴ്‌സനാലിറ്റിയും. ഒരു കഴിവുമില്ലെങ്കിലും സുന്ദരമായ പെരുമാറ്റംകൊണ്ട് ആളുകളുടെ മനം കവരുന്ന എത്രയോ വ്യക്തികളുണ്ട് നമുക്കിടയില്‍. പ്രതിഭകൊണ്ട് ആരാധന സമ്പാദിക്കുന്നവരാണ് മറ്റൊരു വിഭാഗം. രണ്ടും ഒത്തുകിട്ടുക പ്രയാസമാണ്. നാടുനീളെ അറിയപ്പെടുന്നവനായി മാറുമ്പോള്‍ അഹങ്കാരം പിടികൂടും. പിന്നെ ആരോടും ചിരിക്കാനോ, മിണ്ടിയവരോട് മിണ്ടാനോ തോന്നില്ല.
ഇവിടെയും രാഹുള്‍ തന്റെ തറാവിടിത്തം കാത്തു. രാജ്യത്തെ നമ്പര്‍ വണ്‍ ക്രിക്കറ്റര്‍മാരിലൊരാളായി വളര്‍ന്നിട്ടും ഒരിക്കല്‍പോലും മുഖത്തെ സൗമ്യത കൈവെടിഞ്ഞില്ല. തല്ലാന്‍ വേണ്ടി ഗ്രൗണ്ടിലേക്ക് ഓടിവന്ന ക്രിക്കറ്റ് ഭ്രാന്തനെപോലും പുഞ്ചിരികൊണ്ട് തോല്‍പ്പിച്ചവനാണ് രാഹുള്‍.
ടീമിനെ നിരവധിതവണ ചരിത്രവിജയത്തിലേക്ക് നയിച്ചൊരാള്‍ സ്വാഭാവികമായും സ്വയം നിര്‍മ്മിക്കുന്ന സൂപ്പര്‍ താരപദവിയില്‍ അഹങ്കാരത്തിന്റെ ഇരിപ്പിടമുണ്ടാക്കി കയറിയിരിക്കും. പിന്നെ ക്യാപ്റ്റനോ ബോര്‍ഡോ പറയുന്ന ഒന്നും അനുസരിക്കില്ല. എന്നാല്‍ രാഹുള്‍ ഇവിടെയും വ്യത്യസ്തനായി. വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനായിട്ടും ഓപ്പണിംഗ് മുതല്‍ ആറാം നമ്പര്‍ വരെയുള്ള എല്ലാ പൊസിഷനിലും ബറ്റ് ചെയ്യാന്‍ തയാറായി. തീര്‍ന്നില്ല, സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ടീമിന് ബാധ്യതയാകുമെന്ന് കണ്ട് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് കൂടി അണിയാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും തയാറായി. ഇത്രത്തോളം ആത്മാര്‍ത്ഥതയുള്ളൊരാള്‍ ജീവിതത്തില്‍ ഇത്രയേറെ വിജയിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് വിജയിക്കാന്‍ കഴിയുക.
ക്രിക്കറ്റ് കളിക്കാര്‍ മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാലഘട്ടത്തില്‍ കളിക്കാനും ജീവിക്കാനും കഴിഞ്ഞതാണ് ഞങ്ങളുടെ പുണ്യം എന്നതാണത്.
എന്നാല്‍ ദ്രാവിഡിനെ സംബന്ധിച്ചടുത്തോളം ചെറിയ തോതിലെങ്കിലും അത് വലിയ നഷ്ടമായിരിക്കാം. സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ പ്രതിഭാസ്പര്‍ശത്തിനുമുന്നില്‍ മറ്റൊന്നും ഒന്നുമല്ലാതായി പോയി എന്നതാണ് സത്യം. രാഹുലിന്റെ വിജയം മണക്കുന്ന വിയര്‍പ്പുതുള്ളികള്‍ക്കിടയില്‍ സച്ചിന്റെ പ്രകടനങ്ങളെ മാത്രം ആഘോഷിക്കുന്ന സ്വാര്‍ത്ഥരായി നമ്മള്‍ പലപ്പോഴും മാറിപ്പോയിട്ടില്ലെ(?)

സോറി, രാഹുള്‍...വിലയിരുത്താന്‍ മറന്നുപോയെങ്കിലും വാഴ്ത്തുമൊഴികള്‍ കൊണ്ട് മൂടാന്‍ കഴിഞ്ഞില്ലെങ്കിലും ആ കവര്‍ ഡ്രൈവുകള്‍ ഇപ്പോഴും ഹൃദയത്തിന്റെ മൈതാനത്ത് അഭിവാദ്യങ്ങളുടെ ആര്‍പ്പുവിളി മുഴക്കുകയാണ്.
രാഹുള്‍....കല്‍ക്കത്തയിലെ ആ വിസ്മയ ബാറ്റിംഗ് പ്രകടനം ഇനി ഏതു ബാറ്റില്‍ നിന്നാണ് പ്രതിക്ഷിക്കേണ്ടത്....രാഹുള്‍....അഡ്‌ലൈഡില്‍ ഇനി ഒന്നു കൂടി വരുമോ, കങ്കാരുക്കളെ ബാറ്റ് കൊണ്ട് മെരുക്കുന്ന ആ കാഴ്ച്ച കാണാന്‍ മനസ്സ് വെമ്പുകയാണ്....
രാഹുള്‍...എല്ലാ സത്യവും ഉള്‍ക്കൊള്ളുമ്പോഴും കാമ്പസിനോട് വിടചൊല്ലുന്ന വിദ്യാര്‍ത്ഥിയെപോലെ ഞാന്‍ ആശിക്കുകയാണ്. ഋതുക്കള്‍ പിന്നിലോട്ട് വട്ടം കറങ്ങിയിരുന്നെങ്കില്‍, കാലം 1996-ല്‍ പോയി നിന്നിരുന്നെങ്കില്‍, നാളെ രാഹുളിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നെങ്കില്‍....

ചൈനീസ് വന്‍ മതില്‍ പോലെയായിരുന്നു രാഹുള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്. ഇനി അത് പുനര്‍നിര്‍മ്മിക്കാനാവില്ല.
                                   അജിത് വഡേക്കര്‍

Tuesday, October 21, 2014

മഴ പറയുന്നത്

മഴ പറയുന്നത്

എബി കുട്ടിയാനം

മഴ വരുമ്പോള്‍ ഉമ്മയുടെ നെഞ്ചില്‍ തീ നിറയും..

അന്ന്
സ്‌കൂള്‍ വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍
ഓട്ടവീണ കുടയുമായി വയലും കുന്നും താണ്ടി
എന്നെ തേടി വരാറുണ്ട് എന്റെ ഉമ്മ...

ഇന്ന്
കാറ്റു മഴയും വില്ലന്‍ വേഷം കെട്ടുന്ന രാത്രികളില്‍
ഓഫീസില്‍ നിന്ന് എന്റെ വരവ് വൈകുമ്പോള്‍
മോനെ, നീ എവിടെയാട എന്ന ചോദ്യവുമായി ആശങ്കയുടെ ആയിരം മിസ് കോളുകളടിക്കും എന്റെ ഉമ്മ...

ഡാ, മഴവന്ന്  റോഡ് വികൃതമായിട്ടുണ്ടാകും
നല്ലോണം ശ്രദ്ധിക്കണം....
ബൈക്കിനു ചുറ്റും ഉപദേങ്ങളുമായി
വട്ടം കറങ്ങുമെന്നും എന്റെ ഉമ്മ....

Monday, October 20, 2014

നിര്‍വ്വചിക്കാനാവാത്ത ചിലത്

നിര്‍വ്വചിക്കാനാവാത്ത ചിലത്

എബി കുട്ടിയാനം

അനഘ....
കവിയൂരിലെ ആ മനുഷ്യന്‍
നിന്റെ അച്ഛനല്ലെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കരഞ്ഞുവിളിക്കുമ്പോള്‍
കൈതന്ന് കൂടെവന്നവരെ
രക്ഷിതാവെന്ന് വിളിക്കാന്‍ ശീലിച്ചു,
നീയും ഞാനും...

കണക്കുകൂട്ടലുകള്‍ തെറ്റി-
യതെപ്പോഴാണ്(?)

അനഘ...
അച്ഛന്‍ എന്ന പദത്തിന്
കാമ ഭ്രാന്തന്‍ എന്ന പേരുനല്‍കിയ
ആ മനുഷ്യനെ
അച്ഛനെന്ന് വിളിക്കാന്‍ എനിക്കാവില്ല...

കണ്ണുകള്‍ക്ക് കാമഭ്രാന്തിളകുമ്പോള്‍
വീട് വിശേഷണങ്ങള്‍ക്കപ്പുറത്തെ
ഭീകരകേന്ദ്രമാകുന്നു.

അനഘ...
വീടു തന്നെ ഭീതിയാകുമ്പോള്‍
നിന്റെ അനുജത്തിമാര്‍
ഇനി നിലവിളിച്ചോടേണ്ടത്
എവിടേക്കാണ്(?)



(സ്വന്തം അച്ഛന്‍ പീഡിപ്പിച്ച കവിയൂരിലെ അനഘയെക്കുറിച്ച്)

കാലമേ കാത്തുനില്‍ക്കുമോ(?)

കാലമേ
കാത്തുനില്‍ക്കുമോ(?)


എബി കുട്ടിയാനം
കണ്ടുമുട്ടിയതില്‍ പിന്നെ വേര്‍പിരിയുക എന്നത് സഹിക്കാന്‍ പറ്റാത്ത അനുഭവമാണ്; മരണത്തോളം കാഠിന്യമുള്ള നൊമ്പരമാണത്. നീ എന്റേതുമാത്രമാണെന്ന് ആയിരംവട്ടം ആവര്‍ത്തിച്ചുപറഞ്ഞിട്ടും അവസാനം ഇരുവഴിതേടി അകലുമ്പോള്‍ കണ്‍മുന്നില്‍ നിന്ന് അസ്തമിച്ചുപോകുന്നത് നിറങ്ങള്‍ നിറഞ്ഞാടിയ ഒരു പകല്‍ തന്നെയാണ്.
അത്രമേല്‍ ആത്മബന്ധമായാല്‍ വേര്‍പ്പാടിന്റെ ദു:ഖത്തിന് കടലോളം ആഴമായിരിക്കുമെന്ന് പറഞ്ഞുതന്നെ പ്രിയപ്പെട്ട കൂട്ടുകാര നീയും എന്നെ കരയിപ്പിക്കുകയാണല്ലോട. ഏതു സങ്കടങ്ങള്‍ക്കുമുന്നിലും കൈതന്ന് കൂടെവന്ന് സാന്ത്വനത്തിന്റെ തലോടല്‍ പകര്‍ന്ന
നിന്റെ മുഖം കണ്ണീരുകൊണ്ട് നിറയുമ്പോള്‍ ഞാന്‍ എങ്ങനെയാണട പിടിച്ചുനില്‍ക്കേണ്ടത്(?) നല്ല മാര്‍ക്കും നല്ല വിജയവും നേടിയാല്‍ ഞാന്‍ വലിയ ആളാവുമായിരിക്കും. പക്ഷെ, നിങ്ങളൊന്നും ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ആരായിട്ടെന്തു കാര്യം(?) പത്രത്തില്‍ എന്റെ ഫോട്ടോ കാണുമ്പോള്‍ ടിവിയില്‍ എന്റെ മുഖം തെളിയുമ്പോള്‍ ദാ, അതെന്റെ കൂട്ടുകാരനാണെന്ന് നിങ്ങള്‍ അഭിമാനത്തോടെ പറയുമായിരിക്കും ചിലപ്പോള്‍, പക്ഷെ, നിങ്ങളുടെ കുസൃതിയും കൊച്ചുവര്‍ത്തമാനവുമില്ലെങ്കില്‍ പിന്നെന്തു  ജീവിതം. എടാ, ഇനി നമുക്ക് ഒരുമിച്ചിരുന്ന് നാരായണേട്ടന്റെ കാന്റിനില്‍ നിന്ന് മസാലദോശ തിന്നുവാന്‍ കഴിയുമോട(?) നമ്മള്‍ ഇനി ഈ ജീവിതത്തില്‍ ബേക്കലത്തെ കോട്ടചുറ്റി കാറ്റുകൊള്ളാനും മടിക്കേരിയുടെ കുളിരറിഞ്ഞ് നാടുചുറ്റാനും പോകുമോ(?) ഓരോ വേര്‍പ്പാടും എന്തുമാത്രം ശൂന്യതയാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എടാ, കുട്ട നീ എന്റെ ഓട്ടോഗ്രാഫില്‍ ഒന്നും എഴുതരുത്. നിന്റെ അക്ഷരങ്ങള്‍ എന്നെ വല്ലാതെ കരയിപ്പിക്കും, അല്ലെങ്കിലും നിന്നെ ഓര്‍ക്കാന്‍ എനിക്കെന്തിനാട നാലക്ഷരങ്ങള്‍(?)

 000            000            000
മാര്‍ച്ച്....അത് ജനുവരിപോലെ, ജൂലായ്‌പോലെ, ഡിസംബര്‍പോലെ കലണ്ടറിന്റെ താളുകളിലെ ഒരു മാസം മാത്രമാണ്. ജനുവരിയില്‍ ഉദിച്ച അതേ സൂര്യന്‍ തന്നെയാണ് മാര്‍ച്ചിലും ഉദിക്കുന്നത്. ജൂലായിലെ അതെ ദിനങ്ങള്‍ തന്നെയാണ് മാര്‍ച്ചിനും സ്വന്തമായുള്ളത്. പക്ഷെ, കാമ്പസില്‍ അവസാനര്‍ഷക്കാരന്റെ മുന്നിലേക്ക് പടികടന്നെത്തുമ്പോള്‍ മാത്രം മാര്‍ച്ച് വല്ലാതെ ക്രൂരനാകുന്നു. മരണം കാത്തുകിടക്കുന്ന രോഗിയെപ്പോലെയാണ് അവസാന വര്‍ഷക്കാരന്റെ കാമ്പസ് ദിനങ്ങള്‍....മാസങ്ങള്‍ക്കുമുമ്പേ അവന്‍ ദിനങ്ങള്‍ എണ്ണിതുടങ്ങും. ഇനി ഒരു മാസം, ഇനി പത്തുദിവസം, ഇനി ഒരാഴ്ച, ഇനി ഒരു ദിവസം.....അങ്ങനെ അങ്ങനെ എണ്ണി എണ്ണിതീരുമ്പോള്‍ ഒടുവില്‍ ഒത്തിരി നൊമ്പരവും അത്ര തന്നെ ഓര്‍മ്മകളും ബാക്കിയാവും. വേര്‍പ്പാടിന്റെ ദിനങ്ങളിലേക്ക് അടുക്കുന്തോറും ബന്ധങ്ങള്‍ക്ക് ദൃഡത ഏറിവരും. അകലെ മാറ്റിനിര്‍ത്തിയവനോടുപോലും നല്ല ബന്ധം സ്ഥാപിച്ച് നല്ല കൂട്ടുകാരനാവും. ഓരോ മനസ്സിലും നമ്മുടെ ഒരു അടയാളമെങ്കിലും ബാക്കിവെക്കാന്‍ നാം വല്ലാതെ ആഗ്രഹിക്കും.
ഇനി പിരിഞ്ഞുപോകണമെന്ന് കാലം മെല്ലെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മനസ്സ് ഒരു യാത്രക്കുവേണ്ടി തയ്യാറെടുപ്പ് തുടങ്ങും. പഠിച്ചെടുത്ത അറിവുകള്‍ മാത്രമല്ല ഒരുപാട് ഓര്‍മ്മകളും ഹൃദയത്തിന്റെ ബാഗില്‍ പിക്ക് ചെയ്യുമ്പോള്‍ പോയദിനങ്ങളത്രയും നഷ്ടവസന്തമായി മനസ്സിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങും.
മഴനനഞ്ഞ് ക്ലാസിലേക്ക് പോയത്, കണ്ടക്ടറോട് ചൂടായത്, കഥ എഴുതി, കവിതചൊല്ലി കാമ്പസിന്റെ നായകനായത്, അവളെ കാണാന്‍ വേണ്ടി മാത്രം ക്ലാസ് കട്ടു ചെയ്ത് ഗേറ്റിനരികില്‍പോയത്, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചത്, എന്റെ പ്രസ്ഥാനം മാത്രമാണ് സത്യമാണെന്നവകാശപ്പെടാന്‍ സഹപാഠിയുമായി തല്ലുകൂടിയത്....അങ്ങനെ അങ്ങനെ എന്തെന്ത് ഓര്‍മ്മകളാണ്.....ഇനി എന്തിന്റെ പേരിലായിരിക്കും കാമ്പസ് എന്നെ ഓര്‍ക്കുക(?) കുരുത്തക്കേടുമാത്രം കാണിച്ച് നിറഞ്ഞാടിയ വില്ലന്‍ എന്ന ഓമനപ്പേരിലായിരിക്കുമോ(?) ദൈവമേ എനിക്കത് സങ്കല്പ്പിക്കാനേ കഴിയുന്നില്ല....
കണ്‍മുന്നില്‍ നിന്ന് എവിടേക്ക് മാറിപ്പോയാലും ആ മുഖം മനസ്സിലുണ്ടാവും, ഏട്ടന്‍ ജീവിതത്തില്‍ വലിയ ആളാവണമെന്ന് ഓട്ടോഗ്രാഫിന്റെ താളില്‍ പ്രാര്‍ത്ഥന കുറിച്ചിട്ട എന്‌റെ ജൂനിയേഴ്‌സായ ശ്രീജയും ശൈലയും ഇപ്പോള്‍ എവിടെയായിരിക്കും(?) വലിയ ആളാവാന്‍ വേണ്ടി ഞാന്‍ ഓട്ടംതുടരുമ്പോഴും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ(?)
സ്‌നേഹത്തെക്കുറിച്ചം ബന്ധങ്ങളെപറ്റിയും എഴുതിവെക്കുമ്പോഴും നിനക്ക് വലിയ അഹങ്കാരമാണല്ലോട എന്ന് പറയാറുള്ള ഷെമി ഫേസ് ബുക്കില്‍ ഹായ് പറഞ്ഞെത്താറുണ്ടിപ്പോഴും, ഒരാളോടും അങ്ങോട്ടുപോയി മിണ്ടാനറിയാത്ത, ഒരു ചാറ്റിങ്ങിനും ഉത്തരംനല്‍കാതെ ഗൗരവക്കാരനാകുന്ന, ഫോണ്‍ അറ്റന്റുചെയ്യുന്നതില്‍ അലസനായ ഒരു സ്വഭാവത്തെ അഹങ്കാരം എന്ന് പേരിട്ട് വിളിക്കുമ്പോള്‍ നല്ലൊരു മനുഷ്യനാവാന്‍ ഇനി ഏതു കോളജിലാണ് ഞാന്‍ ചേര്‍ന്നു പഠിക്കേണ്ടത്(?)

000                 000                  000
മാര്‍ച്ച്....നീ ഞങ്ങളെ എത്ര അകറ്റിയാലും ഞങ്ങള്‍ ഒരിക്കലും പരിഞ്ഞുപോവില്ലട ദുഷ്ട....ക്ലാസ് മുറിയില്‍ നിന്ന് പടിയിറക്കിയാലും ഞങ്ങളുടെ നെറ്റ് വര്‍ക്കിനെ നിനക്ക് കീറിമുറിക്കാന്‍ കഴിയുമോ(?) ഫേസ് ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍പ്ലസിലും ഓര്‍ക്കൂട്ടിലുമെല്ലാം കണ്ടുകൊണ്ടേയിരിക്കും ഞങ്ങള്‍....അല്ലെങ്കിലും ഞാനെങ്ങനെയാണട നിന്നെ മറക്കേണ്ടത്...നീ എന്റെ ഹൃദയം തന്നെയാണല്ലോ...

   000               000             000
ഫേസ് ബുക്കിലും മറ്റും കാണുമെന്ന് ആശ്വസിക്കുമ്പോഴും ജീവിതതിരക്കിനിടയില്‍ എല്ലാം മറന്നുപോകുന്നു ചിലപ്പോള്‍. ഏതാകാശത്തുവെച്ചുകണ്ടാലും പുഞ്ചിരിക്കാന്‍ മറന്നുപോവരുതെന്ന് പറഞ്ഞവര്‍ ഒരു ഹായ് ഇല്ലാതെ, ഒന്ന് കമന്റടിക്കാതെ, എന്നോട് ലൈക്ക് കൂടാതെ മാറിനില്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും.
കാലം മാറി ജീവിത രീതിമാറുമ്പോള്‍ കൂട്ടുകാരും പാടെ മാറുമെന്ന തത്വം എത്രശരിയാണ്. പുതിയ മേഖലയിലെത്തുമ്പോള്‍ നമുക്ക് പുതിയ കൂട്ടുകാരാണ് നിറയെ. ഫേസ് ബുക്കില്‍പോലും എല്ലാ പുതുമുഖങ്ങളാണ്. എസ്.ഐ ആയ രാജേഷും എഞ്ചീനിയറായ റോഷനും ബിസിനസുകാരനായ ഷാജഹാനും അവരുടെ തിരക്കില്‍ മാത്രം മുഴുകുമ്പോള്‍ പുതിയ സ്‌നേഹത്തില്‍ മനസ് സമ്പന്നമാകുന്നു....ജോലിതിരക്കിനിടയില്‍ ഒഫീസ് മുറി തലവേദനയുടെ കൂടി മുറിയാകുമ്പോള്‍ ഹായ് പറഞ്ഞെത്തുന്ന മനോജും അനൂപും രജ്ഞുവുമെല്ലാം സ്‌നേഹത്തിന്റെ പുതിയ പൂവിടര്‍ത്തും. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരു വലിയ കൂട്ടുകാരന്റെ സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്ത റഷീദ് ചാറ്റ് റൂമില്‍ വാചാലനാകുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കും ചിലപ്പോള്‍. 24 മണിക്കൂറും ഓണ്‍ ലൈനിലുള്ള സുലൈമാന്‍ സൂഫിയാന്‍ പടികയറിവരുമ്പോള്‍ എനിക്കെന്റെ സല്‍മാനുല്‍ ഫാരിസിനെ ഓര്‍മ്മവരും. പ്ലസ്ടുവിന് എന്റെ ഒന്നിച്ചുപഠിച്ച അവനും അതേ ഛായയായിരുന്നു. മുടിസ്‌പൈക്ക് ചെയ്ത്, ഒരു കൂളിംഗ് ഗ്ലാസ് വെച്ച് ആ മുഖം മുന്നില്‍ തെളിയുമ്പോള്‍ അതെന്റെ ഫാരിസാണെന്ന് തോന്നിപ്പോകാറുണ്ട്. എഴുത്തുകാരനാവുന്നതില്‍ സന്തോഷമാണ് പക്ഷെ, തന്റെ അഹങ്കാരം കുറക്കണമെന്ന് തമാശപറയാറുള്ള വിനീത് സാറ് ചിലപ്പോഴോക്കെ എന്റെ പോസ്റ്റുകള്‍ക്ക് കമന്റടിക്കാറുണ്ട്...കോളജ് ഫ്രണ്ട്‌സില്‍ എനിക്കാദ്യമായി റിക്വസ്റ്റ് തന്ന അബ്ദുറഹ്മാന്‍ ഔഫിനോട് എനിക്കിപ്പോഴും ഇഷ്ടമാണ്. നൂറിലേറെ പേര്‍ ലൈനില്‍വരുമ്പോഴും എനിക്ക് ഔഫിന് ഹായ് പറയാതിരിക്കാന്‍ കഴിയില്ല....

  000                 000             000
എത്ര ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചാലും മാര്‍ച്ച് നീ വേദനയാണ്...ഇനി കാമ്പസ് മുറ്റത്ത് എനിക്ക് പുതുമഴനനയാന്‍ കഴിയില്ല...ഇനി ഒരു ബെഞ്ചിനും അവകാശം പറയാന്‍ എനിക്കാവില്ല...എറങ്ങട പ്രകടനമുണ്ടെന്ന് പറഞ്ഞ് ഒരാളേയും ക്ലാസില്‍ നിന്ന് വലിച്ചിറക്കാനാവില്ല....നാളത്തെ ഡ്രസ് കോഡ് ഏതാണെന്ന് ഷാജിയോട് വിളിച്ചുചോദിക്കേണ്ടതില്ല...എല്ലാം കഴിഞ്ഞു...ഇനി അടുത്ത വര്‍ഷം കോളജ് ഡേക്ക് വരും, അപ്പോള്‍ കൈതന്ന് സ്വീകരിക്കാന്‍ കുറച്ചച്ചാളെങ്കിലുമുണ്ടാവും...പിന്നെ പിന്നെ ഞാന്‍ തീര്‍ത്തും അന്യനായി മാറും....കാലത്തിന്റെ റഫറി മാര്‍ച്ചുമാസത്തിന്റെ രൂപത്തില്‍ റെഡ് കാര്‍ഡ് ഉയര്‍ത്തുമ്പോള്‍ ഓര്‍മ്മകളെ നീ ബാക്കിയാവുക ഞാന്‍ പോവുകയാണ്....

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും
സുഹൃത്തുക്കള്‍ ജീവിതത്തിലെ
പ്രധാനപ്പെട്ടതായി മാറുന്ന ഒരു ദിവസം വരും
ഷോണ്‍ കോവര

കാസ്രോട്ടെ പുള്ളര്‍ പുതിയ പാട്ടിന്റെ മൂഡിലാണ്..


കാസ്രോട്ടെ പുള്ളര്‍
പുതിയ പാട്ടിന്റെ മൂഡിലാണ്...

എബി കുട്ടിയാനം

സൈബര്‍ ലോകത്തെ കടക്ക് പുള്ളര്‍ പാശ്ചാത്യ സംഗീതത്തിന് താളമിടുന്ന തിരക്കിലാണിപ്പോള്‍. വാട്‌സ്അപ്പില്‍ തമാശക്കായി ഏതോ ഒരു പയ്യന്‍ മൂളിവിട്ട പാട്ട് വൈറസുപോലെ പടരുകയാണ്...
അണങ്കൂരിലെ പുള്ളറെ കണ്ട്‌ന , കടക്ക്  പുള്ളറെ കണ്ട്‌ന, കണ്ടിറ്റാങ്ക് ബാ...എന്ന് ഷാക്കിറ  മോഡലില്‍ വെസ്റ്റേണ്‍ ടച്ചോടെ താളമിട്ട് പാടിയ നാല്‌വരി വാട്‌സപ്പില്‍ പുതിയ കൊലവെറിയായപ്പോള്‍ ദക്കീറത്തിലെ  പുള്ളര്‍ മറുപടി പാട്ടിറക്കി....പിന്നെ പാട്ടുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഓരോ ദിക്കിലെ പുള്ളറും അവരുടെ നാടും പേരും ചേര്‍ത്ത് ഈണമിട്ട് പാടാന്‍ തുടങ്ങി...അതിനിടയില്‍ പാട്ട്  കാസര്‍കോട്ട് നിന്ന് മലബാറിലേക്കും വ്യാപാപിച്ചു. തലശ്ശേരിയിലും മലപ്പുറത്തും തൃശൂരം പുതിയ രാതിയില്‍ അത്  പൊടിപൊടിക്കുന്നു...തലശ്ശേരിയിലെ പിള്ളേര്‍ പാടിയപ്പോള്‍ അതിന് പുതിയ മുഖമാണ് കൈവന്നത്...മാഹിയിലെ പിള്ളറെ കണ്ട്ക്ക...എന്ന പാട്ട് സംവിധായകന്‍ ആശിഖ്  അബുവിന്റെ ചെവിയിലെത്തിയപ്പോള്‍ അതിനെക്കുറിച്ചൊരു സിനിമയിറക്കാന്‍വരെ തോന്നി ആശിഖ് അബുവിന്...ഒപ്പന എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം...മോഡലും നിരവധി സിനിമകളില്‍ അഭിനയിക്കുകയും  ചെയ്തിട്ടുള്ള കാസര്‍കോട് പള്ളങ്കോട്ടെ ഷാഹിദ് ശംസിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്...
മാഹിയിലെ പിള്ളേരെ കണ്ട്ക്ക എന്ന പാട്ടിനെ ആശിഖ് അബു സിനിമയാക്കുമെന്ന് കേട്ടതോടെ പാട്ടിന്റെ യഥാര്‍ത്ഥ അവകാശികളായ കാസര്‍കോട്ടെ പുള്ളര്‍ക്ക് അരിശമായി...കോപ്പിയടിച്ച് വിലസുകയാണെന്ന വാക്ക് തര്‍ക്കമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍  നിറഞ്ഞുകൊണ്ടിരിക്കുന്നത്...
വാട്‌സപ്പില്‍ നിന്ന് ഫേസ് ബുക്കിലേക്കും ചര്‍ച്ച വ്യാപിച്ചു. നിരന്തരം പുതിയ പുതിയ  ആക്ഷേപങ്ങളും വെല്ലുവിളികളുമാണിപ്പോള്‍ അരങ്ങേറുന്നത്. ഇതില്‍ പലതും മര്യാദയുടെ സീമപോലും ലംഘിക്കുന്നു. ഉളുപ്പില്ലാത്ത തെറിവാക്കുകളാണ് ചിലര്‍ ഉപയോഗിക്കുന്നത്. നാടിനെയും നാട്ടുകാരേയും പരക്കേ പരിഹസിക്കാന്‍ അവര്‍ മത്സരിക്കുന്നു....ഞങ്ങളാണ് ഫാഷനും പാട്ടും പഠിപ്പിച്ചതെന്ന് കാസര്‍കോട്ടുകാര്‍ പറയുമ്പോള്‍ തലശ്ശേരിക്കാര്‍ അതേ  നാണയത്തില്‍ തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിക്കാരന്റേതായി ഒരു ശബ്ദംവന്നു അതില്‍  ഇങ്ങനെ പറയുന്നു...പാട്ട്‌കൊണ്ടുവന്നത് കാസര്‍കോട്ടെ പിള്ളേരല്ലെ, എന്തിനാ അവരുടെ പാട്ട് കോപ്പിയടിക്കുന്നത്, അവരോട്  കളിക്കേണ്ട....അവസാനം കാസര്‍കോട്ടുകാര്‍ക്ക് ഒരു കൊട്ടും കൊട്ടുന്നു....അവര്‍ വെള്ളിയാഴ്ച വിസ അടിച്ചിറക്കിയ (ഗള്‍ഫില്‍ വെള്ളിയാഴ്ച  പൊതു അവധിയാണ്, അന്ന് വ്യാജ വിസ അടിച്ചിറക്കി എന്നാണ് പറയപ്പെടുന്നത്) ആളുകളാണ് കേട്ടോ....
പാട്ടുകള്‍ക്കുപുറമെ ഭീഷണി സ്വരവുമായി പുറത്തിറങ്ങിയ  മുദ്രാവാക്യവും വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു. അതിനിടയില്‍ പതിവുപോലെ കാസര്‍കോട്ടുകാരന്റെ മാസ്റ്റര്‍ പീസായ കസ്റ്റമര്‍ കെയര്‍  വിളിയും പുറത്തിറങ്ങി. ഒരു പ്രമുഖ  മൊബൈല്‍ കമ്പനിയുടെ  കസ്റ്റമര്‍ കെയറിലേക്ക് കാസര്‍കോട്ടെ ചെറുപ്പക്കാരന്‍ തനി കാസര്‍കോടന്‍ ഭാഷയില്‍ ഹലോ ട്യൂണിനുവേണ്ടി വിളിക്കുകയാണ്...അണങ്കൂരിലെ പുള്ളറെ  കണ്ടിന എന്ന പാട്ട് ആവശ്യപ്പെടുമ്പോള്‍ മറുതലയിലുള്ള തെക്കന്‍ കേരളക്കാരിയായ ലേഡി സ്റ്റാഫിന് ഒന്നും മനസ്സിലാവുന്നില്ല...സാറെ, ആ പാട്ടില്ലെങ്കില്‍ ദക്കീറത്തിലെ  പെണ്‍പുള്ളറെ കണ്ടിന...എന്ന പാട്ട് മതി എന്നാണ് പറയുന്നത്...ഇത് ഏത് സിനിമയാണെന്ന് കസ്റ്റമര്‍  കെയര്‍ ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ കാസര്‍കോട്ടുകാരന്‍ അവന്റെ തമാശ  വര്‍ത്തമാനം തുടര്‍ന്നുകൊണ്ടിരിക്കുന്നു...
ചേലുള്ള ആണ്‍പുള്ളറേയും പെണ്‍പുള്ളറേയും കാണണമെങ്കില്‍ എത്തേണ്ട കോളജുകളുടേയും സ്‌കൂളുകളുടേയും പേരാണ് പാട്ടില്‍ എടുത്തുപറയുന്നത്...കാസര്‍കോട്ടെ ഒരു പാരലല്‍ കോളജില്‍ നിന്നാണത്രെ ആദ്യ പാട്ട്  വന്നത്. കടക്ക് പുള്ളറെ കണ്ടിട്ടാങ്ക് ബാ...എന്ന ചോദ്യത്തിന് ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അതേ രാഗത്തില്‍ മറുപടി പറഞ്ഞു. ആ പെണ്‍കുട്ടി പിന്നീട് അസംബ്ലിയില്‍വെച്ച് മാപ്പു പറഞ്ഞുവെത്ര. പക്ഷെ അപ്പോഴേക്കും പാട്ട് പാട്ടുപാടി മയ്യഴി പുഴ കടന്നിരുന്നു...
പാട്ട് അതിന്റെ പാട്ടിനുപോകുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നസ്ഥിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആശയപരമായ ഏറ്റുമുട്ടലുകള്‍ ഗള്‍ഫുനാടുകളില്‍ കയ്യാങ്കളിയില്‍വരെ ചെന്നെത്തി എന്നാണ് വിവരം.
കല്ല്യാണ  പന്തലില്‍ ഇന്നസെന്റ്  സദ്യവിളമ്പുന്ന സീനിന് കാസര്‍കോടന്‍ ഭാഷ നല്‍കി  ഇച്ച  കൊര്‍ച്ച് ചോറിടട്ട എന്ന് ചോദിക്കുന്ന  രംഗം നര്‍മ്മം കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. അത് വന്‍ ഹിറ്റായതോടെ അതിന്റെ ചുവടുപിടിച്ച് പല  കോമഡികളും കാസര്‍കോടന്‍ ഭാഷയില്‍വന്നു. അതിന് ശേഷം കാസര്‍കോട്ടുകാരന്‍ കൊണ്ടുവന്ന തരംഗമാണ്. ....പുള്ളറെ കണ്ടിന, കണ്ടിട്ടാങ്ക് ബാ... എന്ന് തുടങ്ങുന്ന പാട്ട്...
എന്നാല്‍ അത് പരിധിവിട്ട് തെറിവിളിയിലേക്ക് നീങ്ങുന്നതോടെ നാടിന്റെ സല്‍പ്പേര് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാട്ട് നല്ല കലാബോധമാണുള്ളത് പക്ഷെ, അത് നന്മയിലേക്ക് ഉപയോഗിച്ചില്ലെങ്കില്‍ നാശമാകും എന്ന സത്യം ഇവിടെ വ്യക്തമാകുന്നു. പാട്ടിന്റെ  പേരില്‍ തെറിവിളി വ്യാപകമായതോടെ പോലീസും ഇത്  നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൈബര്‍ സെല്ലും ജാഗ്രതയിലാണ്. ഭീഷണിപ്പെടുത്തുന്നതോ, അപമാനിക്കുന്നതോ ആയ സന്ദേശം മറ്റൊരാള്‍ക്ക് അയച്ചാല്‍ മൂന്ന് വര്‍ഷം ശിക്ഷ ലഭിക്കും, സ്വകാര്യതയ്ക്ക് തടസമാകുന്ന പ്രചാരണത്തിന് മൂന്ന് വര്‍ഷം തടവും പിഴയുമുണ്ടെന്ന് പോലീസ് പറഞ്ഞു.
അണങ്കൂരിലെ പുള്ളറെ കണ്ട്‌ന, കടക്ക് പുള്ളറെ കണ്ടന് കണ്ടിട്ടങ്ക് ബാ...എന്ന പാട്ടും അതിന് മറുപടിയായി വന്ന  പെണ്‍പിള്ളേരുടെ പാട്ടും എല്ലാവരും ആസ്വദിച്ചു...എന്തു പറഞ്ഞാലും കേള്‍ക്കാന്‍ ഇമ്പമുള്ളത് തന്നെയായിരുന്നു അത് അതുകൊണ്ടാണ് അത് തരംഗമായതും...അവരുടെ ഉള്ളിലെ കലാബോധത്തിന് ലൈക്കടിക്കാതിരിക്കാനാവില്ല...എന്നാല്‍ അതിന് ശേഷം വന്നുകൊണ്ടിരിക്കുന്ന പാട്ടുകളിലെ വരികള്‍ ഇവിടെ ചേര്‍ക്കാന്‍ പറ്റാത്തവിധം ആശ്ലീലമാണ്...
അന്ധമായി അനുകരിക്കുന്നതും, മറ്റുള്ളവരെ കോപ്പിയടിക്കുന്നതും നാണക്കേടാണ് കൂട്ടുകാര...നിങ്ങളുടെ പാട്ടുകേട്ട് കയ്യടിക്കാനല്ല സഹതപിക്കാനാണ് ആളുകള്‍ക്ക് തോന്നുന്നത്...നിര്‍ത്തിക്കൂടെ ഈ തോന്നിവാസം...

ആധികാരികത ഇനി ഇന്ത്യയുടെതാണ്...

ആധികാരികത ഇനി ഇന്ത്യയുടെതാണ്...

എബി കുട്ടിയാനം

ക്രിക്കറ്റിനെ കണ്ടുപിടിച്ചവരും അതിനെ കയ്യടക്കിവെച്ചവരും ക്ഷമിക്കുക. കാലം മാറി കഥമാറി....ആ ആധികാരികത ആസ്‌ത്രേലിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് ഏഷ്യന്‍ വന്‍കരയിലെ ഇന്ത്യാമഹാരാജ്യത്തിലേക്ക് വന്നെത്തി കൊടി കുത്തിയിരിക്കുന്നു. ഇനി ഇന്ത്യയുടേതാണ് ക്രിക്കറ്റ്...ഇന്ത്യ ഭരിക്കും, ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും....കണ്ടു നില്‍ക്കുക, അല്ലെങ്കില്‍ ഒഴിഞ്ഞുമാറുക....
പ്രിയപ്പെട്ട ധോനി നന്ദി...വെള്ളക്കാര്‍ക്ക് ഇപ്പോഴും നമ്മോട് ആ പുച്ഛമുണ്ട്, നമുക്ക് നമ്മുടെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരവുമുണ്ട്, രാജ്യം എത്രയോ പുരോഗതി നേടിയെങ്കിലും നമ്മള്‍ അവര്‍ക്കുമുന്നില്‍ ഇപ്പോഴും ഒരു മൂന്നാംകിട പൗരന്മാര്‍ തന്നെയാണ്...
ധോനി... ആ സങ്കടത്തെ ബാറ്റു ബോളും കൊണ്ട് താങ്കളുടെ ടീം മഴവില്‍ സിക്‌സറിലൂടെ മായ്ച്ചുകളയുമ്പോള്‍ ഞങ്ങളുടെ  ദേശീയ വികാരത്തിന് പറഞ്ഞറിയിക്കാനാവാത്ത ത്രില്ലുണ്ട്. ആസ്‌ത്രേലിയേയും ഇംഗ്ലണ്ടിനെയും തോല്‍പ്പിക്കുമ്പോള്‍ ക്രിക്കറ്റിലെ ഒരു ജയം മാത്രമല്ല അതിനപ്പുറം ആയിരം അര്‍ത്ഥങ്ങളുണ്ടതിന്. അതെ, പഴയ കോളനിക്കാരന്റെ അതിജീവനത്തിന്റെ കഥയാണത്, ഞങ്ങള്‍ നിങ്ങളേക്കാള്‍ വളര്‍ന്നുവെന്നുള്ള വിളിച്ചുപറയലാണത്....ബ്രാഡ്മാന്റെയും ഡേവിഡ് ഗവറിന്റെയും പാരമ്പര്യം അവകാശപ്പെട്ടിട്ട് കാര്യമില്ല, നിങ്ങളുടെ കാലം കഴിഞ്ഞു, ഇനി ക്രിക്കറ്റ് ഞങ്ങളുടേതാണ്. ഒരു എം.എസ്.ധോനിയില്‍ തീരുന്നതാണ് ഈ പൊട്ടിത്തെറിയെന്ന് കരുതിയെങ്കില്‍ തെറ്റി, തലമുറകളിലേക്ക് കൈമാറുന്ന പ്രതിഭാ സമ്പത്താണ് ഇന്ത്യയുടെ കരുത്തെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ(?) ഉന്മുക് ചന്ദും സോളങ്കിയും നാളെയുടെ ചക്രവര്‍ത്തിയിലേക്കുള്ള സൂചന നല്‍കുമ്പോള്‍ അര്‍മാന്‍ ജാഫറിനെപ്പോലെ കുഞ്ഞുപ്രായത്തില്‍ തന്നെ ഒരിന്നിംഗ്‌സില്‍ ഒന്നിലേറെ തവണ 400 റണ്‍സടിച്ച് വിസ്മയം സൃഷ്ടിച്ച താരങ്ങളും നാളെയുടെ വാഗ്ദാനങ്ങളാണെന്ന് നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേക്കും യോഗ്യരായ ഒത്തിരി താരങ്ങളാണ് ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്ന് വളര്‍ന്നുവരുന്നത് എന്നറിയുമ്പോള്‍ ക്രിക്കറ്റ് ലോകമേ ഒന്നു പറഞ്ഞോട്ടെ, വരും കാലവും നിങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെതല്ല, അതും ഞങ്ങളുടേത് മാത്രമായിരിക്കും...
    000               000              000
പണവും പെണ്ണുമായി ചിലര്‍ ക്രിക്കറ്റിനെ കളങ്കപ്പെടുത്തിയപ്പോള്‍ രാജ്യത്തെ കായിക പ്രേമികള്‍ കളിയില്‍ നിന്ന് മുഖം തിരിച്ചിരുന്നു. എല്ലാ ആവേശവും ചോര്‍ന്നുപോയ നേരത്ത് ക്രിക്കറ്റിനോട് തന്നെ അവര്‍ക്ക് പുഛമായിരുന്നു.
എന്നാല്‍ ഈ വിജയങ്ങളെ കാണാതിരിക്കാനാകുമോ(?) ഈ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ(?)  ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടതിന് തൊട്ടു പിന്നാലെ കരീബിയന്‍ ദ്വീപില്‍ വീണ്ടും അല്‍ഭുതം കാണിച്ചിരിക്കുന്നു ധോനി കൂട്ടം. വിര്‍മശകരേ വായടക്കുക, സ്വദേശത്തുമാത്രമല്ല വിദേശത്തും ഇന്ത്യ പുലികള്‍ തന്നെയാണ്. തോല്‍ക്കുന്ന കളികളെപ്പോലും എങ്ങനെ ജയിപ്പിച്ചെടുക്കാമെന്ന് ഇന്ത്യയുടെ പ്രതിഭ നിറഞ്ഞ കളിക്കാര്‍ പഠിച്ചെടുത്തിരിക്കുന്നു.
ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നാടകീയമായി തോല്‍പ്പിച്ച ആ ത്രില്ല് തീരും മുമ്പാണ് മറ്റൊരു ആവേശ വിജയം കൂടി വന്നെത്തിയിരിക്കുന്നത്.
വെസ്റ്റിന്റിസില്‍ നടന്ന ത്രിരാഷ്ട്ര കപ്പിലെ ഫൈനല്‍ ഒരിക്കലും മറക്കാനാവില്ല. എം.എസ്.ധോനിയെപ്പോലുള്ള മാച്ച് ഫിനീഷര്‍മാര്‍ ഇന്ത്യയുടെ സൗഭാഗ്യമാണ്. പ്രതിസന്ധികള്‍ക്കുമുന്നില്‍ പതറിപ്പോവുന്ന ശരാശരിക്കാരില്‍ നിന്ന് പ്രതിസന്ധികള്‍ക്കുവേണ്ടി കാത്തിരിക്കുന്ന പോരാളികളായി നമ്മുടെ താരങ്ങള്‍ വളര്‍ന്നു.
ഓരോ ടൂര്‍ണ്ണമെന്റും ഒരു വിജയത്തിനുമപ്പുറം ഒന്നിലേറെ നല്ല താരങ്ങളെക്കൂടി സംഭാവന നല്‍കികൊണ്ടാണ് കടന്നുപോവുന്നത്. കോലിയും ജഡേജയും തുരുപ്പുചീട്ടുകളായ ശേഷം ഭുവനേശ്വറും പൂജാരയുമായി പിന്നെയം പിന്നെയും താരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
നായകന്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അണികള്‍ ഊര്‍ജ്വസ്വലരാവും, അത് തന്നെയാണ് എം.എസ്.ധോനിയിലൂടെ രാജ്യം ദര്‍ശിക്കുന്നത്.
ക്രിക്കറ്റിലെ ഒത്തിരി നേട്ടങ്ങളിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ എം.എസ്.ധോനിയോട് രാജ്യം കടപ്പെട്ടിരിക്കുന്നു. എങ്കിലും ടീം സെലക്ഷന്റെ കാര്യത്തില്‍ ധോനിയിലെ സ്വാര്‍ത്ഥന്‍ ഒന്നു കൂടി നിഷ്പക്ഷത കാണിച്ചാല്‍ അത് ധോനിയുടെ മഹത്വത്തിന് കൂടുതല്‍ തിളക്കമേകും.
ധോനിയുടെ ഗ്രൂപ്പിസത്തില്‍ ഉള്‍പ്പെടാത്ത പല താരങ്ങളും പലപ്പോഴും പടിക്ക് പുറത്താവുന്നതും ഇഷ്ടക്കാര്‍ നിലയവിദ്വാന്മാരായി തുടരുകയും ചെയ്യുന്നത് സങ്കടകരമായ വസ്തുതയാണ്. ധോനിയുടെ പരസ്യ കമ്പനിയിലുള്ളവരാണ് ഇന്ത്യയുടെ സ്ഥിരം കുപ്പായക്കാര്‍ എന്ന ആരോപണം ഇല്ലാതാക്കി, എല്ലാവര്‍ക്കും അവസരം നല്‍കുന്ന വിശാലമനസ്‌കതയിലേക്ക് നായകന്‍ വളരണം.
എന്ത് തന്നെയായാലും ഈ വളര്‍ച്ച അഭിമാനകരമാണ്. ഒളിമ്പിക്‌സില്‍ തോറ്റോടുകയും ഫുട്‌ബോളിലും ഹോക്കിയിലും കൊട്ട നിറയെ ഗോള്‍ വഴങ്ങുന്നവരുമായി മാറുമ്പോള്‍ ഉയര്‍ത്തി കാണിക്കാന്‍ നമുക്ക് ഒരു ഗെയിമെങ്കിലും ഉണ്ടല്ലോ.

Saturday, October 18, 2014

കാലത്തിന്റെ രേഖാചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു

കാലത്തിന്റെ രേഖാചിത്രം വരച്ച്
ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു




ഇനി പറയാം
പണ്ട് ഇതിലൂടെ ഒരു പൂഴ ഒഴുകിയിരുന്നു.
മലകളോട് പിണങ്ങി കടലിനോട് കൂട്ടുകൂടാന്‍പോയ
അതിന്റെ അടയാളമാണ് ആ കാണുന്നത്!

ഇനി പയാം
പണ്ട് കുറേ കുന്നുകളുണ്ടായിരുന്നിവിടെ!
മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളും
ആകാശംമുട്ടും കെട്ടിടങ്ങളും
അധികാരം സ്ഥാപിക്കുന്നതിന് മുമ്പുള്ള
ആ സുന്ദര കാഴ്ച്ചകാണാന്‍
വേണമെങ്കില്‍ നമുക്ക് നെറ്റിലേക്ക് പോകാം.

സത്യം, ഇവിടെയും മഴ പെയ്തിരുന്നു.
അങ്ങനെയാണവര്‍
മിഥുനവും കര്‍ക്കിടവും ചിങ്ങവും വരുന്ന നാളിനെ
വര്‍ഷകാലമെന്ന് വിളിച്ചത്(!)

കുഴല്‍ കിണറുകളും കുത്തകമുതലാളിമാരും
വരുന്നതിനുതൊട്ടുമുമ്പുവരെ
ഇവിടെയും വെള്ളം
വിലകൊടുക്കാതെ കിട്ടിയിരുന്നുവെന്ന്
വേണമെങ്കില്‍ വിശ്വസിക്കാം,
തര്‍ക്കിക്കാനില്ല, കാരണം
ന്യൂ ജനറേഷനാണ് ഞാനും.

അനാഥ മൃതദേഹങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അഷറഫ്...

അനാഥ മൃതദേഹങ്ങള്‍ക്കുവേണ്ടി
ജീവിതം സമര്‍പ്പിച്ച അഷറഫ്...


എബി കുട്ടിയാനം

ചില ജീവിതങ്ങള്‍ അങ്ങനെയാണ്, മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു തീര്‍ക്കുന്ന സുകൃതജന്മങ്ങള്‍...ഞാന്‍ മാത്രം എന്ന ചിന്തയില്‍ കൂടുതല്‍ സുഖം തേടി ഓടുന്ന മനുഷ്യര്‍ ഏറിവരുന്ന ലോകത്ത് അത്തരക്കാര്‍ വിസ്മയ കാഴ്ചയാണ്...സങ്കടപ്പെടുന്നവന്റെ മുന്നില്‍ സാന്ത്വനത്തിന്റെ തലോടല്‍പകര്‍ന്ന്, വെയിലേറ്റ്, മഴനനഞ്ഞ് ഓടിനടക്കുന്ന ചില ആളുകള്‍ ഇപ്പോഴും ഭൂമിയില്‍ എവിടെയൊക്കെയോ ബാക്കിയുണ്ട്. ജനം വല്ലാതെ ക്രൂരമായപ്പോഴും ഭൂമിയെ ദുരന്തങ്ങളില്ലാതെ ദൈവം കാത്തുവെക്കുന്നത്  ഇത്തരം നല്ല മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നതുകൊണ്ടായിരിക്കും.
കോഴിക്കോട് താമരശ്ശേരി അഷറഫിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെട്ടുപോകുന്നു മനസ്സ്. 
ജീവിതത്തിന്റെ അരി തേടി അറേബ്യന്‍ ഗള്‍ഫിലേക്ക് വിമാനം കയറുകയും സ്വപ്നങ്ങള്‍ പൂവണിയും മുമ്പ് അവിടെ വെച്ചുതന്നെ മരിച്ചുപോവുകയും ചെയ്യുന്ന പാവങ്ങളുടെ മയ്യിത്ത് അവരുടെ നാട്ടിലേക്ക് കയറ്റി അയച്ച് നിര്‍വൃതി കൊള്ളുന്ന മഹാമനസ്സിന്റെ ഉടമയാണയാള്‍.  ഒരു ദിവസം വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കരയുടെ വീട്ടിലെത്തിയപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിനിടയില്‍ യഹ്‌യച്ച അഷറഫിന്റെ സമാനതകളില്ലാത്ത പുണ്യ പ്രവൃത്തിയെക്കുറിച്ച് ഒരുപാട് പറഞ്ഞുതന്നു.
കൂടുതല്‍ അറിഞ്ഞതോടെ അഷറഫ് കൂടുതല്‍ കൂടുതല്‍ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. അപകടത്തില്‍പ്പെട്ട് പിടയുന്നവന്റെ ദയനീയമുഖം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അതിനെ വാട്‌സ് അപ്പിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്ത് ലൈക്കും കമന്റും വാങ്ങാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ വാഴുന്ന നാട്ടില്‍ അല്ലെങ്കിലും എങ്ങനെയാണ് അഷറഫ് വിസ്മയമാകാതിരിക്കുന്നത്.
    000                000               000
അവസാന ശ്വാസത്തിനു ശേഷവും ~ഒന്ന് സഹായത്തിനെത്താന്‍ ആരാരുമില്ലാത്ത ആയിരത്തിഅറന്നൂറോളം മൃതഹങ്ങളെയാണ് സ്വന്തം കൈകൊണ്ട് ഏറ്റുവാങ്ങി സംസ്‌ക്കരിക്കുകയോ നാട്ടിലേക്ക് കയറ്റി അയക്കുകയോ ചെയ്തത്.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍പോലും ഇടനിലക്കാരനായി നിന്നുകൊണ്ട് കമ്മിഷന്‍ പറ്റുന്ന മനുഷ്യന്‍ ജീവിക്കുന്ന ലോകത്ത് ഒരുരൂപ പോലും വാങ്ങാതെ സ്വയം സമര്‍പ്പിക്കുന്ന അഷറഫിന്റെ സേവനങ്ങളെ ഞാനെങ്ങനെയാണ് പറഞ്ഞുമുഴുപ്പിക്കേണ്ടത്
നന്മകൊണ്ട് മൂടിയ ഒരു വിസ്മയത്തിന്റെ കഥയാണ് അഷറഫ്...
പച്ചപിടിക്കാത്ത സൗദി ജീവിതത്തിനൊടുവില്‍ അജ്മാനിലെത്തിയ ദിവസങ്ങളിലൊന്നില്‍ അഷറഫ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ രോഗിയായി കിടക്കുന്ന ബന്ധുവിനെ കാണാന്‍ പോകുന്നു. അവിടെ നിന്ന് തിരിച്ചുവരുമ്പോള്‍ ആസ്പത്രി വരാന്തയില്‍ താങ്ങാനാവാത്ത ദു:ഖത്തോടെ രണ്ടുചെറുപ്പക്കാര്‍ ഇരിക്കുന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അച്ഛന്‍ മരിച്ചിരിക്കുന്നുവെന്നും കുറേ നടപടി ക്രമങ്ങളുണ്ട് എന്തു ചെയ്യണമെന്നറിയില്ലെന്നും അവര്‍ ദയനീയമായി പറഞ്ഞു. അന്ന് അവരെ സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു തുടക്കം...പിന്നീട് പത്തുവര്‍ഷങ്ങള്‍....38 രാജ്യങ്ങളിലേക്കായി 1600 മൃതദേഹങ്ങള്‍ കയറ്റി അയച്ചു. സഹായത്തിന് ഒരാളെപോലും ഒപ്പം കൂട്ടാതെ, ഭാഷയും ദേശവുമറിയാത്ത ഏതോ അമ്മയുടെ മകനെ അവസാനമായി ഒരു നോക്കുകാണാന്‍, ആ നെറ്റിതടത്തില്‍ ഒരു ഉമ്മ വെക്കാന്‍ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലേക്കെത്തിക്കാന്‍ അഷറഫ് നെട്ടോട്ടമോടും.
ഗള്‍ഫില്‍ ഒരു മരണം നടന്നാല്‍ പോലീസും സന്നദ്ധ സംഘടനകളും ആദ്യം വിളിക്കുന്നത് അഷറഫിനെയാണ് അജ്മാനില്‍ വര്‍ക്ക്‌ഷോപ്പ് കട നടത്തുന്ന അഷറഫ് എല്ലാം വിട്ട് ഓടിപോകും. പിന്നെ ആ ബോഡി വിമാനം കയറും വരെ അഷറഫിന് ഭക്ഷണോ വിശ്രമോ ഇല്ല.
നടുറോഡില്‍ ചിന്നിചിതറിയവനെ, ഷോക്കടിച്ച് പ്രകൃതം  തന്നെ മാറി  വികൃതമായിപോയവനെ, വെള്ളത്തില്‍ മുങ്ങി തടിച്ച് വീര്‍ത്തവനെ...അങ്ങനെ അങ്ങനെ നാമൊക്കെ മാറി നില്‍ക്കുന്ന അനാഥമൃതദേഹങ്ങള്‍ക്കരികിലേക്ക് അവരുടെ ബന്ധുക്കളെത്തും മുമ്പ് അഷറഫ് ഓടിയെത്തും.
ഇവിടെ മോര്‍ച്ചറിയില്‍ നിന്ന് ഒരു മൃതദേഹം വിട്ടുകിട്ടുന്നതുപോലെയല്ല ഗള്‍ഫിലെ അവസ്ഥ. പ്രവാസികളുടെ ബോഡി നാട്ടിലെത്തിക്കണമെങ്കില്‍ അവിടെ ആയിരം കടമ്പകളുണ്ട്. ചിലപ്പോള്‍ മരിച്ചവര്‍ക്ക് അഡ്രസ്സ്  പോലുമുണ്ടാവില്ല, ആദ്യം അത് കണ്ടെത്തണം, അതിനുവേണ്ടിയുള്ള നെട്ടോട്ടം, ബന്ധുക്കളുടെ സമ്മതപത്രം, പിന്നെ  ഓരോരോ ഓഫിസുകളുടെ ഫയല്‍  കാര്യങ്ങള്‍, എല്ലാം ശരിയായാല്‍ ബോഡി നാട്ടിലേക്ക് കയറ്റിയയക്കാന്‍ എയര്‍ടിക്കറ്റ് വേണം അതിനുവേണ്ടി ആരുടെയൊക്കെയ വാതിലില്‍ മുട്ടണം. സ്വന്തം കാര്യത്തിനുവേണ്ടി ഒരിക്കല്‍ പോലും മറ്റുള്ളവരോട് സഹായം ചോദിച്ചിട്ടില്ലാത്ത അഷറഫ് ആര്‍ക്കൊക്കെയോ വേണ്ടി എന്തു  ത്യാഗവും  ചെയ്യും. ട്രാഫിക് ജാമില്‍ ഇത്തിരി നേരം കുടുങ്ങിപോകുമ്പോള്‍ ക്ഷമനശിക്കുന്ന നമുക്കൊരിക്കലും അഷറഫിന്റെ ത്യാഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല.
  000             000               000
ഇവിടുത്തെ ചെറിയ പൊതുപ്രവര്‍ത്തകര്‍  പോലും ആളുകളുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കും, അല്ലെങ്കില്‍ അറ്റന്റുചെയ്യാതെ എല്ലാ കോളുകളേയും മിസ്‌കോളുകളാക്കി മാറ്റും. എന്നാല്‍ ഏതു പാതിരാത്രിയിലും അഷറഫിന്റെ ഫോണ്‍ അലേര്‍ട്ടാണ്. അനാഥരായിപോകുന്ന ഏതെങ്കിലും മൃതദേഹത്തിനുവേണ്ടി ആരുടെയെങ്കിലും വിളിവരും, പരാതിപറയാതെ, ഇപ്പോള്‍ ആവില്ലെന്ന മറുപടിയില്ലാതെ ഓടിപ്പോവും, ശരീരത്തിന്റെ അവസാനചൂടും തണുപ്പിന് വഴിമാറുന്നതിന് മുമ്പ് അയാളുടെ കണ്ണുപോലും അടഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യന്റെ കണ്‍പോളകളെ അമര്‍ത്തി, താടിയെല്ലിനൊരു തുണികഷ്ണം നീട്ടികെട്ടി, വയറിന്റെ മുകളില്‍  ചെറിയകനമുള്ള എന്തെങ്കിലും എടുത്ത് വെച്ച് പുറത്തിറങ്ങും. പിന്നെ ഓരോ കടലാസുകള്‍ക്കുവേണ്ടി ഓഫീസുകളില്‍ നിന്ന് ഓഫീസുകളിലേക്കുള്ള ഓട്ടമാണ്...
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഏതോ ഒരു രാജ്യത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കറിയില്ല, കാണാന്‍ കൊതിച്ച ആ മുഖത്തെ ഇവിടെ എത്തിക്കാന്‍  ഒരു മനുഷ്യന്‍ അവിടെ പെടാപാടുപെടുകയാണെന്ന്. അല്ലെങ്കിലും അഷറഫിന് എങ്ങനെ ഒരാഗ്രഹം ഇല്ലല്ലോ, ആരെയും അറിയിക്കാനോ അംഗീകാരങ്ങള്‍ വാങ്ങികൂട്ടാനോ അല്ല അഷറഫിന്റെ ഈ സേവനങ്ങളൊന്നും...
   000             000              000
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അഷറഫിന്റേത്. ചോര്‍ന്നൊലിക്കുന്ന പുരയും അര്‍ദ്ധപട്ടിണിയും.... അങ്ങനെയുള്ള ഒരു മനുഷ്യന്‍ ആഗ്രഹിക്കുക എങ്ങനെയെങ്കിലും പണം സമ്പാദിച്ച് ജനങ്ങളുടെ മുന്നിലൊന്ന് വിലസികനടക്കണമെന്നായിരിക്കും. എന്നാല്‍ അഷറഫ് നിരന്തരം ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് പണം(!) പണച്ചാക്കില്‍ കിടന്നുറങ്ങിയവരൊക്കെ മരിച്ചുകിടക്കുന്നത്  കാണുന്നില്ലെ. എത്ര സമ്പന്നരുടെ മൃതദേഹങ്ങളെയാണ് ഞാന്‍ കയറ്റി  അയച്ചത്. ഇവിടത്തെഎത്ര വലിയ സാമൂഹ്യ പ്രവര്‍ത്തകനും പറയും ഞാന്‍ എന്തായാലും ഇങ്ങനെയൊക്കെ ആയി. എന്റെ മക്കളെയങ്കിലും ഡോക്ടറോ  എഞ്ചീനിയറോ ആക്കി നല്ല നിലയിലെത്തിക്കണം. എന്നാല്‍ അഷറഫ് ഇവിടെയും നമ്മെ വിസ്മയിപ്പിച്ച്  കളയുന്നു.
എന്റെ  മക്കളും എന്നെപോലെ അനാഥ മയ്യത്തുകള്‍ക്ക് കൈതാങ്ങാവട്ടെ എന്ന് അഷറഫ് പറയുമ്പോള്‍ പകച്ചുപോകുന്നു  മനസ്സ്.
മരണവീട്ടിലും   ദുരന്തഭൂമിയിലും സേവനം അഭിനയിച്ചു തീര്‍ക്കുന്ന നമ്മള്‍ക്ക് അഷറഫിനെക്കുറിച്ച് പറയാന്‍പോലും അര്‍ഹതയില്ലാതാവുന്നു...
ചോട്ടാ നേതാവാകുന്നതെടെ ജനങ്ങളുടെ ആവശ്യം അയാള്‍ക്ക് ശല്ല്യമാവുന്നു...പിന്നെ ഏതു നേരവും അയാള്‍ സ്വിച്ച് ഓഫോ ലൈന്‍ ബിസിയോ ആയിരിക്കും...ആരും വിളിക്കരുതേയെന്ന് അയാള്‍  ആഗ്രഹിക്കുന്നു...
എന്നാല്‍  ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാത്ത അഷറഫിന്റെ മൊബൈല്‍ സദാസമയവും അലേര്‍ട്ടാണ്...
 സഹായഭ്യര്‍ത്ഥനുമായി ഏതു സമയവും ഒരു വിളിവരുമെന്ന് അഷറഫ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍പോലും തന്റെ ബാറ്ററി ലോ ആവരുതെന്നത് അഷറഫിന്റെ നിര്‍ബന്ധമാണ്.
 000            000          000 

അനുഭവങ്ങളുടെ ആയിരം കഥകളുണ്ട് അഷറഫിന്റെ മനസിന്റെ  ഫോള്‍ഡറില്‍...
ഒരു ഇംഗ്ലീഷുകാരന്‍ മരിച്ചപ്പോള്‍ ഗള്‍ഫില്‍ ഭാര്യ ഒറ്റപ്പെട്ടുപോയി. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന ആ പാവം  സ്ത്രീയുടെ  മുന്നിലേക്ക് അഷറഫ് രക്ഷകനായെത്തി. ഒരു സഹോദരനെപോലെ  കൂടെ നിന്ന് അവരുടെ ഭര്‍ത്താവിന്റെ ബോഡി കാര്‍ഗോ ടെര്‍മിനലിലേക്ക് എത്തിച്ചു.  ഒടുവില്‍ പിരിയാന്‍ നേരം  ഒരു  കെട്ട് ഡോളര്‍ അവര്‍ നല്‍കി. അഷറഫ് അത് വാങ്ങാതെ പുഞ്ചിരിച്ചു. ഡോളറുകൊണ്ട് അളക്കാനുള്ളതല്ലല്ലോ മനുഷ്യ സ്‌നേഹമെന്ന് അഷറഫ് പറയാതെ പറഞ്ഞു.
മറ്റൊരു  അനുഭവം പറയുമ്പോള്‍ അഷറഫിന്റെ കണ്ണ് നിറയും...അജ്മാനിലെ മീന്‍ മാര്‍ക്കറ്റിലേക്ക് സ്ഥിരമായി ചെല്ലാറുള്ള അഷറഫ് ഒരു  ദിവസം അവിടെയെത്തിയപ്പോള്‍ ഒരാള്‍ നിറഞ്ഞ  പുഞ്ചിരിയോടെ അഷറഫിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു. ഇങ്ങളെപ്പറ്റി വന്നവാര്‍ത്തയും  ടിവിയില്‍വന്നകാര്യങ്ങളും ഞമ്മള്‍ കണ്ട്ക്ക്ണ്, നല്ല  കാര്യ ങ്ങ്‌ള് ചെയ്യുന്നെ...ഒന്നുല്ലെങ്കിലും ഇവിടെന്ന് മരിച്ചുപോയാല്‍ മ്മക്ക് മ്മാന്റേയും ബാപ്പാന്റെയും ഖബറിനരികില്‍പോയി കെടക്കാലോ... നല്ല കാര്യ അഷറഫ് ബായ് ങ്ങ്‌ള് ചെയ്യുന്നേ...അവസാനം പിരിയാന്‍ നേരം ങ്ങള് നമ്പറൊന്ന് കുറിച്ച് തരീന്‍ എന്ന് മലപ്പുറം  ഭാഷയില്‍ ആ മീന്‍ വില്‍പ്പനക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ നമ്പര്‍ കൊടുത്ത് അഷറഫ്  പിരിഞ്ഞു...
പിറ്റേന്ന് അതി  രാവിലെ  ബെല്ലടിക്കാന്‍ തുടങ്ങി.അജ്മാന്‍ മീന്‍ മാര്‍ക്കറ്റിലെ ഒരു കച്ചവടക്കാരനാണ് വിളിക്കുന്നത്. അഷറഫ്  ബായ് മ്മടെ മീന്‍ മാര്‍ക്കറ്റിലെ  ഒരാള്‍ ഇന്നലെ  അറ്റാക്കായി മരിച്ചിരിക്കുന്നു. അജ്മാനിലെ  അല്‍ഷറൂഖ് പ്രൈവറ്റ് ക്ലീനിക്കിലാണ് ബോഡി  ഉള്ളത്. ഇങ്ങള് വേണ്ടത്‌ചെയ്യണം. അഷറഫ്  ഓടികിതച്ചെത്തിയപ്പോള്‍  ഒരുമ നുഷ്യ രൂപം വെള്ളപുതച്ച് കിടക്കുന്നു. മയ്യിത്തിന്റെ മുഖം അങ്ങനെ നോക്കാറില്ലാത്ത അഷറഫ് അന്ന് വെറുതെ ആ പുടവ മാറ്റി  നോക്കി. സുബ്ഹാനള്ള ..അത് അയാളായാരുന്നു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ വെച്ച് സംസാരിച്ച്  നമ്പര്‍ വാങ്ങിയ ആ  മത്സ്യവില്‍പ്പനക്കാരന്‍.
ഒരുപാട് കഥകള്‍  പറയുമ്പോഴും വേദനയുടെ  അനുഭവങ്ങളും ധാരാളമുണ്ട്. 
ഒരു ചെറുപ്പക്കാരന്റെ ബോഡി എല്ലാ ക്ലിയറന്‍സും കഴിഞ്ഞ് കയറ്റി അയച്ച് പോകാന്‍ നേരത്ത് കുടെയുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞു. എന്റെ കാറുള്ളത് രണ്ട് കിലോമീറ്റര്‍ അപ്പുത്താണ്. ഒന്ന് അവിടെ ഡ്രോപ്പ് ചെയ്യാമോ...അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു അയാളുടേത്. എനിക്ക് സമയമില്ല. ഇന്ന നിങ്ങളുടെ പൈസ പിടിച്ചോ. പാഴ്‌സില്‍ നിന്ന് എടുത്തു നീട്ടിയ കാശ് നിരസിച്ച് ഞാന്‍ പണം വാങ്ങാറില്ല എന്ന് പറയുമ്പോഴും അയാളുടെ മുഖത്ത് നന്ദിയുടെ  ഒരു പുഞ്ചിരി  പോലും ഉണ്ടായിരുന്നില്ലത്രെ.
പെരുന്നാള്‍ ദിവസം ഒരു മയ്യത്തിനെ  കയറ്റി അയക്കാന്‍ അതിരാവിലെ പോയി പാതിരാനേരത്ത് തിരിച്ചുവന്നതടക്കമുള്ള  നിരവധി കഥകളാണ് അഷറഫിന്  പങ്കുവെക്കാനുള്ളത്. അനാഥമയ്യത്തുകളും അപകട  സംഭവവും ഇല്ലാത്ത ദിവസം തന്റെ ഷോപ്പിലെത്തി കൂടുതല്‍ പണമുണ്ടാക്കണമെന്ന് ചിന്തിക്കാതെ, ഏതെങ്കിലും ആസ്പത്രിയില്‍പോയി നിര്‍ധനരായ രോഗികളെ സാന്ത്വനിപ്പിക്കും.

്‌നല്ല മനുഷ്യരുടെ കൂടെ ദൈവമുണ്ട്
മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം  ജീവിക്കുന്ന ആളുകള്‍ നമുക്ക്മുന്നില്‍ പരിഹാസ്യ  കഥാപാത്രങ്ങളാണ്. ഇയാള്‍ക്കു വെറേ പണിയൊന്നുമില്ലെ എന്ന് വെറുതെ ചോദിക്കും. സഹായം ലഭിക്കുന്നവര്‍പോലും മനസ്സുകൊണ്ട് പറയും ഇയാളെന്തിന് എന്നെ ഇങ്ങനെ സഹായിക്കുന്നു. എന്തെങ്കിലും ലാഭമോ ലക്ഷ്യമോ ഉണ്ടായിരിക്കും.
എന്നാല്‍ നല്ല മനുഷ്യന്റെകൂടെ എന്നും ദൈവം കൈപിടിക്കാനുണ്ടാകുന്നു. തന്റെ വര്‍ക്ക്‌ഷോപ്പിലേക്ക്  കയറിചെല്ലാന്‍ പോലും അഷറഫിന് നേരമുണ്ടാവുന്നില്ല. എന്നാല്‍ തന്റെ പാര്‍ട്ട്ണറായുള്ള മനുഷ്യന്‍ കനിവിന്റെ മുഖമാണ്. ഒരു പരാതിയും പറയാതെ, മുഖം കറുപ്പിക്കാതെ  കിട്ടുന്നതിന്റെ പകുതി അയാള്‍ നല്‍കും.  അഷറഫ് പോയ്‌ക്കോളും ഇവിടെ ഞാന്‍ നോക്കികൊള്ളമെന്ന പാര്‍ട്ണറുടെ ആ വാക്കുപോലും ദൈവത്തിന്റേതായിരിക്കും.
കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ ആരായാലും തളര്‍ന്നുപോകും. ഇവിടെയും അഷറഫിന്റെ ജീവിതം പുണ്യമാണ്. ഗള്‍ഫിലുള്ള ഭാര്യ സുഹറയും മക്കളും അഷറഫിന്റെ എല്ലാ നന്മകള്‍ക്കും സര്‍വ്വപിന്തുണയുമായി എന്നും കൂട്ടിനുണ്ട്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍ അത് ഏതു പാതിരാത്രിയായാലും കുപ്പായവുമായി സുഹ്‌റ ഓടിയെത്തും. ബാപ്പയുടെ  സേവനത്തെ കൊതിയോടെ  കാണുന്ന മക്കളായ ഷാഫിയും ഷിഫാനയും അമീനും ഒരു  നല്ല മനുഷ്യന് ദൈവം  നല്‍കിയ സൗഭാഗ്യമാവുന്നു.
ഒന്നരപതിറ്റാണ്ടിന്റെ  പ്രവാസത്തിനിടയില്‍ അഷറഫ് ഒരിക്കല്‍പോലും ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ല. പണം കൂട്ടിവെക്കലാണ് ജീവിത വിജയമെന്ന് കണക്കുകൂട്ടാത്ത മനുഷ്യന് അല്ലെങ്കിലും എന്തു സമ്പാദ്യം. എന്നാല്‍ അഷറഫിന്റെ പോക്കറ്റില്‍ ഒരു എ.ടി.എം കാര്‍ഡ് കാണാം. ആ  കാര്‍ഡിലെ പേര് അഷറഫിന്റേതല്ല. അത് ജമാല്‍ ഈസ അഹമ്മദ് എന്ന പേരാണ്. ഈസ അഹമ്മദ് ആരെന്നറിയാമോ(?) അത് അഷറഫിന്റെ സ്‌പോണ്‍സറായ അറബിയാണ്.
എപ്പോഴെങ്കിലും പണം ആവശ്യമായി  വന്നാല്‍ എടുത്തോളു എന്ന് പറഞ്ഞ് തന്റെ ബാങ്ക് തന്നെ നല്‍കിയ അറബി അഷറഫിന് മുന്നില്‍ ദൈവം കൊണ്ടുവന്ന മറ്റൊരു അനുഗ്രഹമാണ്.
   000          000           000
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ഉപ്പയെ കൊന്ന മക്കളുടെ കഥ നമ്മള്‍ ഇന്നലെയുംവായിച്ചു. അപകടം കണ്ടാസ്വദിക്കാനുള്ളതാണ് എന്ന് വിളിച്ചുപറയുന്ന ന്യൂജനറേഷന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ നമുക്ക് പിന്നെയും കാണേണ്ടിവന്നു. സഹോദരനോട് ഒരു നല്ല വാക്കുപോലും പറയാനാവാതെ മനസ്സ് ഇടുങ്ങിപോകുമ്പോള്‍ അഷറഫിന്റെ സേവനങ്ങളെ എങ്ങനെയാണ് നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയുക...
ആരാരുമില്ലാത്തവന്റെ  മുന്നിലേക്ക് ദൈവം ചിലപ്പോള്‍ വേഷം മാറി  വരും... ഒന്ന് ചലിക്കാനാവാതെ അവസാന ശ്വാസവും നിലച്ച് ഏതോ രാജ്യത്ത് നിശ്ചലനായി കിടക്കുന്ന   മനുഷ്യന്റെ അരികിലേക്ക് ഓടിയെത്തുന്ന ആ മുഖം ദൈവം പറഞ്ഞയക്കുന്ന മാലാഖയല്ലാതെ മറ്റെന്താണ്(!)
അഷറഫ്ക്ക സോറി...ഈ നന്മയെ പകര്‍ത്തിയെഴുതാനാവുന്നില്ല...ഭാഷകള്‍ മതിയാവാതെ വരുന്നു, വാക്കുകള്‍ ക്രമം തെറ്റുന്നു...ഹൈടെക്ക് കാലത്തെ ഫേസ്ബുക്കുകാരന്റെ അതെ ഭാഷയില്‍  ഞാന്‍ പറഞ്ഞോട്ടെ....നോ വേര്‍ഡ്‌സ്...
കടപ്പാട്:  യഹ്‌യ തളങ്കര, ബഷീര്‍ തിക്കോടി