Wednesday, October 22, 2014

സച്ചിനെ അപമാനിക്കുന്നതെന്തിന്(?)

സച്ചിനെ അപമാനിക്കുന്നതെന്തിന്(?)

എബി കുട്ടിയാനം
സച്ചിന്‍ നമുക്ക് ആരാണ്(?) ക്രിക്കറ്റ് എന്ന ജനകീയ ഗെയിമിലെ മായാജാലക്കാരന്‍ എന്നതിലപ്പുറം ആ കളിക്കാരന്‍ നമ്മുടെ ആരെക്കെയോ ആണ്. കുസൃതി നിറയുന്ന കുഞ്ഞനുജനായി, നിശബ്ദനായി വഴികാട്ടുന്ന ഏട്ടനായി, ദിശാബോധമുള്ള മാമനായി സച്ചിന്‍ നമുക്ക് മുന്നില്‍ കളിച്ചു ജീവിക്കുകയാണ്. ഒരിക്കലും ഒരു വാക്കുമിണ്ടിയില്ലെങ്കിലും ഒന്നു തൊടാന്‍ കഴിഞ്ഞില്ലെങ്കിലും സച്ചിന്‍ നമ്മുടെ മനസ്സിലെവിടെയൊക്കെയോ ഒട്ടിപിടിച്ചുനില്‍ക്കുന്നു. അവന്‍ അവള്‍ക്കെഴുതുന്ന പ്രണയലേഖനത്തില്‍പോലും സച്ചിനാണ് നിറയുന്നത്. നീയില്ലാത്ത എന്റെ ജീവിതം സച്ചിനില്ലാത്ത ഇന്ത്യപോലെയാണെന്ന് അവന്‍ പിന്നെയും പിന്നെയും കുത്തിക്കുറിച്ചുകൊണ്ടിരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മുഖം കണ്ടാല്‍ തിരിച്ചറിയാത്ത മുത്തശ്ശിക്കും കൊച്ചുകുട്ടിക്കുമെല്ലാം സച്ചിനെ ഏതു അവ്യക്തതയിലും മനസ്സിലാവും. വീട്ടുമുറ്റത്ത് വിയര്‍പ്പൊഴുക്കിവെയിലുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നകുഞ്ഞുമക്കളോട് അമ്മമാര്‍ ചോദിക്കും. നീയെന്താ കളിച്ചുകളിച്ചു സച്ചിനാവുന്നോ(?) അതെ, സച്ചിന്‍ ഒരു അടയാളമാണ്. ആര്‍ക്കും മായ്ച്ചുകളയാനാവാത്ത അടയാളം.
സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് സങ്കല്പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല ഇന്നലെവരെ. എന്നാലിന്ന്  സച്ചിന്‍ രാജ്യത്തിന് ഭാരമാകുന്നുവെന്നറിയുമ്പോള്‍ എങ്ങനെയാണ് ഒരു ശരാശരി ക്രിക്കറ്റ് പ്രേമിക്ക് അത് ഉള്‍ക്കൊള്ളാനാവുക. ക്രിക്കറ്റിന്റെ അംബാഡറായ സച്ചിന്‍ തന്റെ കരിയറിന്റെ അവസാനകാലത്ത് തപ്പിതടയുമ്പോള്‍ കോണ്‍ഫിഡന്റ് പകരേണ്ടതിന് പകരം നമ്മുടെ ചില മുന്‍ നായകന്മാര്‍ പടവാളെടുത്ത് നില്‍ക്കുന്നത് നീതീകരിക്കാനാവാത്തതാണ്.
ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല സച്ചിന്‍ കളിമതിയാക്കണമെന്നാണ് കപില്‍ദേവ് പറഞ്ഞത്. ഗാംഗൂലിയും ഇതേ അഭിപ്രായം തുടര്‍ന്നു. ഗവാസ്‌ക്കറിനും പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ ഒരുപാട് ഉയരങ്ങളിലെത്തിച്ച സ്റ്റീവ് വോ ബാറ്റിങ്ങില്‍ അല്പം നിറം മങ്ങിപ്പോള്‍ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ തലവന്മാര്‍ പിടിച്ചുതള്ളി. ഒടുവില്‍ അവര്‍ പോണ്ടീങ്ങിനോടും അതേ നിലപാട് തുടര്‍ന്നു. ഈ ഉദാഹരണങ്ങളൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ സച്ചിനെതിരെയും തീരുമാനം വേണമെന്ന അഭിപ്രായം ശരിയാണ്.
പക്ഷെ, സച്ചിന്‍ നമുക്ക് അങ്ങനെയാണോ. പഴയപോലെ ബാറ്റ് ചലിപ്പിക്കാന്‍ കഴിയില്ലെന്ന് വരുമ്പോള്‍ പിടിച്ചുതള്ളാന്‍ മാത്രം സാധാരണക്കാരനായ ഒരു കളിക്കാരനാണോ സച്ചിന്‍. രാജ്യത്തിന്റെ താല്പര്യവും ടീമിന്റെ വിജയവുമെല്ലാം പരമപ്രധാനമാണ്. എന്നാല്‍ സച്ചിനെപ്പോലൊരു ഇതിഹാസത്തിനുനേരെ നമുക്കങ്ങനെ കുരച്ചുചാടാന്‍ കഴിയുമോ(?) തുടര്‍ച്ചയായി നൂറു കളികളില്‍ പൂജ്യത്തിനുപുറത്തായാലും സച്ചിന്‍ കുറിച്ചുവെച്ച നേട്ടങ്ങള്‍ മാഞ്ഞുപോവില്ല.
സച്ചിന്‍ ടീമില്‍ പിടിച്ചുതൂങ്ങുകയാണെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ജീവിതം ക്രിക്കറ്റിനുമാത്രമായി സമര്‍പ്പിച്ച ഒരാള്‍ അതിനോട് കാണിക്കുന്ന സ്‌നേഹവും അഭിനിവേശവുമാണ് ആ കാണുന്നത്. അതിനെപിടിച്ചു തൂങ്ങലായി ചിത്രീകരിക്കുന്നത് നമ്മുടെ ഉള്ളിലുള്ള സാഡിസ(മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ സുഖം കണ്ടെത്തുന്ന രോഗം)ത്തിന്റെ ഭാഗമാണ്. ഇന്നലെവരെ സച്ചിന് ക്രിക്കറ്റിനെ മാത്രമല്ല ക്രിക്കറ്റിന് സച്ചിനെയും വേണമായിരുന്നു. അപ്പോള്‍ അച്ഛന്റെ മൃതശരീരം കത്തിയെരിയുംമുമ്പുതന്നെ അവനെ കളിക്കളത്തിലേക്ക് കൂട്ടികൊണ്ടുവരാന്‍ തിടുക്കമായിരുന്നു എല്ലാവര്‍ക്കും. അന്നും ക്രിക്കറ്റ് സച്ചിന് അച്ഛനോളം മഹത്വരമായിരുന്നു. ഇന്ന് ഈ സായംസന്ധ്യയിലും സച്ചിന് ക്രിക്കറ്റിനെവേണം. പക്ഷെ, ക്രിക്കറ്റിന് സച്ചിനെ വേണ്ട((!) ഇത് ഒരിക്കലും മനുഷ്യത്വത്തിന് നിരക്കാത്തതാണ്.
ലോകത്ത് എല്ലാവര്‍ക്കും ഒരേ നീതിയാണെന്ന തത്വത്തെ എതിര്‍ക്കാനാവില്ല.പക്ഷെ, ചില മഹാന്മാര്‍ അവരുടെ കോണ്‍ട്രിബ്യൂഷനിലൂടെ ഒരുപാട് ഉന്നതികളിലെത്തും. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും മാന്യതയും നല്‍കുകതന്നെ വേണം. ഒരു ദിവസത്തിന്റെ പ്രകടനം കൊണ്ട് വിലയിരുത്തി ഒരാളെയും എഴുതിതള്ളാനാവില്ല.
മിറാക്കിള്‍(അല്‍ഭുതം) അത് ചില യുഗങ്ങളില്‍ മാത്രം  സംഭവിക്കുന്നതാണ്. കണ്ട് കണ്ട് ശീലിക്കുമ്പോള്‍ അസാധാരണത്വം നിറയും. എന്നാല്‍ അത് മിറാക്കിള്‍ അല്ലാതാകുമോ(?)
സച്ചിന്റെ ഇപ്പോഴത്തെ പെര്‍ഫോമന്‍സില്‍ എല്ലാവര്‍ക്കും സങ്കടമുണ്ട്. നൂറാം ശതകത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തോറ്റവനെപ്പോലെ തലതാഴ്ത്തിമടങ്ങുന്നത് നമുക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. നൂറിനും ചരിത്രത്തിനുമിടയില്‍ മത്സരങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീഴുമ്പോള്‍ ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്ന് പലരും ഉറപ്പിച്ചുകഴിഞ്ഞും. അതാണ് വിമര്‍ശനത്തിന് ശക്തി ഏറ്റുന്നത്.
ഒരുപാട് പ്രതിഭകള്‍ അകത്തും പുറത്തും നിറഞ്ഞാടുമ്പോള്‍ സച്ചിനില്ലാത്ത ഇന്ത്യയെ നമുക്ക് നന്നായിട്ട് സങ്കല്‍പ്പിക്കാന്‍ കഴിയുന്നു. അവിടെ തന്നെയാണ് സച്ചിന്‍ ഒരു ഭാരമാവുന്നതും. അഖ്വീബ് ജാവേദിനെ അടിച്ചുപരത്തി  ഓവര്‍ തീരുംമുമ്പ് തന്നെ പേടിപ്പിച്ചോടിച്ച, ഷെയിന്‍വോണിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തി പേക്കിനാവ് കാണിപ്പിച്ചുകൊടുത്ത സച്ചിനെ ഇനി കിട്ടിയെന്നുവരില്ല. എന്നാലും മുട്ടിയും തട്ടിയും റണ്‍സെടുക്കാന്‍ കഴിയുന്നടുത്തോളം കാലം ടീമില്‍ നിലനിര്‍ത്തണം. ഭാരതരത്‌നമോ ആജീവനാന്ത ബഹുമതിയോ നല്‍കി ആദരിക്കുന്നതിനപ്പുറം സച്ചിന് നമുക്ക് നല്‍കാന്‍ കഴിയുന്ന സമ്മാനവും അതായിരിക്കും. ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സച്ചിന്‍ മതിവരുവോളം കളിക്കട്ടെ.

No comments:

Post a Comment