Sunday, October 26, 2014

ഈ വാട്‌സ് ആപ്പുകാരെക്കൊണ്ട് തോറ്റു



ഈ വാട്‌സ് ആപ്പുകാരെക്കൊണ്ട് തോറ്റു

എബി കുട്ടിയാനം

സോഷ്യല്‍ മീഡിയക്കാരന്റെ കാലമാണിത്. ഫേസ്ബുക്കിന്റെ മതിലില്‍ ചാരി നിന്ന തലമുറ വാട്‌സ്ആപ്പും കയ്യിലെത്തിയതോടെ അതിനുള്ളില്‍ നീന്തിതുടിക്കുകയാണ്.
സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്തും വിവരങ്ങള്‍ വിളിച്ചുപറഞ്ഞും അവര്‍ അതിനെ ആഘോഷമാക്കി മാറ്റുന്നു.
സോഷ്യല്‍ മീഡിയ ഒരു ചെറിയ മീഡിയ അല്ല എന്ന് തെളിയിക്കാന്‍ അംഗങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്തകള്‍ ആദ്യം എത്തിക്കുന്നത് ഞാനാണ് എന്ന രീതിയിലേക്ക് സോഷ്യല്‍ മീഡിയക്കാരന്റെ മനസ്സും പ്രവര്‍ത്തിയും  മാറി. എന്തും ഷെയര്‍ ചെയ്യാനും എന്തിനേയും  ഫോര്‍വേഡ് ചെയ്തുകൊണ്ടുപോകാനും അവര്‍ മത്സരിക്കുന്നു. ഫലമോ, വ്യാജ വാര്‍ത്തകളുടെ ആവര്‍ത്തനമാണ് നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നൂറുശതമാനവും  ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഒരു വാര്‍ത്ത പുറത്തുവിടാന്‍ പാടുള്ളുവെന്നാണ് ജേര്‍ണലിസത്തിന്റെ തിയറി. ഒരു വ്യക്തിക്ക് മാനഹാനിയുണ്ടാക്കുന്ന, ഒരു നാടിന്റെ സമാധാനം തകരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ അതീവ ജാഗ്രതവേണമെന്നും ജേര്‍ണലിസത്തിന്റെ ബാലപാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഒരു വാര്‍ത്ത കൊടുക്കാതിരുന്നാല്‍ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ അത്തരം വാര്‍ത്തകള്‍ കൊടുത്താലുണ്ടാവുന്ന പ്രശ്‌നങ്ങള്‍  ചില്ലറയായിരിക്കില്ല. വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങേയറ്റം സൂക്ഷ്മത  പാലിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ പത്രവാര്‍ത്തകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ അംഗീകാരവും വിശ്വാസവും ലഭിക്കുന്നു.

എബി കുട്ടിയാനം
ഒരു വ്യക്തി  ഒരു അപകടം നേരിട്ടുകാണുന്നു. അയാള്‍ അക്കാര്യം അപ്പുറത്തെ ഒരാളോട് പോയി  പറയുമ്പോള്‍ അത് വിശ്വസിച്ചെന്നുവരില്ല. എന്നാല്‍ പത്രത്തില്‍ വാര്‍ത്തയുണ്ട് എന്ന് പറയുമ്പോള്‍ അയാള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ല. പത്രം പറയുന്നതെന്തും നേരാണെന്ന ജനം വിശ്വസിക്കുന്നു. ആ വിശ്വാസം കാക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
എന്നാലിന്ന് സോഷ്യല്‍ മീഡിയക്കാരന്‍ മാധ്യമപ്രവര്‍ത്തകന്റെകുപ്പായമിട്ടതോടെ വാര്‍ത്തകള്‍  വെറും ബഹളങ്ങളായി മാറുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഫ്‌ളാഷ് സ്റ്റാറ്റസ് അടിച്ചുവിട്ട് ഫോര്‍വേഡ് ചെയ്യുന്നു. ഊഴം കാത്തുനില്‍ക്കുന്ന അഗംങ്ങള്‍ അതിനെ പരമാവധി ഷെയര്‍ ചെയ്തുകൊണ്ടുപോകുന്നു. എപ്പോള്‍, എന്ത്, എങ്ങനെ ഒന്നും വ്യക്തമായി  പറയാന്‍ കഴിയില്ല. വാര്‍ത്തയുടെ സ്രോതസ് ഏതെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമില്ല. വാര്‍ത്ത സത്യമാണെങ്കില്‍പോലും വിവരങ്ങള്‍ പലതും തെറ്റായിരിക്കും. മാത്രമല്ല ഇത്തരം വാര്‍ത്തകളില്‍ അധികവും വ്യാജമാണ്. ആരോ പറയുന്നു, എവിടെന്നോ കേള്‍ക്കുന്നു അതിനെയൊക്കെ സ്റ്റാറ്റുന്നു.
ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു എന്ന വിവരമാണ് ശരിയും തെറ്റുമറിയാതെ സോഷ്യല്‍ മീഡിയക്കാരന്‍ ഏറ്റവും ഒടുവിലായി  കൊണ്ടാടിയത്. ഹെല്‍മറ്റ്  ധരിക്കാത്തതുമുതല്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ കണക്കും മനോഹരമായി എഴുതിവെച്ചു. കണ്ടവര്‍ കണ്ടവര്‍ സമയം  പാഴാക്കാതെ ഷെയര്‍ ചെയ്‌തെടുത്തു.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു വിവരം മുകളില്‍ നിന്ന് ലഭിച്ചിട്ടില്ല എന്ന ഉത്തരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയത്.
പിന്നെ എങ്ങനെ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചുവെന്നായി അടുത്ത അന്വേഷണം. അപ്പോഴാണറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്ന്. അതിനെയാണ് ഏതോ സോഷ്യല്‍ മീഡിയക്കാരന്‍ ഭാവനയില്‍ മെനഞ്ഞത്.
എബി കുട്ടിയാനം
പരമാവധി ലൈക്ക് വാങ്ങണമെന്ന ആവേശത്തോടെ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ അത് വരുത്തി  തീര്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അലോചിക്കാറില്ല.
തായിനേരിക്കടുത്തുള്ള അസീസ് എന്ന ഒരാള്‍ മരിച്ചപ്പോള്‍ മാപ്പിളപ്പാട്ടുഗായകന്‍ അസീസ് തായിനേരി മരിച്ചുവെന്ന് സ്റ്റാറ്റസടിച്ച് മത്സരിച്ചത് കുറച്ചുമാസം  മുമ്പാണ്. ഓരോ പോസ്റ്റിനിടയിലും അനുശോചനങ്ങള്‍  വന്നുനിറഞ്ഞു. ഒടുവില്‍ ഞാന്‍ മരിച്ചട്ടില്ല ജീവിച്ചിരിപ്പുണ്ടെന്ന സന്ദേശവുമായി അസീസ് തായിനേരി തന്നെ രംഗത്തെത്തുകയും ചെയ്തു.
കാസര്‍കോട്ടെ ഒരു  പ്രമുഖ രാഷ്ട്രീയ നേതാവ് മരിച്ചുവെന്ന വാര്‍ത്ത പടച്ചുവിട്ടത് കഴിഞ്ഞ നബിദിനത്തിന്റെ പുലരിയിലായിരുന്നു. വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോള്‍ ആ നേതാവ് ഒരു ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉപ്പളയ്ക്കു സമീപം ഷിറിയയില്‍ കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ എന്ന്  പറഞ്ഞ് ചിത്രസഹിതമാണ് വ്യാജ വാര്‍ത്ത വിട്ടത്. പോലീസ് അരിച്ചുപെറുക്കിയിട്ടും അങ്ങനെ ഒരു സംഭവമേ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതോ ഒരു വിരുതന്‍ എവിടെ നിന്നോ കിട്ടിയ ഫോട്ടോ വെറുതെ പോസ്റ്റുകയായിരുന്നു.
സീതാംഗോളിയില്‍ കഴിഞ്ഞാഴ്ച വാഹനാപകടമുണ്ടായപ്പോള്‍ കേട്ടമാത്രയില്‍ നാലുപേര്‍ മരിച്ചുവെന്ന് തട്ടിവിട്ടു.
വിവരം  ലോകത്തെ ആദ്യം അറിയിക്കുന്നത് ഞാനാണെന്ന ആഗ്രഹമാണ് സത്യാവസ്ഥ  മനസിലാക്കാതെ വാര്‍ത്ത പടച്ചുവിടാന്‍ സോഷ്യല്‍ മീഡിയക്കാരനെ പ്രേരിപ്പിക്കുന്നത്.
വര്‍ഗ്ഗീയ നിറമുള്ള  അല്ലെങ്കില്‍  നാടിന്റെ സമാധാനം തകരുന്ന  രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏറെ ജാഗ്രത കാണിക്കും. ചെറിയൊരു തീപ്പൊരിമതി ആളിക്കത്താന്‍. അതുകൊണ്ട് തന്നെ മതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളെപ്പോലും യുവാക്കള്‍ തമ്മില്‍ കയ്യാങ്കളി  എന്ന രീതിയിലേക്ക് മാറ്റി ലളിതവല്‍ക്കരിക്കും.
ഒരു വാര്‍ത്ത അടിച്ചുവിടുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍  മാത്രമല്ല അതിനുമുകളിലുള്ളവര്‍ കൂടി അതിനെ വിലയിരുത്തും. പോലീസ് വിവരങ്ങള്‍ കൂടി ചേര്‍ത്താണ് വാര്‍ത്ത തയാറാക്കുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയക്കാരന്‍ ആരോടും ചോദിക്കുന്നില്ല, ഒന്നും സത്യമാണെന്ന് ഉറപ്പിക്കുന്നുമില്ല.
സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പടച്ചുവിടുന്നതും മറ്റുള്ളവരെ അപമാനിക്കുന്ന സ്റ്റാറ്റസടിക്കലും ഗുരുതരമായ കുറ്റമാണ്. വര്‍ഗ്ഗീയത പരത്തുന്ന പോസ്റ്റുകള്‍ക്കും ശക്തമായ  ശിക്ഷയാണുള്ളത്. മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ചുരങ്ങിയ ശിക്ഷ.
മതപണ്ഡിതന്മാരേയും രാഷ്ട്രീയ നേതാക്കളേയും ഇവിടെ നിരന്തരം അപമാനിക്കുന്നു. എന്നിട്ടും ഒന്നും സംഭവിക്കാതെ നിങ്ങള്‍ രക്ഷപ്പെടുന്നത് ആരും പരാതികൊടുക്കാത്തതുകൊണ്ട് മാത്രമാണെന്നോര്‍ക്കണം.

No comments:

Post a Comment