Monday, October 20, 2014

ആധികാരികത ഇനി ഇന്ത്യയുടെതാണ്...

ആധികാരികത ഇനി ഇന്ത്യയുടെതാണ്...

എബി കുട്ടിയാനം

ക്രിക്കറ്റിനെ കണ്ടുപിടിച്ചവരും അതിനെ കയ്യടക്കിവെച്ചവരും ക്ഷമിക്കുക. കാലം മാറി കഥമാറി....ആ ആധികാരികത ആസ്‌ത്രേലിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് ഏഷ്യന്‍ വന്‍കരയിലെ ഇന്ത്യാമഹാരാജ്യത്തിലേക്ക് വന്നെത്തി കൊടി കുത്തിയിരിക്കുന്നു. ഇനി ഇന്ത്യയുടേതാണ് ക്രിക്കറ്റ്...ഇന്ത്യ ഭരിക്കും, ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും....കണ്ടു നില്‍ക്കുക, അല്ലെങ്കില്‍ ഒഴിഞ്ഞുമാറുക....
പ്രിയപ്പെട്ട ധോനി നന്ദി...വെള്ളക്കാര്‍ക്ക് ഇപ്പോഴും നമ്മോട് ആ പുച്ഛമുണ്ട്, നമുക്ക് നമ്മുടെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരവുമുണ്ട്, രാജ്യം എത്രയോ പുരോഗതി നേടിയെങ്കിലും നമ്മള്‍ അവര്‍ക്കുമുന്നില്‍ ഇപ്പോഴും ഒരു മൂന്നാംകിട പൗരന്മാര്‍ തന്നെയാണ്...
ധോനി... ആ സങ്കടത്തെ ബാറ്റു ബോളും കൊണ്ട് താങ്കളുടെ ടീം മഴവില്‍ സിക്‌സറിലൂടെ മായ്ച്ചുകളയുമ്പോള്‍ ഞങ്ങളുടെ  ദേശീയ വികാരത്തിന് പറഞ്ഞറിയിക്കാനാവാത്ത ത്രില്ലുണ്ട്. ആസ്‌ത്രേലിയേയും ഇംഗ്ലണ്ടിനെയും തോല്‍പ്പിക്കുമ്പോള്‍ ക്രിക്കറ്റിലെ ഒരു ജയം മാത്രമല്ല അതിനപ്പുറം ആയിരം അര്‍ത്ഥങ്ങളുണ്ടതിന്. അതെ, പഴയ കോളനിക്കാരന്റെ അതിജീവനത്തിന്റെ കഥയാണത്, ഞങ്ങള്‍ നിങ്ങളേക്കാള്‍ വളര്‍ന്നുവെന്നുള്ള വിളിച്ചുപറയലാണത്....ബ്രാഡ്മാന്റെയും ഡേവിഡ് ഗവറിന്റെയും പാരമ്പര്യം അവകാശപ്പെട്ടിട്ട് കാര്യമില്ല, നിങ്ങളുടെ കാലം കഴിഞ്ഞു, ഇനി ക്രിക്കറ്റ് ഞങ്ങളുടേതാണ്. ഒരു എം.എസ്.ധോനിയില്‍ തീരുന്നതാണ് ഈ പൊട്ടിത്തെറിയെന്ന് കരുതിയെങ്കില്‍ തെറ്റി, തലമുറകളിലേക്ക് കൈമാറുന്ന പ്രതിഭാ സമ്പത്താണ് ഇന്ത്യയുടെ കരുത്തെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ(?) ഉന്മുക് ചന്ദും സോളങ്കിയും നാളെയുടെ ചക്രവര്‍ത്തിയിലേക്കുള്ള സൂചന നല്‍കുമ്പോള്‍ അര്‍മാന്‍ ജാഫറിനെപ്പോലെ കുഞ്ഞുപ്രായത്തില്‍ തന്നെ ഒരിന്നിംഗ്‌സില്‍ ഒന്നിലേറെ തവണ 400 റണ്‍സടിച്ച് വിസ്മയം സൃഷ്ടിച്ച താരങ്ങളും നാളെയുടെ വാഗ്ദാനങ്ങളാണെന്ന് നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേക്കും യോഗ്യരായ ഒത്തിരി താരങ്ങളാണ് ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്ന് വളര്‍ന്നുവരുന്നത് എന്നറിയുമ്പോള്‍ ക്രിക്കറ്റ് ലോകമേ ഒന്നു പറഞ്ഞോട്ടെ, വരും കാലവും നിങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെതല്ല, അതും ഞങ്ങളുടേത് മാത്രമായിരിക്കും...
    000               000              000
പണവും പെണ്ണുമായി ചിലര്‍ ക്രിക്കറ്റിനെ കളങ്കപ്പെടുത്തിയപ്പോള്‍ രാജ്യത്തെ കായിക പ്രേമികള്‍ കളിയില്‍ നിന്ന് മുഖം തിരിച്ചിരുന്നു. എല്ലാ ആവേശവും ചോര്‍ന്നുപോയ നേരത്ത് ക്രിക്കറ്റിനോട് തന്നെ അവര്‍ക്ക് പുഛമായിരുന്നു.
എന്നാല്‍ ഈ വിജയങ്ങളെ കാണാതിരിക്കാനാകുമോ(?) ഈ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ(?)  ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടതിന് തൊട്ടു പിന്നാലെ കരീബിയന്‍ ദ്വീപില്‍ വീണ്ടും അല്‍ഭുതം കാണിച്ചിരിക്കുന്നു ധോനി കൂട്ടം. വിര്‍മശകരേ വായടക്കുക, സ്വദേശത്തുമാത്രമല്ല വിദേശത്തും ഇന്ത്യ പുലികള്‍ തന്നെയാണ്. തോല്‍ക്കുന്ന കളികളെപ്പോലും എങ്ങനെ ജയിപ്പിച്ചെടുക്കാമെന്ന് ഇന്ത്യയുടെ പ്രതിഭ നിറഞ്ഞ കളിക്കാര്‍ പഠിച്ചെടുത്തിരിക്കുന്നു.
ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നാടകീയമായി തോല്‍പ്പിച്ച ആ ത്രില്ല് തീരും മുമ്പാണ് മറ്റൊരു ആവേശ വിജയം കൂടി വന്നെത്തിയിരിക്കുന്നത്.
വെസ്റ്റിന്റിസില്‍ നടന്ന ത്രിരാഷ്ട്ര കപ്പിലെ ഫൈനല്‍ ഒരിക്കലും മറക്കാനാവില്ല. എം.എസ്.ധോനിയെപ്പോലുള്ള മാച്ച് ഫിനീഷര്‍മാര്‍ ഇന്ത്യയുടെ സൗഭാഗ്യമാണ്. പ്രതിസന്ധികള്‍ക്കുമുന്നില്‍ പതറിപ്പോവുന്ന ശരാശരിക്കാരില്‍ നിന്ന് പ്രതിസന്ധികള്‍ക്കുവേണ്ടി കാത്തിരിക്കുന്ന പോരാളികളായി നമ്മുടെ താരങ്ങള്‍ വളര്‍ന്നു.
ഓരോ ടൂര്‍ണ്ണമെന്റും ഒരു വിജയത്തിനുമപ്പുറം ഒന്നിലേറെ നല്ല താരങ്ങളെക്കൂടി സംഭാവന നല്‍കികൊണ്ടാണ് കടന്നുപോവുന്നത്. കോലിയും ജഡേജയും തുരുപ്പുചീട്ടുകളായ ശേഷം ഭുവനേശ്വറും പൂജാരയുമായി പിന്നെയം പിന്നെയും താരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
നായകന്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അണികള്‍ ഊര്‍ജ്വസ്വലരാവും, അത് തന്നെയാണ് എം.എസ്.ധോനിയിലൂടെ രാജ്യം ദര്‍ശിക്കുന്നത്.
ക്രിക്കറ്റിലെ ഒത്തിരി നേട്ടങ്ങളിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ എം.എസ്.ധോനിയോട് രാജ്യം കടപ്പെട്ടിരിക്കുന്നു. എങ്കിലും ടീം സെലക്ഷന്റെ കാര്യത്തില്‍ ധോനിയിലെ സ്വാര്‍ത്ഥന്‍ ഒന്നു കൂടി നിഷ്പക്ഷത കാണിച്ചാല്‍ അത് ധോനിയുടെ മഹത്വത്തിന് കൂടുതല്‍ തിളക്കമേകും.
ധോനിയുടെ ഗ്രൂപ്പിസത്തില്‍ ഉള്‍പ്പെടാത്ത പല താരങ്ങളും പലപ്പോഴും പടിക്ക് പുറത്താവുന്നതും ഇഷ്ടക്കാര്‍ നിലയവിദ്വാന്മാരായി തുടരുകയും ചെയ്യുന്നത് സങ്കടകരമായ വസ്തുതയാണ്. ധോനിയുടെ പരസ്യ കമ്പനിയിലുള്ളവരാണ് ഇന്ത്യയുടെ സ്ഥിരം കുപ്പായക്കാര്‍ എന്ന ആരോപണം ഇല്ലാതാക്കി, എല്ലാവര്‍ക്കും അവസരം നല്‍കുന്ന വിശാലമനസ്‌കതയിലേക്ക് നായകന്‍ വളരണം.
എന്ത് തന്നെയായാലും ഈ വളര്‍ച്ച അഭിമാനകരമാണ്. ഒളിമ്പിക്‌സില്‍ തോറ്റോടുകയും ഫുട്‌ബോളിലും ഹോക്കിയിലും കൊട്ട നിറയെ ഗോള്‍ വഴങ്ങുന്നവരുമായി മാറുമ്പോള്‍ ഉയര്‍ത്തി കാണിക്കാന്‍ നമുക്ക് ഒരു ഗെയിമെങ്കിലും ഉണ്ടല്ലോ.

No comments:

Post a Comment