Sunday, October 26, 2014

ഓര്‍ക്കൂട്ട്... നീ ആയിരുന്നല്ലോ....

ഓര്‍ക്കൂട്ട്...
നീ ആയിരുന്നല്ലോ....


എ.ബി കുട്ടിയാനം

ഓര്‍ക്കൂട്ട്...സുഖമുള്ളൊരോര്‍മ്മയാണത്...ഫേസ്ബുക്കും വാട്‌സ് അപ്പും വരുന്നതിനുമുമ്പ് അതായിരുന്നു എല്ലാം...എവിടെയോ  ഉള്ള സുഹൃത്തിനെ കണ്‍മുന്നില്‍കൊണ്ട് വന്ന് ഇതാ,നിന്റെ ആ പഴയ കൂട്ടുകാരനെന്ന് പറഞ്ഞ് കാണിച്ചു തന്ന ഓര്‍ക്കൂട്ട്...രാത്രിയും പകലും അരികിലിരുന്ന് കഥ പറഞ്ഞ ഓര്‍ക്കൂട്ട്...ഒന്നും നഷ്ടപ്പെടുന്നില്ലെന്നും എല്ലാവരും  അരികിലുണ്ടെന്നും ആദ്യമായി  പറഞ്ഞുതന്നത്  ഓര്‍ക്കൂട്ടായിരുന്നു...കൂട്ടുകാരന്റെ പുതിയപുതിയ ഫോട്ടോകളെ ആവേശത്തോടെ നോക്കിയത്,  സ്‌നേഹത്തോടെ ലൈക്കടിച്ച്, നമ്മുടെ ഓരോ ചനലനങ്ങളേയും  തത്സമയം ലോകത്തെത്തിച്ചത്...അങ്ങനെ അങ്ങനെ ഓര്‍ക്കൂട്ടെന്ന ആദ്യത്തെ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക് നമ്മുടെ ആരെക്കെയോ ആയിരുന്നു ഇന്നലെ വരെ..
എന്നാലിന്ന് ഓര്‍ക്കൂട്ട് ഓര്‍മ്മകള്‍  മാത്രം...ഫേസ്ബുക്കിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓര്‍ക്കൂട്ട് തോറ്റ് മടങ്ങുന്നു...സെപ്തംബര്‍ 30ന് ഓര്‍ക്കൂട്ട്
എന്നെന്നേക്കുമായി ലോഗ് ഔട്ട് ആയപ്പോള്‍  സോഷ്യമീഡിയയില്‍ പിച്ചവെച്ച ആ കളിമുറ്റത്തെ ഓര്‍ത്ത് മനസ്സ് വിതുമ്പുന്നു...
കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും തിരുവോണം വരും...പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും...എന്നാല്‍ ആ കാവ്യ ഭംഗിയെ അന്വര്‍ത്ഥമാക്കാന്‍ ഓര്‍ക്കൂട്ട് മാത്രം വരില്ല... 

2004 ജനുവരിയിലായിരുന്നു ഓര്‍ക്കൂട്ടിന്റെ ജനനം. തുര്‍ക്കിക്കാരനായ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ഓര്‍ക്കൂട്ട്  ബയുകോക്ടന്റെ ബുദ്ധിയിലുദിച്ച ആശയം അതിവേഗം ലോകത്തെ ബന്ധിപ്പിച്ചു. ക്ലബ്ബ് നെക്‌സസ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയായിരുന്നു  തുടക്കം. അത് വന്‍ വിജയമായി. കോളജ് വിദ്യാര്‍ത്ഥികളും  യുവാക്കളുമെല്ലാം അതില്‍ കണ്ണിചേര്‍ന്നു. ചാറ്റ് ചെയ്യാനും മെയില്‍ അയക്കാനുമുള്ള പുതിയ സംവിധാനത്തെ ലോകം ഇരുകയ്യും  നീട്ടിയാണ് സ്വീകരിച്ചത്.  ഗൂഗിളുമായി  ചേര്‍ന്നതോടെ അതേ മാതൃകയില്‍ ഓര്‍ക്കൂട്ടിന് രൂപം നല്‍കി. 2004 അവസാനമാകുമ്പോഴേക്കും ഓര്‍ക്കൂട്ട് ഇന്ത്യയില്‍ വന്‍ പ്രചാരം നേടി. 20 ശതമാനം ഉപഭോക്താക്കളാണ് ഇന്ത്യയിലുണ്ടായത്. അമ്പത് ശതമാനം പേര്‍ ബ്രസിലിലും 18 ശതമാനം  പേര്‍ അമേരിക്കന്‍ ഐക്യനാടുകളിലും ഓര്‍ക്കൂട്ടിനെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. 2004-ല്‍ 13 ദശലക്ഷം ഉപഭോക്താക്കളെയാണ് ഓര്‍ക്കൂട്ട് നേടിയെടുത്തത്. അക്കാലത്ത് ഇതിന്റെ മൂന്നിലൊന്ന് അംഗങ്ങള്‍പോലും ഫേസ്ബുക്കിന് ഉണ്ടായിരുന്നില്ല.
ഓര്‍ക്കൂട്ട് അഭിമാനത്തിന്റെ അടയാളമായി വളര്‍ന്നു. ഞാന്‍ വിളിക്കാമെന്ന് പറഞ്ഞിരുന്ന വാക്കുകള്‍ ഔട്ട് ഓഫ് ഫാഷനായി. നമുക്ക് ഓര്‍ക്കൂട്ടില്‍കാണാമെന്ന് ന്യൂജനറേഷന്‍ പറഞ്ഞുതുടങ്ങി. ഗ്രാമാന്തരങ്ങളില്‍ പോലും ഓര്‍ക്കൂട്ടിന് അക്കൗണ്ടുകളുണ്ടായി. എന്നോ ഒരിക്കല്‍ ഒന്നിച്ചുപഠിച്ച് വഴിപിരിഞ്ഞവരെ, എവിടെയോ പരിചയപ്പെട്ട് മറഞ്ഞുപോയവരെ നമ്മള്‍ ഓര്‍ക്കൂട്ടിലൂടെ തേടിപോയി....ആരെയും നഷ്ടപ്പെടുന്നില്ലെന്നും ആരും അകലെയല്ലെന്നും ഓര്‍ക്കൂട്ട്  പറഞ്ഞുതന്നു. ഓര്‍ക്കൂട്ടില്‍ അക്കൗണ്ട് ഇല്ലെന്ന് പറയുന്നത് ഒരു കുറച്ചിലാണെന്ന രീതിയിലേക്ക് ഓര്‍ക്കൂട്ടിന്റെ സ്വാധീനം വളര്‍ന്നു.
എന്നാല്‍ 2009 ആകുമ്പോഴേക്കും, അതായത്  അഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും ഓര്‍ക്കൂട്ട് കിതച്ചുതുടങ്ങി. അതിനിടയിലെപ്പോഴോ ഫേസ്ബുക്കുമായി മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇടിച്ചുകയറുകയും ചെയ്തു. 2010-ല്‍  ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍  ഓര്‍ക്കൂട്ടിനെ കടത്തിവെട്ടി. നാള്‍ക്കുനാള്‍ ഫേസ്ബുക്കിന്റെ പ്രചാരം കൂടുകയും ഓര്‍ക്കൂട്ടിന്റേത്  അതിനനുസരിച്ച് കുറയുകയും ചെയ്തു. രാപ്പകല്‍ ഭേദമില്ലാതെ ഓര്‍ക്കൂട്ടിനോട് കൂട്ടുകൂടിയവര്‍ പിന്നീട് മെല്ലെ  മെല്ലെ അതില്‍നിന്നകന്നു. ലോഗിന്‍ ചെയ്യുന്നത് ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ മാത്രമായി ചുരങ്ങി. അപ്പോഴേക്കും ഫേസ്ബുക്ക് ഒരു ലഹരിപോലെ നാടുനീളെ പടര്‍ന്നിരുന്നു. 2010-ല്‍ നഷ്ടമായ ജനപ്രീതി തിരിച്ചെടുക്കാന്‍ പിന്നീടൊരിക്കലും ഓര്‍ക്കൂട്ടിന് സാധിച്ചില്ല.
തങ്ങളുടെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഓര്‍ക്കൂട്ട് പൂട്ടുന്നുവെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണ്‍ 30നായിരുന്നു.
ജൂലൈ ഒന്നിന് ശേഷം പുതിയ അംഗങ്ങളെ സ്വീകരിക്കില്ലെന്നും അറിയിച്ചു. സെപ്തംബര്‍ 30ന് തങ്ങള്‍ എന്നെന്നേക്കുമായി വിടപറയുമെന്നും അവര്‍ വ്യക്തമാക്കി.
ആ സെപ്തംബര്‍ 30 കണ്‍മുന്നിലൂടെ കടന്നുപോയപ്പോള്‍ വേണ്ടപ്പെട്ട ആരോ ഒരാള്‍ വിടപറഞ്ഞകന്നതിന്റെ ദു:ഖമായിരുന്നു മനസ്സിന്.
ആ സ്‌ക്രാപ്പ് ഇനിയില്ല, ഫേസ്ബുക്കില്‍ മതിമറക്കുമ്പോള്‍ ഓര്‍ക്കൂട്ട് ഒരു നഷ്ടമേ അല്ലായിരിക്കാം,  പക്ഷെ, ഓര്‍മ്മകള്‍ക്കിപ്പോഴും ജീവന്റെ തുടിപ്പുണ്ട്.
ഓര്‍ക്കൂട്ട് പ്രൊഫൈലിലൂടെ വെറുതെ നടക്കുമ്പോള്‍ ഗൃഹാതുരത്വം ഒരു കുളിരായി പെയ്യുന്നു. പഠനം കഴിഞ്ഞ് പല വഴിക്ക് പിരിഞ്ഞ ശേഷം ഇവിടെ വെച്ചായിരുന്നല്ലോ അവളെ ആദ്യമായി കണ്ടത്...കളി ചിരി വര്‍ത്തമാനവുമായി കാമ്പസ് ജീവിതത്തെ സമ്പന്നമാക്കിയ കൂട്ടുകാരനെ തിരികെ കിട്ടിയതും ഇവിടെ വെച്ചാണല്ലോ...കുഞ്ഞുമോന്റെ മുഖഭാവമുള്ള എന്റെ ഓരോ ഫോട്ടോകളും സൂക്ഷിച്ചുവെച്ചത് ഓര്‍ക്കൂട്ട്...നീ  ആയിരുന്നല്ലോ...ഓര്‍ക്കൂട്ട്...മറക്കില്ലൊരിക്കലും....അല്ലെങ്കിലും എങ്ങനെ മറക്കും..... ഫേസ്ബുക്കില്‍ നിറഞ്ഞാടുമ്പോഴും ആദ്യം നിന്നെ ഓര്‍ക്കും...നീ ആയിരുന്നല്ലോ  സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും ബന്ധങ്ങളുടെ പവിത്രത പറഞ്ഞുതന്നതും...ഓര്‍ക്കൂട്ട്...മനസ്സില്‍ ഒരു കുളിര്‍മഴപോലെ നീ എന്നും ഒട്ടിപിടിച്ചുനില്‍ക്കും...ഓര്‍ക്കൂട്ട് നന്ദി....ജലംപോലെ തൊട്ട ആ സ്‌നേഹത്തിന്....

No comments:

Post a Comment