Tuesday, April 26, 2016

ധോനി ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു നീ വട്ടപൂജ്യമാണെന്ന്‌



ധോനി
ഞാനൊരിക്കലും നിന്റെ ഫാനായിരുന്നില്ല
നിന്റെ ഒരു ഹെലികോപ്‌ടറും
എന്റെ ഹൃദയത്തിലേക്ക്‌ ഇറങ്ങിയിട്ടുമില്ല
നിന്റെ ഒരു സിക്‌സറും എന്നെ മതിപ്പിച്ചിട്ടില്ല
അഞ്ചോവര്‍ നേരത്തെ തീര്‍ക്കാവുന്ന മത്സരത്തെ
അവസാന പന്തുകളിലേക്ക്‌ കൊണ്ടുപോയി
രാജ്യത്തെ ടെന്‍ഷനടപ്പിക്കുന്ന നിന്റെ
ബാറ്റിംഗ്‌ ഒരിക്കലും ബിഗ്‌ ഫിനീഷറുടേതായിരുന്നില്ല

ധോനി
നീ നല്ലൊരു കളിക്കാരനേയല്ല
പക്ഷെ നീ ഭാഗ്യവാനാണ്‌
നായകനാവാന്‍ ആരുമില്ലാത്ത കാലത്തായിരുന്നു
നീ ഇന്ത്യന്‍ ടീമിലെത്തിയത്‌

നീയല്ല ഭുവനേശ്വര്‍ കുമാറോ ബാലാജിയോ
ക്യാപ്‌റ്റനായാല്‍ പോലും ജയിക്കുന്ന താരനിബിഡമായ
ടീമിനെയാണ്‌ നിനക്ക്‌ കിട്ടിയത്‌
നല്ല കളിക്കാരുടെ മികവ്‌ കൊണ്ട്‌ മാത്രമാണ്‌ നീ ജയിച്ചത്‌
അല്ലാതെ നിന്റെ മിടുക്കുകൊണ്ടല്ല

ഇപ്പോള്‍ പൂനെ ടീമിലെത്തിയപ്പോള്‍
നിന്റെ കയ്യില്‍ വജ്രായുധങ്ങളൊന്നുമില്ല
തോറ്റ്‌ തൊപ്പിയിടുന്ന നിന്നെ നോക്കി രാജ്യം
പറയുന്നുണ്ട്‌ ധോനി നീ നല്ല നായകനേയല്ലെന്ന്‌ 

Sunday, April 24, 2016

ദൈവമേ എന്തൊരു ചൂടാണിത്‌....



എബി കുട്ടിയാനം

നമ്മള്‍ ചെയ്‌തുവെച്ച ക്രൂരതകള്‍ക്ക്‌ പ്രകൃതി പകരം ചോദിക്കുക തന്നെ ചെയ്യും. കൂടുതല്‍ പണം തേടി ജീവിതത്തെ അടിച്ചുപൊളിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ കണ്ണില്‍ കണ്ട മരങ്ങളെയും ചെടികളെയും വെട്ടിമാറ്റിയതിന്‌ ഭൂമി നല്‍കുന്ന ശിക്ഷയാണ്‌ ഈ ചൂട്‌. പുഴ എന്നുള്ളത്‌ മണല്‍ വാരാനുള്ള ഇടങ്ങള്‍ മാത്രമാണെന്നും മരം എന്നത്‌ വെട്ടിമാറ്റി വില്‍പ്പന നടത്താനുള്ള തടികള്‍ മാത്രമാണെന്നും കണക്കുകൂട്ടിയവര്‍ നശിപ്പിച്ചു കളഞ്ഞത്‌ ഈ പ്രകൃതിയെ തന്നെയായിരുന്നു. മരവും പുഴയും നശിക്കുന്നതോടെ ഈ ഭൂമി തന്നെ നശിക്കുമെന്ന്‌ ആരോ വിളിച്ചുപറഞ്ഞപ്പോള്‍ കളിയാക്കി ചിരിച്ചവരും ഈ ചൂടിനിടയില്‍ ഇന്ന്‌ വിയര്‍ത്തു കുളിച്ച്‌ അസ്വസ്ഥരാവുന്നുണ്ട്‌.
ഈ പ്രകൃതിയും പ്രകൃതിയിലെ വിഭവങ്ങളും നമ്മള്‍ കൊണ്ടുവന്നതല്ല, അത്‌ പോയ തലമുറ നമുക്ക്‌ കൈമാറിയ സമ്പത്തായിരുന്നു. ഈ ലോകത്തെ കാലാവധി പൂര്‍ത്തിയാക്കി നമ്മള്‍ മടങ്ങിപോകുമ്പോള്‍ അത്‌ പുതിയ തലമുറകള്‍ക്ക്‌ കൈമാറാനുള്ളതാണ്‌. പക്ഷെ ഞാനും എന്റെ ലോകവും എന്ന്‌ ചിന്തിച്ചവര്‍ ആര്‍ത്തിമൂത്ത്‌ പ്രകൃതിയെ പിച്ചിചീന്തുകയായിരുന്നു. എല്ലാ പുഴയും എന്റേതാവണമെന്നും എല്ലാ മണലും ഞാന്‍ ഊറ്റിയെടുക്കുമെന്നും വാശിപിടിച്ചവര്‍ നശിപ്പിച്ചു കളഞ്ഞത്‌ ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശത്തെ തന്നെയായിരുന്നു.
000 000 000
പണ്ട്‌ മദ്രസയില്‍ ക്ലാസെടുക്കുമ്പോള്‍ പാഠഭാഗങ്ങളിലൂടെ വിരലോടിച്ച്‌ ഉസ്‌താദ്‌ പറയുമായിരുന്നു. ഈ ലോകം അവസാനിക്കാറാകുമ്പോള്‍ ചൂട്‌ വര്‍ദ്ധിക്കും.ഭൂമി ചുട്ടുപൊള്ളും, ചൂട്‌ കൊണ്ട്‌ മനുഷ്യന്‌ ഭൂമിയില്‍ നില്‍ക്കാനാവാത്ത അവസ്ഥവരും...
എന്തല്ലെ...ഇന്ന്‌ പുലര്‍കാലത്തു പോലും വിയര്‍ത്തുകുളിക്കുകയാണ്‌ നമ്മുടെ മേനികള്‍, ഒരു എയര്‍ കൂളറിനും ആശ്വാസം തരാനാവാത്ത ചൂടാണ്‌ ചുറ്റിലുമുള്ളത്‌...നിര്‍ത്താതെ കറങ്ങുന്ന ഫാനുകള്‍ സമ്മാനിക്കുന്നത്‌ ചൂട്‌ കാറ്റാണ്‌...ഉറക്കം വരാതെ കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു...ഏതു ജനാല തുറന്നുവെച്ചാലും അടിച്ചുവീശുന്നത്‌ ചൂടു കാറ്റുമാത്രം...ഇതുപോലൊരു ചൂട്‌ ഞാനെന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്ന്‌ ഉമ്മാമ പറയുന്നു...ഓരോ വയസ്സന്മാര്‍ക്കും പറയാനുള്ളത്‌ കാലാവസ്ഥയുടെ ഈ വല്ലാത്ത മാറ്റത്തെക്കുറിച്ച്‌ മാത്രമാണ്‌...വേനല്‍ മഴ എന്നുള്ളത്‌ ദൈവത്തിന്റെ സമ്മാനമായിരുന്നു. ഭൂമി ചൂടിലേക്ക്‌ വീഴുന്ന മാര്‍ച്ചിലും എപ്രില്‍ മാസത്തിലും ഒന്ന്‌ രണ്ട്‌ മഴകള്‍ തന്ന്‌ ദൈവം ഭൂമിയെ തണുപ്പിക്കും...ആ വെള്ളവും ആ കുളിരും ഭൂമിയെ റി ഫ്രഷ്‌ ചെയ്യും. അതിന്റെ അനുഭൂതിയില്‍ ഒരു മഴക്കാലം വരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു നമുക്ക്‌...പക്ഷെ, ഇന്ന്‌ കൊതിപ്പിച്ചു മടങ്ങുന്ന മഴമേഘങ്ങള്‍പോലുമില്ലാതെ ആകാശം നിരാശ സമ്മാനിക്കുകയാണ്‌. ഇന്ന്‌ മഴയുണ്ടാകുമെന്ന്‌ പ്രതീക്ഷയോടെ പറയാന്‍ ഒരു കറുത്ത മേഘം പോലും എത്തി നോക്കുന്നില്ല.
മരുഭൂമിയിലേക്ക്‌ പ്രവാസം നയിക്കാന്‍ പോയ കൂട്ടുകാര്‍ ചൂടിന്റെ കാഠിന്യത്തെക്കുറിച്ച്‌ പറയുമ്പോള്‍ പണിയെടുക്കാന്‍ പറ്റാത്ത ചൂടോ...ഒന്ന്‌ പോടൈ എന്ന്‌ പറഞ്ഞ്‌ പരിഹസിച്ച നമ്മള്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും പറ്റാതെ വീട്ടിനുള്ളല്‍ പകച്ചുനില്‍ക്കുന്നു.

കിലോ മീറ്ററുകള്‍ നടന്ന്‌ യാത്ര ചെയ്‌തിരുന്ന നമ്മള്‍ക്കിന്ന്‌ വെയിലിന്റെ കാഠിന്യത്തില്‍ ബൈക്കുകളില്‍ പോലും യാത്ര ചെയ്യാനാവുന്നില്ല, കറുത്ത കാറുകളും തിങ്ങി നിറഞ്ഞ ബസും നമുക്ക്‌ അസ്വസ്ഥതയുടേതാണ്‌...ഒരു പകല്‍ മുഴുവന്‍ ഗ്രൗണ്ടില്‍ നിന്ന്‌ മാറാതെ വെയിലത്ത്‌ കളിച്ച നമ്മള്‍ ഒരു മിനിറ്റുപോലും വെയിലേല്‍ക്കാനാവാതെ തോറ്റ്‌ മടങ്ങുന്നു...കളികളൊക്കെ ഫ്‌ളഡ്‌ലൈറ്റ്‌ വെളിച്ചത്തിലേക്ക്‌ മാറിയത്‌ അലങ്കാരത്തിന്‌ വേണ്ടി മാത്രമല്ല ചൂട്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌.


000 000 000
ചൂട്‌ വല്ലാത്തൊരു സംഭവമാണ്‌....വേനല്‍കാലം കനക്കുന്നതോടെ നമുക്ക്‌ ഭക്ഷണത്തിന്റെ രുചി കുറയുന്നു...മനസ്സിനും ശരീരത്തിനും അസ്വസ്ഥത നിറയുന്നു...വേനല്‍ വരുമ്പോള്‍ ഡോക്‌ടര്‍മാര്‍ നമുക്ക്‌ മുന്നിലേക്ക്‌ ഭക്ഷണത്തിന്റെ പുതിയ ചാര്‍ട്ട്‌ തരും...എരിവ്‌ പുളിവ്‌ എന്നിവ അമിതമായി ഉപോയോഗിക്കരുതെന്ന്‌ ഓര്‍മ്മിപ്പിക്കുന്നവര്‍ ജങ്ക്‌ ഫുഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന്‌ നിര്‍ദ്ദേശം നല്‍കും. വെള്ളം നന്നായി കുടിക്കണമെന്നും കഞ്ഞിവെള്ളവും സംഭാരവും ഇളിനീരും തണ്ണിമത്തനും നാരങ്ങ വെള്ളവും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും നിര്‍ദ്ദേശിക്കും...
000 000 000
വെള്ളം ഏറ്റവും വലിയ ബിസിനസായി മാറിയത്‌ കാലാവസ്ഥയുടെ ഈ മാറ്റത്തോടെയാണ്‌. പത്തിരുപത്തി അഞ്ചു വര്‍ഷം മുമ്പ്‌ വരെ വെള്ളം വിലകൊടുത്ത്‌ വാങ്ങുന്ന ഒരു കാലത്തെ കുറിച്ച്‌ മനുഷ്യര്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാലിന്ന്‌ വെള്ളമാണ്‌ ഏറ്റവും വലിയ കച്ചവട മേഖല. ഏക്കറ്‌ കണക്കിന്‌ ഭൂമിയും അതില്‍ നിറയെ തോട്ടങ്ങളുമുള്ളവനുമല്ല കിണര്‍ സ്വന്തമായുള്ളവനാണ്‌ ഇന്ന്‌ വലിയ സമ്പന്നന്‍. കുപ്പിവെള്ളം ട്രന്റായി മാറിയ കാലത്ത്‌ അത്‌ മാത്രമേ കുടിക്കുകയുള്ളുവെന്ന്‌ തീരുമാനിച്ചവര്‍ പുതിയ സംസ്‌ക്കാരമാണ്‌ നാടിനെ പഠിപ്പിച്ചത്‌. വെള്ളം സൗജന്യമായി കിട്ടുന്ന അവസ്ഥയില്‍ നിന്ന്‌ അതിനെ കച്ചവട ചരക്കാക്കി മാറ്റിയത്‌ സമ്പന്നന്റെ അഹങ്കാരമായിരുന്നു. ഇന്ന്‌ കുപ്പിവെള്ളം മാത്രമേ കുടിക്കാവു എന്നുള്ളത്‌ നാട്ടു നടപ്പായി മാറി. വന്‍ നഗരങ്ങളിലൊക്കെ നൂറ്‌ മില്ലി ഗ്ലാസ്‌ വെള്ളത്തിന്‌ പത്തു രൂപ നല്‍കണം. കുലുക്കി സര്‍ബത്തിന്റെയും തണ്ണിമത്തന്‍ ജ്യൂസിന്റെയും ട്രെന്റ്‌ കാലത്തും വെള്ള തന്നെയാണ്‌ താരം...ഏതു നഗരത്തിലും ഏതു ജ്യൂസും കിട്ടും എന്നാല്‍ വെള്ളം കിട്ടാന്‍ മാത്രമാണ്‌ പ്രയാസം. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത്‌ കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണോ.
കാവേരി ഗോദാവരി തര്‍ക്കവും യൂഫ്രിട്ടിസിന്റെയും ടൈഗ്രീസിന്റെയും കഥകളും അതല്ലെ നമുക്ക്‌ പറഞ്ഞു തരുന്നത്‌. ഓരോ വേനലും നമ്മുടെ ജലസ്രോതസ്സുകളെ ഇല്ലാതാക്കുമ്പോള്‍ അത്‌ പ്രകൃതിയെ തന്നെയാണ്‌ ഇല്ലാതാക്കുന്നതെന്നോര്‍ക്കണം.

000 0000 000
മനുഷ്യന്‌ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ഭൂമി ഭൂമി അല്ലാതാവും അതോടെ അതിന്റെ നാശവുമുണ്ടാകും. ഓരോ ദുരന്തവം ഓരോ മുന്നറിയിപ്പാണ്‌. ഈ ലോകം നശിക്കാന്‍ പോവുകയാണെന്ന്‌ കാലം വിളിച്ചുപറയുന്നു. നമ്മള്‍ കഴിഞ്ഞവര്‍ഷം അനുഭവിച്ച ചൂടല്ല ഇക്കൊല്ലം അനുഭവിച്ചത്‌ വരാന്‍ പോകുന്ന വര്‍ഷത്തെ ചൂട്‌ അതിനേക്കാള്‍ കാഠിന്യമേറിയതായിരിക്കും. മെല്ലെ മെല്ലെ ഈ ഭൂമി മനുഷ്യന്‌ വാസയോഗ്യമല്ലാതായി മാറുന്നു...
പണ്ട്‌ പുല്ലുമേഞ്ഞ കുടിലില്‍ കറണ്ടും ഫാനും ഇല്ലാതിരിക്കുമ്പോഴും സുഖമായി കിടന്നുറങ്ങിയവരുടെ മക്കള്‍ക്ക്‌ ഇന്ന്‌ കൊട്ടാര സമാനമായ വീട്ടിനുള്ളില്‍ എസിയുടെ തണുപ്പില്‍ പോലും കിടന്നുറങ്ങാനാവുന്നില്ലെങ്കില്‍ ഇതൊരു പാഠമാണ്‌. സൗകര്യങ്ങളൊന്നും നിങ്ങള്‍ക്ക്‌ സമാധാനം നല്‍കില്ലെന്ന വലിയ പാഠം.
000 000 000
എം.ടി. ഒരിടത്ത്‌ എഴുതിയുണ്ട്‌. ഒരു വിഷറികൊണ്ട്‌ വീശിയാല്‍ പോകുന്ന ചൂടേ നമുക്കുള്ളു. ഒരു തോര്‍ത്തുമുണ്ട്‌ പുതച്ചാല്‍ തീരുന്ന തണുപ്പുമാത്രമേ ഇവിടെയുള്ളുവെന്ന്‌. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലും തിരുത്തി എഴുതേണ്ട സമയമായിരിക്കുന്നു. കഥാകാരന്റെ വര്‍ണ്ണനകളും നമ്മുടെ നാടിനെ കയ്യൊഴിയുന്നു.
കേരളവും രാജസ്ഥാന്‍ പോലുള്ള വെറും ഒരു സംസ്ഥാനം മാത്രമാവുകയാണ്‌. പുഴയും കായലും പച്ചപാടവും മാഞ്ഞുപോകുമ്പോള്‍, വാഴയും തെങ്ങും കരിമ്പിന്‍ തോട്ടങ്ങളും നമ്മുടെ കാലാവസ്ഥയ്‌ക്ക്‌ ചേര്‍ന്നതല്ലാകാതുമ്പോള്‍ ഇനി ഒരിക്കലും നമ്മുടെ കേരളത്തെ നോക്കി അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിളിക്കില്ല...
000 000 000
വെള്ളം വില്‍പ്പനചരക്കാക്കി മാറ്റിയവരുടെ ലോകത്തും നന്മ വറ്റാത്ത കുറേ മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌. ദാഹിച്ചുവരുന്ന ആളുകള്‍ക്കുവേണ്ടി വഴി നീളെ കുടിവെള്ളമൊരുക്കി അവര്‍ സേവനത്തിന്റെ പുതിയ പാഠം പകരുന്നു. പുഴകളെ മുഴുവന്‍ കൊന്നൊടുക്കി ലോഡ്‌ കണക്കിന്‌ മണല്‍ ടിപ്പറുകളില്‍ കയറ്റി കൊണ്ടുപോകുന്ന ആളുകള്‍ ജീവിക്കുന്ന ഈ ലോകത്ത്‌ തന്നെയാണ്‌ വെള്ളമില്ലാത്തവരുടെ വീടുകളിലേക്ക്‌ ലോറികളില്‍ സൗജന്യ വെള്ളമെത്തിക്കുന്ന കൂട്ടായ്‌മകള്‍ നിലകൊള്ളുന്നതും. പേര്‌ പോലും വെളിപ്പെടുത്താതെ വെള്ളമില്ലാത്തവന്റെ മുറ്റത്തേക്ക്‌ വെള്ളവുമായെത്തുന്ന എത്രയോ മനുഷ്യര്‍ ഈ ഭൂമിയിലുണ്ട്‌. അങ്ങനെയുള്ള കുറേ നന്മകളാണ്‌ ക്രൂരതയ്‌ക്കിടയിലും ഈ ലോകത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌.
പുഴകളും കിണറുകളും അരുവികളും വറ്റിപോയപ്പോള്‍ ഒരിറ്റുവെള്ളമില്ലാതെ വലഞ്ഞുപോയ പക്ഷികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും തണ്ണീര്‍ കുടമൊരുക്കി അനുഗ്രഹം ചൊരിയുന്നതും പുതിയ ട്രന്റാവുന്നു. ഓരോ നന്മയും ഓരോ ട്രന്റാവുന്നുവെങ്കില്‍ അത്‌ ഭൂമിയുടെ പുണ്യമാണ്‌. കൂട്ടുകാര നീയൂം നിന്റെ വീട്ടുമുറ്റത്ത്‌ ഒരു തണ്ണീര്‍ കുടമൊരുക്കുക ദാഹിച്ചു വലയുന്ന പറവകള്‍ക്കത്‌ ആശ്വാസത്തിന്റെ കടലായി മാറും. മിണ്ടാ പ്രാണികള്‍ക്ക്‌ നല്‍കുന്ന പുണ്യം സമാനതകളില്ലാത്ത നന്മയാണ്‌. കുറ്റങ്ങളും തെറ്റുകളും കൊണ്ട്‌ നിറഞ്ഞുപോയ നമ്മുടെ ജീവിതങ്ങള്‍ ധന്യമാവുന്നത്‌ ഇതുപോലുള്ള സല്‍പ്രവൃത്തിയിലൂടെയായിരിക്കും. 

Friday, April 22, 2016

ഞങ്ങള്‍ തിന്നുന്ന തിരക്കിലാണ്‌




എബി കുട്ടിയാനം

ശ്രുതി
മോളെ
കുറ്റബോധം കൊണ്ടെന്റെ കണ്ണുനിറഞ്ഞുപോകുന്നു

നീ വിശപ്പ്‌ സഹിക്കാനാവാതെ
ഒരു തുണ്ട്‌ കയറില്‍ നിന്റെ ജീവിതം അവസാനിപ്പിക്കുമ്പോള്‍
ഞങ്ങള്‍ ഫാസ്റ്റ്‌ ഫുഡ്‌ കടയില്‍
ചിക്കു ജ്യൂസിനും ചിക്കന്‍ തന്തൂരിക്കും
ഓര്‍ഡര്‍ ചെയ്‌തു കാത്തിരിക്കുകയായിരുന്നു

നീ ഒന്നും കഴിക്കാനില്ലാതെ തളര്‍ന്നുവീഴുന്ന നേരത്ത്‌
ഞങ്ങള്‍ ഏഴാമത്തെ കല്ല്യാണപരിപാടിയിലും മുഖം കാണിച്ച്‌
വിളമ്പി വെച്ച ബിരിയാണിയില്‍ കയ്യമര്‍ത്തി
പകുതിയിലേറെയും ബാക്കിവെച്ച്‌ മടങ്ങാനുള്ള തിരക്കിലായിരുന്നു

നീ
കോരികുടിക്കാന്‍ വെള്ളംപോലുമില്ലാതെ കരഞ്ഞുപോയപ്പോള്‍
ഞങ്ങള്‍ കുപ്പിവെള്ളം വിലക്കുവാങ്ങി മുഖം കഴുകുകയായിരുന്നു

നീ പട്ടിണിയോടെ ഉറങ്ങിപോയ രാത്രിയില്‍
എന്റെ കുഞ്ഞുപെങ്ങള്‍ ന്യൂഡില്‍സും ഐസ്‌ക്രീമും കിട്ടാതെ
വാശിപിടിച്ച്‌ കരയുകയായിരുന്നു

എന്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ച്‌
നീ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍
മുന്നില്‍ നിരന്ന വിഭവങ്ങളില്‍ ഏതു കഴിക്കണമെന്നറിയാതെ
കണ്‍ഫ്യൂഷനിലായിരുന്നു ഞങ്ങള്‍

കൂട്ടുകാരൊക്കെ പൊതിച്ചോറ്‌ അഴിച്ച്‌ ഉച്ചയുണുണ്ണുമ്പോള്‍
എത്രയോ ദിവസം
അതിന്റെ മണംഭക്ഷിച്ച്‌ വിശപ്പ്‌ മാറ്റിയിട്ടുണ്ടാവും നീ

കൂട്ടുകാരികളൊക്കെ ചിക്കന്‍ കറിയുടെ രുചി പറയുമ്പോള്‍
നീ നിന്റെ ഡെസ്‌ക്കിന്റെ മുകളില്‍ കണ്ണീരുകൊണ്ട്‌
കറിവെച്ചിട്ടുണ്ടാവും

നീ അപ്പുറത്ത്‌ പട്ടിണി കൊണ്ട്‌ വീണുപോയപ്പോള്‍
ഞങ്ങള്‍ ആഫ്രിക്കയിലെ പട്ടിണി പാവങ്ങളുടെ കഥ പറയുകയായിരുന്നു

മോളെ ക്ഷമിക്കുക
എന്തെങ്കിലും കഴിച്ചോ എന്ന്‌ ചോദിക്കുന്നതിന്‌ പകരം
എന്തെങ്കിലും കഴിച്ചുപോയവരെ കൊല്ലുന്നവരുടെ ലോകത്താണ്‌
നമ്മള്‍ ജീവിക്കുന്നത്‌





Tuesday, April 19, 2016

ജൗഹര്‍ മാപ്പ്‌ ഞങ്ങളറിഞ്ഞില്ല ഡാ നിന്റെ ജീവിതം അത്രമേല്‍ കഷ്‌ടമായിരുന്നുവെന്ന്‌



എബി കുട്ടിയാനം

(കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ച എം.എസ്‌.എഫ്‌ നേതാവ്‌ ജൗഹറിന്റെ ജീവിതം ഏറെ ദാരിദ്യം നിറഞ്ഞതായിരുന്നു)

ജൗഹര്‍...മാപ്പ്‌
നിന്റെ കഷ്‌ടപ്പാടറിയാന്‍ ഞങ്ങള്‍ക്ക്‌ നിന്റെ മരണം വേണ്ടിവന്നു...പ്രിയപ്പെട്ട കൂട്ടുകാര ഒരുപാട്‌ കഷ്‌ടപ്പാടുകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ്‌ മറ്റുള്ളവര്‍ക്ക്‌ വേണ്ടി ജീവിച്ചതെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ നീ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്‌ നീന്തി പോയിരുന്നു...ഇനി നിന്റെ കുടുംബത്തോടെങ്കിലും ഞങ്ങള്‍ക്ക്‌ ആ കടം വീട്ടണം...ഇല്ലെങ്കില്‍ കുറ്റബോധം കൊണ്ട്‌ ഞങ്ങളുടെ മനസ്സ്‌ കരഞ്ഞുപോകും...
ക്യാമ്പുകളിലേക്കും പഠന ക്ലാസുകളിലേക്കും നല്ല കുപ്പായമിട്ട്‌ നിറ പുഞ്ചിരിയോടെ നീ എത്തുമ്പോള്‍ ഞങ്ങള്‍ കരുതിയത്‌ ഏതോ സമ്പന്നമായ കുടുംബാന്തരീക്ഷത്തില്‍ നിന്നാണ്‌ നിന്റെ വരവ്‌ എന്നായിരുന്നു...
പിന്നീടാണറിഞ്ഞത്‌ നീ ദാരിദ്രത്തേയും വെല്ലുവിളികളേയും പുഞ്ചിരികൊണ്ട്‌ തോല്‍പ്പിച്ച്‌ ഉമ്മയ്‌ക്കും ഉപ്പയ്‌ക്കും താങ്ങും തണലുമാകാനുള്ള ജീവിതയുദ്ധത്തിലായിരുന്നുവെന്ന്‌...ആശുപത്രിയില്‍ നിന്ന്‌ നിന്റെ മയ്യിത്ത്‌ വീട്ടിലേക്കെത്തുമ്പോഴാണ്‌ ശരിക്കും ഞങ്ങളുടെ കണ്ണ്‌ നിറഞ്ഞത്‌...മയ്യിത്ത്‌ ഉള്ളിലേക്ക്‌ കയറ്റാന്‍പോലും സാധിക്കാത്തത്രയും അസൗകര്യം നിറഞ്ഞതായിരുന്നല്ലോ നിന്റെ വീട്‌...
ആളുകളെ ഉള്‍ക്കൊള്ളാനാവാതെ നിന്റെ കൊച്ചു കൂര അസൗകര്യങ്ങളുടെ ദയനീയത വിളിച്ചുപറഞ്ഞപ്പോഴാണ്‌ ആരോ ആ കഥ പറഞ്ഞുതന്നത്‌...
നിന്റെ ഉപ്പയുടെ തറവാട്‌ വീടാണ്‌ അതെന്നും...നിങ്ങള്‍ക്ക്‌ നിങ്ങളുടേതെന്ന്‌ പറയാന്‍ ഒന്നുമില്ലെന്നും...കഥ പറഞ്ഞ സുഹൃത്ത്‌ പിന്നെയും തുടര്‍ന്നു...ജൗഹറിന്റെ ഉപ്പ കൂലി പണിയെടുത്താണ്‌ നാല്‌ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്‌...അതിലൊരു പെണ്‍കുട്ടി ബധിരയുമാണ്‌...ഒരു കടയില്‍ ജോലിക്ക്‌ നില്‍ക്കുന്ന ഉപ്പ നാലു(എബി കുട്ടിയാനം) കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിലേക്ക്‌ നടന്നുമാത്രമേ പോകാറുള്ളുവത്രെ...അതിതെന്തിനാണെന്ന്‌ ചോദിച്ചപ്പോഴാണ്‌ ആ സുഹൃത്ത്‌ അത്‌ കൂടി പറഞ്ഞത്‌. തുച്ഛമമായ വരുമാനത്തിന്‌ ജോലി ചെയ്യുന്ന ആ മനുഷ്യന്‍ ബസിന്‌ കൊടുക്കേണ്ട തുക കൂടി സേവ്‌ ചെയ്‌ത്‌ അരിവാങ്ങാനായി മാറ്റി വെക്കും...
അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ അടുത്ത സംശയം വന്നത്‌...ഇത്രയൊക്കെ കഷ്‌ടമാണെങ്കില്‍ ജൗഹര്‍ എങ്ങനെയാണ്‌ അങ്ങ്‌ മംഗലാപുരം പോയി എഞ്ചിനിയറിംഗ്‌ പഠിച്ചത്‌...ആ ചോദ്യത്തിനും കണ്ണീരില്‍ കുതിര്‍ന്ന മറുപടിയായിരുന്നു...നാല്‌ ലക്ഷം രൂപ ലോണെടുത്തായിരുന്നു പഠിക്കാന്‍ മിടുക്കനായ ജൗഹര്‍ എഞ്ചിനയറിംഗിന്‌ ചേര്‍ന്നത്‌...ഒരു രൂപ പോലും അടച്ചു തീര്‍ക്കാന്‍ അവന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ആ സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തതോടെ ശരിക്കും ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞുപോയി...
കാറും ബൈക്കും മാറി മാറി ഉപയോഗിച്ച്‌ ആഡംബരത്തിന്റെ മേനി പറയുന്ന കൂട്ടുകാര അറിയുക...നമ്മുടെ ജൗഹറിന്‌ വസത്രങ്ങള്‍ പോലും വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളു...
ജൗഹറിനെക്കുറിച്ച്‌ കൂടുതലറിയാന്‍ വേണ്ടി എം.എസ്‌.എഫ്‌ നേതാവ്‌ ജാഫര്‍ കല്ലന്‍ചിറയെ വിളിച്ചപ്പോള്‍ ജൗഹര്‍ പിന്നെയും ഹൃദയത്തിലേക്ക്‌ വല്ലാതെ അടുത്തുപോയത്‌...
ജാഫര്‍ പറഞ്ഞു...ഒരു സത്യമുണ്ട്‌ ഞങ്ങളുടെ രോമങ്ങള്‍ പോലും എഴുന്നേറ്റുപോയ സത്യം...ജൗഹറിന്റെ കൂടെ നീന്താനുണ്ടായിരുന്ന സുഹൃത്താണ്‌ അത്‌ പറഞ്ഞത്‌...നീന്താന്‍ വേണ്ടി കുടുംബൂര്‍ പുഴയിലേക്ക്‌ എടുത്തു ചാടുന്നതിന്‌ മുമ്പ്‌ അവന്‍ ശഹാദത്ത്‌ കലിമ ചൊല്ലുന്നത്‌ കേട്ടിരുന്നുവത്രെ...മരിച്ചു കിടക്കുന്ന അവന്റെ ശരീരം നിസ്‌ക്കരിക്കാന്‍ കൈകെട്ടിയ രൂപത്തിലായിരുന്നുവത്രെ...
ജാഫര്‍ പിന്നെയും പറയുന്നു...ഇതുപോലൊരു ചെറുപ്പക്കാരനെ നമ്മള്‍ കണ്ടിട്ടേയില്ല....കൃത്യ നിഷ്‌ഠതയുടെ കാര്യത്തില്‍ അവന്‍ ഒരു പാഠപുസ്‌തകമായിരുന്നു...പതിനൊന്ന്‌ മണിക്ക്‌ ഒരു മീറ്റിംഗ്‌ വിളിച്ചാല്‍ അവന്‍ 10.55ന്‌ എത്തും...മണിക്കൂറുകളോളം കാത്തിരുന്നാലും ക്ഷമനശിക്കാതെ പുഞ്ചിരിക്കുന്ന നല്ല ഹൃദയമായിരുന്നു അവന്റേത്‌...
000 000 000
മകന്‍ പഠിച്ച്‌ എഞ്ചിയറായി ജോലി കിട്ടുന്നതോടെ തങ്ങളുടെ എല്ലാ കഷ്‌ടവും തീരുമെന്നായിരുന്നു ആ ഉപ്പയുടെയും ഉമ്മയുടെയും കണക്കുകൂട്ടല്‍...പക്ഷെ വിധി മറ്റൊന്നായിപോയി...പഠനം കഴിഞ്ഞ്‌ ജോലിക്ക്‌ കയറും മുമ്പേ അവനെ മരണം കൊണ്ടുപോയി...
സഹപ്രവര്‍ത്തകന്റെ ദു:ഖം അറിയാതെ പോയത്‌ നമ്മുടെ വലിയ ദു:ഖമാണ്‌...അവന്റെ നിര്‍ധനരായ കുടുംബത്തെ സഹായിച്ചുകൊണ്ടെങ്കിലും ആ നഷ്‌ടബോധം നമ്മള്‍ നികത്തണം...മകന്‍ ഇല്ലാതായിപോയ ആ ഉപ്പയുടെയും ഉമ്മയുടെയും മുന്നില്‍ അവരുടെ ജൗഹറായി പുനര്‍ജനിക്കാന്‍ നമുക്ക്‌ കഴിയണം...
ജൗഹറിന്റെ കുടംബത്തെ സഹായിക്കാനും കൂടുതല്‍ അറിയാനും താല്‌പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക.
എബി കുട്ടിയാനം(9995416999) ഹാഷിം ബംബ്രാണി(9961616116)
ഉസാം പള്ളങ്കോട്‌(9809486196) ജാഫര്‍ കല്ലഞ്ചിറ(9846992013)

Monday, April 18, 2016

മൈ ഗേള്‍




എബി കുട്ടിയാനം

പ്രണയിച്ച്‌ പരാജയപ്പെട്ട പെണ്ണാവണം നീ
കാരണം
നിനക്കറിയാം
സ്‌നേഹത്തിന്റെ വില എന്താണെന്ന്‌

നിനക്കറിയാം
കാത്തിരിപ്പിന്റെ സുഖവും
വേര്‍പ്പാടിന്റെ നൊമ്പരവും

നിനക്കറിയാം
പ്രണയത്തിന്‌ ജീവനക്കേള്‍ വിലയുണ്ടെന്നും
വിരഹം മരണംപോലെ നോവാണെന്നും

ഹൃദയം തകര്‍ന്നുപോകുമ്പോഴൊക്കെ
താങ്ങി നിര്‍ത്താനുള്ള അലിവുണ്ടാവും
നിന്റെ മനസ്സിന്‌

വിളിക്കില്ലെന്നറിയുമ്പോഴും
വിളികേള്‍ക്കാന്‍ കാത്തിരിക്കും
നിന്റെ കാതുകള്‍

എത്ര പൊട്ടിത്തെറിച്ചാലും
ഒരു കണ്ണീരിലൊതുക്കും
നീ നിന്റെ സങ്കടം

പിണങ്ങാനും
വാശിപിടിക്കാനും
ഒടുവില്‍ എന്റെ പരിഭവം കാണുമ്പോള്‍
ഇരുന്ന്‌ കരയാനും നിനക്ക്‌ മാത്രമേ കഴിയു

ഒരു പുഞ്ചിരിക്കുമുന്നില്‍ തീര്‍ന്നുപോകും
നിന്റെ പിണക്കങ്ങള്‍
അതുകൊണ്ട്‌ പറയട്ടെ
എന്റെ പെണ്ണേ
പ്രണയിച്ച്‌ പരാജയപ്പെട്ട പെണ്ണാവണം നീ...

Please read more artilcs

EZUTHODEZUTH blogspot.com
Abi kutiyanam bovikanam new(facebook) 

മകളെ കരയരുത്‌




എബി കുട്ടിയാനം

പരവൂര്‍...നിന്നെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ കൃഷ്‌ണയും കിഷോറും എന്നെ കരയിപ്പിക്കുന്നു...ഒരു പടക്കം പൊട്ടിതീരുമ്പോഴേക്ക്‌ ഇല്ലാതായിപ്പോയ അച്ഛനെയും അമ്മയെയും ഓര്‍ത്ത്‌ വിതുമ്പുന്ന ആ കുഞ്ഞുങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കു പോലും കണ്ണീരിന്റെ നനവാണ്‌...
ഞാന്‍ എങ്ങനെയാണ ഡാ നിങ്ങളെക്കുറിച്ച്‌ എഴുതിമുഴുപ്പിക്കേണ്ടത്‌...കുഞ്ഞനുജന്റെ തലയില്‍ തലോടി കൊണ്ട്‌ കരയരുതെന്ന്‌ ആശ്വസിപ്പിക്കുമ്പോള്‍ സ്വയം വിങ്ങിപ്പോകുന്ന കൃഷ്‌ണയുടെ ചിത്രം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുകയാണല്ലൊ ദൈവമേ...
അനാഥത്വം വല്ലാത്ത നോവാണെന്ന്‌ ആ കുഞ്ഞുങ്ങള്‍ പറയാതെ പറയുമ്പോള്‍ അത്‌ കേരളക്കരയുടെ നൊമ്പരമായി മാറുകയാണ്‌.
കേരളത്തെ കണ്ണീരിലാഴത്തി കളഞ്ഞ പരവൂര്‍ ദുരന്തത്തിന്റെ ഏറ്റവും സങ്കടകരമായ ചിത്രം കൃഷ്‌ണയും കീഷോറും തന്നെയാണ്‌.
000 000 000
അച്ഛനും അമ്മയുമില്ലാത്ത വീട്ടില്‍ അവര്‍ കരഞ്ഞുതളരുന്നു...വിരിപ്പും പായയും കണ്ണീരില്‍ കുതിര്‍ന്നു നനഞ്ഞുപോവുകയാണ്‌...പ്രിയപ്പെട്ട അച്ഛനും അമ്മയും ഇനി വരില്ലെന്ന സത്യത്തിനുമുന്നില്‍ അവര്‍ തളര്‍ന്നുവീഴുന്നു...
ഒരു മനുഷ്യന്‌ ഈ ലോകത്തേ വെച്ച്‌ കാണേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം ഉറ്റവരുടെ മരണമാണ്‌...കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്ത ദു:ഖമായി അത്‌ മനസ്സിനെ സങ്കടപ്പെടുത്തികൊണ്ടിരിക്കും..
കൃഷ്‌ണയുടെയും കിഷോറിന്റെയും(എബി കുട്ടിയാനം)ആത്മനൊമ്പരത്തെ ഏതു വാക്കുപയോഗിച്ചാണ്‌ നമുക്ക്‌ ആശ്വസിപ്പിക്കാനാവുക. ഒരു പടക്കം പൊട്ടി തീരുമ്പോഴേക്കാണല്ലോ അവരുടെ അച്ഛനും അമ്മയും ചാരമായിപോയത്‌. പലഹാരങ്ങളുടെ പൊതിയുമായി ഇനി അവര്‍ വരില്ലെന്ന സത്യത്തിനുമുന്നില്‍ പകച്ചുപോവുകയാണ്‌ ആ കുഞ്ഞുങ്ങള്‍...
അച്ഛനും അമ്മയുമില്ലാത്ത വീട്‌ വീടേയല്ലന്നും, അവരില്ലാത്ത ജീവിതം ജീവിതമേയല്ലന്നും കൃഷ്‌ണയും കിഷോറും ഓരോ വിതുമ്പലിലും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പിണങ്ങാനും വാശിപിടിക്കാനും ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും ഇനി അവരില്ല...പാഠഭാഗങ്ങള്‍ പഠിച്ചിരിക്കുന്ന സന്ധ്യാനേരങ്ങളില്‍ പലഹാര പൊതിയുമായി വരുന്ന അച്ഛനെയാണ്‌ അവര്‍ക്ക്‌ നഷ്‌ടമായത്‌..കൂലപണിയെടുത്ത്‌ ക്ഷീണിച്ച്‌ കയറിവരുമ്പോഴും മക്കളെ ചേര്‍ത്ത്‌ പിടിച്ച്‌ തലോടുന്ന അമ്മയാണ്‌ അവര്‍ക്കിടിയില്‍ നിന്ന്‌ എന്നെന്നേക്കുമായി പടിയിറങ്ങിപോയത്‌...
000 000 000
വടക്കുംഭാഗം കുറുമണ്ടലിലെ ബെന്‍സിയും ബേബി ഗിരിജയും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനായി രാപ്പകല്‍ ഭേദമില്ലാതെ അധ്വാനിച്ചുകൊണ്ടിരുന്ന പാവങ്ങളായിരുന്നു. പാതിവഴിയിലായ വീടും മക്കളുടെ വിദ്യഭ്യാസ ചെലവുമെല്ലാം അവര്‍ക്കു മുന്നില്‍ വലിയ ചോദ്യങ്ങളായി മാറുമ്പോള്‍ രാത്രിയും പകലും അവര്‍ വെവ്വേറെ പണിയെടുത്ത്‌ കൊണ്ട്‌ ജീവിതത്തിന്‌ പുതിയ നിറങ്ങള്‍ പകര്‍ന്നുകൊണ്ടിരുന്നു...പകല്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന ബെന്‍സി വൈകുന്നേരമാകുമ്പോള്‍ ഉന്തുവണ്ടിയില്‍ ചായ വില്‍പ്പന തുടങ്ങും, തൊഴിലുറപ്പ്‌ പണിക്കുപോകുന്ന ഗിരിജ രാത്രിയാകുമ്പോള്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ ഉന്തുവണ്ടിക്കരികിലെത്തും...
ടൗണിലായിരുന്നു കച്ചവടം. പരവൂരില്‍ ഉത്സവമായതിനാല്‍ അന്ന്‌ കച്ചവടം ഉത്സവപറമ്പിലേക്ക്‌ മാറ്റി...ദുരന്തം അവിടെയായിരുന്നു കാത്തിരുന്നത്‌. കൃഷ്‌ണയും കിഷോറും അന്ന്‌ അച്ഛന്റെ ഉന്തുവണ്ടിക്കരികിലുണ്ടായിരുന്നു. അല്‌പ്പം മുമ്പ്‌ (എബി കുട്ടിയാനം)കൃഷ്‌ണ അടുത്ത വീട്ടിലേക്കും അനുജന്‍ കിഷോര്‍ ഒരു സാധനം വാങ്ങുവാനായി മറ്റൊരു കടയിലേക്കും പോയി. അതിനിടയിലെപ്പഴോ ആണ്‌ അത്‌ സംഭവിച്ചത്‌...
എല്ലാം ഒറ്റ നിമിഷം കൊണ്ട്‌ ചാരമായപ്പോള്‍ കൃഷ്‌ണയ്‌ക്കും കിഷോറിനും നഷ്‌ടമായത്‌ അവരുടെ എല്ലാമെല്ലാമായ അച്ഛനെയും അമ്മയെയുമായിരുന്നു....
000 000 000
ഇല്ലായ്‌മയുടെ വല്ലായ്‌മയ്‌ക്കിടയിലും മക്കള്‍ അവര്‍ക്ക്‌ ജീവനായിരുന്നു...അവര്‍ക്കു ആവശ്യമുള്ളതെല്ലാം ഒരു കുറവും അറിയിക്കാതെ വാങ്ങിക്കൊടുക്കും ആ അച്ഛനും അമ്മയും...സ്‌കൂളിലേക്ക്‌ ഒന്നിച്ച്‌ പോകാന്‍ സൈക്കിളും ഒന്നിച്ച്‌ കളിക്കാന്‍ ഫുട്‌ബോളും ചിത്രം വരച്ചുകളിക്കാന്‍ പെന്‍സിലുകളുമെല്ലാം അവര്‍ മക്കള്‍ക്ക്‌ വാങ്ങിക്കൊടുത്തു...ഒരേ സൈക്കിളില്‍ ഒന്നിച്ചായിരുന്നു അവര്‍ സ്‌കൂളില്‍ പോയിരുന്നത്‌...
സ്‌നേഹം കൊണ്ട്‌ സ്വര്‍ഗ്ഗം തീര്‍ത്ത ആ വീട്ടില്‍ ഇനി തങ്ങളുടെ പ്രിയപ്പെട്ട അച്ഛനും അമ്മയുമില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോഴൊക്കെ വിതുമ്പി പോവുകയാണ്‌ ആ കുഞ്ഞുങ്ങള്‍...

000 000 000
ഒറ്റ നിമിഷം കൊണ്ട്‌ ആരുമില്ലാതായി പോയ ആ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ദത്തെടുത്തു. സര്‍ക്കാറിന്റെ മോനും മോളുമായി വളരുമ്പോഴും എല്ലാ സൗകര്യവും അരികിലെത്തുമ്പോഴും അച്ഛന്റെ ഉന്തുവണ്ടിക്കരികിലിരുന്ന്‌ കപ്പയും കപ്പലണ്ടിയും തിന്ന്‌ ജീവിച്ച
ആ ജീവിതത്തോളം വരില്ലല്ലോ ഇനിയുള്ള ഒരു സുഖവും. തങ്ങള്‍ പഠിച്ചു വളരുന്നത്‌ കാണാന്‍ വല്ലാതെ ആഗ്രഹിച്ച അച്ഛനും അമ്മയുമില്ലാത്ത ലോകത്ത്‌ എന്ത്‌ പ്രതീക്ഷയോടെയാണ്‌ ഇനി വളരേണ്ടതെന്ന്‌ ആ കുഞ്ഞുമക്കളുടെ മനസ്സ്‌ ചോദിച്ചുകൊണ്ടേയിരിക്കും...
000 000 000
കൃഷ്‌ണ...നിന്നോടും നിന്റെ കുഞ്ഞനുജനോടും എനിക്കൊന്നും പറയാനാവുന്നില്ല എന്റെ അക്ഷരങ്ങള്‍ കണ്ണീരില്‍ കുതിരന്ന്‌ തീര്‍ന്നുപോകുന്നു എന്നോട്‌ ക്ഷമിക്കുക ഞാന്‍ അകലെ മാറി നിന്ന്‌ വിതുമ്പിക്കോട്ടെ...
000 000 000

കൃഷ്‌ണ...
ഞാനൊരിക്കലും നിന്റെ അച്ഛന്റെ
ഉന്തുവണ്ടിക്കരികിലേക്ക്‌
ചായ കഴിക്കാന്‍ വന്നിട്ടില്ല

ഞാന്‍ നിന്റെ അമ്മയുടെ
സഹോദരനായി ജനിച്ചിട്ടുമില്ല

നമ്മളൊരിക്കലും കള്ളനുംപോലീസും
കളിച്ച്‌ തല്ലുകൂടിയിട്ടുമില്ല

എന്നിട്ടും
നീയും നിന്റെ കുഞ്ഞനുജനും
എന്റെ ആരൊക്കയോ ആയി മാറുന്നു

അച്ചനും അമ്മയുമില്ലാത്ത വീട്ടില്‍
ചായം തേക്കാത്ത ചുമരിനോട്‌ ഒട്ടിച്ചര്‍ന്ന്‌
നീയും നിന്റെ കുഞ്ഞനുജനും
കരഞ്ഞു തളരുമ്പോള്‍ തളര്‍ന്നുപോകുന്നത്‌
എന്റെ കൂടി ഹൃദയമാണ്‌

പിണങ്ങാനും വാശിപിടിക്കാനും
ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും
ഇനി അവരില്ലെന്നറിയുമ്പോള്‍
നീയും നിന്റെ അനുജനും അനുവഭിക്കുന്ന നോവിനെ
ഞാനെങ്ങനെയാണ്‌ പറഞ്ഞാശ്വസിപ്പിക്കേണ്ടത്‌

ഒരു പടക്കം പൊട്ടിതീരുമ്പോഴേക്കും
കരിഞ്ഞമര്‍ന്നുപോയ നിങ്ങളുടെ
അച്ഛനും അമ്മയ്‌ക്കും പകരമാവില്ല
എന്റെ ഈ സ്‌നേഹാക്ഷരങ്ങള്‍

ഡാ, കരയല്ല ഡാ
ഞങ്ങളൊക്കെയുണ്ടല്ലോ എന്ന്‌
പറഞ്ഞാലും നിന്റെ അമ്മയോളം
വളരാനാവില്ലല്ലോ ഞങ്ങള്‍ക്കൊരിക്കലും

കൃഷ്‌ണ
എങ്കിലും പറയട്ടെ
മോളെ, നീ എന്റെ കുഞ്ഞുപെങ്ങളാണ്‌
കിഷോര്‍ എന്റെ കുഞ്ഞനുജനും
സ്‌നേഹത്തിന്റെ ഈ ഭൂമിയില്‍ നിങ്ങള്‍
അനാഥരല്ലെന്ന്‌ ഞാന്‍ പറഞ്ഞോട്ടെ


മോളെ കരയരുത്‌
നീ കരഞ്ഞാല്‍ നിന്റെ കുഞ്ഞനുജനും
വിതുമ്പലടക്കനാവില്ല...






Saturday, April 16, 2016

എനിക്കും നിനക്കുമിടയില്‍ സംഭവിക്കുന്നത്‌



എബി കുട്ടിയാനം



ഒന്നുകില്‍
നീ എന്റെ ഇഷ്‌ടം തിരിച്ചറിഞ്ഞിട്ടില്ല
അല്ലെങ്കില്‍
നിന്റെ സങ്കല്‍പ്പത്തിനുമപ്പുറമായിരിക്കും ഞാന്‍

ഒന്നുകില്‍
എന്റെ ഇഷ്‌ടം നിനക്കൊരു ടൈംപാസ്‌ മാത്രമാണ്‌
അല്ലെങ്കില്‍
ഒരിക്കലും സ്വന്തമാവില്ലെന്ന്‌
നീ നേരത്തെ വിധിയെഴുതികഴിഞ്ഞു

ഒന്നുകില്‍
നീ എന്നെ വല്ലാതെ അവിശ്വസിക്കുന്നുണ്ട്‌
അല്ലെങ്കില്‍
റോഡരികില്‍ നീ കാണുന്ന ആയിരക്കണക്കിന്‌
പൂവാലന്മാരില്‍ ഒരാള്‍ മാത്രമാണ്‌ നിനക്ക്‌ ഞാന്‍

എന്തായാലും
എനിക്കും നിനക്കുമിടയില്‍
അവിശ്വാസത്തിന്റെ ഒരു അതിര്‌
ഇപ്പോഴും ബാക്കിയുണ്ട്‌ 

Friday, April 15, 2016

മകളെ കരയരുത്‌....



എബി കുട്ടിയാനം

കൃഷ്‌ണ...
ഞാനൊരിക്കലും നിന്റെ അച്ഛന്റെ
ഉന്തുവണ്ടിക്കരികിലേക്ക്‌
ചായ കഴിക്കാന്‍ വന്നിട്ടില്ല

ഞാന്‍ നിന്റെ അമ്മയുടെ
സഹോദരനായി ജനിച്ചിട്ടുമില്ല

നമ്മളൊരിക്കലും കള്ളനുംപോലീസും
കളിച്ച്‌ തല്ലുകൂടിയിട്ടുമില്ല

എന്നിട്ടും
നീയും നിന്റെ കുഞ്ഞനുജനും
എന്റെ ആരൊക്കയോ ആയി മാറുന്നു

അച്ചനും അമ്മയുമില്ലാത്ത വീട്ടില്‍
ചായം തേക്കാത്ത ചുമരിനോട്‌ ഒട്ടിച്ചര്‍ന്ന്‌
നീയും നിന്റെ കുഞ്ഞനുജനും
കരഞ്ഞു തളരുമ്പോള്‍
തളര്‍ന്നുപോകുന്നത്‌ എന്റെ കൂടി ഹൃദയമാണ്‌

അച്ഛനും അമ്മയുമില്ലാത്ത വീട്‌ വീടേയല്ലന്നും
അവരില്ലാത്ത ജീവിതം ജീവിതമേയല്ലന്നും
നിങ്ങളുടെ കണ്ണീര്‌ പറയുമ്പോള്‍ നിറഞ്ഞുപോകുന്നു
എന്റെ കണ്ണുകള്‍

പിണങ്ങാനും വാശിപിടിക്കാനും
ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും
ഇനി അവരില്ലെന്നറിയുമ്പോള്‍
നീയും നിന്റെ അനുജനും അനുവഭിക്കുന്ന നോവിനെ
ഞാനെങ്ങനെയാണ്‌ പറഞ്ഞാശ്വസിപ്പിക്കേണ്ടത്‌

ഒരു പടക്കം പൊട്ടിതീരുമ്പോഴേക്കും
തീര്‍ന്നുപോയ നിങ്ങളുടെ
അച്ഛനും അമ്മയ്‌ക്കും പകരമാവില്ല
എന്റെ ഈ സ്‌നേഹാക്ഷരങ്ങള്‍

ഡാ, കരയല്ല ഡാ
ഞങ്ങളൊക്കെയുണ്ടല്ലോ എന്ന്‌
പറഞ്ഞാലും നിന്റെ അമ്മയോളം
വളരാനാവില്ലല്ലോ ഞങ്ങള്‍ക്കൊരിക്കലും

കൃഷ്‌ണ...
എങ്കിലും പറയട്ടെ
മോളെ, നീ എന്റെ കുഞ്ഞുപെങ്ങളാണ്‌
കിഷോര്‍ എന്റെ കുഞ്ഞനുജനും
സ്‌നേഹത്തിന്റെ ഈ ഭൂമിയില്‍ നിങ്ങള്‍
അനാഥരല്ലെന്ന്‌ ഞാന്‍ പറഞ്ഞോട്ടെ

മോളെ കരയരുത്‌
നീ കരഞ്ഞാല്‍ നിന്റെ കുഞ്ഞനുജനും
വിതുമ്പലടക്കനാവില്ല... 

Thursday, April 14, 2016

ജൗഹര്‍ നീ കരയിപ്പിച്ചുകളഞ്ഞല്ലോ ഡാ



എബി കുട്ടിയാനം

ജൗഹര്‍... നമ്മള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല...നമ്മള്‍ ഒരിക്കലും തമാശ പറഞ്ഞു ചിരിച്ചിട്ടില്ല, നമ്മള്‍ ഒരിക്കലും ഒന്നിച്ചൊരു ടൂറ്‌ പോയിട്ടുമില്ല...അവധിയുടെ ആഘോഷത്തിനുവേണ്ടി നമ്മള്‍ മൂന്നാറിലേക്കോ മടിക്കേരിയിലേക്കോ വണ്ടിയോടിച്ചിട്ടുമില്ല...എന്നിട്ടും ജൗഹര്‍...നിന്റെ മരണ വാര്‍ത്ത എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു...
പത്ര ഓഫീസിലെ തിരക്കുപിടിച്ച ഡെഡ്‌ ലൈന്‍ സമയത്ത്‌ ചിലപ്പോള്‍ ഒരു കോള്‍ വരാറുണ്ട്‌...സര്‍, ഞാന്‍ ജൗഹറാണ്‌...എം.എസ്‌.എഫിന്റെ ഒരു വാര്‍ത്ത അയച്ചിട്ടുണ്ട്‌, ഒന്ന്‌ നാളെ തന്നെ കൊടുക്കാന്‍ പറ്റുമോ....പതിവില്‍ നിന്ന്‌ വ്യത്യസ്‌തമായ വിനയനത്തോടെ വിളിക്കുന്ന ആ വിദ്യാര്‍ത്ഥി എങ്ങനെയോ എന്റെ മനസ്സില്‍ ഇടം നേടിയിരുന്നു...(എബി കുട്ടിയാനം)അതിനിടയില്‍ പലപ്പോഴും ജൗഹറിന്റെ പേര്‌ എഡിറ്റ്‌ ചെയ്‌തു കൊടുക്കുമ്പോഴും ടൈപ്പ്‌ ചെയ്യുമ്പോഴും അവന്റെ പെരുമാറ്റത്തോടുള്ള ഇഷ്‌ടം എന്റെ ഉള്ളില്‍ ഒരു സ്‌നേഹമായി നിറയാറുണ്ട്‌...
ജൗഹറിനെ നേരിട്ട്‌ കണ്ടിരുന്നോ എന്ന്‌ ചോദിച്ചാല്‍ എനിക്ക്‌ ഉത്തരമില്ല...എം.എസ്‌.എഫിന്റെ ഏതോ ഒരു ക്യാമ്പില്‍ ക്ലാസെടുക്കാന്‍ പോയപ്പോള്‍ അടുത്ത്‌ വന്ന്‌ കൈ തന്ന്‌ നിറഞ്ഞ ചിരി സമ്മാനിച്ച ആ നീണ്ടു മെലിഞ്ഞ സുമുഖന്‍ തന്നയായിരുന്നു ജൗഹറെന്ന്‌ ഞാനറിഞ്ഞത്‌ പുഴയില്‍ മുങ്ങി മരിച്ച എം.എസ്‌.എഫ്‌ (എബി കുട്ടിയാനം)നേതാവിന്റെ പിക്ക്‌ വേണോ എന്ന്‌ ചോദിച്ച്‌ ഏതോ ഒരു കൂട്ടുകാരന്‍ വാട്‌സ്‌ആപ്പിലുടെ അവന്റെ ഫോട്ടോ അയച്ചുതന്നപ്പോഴായിരുന്നു...
ജൗഹര്‍...ഈ വേര്‍പ്പാട്‌ എന്നെ കരയിപ്പിക്കുന്നു...അടുത്ത സുഹൃത്തല്ലാതിരുന്നിട്ടും എന്നെപോലുള്ളവരെ പോലും നിന്റെ വേര്‍പ്പാട്‌ കരയിപ്പിക്കുന്നുവെങ്കില്‍ നീ വല്ലാത്തൊരു വ്യക്തിത്വത്തിന്റെ ഉടമ തന്നെയാണ്‌...ചില ജീവിതം അങ്ങനെയാണ ഡാ, നമ്മള്‍ അറിയാതെ തന്നെ അവര്‍ നമ്മുടെ ആരൊക്കെയോ ആയി മാറും...
എന്തിനാ ഡാ, നീ ഞങ്ങളെയൊക്കെ കണ്ണീരിന്റെ കടയിലേക്കെറിയാന്‍ വേണ്ടി നീ പുഴയില്‍ നീന്തിക്കളിക്കാന്‍ പോയത്‌...ഇനി ഒരിക്കലും നിന്നെ കാണില്ലെന്നറിയുമ്പോള്‍, ഒരു വാര്‍ത്ത കൊടുക്കാന്‍ (എബി കുട്ടിയാനം)പറ്റുമോ എന്ന്‌ ചോദിച്ച്‌ നിന്റെ ഫോണ്‍ വിളി വരില്ലെന്നറിയുമ്പോള്‍ ഹൃദയം വിതുമ്പിപോകുന്നു...
ഇത്‌ എന്റെ മാത്രം കരച്ചിലല്ല, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരത്ത്‌ വാഴുമ്പോള്‍ നിന്റെ പ്രവര്‍ത്തനങ്ങളെ ദൂരെ നിന്ന്‌ നോക്കി കണ്ട ആരും കരഞ്ഞുപോകും...പഠനത്തിന്റെ തിരക്കിനിടയിലും (എബി കുട്ടിയാനം)മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ഓടി നടന്ന നിനക്ക്‌ ഓരോ കാര്യത്തിലും എന്തു മാത്രം ആത്മാര്‍ത്ഥതയായിരുന്നു...മടിയോ അലസതയോ ഇല്ലാതെ ഓടിനടന്ന നീ ഓരോ കാര്യത്തിലും ഇത്രമാത്രം ധൃതി കാണിച്ചത്‌ അതിവേഗം മടങ്ങിപ്പോകാനുള്ളതുകൊണ്ടായിരുന്നുവെന്ന്‌ ഞങ്ങളിപ്പോള്‍ തിരിച്ചറിയുന്നു...
നിന്റെ ഫേസ്‌ബുക്ക്‌ ഞാന്‍ ശ്രദ്ധിച്ചത്‌ ഇന്നാണ്‌...രാജ്യസ്‌നേഹം തുളുമ്പുന്ന പിക്കുകളും സ്റ്റാറ്റസുകളും കൊണ്ട്‌ സമ്പന്നമായ നിന്റെ പബ്ലിക്ക്‌ വാളില്‍ ഞാന്‍ ആയിരം ലൈക്കടിച്ചു..പക്ഷെ അത്‌ കാണാന്‍ നീ ഇല്ലല്ലോ..ഡാ...
പ്രിയ കൂട്ടുകാര, മറക്കില്ലൊരിക്കലും...നിന്റെ ലാസ്റ്റ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഒരു ആശംസയായിരുന്നു...കൊന്നപ്പൂവിന്റെ മധുരിമയോടെ എല്ലവര്‍ക്കും വിഷു ആശംസ നേര്‍ന്ന്‌ നീ പോയത്‌ മരണത്തിലേക്കാണെന്ന്‌ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല...

കാത്തിരിപ്പ്‌



എബി കുട്ടിയാനം


ഡാ
എവിടെയാണ്‌ നീ
എന്തേ നീ എന്നോട്‌ മിണ്ടാതെ

എന്തു പിണക്കമാണെങ്കിലും
നീ എന്റെ കോള്‍ എടുക്കാതിരിക്കില്ലല്ലോ

എത്ര വാശിയാണെങ്കിലും
നീ എന്റെ വാട്‌സ്‌ആപ്പില്‍
വന്നുനോക്കാതിരിക്കില്ലല്ലോ

അത്രമേല്‍ ദേശ്യമാണെങ്കിലും
ഇത്രയേറെ ദിവസം നീ എന്നില്‍ നിന്ന്‌
അകന്നിരിക്കില്ലല്ലോ

എന്നോട്‌ മിണ്ടാതിരിക്കുമ്പോഴും
സ്റ്റാറ്റസുകള്‍ മാറ്റിക്കൊണ്ട്‌
കണ്ണീരുപുരണ്ട നിന്റെ സങ്കടം
നീ എന്നോട്‌
പറയാതെ പറയുമായിരുന്നല്ലോ


ലാസ്റ്റ്‌ സീന്‍ ഓപ്‌ഷന്‍ പോലും
ഓഫ്‌ ചെയ്‌തിട്ട്‌ നീ എവിടെയാണ്‌ പോയത്‌

നിന്റെ ഫോണിലേക്ക്‌ ഡയല്‍ ചെയ്‌ത്‌
ഡയല്‍ ചെയ്‌ത്‌ ഞാന്‍ തളര്‍ന്നുപോയല്ലോ

നിന്റെ ഓണ്‍ലൈനില്‍ നോക്കി നോക്കി
നിരാശനായി
എന്റെ കണ്ണുകള്‍ നിറഞ്ഞുപോയല്ലോ

ഈ പിണക്കം എന്നെ പറ്റിക്കാനുള്ള
നിന്റെ കുസൃതി മാത്രമാണെന്ന്‌ വിശ്വിക്കാനാണ്‌
എനിക്കിഷ്‌ടം...

അല്ലെങ്കിലും എന്നെ വിട്ടുപോകാന്‍ നിനക്ക്‌ കഴിയുമോ

ഡാ, പത്തക്ക നമ്പറിനിപ്പുറം
ഞാനിപ്പോഴും നിന്നെ കാത്തിരിക്കുന്നുണ്ട്‌
നീ വരുമെന്ന വിശ്വാസത്തോടെ....



ഇത്ത കല്‌കടര്‍, ഇക്ക എസ്‌.പി ഷൈന വരുന്നത്‌ സിവില്‍ സര്‍വ്വീസ്‌ കുടുംബത്തില്‍ നിന്നാണ്‌













മൂന്ന്‌ മക്കളും ഉന്നത ഉദ്യോഗസ്ഥരാവുക എന്നത്‌ ~ഒരു ഉപ്പയ്‌ക്കും ഉമ്മയ്‌ക്കും ലഭിക്കുന്ന മഹാഭാഗ്യമാണ്‌. അബു എന്നുള്ള സാധാരണ സ്‌കൂള്‍ അധ്യാപകനും അയാളുടെ ഭാര്യയും അങ്ങനെ ഒരു ഭാഗ്യം ലഭിച്ച ദമ്പതികളാണ്‌. മൂന്ന്‌ മക്കളില്‍ രണ്ടു പേര്‍ കലക്‌ടറും ഒരാള്‍ എസ്‌.പിയുമാണ്‌. സാധാരണ സ്‌കൂളില്‌ പഠിച്ചുവന്ന്‌ കഠിനാധ്വാനത്തിലൂടെ ഉന്നത പദവിയിലെത്തിയ ആ മൂന്ന്‌ മക്കളില്‍ ഒരാള്‍ ഇന്ന്‌ കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കൊല്ലം ജില്ലാ കലക്‌ടര്‍ ഷൈന മോളാണ്‌. മൂത്തയാള്‍ ഷൈല മൂംബൈ സബ്‌ കലക്‌ടറും അനുജന്‍ അക്‌ബര്‍ കേരള പോലീസില്‍ എസ്‌.പിയുമാണ്‌.
നാട്ടിന്‍ പുറത്തെ എയഡഡ്‌ സ്‌കൂളില്‍ അക്ഷരങ്ങള്‍ കൂട്ടിയവായിക്കുന്ന നേരത്ത്‌ വലിയ സ്വപ്‌നം കണ്ട അവര്‍ മാതാപിതാക്കളുടെ കിനാവുകള്‍ക്കുമപ്പുറത്തേക്കാണ്‌ പഠിച്ചുകയറിയത്‌.
ഷൈനയുടെ നിലാപാടുകളെയും തീരുമാനങ്ങളെയും നാട്‌ മുഴുവന്‍ അഭിനന്ദനം കൊണ്ട്‌ വാഴ്‌ത്തുമ്പോള്‍ മാതാപിതിക്കാള്‍ മാത്രമല്ല ചുങ്കൂറ്റമുള്ള ആ ഉദ്യോഗസ്ഥയെ ഓര്‍ത്ത്‌ കേരളം മുഴുവന്‍ അഭിമാനം കൊള്ളുകയാണ്‌.
പരവൂരിലെ ദുരന്തം വരുന്നതിന്‌ മുമ്പ്‌ തന്നെ ഷൈന മനസ്സിലെവിടെയോ ആദരവോടെ ഇടം പിടിച്ചിരുന്നു. അറിയാതെ അവര്‍ക്ക്‌ ആയിരം സല്യൂട്ടും നല്‍കിയിരുന്നു.
സിയാനിച്ചിനില്‍ വീരമൃത്യുവരിച്ച സൈനികന്‍ സുധീഷിന്റെ വീട്ടിലെത്തി തളര്‍ന്നുകിടക്കുന്ന ഭാര്യയ്‌ക്കരികില്‍ നിന്ന്‌ സുധീഷിന്റെ പിഞ്ചുകുഞ്ഞിനെ എടുത്ത്‌ ഉമ്മ വെച്ച്‌ കൊഞ്ചുന്ന ഷൈനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒഫീഷ്യല്‍ വര്‍ത്തമാനം പറഞ്ഞ്‌ കാറില്‍ കയറി മടങ്ങുന്ന സാധാരണ ഉദ്യോഗസ്ഥരില്‍ നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യത്വത്തിന്റെ പുതിയ കഥകളായിരുന്നു ഷൈന അന്നു പറഞ്ഞു തന്നത്‌. വിമര്‍ശകര്‍ പൊങ്കാല തീര്‍ക്കുമെന്ന ഭയം കൊണ്ടാവാം കുട്ടിയെ എടുത്ത്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തല്ലെന്നുമുള്ള അടിക്കുറുപ്പിടെയാണ്‌ ഷൈന അന്ന്‌ ആ പിക്ക്‌ ഫേസ്‌ ബുക്കില്‍ പോസ്റ്റിയത്‌. എന്നാല്‍ സോഷ്യല്‍ മീഡിയ ഷൈനയുടെ നല്ല മനസ്സിനെ ലൈക്കടിച്ചു വരവേല്‍ക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്‌ കണ്ടത്‌.
ഇപ്പോഴിത പരവൂര്‍ ദുരന്തത്തിന്റെ വിവാദങ്ങള്‍ക്കിടയിലും നല്ല തീരുമാനങ്ങളുമായി ഷൈന വീണ്ടും താരമാകുന്നു. 

വിഷു



എബി കുട്ടിയാനം



എത്ര വൈകിയാണെങ്കിലും വീട്ടിലെത്തണമെന്നത്‌
സുധിയുടെ നിര്‍ബന്ധമായിരുന്നു

എനിക്കുവേണ്ടി വിഷുദിനത്തില്‍ ജയന്‍ കാത്തിരുന്നതുപോലെ
മറ്റാര്‍ക്കുവേണ്ടിയും അവന്‍ കാത്തിരുന്നിട്ടുണ്ടാവില്ല

ഗോപാലേട്ടന്റെ പായസം പോലൊരു പായസം
ജീവിതത്തിലിതുവരെ ഞാന്‍ കഴിച്ചിട്ടില്ല

ഓരോ വിഷു പുലരിയിലും സ്‌നേഹത്തോടെ
വഴിനോക്കി നില്‍ക്കുന്ന കണ്ണേട്ടന്റെ ഉണ്ണിയപ്പം കിട്ടിയില്ലെങ്കില്‍
എന്റെ ആഘോഷം പൂര്‍ണ്ണമാകില്ല

വിദ്യാധരന്റെ വിഷു ആശംസയില്‍
സ്‌നേഹത്തിന്റെ പയസ്വിനി പുഴ ഒഴുകാറുണ്ട്‌

സുജിത്തിനെ ബൈക്കിലിരുത്തി
തൂക്കുപാലത്തിനുമുകളിലൂടെ ചെക്കുവിന്റെ വീട്ടിലേക്ക്‌
വിഷു ആഘോഷിക്കാന്‍ പോയ ഓര്‍മ്മ മനസ്സിലെവിടെയോ ഉണ്ട്‌

ഏത്‌ നേതാവ്‌ വന്ന്‌
എത്ര വര്‍ഗ്ഗീയ കാര്‍ഡിറക്കി രാഷ്‌ട്രീയ മുതലെടുപ്പിന്‌
ശ്രമിച്ചാലും തകര്‍ന്നുപോകുന്നതല്ല ഞങ്ങളുടെ
സൗഹാര്‍ദ്ദമെന്ന്‌ ഓരോ വിഷവും ഓര്‍മ്മിപ്പിക്കുന്നു...                                                  

Tuesday, April 12, 2016

മട്ടക്കണയുടെ ബാറ്റ്‌ പിടിച്ച ആ കാലം




എബി കുട്ടിയാനം

മട്ടക്കണയുടെ ബാറ്റ്‌ പിടിച്ച്‌
സീമകൊന്നയുടെ തണ്ടില്‍ നാട്ടിവെച്ച
വിക്കറ്റിനുമുന്നില്‍ ഗാര്‍ഡെടുത്ത്‌ സ്വയം
കോഹ്‌ലിയായി മാറിയൊരു കാലം
നിങ്ങള്‍ക്കുമുണ്ടായിരുന്നില്ലെ.

സ്‌കൂള്‍ ടീമിന്റെ അന്തിമ ഇലവനില്‍
എന്റെ പേരില്ലെന്നറിഞ്ഞപ്പോള്‍
ഗ്യാലറിയിലിരുന്ന്‌ പൊട്ടിക്കരഞ്ഞ
എന്റെ സങ്കടത്തോളം വരില്ല
ബ്രാത്ത്‌ വെയ്‌റ്റിന്റെ സിക്‌സറിനുമുന്നില്‍
വിതുമ്പി പോയ ബെന്‍സ്റ്റോക്‌സിന്റെ ജീവിതം.

നാട്ടിന്‍ പുറത്തിന്റെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍
നന്നായി കളിച്ചിട്ടും കാത്തിരുന്ന മാന്‍ ഓഫ്‌
ദി മാച്ച്‌ പുരസ്‌ക്കാരം മറ്റൊരുത്തന്‍
കൊണ്ടുപോകുമ്പോള്‍ പകച്ചുപോയൊരു
ബാല്യമുണ്ടായിരുന്നില്ലെ എനിക്കും നിനക്കും...
ഞാനെന്റെ ദാദയ്‌ക്കുവേണ്ടി വാദിക്കുമ്പോള്‍
നിനക്ക്‌ നിന്റെ വീരൂവിന്റെ
വീരകഥകളായിരുന്നല്ലോ
പറയാനുണ്ടായിരുന്നത്‌.

രണ്ട്‌ ട്രിപ്പിളില്ലെങ്കിലും
എന്റെ ദാദയുടെ ആര്‍ജ്ജവത്തിന്‌
മുന്നില്‍ നിന്റെ വീരു ഒന്നുമല്ലെന്ന്‌ പറയുമ്പോള്‍
നീ എന്നോട്‌ തട്ടികയറിയത്‌
ഞാന്‍ ഇന്നുമോര്‍ക്കുന്നുണ്ട്‌

എന്നും തര്‍ക്കിച്ചിരുന്ന നമ്മള്‍
ശ്രീശാന്തിന്റെ അഹങ്കാരത്തിനുമുന്നില്‍
മാത്രം നമ്മള്‍ ഒന്നായിരുന്നു.
ജീവിതത്തില്‍ ഇതുവരെ ആരും ഇന്ത്യന്‍ ടീമില്‍
കളിച്ചിട്ടില്ലെന്ന ഭാവത്തില്‍ അവന്‍
ഭ്രാന്തനെപോലെ പെരുമാറുമ്പോള്‍
ഇത്‌ എന്ത്‌ വെറുപ്പിക്കലാണ്‌ ബാബുവേട്ട
എന്ന്‌ നമ്മള്‍ ഒരേ സ്വരത്തില്‍
ചോദിക്കുമായിരുന്നില്ലെ... 

Monday, April 11, 2016

കൂട്ടുകാരന്‍




എബി കുട്ടിയാനം

സാരമില്ല ഡാ
എല്ലാം ശരിയാകുമെന്ന്‌ പറയാന്‍
ഒരു കൂട്ടുകാരനെങ്കിലുമുണ്ടാകണം
ജീവിതത്തില്‍  

പറവൂര്‍




എബി കുട്ടിയാനം

പറവൂര്‍
നീ സഹിക്കാനാവാത്ത നൊമ്പരമാണ്‌

മരണം വെള്ളപുതച്ചുകിടക്കുമ്പോള്‍
തകരുന്നത്‌ എന്റെ ഹൃദയം കൂടിയാണ്‌

മോര്‍ച്ചറി മുറ്റത്തെ സ്റ്റീല്‍ മേശകളും
ആംബുലന്‍സിന്റെ ഒച്ചയും
നിലയ്‌ക്കാത്ത നിലവിളിയും
മാഞ്ഞുപോവാത്ത ദു:ഖമാണ്‌

വരുമെന്ന്‌ പറഞ്ഞുപോയര്‍
ഇനി വരില്ലെന്നറിയുമ്പോള്‍
കരഞ്ഞു തീര്‍ക്കുന്ന ഉറ്റവര്‍ക്കൊപ്പം
കരഞ്ഞിരിക്കുന്നു എന്റെ മനസ്സും

മരണം കണ്ട്‌ മരവിച്ചുപോയ സഹോദര
നിന്റെ വറ്റിപോയ കണ്ണീരിനു പകരം നല്‍കാന്‍
നിറഞ്ഞ പ്രാര്‍ത്ഥനയല്ലാതെ
എന്റെ കയ്യില്‍ മറ്റൊന്നുമില്ല                                                     

Friday, April 8, 2016

ഓര്‍മ്മകളുടെ വൈറസ്‌

ഒരു പാസ്‌വേര്‍ഡുപോലുമില്ലാതെയാണ്‌ ഞാന്‍
നിന്റെ ഹൃദയത്തിലേക്ക്‌ സൈന്‍ അപ്പ്‌ ചെയ്‌തത്‌.
ഒരനുവാദം പോലും വാങ്ങാതെയാണ്‌ ഞാന്‍ നിന്റെ നെഞ്ചില്‍ സ്‌നേഹത്തിന്റെ അക്ഷരങ്ങള്‍ ടൈപ്പിയത്‌....
കമന്റടിക്കുമ്പോഴൊക്കെ നിനക്കെന്നോട്‌ ആയിരം ലൈക്കായിരുന്നു ല്ലേ....
ഓര്‍മ്മകള്‍ക്ക്‌ വൈറസ്‌ പിടിക്കാതിരിക്കട്ടേയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....

കളി വാക്ക്‌



എബി കുട്ടിയാനം

എന്റെ പ്രണയം നിനക്ക്‌ വെറും
കളിവാക്ക്‌ മാത്രമാണെന്ന്‌
ഞാന്‍ തിരിച്ചറിയുമ്പോഴേക്കും

എഴുന്നേല്‍ക്കാനാവാത്ത വിധം
നീ എന്റെ ഹൃദയത്തിലേക്ക്‌ വീണുപോയിരുന്നു

ആയിരം ലൈക്കടിക്കണം അത്താഴക്കൂട്ടത്തിന്റെ ഈ നന്മകള്‍ക്ക്‌



                                                                                                                                                                                                                എബി കുട്ടിയാനം

നമ്മള്‍ വലിച്ചെറിയുന്ന ഓരോ ഉരുള ചോറും നമ്മോട്‌ പകരം ചോദിക്കുക തന്നെ ചെയ്യും. ആയിരങ്ങള്‍ പട്ടിണികിടക്കുന്ന നാട്ടില്‍ ഭക്ഷണം കൊണ്ട്‌ അമ്മാനമാടുന്ന ഒരു സംസ്‌ക്കാരം മെല്ലെ മെല്ലെ വളര്‍ന്നുകൊണ്ടിരിക്കുന്നു. കുഴിച്ചുമൂടുകയും വലിച്ചെറിയുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ എത്രയോ പാവങ്ങളുടെ പട്ടിണി മാറ്റാനാകുമെന്ന്‌ തിരിച്ചറിയുന്നതും അതിനുവേണ്ടി സര്‍വ്വം മറന്ന്‌ പ്രവര്‍ത്തിക്കുന്നതും പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്‌.
അത്തരമൊരു നന്മയുടെ വഴിയിലാണ്‌ അണങ്കൂരിലെ അത്താഴകൂട്ടം പ്രവര്‍ത്തകരുള്ളത്‌. കല്ല്യാണ വീടുകളിലും ആഘോഷ ചടങ്ങുകളിലും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച്‌ നിര്‍ധനരും അഗതികളുമായ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന സമാമനതകളില്ലാത്ത പുണ്യമാണ്‌ അവര്‍ ചെയ്‌തുവരുന്നത്‌. തന്റെ പണത്തിന്റെ പവര്‍ ജനങ്ങളെ കാണിക്കാനായി പൊടിപൊടിച്ച്‌ നടത്തിയ കല്ല്യാണത്തിനൊടുവില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങുന്നതിനിടിയിലേക്ക്‌ ്‌ അത്താഴക്കൂട്ടക്കാര്‍ അവരുടെ പിക്കപ്പ്‌ വാനുമായെത്തും. സ്വന്തം ചിലവില്‍ ഇന്ധനമടിച്ച്‌ ഭക്ഷണ പാത്രങ്ങള്‍ ഓരോ ദിക്കിലേക്കും കയറ്റികൊണ്ടുപോകും, തെരുവില്‍ ഉറങ്ങുന്ന പാവങ്ങളെ തട്ടിവിളിച്ച്‌ ബിരിയാണികെട്ട്‌ നല്‍കുമ്പോള്‍ അവരുടെ മുഖത്ത്‌ വിരിയുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്‌. കാസര്‍കോടിന്റെ പാതയോരങ്ങളിലും സര്‍ക്കാര്‍ ആശുപത്രിയുടെ മുറ്റങ്ങളിലും പാവങ്ങളെ തേടി അവരുണ്ടാവും. ഓരോ കല്ല്യാണങ്ങളിലും ഭക്ഷണം ബാക്കിയായി കിട്ടുന്നത്‌ ഏറെ വൈകിയിട്ടാണ്‌ അപ്പോള്‍ തന്നെ അത്താഴക്കൂട്ടക്കാരെത്തി അതിനെ ലോഡ്‌ ചെയ്‌ത്‌ കൊണ്ടുപോകും. നാടുറങ്ങുമ്പോള്‍ അവര്‍ ഉറങ്ങാതെ തെരുവിന്റെ മക്കള്‍ക്കുമുന്നില്‍ ഭക്ഷണം വിളമ്പുന്ന തിരിക്കിലായിരിക്കും. പാതിരാത്രിയുടെ പവിത്രതയില്‍ അവര്‍ ദൈവത്തിന്റടുത്ത്‌ നിന്ന്‌ പുതിയ പുണ്യങ്ങള്‍ നേടുകയായിരിക്കും.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരവും ആര്‍ത്തിയും ഭക്ഷണമല്ലാതെ മറ്റൊന്നുമല്ല, വിശപ്പിന്റെ കാഠിന്യം അറിഞ്ഞവര്‍ക്കേ അതിന്റെ തീവ്രത മനസ്സിലാവുകയുള്ളു.
എന്ത്‌ തിന്നണമെന്നറിയാതെ കണ്‍ഫ്യൂഷനാവുന്ന നമ്മുടെ ഇതേ നാട്ടിലാണ്‌ ഒരു നേരത്തെ അന്നത്തിന്‌ വകയില്ലാതെ ഒരുപാട്‌ പാവങ്ങള്‍ പകച്ചുനില്‍ക്കുന്നുള്ളതെന്നോര്‍ക്കണം.
കല്ല്യാണത്തിന്റെ പേരില്‍ ഭക്ഷ്യമേളകള്‍ തീര്‍ക്കുന്നവര്‍ ഒരിക്കലും ചിന്തിക്കാത്ത ഒന്നാണ്‌ പാവങ്ങളുടെ പട്ടിണി. തന്റെ വീട്ടിനുള്ളിലും തന്റെ പന്തലിനകത്തും അഹങ്കാരത്തിന്റെ പാത്രം നിരത്തുന്നവര്‍ പാവം മനുഷ്യന്റെ കരളലിയിപ്പിക്കുന്ന കഥ അറിയുന്നേയില്ല.
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറയെ തിന്നുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചക(സ) സന്ദേശത്തിന്‌ വിലകൊടുക്കാത്തവര്‍ തന്റെ ലോകത്തെക്കുറിച്ച്‌ മാത്രം ചിന്തിക്കുന്നു.
പതിനായിരങ്ങളെ വിളിച്ചു കൂട്ടുന്ന കല്ല്യാണങ്ങളിലും അതിന്റെ എത്രോയ ഇരട്ടി പേര്‍ക്കാണ്‌ ഭക്ഷഠണമൊരുക്കുന്നത്‌. വിശപ്പ്‌ ഒരു നോവായി മാറാത്ത വര്‍ത്തമാനകാലത്ത്‌ ഭക്ഷണം ഒരു സംഭവമേയല്ല. മാത്രവുമല്ല നാട്ടില്‍ ഒന്നിലേറെ കല്ല്യാണം അരങ്ങേറുമ്പോള്‍ എല്ലാ ദിക്കില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ തയാറാവുന്നുമില്ല. അതുകൊണ്ടുതന്നെ പല ദിക്കിലും എത്രയോ ഭക്ഷണങ്ങളാണ്‌ ബാക്കിയാവുന്നത്‌. ബാക്കിവരുന്ന ഭക്ഷണങ്ങള്‍ അനാഥാലയത്തിലെത്തിക്കുകയായിരുന്നു മുമ്പ്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ ആരുടെയെങ്കിലും ബാക്കി ഭക്ഷണം കഴിക്കാന്‍ മാത്രം ഗതികെട്ടവരല്ല അനാഥ മക്കളെന്ന അഭിപ്രായം ശക്തമായതോടെ ആ ഏര്‍പ്പാട്‌ അവസാനിച്ചു.
ഇവിടെയാണ്‌ അത്താഴക്കൂട്ടം വേറിട്ട വഴി സ്വീകരിക്കുന്നത്‌. വലിയ ചിലവ്‌ വരുന്ന കാര്യങ്ങള്‍ നമുക്ക്‌ ചെയ്യാന്‍ കഴിഞ്ഞെന്ന്‌ വരില്ല. എന്നാല്‍ ചിലവില്ലാതെ ഒരുപാട്‌ നന്മകളുടെ ഭാഗമാകാന്‍ കഴിയും. അതാണ്‌ അത്താഴക്കൂട്ടക്കാര്‍ കാണിച്ചുതരുന്നത്‌.
കാസര്‍കോട്‌ നഗരസഭ മുന്‍ കൗണ്‍സിലര്‍ മജീദ്‌ കൊല്ലമ്പാടി, ഹാരിസ്‌ മസ്‌താന്‍, അബ്‌ദുല്‍ ഖാദര്‍, ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്‌ അത്താഴക്കൂട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. അവര്‍ക്ക്‌ സഹായവുമായി നാട്ടിലെ ഒരുപാട്‌ ചെറുപ്പക്കാരുമുണ്ട്‌.
വല്ലാത്തൊരു സങ്കട കാഴ്‌ചയില്‍ നിന്നായിരുന്നു ഈ കൂട്ടായ്‌മ രൂപപ്പെട്ടത്‌. അവര്‍ കഥപറയുന്നു....രണ്ടു വര്‍ഷംമുമ്പ്‌...ഒരു ദിവസം വലിയൊരു കല്ല്യാണത്തിന്‌ ചെല്ലുന്നു. ഭക്ഷണ പെരുമയാണവിടെ. പലതരം ബിരിയാണിയും വറുത്തതും പൊരിച്ചതും തൊട്ട്‌ പുഡ്ഡിംഗും ഐസ്‌ക്രീമുമെല്ലാം നിരന്ന്‌ കിടക്കുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത്‌ വയറു നിറയെ കഴിച്ചിട്ടും പിന്നെയും ഭക്ഷണങ്ങള്‍ ബാക്കി. ഒരു സ്‌പൂണ്‍ ബിരിയാണിപോലും എടുക്കാത്ത എത്രയോ ബട്‌ലങ്ങള്‍. ഒടുവില്‍ വെയ്‌സ്റ്റായി മാറുന്ന ആ ബിരിയാണി കുഴിച്ചുമൂടാന്‍ ഒരുങ്ങുകയാണ്‌ ആ വീട്ടുകാര്‍. ഇത്‌ മനസ്സിനെ വല്ലാതെ വേദിനിപ്പിച്ചു. അന്ന്‌ നാട്ടിലെത്തി കൂട്ടുകാര്‍ രുന്ന്‌ ആലോചിച്ചു. ഒടുവില്‍ ചെന്നത്തിയെ ആശയം, ആഘോഷ വേളകളില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച്‌ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. അന്ന്‌ തന്നെ അത്താഴക്കൂട്ടമെന്ന കൂട്ടായ്‌മയ്‌ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു.
ഇനി നിങ്ങള്‍ ഭക്ഷണം പാഴാക്കരുത്‌, ഒരു നേരത്തെ അന്നത്തിന്‌ ഗതിയില്ലാതെ പട്ടിണികിടക്കുന്ന എത്രയോ പാവങ്ങള്‍ ഈ നാട്ടിലുണ്ട്‌, നിങ്ങള്‍ കുഴിച്ചുമൂടുന്ന ഭക്ഷണങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കു, ഞങ്ങള്‍ അവര്‍ക്ക്‌ എത്തിച്ചുകൊടുക്കും...എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു ഇമേജ്‌ ക്രിയേറ്റ്‌ ചെയ്‌തുവിട്ടു. അതിനു താഴെ നമ്പറും ചേര്‍ത്തു. ഇമേജുകള്‍ കൊച്ചുവൈറലായി വാട്‌സ്‌ ആപ്പിലൂടേയും ഫേസ്‌ബുക്കിലൂടെയും ഒഴുകി. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്‌തെടുത്ത്‌ സേവ്‌ ചെയ്‌തുവെച്ചു.
അതായിരുന്നു തുടക്കം. പിന്നീട്‌ ഭക്ഷണം ബാക്കിയാവുന്ന ദിക്കുകളില്‍ നിന്നൊക്കെ അത്താഴക്കൂട്ടത്തെ തേടി ഫോണ്‍കോളുകളെത്തി. കൂടുതല്‍ കല്ല്യാണം നടക്കുന്ന വ്യാഴം ഞായര്‍ ദിവസങ്ങളില്‍ കോളുകളുടെ എണ്ണം ഒരുപാട്‌ കൂടും. എന്നാല്‍ എവിടേയും ഭക്ഷണം വലിച്ചെറിയാന്‍ അനുവദിക്കാതെ അവര്‍ അവരുടെ വാഹനവുമായി ഓടിയെത്തും. പ്ലാസ്റ്റിക്‌ കവറുകളില്‍ പാക്ക്‌ ചെയ്യുന്നതും ലോഡ്‌ ചെയ്യുന്നതുമടക്കമുള്ള എല്ലാ ജോലികളും അവര്‍ തന്നെ ചെയ്യും. പുലരുവോളം ഭക്ഷണം വിതരണം ചെയ്‌ത ദിവസങ്ങള്‍പോലുമുണ്ടത്രെ.
അത്താഴകൂട്ടത്തിന്റെ പാത പിന്തുടര്‍ന്ന്‌ ഇന്ന്‌ പല നാട്ടിലും പല യുവാക്കളും ഈ സേവനത്തിലേക്ക്‌ കടന്നുവരികായണ്‌.
ഞാന്‍, എന്റെ ജീവിതം എന്ന ചിന്തകള്‍ക്കപ്പുറം മറ്റുള്ളവന്റെ വേദനയും കഷ്‌ടപ്പാടും അറിയുമ്പോഴാണ്‌ നമ്മുടെ ജീവിതം സാര്‍ത്ഥകമാകുന്നത്‌. ഒരു മനുഷ്യന്റെ ഒരു നേരത്തെ പട്ടിണിമാറ്റാന്‍ കഴിഞ്ഞെങ്കില്‍ നമ്മുടെ ജീവിതം പുണ്യമായി. പാവങ്ങളെ സഹായിക്കണമെന്ന മനസ്സുണ്ടെങ്കില്‍ നമ്മുടെ കയ്യില്‍ കോടികള്‍ ആവശ്യമില്ല. ഏതൊക്കെയോ നന്മകളുടെ ഭാഗമായാല്‍ മാത്രം മതി. കോടിശ്വരന്‍ ചെയ്യുന്ന നന്മകളേക്കാള്‍ മഹത്വമുണ്ടാകുമതിന്‌. സഹായങ്ങളുടെ വലിപ്പത്തിനല്ല, മനസ്സിന്റെ നന്മകള്‍ക്കാണ്‌ ദൈവം മാര്‍ക്കിടുന്നത്‌.
അത്താഴക്കൂട്ടം ചെയ്യുന്നത്‌ രണ്ട്‌ പുണ്യമാണ്‌. ഒന്ന്‌ ഭക്ഷണങ്ങളെ പാഴാക്കാതെ കാത്തുസൂക്ഷിക്കുന്നു, മറ്റൊന്ന്‌ ഏതൊക്കെയോ പാവങ്ങളുടെ വയറും മനസ്സും നിറയ്‌ക്കുന്നു. ഈ നന്മയ്‌ക്ക്‌ നമുക്ക്‌ ആയിരം ലൈക്കടിക്കാം.
0000 000 000
എന്ത്‌ ചെയ്യണമെന്നറിയാതെ ഭക്ഷണം കുഴിച്ചുമൂടാനൊരുങ്ങുമ്പോള്‍ നിങ്ങളും വിളിക്കുക, അത്താഴകൂട്ടക്കാര്‍ ഓടിയെത്തും...പാചക പുരയിലെ വെയ്‌സ്റ്റുകള്‍ കാലിയാകുമെന്നതിനപ്പുറം ഏതൊക്കെയോ പാവങ്ങളുടെ പട്ടിണി മാറ്റിയ പുണ്യം നിങ്ങള്‍ക്കുകൂടി കിട്ടാതിരിക്കില്ല...
നമ്പര്‍: 9895350093, 9744334334.












Thursday, April 7, 2016

വീട്‌... കാത്തിരിക്കുന്നുണ്ട്‌....



എബി കുട്ടിയാനം

വീട്‌ അതൊരു സങ്കല്‍പ്പമാണ്‌, സ്വപ്‌നമാണ്‌, അഭയമാണ്‌ സര്‍വ്വോപരി ജീവിതത്തിന്റെ എല്ലാമെല്ലാമാണ്‌. ഓരോ നിമിഷത്തിലും വീട്‌ നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വീടുവിട്ടിറങ്ങിയന്നേരം മുതല്‍ അത്‌ വഴിനോക്കി കാത്തിരിക്കാന്‍ തുടങ്ങും. ഒരു ദിവസം വൈകിയാലും ഒന്നും സംഭവിക്കില്ല പക്ഷെ, അപ്പോഴും ഏതു പാതിരാത്രിയിലും നാം വീടണയാന്‍ വേണ്ടി ഓടികിതച്ചെത്തും. ഹൃദയത്തിലേക്ക്‌ നീളുന്ന ഒരാത്മബന്ധമുണ്ട്‌ നമുക്ക്‌ നമ്മുടെ വീടുമായിട്ട്‌.
വീട്‌ സുരക്ഷിതത്വത്തിന്റെ മതിലാണ്‌, ആശ്വാസത്തിന്റെ കേന്ദ്രമാണ്‌, അഭയത്തിന്റെ മേല്‍ക്കൂരയാണ്‌. പകലിന്റെ എല്ലാവേവലാതികളെയും വീടിനുള്ളില്‍ ഇറക്കിവെച്ച്‌ നാം ഉറങ്ങാന്‍ കിടക്കും. പുലരുവോളം കാവലിരുന്ന്‌ അത്‌ നമുക്ക്‌ കൂട്ടിരിക്കും... വീടുവിട്ടിറങ്ങുന്ന നിമിഷം മുതല്‍ നാം ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും വേദന അറിയുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിനും സ്വന്തം വീടിന്‌ പകരമാവാന്‍ കഴിയില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുമ്പോഴും കുഗ്രാമത്തിലെ കുടില്‍ മനസിനുള്ളിലൊരു നൊസ്റ്റാള്‍ജിക്കായി നിറയും.
വീടിന്റെ മേല്‍ക്കൂര നോക്കിയായിരുന്നുവല്ലോ നാം ആദ്യമായി പുഞ്ചിരിച്ചത്‌. പിച്ചവെച്ച നാളില്‍ കൈതന്ന്‌ കൂട്ടുനിന്നതും വീടിന്റെ ചുമരായിരുന്നല്ലോ. അതേ ചുമരില്‍ കരികഷ്‌ണം കൊണ്ടായിരുന്നു നാം എഴുതിപഠിച്ചതും. അഹ്ലാദം വരുമ്പോള്‍ വീട്‌ കൂടെ നിന്ന്‌ ചിരിക്കും ദു:ഖാവസ്ഥയില്‍ വീടിനും വേവലാതിയാണ്‌ മൂകമായി അത്‌ അരികിലിരുന്ന്‌ കരയാന്‍ തുടങ്ങും.
ഞാന്‍ രാവിലെ ഒമ്പതുമണിക്ക്‌ വീട്ടില്‍ നിന്നിറങ്ങും, ഞാന്‍ രാത്രി വീട്ടിലെത്താന്‍ ഏറെ വൈകും, എടാ ഞാന്‍ വീട്ടിലെത്തി നിന്നെ (എബി കുട്ടിയാനം)വിളിക്കാം, ശ്ശെ, ഇന്ന്‌ വീട്ടിലേക്ക്‌ വിളിക്കാനേ കഴിഞ്ഞില്ല ഉമ്മയോടൊപ്പം വീടും എന്റെ വിളിക്കുവേണ്ടി ഒരുപാട്‌ കാത്തിരിന്നിട്ടുണ്ടാകും....അങ്ങനെ അങ്ങനെ ഒരു ദിവസം എത്രവട്ടം നാം വീടിനെക്കുറിച്ച്‌ വാചാലമാവുമെന്നറിയുമോ(?)

000 000 000
വീട്‌ ഒരു സ്വര്‍ഗ്ഗമാകും എന്ന പരസ്യം കമ്പനിക്കാരന്റെ കച്ചവടവാചകമായിരിക്കാം. എന്നാല്‍ വീട്‌ ഒരു സ്വര്‍ഗ്ഗം തന്നെയല്ലെ(?) തിരക്കുപിടിച്ച ജോലിക്കിടയില്‍ നാം കൊതിക്കുന്നത്‌ എല്ലാം മറന്ന്‌ ഒന്ന്‌ സുഖമായി വീട്ടിലിരിക്കാനുള്ള ദിവസത്തിനുവേണ്ടിയാണ്‌. സമരത്തിന്റെ പേരില്‍ അവിചാരിതമായി അവധികിട്ടുമ്പോള്‍ ആയിരം ആഹ്ലാദവുമായി സ്‌കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ ഓടിയ ഒരു ബാല്യമുണ്ടാവും എനിക്കും നിങ്ങള്‍ക്കും.
ബാല്യം വിട്ട്‌ ബാല്യക്കാരനാവുന്ന നാള്‍മുതല്‍ നമ്മുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നാം വീടെന്ന സ്വപ്‌നത്തിനുവേണ്ടി നീക്കിവെക്കും. അപ്പോഴും വീടെന്ന മോഹം ചിലര്‍ക്കെങ്കിലും ഒരു സങ്കല്‍പ്പം മാത്രമായി തുടരും. പൊളിഞ്ഞുവീഴാറായ ഈ പഴയതറവാട്ടുവീട്ടില്‍ നിന്നും എപ്പോഴാണട നമ്മള്‍ നല്ലൊരു വീടുവെച്ച്‌ താമസം മാറുന്നതെന്ന ഉമ്മയുടെ ചോദ്യത്തിന്‌ മിഴിച്ച നോട്ടം മാത്രമായിരിക്കും എന്നുമെന്റെ ഉത്തരം. ഹൃദയം തന്നെ ഒട്ടിപിടിച്ചുനില്‍ക്കുന്ന ഈ വീടുവിട്ട്‌ നമ്മള്‍ എവിടെപോവാനാണ്‌ എന്ന എന്റെ ഉത്തരം ഉമ്മാനെ ചിലപ്പോഴോക്കെ ദേശ്യം പിടിപ്പിക്കും.

സ്വന്തമായി ഒരു വീടില്ലാത്തതാണ്‌ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ അവസ്ഥ. ജോലിയും ഒരു വീടുമില്ലെങ്കില്‍ മനുഷ്യന്‌ മരണമാണട നല്ലത്‌ എന്ന്‌ പറഞ്ഞ കൂട്ടുകാരന്റെ പഴയ എസ്‌.എം.എസ്‌ ഞാനിപ്പോഴും ഡിലീറ്റ്‌ ചെയ്‌തിട്ടില്ല. പഠനം കഴിഞ്ഞ്‌ വിമാനം കയറിയിട്ടും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കഴിയാത്ത അവന്റെ കണ്ണീരിനൊപ്പം ചാറ്റ്‌ വര്‍ത്തമാനത്തില്‍ ഞാന്‍ ദു:ഖത്തിന്റെ പിന്തുണ നല്‍കാറുണ്ട്‌.
വീടില്ലാത്ത അവസ്ഥ ഭീകരമാണ്‌, അസഹനീയമാണത്‌. മറ്റുള്ളവന്റെ കാരുണ്യത്തില്‍ അവന്റെ തണലിലേക്ക്‌ താമസം മാറേണ്ടിവരുമ്പോള്‍ നമുക്ക്‌ നമ്മുടെ അഭിമാനം തന്നെ മാറ്റിവെക്കേണ്ടിവരുന്നു. ഒരിത്തിരിപോലും സ്വസ്ഥതയില്ലാതെ നമിഷം തള്ളിനീക്കാനായിരിക്കും നമ്മുടെ വിധി. എല്ലാറ്റിനും അവകാശം ലഭിക്കുമ്പോഴും മറ്റൊരുവീട്ടിലെ പൈപ്പുവെള്ളത്തില്‍ കുളിക്കാന്‍ നമുക്ക്‌ പേടിയാണ്‌, അവര്‍ക്ക്‌ എന്തുതോന്നുമെന്ന ചിന്തയില്‍ ഭക്ഷണത്തിനുപോലും രുചിയില്ലാതാകുന്നു. ഉറങ്ങുകയാണെങ്കിലും (എബി കുട്ടിയാനം)ഒരു രാത്രിയിലും നമ്മള്‍ അവിടെ ഉറങ്ങുന്നില്ല. ഒരു കൊച്ചുകൂരയിലേക്കെങ്കിലും താമസം മാറുന്ന നിമിഷമായിരിക്കും സദാസമയവും നമ്മുടെ മനസ്സില്‍....
മൂന്ന്‌ നിലയുള്ള മാളിക കെട്ടിപൊക്കിയവന്‌ അതില്‍ തമാസിക്കാന്‍ ആളില്ല. കൂടുതല്‍ സമ്പാദിക്കാനുള്ള വെപ്രാളത്തില്‍ അവന്‍ വീടുപൂട്ടിപോകുമ്പോള്‍ തൊട്ടപ്പുറത്തൊരുകുടംബം താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയിലലയുന്നു. ഇതാണ്‌ ഇന്നത്തെ വിരോധാഭാസമായ കാഴ്‌ചകള്‍. നമുക്ക്‌ നമ്മുടെ സുഖം മാത്രം വിലപ്പെട്ടതാകുമ്പോള്‍ പാവപ്പെട്ട ഒരുപാട്‌ മനുഷ്യര്‍ മഴനനഞ്ഞ്‌ വെയിലുകൊണ്ട്‌ ഈ ഭൂമിയില്‍ വല്ലാതെ കഷ്‌ടപ്പെടുന്നത്‌ നമുക്ക്‌ കാണാനെ കഴിയുന്നില്ല. രണ്ടുമുറിയില്‍പോലും താമസിക്കാന്‍ ആളില്ലാതാകുമ്പോഴും അഞ്ചുമുറിയിലെങ്കിലും എയര്‍കണ്ടീഷന്‍ ഫിറ്റ്‌ ചെയ്യുന്ന അഹങ്കാരം എന്നായിരിക്കും നമുക്ക്‌ മാറ്റിവെക്കാന്‍ കഴിയുക. ഇത്തരത്തിലുള്ള നാലുകുടുംബങ്ങളെങ്കിലും രണ്ട്‌ എസിയുടെ വിഹിതം മാറ്റിവെച്ചാല്‍ പാവപ്പെട്ട ഒരു കുടുംബത്തിന്‌ ഈ ജന്മംമുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള വീടാകുമായിരുന്നു അത്‌.
മുകേഷ്‌ അംബാനി മുംബൈയിലെ ആള്‍ട്ടാ മൗണ്ട്‌ റോഡില്‍ കെട്ടിപൊക്കിയ ആന്റില എന്നു പേരിട്ട വീടിനെ എന്തുപേരിട്ടുവിളിക്കണമെന്നറിയാതെ നമ്മള്‍ ഇപ്പോഴും പകച്ചുപോകുന്നു. നാല്‌ ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 27 നിലകളിലായി നിര്‍മ്മിച്ചുണ്ടാക്കിയൊരു മഹാസംഭവം. 9000കോടി രൂപ ചിലവുവരുന്ന വീടിന്‌ മൂന്ന്‌ ഹെലിപാഡുകളുണ്ട്‌. ഓരോ ന(എബി കുട്ടിയാനം)ിലകളും വ്യത്യസ്‌തങ്ങളായ മെറ്റീരിയലുകള്‍ കൊണ്ടാണത്രെ നിര്‍മ്മിച്ചത്‌. റിക്‌ടര്‍ സ്‌കെയിലില്‍ എട്ടു ഡിഗ്രിവരെയുള്ള ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവും ആ വീടിനുണ്ടത്രെ. അറിയുമോ വീടിന്റെ പരിചരണത്തിനായി മാത്രം ഒരു ദിവസം അറുന്നൂറുപേര്‌ പണിയെടുക്കുന്നുണ്ട്‌. ഞെട്ടിപോവരുത്‌ കുടികൂടിയ ആദ്യമാസം രേഖപ്പെടുത്തിയ വൈദ്യുതി ബില്ല്‌ 15,000 കോടി രൂപയാണ്‌.

നിത്യവരുമാനത്തെ എത്ര കൂട്ടികിഴിച്ചാലും, വന്നുചേരുന്ന തുണ്ടുകാശുകളെ എത്രമാറ്റിവെച്ചാലും ഒരു വീടെന്നത്‌ സ്വപ്‌നം മാത്രമാകുമ്പോള്‍ ആന്റിലയെക്കുറിച്ചുള്ള കഥകള്‍ എന്നെയും നിന്നെയും അസ്വസ്ഥനാക്കുന്നുവെങ്കില്‍ അതിനെ അസൂയ എന്ന്‌ വിളിക്കാന്‍ കഴിയുമോ(?)
അംബാനിയുടെ വീട്‌ മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങള്‍ ഇട്ടുതരുമ്പോള്‍ സായിറാം ഗോപാകൃഷ്‌ണഭട്ടെന്ന കാരുണ്യകടലിനെ ഓര്‍മ്മവരും. വീടില്ലാത്തവന്റെ മുന്നില്‍ വീടായി മാറുന്ന ആ മഹാമനസ്‌ക്കതയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ എന്റെ വിരലുകളും കീബോര്‍ഡും തോറ്റുപോകുന്നു.
പാവങ്ങള്‍ക്ക്‌ സൗജന്യമായി വീടു നിര്‍മ്മിച്ചുനല്‍കി വിസ്‌മയമാകുന്ന സായിറാം ഭട്ട്‌ കാരുണ്യത്തിന്റെ നൂറാമത്തെ മേല്‍ക്കൂര പൂര്‍ത്തിയാക്കിയ വേളയില്‍ പത്രത്തിനുവേണ്ടി ഫീച്ചര്‍ ചെയ്യാന്‍ പോകുമ്പോള്‍ സ്‌കൂള്‍കുട്ടിയായ എന്റെ മനസ്സ്‌ കൊതിച്ചത്‌ നൂറു വീട്‌ നിര്‍മ്മിച്ചുനല്‍കിയ മനുഷ്യന്റെ കൊട്ടാരസദൃശ്യമായ വീടുകാണാനായിരുന്നു. കിളിങ്കാറിലെ ചെമ്മണ്‍പാതിയിലൂടെ നടന്നുപോയി ഞാന്‍ കണ്ട ആ വീട്‌ എന്നെ വല്ലാതെ അമ്പരപ്പിച്ചിരുന്നു. പൂര്‍ണ്ണമായി തേപ്പ്‌ ചെയ്യാത്ത, ജനാലവെച്ചു പിടിപ്പിച്ചിട്ടില്ലാത്ത ആ വീടെന്ന രൂപത്തെ ഞാന്‍ ഏറെ നേരം നോക്കിനിന്നു. എത്രയോ പാവങ്ങള്‍ക്കുമുന്നില്‍ ആശ്വാസത്തിന്റെ തണലായ സായിറാം ഭട്ടിന്‌ സ്വന്തം വീട്‌ ഒരു ആഡംബരമേയല്ലായിരുന്നു..
സായിറാം ഭട്ടിന്റെ വീടുകളുടെ എണ്ണം ഇരുന്നൂറോട്‌ അടുക്കുന്നു. സര്‍ക്കാര്‍ പോലും കൈമലര്‍ത്തിയ പാവങ്ങള്‍ക്കുമുന്നിലാണ്‌ സായിറാം ഭട്ട്‌ കരുണയുടെ ആകാശമായത്‌....സായിറാം (എബി കുട്ടിയാനം)ഭട്ടിനെക്കുറിച്ച്‌ ഫീച്ചെറുഴുതിയിട്ട്‌ വര്‍ഷം കുറേ കഴിഞ്ഞു. വീണ്ടും എഴുതണമെന്ന്‌ ആരൊക്കെയോ പറഞ്ഞു. പക്ഷെ, ഇനിയൊരിക്കല്‍കൂടി നിനക്ക്‌ അതിനെക്കുരിച്ചെഴുതാന്‍ കഴിയില്ലെന്ന്‌ മനസ്സ്‌ പറയുന്നു. ആ കാരുണ്യസ്‌പര്‍ശത്തിനുമുന്നില്‍ എന്റെ അക്ഷരങ്ങള്‍ തോല്‍ക്കും,,എന്റെ പേജും പേനയും വാക്കുകള്‍ക്കുവേണ്ടി കാത്തിരുന്ന്‌ പരാജിതനാവും. ക്ഷമിക്കണം, ഞാന്‍ പിന്‍വാങ്ങുന്നു.

വീടില്ലാത്തവന്റെ ദു:ഖം തീരാനിലവിളിയായി സദാനിലകൊള്ളുമെന്ന സങ്കടങ്ങള്‍ക്കിടയിലാണ്‌ ഈയിടെ ഒരു വാര്‍ത്ത കണ്ടത്‌. ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ അവതരിപ്പിച്ച്‌ തരംഗം സൃഷ്‌ടിച്ച ടാറ്റാ ഗ്രൂപ്പ്‌ നാനോ വീടുമായി രംഗത്തുവരുന്നു. ഗ്രാമപ്രദേശങ്ങള്‍ ലക്ഷ്യമിട്ട്‌ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക്‌ വെറും 32,000 രൂപ മാത്രമാണ്‌ വിലയെന്നുപറയുമ്പോള്‍ കുറേയേറെ പാവങ്ങളുടെ ഹൃദയം നിറയുന്നുണ്ട്‌. ഈവര്‍ഷം അവസാനത്തോടെ അവര്‍ വിലകുറഞ്ഞ വീടുകള്‍ അവതരിപ്പിച്ചുതുടങ്ങും. അംസബിള്‍ ചെയ്യാവുന്ന കിറ്റുകളായാണ്‌ വീടുകള്‍ നല്‍കുന്നത്‌. ഇതില്‍ മേല്‍ക്കൂര, വാതിലുകള്‍, ജനാല എന്നിവയുണ്ടാകും. വീടുനിര്‍മ്മിക്കാന്‍ വെറും ഏഴു ദിവസം മതി. അടിസ്ഥാന മോഡലായ 20 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ്‌ 32,000 രൂപയാണ്‌. 30 ചതുരശ്ര മീറ്ററുള്ള വീടിന്റെ നിര്‍മ്മാണ ചെലവ്‌ 32,000 രൂപയാണ്‌ ചിലവ്‌. 30 ചതുരശ്ര മീറ്ററുള്ള വീടാണെങ്കില്‍ ചെലവ്‌ അല്‍പം കൂടി ഉയരും. ഏകദേശം 43,000 രൂപവരും.

000 000 000
അറബി കഥയിലെ പാട്ടുപോലെ വീടാണ്‌ മനസ്സിലെപ്പോഴും. എവിടെ പോയാലും തിരികെ വരുന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമത്തോടൊപ്പം നമ്മുടെ വീടും കാത്തിരിപ്പുണ്ടാകും. പാന്റും കുപ്പായവും അഴിച്ചുമാറ്റി ടൈ അകലേക്ക്‌ വലിച്ചെറിയുമ്പോള്‍ ഉമ്മയോടൊപ്പം വീടും വിളിച്ചു ചൊല്ലും എടാ , നീ എന്റെ പഴയ കുഞ്ഞുമോനായല്ലോട കുട്ട...
നാലാം ക്ലാസില്‍ വെച്ച്‌ ഒരിക്കല്‍ രാേന്ദ്രന്‍ സാര്‍ ചോദിച്ചു എവിടെയാ വീട്‌. എല്ലാവരും അഹങ്കാരത്തോടെ തങ്ങളുടെ വീടിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാനെന്താണ്‌ പറയേണ്ടതെന്ന്‌ ചോദിച്ച്‌ എന്നോട്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്ന വീടില്ലാത്ത എന്റെ അനാഥനായ ആ കൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയായിരിക്കും. പഠിക്കാന്‍ മിടുക്കനായ അവന്‍ വലിയ ജോലിയൊക്കെ സമ്പാദിച്ച്‌ നല്ല വീടുനിര്‍മ്മിച്ച്‌ അമ്മയോടൊപ്പം സുഖമായി കഴിയുന്നുണ്ടാകുമെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം.

Wednesday, April 6, 2016

ഉറക്കം ഒരു സുഖമാണ്‌....



എബി കുട്ടിയാനം

ഉറക്കം വല്ലാത്തൊരു അനുഭൂതിയാണ്‌...മരണത്തിന്റെ ഒരു റിഹേഴ്‌സലാണത്‌...കണ്ണുകള്‍ക്കുമേലെ ഉറക്കം വിരുന്നെത്തുന്നതോടെ നമ്മള്‍ മറ്റൊരു ലോകത്താകും...പിന്നെ ഈ ഭൂമിയിലെ ഒരു ചലനവും നമ്മളറിയുന്നില്ല...ഒരു കൊച്ചു മരണമാണ്‌ നമ്മുടെ ഓരോ ഉറക്കവും...കണ്ണടച്ചാല്‍ നീ ഒന്നുമല്ലെന്ന്‌ ഉറക്കം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...എല്ലാ ദിക്കിലും ജയിക്കുന്ന മനുഷ്യന്‍ മരണത്തിനുമുന്നില്‍ മാത്രം തോറ്റുപോകുന്നതുപോലെ എത്ര പിടിച്ചു നിന്നാലും ഉറക്കത്തിനുമുന്നിലും അവസാനം നമ്മള്‍ തോറ്റു മടങ്ങും...
ഉറക്കം നഷ്‌ടപ്പെട്ടുപോയ ഒരുപാട്‌ രാത്രികളുടെ കഥ പറയാനുണ്ടാകും നിങ്ങളുടെ മനസ്സിനും...ദു:ഖങ്ങള്‍ കുന്നുകൂടിയ ഒരു പകലിനൊടുവില്‍ തിരിഞ്ഞും മറിഞ്ഞും കടന്നിട്ടും ഒരുപോള കണ്ണടക്കാനാവാതെ കണ്ണീര്‍വാര്‍ത്ത ഒരു രാത്രിയില്ലെ നിങ്ങളുടെ ഓര്‍മ്മയില്‍...നീണ്ട തീവണ്ടി യാത്രയില്‍ റിസര്‍വ്വേഷന്‍ കണ്‍ഫോമാകാതെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്‌ത ആ നിമിഷത്തില്‍ നിങ്ങളും ഉറക്കത്തിന്റെ വിലയറിഞ്ഞിട്ടുണ്ടാവും...വേണ്ടപ്പെട്ടൊരാള്‍ തീവൃപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കഴിയുമ്പോള്‍ ആശുപത്രി വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ നേരം വെളിപ്പിച്ചൊരു മനുഷ്യനില്ലെ നിങ്ങളുടെ ഉള്ളില്‍...കല്ല്യാണ വീട്ടിലും ഉത്സവനഗരിയിലും ഉറങ്ങാനാവാതെ പോയതിന്റെ പരിഭവം പങ്കുവെക്കുന്ന ഒരു ശരാശരി മനുഷ്യനല്ലെ ഞാനും നീയും...
സ്ഥലം മാറി കിടന്നാല്‍ എനിക്ക്‌ ഉറക്കം (എബി കുട്ടിയാനം)വരില്ലെന്ന്‌ അഭിമാനത്തോടെ പറയുന്ന പ്രിയപ്പെട്ട കൂട്ടുകാര...തല ചായ്‌ക്കാന്‍ ഒരിടമില്ലാതെ ബസ്‌ സ്റ്റാന്റിന്റെ തിണ്ണിയല്‍ കിടന്നുറങ്ങുന്ന പാവങ്ങളെക്കുറിച്ച്‌ നീ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ...ഒട്ടും ഉറങ്ങാതെ നേരം പുലരും വരെ പഠിച്ചിട്ട്‌ അവസാനം പരീക്ഷ ഹാളില്‍ ഉറങ്ങിപോയ ബാല്യമായിരുന്നു ഇതു വഴി കടന്നുപോയത്‌...എന്താട, ഇത്ര പെട്ടെന്ന്‌ ഉറങ്ങുന്നത്‌, നീ ഉറങ്ങിയാല്‍ വീട്‌ ഉറങ്ങിപോകുമല്ലോട എന്ന്‌ പറഞ്ഞ്‌ സ്‌നേഹത്തോടെ വിളിച്ചുണര്‍ത്തുന്ന ഉമ്മയെ ഓര്‍മ്മിപ്പിക്കുന്നു ഓരോ ഉറക്കവും...ഉറക്കം ഒരു വ്യക്തിയുടെ ഊര്‍ജ്ജസ്വലതയെ അടയാളപ്പെടുത്തുന്നു...അതിരാവിലെ ഉണരാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണ്‌...നാലു മണിക്കും അഞ്ചു മണിക്കും ഉണരുന്നവര്‍ ഒരു ദിവസത്തെ ധന്യമാക്കും...എട്ടു മണി പിന്നിട്ടാലും ഉണരാത്ത മടിയാന്മാര്‍ ഭൂമിക്കൊരു ഭാരമായി വീടിന്റെ ഐശ്വര്യം കെടുത്തി നിലകൊള്ളും...മതവും മാതാചര്യന്മാരും ശാസ്‌ത്രവും ശാസ്‌ത്രപാഠവും പഠിപ്പിക്കുന്നത്‌ അതിരാവിലെ ഉണരണമെന്നാണ്‌...പക്ഷെ, പറഞ്ഞിട്ടെന്ത്‌ ന്യൂജനറേഷന്‍ പിള്ളേര്‍ ഈ ഉപദേശങ്ങളെ തിരുത്തിയെഴുതുകയാണിപ്പോള്‍...പുലരുവോളം വാട്‌സ്‌ആപ്പിന്‌ മുന്നല്‍ തലതാഴ്‌ത്തി നില്‍ക്കുന്ന സമൂഹം നേരം വെളുക്കാറാകുമ്പോള്‍ കിടന്നുറങ്ങി പത്തു മണിയും പിന്നിട്ട്‌ ഉണരുന്നവാരായി മാറുകയാണ്‌...ഉറക്കം നിന്നെ നാശത്തിലേക്ക്‌ നയിക്കുമെന്ന്‌ ന്യൂജനറേഷന്‍ ശൈലി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌...
000 000 000
ഉറക്കത്തെക്കുറിച്ച്‌ എഴുതുമ്പോഴൊക്കെ ബാല്യം ഒരു വാത്സല്ല്യമായി മനസ്സില്‍ നിറയുന്നു...ഇരുപത്‌ മണിക്കൂറിലേറെ ഉറങ്ങിയ കുഞ്ഞുന്നാള്‍...ഉണരുമ്പോഴൊക്കെ ഉമ്മയുടെ താരാട്ട്‌ കേട്ട്‌ വീണ്ടും ഉറങ്ങിയ ആ കാലം...ബാല്യം പിന്നിട്ട്‌ ബാല്യക്കാരനായപ്പോഴും ഉറക്കം ഒരനുഭൂതിപോലെ മനസ്സിനെ പിന്തുടര്‍ന്നു...രാവിലെ സുബ്‌ഹിക്ക്‌ ഉണരണമെന്നത്‌ വീട്ടിനുള്ളിലെ നിയമമാകുമ്പോഴും ഉറക്കിന്റെ (എബി കുട്ടിയാനം)ആലസ്യത്തിനിടയില്‍ അതിനെ തെറ്റിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഉമ്മയുടെ ശകാരവര്‍ഷം തുടങ്ങും...അവസാനം ദേഹത്ത്‌ വെള്ളം കുടഞ്ഞ്‌ എഴുന്നേല്‍പ്പിക്കുമ്പോള്‍ പിറുപിറുക്കുന്നുണ്ടാകും നമ്മുടെ ചുണ്ടുകള്‍...ഒന്ന്‌ നന്നായി ഉറങ്ങാന്‍ വേണ്ടി അവധി ദിനത്തിനുവേണ്ടി കാത്തിരുന്ന ബാല്യമായിരുന്നില്ലെ എന്റേതും നിന്റേതും...പുറത്ത്‌ മഴ പാട്ടുപാടുമ്പോള്‍ മൂടി പുതച്ചുറങ്ങാന്‍ കൊതിക്കുന്ന ഒരു മനസ്സില്ലെ നമുക്ക്‌..തണുപ്പുള്ള പുലരിയില്‍ കമ്പിളിപുതപ്പിനെ പ്രണയിക്കുമ്പോള്‍ ഈ പ്രഭാതം അവസാനിക്കാതിരുന്നെങ്കില്‍ എന്നാശിച്ചുപോവാറില്ലെ നമ്മള്‍...അവധി ദിവസത്തെ ഉറങ്ങി തീര്‍ക്കുമ്പോള്‍ എന്താട അത്‌ പോത്തുപോലെ ഉറങ്ങുകയോ എന്ന്‌ചോദിച്ച്‌ പേടിപ്പിക്കുന്ന ഉമ്മയുടെ കണ്ണുരുട്ടലിന്‌ താരട്ടുപാട്ടിന്റെ അതെ സുഖമുണ്ട്‌...
000 000 0000
ഇവിടെ ഇരുട്ടാകുമ്പോള്‍ അമേരിക്കയില്‍ നേരം വെളുക്കും..അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നത്‌ ഇന്ത്യയും അമേരിക്കയും അടുത്തടുത്തായിരുന്നെങ്കില്‍ ഇവിടെ നേരം വെളുക്കുമ്പോള്‍ അമേരിക്കയില്‍ പോയി കിടുന്നുറങ്ങാമായിരുന്നുവെന്ന്‌ ഫേസ്‌ ബുക്കില്‍ കുറിച്ച്‌ വെച്ച കുസൃതിക്കാരനായ കൂട്ടുകാരന്‍ ഉറക്കത്തിനുമുന്നില്‍ തോറ്റുപോയവന്റെ പ്രതിനിധിയാണ്‌...
ഉറക്കം മനുഷ്യനെ മടിയനാക്കി മാറ്റുന്നു...ഉറക്കം അവന്റെ എല്ലാ പരാജയങ്ങളുടെയും ഹേതുവായി തീരുന്നു...ഉറക്കത്തെ പ്രണയിക്കുമ്പോള്‍ നമ്മള്‍ മറ്റെല്ലാ ദിക്കിലും തോറ്റുപോകുന്നു...ജീവിതം ഉറങ്ങി തീര്‍ത്തവന്‍ ജീവിതത്തില്‍ ഒന്നുമല്ലാത്തവനായി മാറുന്നു...ജയിച്ച മഹാന്മാരെല്ലാം കുറച്ചു മാത്രം ഉറങ്ങിയവരായിരുന്നു...ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടി അവര്‍ ഒരുപാട്‌ സുഖങ്ങള്‍ വേണ്ടെന്നു വെക്കുന്നു.
ഒരിക്കല്‍ എന്റെ ഗുരു എന്നോട്‌ പറഞ്ഞു. നീ നിന്റെ ജീവിതത്തിലെ ഒരു മോശം ശീലം ഒഴിവാക്കുകയാണെങ്കില്‍ നിനക്ക്‌ ജീവിതത്തില്‍ ഒരുപാട്‌ ഉയരത്തിലെത്താന്‍ കഴിയും. രാവിലെ ഏറെ വൈകും വരെ കിടന്നുറങ്ങുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ഗുരുവിന്റെ വാക്ക്‌ കേട്ട അന്നുമുതല്‍ ഞാന്‍ അതിരാവിലെ ഉണരാന്‍ തുടങ്ങി. അത്‌ എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.
(സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥയില്‍ നിന്ന്‌)
000 000 000
പ്രായം കൂടും തോറും ഉറക്കം കുറയുന്നു...വയസന്മാര്‍ അതിരാവിലെ എഴുന്നേറ്റിരുന്ന്‌ വര്‍ത്തമാനം തുടങ്ങുമ്പോള്‍ നമ്മള്‍ പറയും...നിങ്ങള്‍ക്ക്‌ ഉറക്കില്ലെ...ഉറങ്ങാതിരിക്കാന്‍ മാത്രം എന്തു പ്രശ്‌നമാണ്‌ നിങ്ങള്‍ക്കുള്ളത്‌...പക്ഷെ, വയസുകൂടുന്നതോടെ ഉറക്കം കുറയുകയാണെന്ന സത്യത്തെ നമ്മള്‍ തിരിച്ചറിയുന്നില്ല...(എബി കുട്ടിയാനം)വയസ്സന്മാരും കുഞ്ഞുങ്ങളും സകലകാര്യത്തിലും തുല്യരാണെന്ന സത്യം ഇവിടെയും യാഥാര്‍ത്ഥ്യമാകുന്നു...
000 000 000
ഉറങ്ങി തോല്‍ക്കുന്നുരെപോലെ തന്നെയാണ്‌ ഉറങ്ങാതെ ജീവിതത്തെ തള്ളി നീക്കുന്നവനും...ഉറക്കം ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്ന സത്യത്തെ അവന്‍ മറക്കുന്നു...വേണ്ടസമയത്ത്‌ വേണ്ടപോലെ ഉറങ്ങണമെന്ന്‌ ഡോക്‌ടര്‍മാര്‍ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കുന്നു. ആവശ്യമായ ഉറക്കം കിട്ടാത്ത ശരീരം പലവിധ രോഗങ്ങളിലേക്കും വീണുപോവുകയും ചെയ്യും. ഉറക്കമിളിച്ചിരിക്കുന്നവരെ പലവിധി ശാരീരികസ മാനസീക ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും....ഫൈബ്രോമയാള്‍ജിയ, ആര്‍ത്രൈറ്റിസ്‌, ഇറിറ്റബ്‌ള്‍ ഡവല്‍ സിംന്‍ഡ്രം, രക്തസര്‍മ്മര്‍ദ്ദം, കൊഴുപ്പിന്റെ ആധിക്യം, അനിയന്ത്രിതമായ പിരിമുറുക്കം, അമിതഭക്ഷണശീലം, പൊണ്ണത്തടി, പ്രമേഹംസ തുടങ്ങി നിരവധി സങ്കീര്‍ണ്ണതകള്‍ പിടിപ്പെട്ടേക്കാം...
000 000 000
നല്ല ബെഡ്‌ വാങ്ങാന്‍ നമുക്ക്‌ കഴിയും പക്ഷെ, ഉറക്കം വില കൊടുത്ത വാങ്ങാനാവില്ല...ഒരു നന്മയെങ്കിലും ചെയ്‌ത ദിവസമായിരിക്കും ജീവിതത്തില്‍ നമ്മള്‍ നന്നായി ഉറങ്ങുക...നല്ല (എബി കുട്ടിയാനം)ഭക്ഷണെം കഴിച്ച്‌ വയറ്‌ നിറച്ച ദിവസം നമുക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞെന്ന്‌ വരില്ല...എന്നാല്‍ ഒരു പാവം മനുഷ്യന്റെ പട്ടിണിമാറ്റിയ ദിവസം നമ്മള്‍ സുഖമായി ഉറങ്ങും...
മാനസികാരോഗ്യം മെച്ചപ്പെട്ടവര്‍, ശുഭാപ്‌തിവിശ്വാസികള്‍, സ്വാര്‍ത്ഥത കുറഞ്ഞവര്‍, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം നന്നായി ഉറങ്ങുന്നവരാണെന്ന്‌ പഠനം തെളിയിക്കുന്നു.
എന്നാല്‍ സാമൂഹികബോധം കുറഞ്ഞവര്‍, വ്യക്തിനിഷ്‌ഠ ജീവിതവും വീക്ഷണവും ശീലിച്ചവര്‍, പരപീഡ ആഗ്രഹിക്കുന്നവര്‍...ഇവരൊക്കെ ഉറക്കം കുറഞ്ഞവരാണെന്നും പറയപ്പെടുന്നു...
000 000 000
ഉറക്കത്തെ ആഘോഷമാക്കിയ നമ്മള്‍....ഉറക്കം വിട്ടൊഴിയാനാവാതെ അതിനെ പ്രണയിച്ചു കിടന്നുറങ്ങിയ നമ്മള്‍...ഒന്ന്‌ കിടന്നുറങ്ങണായിരുന്നുവെന്ന്‌ ആയിരം അനുഭൂതിയോടെ പറഞ്ഞ നമ്മള്‍...ഉറ്റവരരുടേയും ഉടയവരുടേയും ഉറക്കം കെടുത്തി അവസാനം ഒരിക്കലും ഉണരാത്ത ഒരു ഉറക്കിലേക്ക്‌ നടന്നുപോകുന്നു....ഉറക്കമേ ഒരു പ്രതിഭാസമല്ലാതെ മറ്റെന്താണ്‌ നീ...


Monday, April 4, 2016

നാഥാ



എബി കുട്ടിയാനം


നാഥാ
നീ തന്ന അനുഗ്രഹത്തിന്‌ പകരം നല്‍കാന്‍
എന്റെ കയ്യില്‍ ഒന്നുമില്ല

വീട്ടി തീര്‍ക്കാനാവാത്ത കടമായി
എന്റെ ജീവിതം നിനക്ക്‌ മുന്നില്‍
പകച്ചു നില്‍ക്കുന്നു

സൗഭാഗ്യങ്ങളത്രയും
വാരികോരി നല്‍കിയിട്ടും
തിരിച്ചൊരു നന്ദിയും കാണിക്കാതെ
മുഖം തിരിച്ചു നടന്നവന്റെ കുറ്റബോധമാണിത്‌

എന്റെ സുജൂദും എന്റെ നെറ്റിത്തടവും
എന്നോട്‌ പിണങ്ങുന്നുണ്ടാവും

നാഥാ
എങ്ങനെയാണ്‌ നിനക്ക്‌ മുന്നില്‍
ഞാനെന്റെ പരിഭവം പറയേണ്ടത്‌ 

സമരമുഖത്തേക്ക്‌ എടുത്തു ചാടുന്ന വിദ്യാര്‍ത്ഥികളെ ഈ അനുഭവം നിങ്ങള്‍ക്ക്‌ പാഠമാകണം



എബി കുട്ടിയാനം


കൗമാരത്തിന്റെ പ്രസരിപ്പില്‍ നമുക്ക്‌ എല്ലാം ഒരാവേശമാണ്‌. ഉള്ളില്‍ ചോരതിളക്കുന്ന പ്രായത്തില്‍ എന്തിനും ഇറങ്ങിചെല്ലാനുള്ള തിടുക്കമാണ്‌ നമുക്ക്‌. നാലാളുടെ മുമ്പില്‍ ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹം തന്നെയാണ്‌ ഇതിന്റെ സൈക്കോളജി. പക്ഷെ അതിന്റെ ഭവിഷത്ത്‌ ഗുരുതരമായിരിക്കുമെന്ന്‌ ഓരോ എടുത്തുചാട്ടവും നമ്മെ പഠിപ്പിക്കുന്നു. ക്ഷമയാണ്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന സത്യം തിരിച്ചറിയുമ്പോഴേക്കും എല്ലാം സംഭവിച്ചു കഴിയുന്നു. ഇതൊന്നും വേണ്ടായിരുന്നുവെന്ന ബോധം വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലേക്ക്‌ നമ്മള്‍ വീണുപോയിട്ടുണ്ടാവും.
ഒരു വര്‍ഷം മുമ്പ്‌ നടന്ന ഒരു സംഭവത്തിലേക്ക്‌ നിങ്ങളുടെ മനസ്സിനെ കൊണ്ടുപോവുകയാണ്‌. കാര്യം പറയും മുമ്പ്‌ ഓര്‍മ്മിപ്പിക്കട്ടെ ഈ സംഭവം സമരത്തിന്‌ ഇറങ്ങിപുറപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠമാകണം.
2013 ഫെബ്രുവരി അഞ്ചിന്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പ്രമുഖമായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ഉപരോധസമരമുണ്ടായിരുന്നു. നിങ്ങളും ആ സമരം ഓര്‍ക്കുന്നുണ്ടാകും. ഫീസ്‌ വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഹയര്‍ സെക്കണ്ടറി ഡയറക്‌ടറെ ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ കേശവേന്ദ്ര കുമാര്‍ എന്ന ആന്ദ്രാ സ്വദേശിയായ ഐ.എ.എസ്‌ ഉദ്യോഗസ്ഥനെ കരിഓയില്‍ ഒഴിച്ച്‌ കുളിപ്പിച്ചു. ശരീരമാസകലം കരി ഓയിലില്‍ കുളിച്ചുനില്‍ക്കുന്ന ആ യുവ ഉദ്യോഗസ്ഥന്റെ ചിത്രം ഇന്നും കണ്ണ്‌ നിറയുന്ന ഓര്‍മ്മയാണ്‌.
ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും ഇടയില്‍ നിന്ന്‌ കഠിനാധ്വാനം ചെയ്‌ത്‌ പഠിച്ച്‌ മിടുക്കനായി സിവില്‍ സര്‍വ്വീസ്‌ പാസായ പ്രതിഭയായിരുന്നു കേശവേന്ദ്രകുമാര്‍. കേരളം പോലുള്ള സംസ്‌ക്കാര സമ്പന്നമായ നാട്ടിലേക്ക്‌ ജോലിക്കെത്തുമ്പോള്‍ ഇങ്ങനെ ഒരു പ്രതികരണം സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചിട്ടില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.
എത്രയോ സമരങ്ങള്‍ക്ക്‌ നമ്മള്‍ സാക്ഷിയായിട്ടുണ്ട്‌. സമരങ്ങള്‍ക്കിടയില്‍ ഉദ്യഗസ്ഥര്‍ മരിക്കുകപോലും ചെയ്‌തിട്ടുണ്ട്‌. അതിനിടയില്‍ ഇതൊക്കെ എന്ത്‌ എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ നടന്ന ഒരു സംഭവത്തെക്കുറിച്ച്‌ ഇപ്പോഴെന്തിന്‌ വീണ്ടുംപറയുന്നുവെന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം.

അതുകൊണ്ട്‌ പറഞ്ഞോട്ടെ എടുത്തചാട്ടം നിങ്ങളുടെ കരിയര്‍ തന്നെ തകര്‍ത്തേക്കാം. കേശവേന്ദ്രകുമാറിന്റെ ശരീരത്തിലെ കരി ഓയില്‍ പൂര്‍ണ്ണമായും മാഞ്ഞുപോയി. ആ കുപ്പായങ്ങള്‍ ചിലപ്പോള്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവും. മനസിനുള്ളിലും കരി നിറഞ്ഞ ഓയിലുകള്‍ ബാക്കിയുണ്ടാവില്ല എന്ന്‌ തന്നെയാണ്‌ നിഷ്‌കളങ്കനായ ആ ഉദ്യോഗസ്ഥന്റെ ജീവിതം പഠിക്കുമ്പോള്‍ മനസിലാകുന്നത്‌. അയാളിപ്പോള്‍ പുതിയ കേഡറില്‍ പുതിയ ജോലിയുടെ തിരക്കിലായിരിക്കും.
എന്നാല്‍ കരി ഓയില്‍ ഒഴിച്ച വിദ്യാര്‍ത്ഥികള്‍ നഷ്‌ടപ്പെട്ടുപോകുന്ന കരിയറിനുമുന്നില്‍ നെട്ടോട്ടമോടുകയാണ്‌. കേസ്‌ ക്രിമിനല്‍ വകുപ്പായതിനാല്‍ ഒരു ജോലിയും ലഭിക്കാത്ത അവസ്ഥയാണുള്ളത്‌. സംഘടനയുടെ ജില്ലാ പ്രസിഡണ്ടായ ഒന്നാം പ്രതിയുടെ അവസ്ഥയാണ്‌ ഏറ്റവും സങ്കടകരം.
ഈ വിദ്യാര്‍ത്ഥിനേതാവ്‌ പഠനത്തില്‍ കേശവേന്ദ്രയേക്കാള്‍ മിടുക്കനാണ്‌. സിവില്‍ എഞ്ചിനിയറിംഗ്‌ പാസായ അവനെ തേടി നിരവധി അവസരങ്ങളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. എഴുതിയ പരീക്ഷകളിലൊക്കെ അവന്‍ ഉയര്‍ന്ന റാങ്കുകാരനാണ്‌. കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ അസിസ്റ്റന്റ്‌ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഓഫീസര്‍, ബാങ്ക്‌ ഐബിഎസ്‌, പോലീസ്‌ വകുപ്പില്‍ എസ്‌.ഐ, എക്‌സൈസ്‌, സെക്രട്ടറിയേറ്റ്‌ അസിസ്റ്റന്റ്‌ തുടങ്ങിയ ഗ്ലാമര്‍ പോസ്റ്റുകളിലെ റാങ്ക്‌ ലിസ്റ്റുകളിലെല്ലാം ഏറ്റവും മുന്നിലായി അവനുണ്ട്‌.
ക്രമിനല്‍ കേസില്‍ പ്രതി എന്ന കാരണത്താല്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ അസിസ്റ്റന്റ്‌ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഓഫീസര്‍ ജോലി ഇതിനോടകം നഷ്‌ടപ്പെട്ടു. ബാങ്ക്‌ ഐ.ബി.എസ്‌ പരീക്ഷ മികച്ച രീതിയില്‍ പാസായെങ്കില്‍ കേസുമായി ബന്ധപ്പെട്ട്‌ കോടതിയിലായതിനാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായില്ല. അങ്ങനെ അതും നഷ്‌ടപ്പെട്ടു. മിടുക്കോടെ പഠിച്ചെടുത്ത ഓരോ വിജയങ്ങളും കണ്‍മുന്നില്‍ നഷ്‌ടമാവുകയാണ്‌.
ഇത്രയേറെ ലിസ്റ്റിലില്ലെങ്കിലും ആ സമരത്തില്‍ പങ്കെടുത്ത എട്ടോളം വിദ്യാര്‍ത്ഥികളും സമാനമായ ദു:ഖവും പ്രയാസവും അനുഭവിക്കുന്നുണ്ട്‌.
രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ള കേശേന്ദ്രകുമാര്‍ മാപ്പ്‌ നല്‍കണം. ഇതിനുവേണ്ടി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പലവട്ടം കേശവേന്ദ്രകുമാറിനെ കണ്ട്‌ കരഞ്ഞുപറഞ്ഞു. അദ്ദേഹം മാപ്പ്‌ നല്‍കാനും തയാറായി. ഞാന്‍ മാപ്പ്‌ നല്‍കുന്നുവെന്ന്‌ പൊതുവേദിയില്‍ വെച്ച്‌ പലപ്പോഴും അദ്ദേഹം പറയുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷെ, കോടതിയില്‍ ബോധിപ്പിച്ചാലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ രക്ഷയുള്ളു. ഇതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ്‌ അവരിപ്പോള്‍.
ജീവിതത്തിന്റെ താഴെ തട്ടില്‍ നിന്ന്‌ വന്ന ആളായതുകാരണം കൊണ്ടും കഷ്‌ടപാടിന്റെ കാഠിന്യും നന്നായി അറിയാവുന്നതുകൊണ്ടും കേശവേന്ദ്ര കുമാര്‍ മാപ്പ്‌ നല്‍കിയേക്കും. അതോടെ അവര്‌ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാത്ത നല്ല മനുഷ്യരായി മാറിയേക്കും.
എന്നാല്‍ നേതാക്കളുടെ ആഹ്വാനം കേട്ട്‌ സമരത്തിനിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും മനസിലാക്കേണ്ട ഒരു കാര്യം. എല്ലാ എപ്പോഴും കേശവേന്ദ്രകുമാറിനെപോലെ ലോലഹൃദയനായ ഉദ്യോഗസ്ഥരെ കിട്ടി എന്ന്‌ വരില്ല. എല്ലാ സുഖസൗകര്യത്തിലും വളര്‍ന്ന ഒരാള്‍ക്ക്‌ മറ്റുള്ളവരോട്‌ കനിവ്‌ തോന്നണമെന്നില്ല. അതുകൊണ്ട്‌ സുഹൃത്തെ സൂക്ഷിക്കുക, എടുത്തുചാട്ടത്തിനിടിയിലെ ആവേശം നിങ്ങളുടെ കരിയര്‍ തന്നെ തകര്‍ത്തേക്കും.
കുടുങ്ങിപോയാല്‍ പിന്നെ ഒരു നേതാവനും രക്ഷപ്പെടുത്താനാവില്ല. പോയി തകര്‍ക്കട എന്നു പറഞ്ഞവര്‍ കൈമലര്‍ത്തുക മാത്രം ചെയ്യും.
എല്ലാവര്‍ക്കും അവരുടെ രാഷ്‌ട്രീയവും പോരാട്ടവീര്യവുമുണ്ടാവും. പക്ഷെ അതൊരിക്കലും സര്‍വ്വം മറന്ന കളിയാവരുത്‌. കുഞ്ഞുന്നാള്‌ തൊട്ട്‌ നമ്മെ പോറ്റി വളര്‍ത്തിയ നമ്മുടെ കുടുംബം പ്രതീക്ഷയോടെ നമ്മെ കാത്തിരിക്കുന്നുണ്ട്‌. നമ്മള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവാനല്ല അവര്‍ നമ്മെ പഠിപ്പിക്കുന്നത്‌. പഠിച്ച്‌ മിടുക്കനായി വയസുകാലത്ത്‌ അവര്‍ക്ക്‌ തണലാവാനാണ്‌ അവര്‍ നമ്മെ സ്‌കൂളിലേക്കും കോളേജിലേക്കും പറഞ്ഞയക്കുന്നത്‌. സുഹൃത്തെ ഈ കഥ നിങ്ങള്‍ക്കും ഒരു പാഠമാവട്ടെ.


 

Sunday, April 3, 2016

ഇഷ്‌ടത്തിനുമപ്പുറം



എബി കുട്ടിയാനം


ഒരുപക്ഷെ
ആ ഇഷ്‌ടം പ്രണയത്തിനുമപ്പുറമായിരിക്കാം

എനിക്കറിയാം
കരഞ്ഞു പിരിയുന്ന പ്രണയത്തേക്കാള്‍
നീ ഇഷ്‌ടപ്പെടുന്നത്‌ എന്നുമോര്‍ക്കുന്ന
എന്റെ സ്‌നേഹമായിരിക്കും


കൊതിച്ചത്‌ എന്റെ തെറ്റ്‌
കാത്തിരുന്നതും എന്റെ തെറ്റ്‌
വിധി ബാക്കി വെച്ചത്‌
നേര്‍ത്ത വിങ്ങലുകള്‍ മാത്രമായിരിക്കും

നിന്റെ ഇഷ്‌ടത്തിനുമുന്നില്‍
പലവട്ടം തോറ്റു പോയ ഞാന്‍
വിധിക്കു മുന്നിലും തോറ്റ്‌ മടങ്ങുന്നു

അല്ലെങ്കിലും
ചില ജീവിതം തോല്‍ക്കാനുള്ളതാണല്ലോ 

Saturday, April 2, 2016

ഈ ദു:ഖം അതുക്കും മേലെയാണ്‌



അന്ന്‌
രാത്രി വിളിച്ച്‌ പ്രതികരിക്കാതിരുന്നപ്പോള്‍
നീ ഉറങ്ങിക്കാണുമെന്ന്‌ കരുതി ഞാന്‍ സമാധാനിച്ചു
പകല്‍ നീ എന്റെ കോള്‍ കട്ട്‌ ചെയ്‌തപ്പോള്‍
തിരക്കിലായിരിക്കുമെന്ന്‌ കരുതി ഞാന്‍ ആശ്വസിച്ചു
പിന്നെ എത്ര വിളിച്ചിട്ടും എടുക്കാതിരുന്നപ്പോള്‍
നീ സൈലന്റ്‌ മോഡിലായിരിക്കുമെന്ന്‌ ഞാന്‍ വിശ്വസിച്ചു...
ഇന്ന്‌
ടാഗഡിച്ചിട്ടും എന്റെ ഫോട്ടോയ്‌ക്ക്‌ ലൈക്കടിക്കാതെ
നീ മാറി നിന്നപ്പോള്‍...ആയിരം വട്ടം ഹായ്‌ പറഞ്ഞിട്ടും നീ എന്നെ ഗൗനിക്കാതിരിക്കുമ്പോള്‍ എന്തോ...എനിക്ക്‌ പേടിയാവുന്നു;
്‌നിന്റെ ഹൃദയത്തിന്റെ വാളില്‍ നിന്ന്‌ ഞാന്‍ അണ്‍ഫ്രണ്ടാവുകയാണോ(?) 

Friday, April 1, 2016

മരണമേ നീ എന്നെ അനാഥനാക്കുന്നല്ലോ




എബി കുട്ടിയാനം

മരണം....അത്‌ ക്രൂരമായ ഒരനിവാര്യതയാണ്‌, കണ്ട്‌ കൊതിതീരും മുമ്പ്‌ ഉറ്റവരേയുംകൊണ്ട്‌ മരണം കടന്നുകളയുമ്പോള്‍ സങ്കടത്തിന്റെ ഒരായിരം കടലാണ്‌ മനസ്സിനുള്ളില്‍ ഇളകി മറിയുന്നത്‌...എല്ലാം ശരീരവും മരണത്തിന്റെ രുചി അറിയും, പക്ഷെ അപ്പോഴും ഉറ്റവരുടെ മരണം നമുക്ക്‌ ഉള്‍ക്കൊള്ളാനേ കഴിയില്ല...ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സ്‌നേഹത്തിന്റെ തലോടലായി കൂടെ നിന്നവര്‍ ഇനിയില്ലെന്നറിയുമ്പോള്‍, ആ മുഖം ഇനി ഒരിക്കലും കാണില്ലെന്ന്‌ അംഗീകരിക്കേണ്ടിവരുമ്പോള്‍ മനസ്സ്‌ തളര്‍ന്നുപോവും...കരയല്ലട, എന്ന്‌ ആരൊക്കെയോ പുറത്ത്‌ തട്ടി ആശ്വസിപ്പിക്കുമ്പോഴും നേര്‍ത്ത വിങ്ങലുകള്‍ പിന്നെയും പിന്നെയും കണ്ണീര്‌ പകരും...എത്ര തുടച്ചാലും മാഞ്ഞുപോവാത്ത കണ്ണീരും എത്ര അടക്കി നിര്‍ത്താന്‍ ശ്രമിച്ചാലും അകന്നുപോവത്ത തേങ്ങലും ദു:ഖത്തിന്റെ ആഴങ്ങളിലേക്ക്‌ വിരല്‍ചൂണ്ടും...
അന്ന്‌ എല്ലാ വെളിച്ചവും മായും, അന്ന്‌ കണ്‍മുന്നിലാകെ ഇരുട്ടുപടരും...നമ്മെ ഏറ്റവുംസ്‌നേഹിച്ചൊരാള്‍ നമ്മുടെ കൂടെ ഇല്ലെങ്കില്‍പിന്നെ ജീവിതത്തില്‍ എന്തുണ്ടായിട്ടെന്ത്‌(?)

മരണം വല്ലാത്തൊരു അല്‍ഭുതമാണ്‌....വേണ്ടപ്പെട്ട ഒരാള്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന്‌ പറഞ്ഞ്‌ യാത്രയാകുമ്പോള്‍ നമ്മള്‍ വല്ലാതെ അനാഥനായിപ്പോകുന്നു, ഏതോ ഒരു ദിക്കില്‍ ഒറ്റപ്പെട്ടപ്പോലെ വല്ലാത്തൊരവസ്ഥയിലായിപ്പോകും ഹൃദയമപ്പോള്‍...
എന്റെ പ്രിയപ്പെട്ട ഇഞ്ഞ ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല...ഭര്‍ത്താവോ മക്കളോ ഇല്ലാതിരുന്ന ആ ഉമ്മയെ ഒരു നാടുമുഴുവന്‍ സ്‌നേഹത്തോടെ ഇഞ്ഞ എന്നായിരുന്നു വിളിച്ചത്‌...നാടിന്റെ ഇഞ്ഞ ആയപ്പോഴും എനിക്ക്‌ മാത്രം അവര്‍ ഉമ്മയായിരുന്നു, അല്ലെങ്കില്‍ ആ ഉമ്മായ്‌ക്ക്‌ പിറക്കാതെ പോയ മകനായിരുന്നു ഞാന്‍...
ഇഞ്ഞായ്‌ക്ക്‌ തീരെ സുഖമില്ലെന്ന വിവരവുമായി മൊബൈല്‍ ബെല്ലടിച്ചപ്പോള്‍ അത്ര മാത്രം സീരിയസാണെന്ന്‌ കാര്യമെന്ന്‌ ഒരിക്കലും കരുതിയതേയല്ല...പതിവിലുമേറെ വേഗതയില്‍ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി ഇഞ്ഞ മാത്രം താമസിക്കുന്ന ഇഞ്ഞായുടെ കൊച്ചുവീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലായിരുന്നു ഞങ്ങളുടെ ഇഞ്ഞ...
അരികിലെത്തുമ്പോഴൊക്കെ എന്റെ മോന്‍ വന്നോ എന്ന്‌ ചോദിച്ച്‌ ചേര്‍ത്തുപിടിച്ച്‌ തലോടാറുള്ള ആ മുഖം ഒന്നുമറിയാതെ, ഒരു പുഞ്ചിരിപോലും സമ്മാനിക്കാതെ കണ്ണടച്ച്‌ കിടക്കുന്നത്‌ കണ്ടപ്പോള്‍ എന്റെ കണ്ണ്‌ നിറഞ്ഞുപോയി...എന്നെ വാത്സല്ല്യത്തോടെ തലോടാറുള്ള ആ കൈകളില്‍ മെല്ലെ ഒന്ന്‌ തൊട്ടപ്പോള്‍ ആ മേനി വല്ലാതെ തണുത്തിരുന്നു...ഇഞ്ഞ ഇനി ഒരിക്കലും എന്നെ വിളിക്കില്ലെന്നും എന്നോട്‌ മിണ്ടില്ലെന്നും തിരിച്ചറിയുമ്പോഴേക്ക്‌ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു...ആണ്‍ പിള്ളേരന്താട ഇങ്ങനെയെന്ന്‌ ആരോ ചോദിക്കുന്നുണ്ടായിരുന്നപ്പോള്‍...അവര്‍ക്കറിയില്ലല്ലോ ഇഞ്ഞ എനിക്ക്‌ ആരായിരുന്നുവെന്ന്‌
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...അധികം താമസിയാതെ ഇഞ്ഞ പോയി...ആരുമില്ലാതിരുന്നിട്ടും എന്റെ ഇഞ്ഞ അനാഥമായിട്ടില്ല...അരികിലിരുന്ന്‌ കരയാന്‍, മനമുരുകി പ്രാര്‍ത്ഥിക്കാന്‍, ഫാത്തിഹ സൂറത്ത്‌ ഓതി ഹദിയ ചെയ്യാന്‍ ഒരുപാട്‌ ആളുകളുണ്ടായിരുന്നു...ആര്‍ക്കും ഒരു ശല്ല്യവും ചെയ്യാതെ,ആരോടും പരിഭവമില്ലാതെ ജീവിച്ചുതീര്‍ത്ത ഇഞ്ഞാനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്ര ആളുകളാണെന്നോ ഓടിയെത്തിയത്‌...തിമിര്‍ത്തുപെയ്യുന്ന കര്‍ക്കടകത്തില്‍ ഒരു തുള്ളിപോലും പെയ്യാതെ പ്രകൃതിപോലും ഇഞ്ഞയോട്‌ കനിവ്‌ കാണിച്ചു...മയ്യിത്ത്‌കൊണ്ടുപോയി ഖബറടക്കും വരെ ഒരു തുള്ളിപോലും പെയ്യാതെ മഴ മാറി നിന്നു...പിന്നീട്‌ അതിന്റെ കടം വീട്ടാനെന്നോണം ഒരുരാപ്പകലാണ്‌ നിര്‍ത്താതെ പെയ്‌തത്‌.
ബാവിക്കര പള്ളിയിലെ ഖബര്‍സ്ഥാനില്‍ മൂന്ന്‌ പിടി മണ്ണുവായെറിഞ്ഞ്‌ മടങ്ങുമ്പോള്‍ എന്തോ ഞാന്‍ അനാഥനായപ്പോലെ...കുഞ്ഞുന്നാളുതൊട്ട്‌ എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഇഞ്ഞ ഉണ്ടായിരുന്നു...ബാല്യം വിട്ട്‌ ബാല്യക്കാരനായപ്പോഴും കുഞ്ഞുമോനോടുള്ള സ്‌നേഹമായിരുന്നു എന്നോട്‌...എന്നെ കണ്ടില്ലെങ്കില്‍ സങ്കടപ്പെടുന്നു, ഞാന്‍ പോയില്ലെങ്കില്‍ വേവലാതിപ്പെടുന്ന ഇഞ്ഞ...മക്കളില്ലാത്തതിന്റെ നൊമ്പരം അവര്‍ക്ക്‌ എന്നെക്കാണുമ്പോള്‍ ഇല്ലാതാവുന്നപോലെ...കുറേ അപ്പങ്ങളും പലഹാരങ്ങളും എടുത്തുവെച്ച്‌ എന്നെ കാത്തിരിക്കും...അധികം പഞ്ചസാരചേര്‍ത്ത്‌കട്ടന്‍ ചായയുണ്ടാക്കി സ്വന്തം ഉമ്മയെപോലെ അരികിലിരുന്ന്‌ കുടിപ്പിക്കും...അതിനിടയില്‍ മേനി തലോടികൊണ്ട്‌ എന്റെ മോനെ കാത്തോളണേ അള്ളാ എന്ന്‌ പലവട്ടം പ്രാര്‍ത്ഥിക്കും...
ഒരു നോമ്പുകാലത്ത്‌ ഉമ്മയുടെ ഒരു ചെറിയ സഹായം ഇഞ്ഞാനെ ഏല്‍പ്പിച്ച്‌ മടങ്ങുമ്പോള്‍ ദിശമാറി വന്ന ഒരു വാഹനം എന്റെ വണ്ടിയെ അപകടത്തില്‍പ്പെടുത്തി...നടുറോഡിലേക്ക്‌ തെറിച്ചുവീണ ഞാന്‍ ഒന്നും സംഭവിക്കാതെ എഴുന്നേറ്റ്‌ നിന്നപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്‌ എന്റെ മോനെ കാത്തോളണേ അള്ള എന്ന ഇഞ്ഞയുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയായിരുന്നു.
പെരുന്നാള്‍ വരുമ്പോള്‍, ബറാഅത്ത്‌ വരുമ്പോള്‍, പള്ളിയില്‍ നേര്‍ച്ചയുടെ കാലമാകുമ്പോള്‍ ഇഞ്ഞ നേരത്തേ വിളിക്കും...ആ ദിവസമെത്തിയാല്‍ ഇഞ്ഞ അതിരാവിലെ വഴിനോക്കി നില്‍ക്കാന്‍ തുടങ്ങും...പിന്നെ എന്റെ രൂപം കണ്ടാല്‍ ഓടിയെത്തി കൈപിടിച്ചുകൊണ്ടുപോയി അരികിലിരുത്തും...എന്നിട്ട്‌ ഒരു മുത്തശ്ശിയെ പോലെ നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങും...
ഞാന്‍ എന്റെ ഉമ്മായ്‌ക്ക്‌ ഡ്രസ്സ്‌ വാങ്ങുമ്പോള്‍ ഇഞ്ഞായ്‌ക്കും വാങ്ങും, ഉമ്മായ്‌ക്ക്‌ ചെരുപ്പ്‌ വാങ്ങുമ്പോള്‍ ഇഞ്ഞായ്‌ക്കും അത്‌ വാങ്ങും...പെരുന്നാള്‍കാലത്തൊക്കെ ഇഞ്ഞാക്ക്‌ ആരൊക്കെയോ ഡ്രസ്‌ വാങ്ങിക്കൊടുക്കും...പക്ഷെ, ഞാന്‍ വാങ്ങിച്ചുകൊടുത്തത്‌ മാത്രമേ അന്ന്‌ അണിയുകയുള്ളു...ഞാന്‍ എന്റെ മോന്‍ വാങ്ങിച്ചുതന്നത്‌ ഉടുത്തുവെന്ന്‌ സന്തോഷത്തോടെ പറയുമ്പോള്‍ മനസ്സ്‌ മാത്രമല്ല എന്റെ കണ്ണും നിറഞ്ഞുപോവാറുണ്ട്‌...
ഈ നോമ്പുകാലത്ത്‌ കാണാന്‍ പോകുമ്പോള്‍ ഇഞ്ഞ അവശയായിരുന്നു, എങ്കിലും പറഞ്ഞു, മോനെ എനിക്ക്‌ തുണിയും ചെരുപ്പും വേണം(ചിലരുടെ ആവശ്യങ്ങള്‍, അവരുടെ കുറ്റപ്പെടുത്തലുകള്‍, ഉപദേശങ്ങള്‍ ഇതൊക്കെ മനസ്സിനെ വല്ലാതെ ആഹ്ലാദിപ്പിക്കും) പെരുന്നാളിന്റെ തലേന്ന്‌ വീണ്ടും ചെല്ലുമ്പോള്‍ ഇഞ്ഞ വല്ലാതെ ക്ഷീണിച്ചിരുന്നു...എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നില്ല...പക്ഷെ, നീ കൊണ്ടു വന്ന ഉടുപ്പ്‌ ഞങ്ങള്‍ അണിയിച്ചു അത്‌ വലിയ ആഗ്രഹമായിരുന്നുവെന്ന്‌ ആരോ പറഞ്ഞപ്പോള്‍ എന്റെ ഹൃദയം ഒന്നുകൂടി തേങ്ങി...
ഇഞ്ഞാനെ ഖബറടക്കി വീണ്ടും ഞാന്‍ ആ വീട്ടില്‍പ്പോയി...വീട്ടുടമസ്ഥാന്‍ മരിച്ചാല്‍ ആ വീടിനും അവിടുത്തെ സാധനങ്ങള്‍ക്കും ഒരവകാശിയുണ്ടാവും...പക്ഷെ, ഇഞ്ഞയുടെ കൊച്ചുവീടും വീട്ടുപകരണങ്ങളും അനാഥമായികിടക്കുന്നു...എന്ന സ്‌നേഹത്തോടെ വര്‍ത്തമാനം പറയാറുള്ള ആ കസേര ഒരു മൂലയിലുണ്ട്‌...എനിക്ക്‌ ചായ ഒഴിച്ചു തരാറുള്ള ഗ്ലാസും അപ്പങ്ങളിട്ടു തരാറുള്ള സ്റ്റീല്‍പ്ലേറ്റും എന്നെ മിഴിച്ചുനോക്കുന്നു...ഇനി കസേരയിലിരുത്തി ഈ പാത്രത്തില്‍ സ്‌നേഹത്തിന്റെ അപ്പമിട്ടുതരാന്‍ എന്റെ ഇഞ്ഞ ഇല്ലല്ലോ എന്ന ദു:ഖം അടക്കിപ്പിടിക്കാനാവാതെ ഞാന്‍ പിന്നെയും വിതുമ്പി...
വോള്‍ട്ടേജ്‌ കുറഞ്ഞ്‌ ഫാനിന്റെ വേഗത കുറഞ്ഞാല്‍ ആശങ്കയോടെ ഓടിവന്ന്‌ പറയും എടാ, എന്റെ ഫാന്‍ പൊളിഞ്ഞെന്ന്‌ തോന്നുന്നു...നീ ഒന്ന്‌ വന്ന്‌ നോക്കട...ഇഞ്ഞാക്ക്‌ അരാ അള്ളുത്‌ നീയല്ലാതെ....വൈദ്യുതി ബില്ലുവന്ന അതേ നിമിഷത്തില്‍ ചൂടാറാതെ 85 രൂപയുടെ ബില്ലുമായി ഇഞ്ഞാന്റെ കറണ്ടുബില്ലുകെട്ടണം മോനെ എന്ന്‌ പറഞ്ഞ്‌ ഓടിവരുന്ന മുഖം...
ഇനി വീണ്ടും പെരുന്നാള്‍ വരും,ബറാഅത്ത്‌ വരും, പള്ളിയില്‍ നേര്‍ച്ച വരും...പക്ഷെ ലാളനയോടെ വിളിക്കാന്‍ സ്‌നേഹം തന്ന്‌ വയറുനിറയ്‌ക്കാന്‍ ഇഞ്ഞ മാത്രം ഇല്ല...ഇനി ആരാണ്‌ എനിക്ക്‌ വേണ്ടി ഇത്ര ആത്മാര്‍ത്ഥതയോടെ ഉമ്മയെപോലെ പ്രാര്‍ത്ഥിക്കുന്നത്‌...ഇല്ല..ഇഞ്ഞ ഈ വേര്‍പ്പാട്‌ എനിക്ക്‌ സഹിക്കാനാവുന്നില്ല...ഞാന്‍ ഒന്നു കൂടി അനാഥനാവുകയാണ്‌...ഇനി...ആ കൊച്ചുവീട്ടിലേക്ക്‌ ഞാന്‍ വരില്ല...അവിടെ എന്റെ ഇഞ്ഞ ഇല്ലെന്ന സത്യം എനിക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല...ആ മുറിക്കുള്ളില്‍ ഒറ്റക്കസേരയിട്ട്‌, അധികം പഞ്ചസാര ചേര്‍ത്ത കട്ടന്‍ചായവെച്ച്‌ ഇഞ്ഞ എന്നെ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കഷ്‌ടം...