ധോനി
ഞാനൊരിക്കലും നിന്റെ ഫാനായിരുന്നില്ല
നിന്റെ ഒരു ഹെലികോപ്‌ടറും
എന്റെ ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടുമില്ല
നിന്റെ ഒരു സിക്‌സറും എന്നെ മതിപ്പിച്ചിട്ടില്ല
അഞ്ചോവര്‍ നേരത്തെ തീര്‍ക്കാവുന്ന മത്സരത്തെ
അവസാന പന്തുകളിലേക്ക് കൊണ്ടുപോയി
രാജ്യത്തെ ടെന്‍ഷനടപ്പിക്കുന്ന നിന്റെ
ബാറ്റിംഗ് ഒരിക്കലും ബിഗ് ഫിനീഷറുടേതായിരുന്നില്ല
ധോനി
നീ നല്ലൊരു കളിക്കാരനേയല്ല
പക്ഷെ നീ ഭാഗ്യവാനാണ്
നായകനാവാന്‍ ആരുമില്ലാത്ത കാലത്തായിരുന്നു
നീ ഇന്ത്യന്‍ ടീമിലെത്തിയത്
നീയല്ല ഭുവനേശ്വര്‍ കുമാറോ ബാലാജിയോ
ക്യാപ്‌റ്റനായാല്‍ പോലും ജയിക്കുന്ന താരനിബിഡമായ
ടീമിനെയാണ് നിനക്ക് കിട്ടിയത്
നല്ല കളിക്കാരുടെ മികവ് കൊണ്ട് മാത്രമാണ് നീ ജയിച്ചത്
അല്ലാതെ നിന്റെ മിടുക്കുകൊണ്ടല്ല
ഇപ്പോള്‍ പൂനെ ടീമിലെത്തിയപ്പോള്‍
നിന്റെ കയ്യില്‍ വജ്രായുധങ്ങളൊന്നുമില്ല
തോറ്റ് തൊപ്പിയിടുന്ന നിന്നെ നോക്കി രാജ്യം
പറയുന്നുണ്ട് ധോനി നീ നല്ല നായകനേയല്ലെന്ന്

എബി കുട്ടിയാനം
നമ്മള്‍ ചെയ്‌തുവെച്ച ക്രൂരതകള്‍ക്ക് പ്രകൃതി പകരം ചോദിക്കുക തന്നെ
ചെയ്യും. കൂടുതല്‍ പണം തേടി ജീവിതത്തെ അടിച്ചുപൊളിക്കാനുള്ള
നെട്ടോട്ടത്തിനിടയില്‍ കണ്ണില്‍ കണ്ട മരങ്ങളെയും ചെടികളെയും
വെട്ടിമാറ്റിയതിന് ഭൂമി നല്‍കുന്ന ശിക്ഷയാണ് ഈ ചൂട്. പുഴ എന്നുള്ളത്
മണല്‍ വാരാനുള്ള ഇടങ്ങള്‍ മാത്രമാണെന്നും മരം എന്നത് വെട്ടിമാറ്റി
വില്‍പ്പന നടത്താനുള്ള തടികള്‍ മാത്രമാണെന്നും കണക്കുകൂട്ടിയവര്‍
നശിപ്പിച്ചു കളഞ്ഞത് ഈ പ്രകൃതിയെ തന്നെയായിരുന്നു. മരവും പുഴയും
നശിക്കുന്നതോടെ ഈ ഭൂമി തന്നെ നശിക്കുമെന്ന് ആരോ വിളിച്ചുപറഞ്ഞപ്പോള്‍
കളിയാക്കി ചിരിച്ചവരും ഈ ചൂടിനിടയില്‍ ഇന്ന് വിയര്‍ത്തു കുളിച്ച്
അസ്വസ്ഥരാവുന്നുണ്ട്.
ഈ പ്രകൃതിയും പ്രകൃതിയിലെ വിഭവങ്ങളും നമ്മള്‍ കൊണ്ടുവന്നതല്ല, അത് പോയ
തലമുറ നമുക്ക് കൈമാറിയ സമ്പത്തായിരുന്നു. ഈ ലോകത്തെ കാലാവധി
പൂര്‍ത്തിയാക്കി നമ്മള്‍ മടങ്ങിപോകുമ്പോള്‍ അത് പുതിയ തലമുറകള്‍ക്ക്
കൈമാറാനുള്ളതാണ്. പക്ഷെ ഞാനും എന്റെ ലോകവും എന്ന് ചിന്തിച്ചവര്‍
ആര്‍ത്തിമൂത്ത് പ്രകൃതിയെ പിച്ചിചീന്തുകയായിരുന്നു. എല്ലാ പുഴയും
എന്റേതാവണമെന്നും എല്ലാ മണലും ഞാന്‍ ഊറ്റിയെടുക്കുമെന്നും വാശിപിടിച്ചവര്‍
നശിപ്പിച്ചു കളഞ്ഞത് ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശത്തെ
തന്നെയായിരുന്നു.
000 000 000
പണ്ട് മദ്രസയില്‍ ക്ലാസെടുക്കുമ്പോള്‍ പാഠഭാഗങ്ങളിലൂടെ വിരലോടിച്ച്
ഉസ്‌താദ് പറയുമായിരുന്നു. ഈ ലോകം അവസാനിക്കാറാകുമ്പോള്‍ ചൂട്
വര്‍ദ്ധിക്കും.ഭൂമി ചുട്ടുപൊള്ളും, ചൂട് കൊണ്ട് മനുഷ്യന് ഭൂമിയില്‍
നില്‍ക്കാനാവാത്ത അവസ്ഥവരും...
എന്തല്ലെ...ഇന്ന് പുലര്‍കാലത്തു പോലും വിയര്‍ത്തുകുളിക്കുകയാണ് നമ്മുടെ
മേനികള്‍, ഒരു എയര്‍ കൂളറിനും ആശ്വാസം തരാനാവാത്ത ചൂടാണ്
ചുറ്റിലുമുള്ളത്...നിര്‍ത്താതെ കറങ്ങുന്ന ഫാനുകള്‍ സമ്മാനിക്കുന്നത്
ചൂട് കാറ്റാണ്...ഉറക്കം വരാതെ കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു...ഏതു ജനാല
തുറന്നുവെച്ചാലും അടിച്ചുവീശുന്നത് ചൂടു കാറ്റുമാത്രം...ഇതുപോലൊരു ചൂട്
ഞാനെന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്ന് ഉമ്മാമ പറയുന്നു...ഓരോ
വയസ്സന്മാര്‍ക്കും പറയാനുള്ളത് കാലാവസ്ഥയുടെ ഈ വല്ലാത്ത
മാറ്റത്തെക്കുറിച്ച് മാത്രമാണ്...വേനല്‍ മഴ എന്നുള്ളത് ദൈവത്തിന്റെ
സമ്മാനമായിരുന്നു. ഭൂമി ചൂടിലേക്ക് വീഴുന്ന മാര്‍ച്ചിലും എപ്രില്‍
മാസത്തിലും ഒന്ന് രണ്ട് മഴകള്‍ തന്ന് ദൈവം ഭൂമിയെ തണുപ്പിക്കും...ആ
വെള്ളവും ആ കുളിരും ഭൂമിയെ റി ഫ്രഷ് ചെയ്യും. അതിന്റെ അനുഭൂതിയില്‍ ഒരു
മഴക്കാലം വരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു നമുക്ക്...പക്ഷെ,
ഇന്ന് കൊതിപ്പിച്ചു മടങ്ങുന്ന മഴമേഘങ്ങള്‍പോലുമില്ലാതെ ആകാശം നിരാശ
സമ്മാനിക്കുകയാണ്. ഇന്ന് മഴയുണ്ടാകുമെന്ന് പ്രതീക്ഷയോടെ പറയാന്‍ ഒരു
കറുത്ത മേഘം പോലും എത്തി നോക്കുന്നില്ല.
മരുഭൂമിയിലേക്ക് പ്രവാസം നയിക്കാന്‍ പോയ കൂട്ടുകാര്‍ ചൂടിന്റെ
കാഠിന്യത്തെക്കുറിച്ച് പറയുമ്പോള്‍ പണിയെടുക്കാന്‍ പറ്റാത്ത
ചൂടോ...ഒന്ന് പോടൈ എന്ന് പറഞ്ഞ് പരിഹസിച്ച നമ്മള്‍ ഇപ്പോള്‍
പുറത്തിറങ്ങാന്‍ പോലും പറ്റാതെ വീട്ടിനുള്ളല്‍ പകച്ചുനില്‍ക്കുന്നു.
കിലോ മീറ്ററുകള്‍ നടന്ന് യാത്ര ചെയ്‌തിരുന്ന നമ്മള്‍ക്കിന്ന് വെയിലിന്റെ
കാഠിന്യത്തില്‍ ബൈക്കുകളില്‍ പോലും യാത്ര ചെയ്യാനാവുന്നില്ല, കറുത്ത
കാറുകളും തിങ്ങി നിറഞ്ഞ ബസും നമുക്ക് അസ്വസ്ഥതയുടേതാണ്...ഒരു പകല്‍
മുഴുവന്‍ ഗ്രൗണ്ടില്‍ നിന്ന് മാറാതെ വെയിലത്ത് കളിച്ച നമ്മള്‍ ഒരു
മിനിറ്റുപോലും വെയിലേല്‍ക്കാനാവാതെ തോറ്റ് മടങ്ങുന്നു...കളികളൊക്കെ
ഫ്‌ളഡ്‌ലൈറ്റ് വെളിച്ചത്തിലേക്ക് മാറിയത് അലങ്കാരത്തിന് വേണ്ടി
മാത്രമല്ല ചൂട് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് കൂടിയാണ്.
000 000 000
ചൂട് വല്ലാത്തൊരു സംഭവമാണ്....വേനല്‍കാലം കനക്കുന്നതോടെ നമുക്ക്
ഭക്ഷണത്തിന്റെ രുചി കുറയുന്നു...മനസ്സിനും ശരീരത്തിനും അസ്വസ്ഥത
നിറയുന്നു...വേനല്‍ വരുമ്പോള്‍ ഡോക്‌ടര്‍മാര്‍ നമുക്ക് മുന്നിലേക്ക്
ഭക്ഷണത്തിന്റെ പുതിയ ചാര്‍ട്ട് തരും...എരിവ് പുളിവ് എന്നിവ അമിതമായി
ഉപോയോഗിക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍ ജങ്ക് ഫുഡുകള്‍
പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. വെള്ളം നന്നായി
കുടിക്കണമെന്നും കഞ്ഞിവെള്ളവും സംഭാരവും ഇളിനീരും തണ്ണിമത്തനും നാരങ്ങ
വെള്ളവും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും നിര്‍ദ്ദേശിക്കും...
000 000 000
വെള്ളം ഏറ്റവും വലിയ ബിസിനസായി മാറിയത് കാലാവസ്ഥയുടെ ഈ മാറ്റത്തോടെയാണ്.
പത്തിരുപത്തി അഞ്ചു വര്‍ഷം മുമ്പ് വരെ വെള്ളം വിലകൊടുത്ത് വാങ്ങുന്ന ഒരു
കാലത്തെ കുറിച്ച് മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലും
കഴിയുമായിരുന്നില്ല. എന്നാലിന്ന് വെള്ളമാണ് ഏറ്റവും വലിയ കച്ചവട മേഖല.
ഏക്കറ് കണക്കിന് ഭൂമിയും അതില്‍ നിറയെ തോട്ടങ്ങളുമുള്ളവനുമല്ല കിണര്‍
സ്വന്തമായുള്ളവനാണ് ഇന്ന് വലിയ സമ്പന്നന്‍. കുപ്പിവെള്ളം ട്രന്റായി
മാറിയ കാലത്ത് അത് മാത്രമേ കുടിക്കുകയുള്ളുവെന്ന് തീരുമാനിച്ചവര്‍
പുതിയ സംസ്‌ക്കാരമാണ് നാടിനെ പഠിപ്പിച്ചത്. വെള്ളം സൗജന്യമായി കിട്ടുന്ന
അവസ്ഥയില്‍ നിന്ന് അതിനെ കച്ചവട ചരക്കാക്കി മാറ്റിയത് സമ്പന്നന്റെ
അഹങ്കാരമായിരുന്നു. ഇന്ന് കുപ്പിവെള്ളം മാത്രമേ കുടിക്കാവു എന്നുള്ളത്
നാട്ടു നടപ്പായി മാറി. വന്‍ നഗരങ്ങളിലൊക്കെ നൂറ് മില്ലി ഗ്ലാസ്
വെള്ളത്തിന് പത്തു രൂപ നല്‍കണം. കുലുക്കി സര്‍ബത്തിന്റെയും തണ്ണിമത്തന്‍
ജ്യൂസിന്റെയും ട്രെന്റ് കാലത്തും വെള്ള തന്നെയാണ് താരം...ഏതു നഗരത്തിലും
ഏതു ജ്യൂസും കിട്ടും എന്നാല്‍ വെള്ളം കിട്ടാന്‍ മാത്രമാണ് പ്രയാസം.
ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത് കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന
ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണോ.
കാവേരി ഗോദാവരി തര്‍ക്കവും യൂഫ്രിട്ടിസിന്റെയും ടൈഗ്രീസിന്റെയും കഥകളും
അതല്ലെ നമുക്ക് പറഞ്ഞു തരുന്നത്. ഓരോ വേനലും നമ്മുടെ ജലസ്രോതസ്സുകളെ
ഇല്ലാതാക്കുമ്പോള്‍ അത് പ്രകൃതിയെ തന്നെയാണ്
ഇല്ലാതാക്കുന്നതെന്നോര്‍ക്കണം.
000 0000 000
മനുഷ്യന് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ഭൂമി ഭൂമി അല്ലാതാവും
അതോടെ അതിന്റെ നാശവുമുണ്ടാകും. ഓരോ ദുരന്തവം ഓരോ മുന്നറിയിപ്പാണ്. ഈ ലോകം
നശിക്കാന്‍ പോവുകയാണെന്ന് കാലം വിളിച്ചുപറയുന്നു. നമ്മള്‍ കഴിഞ്ഞവര്‍ഷം
അനുഭവിച്ച ചൂടല്ല ഇക്കൊല്ലം അനുഭവിച്ചത് വരാന്‍ പോകുന്ന വര്‍ഷത്തെ ചൂട്
അതിനേക്കാള്‍ കാഠിന്യമേറിയതായിരിക്കും. മെല്ലെ മെല്ലെ ഈ ഭൂമി മനുഷ്യന്
വാസയോഗ്യമല്ലാതായി മാറുന്നു...
പണ്ട് പുല്ലുമേഞ്ഞ കുടിലില്‍ കറണ്ടും ഫാനും ഇല്ലാതിരിക്കുമ്പോഴും സുഖമായി
കിടന്നുറങ്ങിയവരുടെ മക്കള്‍ക്ക് ഇന്ന് കൊട്ടാര സമാനമായ വീട്ടിനുള്ളില്‍
എസിയുടെ തണുപ്പില്‍ പോലും കിടന്നുറങ്ങാനാവുന്നില്ലെങ്കില്‍ ഇതൊരു
പാഠമാണ്. സൗകര്യങ്ങളൊന്നും നിങ്ങള്‍ക്ക് സമാധാനം നല്‍കില്ലെന്ന വലിയ
പാഠം.
000 000 000
എം.ടി. ഒരിടത്ത് എഴുതിയുണ്ട്. ഒരു വിഷറികൊണ്ട് വീശിയാല്‍ പോകുന്ന ചൂടേ
നമുക്കുള്ളു. ഒരു തോര്‍ത്തുമുണ്ട് പുതച്ചാല്‍ തീരുന്ന തണുപ്പുമാത്രമേ
ഇവിടെയുള്ളുവെന്ന്. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലും
തിരുത്തി എഴുതേണ്ട സമയമായിരിക്കുന്നു. കഥാകാരന്റെ വര്‍ണ്ണനകളും നമ്മുടെ
നാടിനെ കയ്യൊഴിയുന്നു.
കേരളവും രാജസ്ഥാന്‍ പോലുള്ള വെറും ഒരു സംസ്ഥാനം മാത്രമാവുകയാണ്. പുഴയും
കായലും പച്ചപാടവും മാഞ്ഞുപോകുമ്പോള്‍, വാഴയും തെങ്ങും കരിമ്പിന്‍
തോട്ടങ്ങളും നമ്മുടെ കാലാവസ്ഥയ്‌ക്ക് ചേര്‍ന്നതല്ലാകാതുമ്പോള്‍ ഇനി
ഒരിക്കലും നമ്മുടെ കേരളത്തെ നോക്കി അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്
വിളിക്കില്ല...
000 000 000
വെള്ളം വില്‍പ്പനചരക്കാക്കി മാറ്റിയവരുടെ ലോകത്തും നന്മ വറ്റാത്ത കുറേ
മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ദാഹിച്ചുവരുന്ന ആളുകള്‍ക്കുവേണ്ടി വഴി നീളെ
കുടിവെള്ളമൊരുക്കി അവര്‍ സേവനത്തിന്റെ പുതിയ പാഠം പകരുന്നു. പുഴകളെ
മുഴുവന്‍ കൊന്നൊടുക്കി ലോഡ് കണക്കിന് മണല്‍ ടിപ്പറുകളില്‍ കയറ്റി
കൊണ്ടുപോകുന്ന ആളുകള്‍ ജീവിക്കുന്ന ഈ ലോകത്ത് തന്നെയാണ്
വെള്ളമില്ലാത്തവരുടെ വീടുകളിലേക്ക് ലോറികളില്‍ സൗജന്യ വെള്ളമെത്തിക്കുന്ന
കൂട്ടായ്‌മകള്‍ നിലകൊള്ളുന്നതും. പേര് പോലും വെളിപ്പെടുത്താതെ
വെള്ളമില്ലാത്തവന്റെ മുറ്റത്തേക്ക് വെള്ളവുമായെത്തുന്ന എത്രയോ മനുഷ്യര്‍
ഈ ഭൂമിയിലുണ്ട്. അങ്ങനെയുള്ള കുറേ നന്മകളാണ് ക്രൂരതയ്‌ക്കിടയിലും ഈ
ലോകത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്.
പുഴകളും കിണറുകളും അരുവികളും വറ്റിപോയപ്പോള്‍ ഒരിറ്റുവെള്ളമില്ലാതെ
വലഞ്ഞുപോയ പക്ഷികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും തണ്ണീര്‍ കുടമൊരുക്കി
അനുഗ്രഹം ചൊരിയുന്നതും പുതിയ ട്രന്റാവുന്നു. ഓരോ നന്മയും ഓരോ
ട്രന്റാവുന്നുവെങ്കില്‍ അത് ഭൂമിയുടെ പുണ്യമാണ്. കൂട്ടുകാര നീയൂം നിന്റെ
വീട്ടുമുറ്റത്ത് ഒരു തണ്ണീര്‍ കുടമൊരുക്കുക ദാഹിച്ചു വലയുന്ന
പറവകള്‍ക്കത് ആശ്വാസത്തിന്റെ കടലായി മാറും. മിണ്ടാ പ്രാണികള്‍ക്ക്
നല്‍കുന്ന പുണ്യം സമാനതകളില്ലാത്ത നന്മയാണ്. കുറ്റങ്ങളും തെറ്റുകളും
കൊണ്ട് നിറഞ്ഞുപോയ നമ്മുടെ ജീവിതങ്ങള്‍ ധന്യമാവുന്നത് ഇതുപോലുള്ള
സല്‍പ്രവൃത്തിയിലൂടെയായിരിക്കും.

എബി കുട്ടിയാനം
ശ്രുതി
മോളെ
കുറ്റബോധം കൊണ്ടെന്റെ കണ്ണുനിറഞ്ഞുപോകുന്നു
നീ വിശപ്പ് സഹിക്കാനാവാതെ
ഒരു തുണ്ട് കയറില്‍ നിന്റെ ജീവിതം അവസാനിപ്പിക്കുമ്പോള്‍
ഞങ്ങള്‍ ഫാസ്റ്റ് ഫുഡ് കടയില്‍
ചിക്കു ജ്യൂസിനും ചിക്കന്‍ തന്തൂരിക്കും
ഓര്‍ഡര്‍ ചെയ്‌തു കാത്തിരിക്കുകയായിരുന്നു
നീ ഒന്നും കഴിക്കാനില്ലാതെ തളര്‍ന്നുവീഴുന്ന നേരത്ത്
ഞങ്ങള്‍ ഏഴാമത്തെ കല്ല്യാണപരിപാടിയിലും മുഖം കാണിച്ച്
വിളമ്പി വെച്ച ബിരിയാണിയില്‍ കയ്യമര്‍ത്തി
പകുതിയിലേറെയും ബാക്കിവെച്ച് മടങ്ങാനുള്ള തിരക്കിലായിരുന്നു
നീ
കോരികുടിക്കാന്‍ വെള്ളംപോലുമില്ലാതെ കരഞ്ഞുപോയപ്പോള്‍
ഞങ്ങള്‍ കുപ്പിവെള്ളം വിലക്കുവാങ്ങി മുഖം കഴുകുകയായിരുന്നു
നീ പട്ടിണിയോടെ ഉറങ്ങിപോയ രാത്രിയില്‍
എന്റെ കുഞ്ഞുപെങ്ങള്‍ ന്യൂഡില്‍സും ഐസ്‌ക്രീമും കിട്ടാതെ
വാശിപിടിച്ച് കരയുകയായിരുന്നു
എന്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ച്
നീ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍
മുന്നില്‍ നിരന്ന വിഭവങ്ങളില്‍ ഏതു കഴിക്കണമെന്നറിയാതെ
കണ്‍ഫ്യൂഷനിലായിരുന്നു ഞങ്ങള്‍
കൂട്ടുകാരൊക്കെ പൊതിച്ചോറ് അഴിച്ച് ഉച്ചയുണുണ്ണുമ്പോള്‍
എത്രയോ ദിവസം
അതിന്റെ മണംഭക്ഷിച്ച് വിശപ്പ് മാറ്റിയിട്ടുണ്ടാവും നീ
കൂട്ടുകാരികളൊക്കെ ചിക്കന്‍ കറിയുടെ രുചി പറയുമ്പോള്‍
നീ നിന്റെ ഡെസ്‌ക്കിന്റെ മുകളില്‍ കണ്ണീരുകൊണ്ട്
കറിവെച്ചിട്ടുണ്ടാവും
നീ അപ്പുറത്ത് പട്ടിണി കൊണ്ട് വീണുപോയപ്പോള്‍
ഞങ്ങള്‍ ആഫ്രിക്കയിലെ പട്ടിണി പാവങ്ങളുടെ കഥ പറയുകയായിരുന്നു
മോളെ ക്ഷമിക്കുക
എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്നതിന് പകരം
എന്തെങ്കിലും കഴിച്ചുപോയവരെ കൊല്ലുന്നവരുടെ ലോകത്താണ്
നമ്മള്‍ ജീവിക്കുന്നത്

എബി കുട്ടിയാനം
(കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ച എം.എസ്.എഫ് നേതാവ് ജൗഹറിന്റെ ജീവിതം ഏറെ ദാരിദ്യം നിറഞ്ഞതായിരുന്നു)
ജൗഹര്‍...മാപ്പ്
നിന്റെ കഷ്‌ടപ്പാടറിയാന്‍ ഞങ്ങള്‍ക്ക് നിന്റെ മരണം
വേണ്ടിവന്നു...പ്രിയപ്പെട്ട കൂട്ടുകാര ഒരുപാട് കഷ്‌ടപ്പാടുകള്‍ക്കിടയില്‍
നിന്നുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചതെന്ന്
തിരിച്ചറിയുമ്പോഴേക്ക് നീ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് നീന്തി
പോയിരുന്നു...ഇനി നിന്റെ കുടുംബത്തോടെങ്കിലും ഞങ്ങള്‍ക്ക് ആ കടം
വീട്ടണം...ഇല്ലെങ്കില്‍ കുറ്റബോധം കൊണ്ട് ഞങ്ങളുടെ മനസ്സ് കരഞ്ഞുപോകും...
ക്യാമ്പുകളിലേക്കും പഠന ക്ലാസുകളിലേക്കും നല്ല കുപ്പായമിട്ട് നിറ
പുഞ്ചിരിയോടെ നീ എത്തുമ്പോള്‍ ഞങ്ങള്‍ കരുതിയത് ഏതോ സമ്പന്നമായ
കുടുംബാന്തരീക്ഷത്തില്‍ നിന്നാണ് നിന്റെ വരവ് എന്നായിരുന്നു...
പിന്നീടാണറിഞ്ഞത് നീ ദാരിദ്രത്തേയും വെല്ലുവിളികളേയും പുഞ്ചിരികൊണ്ട്
തോല്‍പ്പിച്ച് ഉമ്മയ്‌ക്കും ഉപ്പയ്‌ക്കും താങ്ങും തണലുമാകാനുള്ള
ജീവിതയുദ്ധത്തിലായിരുന്നുവെന്ന്...ആശുപത്രിയില്‍ നിന്ന് നിന്റെ
മയ്യിത്ത് വീട്ടിലേക്കെത്തുമ്പോഴാണ് ശരിക്കും ഞങ്ങളുടെ കണ്ണ്
നിറഞ്ഞത്...മയ്യിത്ത് ഉള്ളിലേക്ക് കയറ്റാന്‍പോലും സാധിക്കാത്തത്രയും
അസൗകര്യം നിറഞ്ഞതായിരുന്നല്ലോ നിന്റെ വീട്...
ആളുകളെ ഉള്‍ക്കൊള്ളാനാവാതെ നിന്റെ കൊച്ചു കൂര അസൗകര്യങ്ങളുടെ ദയനീയത വിളിച്ചുപറഞ്ഞപ്പോഴാണ് ആരോ ആ കഥ പറഞ്ഞുതന്നത്...
നിന്റെ ഉപ്പയുടെ തറവാട് വീടാണ് അതെന്നും...നിങ്ങള്‍ക്ക്
നിങ്ങളുടേതെന്ന് പറയാന്‍ ഒന്നുമില്ലെന്നും...കഥ പറഞ്ഞ സുഹൃത്ത്
പിന്നെയും തുടര്‍ന്നു...ജൗഹറിന്റെ ഉപ്പ കൂലി പണിയെടുത്താണ് നാല് മക്കളും
ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്...അതിലൊരു പെണ്‍കുട്ടി
ബധിരയുമാണ്...ഒരു കടയില്‍ ജോലിക്ക് നില്‍ക്കുന്ന ഉപ്പ നാലു(എബി
കുട്ടിയാനം) കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിലേക്ക് നടന്നുമാത്രമേ
പോകാറുള്ളുവത്രെ...അതിതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ആ സുഹൃത്ത് അത്
കൂടി പറഞ്ഞത്. തുച്ഛമമായ വരുമാനത്തിന് ജോലി ചെയ്യുന്ന ആ മനുഷ്യന്‍
ബസിന് കൊടുക്കേണ്ട തുക കൂടി സേവ് ചെയ്‌ത് അരിവാങ്ങാനായി മാറ്റി
വെക്കും...
അപ്പോഴാണ് ഞങ്ങള്‍ക്ക് അടുത്ത സംശയം വന്നത്...ഇത്രയൊക്കെ
കഷ്‌ടമാണെങ്കില്‍ ജൗഹര്‍ എങ്ങനെയാണ് അങ്ങ് മംഗലാപുരം പോയി
എഞ്ചിനിയറിംഗ് പഠിച്ചത്...ആ ചോദ്യത്തിനും കണ്ണീരില്‍ കുതിര്‍ന്ന
മറുപടിയായിരുന്നു...നാല് ലക്ഷം രൂപ ലോണെടുത്തായിരുന്നു പഠിക്കാന്‍
മിടുക്കനായ ജൗഹര്‍ എഞ്ചിനയറിംഗിന് ചേര്‍ന്നത്...ഒരു രൂപ പോലും അടച്ചു
തീര്‍ക്കാന്‍ അവന് കഴിഞ്ഞിട്ടില്ലെന്ന് ആ സുഹൃത്ത്
കൂട്ടിച്ചേര്‍ത്തതോടെ ശരിക്കും ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞുപോയി...
കാറും ബൈക്കും മാറി മാറി ഉപയോഗിച്ച് ആഡംബരത്തിന്റെ മേനി പറയുന്ന
കൂട്ടുകാര അറിയുക...നമ്മുടെ ജൗഹറിന് വസത്രങ്ങള്‍ പോലും വളരെ
കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളു...
ജൗഹറിനെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടി എം.എസ്.എഫ് നേതാവ് ജാഫര്‍
കല്ലന്‍ചിറയെ വിളിച്ചപ്പോള്‍ ജൗഹര്‍ പിന്നെയും ഹൃദയത്തിലേക്ക് വല്ലാതെ
അടുത്തുപോയത്...
ജാഫര്‍ പറഞ്ഞു...ഒരു സത്യമുണ്ട് ഞങ്ങളുടെ രോമങ്ങള്‍ പോലും എഴുന്നേറ്റുപോയ
സത്യം...ജൗഹറിന്റെ കൂടെ നീന്താനുണ്ടായിരുന്ന സുഹൃത്താണ് അത്
പറഞ്ഞത്...നീന്താന്‍ വേണ്ടി കുടുംബൂര്‍ പുഴയിലേക്ക് എടുത്തു
ചാടുന്നതിന് മുമ്പ് അവന്‍ ശഹാദത്ത് കലിമ ചൊല്ലുന്നത്
കേട്ടിരുന്നുവത്രെ...മരിച്ചു കിടക്കുന്ന അവന്റെ ശരീരം നിസ്‌ക്കരിക്കാന്‍
കൈകെട്ടിയ രൂപത്തിലായിരുന്നുവത്രെ...
ജാഫര്‍ പിന്നെയും പറയുന്നു...ഇതുപോലൊരു ചെറുപ്പക്കാരനെ നമ്മള്‍
കണ്ടിട്ടേയില്ല....കൃത്യ നിഷ്‌ഠതയുടെ കാര്യത്തില്‍ അവന്‍ ഒരു
പാഠപുസ്‌തകമായിരുന്നു...പതിനൊന്ന് മണിക്ക് ഒരു മീറ്റിംഗ് വിളിച്ചാല്‍
അവന്‍ 10.55ന് എത്തും...മണിക്കൂറുകളോളം കാത്തിരുന്നാലും ക്ഷമനശിക്കാതെ
പുഞ്ചിരിക്കുന്ന നല്ല ഹൃദയമായിരുന്നു അവന്റേത്...
000 000 000
മകന്‍ പഠിച്ച് എഞ്ചിയറായി ജോലി കിട്ടുന്നതോടെ തങ്ങളുടെ എല്ലാ കഷ്‌ടവും
തീരുമെന്നായിരുന്നു ആ ഉപ്പയുടെയും ഉമ്മയുടെയും കണക്കുകൂട്ടല്‍...പക്ഷെ
വിധി മറ്റൊന്നായിപോയി...പഠനം കഴിഞ്ഞ് ജോലിക്ക് കയറും മുമ്പേ അവനെ മരണം
കൊണ്ടുപോയി...
സഹപ്രവര്‍ത്തകന്റെ ദു:ഖം അറിയാതെ പോയത് നമ്മുടെ വലിയ ദു:ഖമാണ്...അവന്റെ
നിര്‍ധനരായ കുടുംബത്തെ സഹായിച്ചുകൊണ്ടെങ്കിലും ആ നഷ്‌ടബോധം നമ്മള്‍
നികത്തണം...മകന്‍ ഇല്ലാതായിപോയ ആ ഉപ്പയുടെയും ഉമ്മയുടെയും മുന്നില്‍
അവരുടെ ജൗഹറായി പുനര്‍ജനിക്കാന്‍ നമുക്ക് കഴിയണം...
ജൗഹറിന്റെ കുടംബത്തെ സഹായിക്കാനും കൂടുതല്‍ അറിയാനും താല്‌പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക.
എബി കുട്ടിയാനം(9995416999) ഹാഷിം ബംബ്രാണി(9961616116)
ഉസാം പള്ളങ്കോട്(9809486196) ജാഫര്‍ കല്ലഞ്ചിറ(9846992013)

എബി കുട്ടിയാനം
പ്രണയിച്ച് പരാജയപ്പെട്ട പെണ്ണാവണം നീ
കാരണം
നിനക്കറിയാം
സ്‌നേഹത്തിന്റെ വില എന്താണെന്ന്
നിനക്കറിയാം
കാത്തിരിപ്പിന്റെ സുഖവും
വേര്‍പ്പാടിന്റെ നൊമ്പരവും
നിനക്കറിയാം
പ്രണയത്തിന് ജീവനക്കേള്‍ വിലയുണ്ടെന്നും
വിരഹം മരണംപോലെ നോവാണെന്നും
ഹൃദയം തകര്‍ന്നുപോകുമ്പോഴൊക്കെ
താങ്ങി നിര്‍ത്താനുള്ള അലിവുണ്ടാവും
നിന്റെ മനസ്സിന്
വിളിക്കില്ലെന്നറിയുമ്പോഴും
വിളികേള്‍ക്കാന്‍ കാത്തിരിക്കും
നിന്റെ കാതുകള്‍
എത്ര പൊട്ടിത്തെറിച്ചാലും
ഒരു കണ്ണീരിലൊതുക്കും
നീ നിന്റെ സങ്കടം
പിണങ്ങാനും
വാശിപിടിക്കാനും
ഒടുവില്‍ എന്റെ പരിഭവം കാണുമ്പോള്‍
ഇരുന്ന് കരയാനും നിനക്ക് മാത്രമേ കഴിയു
ഒരു പുഞ്ചിരിക്കുമുന്നില്‍ തീര്‍ന്നുപോകും
നിന്റെ പിണക്കങ്ങള്‍
അതുകൊണ്ട് പറയട്ടെ
എന്റെ പെണ്ണേ
പ്രണയിച്ച് പരാജയപ്പെട്ട പെണ്ണാവണം നീ...
Please read more artilcs
EZUTHODEZUTH blogspot.com
Abi kutiyanam bovikanam new(facebook)

എബി കുട്ടിയാനം
പരവൂര്‍...നിന്നെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ കൃഷ്‌ണയും കിഷോറും എന്നെ
കരയിപ്പിക്കുന്നു...ഒരു പടക്കം പൊട്ടിതീരുമ്പോഴേക്ക് ഇല്ലാതായിപ്പോയ
അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിതുമ്പുന്ന ആ
കുഞ്ഞുങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കു പോലും കണ്ണീരിന്റെ
നനവാണ്...
ഞാന്‍ എങ്ങനെയാണ ഡാ നിങ്ങളെക്കുറിച്ച്
എഴുതിമുഴുപ്പിക്കേണ്ടത്...കുഞ്ഞനുജന്റെ തലയില്‍ തലോടി കൊണ്ട്
കരയരുതെന്ന് ആശ്വസിപ്പിക്കുമ്പോള്‍ സ്വയം വിങ്ങിപ്പോകുന്ന കൃഷ്‌ണയുടെ
ചിത്രം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുകയാണല്ലൊ ദൈവമേ...
അനാഥത്വം വല്ലാത്ത നോവാണെന്ന് ആ കുഞ്ഞുങ്ങള്‍ പറയാതെ പറയുമ്പോള്‍ അത് കേരളക്കരയുടെ നൊമ്പരമായി മാറുകയാണ്.
കേരളത്തെ കണ്ണീരിലാഴത്തി കളഞ്ഞ പരവൂര്‍ ദുരന്തത്തിന്റെ ഏറ്റവും സങ്കടകരമായ ചിത്രം കൃഷ്‌ണയും കീഷോറും തന്നെയാണ്.
000 000 000
അച്ഛനും അമ്മയുമില്ലാത്ത വീട്ടില്‍ അവര്‍ കരഞ്ഞുതളരുന്നു...വിരിപ്പും
പായയും കണ്ണീരില്‍ കുതിര്‍ന്നു നനഞ്ഞുപോവുകയാണ്...പ്രിയപ്പെട്ട അച്ഛനും
അമ്മയും ഇനി വരില്ലെന്ന സത്യത്തിനുമുന്നില്‍ അവര്‍ തളര്‍ന്നുവീഴുന്നു...
ഒരു മനുഷ്യന് ഈ ലോകത്തേ വെച്ച് കാണേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം
ഉറ്റവരുടെ മരണമാണ്...കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്ത ദു:ഖമായി അത്
മനസ്സിനെ സങ്കടപ്പെടുത്തികൊണ്ടിരിക്കും..
കൃഷ്‌ണയുടെയും കിഷോറിന്റെയും(എബി കുട്ടിയാനം)ആത്മനൊമ്പരത്തെ ഏതു
വാക്കുപയോഗിച്ചാണ് നമുക്ക് ആശ്വസിപ്പിക്കാനാവുക. ഒരു പടക്കം പൊട്ടി
തീരുമ്പോഴേക്കാണല്ലോ അവരുടെ അച്ഛനും അമ്മയും ചാരമായിപോയത്. പലഹാരങ്ങളുടെ
പൊതിയുമായി ഇനി അവര്‍ വരില്ലെന്ന സത്യത്തിനുമുന്നില്‍ പകച്ചുപോവുകയാണ് ആ
കുഞ്ഞുങ്ങള്‍...
അച്ഛനും അമ്മയുമില്ലാത്ത വീട് വീടേയല്ലന്നും, അവരില്ലാത്ത ജീവിതം
ജീവിതമേയല്ലന്നും കൃഷ്‌ണയും കിഷോറും ഓരോ വിതുമ്പലിലും
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പിണങ്ങാനും വാശിപിടിക്കാനും ചോറുണ്ണാതെ
കിടന്നുറങ്ങി പ്രതിഷേധിക്കാനും ഇനി അവരില്ല...പാഠഭാഗങ്ങള്‍
പഠിച്ചിരിക്കുന്ന സന്ധ്യാനേരങ്ങളില്‍ പലഹാര പൊതിയുമായി വരുന്ന അച്ഛനെയാണ്
അവര്‍ക്ക് നഷ്‌ടമായത്..കൂലപണിയെടുത്ത് ക്ഷീണിച്ച് കയറിവരുമ്പോഴും
മക്കളെ ചേര്‍ത്ത് പിടിച്ച് തലോടുന്ന അമ്മയാണ് അവര്‍ക്കിടിയില്‍ നിന്ന്
എന്നെന്നേക്കുമായി പടിയിറങ്ങിപോയത്...
000 000 000
വടക്കുംഭാഗം കുറുമണ്ടലിലെ ബെന്‍സിയും ബേബി ഗിരിജയും ജീവിതത്തിന്റെ
രണ്ടറ്റം കൂട്ടിമുട്ടിക്കുവാനായി രാപ്പകല്‍ ഭേദമില്ലാതെ
അധ്വാനിച്ചുകൊണ്ടിരുന്ന പാവങ്ങളായിരുന്നു. പാതിവഴിയിലായ വീടും മക്കളുടെ
വിദ്യഭ്യാസ ചെലവുമെല്ലാം അവര്‍ക്കു മുന്നില്‍ വലിയ ചോദ്യങ്ങളായി
മാറുമ്പോള്‍ രാത്രിയും പകലും അവര്‍ വെവ്വേറെ പണിയെടുത്ത് കൊണ്ട്
ജീവിതത്തിന് പുതിയ നിറങ്ങള്‍ പകര്‍ന്നുകൊണ്ടിരുന്നു...പകല്‍ പച്ചക്കറി
വില്‍പ്പന നടത്തുന്ന ബെന്‍സി വൈകുന്നേരമാകുമ്പോള്‍ ഉന്തുവണ്ടിയില്‍ ചായ
വില്‍പ്പന തുടങ്ങും, തൊഴിലുറപ്പ് പണിക്കുപോകുന്ന ഗിരിജ രാത്രിയാകുമ്പോള്‍
ഭര്‍ത്താവിനെ സഹായിക്കാന്‍ ഉന്തുവണ്ടിക്കരികിലെത്തും...
ടൗണിലായിരുന്നു കച്ചവടം. പരവൂരില്‍ ഉത്സവമായതിനാല്‍ അന്ന് കച്ചവടം
ഉത്സവപറമ്പിലേക്ക് മാറ്റി...ദുരന്തം അവിടെയായിരുന്നു കാത്തിരുന്നത്.
കൃഷ്‌ണയും കിഷോറും അന്ന് അച്ഛന്റെ ഉന്തുവണ്ടിക്കരികിലുണ്ടായിരുന്നു.
അല്‌പ്പം മുമ്പ് (എബി കുട്ടിയാനം)കൃഷ്‌ണ അടുത്ത വീട്ടിലേക്കും അനുജന്‍
കിഷോര്‍ ഒരു സാധനം വാങ്ങുവാനായി മറ്റൊരു കടയിലേക്കും പോയി.
അതിനിടയിലെപ്പഴോ ആണ് അത് സംഭവിച്ചത്...
എല്ലാം ഒറ്റ നിമിഷം കൊണ്ട് ചാരമായപ്പോള്‍ കൃഷ്‌ണയ്‌ക്കും കിഷോറിനും
നഷ്‌ടമായത് അവരുടെ എല്ലാമെല്ലാമായ അച്ഛനെയും അമ്മയെയുമായിരുന്നു....
000 000 000
ഇല്ലായ്‌മയുടെ വല്ലായ്‌മയ്‌ക്കിടയിലും മക്കള്‍ അവര്‍ക്ക്
ജീവനായിരുന്നു...അവര്‍ക്കു ആവശ്യമുള്ളതെല്ലാം ഒരു കുറവും അറിയിക്കാതെ
വാങ്ങിക്കൊടുക്കും ആ അച്ഛനും അമ്മയും...സ്‌കൂളിലേക്ക് ഒന്നിച്ച് പോകാന്‍
സൈക്കിളും ഒന്നിച്ച് കളിക്കാന്‍ ഫുട്‌ബോളും ചിത്രം വരച്ചുകളിക്കാന്‍
പെന്‍സിലുകളുമെല്ലാം അവര്‍ മക്കള്‍ക്ക് വാങ്ങിക്കൊടുത്തു...ഒരേ
സൈക്കിളില്‍ ഒന്നിച്ചായിരുന്നു അവര്‍ സ്‌കൂളില്‍ പോയിരുന്നത്...
സ്‌നേഹം കൊണ്ട് സ്വര്‍ഗ്ഗം തീര്‍ത്ത ആ വീട്ടില്‍ ഇനി തങ്ങളുടെ
പ്രിയപ്പെട്ട അച്ഛനും അമ്മയുമില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍
ശ്രമിക്കുമ്പോഴൊക്കെ വിതുമ്പി പോവുകയാണ് ആ കുഞ്ഞുങ്ങള്‍...
000 000 000
ഒറ്റ നിമിഷം കൊണ്ട് ആരുമില്ലാതായി പോയ ആ കുഞ്ഞുങ്ങളെ സര്‍ക്കാര്‍
ദത്തെടുത്തു. സര്‍ക്കാറിന്റെ മോനും മോളുമായി വളരുമ്പോഴും എല്ലാ സൗകര്യവും
അരികിലെത്തുമ്പോഴും അച്ഛന്റെ ഉന്തുവണ്ടിക്കരികിലിരുന്ന് കപ്പയും
കപ്പലണ്ടിയും തിന്ന് ജീവിച്ച
ആ ജീവിതത്തോളം വരില്ലല്ലോ ഇനിയുള്ള ഒരു സുഖവും. തങ്ങള്‍ പഠിച്ചു
വളരുന്നത് കാണാന്‍ വല്ലാതെ ആഗ്രഹിച്ച അച്ഛനും അമ്മയുമില്ലാത്ത ലോകത്ത്
എന്ത് പ്രതീക്ഷയോടെയാണ് ഇനി വളരേണ്ടതെന്ന് ആ കുഞ്ഞുമക്കളുടെ മനസ്സ്
ചോദിച്ചുകൊണ്ടേയിരിക്കും...
000 000 000
കൃഷ്‌ണ...നിന്നോടും നിന്റെ കുഞ്ഞനുജനോടും എനിക്കൊന്നും പറയാനാവുന്നില്ല
എന്റെ അക്ഷരങ്ങള്‍ കണ്ണീരില്‍ കുതിരന്ന് തീര്‍ന്നുപോകുന്നു എന്നോട്
ക്ഷമിക്കുക ഞാന്‍ അകലെ മാറി നിന്ന് വിതുമ്പിക്കോട്ടെ...
000 000 000
കൃഷ്‌ണ...
ഞാനൊരിക്കലും നിന്റെ അച്ഛന്റെ
ഉന്തുവണ്ടിക്കരികിലേക്ക്
ചായ കഴിക്കാന്‍ വന്നിട്ടില്ല
ഞാന്‍ നിന്റെ അമ്മയുടെ
സഹോദരനായി ജനിച്ചിട്ടുമില്ല
നമ്മളൊരിക്കലും കള്ളനുംപോലീസും
കളിച്ച് തല്ലുകൂടിയിട്ടുമില്ല
എന്നിട്ടും
നീയും നിന്റെ കുഞ്ഞനുജനും
എന്റെ ആരൊക്കയോ ആയി മാറുന്നു
അച്ചനും അമ്മയുമില്ലാത്ത വീട്ടില്‍
ചായം തേക്കാത്ത ചുമരിനോട് ഒട്ടിച്ചര്‍ന്ന്
നീയും നിന്റെ കുഞ്ഞനുജനും
കരഞ്ഞു തളരുമ്പോള്‍ തളര്‍ന്നുപോകുന്നത്
എന്റെ കൂടി ഹൃദയമാണ്
പിണങ്ങാനും വാശിപിടിക്കാനും
ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും
ഇനി അവരില്ലെന്നറിയുമ്പോള്‍
നീയും നിന്റെ അനുജനും അനുവഭിക്കുന്ന നോവിനെ
ഞാനെങ്ങനെയാണ് പറഞ്ഞാശ്വസിപ്പിക്കേണ്ടത്
ഒരു പടക്കം പൊട്ടിതീരുമ്പോഴേക്കും
കരിഞ്ഞമര്‍ന്നുപോയ നിങ്ങളുടെ
അച്ഛനും അമ്മയ്‌ക്കും പകരമാവില്ല
എന്റെ ഈ സ്‌നേഹാക്ഷരങ്ങള്‍
ഡാ, കരയല്ല ഡാ
ഞങ്ങളൊക്കെയുണ്ടല്ലോ എന്ന്
പറഞ്ഞാലും നിന്റെ അമ്മയോളം
വളരാനാവില്ലല്ലോ ഞങ്ങള്‍ക്കൊരിക്കലും
കൃഷ്‌ണ
എങ്കിലും പറയട്ടെ
മോളെ, നീ എന്റെ കുഞ്ഞുപെങ്ങളാണ്
കിഷോര്‍ എന്റെ കുഞ്ഞനുജനും
സ്‌നേഹത്തിന്റെ ഈ ഭൂമിയില്‍ നിങ്ങള്‍
അനാഥരല്ലെന്ന് ഞാന്‍ പറഞ്ഞോട്ടെ
മോളെ കരയരുത്
നീ കരഞ്ഞാല്‍ നിന്റെ കുഞ്ഞനുജനും
വിതുമ്പലടക്കനാവില്ല...
എബി കുട്ടിയാനം
ഒന്നുകില്‍
നീ എന്റെ ഇഷ്‌ടം തിരിച്ചറിഞ്ഞിട്ടില്ല
അല്ലെങ്കില്‍
നിന്റെ സങ്കല്‍പ്പത്തിനുമപ്പുറമായിരിക്കും ഞാന്‍
ഒന്നുകില്‍
എന്റെ ഇഷ്‌ടം നിനക്കൊരു ടൈംപാസ് മാത്രമാണ്
അല്ലെങ്കില്‍
ഒരിക്കലും സ്വന്തമാവില്ലെന്ന്
നീ നേരത്തെ വിധിയെഴുതികഴിഞ്ഞു
ഒന്നുകില്‍
നീ എന്നെ വല്ലാതെ അവിശ്വസിക്കുന്നുണ്ട്
അല്ലെങ്കില്‍
റോഡരികില്‍ നീ കാണുന്ന ആയിരക്കണക്കിന്
പൂവാലന്മാരില്‍ ഒരാള്‍ മാത്രമാണ് നിനക്ക് ഞാന്‍
എന്തായാലും
എനിക്കും നിനക്കുമിടയില്‍
അവിശ്വാസത്തിന്റെ ഒരു അതിര്
ഇപ്പോഴും ബാക്കിയുണ്ട്