Monday, October 20, 2014

കാസ്രോട്ടെ പുള്ളര്‍ പുതിയ പാട്ടിന്റെ മൂഡിലാണ്..


കാസ്രോട്ടെ പുള്ളര്‍
പുതിയ പാട്ടിന്റെ മൂഡിലാണ്...

എബി കുട്ടിയാനം

സൈബര്‍ ലോകത്തെ കടക്ക് പുള്ളര്‍ പാശ്ചാത്യ സംഗീതത്തിന് താളമിടുന്ന തിരക്കിലാണിപ്പോള്‍. വാട്‌സ്അപ്പില്‍ തമാശക്കായി ഏതോ ഒരു പയ്യന്‍ മൂളിവിട്ട പാട്ട് വൈറസുപോലെ പടരുകയാണ്...
അണങ്കൂരിലെ പുള്ളറെ കണ്ട്‌ന , കടക്ക്  പുള്ളറെ കണ്ട്‌ന, കണ്ടിറ്റാങ്ക് ബാ...എന്ന് ഷാക്കിറ  മോഡലില്‍ വെസ്റ്റേണ്‍ ടച്ചോടെ താളമിട്ട് പാടിയ നാല്‌വരി വാട്‌സപ്പില്‍ പുതിയ കൊലവെറിയായപ്പോള്‍ ദക്കീറത്തിലെ  പുള്ളര്‍ മറുപടി പാട്ടിറക്കി....പിന്നെ പാട്ടുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഓരോ ദിക്കിലെ പുള്ളറും അവരുടെ നാടും പേരും ചേര്‍ത്ത് ഈണമിട്ട് പാടാന്‍ തുടങ്ങി...അതിനിടയില്‍ പാട്ട്  കാസര്‍കോട്ട് നിന്ന് മലബാറിലേക്കും വ്യാപാപിച്ചു. തലശ്ശേരിയിലും മലപ്പുറത്തും തൃശൂരം പുതിയ രാതിയില്‍ അത്  പൊടിപൊടിക്കുന്നു...തലശ്ശേരിയിലെ പിള്ളേര്‍ പാടിയപ്പോള്‍ അതിന് പുതിയ മുഖമാണ് കൈവന്നത്...മാഹിയിലെ പിള്ളറെ കണ്ട്ക്ക...എന്ന പാട്ട് സംവിധായകന്‍ ആശിഖ്  അബുവിന്റെ ചെവിയിലെത്തിയപ്പോള്‍ അതിനെക്കുറിച്ചൊരു സിനിമയിറക്കാന്‍വരെ തോന്നി ആശിഖ് അബുവിന്...ഒപ്പന എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം...മോഡലും നിരവധി സിനിമകളില്‍ അഭിനയിക്കുകയും  ചെയ്തിട്ടുള്ള കാസര്‍കോട് പള്ളങ്കോട്ടെ ഷാഹിദ് ശംസിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്...
മാഹിയിലെ പിള്ളേരെ കണ്ട്ക്ക എന്ന പാട്ടിനെ ആശിഖ് അബു സിനിമയാക്കുമെന്ന് കേട്ടതോടെ പാട്ടിന്റെ യഥാര്‍ത്ഥ അവകാശികളായ കാസര്‍കോട്ടെ പുള്ളര്‍ക്ക് അരിശമായി...കോപ്പിയടിച്ച് വിലസുകയാണെന്ന വാക്ക് തര്‍ക്കമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍  നിറഞ്ഞുകൊണ്ടിരിക്കുന്നത്...
വാട്‌സപ്പില്‍ നിന്ന് ഫേസ് ബുക്കിലേക്കും ചര്‍ച്ച വ്യാപിച്ചു. നിരന്തരം പുതിയ പുതിയ  ആക്ഷേപങ്ങളും വെല്ലുവിളികളുമാണിപ്പോള്‍ അരങ്ങേറുന്നത്. ഇതില്‍ പലതും മര്യാദയുടെ സീമപോലും ലംഘിക്കുന്നു. ഉളുപ്പില്ലാത്ത തെറിവാക്കുകളാണ് ചിലര്‍ ഉപയോഗിക്കുന്നത്. നാടിനെയും നാട്ടുകാരേയും പരക്കേ പരിഹസിക്കാന്‍ അവര്‍ മത്സരിക്കുന്നു....ഞങ്ങളാണ് ഫാഷനും പാട്ടും പഠിപ്പിച്ചതെന്ന് കാസര്‍കോട്ടുകാര്‍ പറയുമ്പോള്‍ തലശ്ശേരിക്കാര്‍ അതേ  നാണയത്തില്‍ തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിക്കാരന്റേതായി ഒരു ശബ്ദംവന്നു അതില്‍  ഇങ്ങനെ പറയുന്നു...പാട്ട്‌കൊണ്ടുവന്നത് കാസര്‍കോട്ടെ പിള്ളേരല്ലെ, എന്തിനാ അവരുടെ പാട്ട് കോപ്പിയടിക്കുന്നത്, അവരോട്  കളിക്കേണ്ട....അവസാനം കാസര്‍കോട്ടുകാര്‍ക്ക് ഒരു കൊട്ടും കൊട്ടുന്നു....അവര്‍ വെള്ളിയാഴ്ച വിസ അടിച്ചിറക്കിയ (ഗള്‍ഫില്‍ വെള്ളിയാഴ്ച  പൊതു അവധിയാണ്, അന്ന് വ്യാജ വിസ അടിച്ചിറക്കി എന്നാണ് പറയപ്പെടുന്നത്) ആളുകളാണ് കേട്ടോ....
പാട്ടുകള്‍ക്കുപുറമെ ഭീഷണി സ്വരവുമായി പുറത്തിറങ്ങിയ  മുദ്രാവാക്യവും വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു. അതിനിടയില്‍ പതിവുപോലെ കാസര്‍കോട്ടുകാരന്റെ മാസ്റ്റര്‍ പീസായ കസ്റ്റമര്‍ കെയര്‍  വിളിയും പുറത്തിറങ്ങി. ഒരു പ്രമുഖ  മൊബൈല്‍ കമ്പനിയുടെ  കസ്റ്റമര്‍ കെയറിലേക്ക് കാസര്‍കോട്ടെ ചെറുപ്പക്കാരന്‍ തനി കാസര്‍കോടന്‍ ഭാഷയില്‍ ഹലോ ട്യൂണിനുവേണ്ടി വിളിക്കുകയാണ്...അണങ്കൂരിലെ പുള്ളറെ  കണ്ടിന എന്ന പാട്ട് ആവശ്യപ്പെടുമ്പോള്‍ മറുതലയിലുള്ള തെക്കന്‍ കേരളക്കാരിയായ ലേഡി സ്റ്റാഫിന് ഒന്നും മനസ്സിലാവുന്നില്ല...സാറെ, ആ പാട്ടില്ലെങ്കില്‍ ദക്കീറത്തിലെ  പെണ്‍പുള്ളറെ കണ്ടിന...എന്ന പാട്ട് മതി എന്നാണ് പറയുന്നത്...ഇത് ഏത് സിനിമയാണെന്ന് കസ്റ്റമര്‍  കെയര്‍ ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ കാസര്‍കോട്ടുകാരന്‍ അവന്റെ തമാശ  വര്‍ത്തമാനം തുടര്‍ന്നുകൊണ്ടിരിക്കുന്നു...
ചേലുള്ള ആണ്‍പുള്ളറേയും പെണ്‍പുള്ളറേയും കാണണമെങ്കില്‍ എത്തേണ്ട കോളജുകളുടേയും സ്‌കൂളുകളുടേയും പേരാണ് പാട്ടില്‍ എടുത്തുപറയുന്നത്...കാസര്‍കോട്ടെ ഒരു പാരലല്‍ കോളജില്‍ നിന്നാണത്രെ ആദ്യ പാട്ട്  വന്നത്. കടക്ക് പുള്ളറെ കണ്ടിട്ടാങ്ക് ബാ...എന്ന ചോദ്യത്തിന് ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അതേ രാഗത്തില്‍ മറുപടി പറഞ്ഞു. ആ പെണ്‍കുട്ടി പിന്നീട് അസംബ്ലിയില്‍വെച്ച് മാപ്പു പറഞ്ഞുവെത്ര. പക്ഷെ അപ്പോഴേക്കും പാട്ട് പാട്ടുപാടി മയ്യഴി പുഴ കടന്നിരുന്നു...
പാട്ട് അതിന്റെ പാട്ടിനുപോകുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നസ്ഥിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആശയപരമായ ഏറ്റുമുട്ടലുകള്‍ ഗള്‍ഫുനാടുകളില്‍ കയ്യാങ്കളിയില്‍വരെ ചെന്നെത്തി എന്നാണ് വിവരം.
കല്ല്യാണ  പന്തലില്‍ ഇന്നസെന്റ്  സദ്യവിളമ്പുന്ന സീനിന് കാസര്‍കോടന്‍ ഭാഷ നല്‍കി  ഇച്ച  കൊര്‍ച്ച് ചോറിടട്ട എന്ന് ചോദിക്കുന്ന  രംഗം നര്‍മ്മം കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. അത് വന്‍ ഹിറ്റായതോടെ അതിന്റെ ചുവടുപിടിച്ച് പല  കോമഡികളും കാസര്‍കോടന്‍ ഭാഷയില്‍വന്നു. അതിന് ശേഷം കാസര്‍കോട്ടുകാരന്‍ കൊണ്ടുവന്ന തരംഗമാണ്. ....പുള്ളറെ കണ്ടിന, കണ്ടിട്ടാങ്ക് ബാ... എന്ന് തുടങ്ങുന്ന പാട്ട്...
എന്നാല്‍ അത് പരിധിവിട്ട് തെറിവിളിയിലേക്ക് നീങ്ങുന്നതോടെ നാടിന്റെ സല്‍പ്പേര് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാട്ട് നല്ല കലാബോധമാണുള്ളത് പക്ഷെ, അത് നന്മയിലേക്ക് ഉപയോഗിച്ചില്ലെങ്കില്‍ നാശമാകും എന്ന സത്യം ഇവിടെ വ്യക്തമാകുന്നു. പാട്ടിന്റെ  പേരില്‍ തെറിവിളി വ്യാപകമായതോടെ പോലീസും ഇത്  നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൈബര്‍ സെല്ലും ജാഗ്രതയിലാണ്. ഭീഷണിപ്പെടുത്തുന്നതോ, അപമാനിക്കുന്നതോ ആയ സന്ദേശം മറ്റൊരാള്‍ക്ക് അയച്ചാല്‍ മൂന്ന് വര്‍ഷം ശിക്ഷ ലഭിക്കും, സ്വകാര്യതയ്ക്ക് തടസമാകുന്ന പ്രചാരണത്തിന് മൂന്ന് വര്‍ഷം തടവും പിഴയുമുണ്ടെന്ന് പോലീസ് പറഞ്ഞു.
അണങ്കൂരിലെ പുള്ളറെ കണ്ട്‌ന, കടക്ക് പുള്ളറെ കണ്ടന് കണ്ടിട്ടങ്ക് ബാ...എന്ന പാട്ടും അതിന് മറുപടിയായി വന്ന  പെണ്‍പിള്ളേരുടെ പാട്ടും എല്ലാവരും ആസ്വദിച്ചു...എന്തു പറഞ്ഞാലും കേള്‍ക്കാന്‍ ഇമ്പമുള്ളത് തന്നെയായിരുന്നു അത് അതുകൊണ്ടാണ് അത് തരംഗമായതും...അവരുടെ ഉള്ളിലെ കലാബോധത്തിന് ലൈക്കടിക്കാതിരിക്കാനാവില്ല...എന്നാല്‍ അതിന് ശേഷം വന്നുകൊണ്ടിരിക്കുന്ന പാട്ടുകളിലെ വരികള്‍ ഇവിടെ ചേര്‍ക്കാന്‍ പറ്റാത്തവിധം ആശ്ലീലമാണ്...
അന്ധമായി അനുകരിക്കുന്നതും, മറ്റുള്ളവരെ കോപ്പിയടിക്കുന്നതും നാണക്കേടാണ് കൂട്ടുകാര...നിങ്ങളുടെ പാട്ടുകേട്ട് കയ്യടിക്കാനല്ല സഹതപിക്കാനാണ് ആളുകള്‍ക്ക് തോന്നുന്നത്...നിര്‍ത്തിക്കൂടെ ഈ തോന്നിവാസം...

1 comment: